ലോകസമാധാനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസ്! സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംഘടനയുടെ ചാർട്ടർ അവതരിപ്പിച്ചതോടെ ട്രംപിന്റെ ബോർഡ് ഓഫ് പീസ് (ബി.ഒ.പി) ഔദ്യോഗിക അന്താരാഷ്ട്ര സംഘടനയായി. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും ഗാസയുടെ പുനർനിർമ്മാണം നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണ് ബോർഡ് രൂപവത്കരിച്ചതെങ്കിലും കരട് രേഖയിൽ പലസ്തീനെ കുറിച്ച് പരാമർശമില്ല. ആഗോള സംഘർഷങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ട് ട്രംപ് രൂപീകരിച്ച പുതിയ സംഘടനയിൽ നിന്ന് പ്രധാന പാശ്ചാത്യ സഖ്യകക്ഷികൾ വിട്ടുനിന്നപ്പോൾ മുസ്ലിം രാജ്യങ്ങൾ സജീവ പങ്കാളികളായി.

To advertise here,

അറുപതോളം രാജ്യങ്ങളെ ട്രംപ് ബോർഡിലേക്ക് ക്ഷണിച്ചെങ്കിലും ഇരുപതോളം രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ഇതിന്റെ ഭാഗമായിരിക്കുന്നത്. ചില യൂറോപ്യൻ രാജ്യങ്ങൾ എതിർപ്പ് ഉന്നയിച്ചപ്പോൾ ഇന്ത്യയും ചൈനയും റഷ്യയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന മറ്റൊരു ആശങ്ക. എല്ലാം ട്രംപിന്റെ നിയന്ത്രണത്തിലാകുമോ എന്നും യൂറോപ്യൻ രാജ്യങ്ങൾ ഭയപ്പെടുന്നു. യഥാർത്ഥത്തിൽ എന്താണ് ബോർഡ് ഓഫ് പീസ് ? എങ്ങനെയാണ് ഇതിന്റെ പ്രവർത്തനം? ഏതെല്ലാ രാജ്യങ്ങളാണ് ഇതിൽ അംഗങ്ങളായിരിക്കുന്നത്. ആശങ്കപ്പെടുന്നത് പോലെ ഇതിന് ഐക്യരാഷ്ട്ര സഭയ്ക്ക് വെല്ലിവിളി ഉയർത്താനാകുമോ?

എന്താണ് ബോർഡ് ഓഫ് പീസ് ?

സംഘർഷബാധിത പ്രദേശങ്ങളിൽ സ്ഥിരത, ഭരണം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധ്യക്ഷനായ ഒരു അന്താരാഷ്ട്ര സംഘടനയാണ് ബോർഡ് ഓഫ് പീസ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ (യുഎൻ) പൊതുസമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ തുടക്കം. യുഎൻ സമ്മേളനത്തിനിടെ നിർദേശിക്കപ്പെട്ട ബോർഡ് ഓഫ് പീസ്, ഗാസയുടെ യുദ്ധാനന്തര പുനർനിർമ്മാണം, ഭരണനിർവ്വഹണം, സാമ്പത്തിക പുനരുദ്ധാരണം എന്നിവയെ പിന്തുണയ്ക്കുന്ന സംവിധാനമായിട്ടാണ് രൂപീകരിച്ചത്. ട്രംപിന്റെ ഇരുപതിന ഗാസ വെടിനിർത്തൽ പദ്ധതിയുടെ ഭാഗമായി 2025 സെപ്റ്റംബറിലാണ് ഇത്തരമൊരു ആശയം ഉയർന്നു വന്നത്. നവംബറിൽ പ്രമേയം വഴി യുഎൻ സുരക്ഷാ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.

ഗാസയുടെ സമാധാന പദ്ധതിക്ക് മേൽനോട്ടം വഹിക്കാനായി ട്രംപ് നിർദ്ദേശിച്ച ബോർഡ് ഓഫ് പീസ്,പിന്നാലെ വിശാല ലക്ഷ്യങ്ങളുള്ള സംഘടനയായി രൂപാന്തരപ്പെടുകയായിരുന്നു. 2026 ജനുവരി 15-ന് ട്രൂത്ത് സോഷ്യൽ വഴി ട്രംപ് ബോർഡ് ഓഫ് പീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പക്ഷേ, സംഘടനയുടെ ചാർട്ടറിൽ ഗാസയെക്കുറിച്ച് ഒരിക്കൽ പോലും പരാമർശിക്കുന്നില്ല. പകരം, സ്ഥിരത പ്രോത്സാഹിപ്പിക്കാനും നിയമാനുസൃതവുമായ ഭരണം പുനഃസ്ഥാപിക്കാനും സംഘർഷം ബാധിച്ചതോ ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കാനും ശ്രമിക്കുന്ന ഒരു പുതിയ അന്താരാഷ്ട്ര സംഘടന എന്നാണ് വിശേഷണം. നിലവിൽ യുഎന്നിന്റെ സാർവത്രിക ഘടനയ്ക്ക് പുറത്തുള്ള ഒരു കേന്ദ്രീകൃത, അംഗരാഷ്ട്ര സഖ്യമായാണ് ഇത് പ്രവർത്തിക്കുന്നത്.

എല്ലാം ട്രംപിന്റെ നിയന്ത്രണത്തിൽ

സംഘടനയുടെ ചാർട്ടറിൽ നിർവചിച്ചിരിക്കുന്നത് പ്രകാരം ചെയർമാൻ നയിക്കുന്ന ഒരു കേന്ദ്രീകൃത ഘടനയ്ക്ക് കീഴിലാണ് ബോർഡ് ഓഫ് പീസ് പ്രവർത്തിക്കുന്നത്. വിശാലമായ അധികാരമുള്ള ചെയർമാന് പുറമേ മെയിൻ ബോർഡ് ഓഫ് പീസ്, ഒരു എക്സിക്യൂട്ടീവ് ബോർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളുള്ളതാണ് സംഘന. ട്രംപ് സ്ഥാപക ചെയർമാനായി സേവനമനുഷ്ഠിക്കുന്നു. അംഗങ്ങളെ ക്ഷണിക്കുക, നീക്കം ചെയ്യുക, അനുബന്ധ സ്ഥാപനങ്ങൾ സൃഷ്ടിക്കുക എന്നിവയെല്ലാം ചെയർമാന്റെ അധികാരമാണ്. എക്സിക്യൂട്ടീവ് ബോർഡ് നടപടികൾ ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങളിൽ വീറ്റോ ചെയ്യാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്.

ക്ഷണിക്കപ്പെട്ട അംഗരാജ്യങ്ങളെ (രാഷ്ട്രത്തലവന്മാർ/സർക്കാർ തലവന്മാർ പ്രതിനിധീകരിക്കുന്നു) ഉൾക്കൊള്ളുന്നതാണ് മെയിൻ ബോർഡ് ഓഫ് പീസ്. ഓരോ അംഗരാജ്യത്തിനും വോട്ടിങ് അവകാശമുണ്ട്. കാലാവധി 3 വർഷമാണ്. ഇത് ചെയർമാന് പുതുക്കാവുന്നതാണ്. അല്ലെങ്കിൽ തുടക്കത്തിൽ ഒരു ബില്യൺ യു.എസ്. ഡോളർ അല്ലെങ്കിൽ അതിൽ കൂടുതൽ സംഭവാന നൽകുന്നവർക്ക് സ്ഥിരം പ്രാതിനിധ്യം ലഭിക്കും. പ്രധാന വിഷയങ്ങളിൽ തീരുമാനം എടുക്കാൻ വോട്ടെടുപ്പിനായി ബോർഡ് വർഷം തോറും യോഗം ചേരും. വോട്ടിംഗ് ഇല്ലാത്ത വിഷയങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ ചേരുന്ന യോഗത്തിലും ചർച്ച ചെയ്യും.

ഇതിനൊപ്പം ഏഴ് അംഗങ്ങൾ ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് ബോർഡ്. നയതന്ത്രം, നിക്ഷേപം, പ്രവർത്തനങ്ങൾ എന്നിവ എക്സിക്യൂട്ടീവ് ബോർഡ് കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടീവ് ബോർഡിലെ അംഗങ്ങളിൽ മുൻ യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ടോണി ബ്ലെയർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരും ഉൾപ്പെടുന്നു. തുടക്കത്തിൽ എക്സിക്യൂട്ടീവ് ബോർഡിലെ അംഗങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരും. തുടർന്ന് പ്രതിമാസമായിരിക്കും യോഗങ്ങൾ. ഭൂരിപക്ഷ അഭിപ്രായത്തിന്റെ പുറത്ത് തീരുമാനങ്ങൾ എടുക്കാമെങ്കിലും ചെയർമാന് വീറ്റോ ചെയ്യാൻ കഴിയും. ഇവയ്ക്കൊപ്പം ഗാസ എക്സിക്യൂട്ടീവ് ബോർഡ് പോലുള്ള അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. ഇവ ആവശ്യാനുസരണം ചെയർമാന് സൃഷ്ടിക്കുകയും പിരിച്ചുവിടുകയും ചെയ്യാം.

ചേർന്നും ചേരാതെയും ലോകരാജ്യങ്ങൾ

ബോർഡ് ഓഫ് പീസ് രൂപവത്കരണ പ്രഖ്യാപനത്തിന് പിന്നാല ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ ട്രംപ് സംഘടനയിൽ ചേരാനായി ക്ഷണിച്ചു. യുകെ, ഫ്രാൻസ്, കാനഡ, ഇസ്രയേൽ, സൗദി അറേബ്യ, ഓസ്‌ട്രേലിയ തുടങ്ങിയ സഖ്യകക്ഷികൾ ഉൾപ്പെടെ അറുപതോളം രാജ്യങ്ങളെ ട്രംപ് ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ. പരമ്പരാഗത എതിരാളികളായ ചൈനയെയും റഷ്യയെയും ഉൾപ്പെടെ ക്ഷണിച്ചിരുന്നു. കുറഞ്ഞത് 50 രാജ്യങ്ങളിലെ നേതാക്കൾ ക്ഷണക്കത്ത് സ്വീകരിച്ചതായി സ്ഥിരീകരിച്ചു. പിന്നാലെ കാനഡയ്ക്കു നൽകിയ ക്ഷണം ട്രംപ് റദ്ദാക്കി. ലോക സാമ്പത്തിക ഫോറത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പ്രസംഗമാണു ട്രംപിനെ ചൊടിപ്പിച്ചത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, തുർക്കി, ഇൻഡോനീഷ്യ, ജോർദാൻ, യുഎഇ, ഈജിപ്ത്, പാകിസ്താൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ ഇതിന്റെ ഭാഗമാകുമെന്ന് സ്ഥിരീകരിച്ചു.

മിഡിൽ ഈസ്റ്റേൺ, മധ്യേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 19 രാജ്യങ്ങളും അമേരിക്കയും 2026 ജനുവരി 22-ന് ദാവോസിൽ നടന്ന ഉദ്ഘാടന വേളയിൽ ചാർട്ടറിൽ ഒപ്പുവച്ചു. അർജന്റീന, അർമേനിയ, അസർബൈജാൻ, ബഹ്‌റൈൻ, ബൾഗേറിയ, ഹംഗറി, ഇൻഡോനീഷ്യ, ജോർദാൻ, കസാഖിസ്താൻ, കൊസോവോ, മൊറോക്കോ, മംഗോളിയ, പാകിസ്താൻ, പരാഗ്വേ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്താൻ എന്നിവരാണ് തുടക്കത്തിൽ തന്നെ സംഘടനയുടെ ഭാഗമായത്. അൽബേനിയ, ബെലാറസ്, കംബോഡിയ, ഈജിപ്ത്, ഇസ്രയേൽ, കുവൈത്ത്, വിയറ്റ്നാം എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ കൂട്ടായ്മയുടെ ഭാഗമാകാൻ സമ്മതിച്ചിട്ടുണ്ട്. ഏതാണ്ട് 25-ലധികം രാജ്യങ്ങൾ ബോർഡിൽ ചേരാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് ഒരു യുഎസ് ഉദ്യോസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ ചേർന്ന 20 രാജ്യങ്ങൾക്ക് പുറമേ 20 രാജ്യങ്ങൾ ബോർഡിൽ ചേരാൻ സമ്മതിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അവകാശപ്പെട്ടിരുന്നു.

ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നോർവേ, സ്ലൊവേനിയ, സ്വീഡൻ, യുകെ, സ്പെയിൻ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ ട്രംപിന്റെ ക്ഷണം നിരസിച്ചു. അമേരിക്കയുടെയും ട്രംപിന്റെയും ആധിപത്യം, ഐക്യരാഷ്ട്ര സഭയ്ക്ക് സംഭവിച്ചേക്കാവുന്ന വെല്ലുവിളി, നിയമപരമായ പ്രശ്നങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ആശങ്കകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവർ ക്ഷണം നിരസിച്ചത്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ 25 രാജ്യങ്ങൾ ഇതുവരെ ക്ഷണത്തോട് പ്രതികരിച്ചിട്ടില്ല. ഇതിൽ ബ്രസീൽ, ഓസ്‌ട്രേലിയ, യുക്രൈൻ, ക്രൊയേഷ്യ, സൈപ്രസ്, സിംഗപ്പൂർ, ജപ്പാൻ, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്നു. ചില രാജ്യങ്ങൾക്ക് ബോർഡിൽ ചേരാൻ അതത് പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ടെന്നാണ് അമേരിക്കയുടെ വിശദീകരണം. സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളെയാകട്ടെ ട്രംപ് ക്ഷണിച്ചതുമില്ല.

ട്രംപിന്റെ ലക്ഷ്യം ഐക്യരാഷ്ട്രസഭയെ തകർക്കുകയോ?

ട്രംപിന്റെ സമാധാന ബോർഡിന്റെ ലക്ഷ്യം യുഎന്നിനെ തകർക്കുക എന്നതാണോ? ഈ സമിതി യുഎന്നിന് പകരമല്ലെന്നും മറിച്ച് അതുമായി ചേർന്ന് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബോഡിയായി മാറുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സെക്യൂരിറ്റി കൗൺസിൽ തീരുമാനങ്ങളുടെ പരിധിയിൽനിന്ന് മാത്രമേ ഇതിനോട് സഹകരിക്കുകയുള്ളൂ എന്ന് യുഎൻ വക്താവ് വ്യക്തമാക്കിയിരുന്നു. ഗാസ സമാധനത്തിനായുള്ള പ്രമേയം വഴി യു.എൻ. സുരക്ഷാ കൗൺസിലിന്റെ അംഗീകാരത്തോടെയാണ് ബോർഡ് പ്രവർത്തനം ആരംഭിക്കുന്നത്. പക്ഷേ, സംഘടനയുടെ ചാർട്ടറിൽ ഗാസയെക്കുറിച്ച് ഒരിക്കൽ പോലും പരാമർശിക്കുന്നില്ല. മാത്രമല്ല, യുഎന്നിന്റെ ഘടനയ്ക്ക് പുറത്തുള്ള ഒരു അന്താരാഷ്ട്ര സഖ്യമായാണ് ഇത് പ്രവർത്തിക്കുന്നത്.

യുഎസിന്റെ മേധാവിത്വവും ട്രംപിന്റെ വീറ്റോ അധികാരവും ഗാസയ്ക്ക് പുറത്തുള്ള താല്പര്യങ്ങളും പല രാജ്യങ്ങളും സംശയത്തോടെയാണ് കാണുന്നത്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ചില യൂറോപ്യൻ രാജ്യങ്ങൾ വിട്ടുനിന്നത്. സർവാധികാരങ്ങളുമുള്ള ട്രംപിന്റെ അധ്യക്ഷസ്ഥാനം, തിരഞ്ഞെടുത്ത രാജ്യങ്ങൾക്ക് മാത്രം വാഗ്ദാനം ചെയ്തിരിക്കുന്ന അംഗത്വം, ട്രംപിന്റെ പൊതു പ്രസ്താവനകൾ എന്നിവ സംശയം ജനിപ്പിക്കുന്നതാണ്. ഇവയെല്ലാം ബോർഡിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ്. മാത്രമല്ല, സമാധാന പരിപാലനത്തിൽ യു.എന്നിന്റെ പങ്കിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും വിമർശകർ വാദിക്കുന്നു. ഈ സാഹചര്യത്തിൽ ട്രംപിന്റെ സമാധാന ബോർഡ് ആഗോള സമാധാന പരിപാലനത്തിൽ യുഎന്നിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്തിയേക്കാം എന്ന ആശങ്ക ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും നിർണായകമായ സ്ഥാപനങ്ങളിൽ ഒന്നെന്നാണ് ബോർഡ് ഓഫ് പീസിനെ ട്രംപ് വിശേഷിപ്പിച്ചത്. അതിന്റെ ചെയർമാനായി സേവനമനുഷ്ഠിക്കുന്നത് ഒരു വലിയ ബഹുമതിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ബോർഡിന് വലിയ സാധ്യതകളുണ്ടെന്നും യുഎന്നിനൊപ്പം തന്റെ ബോർഡ് പ്രവർത്തിക്കുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് ലോകത്തിന് വേണ്ടി വ്യത്യസതമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഒരു യുഎസ് കമ്പനിയായി ബിഒപിയെ കണക്കാക്കാമെന്നതാണ് ഉയരുന്ന വലിയ വിമർശനം. ബോർഡിന്റെ ചാർട്ടർ അനുസരിച്ച്, ട്രംപാണ് തീരുമാനങ്ങളുടെ അവസാനവാക്ക്. അതിനാൽ തന്നെ ട്രംപ് നയിക്കുന്ന ഒരു സംവിധാനത്തിലേക്ക് എത്രത്തോളംഅംഗരാജ്യങ്ങൾ കടന്നു വരും എന്ന ചോദ്യവും നിരീക്ഷകർ ഉന്നയിക്കുന്നുണ്ട്.