
കേരളത്തില്‍ 200 വര്‍ഷത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തോറിയം നമ്മുടെ തീരങ്ങളില്‍ തന്നെയുണ്ട്!, അതെ, കേരളത്തിലെ സമൃദ്ധമായ തോറിയം നിക്ഷേപം ഉപയോഗപ്പെടുത്തി ആണവ വൈദ്യുതിനിലയ സാധ്യത സജീവമാക്കുകയാണ് കേരളം. തോറിയത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി ആലോചനയിലുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടനടി തോറിയം അധിഷ്ഠിത ഊര്‍ജോത്പാദനത്തിലേക്ക് സംസ്ഥാനം നീങ്ങുമെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചനകള്‍. തോറിയത്തില്‍ നിന്ന് ചെലവുകുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയില്‍ കേരളം പങ്കാളിയാകുന്നത് ആലോചനയിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഇതു സംബന്ധിച്ച് ഗവേഷണം നടത്തുകയും ആണവ റിയാക്ടര്‍ ഡിസൈന്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. അത് ഉപയോഗിക്കപ്പെട്ടാല്‍ ഊര്‍ജോത്പാദനത്തിലെ യഥാര്‍ഥ ഗെയിം ചേഞ്ചറായിരിക്കും തോറിയം. എന്താണ് തോറിയം അധിഷ്ഠിത ആണവോര്‍ജത്തിന്റെ മേന്മ? കേരളത്തിന് മുന്നിലുള്ള സാധ്യതകള്‍ എന്തൊക്കെയാണ്?
എന്താണ്, എന്തുകൊണ്ട് തോറിയം?
ഭൗമോപരിതലത്തില്‍ കാണപ്പെടുന്ന പ്രകൃതിദത്ത റേഡിയോ ആക്ടീവ് ലോഹമൂലകമാണ് തോറിയം. ഇവയെ വിഘടിപ്പിച്ച് ഇന്ധനമാക്കി പരിവര്‍ത്തനം ചെയ്താണ് ഊര്‍ജോത്പാദനം സാധ്യമാവുന്നത്. സുലഭമായ ഇന്ധനമാണ് തോറിയം. ഇതിന് സ്വാഭാവികമായി വിഘടനശേഷിയില്ല. എന്നാല്‍ വിഘടനശേഷിയുള്ള യുറേനിയം-233 ഉത്പാദിപ്പിക്കുന്നതിനായി തോറിയത്തെ ഒരു 'ഫെര്‍ട്ടൈല്‍' (fertile) പദാര്‍ത്ഥമായി ഉപയോഗിക്കാം. ഇതിനെ ഊര്‍ജമാക്കി മാറ്റുകയും ചെയ്യാം. പെട്രോളിയം, കല്‍ക്കരി, സൗരോര്‍ജം, ജലം എന്നിവയാണ് പ്രധാനമായും ഊര്‍ജം ഉത്പാദിപ്പിക്കുന്ന സ്രോതസ്സുകള്‍. പെട്രോളിയം, കല്‍ക്കരി എന്നിവയില്‍ നിന്നുള്ള ഊര്‍ജോദ്പാദനം വലിയ തോതില്‍ കാര്‍ബണ്‍ ആണ് പുറന്തള്ളുന്നത്. പ്രകൃതിക്ക് ദോഷം വരുത്താതെ വൈദ്യുതിയുണ്ടാക്കാനുളള മാര്‍ഗമാണ് ആണവ ഇന്ധനങ്ങള്‍. എന്നാല്‍ അവയുടെ ലഭ്യതക്കുറവും സംസ്‌കരിക്കാനുള്ള സങ്കീര്‍ണതകളും സാങ്കേതികതയുമാണ് തടസ്സങ്ങളായി നിലകൊള്ളുന്നത്. യുറേനിയത്തില്‍ നിന്ന് പ്ലൂട്ടോണിയം വേര്‍തിരിച്ച് സമ്പുഷ്ടീകരിച്ചാണ് ആണവനിലയങ്ങളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ യുറേനിയത്തിന്റെ ലഭ്യത വളരെ കുറവാണ്. അതേസമയം തോറിയത്തെ യുറേനിയമാക്കി മാറ്റാനും ഇത് ഊര്‍ജമാക്കി മാറ്റാനും സാധിക്കും.
വികിരണസാധ്യത, മാലിന്യസംസ്‌കരണ ബുദ്ധിമുട്ട്, എന്നിവയാണ് ആണവനിലയങ്ങളോട് പൊതുവേയുള്ള ഭയത്തിനടിസ്ഥാനം. തോറിയവും യുറേനിയവും റേഡിയോ ആക്ടീവ് ലോഹങ്ങളാണ്. എന്നാല്‍ പരമ്പരാഗത യുറേനിയം റിയാക്ടറുകളെ അപേക്ഷിച്ച് ഏറെ ഗുണങ്ങളുള്ള ആണവ ഇന്ധനമാണ് തോറിയം. ഇത് ഇന്ധനമായി ഉപയോഗിക്കുന്ന നിലയങ്ങളില്‍ ഈ ദോഷങ്ങള്‍ താരതമ്യേന കുറവാണ്.
സാധാരണ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ അപകടസാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയാലും ഭീമമായ അളവില്‍ ചൂട് തുടരും. ഉള്‍ഭാഗം ഉരുകി അപകടമുണ്ടാകാതിരിക്കാന്‍ പുറത്തുനിന്ന് തുടര്‍ച്ചയായി വെള്ളം പമ്പുചെയ്തു തണുപ്പിക്കണം. തോറിയം നിലയങ്ങളില്‍ ഇത് വേണ്ട എന്നതാണ് പ്രധാന മെച്ചം. റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് യുറേനിയവും തോറിയവും ചേര്‍ന്ന മോള്‍ട്ടന്‍ സോള്‍ട്ടാണ്. ഇത് റിയാക്ടറിനുള്ളില്‍ നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കും. റിയാക്ടറിന്റെ ഉള്‍ക്കാമ്പില്‍ക്കൂടി കടന്നുപോകുന്ന മിശ്രിതം മാത്രമാണ് ചൂടാവുക. ബാക്കി മിശ്രിതം കാമ്പിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ അത് കാമ്പിനെ പുറത്തുനിന്ന് തണുപ്പിച്ചുകൊണ്ടുമിരിക്കും. ചൂട് അധികമായാല്‍ ഉരുകിപ്പോകാന്‍ ഫ്യൂസ് ഉണ്ടാവും. അത് ഉരുകുമ്പോള്‍ റിയാക്ടറിലെ മുഴുവന്‍ ഇന്ധനവും ചോര്‍ന്ന് പുറത്ത് മറ്റൊരു സംഭരണിയിലെത്തി റിയാക്ടര്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാവുകയും വലിയ അപകടങ്ങള്‍ തടയുകയും ചെയ്യും.
ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന യുറേനിയത്തെ അപേക്ഷിച്ച് കുറഞ്ഞ അളവിലാണ് തോറിയം റിയാക്ടറുകളില്‍ നിന്നുള്ള ആണവമാലിന്യത്തിന്റെ അവശേഷിപ്പ്. അതിനാല്‍ തന്നെ അണുവികിരണ കാലാവധിയും കുറവാണ്. യുറേനിയത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതുപോലെ, തോറിയത്തില്‍ നിന്ന് ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളപ്പെടില്ല, അതിനാല്‍, ഇത് ശുദ്ധമായ ഊര്‍ജ സ്രോതസ്സായിരിക്കും. ചെലവും കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. തോറിയം ആണവോര്‍ജനിലയം സ്ഥാപിക്കാന്‍ താരതമ്യേന കുറഞ്ഞ ചെലവേ വരൂ. യൂണിറ്റിന് ഒരു രൂപയിലുംതാഴെ വിലയ്ക്ക് ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. യുറേനിയത്തെ അപേക്ഷിച്ച് ഒരു കിലോഗ്രാമില്‍ നിന്ന് 200 ഇരട്ടി വരെ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷി തോറിയത്തിനുണ്ട്.
ചൈന, ഇന്ത്യ, അമേരിക്ക...
ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയം നിക്ഷേപമുള്ളത് ഇന്ത്യയിലാണ്. ആകെ നിക്ഷേപത്തിന്റെ 30 ശതമാനമാണിത്. 96,3000 ടണ്‍ തോറിയം ഓക്‌സൈഡ് ഉണ്ടെന്നാണ് ഏകദേശ കണക്കുകള്‍. ആന്ധ്രപ്രദേശ്. തമിഴ്‌നാട്, ഒഡിഷ, കേരള എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിലാണ് ഇവ തിരിച്ചറിഞ്ഞിട്ടുള്ളത്. തോറിയം ഫലപ്രദമായി ഉപയോഗിച്ചാല്‍ തോറിയം അടിസ്ഥാനമാക്കിയുള്ള ആണവ ഇന്ധന വികസന മത്സരത്തിലെ പ്രധാനിയായി ഇന്ത്യ മാറും.
തോറിയം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ഊര്‍ജ ഉത്പാദനത്തിനുള്ള ബദല്‍ സ്രോതസ്സാണ് തുറന്നിടുന്നത്. ലോകത്താകമാനമായി 35 രാജ്യങ്ങളില്‍ തോറിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു രാജ്യവും തോറിയത്തെ വാണിജ്യപരമായ ഉപയോഗപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഈജിപ്ത്, ഫിന്‍ലന്‍ഡ്, തുര്‍ക്കി, അമേരിക്ക, കസാഖ്സ്ഥാന്‍, അസര്‍ബൈജാന്‍, കിര്‍ഗിസ്ഥാന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതല്‍ തോറിയം നിക്ഷേപം കണ്ടെത്തിയിട്ടുള്ള ചില രാജ്യങ്ങള്‍. ഇന്ത്യ കഴിഞ്ഞാല്‍ ബ്രസീലിലാണ് കൂടുതല്‍ തോറിയം നിക്ഷേപം. ലോകത്താകമാനം 6.14 മില്ല്യണ്‍ ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്ക്. തോറിയം അടങ്ങിയ പ്രധാന ധാതുക്കളായ മോണസൈറ്റ്, തോറിയാനൈറ്റ്, തോറൈറ്റ് എന്നിവ പ്രധാനമായും ധാതുമണലിലാണ് കാണപ്പെടുന്നത്. ഇന്ത്യ, ബ്രസീല്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ കിഴക്കന്‍ തീരങ്ങള്‍ പോലുള്ള പ്രദേശങ്ങളില്‍ ഇവയുടെ ഖനനം സാധ്യമാണ്.
കേരളത്തിന് മുന്നില്‍ വമ്പന്‍ സാധ്യതകള്‍
തോറിയം ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി ഉത്പാദനപദ്ധതി വിജയകരമായാല്‍ കേരളത്തിനുമുന്നില്‍ തുറക്കുക വലിയ സാധ്യതകളാണ്. ലോകത്തെ ഭൗമോപരിതലത്തിലുള്ള തോറിയത്തിന്റെ 30 ശതമാനത്തിലേറെയും ഇന്ത്യയിലാണെന്നാണ് കണ്ടെത്തലെങ്കില്‍, അതിലധികവും കേരളതീരത്തെ കരിമണലിലാണുള്ളത്. കേരളതീരത്ത് രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. വേമ്പനാട് കായല്‍ത്തീരത്തു നിന്ന് ലഭിക്കുന്ന കരിമണലില്‍ 9.5 ശതമാനം തോറിയം അടങ്ങിയ കോമ്പൗണ്ടുകളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. തോറിയം നേരിട്ട് ആണവ ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയില്ല. സംസ്‌കരിച്ച്, യുറേനിയം-233 മാറ്റണം. കൂടാതെ, തോറിയത്തെ പ്ലൂട്ടോണിയമായി മാറ്റിയെടുത്തും ഉപയോഗിക്കാം. തോറിയത്തിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയാല്‍ സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാം.
കേരളത്തില്‍ കൂടുതല്‍ തോറിയം നിക്ഷേപമുള്ളത് ചവറതീരത്തെ കരിമണലിലാണ്. കായംകുളം എന്‍.ടി.പി.സി. നിലയത്തിന്റെ കൈവശം 1180 ഏക്കര്‍ ഭൂമിയുമുണ്ട്. ഈ ഭൂമി ഉപയോഗിക്കുന്നില്ല. 385 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപവൈദ്യുതനിലയത്തില്‍നിന്ന് നിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. ഈ ഭൂമി ഉപയോഗപ്പെടുത്തി ചെറുകിട തോറിയം ആണവപ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഊര്‍ജോത്പാദനം സാധ്യമാവും. 30 മുതല്‍ 50 മെഗാവാട്ട് വരെ വൈദ്യുതിശേഷിയുള്ള ചെറുകിടനിലയങ്ങള്‍ അപകടസാധ്യത കുറയ്ക്കും. ഇതിന് എന്‍.ടി.പി.സി.യുടെ കൈവശമുള്ള ഭൂമിയിൽ നിന്ന് ഉപയോഗപ്പെടുത്താം.
കല്‍പാക്കത്തെ 'കാമിനി', തോറിയം അധിഷ്ഠിത നിലയം
തമിഴ്നാട്ടിലെ കല്‍പ്പാക്കം മിനി റിയാക്ടര്‍ അഥവാ കാമിനിയാണ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തോറിയം അധിഷ്ഠിത ആണവനിലയം പ്രവര്‍ത്തിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ തോറിയം അധിഷ്ഠിത ആണവനിലയപരീക്ഷണമാണിത്. 32 മെഗാവാട്ട് ശേഷിയുള്ള കല്‍പ്പാക്കം നിലയം മികച്ച മാതൃകയായാണ് വിലയിരുത്തുന്നത്. അപകടസാധ്യതയും ആണവമാലിന്യവും കുറയ്ക്കാന്‍ സുരക്ഷാസംവിധാനങ്ങളൊരുക്കിയാണ് ബാര്‍ക് കല്‍പ്പാക്കം നിലയം സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ യുറേനിയത്തിന്റെ പരിമിതമായ ശേഖരം മാത്രമാണുള്ളത്. കല്‍പാക്കത്തെ റിയാക്റിൽ പ്ലൂട്ടോണിയമാണ് ആണവ ഇന്ധനമായി ഉപയോഗിക്കുന്നത്. പ്രകൃതിദത്ത പ്ലൂട്ടോണിയം ഇല്ലാത്തതിനാല്‍ അറ്റോമിക് പ്ലാന്റുകളിലാണ് അവ വിഘടിപ്പിക്കുന്നത്. തോറിയത്തെ പ്ലൂട്ടോണിയമായും യുറേനിയം 233 ആയും മാറ്റാനുള്ള പദ്ധതിയാണ് ഇന്ത്യയുടേത്. തോറിയം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സങ്കീര്‍ണമായ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിക്കഴിഞ്ഞു. തോറിയം ഇന്ധനമായി ഉപയോഗിക്കാനായാല്‍ രാജ്യത്തിന് ഊര്‍ജ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാവും.
തോറിയത്തില്‍ നിന്നുള്ള ഊര്‍ജോത്പാദനത്തിനായി മൂന്ന് ഘട്ട പദ്ധതിയാണ് ഇന്ത്യ നടപ്പാക്കിവരുന്നത്. പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടര്‍ (PHWRs), ലൈറ്റ് വാട്ടര്‍ റിയാക്ടര്‍ (LWRs) എന്നിവ ഉപയോഗിച്ച് പ്രകൃതിദത്ത യുറേനിയത്തില്‍ നിന്ന് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ഫാസ്റ്റ് ബ്രീഡറുകളില്‍ യുറേനിയവും പ്ലൂട്ടോണിയവും ഉപയോഗിച്ച് തോറിയത്തെ യുറേനിയം-233 ആക്കി മാറ്റുന്നു. തോറിയവും യുറേനിയവും ഇന്ധനമാക്കി യുറേനിയം-233 ഉത്പാദനം പൂര്‍ത്തിയാക്കും. ഇത് ഊര്‍ജമാക്കി മാറ്റുന്നതാണ് മൂന്നാംഘട്ടം. അഡ്വാന്‍സ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ (AHWR) ആണ് ഇതിനായി ഉപയോഗിക്കുക. മൂന്ന് ഘട്ടത്തിന്റേയും പരീക്ഷണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൂടുതല്‍ ഇന്ധനം ഉല്പാദിപ്പിക്കാനാവുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍. ഇക്കാരണത്താലാണ് അളവറ്റ ഊര്‍ജ സ്രോതസായി ഇത്തരം റിയാക്ടറുകളെ കണക്കാക്കുന്നത്. കഴിഞ്ഞ 39 വര്‍ഷങ്ങളായി ഒരു ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) കല്‍പ്പാക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2003 ലാണ് ഇന്ത്യയിലെ ഏറ്റവും നൂതനമായ ന്യൂക്ലിയര്‍ റിയാക്ടറായ - പ്രോടോട്ടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ നിര്‍മിക്കുന്നതിന് ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡിന് (ഭവിനി) രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ 20 വര്‍ഷക്കാലമായി പിഎഫ്ബിആറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്രയും സങ്കീര്‍ണമായ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റിയാക്ടര്‍ മറ്റൊരു രാജ്യത്തിനുമില്ല. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം മുന്‍നിര്‍ത്തി ഭവിനി പൂര്‍ണമായും തദ്ദേശീയമായാണ് പിഎഫ്ബിആര്‍ വികസിപ്പിച്ചെടുത്തത്. 5677 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നതെങ്കിലും അത് മറികടന്ന് 6740 കോടി രൂപയോളം പദ്ധതിക്ക് ചെലവാക്കിയിട്ടുണ്ട്.
2012 ജൂണ്‍ അവസാനത്തിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തോറിയം ഫാസ്റ്റ് റിയാക്ടര്‍ അവസാനഘട്ടത്തിലാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്. 500 മെഗാവാട്ട് ശേഷിയുള്ള കാമിനിയില്‍ നിന്ന് 30 kW താപോര്‍ജമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നത്. വിജയകരമായ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമായ ഈ റിയാക്ടര്‍, തോറിയം രാജ്യത്തിന് എങ്ങനെ വൈദ്യുതി നല്‍കാന്‍ സഹായിക്കുമെന്ന് ഫലപ്രദമായി തെളിയിച്ചുകഴിഞ്ഞു.
കേരളത്തിന് കടക്കണം കടമ്പകള്‍
നിലവില്‍ ഗുണനിലവാരമുള്ള തോറിയം കേരള തീരത്തു കാര്യമായുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. തോറിയം അധിഷ്ഠിത ആണവ നിലയം വരുന്നതിന് വലിയ പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ട്. പരിസ്ഥിതിവാദികളുടെ അടക്കം എതിര്‍പ്പുകള്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നേക്കാം. കേരളത്തില്‍ നിലവില്‍ ആണവോര്‍ജ നിലയമില്ല. ആണവ വൈദ്യുത നിലയങ്ങളോട് സംസ്ഥാനത്ത് പൊതുവായി എതിര്‍പ്പുയരുന്ന സാഹചര്യമാണ് ഉള്ളത്. ഇത് മറികടക്കുകയും അനുയോജ്യമായൊരു സ്ഥലം കണ്ടെത്തുകയുമാണ് പിന്നീട് വേണ്ടത്.
ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലില്‍ രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തില്‍വച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലും കേരളത്തിലേതാണ്. ഇത് വേര്‍തിരിച്ചെടുത്ത് കല്‍പ്പാക്കം ആണവ നിലയത്തില്‍ എത്തിച്ചാലും കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാകും. 200 ഗ്രാം സംസ്‌കരിച്ച തോറിയം ഉപയോഗിച്ച് 300 മെഗാവാട്ടിന്റെ സ്റ്റീം ടര്‍ബൈന്‍ 14 വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്നാണ് ബാര്‍ക്കിന്റെ ധ്രുവ റിയാക്ടറില്‍ നടന്ന പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തോറിയം അധിഷ്ഠിത ആണവ നിലയത്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെങ്കിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍പ്പാക്കം ആണവ നിലയത്തിന് കേരളത്തില്‍ നിന്നുള്ള തോറിയം സഹായകമാകും. നിലവിലെ സാഹചര്യത്തില്‍ തോറിയം ഉപയോഗിക്കുന്ന ആണവ നിലയങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വന്‍തോതില്‍ വ്യാപകമാകാന്‍ കാലതാമസമെടുക്കും. എങ്കിലും അത് പ്രവര്‍ത്തനസജ്ജമായാല്‍ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ഊര്‍ജ ഉത്പാദനത്തില്‍ ഒരു ഗെയിം ചെയ്ഞ്ചറായി മാറാന്‍ തോറിയത്തിന് സാധിക്കും.
Content Highlights: Explore the potential of thorium as a sustainable nuclear fuel
Published: 27 Aug 2025, 11:15 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented