
'ഫലമില്ലാത്ത ഒരു കൂടിക്കാഴ്ചയ്ക്ക് എനിക്ക് സമയമില്ല' ബുധനാഴ്ച ബുഡാപെസ്റ്റില്‍ നടക്കേണ്ടിയിരുന്ന പുതിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പുതിനുമായി ടെലിഫോണില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുവെന്നും ചില വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാവുമെന്നും ട്രംപ് പറഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിടുന്നതേയുള്ളൂ. റഷ്യ-യുക്രൈന്‍ യുദ്ധത്തിലും, റഷ്യക്ക് മേലുള്ള എണ്ണ ഉപരോധ സമ്മർദ്ദങ്ങളിലും നിർണായക തീരുമാനങ്ങൾ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളെയും റദ്ദാക്കിക്കൊണ്ടാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. ഇത് ഒരാഴ്ചയ്ക്കിടയിലാണ് സംഭവിച്ചത്. ഇതോടെ ചര്‍ച്ചകള്‍ വീണ്ടും തടസ്സപ്പെട്ടു. അതോടെ നാല് വര്‍ഷമായി യുക്രൈനുമായി തുടരുന്ന യുദ്ധത്തിന്റെ അവസാനവും അനിശ്ചിതത്വത്തിലേക്ക് നീളുകയാണ്. ട്രംപ്-പുതിന്‍ ചര്‍ച്ച മാത്രമല്ല, യുഎസ് സെക്രട്ടറി മാര്‍കോ റൂബിയോയും റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്‌റോവും തമ്മില്‍ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയും അവസാനനിമിഷം വേണ്ടെന്നുവെച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് ഒരാഴ്ച പോലും പിന്നിടുന്നതിന് മുന്‍പ് ട്രംപ് എടുത്ത യു ടേണിന് പിന്നിലെന്താണ്? എന്തുകൊണ്ടായിരിക്കാം ബുഡാപെസ്റ്റില്‍ നടക്കേണ്ടിയിരുന്ന ട്രംപിന്റേയും പുതിന്റേയും കൂടിക്കാഴ്ച റദ്ദാക്കിയത്? ഇത് യുക്രൈന്‍ യുദ്ധത്തിന്റെ ഗതിയെ എങ്ങനെയാവും സ്വാധീനിക്കുക?
പ്രതീക്ഷ പുലര്‍ത്തിയ കൂടിക്കാഴ്ച
രണ്ട് മാസം മുന്‍പ് അലാസ്‌കയിലെ ആങ്കറേജില്‍ പുതിനുമായി നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിരുന്നു ബുഡാപെസ്റ്റ് ഉച്ചകോടി ഉദ്ദേശിച്ചിരുന്നത്. അലാസ്‌കയില്‍ നടന്ന ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന നേരിട്ടുള്ള ചര്‍ച്ചയില്‍ പുരോഗതിയുള്ളതായി ഇരു നേതാക്കളും അവകാശപ്പെട്ടിരുന്നെങ്കിലും അത് വ്യക്തമായ ഒരു ഉടമ്പടിയിലും എത്താതെ അവസാനിക്കുകയായിരുന്നു.
ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലും ബന്ദി കൈമാറ്റ കരാറും തന്റെ മധ്യസ്ഥതയിലൂടെ സാധ്യമാക്കിയതിന് ശേഷം 'ഇനി നമുക്ക് റഷ്യയുടെ കാര്യം തീരുമാനമാക്കണം' എന്ന് ട്രംപ് തന്റെ നയതന്ത്രപ്രതിനിധിയോട് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള പുതിയൊരു ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. പിന്നാലെ റഷ്യന്‍ പ്രസിഡന്റുമായി ഫോണ്‍ സംഭാഷണം നടത്തുകയും പുതിനുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി റൂബിയോയും ലാവ്‌റോവും കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള റഷ്യയുടെ സന്നദ്ധത പരിശോധിക്കാനും റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം നീക്കാനും സാധ്യതയുണ്ടായിരുന്ന ചര്‍ച്ചയാണ് നടക്കേണ്ടിയിരുന്നത്. പക്ഷെ, ഭൗമരാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്ന ഈ നീക്കത്തിന് അധികം ആയുസ്സുണ്ടായില്ല. കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.
കൂടിക്കാഴ്ച റദ്ദാക്കിയതിന് പിന്നിലെന്ത്?
ദീര്‍ഘകാലമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങളില്‍ നിന്ന് പിന്മാറാന്‍ റഷ്യ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച റദ്ദാക്കിയതെന്നാണ് പ്രാഥമിക വിവരം. റഷ്യ തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇക്കാര്യം റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്‌റോവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റഷ്യയുടെ നിലപാട് കാലങ്ങളായി വലിയ മാറ്റമില്ലാതെ തുടരുകയാണെന്നും അതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മോസ്‌കോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സര്‍ജി ലാവ്‌റോവ് പറഞ്ഞു. ഏതൊരു വെടിനിര്‍ത്തലിനും മുന്‍പ് സമാധാന ചര്‍ച്ചകള്‍ നടക്കണമെന്ന നിലപാടിലാണ് റഷ്യ ഉറച്ചുനില്‍ക്കുന്നത്, എന്നാല്‍ അതിനെ ഒരു തടസ്സമായാണ് അമേരിക്ക വിലയിരുത്തുന്നത്. യുക്രൈന് ആയുധങ്ങള്‍ നല്‍കാതിരുന്ന അമേരിക്കയുടെ നടപടിയും കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറാന്‍ റഷ്യയെ പ്രേരിപ്പിച്ചിരിക്കാമെന്ന നിഗമനങ്ങളുമുണ്ട്. അതേസമയം കൂടുതല്‍ സംഘര്‍ഷങ്ങളില്ലാതെ ഒരു വെടിനിര്‍ത്തല്‍ സാധ്യമാക്കാമെന്നാണ് ട്രംപിന്റെ വാദം, അതായത് യുദ്ധമുന്നണി എവിടെയാണോ, അവിടെ വെച്ച് നിര്‍ത്തുക എന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ യുക്രൈനോ റഷ്യയ്‌ക്കോ ഈ അഭിപ്രായമില്ല.
യുക്രൈനില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുക, യുക്രൈന്‍ നാറ്റോയില്‍ ചേരില്ലെന്ന ഔദ്യോഗിക ഉറപ്പ് നല്‍കുക, റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് റഷ്യയുടെ ആവശ്യങ്ങള്‍. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെ നിയമസാധുതയും റഷ്യ ചോദ്യം ചെയ്യുന്നുണ്ട്. യുക്രൈന്‍ 'നാസികളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് റഷ്യ പലകുറി ആവര്‍ത്തിച്ചിട്ടുണ്ടെന്ന് ലാവ്‌റോവ് പറഞ്ഞു. പുതിന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന പോളണ്ടിന്റെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി, പുടിന് ഹംഗറിയിലേക്ക് യാത്ര ചെയ്യാന്‍ കഴിയുമോ എന്നും ലാവ്‌റോവ് സംശയം പ്രകടിപ്പിച്ചു.
സെലന്‍സ്‌കിയും ഘടകം
പുതിനുമായി രണ്ടുമണിക്കൂര്‍ ടെലിഫോണില്‍ സംസാരിച്ചതിന്റെ പിറ്റേദിവസമാണ് ട്രംപ് വൈറ്റ് ഹൗസില്‍ സെലന്‍സ്‌കിക്ക് ആതിഥേയത്വം വഹിച്ചത്. റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് കൂടുതല്‍ തീവ്രമായി ആക്രമണം നടത്താന്‍ സാധിക്കുന്ന ദീര്‍ഘദൂര ആയുധങ്ങള്‍ക്കുള്ള ആവശ്യമായിരുന്നു സംഭാഷണത്തിന്റെ കേന്ദ്രബിന്ദു. വളരെ ദൂരെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന യുഎസ് നിര്‍മ്മിത ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ നല്‍കണമെന്ന് സെലെന്‍സ്‌കി പ്രത്യേകമായി ട്രംപിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ട്രംപ് ആ അഭ്യര്‍ത്ഥന നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്റെ ചില പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പ് പരിഗണിക്കാന്‍ ട്രംപ് സെലന്‍സ്‌കിയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഈ നിര്‍ദ്ദേശം റഷ്യയുടെ പരസ്യമായ ആവശ്യങ്ങളുമായി ഏറെക്കുറെ യോജിക്കുന്നതായിരുന്നു.
യുക്രൈനെ ഒരു ഒത്തുതീര്‍പ്പിന് പ്രേരിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമമായിരുന്നു ഇതെങ്കിലും നയതന്ത്രപരമായ പ്രത്യാഘാതങ്ങളുണ്ടായി. അത് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നടത്തിയത്. 'ദൈര്‍ഘ്യപരിധി കൂടിയ ആയുധങ്ങള്‍ എന്ന ആവശ്യം ഞങ്ങള്‍ക്ക് വീണ്ടും വിദൂരമായിരിക്കുകയാണ്. അതോടെ നയതന്ത്രവും ഞങ്ങള്‍ക്ക് അകലെയായി. ചിലപ്പോള്‍ ദീര്‍ഘദൂരശേഷികളായിരിക്കാം (ടോമഹോക്ക്) സമാധാനത്തിന്റെ താക്കോല്‍. യുക്രൈന്റെ ശേഷികള്‍ കൂടുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെ സന്നദ്ധതയും വര്‍ധിക്കും എന്നും സെലന്‍സ്‌കി പറഞ്ഞു.
ചര്‍ച്ച നടക്കുമോ? ഇല്ലെങ്കില്‍ എന്ത്?
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിച്ചതിലെ സമീപകാല വിജയമാണ് നയതന്ത്രത്തിലുള്ള ട്രംപിന്റെ ആത്മവിശ്വാസം രൂപപ്പെടുത്തിയത്. ഇസ്രായേലിനുള്ള പിന്തുണ, അറബ് നേതാക്കളുമായുള്ള ബന്ധം, ഇസ്രായേലിലെ ജനങ്ങളുടെ പിന്തുണ എന്നിവയില്‍ നിന്നാണ് മധ്യപൂര്‍വേഷ്യയില്‍ അദ്ദേഹത്തിന് സ്വാധീനം ലഭിച്ചത്. എന്നാല്‍ യുക്രൈനിന്റെ അവസ്ഥ മറ്റൊന്നാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ ഊര്‍ജ്ജ ഉപരോധം ചുമത്തി റഷ്യയെ ഭീഷണിപ്പെടുത്തുന്നതിനും, ആയുധ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നത് നിര്‍ത്തുക, യുക്രൈനെ പരസ്യമായി ശാസിക്കുക തുടങ്ങിയ നടപടികള്‍ മാത്രമാണ് ട്രംപ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇവയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നാലാം വര്‍ഷവും തുടരുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷം തെളിയിക്കുന്നത്.
ഉച്ചകോടി മാറ്റിവെച്ചെങ്കിലും ട്രംപ് ഇപ്പോഴും ഒരു നയതന്ത്രപരമായ പരിഹാരത്തിനായി ശ്രമിക്കുകയാണെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ട്രംപിന്റെ ഇതുവരെയുള്ള ഇടപെടലുകള്‍ മുന്നേറ്റം കാണാത്ത സാഹചര്യത്തില്‍ ഇനി അമേരിക്കയ്ക്ക് എന്ത് സ്വാധീനമാണ് രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ അവശേഷിക്കുന്നതെന്ന് വ്യക്തമല്ല. ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ റഷ്യയും യുക്രൈനും അംഗീകരിക്കുന്നില്ല. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ റഷ്യ നിരസിക്കുന്നത് തുടരുന്നു. പ്രദേശം വിട്ടുകൊടുക്കാന്‍ യുക്രൈനും തയ്യാറല്ല. സമാധാനദൂതനായി സ്വയം പ്രചരിപ്പിക്കുമ്പോഴും ഇരുപക്ഷത്തിന്റെയും പ്രധാന ആവശ്യങ്ങളില്‍ മാറ്റം വരുത്താന്‍ ട്രംപിനായിട്ടില്ല. അതേസമയം ട്രംപ്-പുതിന്‍ ഉച്ചകോടി പുനരുജ്ജീവിപ്പിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മലേഷ്യയില്‍ നടക്കാനിരിക്കുന്ന ആസിയാന്‍ ഉച്ചകോടി പോലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളുടെ ഭാഗമായി റൂബിയോയും ലാവ്‌റോവും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ തല്‍ക്കാലം ഇരുകക്ഷികളും അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.
ക്ഷമ നശിച്ച് ട്രംപ്
യുക്രൈന് മേല്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ക്ഷമ നശിച്ച ട്രംപ് അവസാനപടിയായാണ് ചര്‍ച്ചയ്ക്ക് ഒരുങ്ങിയതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കൂടിക്കാഴ്ച നടക്കേണ്ടിയിരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ട്രംപ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റുമായി കൂടിക്കാഴ്ച നടത്തുകയും റഷ്യയുടെ എണ്ണ വ്യവസായത്തില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നതായി വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത്തരം കടുത്ത നടപടിയിലേക്ക് പോകുന്നതിന് മുന്‍പ് ഫലപ്രദമായ ചര്‍ച്ച നടത്താന്‍ സാധിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. ഈ നിലപാട് യു.എസിലെയും യൂറോപ്പിലെയും നയതന്ത്രജ്ഞരെ നിരാശരാക്കിയിരുന്നു. എന്നാല്‍ പുതിന്‍ അനാവശ്യമായി ചര്‍ച്ചകള്‍ വലിച്ചിഴക്കുകയാണെന്നും ചര്‍ച്ചകള്‍ ഫലം കാണില്ലെന്നും തോന്നിയതിനെ തുടര്‍ന്നാണ് ബുഡാപെസ്റ്റ് ഉച്ചകോടി ട്രംപ് റദ്ദാക്കിയത്. ഉച്ചകോടി ഇല്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം റഷ്യ യുക്രൈനില്‍ പുതിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ഒരു കിന്റര്‍ഗാര്‍ടന്‍ ഉള്‍പ്പെടെ വിവിധ കെട്ടിടങ്ങളില്‍ ആക്രമണമുണ്ടായി. ചര്‍ച്ചകള്‍ക്ക് വഴങ്ങാന്‍ മാത്രം ബാഹ്യസമ്മര്‍ദ്ദം റഷ്യയുടെ മേല്‍ വന്നിട്ടില്ലെന്നാണ് ഈ ആക്രമണം കാണിക്കുന്നതെന്നാണ് സെലന്‍സ്‌കി ഇതിനെ കുറിച്ച് പറഞ്ഞത്.
നിബന്ധനകള്‍ക്ക് വഴങ്ങാന്‍ റഷ്യ തയ്യാറാവാതിരുന്നാല്‍ റഷ്യയുടെ ഊര്‍ജ്ജ വ്യവസായത്തെ ലക്ഷ്യമിട്ടുള്ള നടപടിയാണ് ട്രംപ് നടപ്പിലാക്കുക. റഷ്യയുടെ എണ്ണ വ്യവസായത്തിനെതിരായ യു.എസ്. ഉപരോധ പാക്കേജുകള്‍ മാസങ്ങളായി തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നുവെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഊര്‍ജ്ജ കമ്പനികളായ ലുക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിടുന്ന ഉപരോധങ്ങളാണ് അതില്‍ ഏറ്റവും പുതിയത്. എന്നാല്‍ വെറും ഉപരോധങ്ങള്‍ക്ക് മാത്രം പുതിനെയോ റഷ്യയേയോ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ട്രംപ് യുക്രൈന് നല്‍കുന്ന അത്യാധുനിക സൈനിക ഉപകരണങ്ങള്‍ക്കും സാമ്പത്തിക-സൈനിക സഹായങ്ങള്‍ക്കും അവയില്‍ പങ്കുവഹിക്കാനാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സെലന്‍സ്‌കി ആവശ്യപ്പെട്ടതുപോലെ യുക്രൈന് ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ നല്‍കുക, ഉപരോധം നേരിടുന്ന റഷ്യന്‍ എണ്ണ ഭീമന്മാരുമായി ബിസിനസ്സ് ചെയ്യുന്ന ഏതൊരു കമ്പനിക്കും പുതിയ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക, യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണത്. റഷ്യയുടെ സമ്പദ്വ്യവസ്ഥ യുദ്ധകാലത്ത് ദുര്‍ബലമായതിനാല്‍ ഇവ ഫലപ്രദമാവാനുള്ള സാധ്യതകളുണ്ട്.
സമ്പദ്വ്യവസ്ഥ എണ്ണ, വാതക വരുമാനത്തെ എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്നതിനനുസരിച്ച് റോസ്‌നെഫ്റ്റിനും ലുക്കോയിലിനുമെതിരായ ഏറ്റവും പുതിയ ഉപരോധങ്ങള്‍ ഒരു സാമ്പത്തിക വഴിത്തിരിവായേക്കാമെന്നും നിരീക്ഷണങ്ങളുണ്ട്. ഉപരോധ പ്രഖ്യാപനം വന്ന് ഒരു ദിവസത്തിനകം, ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചൈനീസ് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന് പുതിനും സമ്മതിച്ചിട്ടുണ്ട്.ചില നഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നു, എന്നാല്‍ 'ആത്മാഭിമാനമുള്ള ഒരു രാജ്യവും സമ്മര്‍ദ്ദത്തിന് വഴങ്ങി ഒന്നും ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടുപോവാതെ റഷ്യ കടുംപിടുത്തം പിടിക്കുമ്പോള്‍ ക്ഷമ നശിച്ച ട്രംപ് ഇനി എന്താണ് ചെയ്യുകയെന്ന് കണ്ടറിയണം.
Content Highlights: US President Trump cancels meeting with Putin, citing lack of productive talks. This decision deepens uncertainty around the Ukraine war and Russia`s oil sanctions.
Published: 24 Oct 2025, 05:59 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented