
കരയുദ്ധം, കടല്‍യുദ്ധം, ആകാശ യുദ്ധം ഇന്നലെ വരെ ലോകം കേട്ട യുദ്ധതന്ത്രങ്ങള്‍ക്ക് ഇനി മുതല്‍ മറ്റൊരു പേര് കൂടിയുണ്ടാവും. ബഹിരാകാശ യുദ്ധം. അമേരിക്ക ഫസ്റ്റെന്ന ടാഗ്‌ലൈനോടെ പ്രസിഡന്റ് പദവയില്‍ രണ്ടാമതും ഇരുപ്പുറപ്പിച്ചതു മുതല്‍ കിറുക്കന്‍ തീരുമാനങ്ങള്‍കൊണ്ടും പ്രഖ്യാപനങ്ങള്‍ കൊണ്ടും ഡൊണാള്‍ഡ് ട്രംപ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ അതിനേക്കാള്‍ അല്‍പ്പം കടന്നതാണ് ബഹിരാകാശവും യുദ്ധതന്ത്രമാക്കുന്ന ട്രംപിന്റെ ഗോള്‍ഡന്‍ ഡോം എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം. 17500 കോടി രൂപയുടെ പദ്ധതി രൂപരേഖ കഴിഞ്ഞ ദിവസം ട്രംപ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചപ്പോള്‍ കേട്ടിരുന്നവര്‍ പോലും അത്ഭുതപ്പെട്ടു. വന്‍കിട ശക്തികള്‍ മൂക്കത്ത് വിരല്‍വെച്ചു.
ജന്മനാടിനെ ഏത് തരത്തിലുമുള്ള മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാല്‍പത് വര്‍ഷം മുമ്പ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗൻ തുടക്കമിട്ട ജോലി വിജയകരമായി പൂര്‍ത്തിയാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് ഗോള്‍ഡന്‍ ഡോം. ബഹിരാകാശത്ത് നിന്നുള്ള ആക്രമണങ്ങളെ പോലും തകര്‍ക്കാന്‍ ശക്തിയുള്ള ഭീമന്‍ പ്രതിരോധമാര്‍ഗം. പാര്‍ലമെന്റില്‍ ഗോള്‍ഡന്‍ ഡോം അവതരിപ്പിച്ച് കഴിഞ്ഞ ദിവസം ഡൊണാല്‍ഡ് ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 2029 ന് മുമ്പ് ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെങ്കിലും അമേരിക്ക ഫസ്റ്റെന്നത് ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടെ മുന്നോട്ടുവെക്കുകയാണ് ട്രംപ്. സ്വന്തംരാജ്യത്തെ കാക്കാന്‍ അമേരിക്കയുടെ തന്നെ സഹായത്തോടെ ഇസ്രയേല്‍ കൊണ്ടുവന്ന അയേണ്‍ ഡോമായിരുന്നു ഇതിന് പ്രചോദനമെങ്കില്‍ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ ഇതേ അയേണ്‍ഡോമിന് ഗോള്‍ഡന്‍ ഡോം ഭാവിയില്‍ ചെക്ക് പറയുമോയെന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്.
ട്രിപ്പിള്‍ കവചം; ലക്ഷ്യം ചൈന, ഇറാന്‍, ഉത്തര കൊറിയ
ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍ കഴിഞ്ഞകുറച്ചു കാലങ്ങളിലായി ചൈന വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. അതേസമയം, ലോകത്തിലെ ഏറ്റവും നൂതനമായ ഭൂഖണ്ഡാന്തര മിസൈല്‍ സംവിധാനങ്ങളില്‍ ഒന്ന് റഷ്യയ്ക്കും സ്വന്തമായുണ്ട്. ഇതിന് പുറമെ ഉത്തര കൊറിയയും ഇറാനുമെല്ലാം നിരന്തര ആണവ ഭീഷണികളുമയര്‍ത്തുന്നു. ഇതിനെതിരേ പ്രതിരോധം തീര്‍ക്കുക എന്നതാണ് പ്രധാനമായും ഗോള്‍ഡന്‍ ഡോം ലക്ഷ്യം വെക്കുന്നത്. ശത്രുമിസൈലുകള്‍ യു.എസില്‍ പതിക്കുന്നതിന് മുന്‍പ് തകര്‍ക്കുക, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ക്രൂസ് മിസൈലുകള്‍ ഡ്രോണുകള്‍ എന്നിവയ്‌ക്കെതിരേ പ്രതിരോധമുയര്‍ത്തുക തുടങ്ങിയ നിര്‍ണായക ജോലിയാണ് ഗോള്‍ഡന്‍ ഡോമുകള്‍ ചെയ്യുക.
ഇതിനായി ബഹിരാകാശം, കര, സമുദ്രം എന്നിവിടങ്ങളിലെല്ലാം ത്രിതല നിരീക്ഷണ സംവിധാനങ്ങളുണ്ടാവും പ്രതിരോധ മിസൈലുകളുമുണ്ടാവും. മുന്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ സ്റ്റാര്‍വാര്‍ എന്നറിയപ്പെടുന്ന സ്ട്രാറ്റജിക് ഡിഫന്‍സ് ഇനീഷ്യേറ്റീവ് (എസ്ഡിഐ) ആണ് പദ്ധതിയുടെ വിത്തെങ്കിലും എ.ഐ. അടക്കമുള്ള 21-ാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യകളായിരിക്കും ഗോള്‍ഡന്‍ ഡോമിലുണ്ടാവുകയെന്നാണ് പുറത്തുവരുന്ന വിവരം. ബഹിരാകാശ നിരീക്ഷണ സംവിധാനങ്ങള്‍, എ.ഐ സെന്‍സറുകള്‍, ലേസര്‍ ആയുധങ്ങള്‍ എന്നിവയെല്ലാം ഇതിന് കരുത്തേകുകയും ചെയ്യും.

ശത്രുവിന്റെ ഹ്രസ്വ, മധ്യദൂര മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് ഏരിയ ഡിഫന്‍സ് (ഥാഡ്), യുദ്ധക്കപ്പലുകളില്‍ ഒരുക്കിയിരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളായ ഏജീസ്, ഹ്രസ്വദൂര മിസൈലുകളെയും ഡ്രോണുകളേയും തകര്‍ക്കാന്‍ ഉപയോഗിക്കുന്ന പേട്രിയറ്റ് തുടങ്ങിയ മിസൈലുകളെല്ലാം ഇതിന്റെ ഭാഗമാവുകയും ചെയ്യും.
ജനുവരി 2029 ഓടെ ഗോള്‍ഡന്‍ ഡോം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചത്. ഇതിന്റെ പ്രഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 25 ബില്ല്യണ്‍ ഡോളറും അനുവദിച്ചിട്ടുണ്ട്. ഇതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ കവചം നിര്‍മിക്കുമെന്ന് താന്‍ ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ഇതില്‍ ട്രംപിന്റെ മറുപടി.
ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് തങ്ങള്‍ക്കെതിരേ മിസൈല്‍ വിക്ഷേപിച്ചത് ഗോള്‍ഡന്‍ ഡോമിന്റെ ശ്രദ്ധയില്‍പെട്ടാല്‍ ഒന്നുകില്‍ ഒരു ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ചോ, ലേസര്‍ ഉപയോഗിച്ചോ ബഹിരാകാശത്ത് പ്രവേശിക്കുന്നതിനുമുമ്പ് അതിനെ വെടിവെച്ചിടും. അല്ലെങ്കില്‍ ബഹിരാകാശത്ത് അതിന്റെ സഞ്ചാരപഥത്തില്‍ കൂടുതല്‍ ദൂരം പിന്നിടുമ്പോള്‍ കരയില്‍ സ്ഥാപിച്ച ഇന്റര്‍സെപ്റ്ററുകളില്‍ ഉപയോഗിക്കുന്ന ഒരു മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മുന്നറിയിപ്പ് കൊടുത്ത് അതിനെ തടയും. ഇതാണ് പ്രഥമികമായി ചെയ്യുന്നത്. ഇതിനായി നൂറുകണക്കിന് കൃത്രിമോപഗ്രഹങ്ങളെയാകും ബഹിരാകാശത്ത് വിന്യസിക്കുക. പുതിയ കാലത്തെ യുദ്ധമുറകളിലൊന്നായ ഡ്രോണ്‍ ആക്രമണങ്ങളെയും ഫലപ്രദമായി ചെറുക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് അവകാശവാദം. പരമ്പരാഗത ആയുധങ്ങളില്‍ നിന്നും ആണവാക്രമണങ്ങളില്‍ നിന്നും യുഎസിനെ സംരക്ഷിക്കുമെന്നാണ് ഗോള്‍ഡന്‍ ഡോമിന് വേണ്ടി വാദിക്കുന്ന പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്സെത്ത് പറയുന്നത്.

റീഗന്റെ സറ്റാര്‍വാറും ട്രംപിന്റെ സുവര്‍ണകവചവും
1983-ല്‍ ആണ് റൊണാള്‍ഡ് റീഗന്‍ സ്ട്രാറ്റജിക് ഡിഫന്‍സ് ഇനിഷ്യേറ്റീവ് (എസ്ഡിഐ) മുന്നോട്ടുവെച്ചത്. ബഹിരാകാശ അധിഷ്ഠിത ലേസറുകളും ഇന്റര്‍സെപ്റ്ററുകളും ഉപയോഗിച്ച് യു.എസിനെ ആണവാക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള ധീരമായ പ്രഖ്യാപനമായിട്ടാണ് ഇതിനെ അന്ന് വിലയിരുത്തപ്പെട്ടത്. ഈ സാങ്കേതികവിദ്യ അന്ന് നിലവിലുണ്ടായിരുന്നില്ല. പക്ഷേ, വരുന്ന മിസൈലുകളെ പറക്കലിന്റെ ഓരോ ഘട്ടത്തിലും കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രതിരോധ കവചം എന്ന ലക്ഷ്യം വ്യക്തമായിരുന്നു. വിമര്‍ശകര്‍ ഇതിനെ 'സ്റ്റാര്‍ വാര്‍സ്' എന്ന് വിളിച്ച് പരിഹസിക്കുകയാണ് ആദ്യം ചെയ്തത്. പക്ഷേ, ഇത് 1980-കളിലെ തന്ത്രപരമായ സംവാദങ്ങള്‍ക്ക് രൂപം നല്‍കുകയും യു.എസ്.-സോവിയറ്റ് ആയുധ ചര്‍ച്ചകളെ സ്വാധീനിക്കുകയും ചെയ്തു. ഇപ്പോള്‍, ട്രംപിന്റെ ഗോള്‍ഡന്‍ ഡോം ഇതേ ലക്ഷ്യം തന്നെയാണ് മുന്നോട്ടുവെക്കുന്നത്. അല്ലെങ്കില്‍ ഒരു ന്യൂജെന്‍ സ്റ്റാര്‍വാര്‍ എന്ന് വിളിക്കാം. റീഗന്റെ സ്റ്റാര്‍വാറിന്റെ ചെലവ് 60 ബില്യണ്‍ മുതല്‍ 100 ബില്യണ്‍ ഡോളര്‍ വരെയായിരുന്നു. എന്നാല്‍ 175 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ഗോള്‍ഡന്‍ ഡോമിന്റെ പ്രാഥമിക ചെലവ് കണക്കാക്കുന്നത്.
വലിയ തോതിലുള്ള ആണവാക്രമണത്തില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു ബഹിരാകാശ അധിഷ്ഠിത മിസൈല്‍ പ്രതിരോധ പദ്ധതി വികസിപ്പിക്കാനുള്ള പദ്ധതിയായിരുന്നു എസ്ഡിഐ പരിപാടിയുടെ കാതല്‍. വിക്ഷേപിക്കപ്പെടുമ്പോഴും പറക്കുമ്പോഴും, ലക്ഷ്യസ്ഥാനങ്ങളിലേക്ക് അടുക്കുമ്പോഴും വരാനിരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ സ്വയം തിരിച്ചറിയാനും നശിപ്പിക്കാനും അമേരിക്കയെ പ്രാപ്തമാക്കുന്ന പല തലങ്ങളിലുള്ള സാങ്കേതികവിദ്യകള്‍ ഈ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷേ, വളരെ ചെലവേറിയതായതിനാല്‍ എസ്ഡിഐ അന്ന് പരാജയപ്പെട്ടു.
ഇസ്രയേലിന്റെ അയേണ്‍ ഡോം മാതൃക
യഥാര്‍ഥത്തില്‍ 2006-ല്‍ ഇസ്രയേലും ലബനനും തമ്മില്‍ നടന്ന യുദ്ധത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ അയേണ്‍ ഡോം വ്യോമപ്രതിരോധ മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഈ യുദ്ധത്തില്‍ ലബനന്‍ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ മാരക ആക്രമണമാണ് നടത്തിയത്. തൊട്ടടുത്ത വര്‍ഷം തന്നെ തങ്ങളുടെ നഗരങ്ങള്‍ക്കു നേരെയുള്ള വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിന് പുതിയൊരു വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതായി ഇസ്രയേല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇസ്രയേലിന്റെ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് അയണ്‍ ഡോം വികസിപ്പിച്ചത്. അയണ്‍ ഡോം ഗവേഷണ വിഭാഗത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. 2016 ല്‍ അഞ്ച് ബില്യണ്‍ ഡോളര്‍ അമേരിക്ക ഇതിനായി ചെലവിട്ടു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ഇടപാടകളില്‍ സുപ്രധാനമാണ് അയണ്‍ ഡോമിന്റെ ഗവേഷണവും നിര്‍മാണവും. 2019 ഓഗസ്റ്റിൽ റഫാലില്‍നിന്ന് രണ്ട് അയണ്‍ ഡോണ്‍ ബാറ്ററികള്‍ വാങ്ങുന്നതിന് അമേരിക്ക കരാറുണ്ടാക്കുകയും ചെയ്തിരുന്നു.
ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുകയെന്നതാണ് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക സംവിധാനം അയണ്‍ ഡോമിന്റെ ജോലി. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും.
മൂന്ന് യൂണിറ്റുകളാണ് ഒരു അയണ്‍ ഡോമിനുള്ളത്. ശത്രു തൊടുത്തുവിടുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാര്‍ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം (ബാറ്റില്‍ മാനേജ്മെന്റ് ആന്‍ഡ് വെപ്പണ്‍ കണ്‍ട്രോള്‍ സിസ്റ്റം- ബിഎംസി), മിസൈലുകള്‍ തൊടുത്തുവിടുന്ന മൂന്നു ലോഞ്ചറുകള്‍ എന്നിവയടങ്ങുന്നതാണ് അയണ്‍ ഡോമിന്റെ ഒരു 'ബാറ്ററി '. ഓരോ ലോഞ്ചറിലും 20 പ്രത്യാക്രമണ മിസൈലുകള്‍ തയ്യാറായിരിക്കും. നാലു മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് ഇതില്‍ ഉപയോഗിക്കുന്ന 'താമിര്‍' മിസൈലുകള്‍.

മേല്‍പറഞ്ഞ മൂന്നു യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. മറ്റു റോക്കറ്റ് ലോഞ്ചര്‍ ബാറ്ററികളുമായി അയണ്‍ ലോഞ്ചറിനുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണ്. വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോഞ്ചറുകളെ വയര്‍ലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക. ഓരോ ബാറ്ററിക്കും 150 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കും എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും അയണ്‍ ഡോമിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുമാകും. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാനും ഇതിന് കഴിയും. ഒരു റോക്കറ്റിനെ തകര്‍ക്കുന്നതിനുള്ള ഓരോ മിസൈല്‍ വിക്ഷേപണത്തിനും ഏകദേശം അമ്പതിനായിരം ഡോളറാണ് ചെലവ് വരിക.
റഡാര്‍ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈല്‍ തൊടുക്കുകയും ചെയ്യും. ശത്രുവിന്റെ റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പുതന്നെ ആകാശത്തുവെച്ച് അത് തകര്‍ക്കപ്പെടും. ചിലപ്പോള്‍ അത് സംഭവിക്കുക ശത്രുവിന്റെ പരിധിക്കുള്ളില്‍ വെച്ചുതന്നെ ആയിരിക്കും.
അയണ്‍ ഡോമിന്റെ ആദ്യ 'ബാറ്ററി' 2011ല്‍ ഹമാസിന്റെ ഇസ്രയേലിലെ പതിവ് ആക്രമണസ്ഥാനമായ ഗാസയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബീര്‍ഷേവ നഗരത്തില്‍ സ്ഥാപിച്ചിരുന്നു. പിന്നീട് വിവിധ കാലങ്ങളിലായി പത്ത് ബാറ്ററികള്‍ ഇസ്രയേല്‍ പല നഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ചു. നിരന്തര സംഘര്‍ഷ മേഖലയായ ഇസ്രയേലിന് അതിന്റെ അതിര്‍ത്തികളില്‍ സംരക്ഷണം ഒരുക്കുന്നതിന് അയണ്‍ ഡോമിന്റെ 13 ബാറ്ററികള്‍ ആവശ്യമുണ്ടെന്ന് സൈനിക വിദഗ്ധര്‍ പറയുന്നത്.
അയണ്‍ ഡോമിന് 90 ശതമാനം വിജയനിരക്കാണ് നിര്‍മാതാക്കളായ റഫാല്‍ അവകാശപ്പെടുന്നത്. എന്നാല്‍ 80 ശതമാനത്തിന് മേല്‍ കൃത്യതയാണ് വിദഗ്ധര്‍ പറയുന്നത്. അയണ്‍ ഡോം ഉപയോഗിച്ചുതുടങ്ങിയ ശേഷം കഴിഞ്ഞ വര്‍ഷങ്ങളില്‍ 2,400ല്‍ അധികം ശത്രുറോക്കറ്റുകളെ ആകാശത്തുവെച്ച് തകര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളതായി ഇസ്രയേല്‍ മിസൈൽ ഡിഫെന്‍സ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെട്ടിരുന്നു. ഇതിലൂടെ നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതായും അവര്‍ പറയുന്നു.

പിന്നിലല്ല ഇന്ത്യയും
മിസൈല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഇന്ത്യ, 'രക്ഷാ കവച്' എന്നറിയപ്പെടുന്ന സ്വന്തം അത്യാധുനിക പ്രതിരോധ ആയുധവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) നിര്‍മിച്ച ഈ ബഹുതല സുരക്ഷാ സംവിധാനം, ഇസ്രയേലിന്റെ അയണ്‍ ഡോം പോലെ, സൈനികര്‍, കവചിത വാഹനങ്ങള്‍, പ്രതിരോധ സമുച്ചയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക സൈനികശക്തികളെ വിവിധതരം ഭീഷണികളില്‍ നിന്ന് സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഈ ബഹുതല സംരക്ഷണം എയ്റോ ഇന്ത്യ 2025-ല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രക്ഷാകവചിന്റെ അത്യാധുനിക സാങ്കേതികവിദ്യ പ്രതിരോധത്തിന്റെ പല തട്ടുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഭാരം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ നാനോ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കോമ്പോസിറ്റ് മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നു. മാത്രമല്ല, കാര്യക്ഷമതയും അതിജീവനശേഷിയും ഉറപ്പാക്കുന്നുമുണ്ട്. വ്യക്തിഗത സൈനിക കവചം മുതല്‍ വാഹന സംരക്ഷണം വരെയുള്ള വിപുലമായ ഉപയോഗങ്ങളില്‍ ഈ സംവിധാനം സമന്വയിപ്പിക്കാന്‍ കഴിയും. ഇത് തത്സമയ ഭീഷണി നിര്‍വീര്യമാക്കാനുള്ള കഴിവുകള്‍ നല്‍കുന്നു.
വരുന്ന ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള കഴിവാണ് രക്ഷാ കവചിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇതിനായി അത്യാധുനിക ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍, വിവിധതരം വ്യോമ പ്രതിരോധ സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഉപയോഗിക്കുന്നു. ഈ സംവിധാനത്തില്‍ ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം, ഡ്രോണ്‍ കണ്ടെത്തല്‍, തടയല്‍ സംവിധാനങ്ങള്‍, ഇലക്ട്രോണിക് യുദ്ധതന്ത്ര സംവിധാനങ്ങള്‍, ലേസര്‍ അധിഷ്ഠിത ഊര്‍ജ്ജ ആയുധം തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുന്നു. വിവിധ സാങ്കേതികവിദ്യകളുടെ ഈ സംയോജനം, ഏത് വ്യോമ ഭീഷണികളെയും, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുന്‍പ് ആകാശത്തില്‍ വെച്ചുതന്നെ, നിര്‍വീര്യമാക്കാന്‍ കഴിവുള്ള സമാനതകളില്ലാത്ത ഒരു പ്രതിരോധ കവചം നല്‍കുകയും ചെയ്യുന്നുണ്ട്.
Content Highlights: President Trump unveils Golden Dome
Published: 23 May 2025, 09:45 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented