
ടെഹ്‌റാൻ: ഇറാനിൽ അടുത്തതായി ആക്രമണം നടത്തുന്നതിനായി പുതിയ കേന്ദ്രത്തെ ലക്ഷ്യംവെച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സഗ്രോസ് (Zagros) പർവതനിരകൾക്കുള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന നിഗൂഢമായ ഒരു ഭൂഗർഭ കേന്ദ്രത്തെയാണ് ട്രംപ് പുതുതായി ലക്ഷ്യംവെച്ചിരിക്കുന്നത്. കുഹെ കൊലാങ് ഗാസ് ലാ (Kuh-e Kolang Gaz La) എന്നും അറിയപ്പെടുന്ന ‘പിക്ആക്‌സ് മൗണ്ടൻ’ ആണ് ട്രംപിന്റെ പ്രസ്താവനകളുടെ കേന്ദ്രബിന്ദു.
കഴിഞ്ഞ വർഷം ജൂണിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ആക്രമിച്ച നതാൻസ് (Natanz) ആണവനിലയത്തിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായാണ് ഈ പ്രദേശം. അതീവ രഹസ്യസ്വഭാവമുള്ള ആണവനിലയമാണ് ‘പിക്ആക്‌സ് മൗണ്ടൻ’ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രഹസ്യ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമോ അല്ലെങ്കിൽ ആയുധ നിലവാരത്തിനടുത്തുള്ള യുറേനിയം സൂക്ഷിക്കുന്നതിനുള്ള രഹസ്യ കേന്ദ്രമോ ആണിതെന്നാണ് വിലയിരുത്തൽ.
ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണെന്ന ഉപഗ്രഹ ചിത്രങ്ങൾ അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണത്തിനോ അല്ലെങ്കിൽ അവ സംഭരിക്കാനോ ഈ രഹസ്യകേന്ദ്രം ഉപയോഗിക്കുന്നുണ്ടാകാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനെതിരെ കടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയരുകയാണ്.
തിങ്കളാഴ്ച 'ദി ഹഗ് ഹെവിറ്റ് ഷോ'യിൽ (The Hugh Hewitt Show) നൽകിയ അഭിമുഖത്തിലാണ് ട്രംപ് ‘പിക്ആക്‌സ് മൗണ്ടനെ’ ലക്ഷ്യമിടുന്നതിനെക്കുറിച്ച് സൂചന നൽകിയത്. 'ഞങ്ങൾ പിക്ആക്‌സ് മൗണ്ടൻ ഇല്ലാതാക്കാൻ പോകുകയാണ്. ഇറാനികളോട് തയ്യാറായിരിക്കാൻ പറയൂ.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അവിടെ നിലവിൽ പ്രവർത്തനങ്ങളൊന്നും കാണുന്നില്ലെന്നും എന്നാൽ ഇറാന്റെ ആണവ സാഹചര്യം മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നടന്ന യുഎസ് ആക്രമണങ്ങളെ ഈ കേന്ദ്രം അതിജീവിച്ചിരുന്നു. ഭൂനിരപ്പിൽനിന്ന് ഏകദേശം 330 അടി ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ തുരങ്ക സമുച്ചയം അമേരിക്കൻ ബങ്കർ-ബസ്റ്റർ ബോംബുകൾക്ക് പോലും തകർക്കാൻ സാധിക്കാത്തത്ര സുരക്ഷിതമാണെന്ന് യു.എസ്. ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉദ്ധരിച്ച് റോയിട്ടേഴ്സും വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 200 അടി പാറയ്ക്കും മണ്ണിനും അല്ലെങ്കിൽ 20 അടി ഉറപ്പുള്ള കോൺക്രീറ്റിനും അപ്പുറം തുളച്ചുകയറാൻ നിലവിലെ ആയുധങ്ങൾക്ക് കഴിയില്ലെന്നും ഈ ഭൂഗർഭ ഹാളുകൾ അതിനേക്കാൾ ആഴത്തിലാണെന്നും വിദഗ്ധർ കണക്കാക്കുന്നു. കഴിഞ്ഞ വർഷത്തെ യു.എസ്. ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ തകർത്തുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലും ‘പിക്ആക്‌സ് മൗണ്ടൻ’ നിരീക്ഷണത്തിലായിരുന്നു.
2025 സെപ്റ്റംബറിലെ റിപ്പോർട്ടുകൾ പ്രകാരം, ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഈ അതീവ രഹസ്യകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നാണ്. 2020 മുതൽ ഈ ഭൂഗർഭ കേന്ദ്രത്തിൽ ഖനനം നടക്കുന്നുണ്ട്. അട്ടിമറിയിലൂടെ നശിപ്പിക്കപ്പെട്ട സെൻട്രിഫ്യൂജ് അസംബ്ലി സൗകര്യത്തിന് പകരം പുതിയൊരെണ്ണം നിർമിക്കുകയാണെന്നാണ് ഇറാൻ ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ, തുരങ്കങ്ങളുടെ വലിപ്പവും ആഴവും കണക്കിലെടുത്ത് ഇതൊരു രഹസ്യ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റോ അല്ലെങ്കിൽ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിക്കാനുള്ള സുരക്ഷിത കേന്ദ്രമോ ആകാമെന്ന് വിദഗ്ധർ സംശയിക്കുന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഇതുവരെ ഈ കേന്ദ്രം പരിശോധിച്ചിട്ടില്ല.
ഭൂനിരപ്പിൽനിന്ന് 260 മുതൽ 330 അടി വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ചില അറകൾ ഇറാന്റെ ഫോർഡോ (Fordow) കേന്ദ്രത്തേക്കാൾ ആഴത്തിലുള്ളതും യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകൾക്ക് അപ്രാപ്യവുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ജൂണിലെ ആക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങളിൽ സുരക്ഷാ മതിലുകൾ വിപുലീകരിച്ചതായും തുരങ്ക കവാടങ്ങൾ ശക്തിപ്പെടുത്തിയതായും പുതിയ മണ്ണ് കൂനകളും യന്ത്രങ്ങളും അവിടെയുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
എങ്കിലും, ഈ നിർമാണ പ്രവർത്തനങ്ങൾ ഇറാൻ ആണവായുധം നിർമിക്കുന്നു എന്നതിന് തെളിവല്ലെന്നും മറിച്ച് തങ്ങളുടെ ആണവ പ്രവർത്തനങ്ങളെ ഭാവിയിലെ വ്യോമാക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനുള്ള ശ്രമമാകാം എന്നും റിപ്പോർട്ടുകൾ പറയുന്നു. 60% വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇത്തരം രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
Content Highlights: Pickaxe Mountain (Kuh-e Kolang Gaz La) is a deep underground facility near Natanz. Experts suggest the tunnels exceed 260-330 feet in depth, potentially immune to current bunker-busters. Trump has identified the site as a potential target for US military intervention. Satellite imagery from September 2025 confirms ongoing construction and fortification. The site remains uninspected by the IAEA, fueling concerns over enriched uranium storage.
Published: 14 Jul 2026, 05:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented