
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 45 വാര്‍ഡുകളിലായി അഞ്ചുലക്ഷം ആളുകളാണ് കഴിഞ്ഞ അഞ്ചുദിവസങ്ങള്‍ക്കിടെ വെള്ളത്തിന് ബുദ്ധിമുട്ടിയത്. രണ്ടുദിവസം കൊണ്ട് തീരുമായിരുന്ന പൈപ്പ് അലൈന്‍മെന്റ് പണി അഞ്ചുദിവസം നീണ്ടതാണ് നഗരത്തെ വലച്ചത്. വെള്ളമില്ലാതെ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. വെള്ളമില്ലാത്തതിനാല്‍ സമരക്കാരെ നേരിടാന്‍ ജലപീരങ്കിപോലും പിശുക്കി ഉപയോഗിക്കേണ്ട ഗതികേടിലെത്തി കേരള പോലീസ്. അതിനിടെ കുടിവെള്ള വിഷയത്തില്‍ സമരം ചെയ്തവരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് പ്രതിരോധിക്കുന്നതും പോലീസിന്റെ ജലപീരങ്കിയിലെ വെള്ളം പാത്രത്തില്‍ ശേഖരിക്കുന്ന സമരക്കാരെയും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. വെള്ളമില്ലാത്തതുകൊണ്ട് കുപ്പിവെള്ളംകൊണ്ട് 'അത്യാവശ്യം' കാര്യങ്ങള്‍ സാധിക്കേണ്ട പ്രതിസന്ധി ഒരുപക്ഷെ തിരുവനന്തപുരം നഗരത്തിന് അത്ര പരിചിതമായ ഒന്നല്ല. വിഷയത്തിന്റെ പേരില്‍ നഗരസഭാ ഭരണകക്ഷി ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. മേയര്‍ രാപ്പകലെന്നവണ്ണം പണി നിരീക്ഷിക്കാന്‍ പൊരിവെയിലത്ത് പോയി നില്‍ക്കേണ്ടിയും വന്നു.
കുളിക്കാതിരിക്കാം, ഒന്ന് കക്കൂസില്‍ പോകണ്ടേ?
കഴിഞ്ഞ രണ്ടാം തീയതിയാണ് വാട്ടര്‍ അതോറിറ്റി പൈപ്പിന്റെ അലൈന്‍മെന്റ് മാറ്റുന്ന കാര്യത്തില്‍ മുന്നറിയിപ്പ് കൊടുത്തത്. അത് ആര്‍ക്കൊക്കെ കിട്ടിയെന്നത് വേറെ ചോദ്യം. പക്ഷേ, സാധരണയില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ജനങ്ങളും അതിന് നല്‍കിയില്ല. മിക്ക വീടുകളിലും പൈപ്പ് വെള്ളം ടാങ്കുകളില്‍ ശേഖരിച്ചുവയ്ക്കുകയാണ് ചെയ്യുക. അതിനാല്‍ അഞ്ചാം തീയതിയും ആറാം തീയതിയും വെള്ളം മുടങ്ങുമെന്ന് പറഞ്ഞപ്പോള്‍ ആരുമത് കാര്യമാക്കിയില്ല. പക്ഷേ, പ്രതിസന്ധി തുടങ്ങിയത് അവിടെയല്ല.
ആദ്യം വെള്ളപ്രശ്നം പൊതുശ്രദ്ധയിലെത്തുന്നത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റ് വെള്ളമില്ലാതെ പ്രതിസന്ധിയിലായപ്പോഴാണ്. ഉദ്യോഗസ്ഥര്‍ക്ക് പോലും അത്യാവശ്യത്തിന് ഒന്ന് ശൗചാലയത്തില്‍ പോകാന്‍ പറ്റാതെ വന്നതോടെ അത് വാര്‍ത്തയായി. പിന്നാലെ ജനങ്ങളുടെ വിളികളും പരാതികളും പരിഭവവുമൊക്കെ എത്തി തുടങ്ങി. ആദ്യഘട്ടത്തില്‍ പ്രതികരണം തേടിയിറങ്ങിയത് പ്രതിസന്ധി തുടങ്ങി മൂന്നാം ദിനത്തിലാണ്. അന്ന് മിക്ക വീടുകളിലും വെള്ളം തീര്‍ന്ന പ്രശ്നമുണ്ടായിരുന്നില്ല. പ്രതികരണം തേടുന്നവരൊക്കെയും മുഖം കാണിക്കാന്‍ കൂട്ടാക്കാതെ മടങ്ങി. പറഞ്ഞവരൊന്നും നേരിട്ട് പറയാന്‍ കൂട്ടാക്കിയുമില്ല. കാരണം ഒരു ദിവസം വൈകിയാലും പണിതീര്‍ന്ന് വെള്ളമെത്തുമെന്ന പ്രതീക്ഷ എല്ലാവരിലും അന്നുണ്ടായിരുന്നു. എന്നാല്‍, അടുത്ത ദിവസമായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി.
ആറ്റുകാല്‍ മേഖലയിലാണ് എത്തിയത്. ആദ്യംതന്നെ കാണാം നഗരസഭയുടെ ടാങ്കില്‍ എത്തുന്ന വെള്ളത്തിന് വേണ്ടി പാത്രങ്ങളുമായി വഴിക്കണ്ണുനട്ടിരിക്കുന്ന ആകുലപ്പെട്ട കണ്ണുകളെ. വഴിക്കണ്ണുമായി കാത്തിരിക്കുന്നവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളുമുണ്ട്. ചിലര്‍ ടാങ്കുകളില്‍ വെള്ളമെത്തിച്ച് നല്‍കുന്നത് കാണാം. പക്ഷേ, കുറഞ്ഞത് നാലുപേരെങ്കിലുമുള്ള ഒരു കുടുംബത്തിന് കിട്ടുന്നത് നാലോ അഞ്ചോ കുടങ്ങളില്‍ നിറയ്ക്കാനുള്ള വെള്ളം മാത്രമാണ്. ഇതുകൊണ്ട് അത്യാവശ്യം കാര്യങ്ങള്‍ നടത്താമെന്ന് ഒരു വീട്ടമ്മ നെടുവീര്‍പ്പെട്ട് പ്രതികരിച്ചു. വെള്ളമില്ലാത്തതുകൊണ്ട് ജോലിക്ക് പോകാതെ അവധിയെടുത്തവരുമുണ്ട് കൂട്ടത്തില്‍. വെള്ളമല്ലേ പ്രധാനം, അതില്ലാതെ കുളിക്കാതെയും നനയ്ക്കാതെയും എങ്ങനെ ജോലിക്ക് പോകും- അവര്‍ ചോദിക്കുന്നു. മണക്കാട് ഭാഗത്ത് പ്രശ്നം അതിലും രൂക്ഷമാണ്. നൂറുകണക്കിന് വീടുകളിലാണ് വെള്ളമില്ലാതെ നീറിപ്പുകയുന്നത്.
വെള്ളം കുടിക്കാന്‍ കുപ്പിവെള്ളം വാങ്ങാമെന്നുവെക്കാം. ഭക്ഷണമുണ്ടാക്കാനും വെള്ളം വാങ്ങാം. പക്ഷേ, ടോയ്ലെറ്റില്‍ പോകണ്ടേ. കുളിക്കാതിരിക്കാം. ഒന്ന് കക്കൂസില്‍ പോകാന്‍ വെള്ളമില്ലാതെ പറ്റുമോ? വിഷമത്തോടെയും അതിലേറെ ദേഷ്യത്തോടെയും നിസ്സഹായതയോടെയുമുള്ള ചോദ്യത്തിന് മറുപടി നല്‍കാനായില്ല. എന്റെ മേഖലയില്‍ ഈ സമയത്ത് അധികം വെള്ളപ്രതിസന്ധി ഉണ്ടായില്ല എന്നത് ആശ്വാസം മാത്രം. ഇവരെ കണ്ടപ്പോളാണ് പ്രശ്നത്തിന്റെ ഗൗരവം എത്രവലുതാണെന്ന് വ്യക്തമായത്. ചിലയിടങ്ങളില്‍ കുറഞ്ഞ ശക്തിയില്‍ പൊതുടാപ്പുകളില്‍ വെള്ളമെത്തുന്നുണ്ട്. മണിക്കൂറുകള്‍ കാത്തുനിന്നാല്‍ ഒന്നോ രണ്ടോ ബക്കറ്റ് വെള്ളം കിട്ടും അങ്ങനെ പോകുന്നു പരിദേവനങ്ങള്‍. തങ്ങളുടെ ഓര്‍മ്മയില്‍ അടുത്തകാലത്തൊന്നും വെള്ളത്തിനായി ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം.
ഒടുവില്‍ കോര്‍പ്പറേഷന്‍ ടാങ്കുകളില്‍ വെള്ളമെത്തിക്കാന്‍ തുടങ്ങി. അരുവിക്കരയില്‍നിന്നു വെള്ളവുമായി കോര്‍പ്പറേഷന്റെ ടാങ്കറുകള്‍ നിര്‍ത്താതെ എത്തിയിട്ടും ക്ഷാമത്തിനു പരിഹാരമായില്ല. ടാങ്കര്‍ വരുന്ന വഴികളില്‍പ്പോലും നാട്ടുകാര്‍ പാത്രങ്ങളും നിരത്തി കാത്തിരിക്കുന്ന കാഴ്ചയും കാണാമായിരുന്നു. കോര്‍പ്പറേഷന്റെ ജലവിതരണ ആപ്പും ആവശ്യക്കാരാല്‍ നിറഞ്ഞു. നഗരത്തില്‍ കടകളില്‍ കുപ്പിവെള്ളം തീരുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. കൂടിയ വിലയ്ക്ക് കുപ്പിവെള്ളം വാങ്ങി പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കേണ്ടി വന്ന പലരും വീട് പൂട്ടി നഗരത്തിന് പുറത്തുള്ള ബന്ധുവീടുകളില്‍ അഭയം തേടി.
റെയില്‍വേ കാലേക്കൂട്ടി അറിയിച്ചു, വെച്ചുതാമസിപ്പിച്ച് വലച്ചത് വാട്ടര്‍ അതോറിറ്റിയോ?
കഴിഞ്ഞ അഞ്ചുദിവസം നഗരത്തിലെ ജനങ്ങളെ വെള്ളമില്ലാതെ വെള്ളം കുടിപ്പിച്ചത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. വിഷയത്തില്‍ വകുപ്പ് സഖ്യകക്ഷിയുടേതാണെങ്കിലും പഴിമുഴുവന്‍ വന്നത് സി.പി.എമ്മിനും നഗരസഭയ്ക്കുമായിരുന്നുവെന്ന് മാത്രം. നേമം, ഐരാണിമുട്ടം ജലസംഭരണി എന്നിവിടങ്ങളിലേക്കുള്ള മെയിന്‍ പൈപ്പിന്റെ അലൈന്‍മെന്റ് മാറ്റലാണ് നഗരത്തെ വെള്ളമില്ലാതെ വലച്ചത്. രണ്ട് പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റ് മാറ്റുന്നതിന് ആ ഭാഗത്തേക്കുള്ള വാല്‍വുകള്‍ അടയ്ക്കുന്നതിനുപകരം പമ്പിങ് നിര്‍ത്തിവെച്ചതാണ് വലിയൊരു മേഖലയിലെ കുടിവെള്ളം മുട്ടിച്ചത്. പി.ടി.പി. നഗറിലെ ജലസംഭരണിയില്‍നിന്ന് കരമന ഭാഗത്തേക്കുള്ള പ്രധാന പൈപ്പില്‍ തിരുമലഭാഗത്ത് ഒരു വാല്‍വുണ്ട്. ഇത് അടച്ചിരുന്നെങ്കില്‍ കരമന, നേമം ഭാഗത്ത് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയായിരുന്നു.
പി.ടി.പി. നഗറിലെ ജലസംഭരണിയില്‍നിന്ന് കരമന ഭാഗത്തേക്കുള്ള പ്രധാന പൈപ്പില്‍ തിരുമലഭാഗത്ത് ഒരു വാല്‍വുണ്ട്. ഇത് അടച്ചിരുന്നെങ്കില്‍ കരമന, നേമം ഭാഗത്ത് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താമായിരുന്നു. അങ്ങനെയെങ്കില്‍ കുടപ്പനക്കുന്ന്, വട്ടിയൂര്‍ക്കാവ്, പാങ്ങോട്, തിരുമല വരേയും നഗരകേന്ദ്രത്തിലെ പാളയം, വഞ്ചിയൂര്‍, പട്ടം, കുന്നുകുഴിവരെയുമുള്ള വലിയൊരു പ്രദേശത്തെ കുടിവെള്ളം മുടങ്ങില്ലായിരുന്നു. എന്നാല്‍, തിരുമലയിലെ വാല്‍വ് കേടായിരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവഗണിച്ചു. ഈ വാല്‍വ് നന്നാക്കുന്നതിന് പകരം പകരം പി.ടി.പി. ടാങ്കിലേക്കുള്ള പമ്പിങ് പൂര്‍ണമായി നിര്‍ത്തിവെച്ചാണ് ഉദ്യോഗസ്ഥര്‍ 'പണി' തുടങ്ങിയത്. ജപ്പാന്‍ കുടിവെള്ള പദ്ധതി (ജിക്ക) പദ്ധതിപ്രകാരം നിര്‍മിച്ച അരുവിക്കരയിലെ 74 ദശലക്ഷം ലിറ്ററിന്റെ ശുദ്ധീകരണശാലയില്‍നിന്നുള്ള പമ്പിങ്ങാണ് നിര്‍ത്തിയത്. ഇതോടെ നഗരത്തിലെ 44 വാര്‍ഡുകളില്‍ കുടിവെള്ളം മുട്ടി.
മേല്‍പറഞ്ഞ പരിഹാരങ്ങള്‍ ചൂണ്ടിക്കാട്ടി ജലവിതരണം പുനഃസ്ഥാപിക്കാന്‍ അഭ്യര്‍ഥനകള്‍ പലകുറി പോയി. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയി, ഇത്രത്തോളം വാര്‍ഡുകളെ ബാധിക്കുമെന്ന് നഗരസഭയെ മുന്‍കൂര്‍ അറിയിക്കാതിരിക്കാനുള്ള സന്മനസ് (അല്‍പം പരിഹാസ ചുവയോടെ) ഉദ്യോഗസ്ഥര്‍ കാട്ടിയെന്നാണ് പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇദ്ദേഹം പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. പമ്പിങ് നിര്‍ത്തിവെച്ചിട്ടും പൈപ്പ് അലൈന്‍മെന്റ് മാറ്റുന്നതിനൊപ്പം തിരുമലയിലെ വാല്‍വുകൂടി നന്നാക്കാനുള്ള ശ്രമവും ഉണ്ടായില്ല. ഈ വാല്‍വ് നന്നാക്കിയിരുന്നെങ്കില്‍ ശനിയാഴ്ച മേലാറന്നൂരിലെ പുതിയ വാല്‍വ് കേടായപ്പോള്‍ നഗരത്തിലെ മറ്റ് ഭാഗങ്ങളിലെ കുടിവെള്ളവിതരണമെങ്കിലും പുനഃസ്ഥാപിക്കാമായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതിന് പമ്പിങ് പുനരാരംഭിച്ചെങ്കിലും മേലാറന്നൂരിലെ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നു.
ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുമാസം മുമ്പുതന്നെ ട്രാക്കിനടിയിലൂടെയുള്ള ഭാഗത്തെ പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റണമെന്ന് റെയില്‍വേ ജല അതോറിറ്റിയെ അറിയിച്ചിരുന്നതാണ്. അറിയിപ്പുവന്നപ്പോള്‍ത്തന്നെ വാല്‍വുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അതെന്തുകൊണ്ടാണ് എന്ന ചോദ്യത്തില്‍നിന്ന് ഉദ്യോഗസ്ഥന്‍ തന്ത്രപൂര്‍വം ഒഴിവായി. റെയില്‍വേ അനുവദിച്ച സമയത്തിനകം പൈപ്പിന്റെ അലൈന്‍മെന്റ് മാറ്റണമെന്ന വാദം ചൂണ്ടിക്കാട്ടിയാണ് പമ്പിങ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നാണ് ടിയാന്‍ പറയുന്നത്. ആരുടെ തീരുമാനമാണ് ഇതെന്നൊക്കെ ചോദിച്ചെങ്കിലും മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല.
കിള്ളിപ്പാലം സി.ഐ.ടി. റോഡില്‍ സ്ഥാപിച്ച വാല്‍വില്‍ ശനിയാഴ്ച ലീക്ക് കണ്ടതാണ് വീണ്ടും പ്രശ്നം വഷളാക്കിയത്. ഇതോടെ വാല്‍വ് അഴിച്ച് വീണ്ടും സെറ്റ് ചെയ്തതാണ് പണികള്‍ നീളാന്‍ കാരണമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഞായറാഴ്ച നല്‍കിയ വിശദീകരണം. ആങ്കര്‍ ബ്ലോക്ക് സ്ഥാപിക്കലും പ്രതീക്ഷിച്ച വേഗതയില്‍ പൂര്‍ത്തിയാക്കാനായില്ല. ശനിയാഴ്ച രാവിലെ ആരംഭിച്ച പരീക്ഷണ പമ്പിങ് മണിക്കൂറുകള്‍ക്കകം നിര്‍ത്തിവെക്കേണ്ടിയും വന്നു. പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കല്‍ ജോലികള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ പൂര്‍ത്തിയായി. പണി തീര്‍ന്നാലും പൈപ്പ് ലൈനില്‍ ശുചീകരണം നടത്തിയ ശേഷമേ പമ്പിങ് ആരംഭിക്കൂ, തുടങ്ങിയ വാദങ്ങള്‍ സാങ്കേതികമായി ഉദ്യോഗസ്ഥര്‍ നിരത്തുന്നുണ്ട്.
ഞായറാഴ്ച വെളുപ്പിനു കുടിവെള്ളം എത്തിത്തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചത്. ഇതും വിശ്വസിച്ച് അതിരാവിലെ തുടങ്ങിയ നഗരവാസികളുടെ കാത്തിരിപ്പ് നീണ്ടത് മാത്രം മിച്ചം. പിന്നാലെ ഉച്ചയ്ക്ക് വെള്ളമെത്തും എന്നായി പിന്നാലെ ജല അതോറിറ്റിയുടെ അറിയിപ്പ്. പണി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ വൈകുന്നേരം നാലിന് ഉറപ്പായും പമ്പിങ് ആരംഭിക്കുമെന്ന് ഉറപ്പുനല്‍കി. പക്ഷേ, അതും ജലരേഖയായി. കുടിവെള്ളം എപ്പോഴെത്തുമെന്ന് കൃത്യമായി പറയാന്‍ ആരുമില്ലാത്ത അവസ്ഥ. ഉദ്യോഗസ്ഥരുടെ സാങ്കേതിക ന്യായങ്ങള്‍ എത്ര നിരത്തിയാലും വെള്ളത്തിനായി നിമിഷമെണ്ണി കാത്തിരിക്കുന്നവരുടെ അവസ്ഥ ആരോട് പറയാന്‍
ഹോട്ടലുകാരും പെട്ടു, സ്ഥാപനങ്ങള്‍ അടഞ്ഞു, സ്‌കൂളും കോളേജും അടച്ചു- അടിയന്തരാവസ്ഥപോലെ
വെള്ളമില്ലാത്തതുകാരണം ചില സ്ഥലങ്ങളില്‍ ഹോട്ടലുകളും, ബേക്കറികളും തുറന്നില്ല. ഓണസമയമായതിനാല്‍ ഷോപ്പിങ്ങിനും മറ്റും ജനങ്ങള്‍ കൂടുതലായി നഗരത്തിലെത്തുന്ന സമയമാണിത്. കച്ചവടം കാര്യമായി നടക്കുന്ന സമയത്തുതന്നെ വ്യാപാരികള്‍ക്ക് ഇരുട്ടടിയും ഓണസമ്മാനവുമായി ജല അതോറിറ്റിയുടെ നടപടികള്‍. ഇടിവെട്ടിയവനെ പാമ്പ് കടിച്ചുവെന്ന് പറഞ്ഞതുപോലെ വെള്ളംകുടി മുട്ടിയപ്പോള്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 25 രൂപയും 30 രൂപയും ഈടാക്കിയ വിരുതന്മാരും നഗരത്തിലുണ്ട്. കാനിലെ വെള്ളത്തിനും ഇതുപോലെ അധിക വില വാങ്ങി.
ഞായറാഴ്ച രാത്രി ആയിട്ടും പണി തുടരുമെന്ന് കണ്ടതോടെ ജില്ലാ കലക്ടര്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. എന്തായാലും ഭാഗ്യത്തിന് പ്രതിസന്ധിയിലായ പ്രദേശങ്ങളില്‍ പകുതിയിലും ഇന്ന് രാവിലെ വെള്ളമെത്തി. ഉയര്‍ന്ന പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കില്‍നിന്നു വിതരണം നടക്കുന്ന പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ വെള്ളമെത്തുമെന്നാണ് അധികൃതര്‍ അറിയിച്ചതെങ്കിലും വെള്ളമെത്താത്ത സ്ഥലങ്ങള്‍ ഇനിയുമുണ്ട്. ഇന്നത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Water crisis in Kerala's capital- What people said
Published: 09 Sept 2024, 05:24 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented