അമേരിക്കയുടെ സുവര്‍ണകാലത്തിനു തുടക്കമിടുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍കൂടി പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. നാല്‍പ്പത്തിയേഴാം പ്രസിഡണ്ടായി ചുമതലയേറ്റ 78-കാരന്‍ സംസാരിച്ചത് ഒരു യുവാവിന്റെ ചുറുചുറുക്കോടെയും ഉത്സാഹത്തോടെയുമായിരുന്നു. ഒരു വളച്ചുകെട്ടലുമില്ലാതെ വളരെ നേരിട്ടായിരുന്നു അദ്ദേഹം തന്റെ ആശയങ്ങള്‍ പങ്കുവെച്ചത്. പ്രതീക്ഷിച്ചപോലെ 'അമേരിക്ക ഫസ്റ്റ്' എന്ന നയത്തിന് ട്രംപ് അടിവരയിട്ടു, അമേരിക്കയുടെ സുരക്ഷ, അമേരിക്കയുടെ സാമ്പത്തികസമൃദ്ധി, അമേരിക്കയുടെ വളര്‍ച്ച എന്നിവ തന്നെയാണ് അദ്ദേഹത്തിന്റെ കണ്ണിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍, അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ.
തന്റെ പ്രിയപ്പെട്ട വിഷയങ്ങളായ അതിര്‍ത്തി സുരക്ഷ, അനധികൃത കുടിയേറ്റം, വോക്കിസം വിരുദ്ധത, ഊര്‍ജ്ജകാര്യത്തിലെ സ്വാതന്ത്ര്യം, വിദേശരാജ്യങ്ങളിലെ സൈനിക ഇടപെടലുകള്‍ കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തന്നെയാണ് ഉദ്ദേശ്യമെന്ന് ട്രംപിന്റെ പ്രസംഗവും പിന്നീട് ഒപ്പുവെച്ച എക്സിക്യൂട്ടിവ് ഉത്തരവുകളും (ഇവയ്ക്ക് സെനറ്റിന്റെയും കോണ്‍ഗ്രസിന്റെയും അനുമതികള്‍ ആവശ്യമില്ല) വ്യക്തമാക്കി. ഈ ഉത്തരവുകളില്‍ അമേരിക്കയുടെ തെക്കനതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും 2020 ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ ആക്രമണക്കേസില്‍ അറസ്റ്റിലായിരുന്ന അയിരത്തിഅറുനൂറിലധികം പേരില്‍ ഭൂരിഭാഗത്തിനും മാപ്പുകൊടുത്തതും അഭിപ്രായസ്വാതന്ത്ര്യത്തിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുമാറ്റിയതും എണ്ണപര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള വിലക്കു നീക്കിയതുമൊക്കെ പെടും.
ട്രംപിന്റെ ഒന്നാം പ്രസിഡന്‍സിയെക്കാള്‍ വളരെ വ്യത്യസ്തമായിരിക്കും രണ്ടാമത്തേത് എന്നു വ്യക്തമാണ്. ആദ്യതവണ അദ്ദേഹം പ്രസിഡന്റ് ആകുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തതയും ലക്ഷ്യബോധവും അദ്ദേഹത്തിനുണ്ട്, മാത്രമല്ല, അദ്ദേഹത്തെപ്പോലെ ശക്തമായ നിലപാടുകളുള്ള കുറച്ചുപേരെ നിര്‍ണായക സ്ഥാനങ്ങളില്‍ നിയമിച്ചിട്ടുമുണ്ട്. ഇവരുടെ നടപടികള്‍ ഏതുതരത്തിലാണ് അമേരിക്കയെയും ലോകത്തെയും സ്വാധീനിക്കുക എന്ന് കണ്ടറിയണം. തന്നെ ദൈവം രക്ഷിച്ചത് അമേരിക്കയെ വീണ്ടും മഹത്താക്കാന്‍ വേണ്ടിയായിരുന്നുവെന്ന് തനിക്കെതിരെയുണ്ടായ വധശ്രമങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. തനിക്കായി ദൈവം ഒരു നിയോഗം കരുതിവെച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന അദ്ദേഹം തന്റെ നയങ്ങളിലൂടെ അമേരിക്കയില്‍ മാത്രമല്ല, ആഗോളരാഷ്ട്രീയത്തിലും നയങ്ങളിലും ഒക്കെ ആഴത്തിലുള്ള മാറ്റങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.
അനധികൃത കുടിയേറ്റക്കാരെ കയറ്റിവിടുമോ?
ആദ്യദിവസം ട്രംപ് പുറത്തിറക്കിയ ഉത്തരവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരുപക്ഷേ, അതിര്‍ത്തി സുരക്ഷ സംബന്ധിച്ചതാണ്. അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയുടെ വടക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിര്‍ത്തിയിലെ കുടിയേറ്റ നിയന്ത്രണ നടപടികളില്‍ സഹായിക്കാന്‍ സൈന്യത്തെ വിന്യസിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. മയക്കുമരുന്ന് മാഫിയകളെ തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. മയക്കുമരുന്നു മാഫിയയെ കൈകാര്യം ചെയ്യുന്നതില്‍ വരുന്ന മാറ്റം ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ ഇടപെടലിന്റെ രീതികള്‍ മാറ്റിയേക്കാം അവിടങ്ങളില്‍ നേരിട്ടോ രഹസ്യമായോ ഉള്ള സൈനിക ഇടപെടലുകള്‍ ഉണ്ടാകാം എന്നര്‍ത്ഥം.
2021-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു കോടിയിലധികമാണ്. ഇതില്‍ ഏതാണ്ടു ഏഴുലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ട്രംപ് നേരത്തേ പറഞ്ഞിരുന്നതുപോലെ ഇവരെയൊക്കെ അവരുടെ നാടുകളിലേക്ക് ഒരുമിച്ച് വിമാനം കയറ്റിവിട്ടാലുള്ള സ്ഥിതി ആലോചിക്കാന്‍ വയ്യ മറ്റു രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ചും മെക്സിക്കോയും കാനഡയും പോലുള്ളവയ്ക്ക്. അതുപോലെ വിവാദമാവുന്ന മറ്റൊരു തീരുമാനം അമേരിക്കന്‍ പൗരന്മാരല്ലാത്ത രക്ഷാകര്‍ത്താക്കളുടെ (അനധികൃത കുടിയേറ്റക്കാര്‍ എന്നു ചുരുക്കം) അമേരിക്കയില്‍ ജനിച്ച കുട്ടികള്‍ക്ക് നല്‍കുന്ന പൗരത്വം, ജന്മാവകാശം അല്ലാതാക്കുന്ന ഉത്തരവാണ്. അമേരിക്കന്‍ ഭരണഘടനയുടെ പതിനാലാം ഭേദഗതിക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ, ആദ്യപ്രസിഡന്‍സിക്കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്ന യാത്രാനിരോധനവും പുനസ്ഥാപിച്ചിട്ടുണ്ട്. പ്രധാനമായും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രയ്ക്കാണ് വിലക്കുള്ളത്.
ഡ്രില്‍ ബേബി ഡ്രില്‍... തുള വീണ് പരിസ്ഥിതി സംരക്ഷണം
രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാനായി രാജ്യത്ത് ഊര്‍ജോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം ദേശീയ ഊര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അലാസ്‌കയിലൊക്കെ വന്‍തോതില്‍ എണ്ണ ഖനനത്തിന് ഇത് വഴിതുറക്കും. സത്യപ്രതിജ്ഞാപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് 'ഡ്രില്‍ ബേബി ഡ്രില്‍' എന്നാണ്. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും അദ്ദേഹം പിന്മാറി. അതായത്, കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഏറ്റിട്ടുള്ള കാര്യങ്ങളില്‍ നിന്നും ട്രംപ് ഒഴിഞ്ഞു. പരിസ്ഥിതി സംബന്ധിച്ച ഇത്തരം ട്രംപ് വാശികള്‍ ഹരിതോര്‍ജത്തിലേക്കുള്ള ലോകത്തിന്റെ നീക്കത്തെ കാര്യമായി ബാധിച്ചേക്കാം.
വൈദ്യുതിവാഹനങ്ങളുടെ വ്യാപനത്തെയും ദോഷകരമായി ഇത് ബാധിക്കാനിടയുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ് ദുരനുഭവങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. രാജ്യത്തെ പരിസ്ഥിതി പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെ അന്താരാഷ്ട്ര മാനങ്ങള്‍ കണക്കിലെടുക്കുകയും അതനുസരിച്ച് സംതുലനം ഉണ്ടാക്കുകയും വേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, അതിവേഗം ഹരിതോര്‍ജത്തിലേക്ക് മാറാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളുടെ വേഗം കുറയാന്‍ അത് കാരണമാവും. അതേസമയം, അമേരിക്ക കൂടുതല്‍ എണ്ണ ഖനനം നടത്തുന്നത് അന്താരാഷ്ട്ര കമ്പോളത്തില്‍ പെട്രോളിയത്തിന്റെ വില കുറയ്ക്കും. അത് ഇന്ത്യക്ക് ഗുണകരമാകുകയും ചെയ്യും.
കാലാവസ്ഥാ കരാറുകളില്‍ നിന്നും ലോകാരോഗ്യസംഘടനയില്‍ (ഡബ്‌ള്യു.എച്ച്.ഒ) നിന്നുമെല്ലാം പിന്മാറുന്നത് അമേരിക്കയുടെ നയതന്ത്രപരമായ ഒറ്റപ്പെടലിനു വഴിവച്ചേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അത്അമേരിക്കയുടെ സോഫ്റ്റ് പവര്‍ കുറയ്ക്കാനും ആഗോള ഭരണത്തിലുള്ള സ്വാധീനം കുറയ്ക്കാനും കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗാസയും ഇറാനും ഇസ്രായേലും
ഗാസയിലെ ഇസ്രായേല്‍ ബന്ദികളുടെ മോചനം സംബന്ധിച്ച ട്രംപിന്റെ നിലപാടുകള്‍ പരസ്യമാണ്. തന്റെ സത്യപ്രതിജ്ഞയ്ക്കു മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ തീര്‍ത്തുകളയുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. തിരക്കുപിടിച്ച സമാധാന ചര്‍ച്ചകളില്‍ ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും പങ്കെടുത്തിരുന്നു. പ്രസിഡന്റ് അധികാരമേല്‍ക്കുന്നതിന്റെ തലേന്നാണ് കരാര്‍ പ്രാബല്യത്തിലായത്. ആദ്യ പ്രസിഡന്‍സിക്കാലത്തുണ്ടാക്കിയ അബ്രഹാം ഉടമ്പടികള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് വിറ്റ്കോഫ് സൂചിപ്പിച്ചിട്ടുണ്ട്. ഇസ്രായേലും നിരവധി അറബി രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പുനസ്ഥാപിച്ച ഉടമ്പടികളാണിവ.
ബന്ദികളുടെ കൈമാറ്റം മൂന്നു ഘട്ടവും ഭംഗിയായി നടക്കുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് തിങ്കളാഴ്ച ട്രംപ് പറഞ്ഞു. യുദ്ധം കാരണം സമ്പൂര്‍ണമായി തകര്‍ന്ന ഗാസയെ പുനര്‍നിര്‍മിക്കാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന് 'ചിലപ്പോള്‍' എന്നായിരുന്നു മറുപടി. യുദ്ധത്തിനുശേഷം ഗാസ ആരു ഭരിക്കുമെന്നു ചോദിച്ചപ്പോള്‍ അത് ഹമാസ് ആയിരിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അവര്‍ നന്നായി ഭരിച്ചില്ലെന്നു മാത്രമല്ല, ഭൂരിഭാഗം നേതാക്കളും കൊല്ലപ്പെടുകയും ചെയ്തുവെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ കടുത്ത നിലപാട് മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കാനിടയുണ്ടെന്ന് കരുതുന്നവരുമുണ്ട്. മാത്രമല്ല, ട്രംപിന്റെ ധൈര്യത്തില്‍ ഇസ്രയേല്‍ കൂടുതല്‍ അക്രമോത്സുകമായ നിലപാടുകള്‍ സ്വീകരിക്കാനിടയുണ്ട്. വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം കഴിഞ്ഞാല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തനിക്ക് ഉറപ്പു നല്‍കിയതായി വിദേശമന്ത്രി ബെസലെല്‍ സ്മോട്രിച്ച് പറഞ്ഞിട്ടുമുണ്ട്!
വോക്കിസത്തിന്റെ അന്ത്യമോ?
വോക്ക് 'നോണ്‍സെന്‍സിനും' 'പ്രത്യയശാസ്ത്രങ്ങള്‍ക്കു'-മെതിരെ നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ട്രംപ് പുറപ്പെടുവിച്ചത്. ഒരു ഉത്തരവിന്റെ തലക്കെട്ട് നോക്കുക: ലിംഗ പ്രത്യയശാസ്ത്ര തീവ്രവാദത്തില്‍ നിന്നും സ്ത്രീകളെ രക്ഷിക്കുക, ഫെഡറല്‍ ഗവണ്‍മെന്റില്‍ ജീവശാസ്ത്രപരമായ സത്യം പുന:സ്ഥാപിക്കുക! ജനിക്കുമ്പോള്‍ നിശ്ചയിക്കുന്ന രണ്ടു ലിംഗങ്ങള്‍ മാത്രമേയുള്ളൂ, ആണും പെണ്ണും. പെണ്‍കുട്ടികളുടെ കായിക മത്സരങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഫണ്ടിങ് ലഭിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടത്തുന്ന കായികമത്സരങ്ങളില്‍, ജനിച്ചപ്പോള്‍ നല്‍കിയിരുന്ന ജെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ വേണം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ എന്ന് വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ നടത്തുന്ന ഡി.ഇ.ഐ (ഡൈവേഴ്സിറ്റി, ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍) പരിശീലന പദ്ധതികള്‍- ഇവയാണ് വോക്കിസത്തിന്റെ അടിത്തറയെന്നു കരുതപ്പെടുന്നു) അവസാനിപ്പിക്കാനുള്ള ഉത്തരവാണ് മറ്റൊരു നടപടി. വംശീയ അസമത്വം, ബോധപൂര്‍വമല്ലാത്ത പക്ഷപാതം, വെള്ളക്കാരുടെ പ്രിവിലേജ്, എല്ലാവരെയും ചേര്‍ത്തു നിര്‍ത്താനുള്ള നടപടികളുടെ ആവശ്യകത എന്നിവ സംബന്ധിച്ച വിദ്യാഭ്യാസമാണിത്. ഡി.ഇ.ഐ വിദ്യാഭ്യാസം കഴിവിനെ അടിസ്ഥാനപ്പെടുത്തിയല്ല, അതിനാല്‍ അത് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്നുവെന്നാണ് ട്രംപ് അനുകൂലികള്‍ പറയുന്നത്. പക്ഷേ, നടപടി വിവേചനമെന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാത്തതാണെന്നും എല്ലാവര്‍ക്കും തുല്യ അവസരം ലഭ്യമാക്കാനുള്ള ശ്രമങ്ങളെ പിന്നോട്ടടിക്കുമെന്നും പറയുന്നു ആക്ടിവിസ്റ്റുകള്‍. ഈ ഉത്തരവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.
ചൈനയും റഷ്യയും യൂറോപ്പും
അമേരിക്കയുടെ നിരവധി സഖ്യ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ വ്യാപാര സംരക്ഷണ നീക്കങ്ങളില്‍ ഉത്ക്കണ്ഠയുണ്ട് പൊതുസുരക്ഷ, അന്താരാഷ്ട്ര നിയമങ്ങളുടെ സംരക്ഷണം എന്നിവയ്ക്കുള്ള പ്രതിബദ്ധതയില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ പുനരവലോകനം ചെയ്യാന്‍ യൂറോപ്യന്‍ നേതാക്കളെ നിര്‍ബന്ധിതമാക്കുന്നു. കാലാവസ്ഥാമാറ്റം സംബന്ധിച്ച കരാറുകളില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം അവരുടെ എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കിയേക്കാം. നാറ്റോ സഖ്യം വഴി യൂറോപ്പിനെ സംരക്ഷിക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ വിഹിതം നല്‍കണമെന്ന് ആദ്യ ടേമില്‍ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നതാണ്. ഒരുപക്ഷേ, അത് യൂറോപ്പില്‍ ബദല്‍ സഖ്യങ്ങളുണ്ടാക്കാനും പ്രതിരോധ ബജറ്റുകള്‍ വര്‍ധിപ്പിക്കാനും കാരണമാകും.
കിഴക്കന്‍ യൂറോപ്പിലെ അമേരിക്കന്‍ ഇടപെടല്‍ കുറയുന്നത് റഷ്യയ്ക്ക് ഗുണകരമായേക്കാം. അതേസമയം ചൈന, അമേരിക്കയെ ഒഴിവാക്കിയുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന് വേഗം കൂട്ടിയേക്കാം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ചുങ്കമേര്‍പ്പെടുത്താന്‍ ഉദ്ദേശ്യമുള്ളതായി ട്രംപ് പറഞ്ഞിരുന്നു. ചൈനക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളുണ്ടാവുമെന്നാണ് സൂചന. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഉപരോധപ്പെടുത്താനും സാധ്യതയുണ്ട്. ട്രംപ് നേരത്തെ പ്രഖ്യാപിച്ച വര്‍ദ്ധിപ്പിച്ച ചുങ്കങ്ങളും ബാഹ്യവരുമാന നികുതിയും കൂടുതല്‍ വ്യാപാരയുദ്ധങ്ങള്‍ക്ക് വഴിവെച്ചേക്കാം. അമേരിക്കന്‍ വിപണിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് അത് കടുത്ത വെല്ലുവിളി ഉയര്‍ത്താനിടയുണ്ട്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയത് ആഗോള ആരോഗ്യനിയന്ത്രണ സംവിധാനത്തില്‍ നിന്നും അമേരിക്കയെ കൂടുതല്‍ അകറ്റും.

'അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍'
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ട്രംപ് നയം ഇന്ത്യയ്ക്ക് ഗുണകരമാവും. അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് കൂടി അവരുടെ വിതരണ സംഖ്യകള്‍ വ്യാപിപ്പിക്കാന്‍ കാരണമാവും. അത് ഇന്ത്യയുടെ നിര്‍മ്മാണമേഖലയ്ക്ക് കരുത്ത് പകരും. വ്യാപാരപരമായ സംഘര്‍ഷങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തമായി തന്നെ തുടരും. പ്രത്യേകിച്ച് ചൈനയെ എതിര്‍ക്കുന്നതിലും ഇന്‍ഡോ-പെസഫിക്കില്‍ മേഖലാപരമായ സ്ഥിരത നിലനിര്‍ത്തുന്നതിലും. ഇമിഗ്രേഷന്‍ സംബന്ധിച്ച പുതിയ നയങ്ങള്‍, പ്രത്യേകിച്ച് എച്ച് വണ്‍ ബി വീസയുടെ കാര്യത്തില്‍, അമേരിക്കയില്‍ പണിയെടുക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയാകാം. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ അത് കുറവ് വരുത്തിയേക്കാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാരബന്ധങ്ങളുടെ കാര്യത്തില്‍ ചെറിയ തിരുത്തലുകളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നു തോന്നുന്നു. ഇന്ത്യന്‍ കയറ്റുമതിക്ക് ചുങ്കം കൂടാന്‍ സാധ്യതയുണ്ട്. അതുപോലെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുങ്കം കുറയ്ക്കാനും സമ്മര്‍ദം ഉണ്ടാകും. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിന്റെ ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട വിവാദം ഓര്‍മിക്കുമല്ലോ. ഒന്നാം ടേമില്‍ മോദിയുമായി ട്രംപിനുണ്ടായിരുന്ന ഹൃദയൈക്യം തുടരാനാണ് സാധ്യത. മധ്യപൂര്‍വേഷ്യയിലെ ട്രംപിന്റെ കടുത്ത നിലപാടുകളും ഇസ്രായേലിനുള്ള പിന്തുണയും ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങളെ സ്വാധീനിക്കാം. പ്രത്യേകിച്ച് ഊര്‍ജ്ജസുരക്ഷയുടെയും നമ്മുടെ വലിയ പ്രവാസിസമൂഹത്തിന്റെയും കാര്യത്തില്‍.
ഡീപ് സ്റ്റേറ്റിനെ കാത്ത് ഡീപ്പ് ട്രബിളോ
2020 ഒക്ടോബറില്‍ ജോ ബൈഡനും ട്രംപും തമ്മില്‍ പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരം കടുക്കുന്ന സമയത്താണ് ഹണ്ടര്‍ ബൈഡന്റെ ലാപ്ടോപ്പ് പുറത്തുവന്നത്. അതിലെ വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഉറപ്പായും ബൈഡന്‍ പരാജയപ്പെടുമായിരുന്നു. അക്കാലത്ത് പ്രമുഖ മാധ്യമങ്ങളും (ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും ഉള്‍പ്പെടെ) ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സാമൂഹികമാധ്യമങ്ങളും വാര്‍ത്ത മുക്കി. മാത്രമല്ല, അമ്പത്തിയൊന്ന് മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ലാപ്ടോപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ റഷ്യക്കാരുടെ വ്യാജവാര്‍ത്തയാണെന്നു സൂചിപ്പിച്ച് കത്തുമെഴുതി. ആ 51 ഉന്നതര്‍ക്കുമുള്ള സുരക്ഷാ അനുമതി തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ ട്രംപ് റദ്ദാക്കി. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനുമുണ്ട് കൂട്ടത്തില്‍. ഈ ഉത്തരവും കോടതി കടന്നുകൂടാന്‍ പാടായിരിക്കും. കാരണം, പൊരുതുന്നത് ഡീപ് സ്റ്റേറ്റിനോടാണ്! മുമ്പ് ട്രംപ് പറഞ്ഞിരുന്നു, ഡീപ് സ്‌റ്റേറ്റിന്റെ ചതുപ്പു വറ്റിക്കുമെന്ന്. അതിനു കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഡീപ് സ്റ്റേറ്റ് ഉയര്‍ത്തി നിര്‍ത്തിയ ബംഗ്ലാദേശില്‍ പെട്ടി പൂട്ടി തയ്യാറായിരിക്കുകയാണ് മുഹമ്മദ് യൂനുസ്. ഓടേണ്ടി വന്നാലോ!
നേരത്തേ, ബൈഡന്‍ സ്വന്തം കുടുംബത്തിലെ ഹണ്ടറടക്കമുള്ള അഞ്ചു പേര്‍ക്ക് പ്രസിഡന്‍ഷ്യല്‍ മാപ്പു കൊടുത്തിരുന്നു. ഭാവിയിലെ നിയമനടപടികളില്‍ നിന്നും ഈ മാപ്പ് രക്ഷിക്കും. അതുപോലെ നിരവധി പ്രമുഖര്‍-കോവിഡ് കാലത്ത് അമേരിക്കയെ കുഴിയില്‍ ചാടിച്ച ഡോ. ആന്റണി ഫൗച്ചി, ജനുവരി ആറിലെ കലാപം അന്വേഷിച്ച സമിതിയിലെ എല്ലാ അംഗങ്ങളും ജീവനക്കാരും, മുന്‍സൈനിക മേധാവി ജനറല്‍ മാര്‍ക്ക് മൈലി തുടങ്ങിയവര്‍ക്കും കിട്ടി ഈ മാപ്പ്. ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് ശിക്ഷ ഇളവു ചെയ്തു കൊടുക്കുകയും ചെയ്തു അദ്ദേഹം. തെറ്റാണു ചെയ്തതെന്ന് ബോധ്യമുള്ളതു കൊണ്ടാണ് മാപ്പു കൊടുത്തു രക്ഷിക്കുന്നതെന്ന് ട്രംപനുകൂലികള്‍ പറയുമ്പോള്‍ രാഷ്ട്രീയമായി വേട്ടയാടാതിരിക്കാനാണെന്ന് ബൈഡന്‍ സംഘം. ലോകത്തിലേക്കും ശക്തമായ രാജ്യത്തിലെ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും അവസ്ഥ! പ്രസിഡന്റ് മുന്‍കൂര്‍ മാപ്പു കൊടുത്തു പടിയിറങ്ങിയാല്‍ ട്രംപു തമ്പുരാനല്ല, പടച്ച തമ്പുരാന്‍ പോലും വെള്ളം കുടിക്കും! എന്തായാലും ലോകം കളി കാണാനിരിക്കുന്നേയുള്ളൂ. അവസാനത്തെ ചിരി ആരുടേതാവും?
Content Highlights: Trump second term US President foreign policy domestic policy immigration climate change trade
Published: 22 Jan 2025, 09:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented