ഹാരാഷ്ട്ര വിഭജിച്ച് വിദര്‍ഭ സംസ്ഥാനം രൂപവത്കരിക്കണമെന്ന വാദം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്നു കേള്‍ക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് നാഗ്പുരില്‍ വിദര്‍ഭ സംസ്ഥാന അനുകൂലികള്‍ നിരാഹാരസമരം ആരംഭിച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. പ്രത്യേക വിദര്‍ഭ സംസ്ഥാനം ആവശ്യപ്പെട്ട് വിദര്‍ഭ രാജ്യ ആന്ദോളന്‍ സമിതി (വി.ആര്‍.എ.എസ്.) നേതാക്കളാണ് നിരാഹാരസമരം ആരംഭിച്ചത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒളിപ്പോർ മാതൃകയില്‍ സമരം ശക്തിപ്പെടുത്തുമെന്നാണ് സമരസമതിയുടെ മുന്നറിയിപ്പ്. പലവട്ടം ഉയര്‍ന്നുവരികയും പിന്നീട് കെട്ടടങ്ങുകയും ചെയ്ത വിദര്‍ഭ സംസ്ഥാനവാദം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ അഡ്വ. പ്രശാന്ത് കിഷോറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ വീണ്ടും ശക്തമായിരിക്കുന്നത്. ബി.ജെ.പി. നേതാവ് ആശിഷ് ദേശ്മുഖ് സഹായം അഭ്യര്‍ഥിച്ചതോടെയാണ് പ്രശാന്ത്കിഷോര്‍ വിഷയത്തില്‍ ഇടപെട്ടത്. കിഷോറിന്റെ പഠനസംഘമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലെ 20 അംഗസംഘം  കഴിഞ്ഞ ജൂലായില്‍ വിദര്‍ഭമേഖലയില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഇല്ലാതിരുന്ന ഘട്ടത്തിലാണ് വിആര്‍എഎസ് നേതാക്കള്‍ നിരാഹാരസമരവുമായി രംഗത്തെത്തിയത്. 

To advertise here,

സംസ്ഥാനങ്ങൾ പിറക്കുന്നു

1956-ല്‍ ഒന്നാം സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ശുപാര്‍ശപ്രകാരം കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളാണ് രൂപീകരിക്കപ്പെട്ടത്. ഇതെല്ലാം ഭാഷയുടെ അടിസ്ഥാനത്തിലുമായിരുന്നു. പിന്നീട് വികസനത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥയും സാംസ്‌കാരിക ഭൂമിശാസ്ത്ര ഘടകങ്ങളും പരിഗണിച്ചാണ് പില്‍ക്കാലത്ത് 14 സംസ്ഥാനങ്ങള്‍കൂടി രൂപീകരിച്ചത്. 1960-ല്‍ ബോംബെ വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും 1963-ല്‍ അസം വിഭജിച്ച് നാഗാലാന്‍ഡും രൂപീകരിച്ചു. 1966-ല്‍ പഞ്ചാബില്‍ നിന്ന് ഹരിയാനയും 1971-ല്‍ ഹിമാചല്‍ പ്രദേശും പിറവിയെടുത്തു. മണിപ്പൂരും മേഘാലയും ത്രിപുരയും 1972-ല്‍ രൂപംകൊണ്ടു. 1975-ല്‍ സിക്കിമും 1987-ല്‍ അരുണാചല്‍ പ്രദേശും മിസോറാമും സംസ്ഥാനങ്ങളായി. 2000-ല്‍ മൂന്ന് സംസ്ഥാനങ്ങള്‍കൂടി ജന്മംകൊണ്ടു. ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരാഖണ്ഡ്, മധ്യപ്രദേശിന്റെ ഭാഗങ്ങള്‍ അടര്‍ത്തി ഛത്തിസ്ഗഢ്, ബിഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡുമാണ് രൂപീകരിച്ചത്. ഏറ്റവും ഒടുവില്‍ ആന്ധപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനവും നിലവില്‍ വന്നു. 2009 ഡിസംബര്‍ ഒന്‍പതിന് കേന്ദ്ര സര്‍ക്കാര്‍ തെലങ്കാന സംസ്ഥാനം പ്രഖ്യാപിച്ചത്. അടുത്ത ഊഴം വിദര്‍ഭയുടേത് ആകുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. എന്താണ് വിദര്‍ഭ സംസ്ഥാന വാദം? എന്തുകൊണ്ടാണ് വിദര്‍ഭ മേഖലയ പ്രത്യേക സംസ്ഥാനമാക്കണമെന്ന്  വാദിക്കുന്നത്? എന്താണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്?

placeholder
നാഗ്പൂരിൽ വിദർഭ രാജ്യ ആന്ദോളൻ സമിതി കേന്ദ്ര സർക്കാരിനെതിരേ നടത്തിയ സമരത്തിനിടെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്ന പോലീസ്  Photo: ANI

കര്‍ഷക ആത്മഹത്യയുടെ ഭൂമി

വിദര്‍ഭ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്തെ 11 കിഴക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുത്തി നാഗ്പുര്‍ തലസ്ഥാനമായി വിദര്‍ഭ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. മറാത്ത ഭാഷ സംസാരിക്കുന്നവരാണെങ്കിലും സ്വന്തമായി സാംസ്‌കാരിക അസ്ഥിത്വമുള്ള പ്രദേശമാണ് വിദര്‍ഭ. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ധാതു-വനസമ്പത്ത്, ഫലഭൂയിഷ്ഠമായ മണ്ണ്, മഴ എന്നിവയാല്‍ സമ്പന്നമായ ഈ പ്രദേശം ഊര്‍ജ ഉത്പാദനത്തിന്റെ കേന്ദ്രവുമാണ്. പക്ഷേ ഇന്നും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നുമാണ് ഇത്. വിദർഭ മേഖലയിൽ നിന്നുള്ള ദേവേന്ദ്ര ഫഡ്​നവിസ് ഉള്‍പ്പെടെ നാല് മുഖ്യമന്തിമാര്‍ മഹാരാഷ്ട്ര ഭരിച്ചിട്ടും പിന്നാക്കാവസ്ഥയ്ക്ക് മാറ്റമില്ല. നാഗ്പുര്‍, അമരാവതി എന്നീ രണ്ട് റവന്യൂ ഡിവിഷനുകളിലായി വ്യാപിച്ചുകിടക്കുന്ന വിദര്‍ഭ മേഖലയില്‍ നാഗ്പുര്‍, അമരാവതി, അകോല, ഭണ്ഡാര, ബുല്‍ദാന, ചന്ദ്രപുര്‍, ഗോണ്ടിയ, യവത്മല്‍, വാര്‍ധ, വാഷിം, ഗഡ്ചിറോളി ജില്ലകളാണുള്ളത്. 

97,321 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു പ്രദേശത്തെ ജനസംഖ്യ ഏകദേശം 2.3 കോടിയാണ്. സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണത്തിന്റെ 31.6 ശതമാനമാണ് ഈ മേഖല. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 21 ശതമാനവും വിദര്‍ഭ മേഖലയിലാണ്. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ 10 എണ്ണവും 288 നിയമസഭാ സീറ്റുകളില്‍ 60 എണ്ണവുമാണ് മേഖലയിലുള്ളത്. നാഗ്പുര്‍, വാര്‍ധ, രാംടെക്, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിറോളി -ചിമൂര്‍, ചന്ദ്രപുര്‍, യവത്മാല്‍-വാഷിം, അകോല, അമരാവതി, ബുല്‍ധാന എന്നിവയാണ് മേഖലയിലെ ലോക്‌സഭാ സീറ്റുകള്‍. ഇടതൂര്‍ന്ന ഉഷ്ണമേഖലാ വനങ്ങളാല്‍ മൂടപ്പെട്ട ഈ പ്രദേശം ധാതുക്കളാള്‍ സമ്പന്നമാണ്. പരുത്തി ഉല്‍പാദനത്തിന് പേരുകേട്ട വിദര്‍ഭ കര്‍ഷക ആത്മഹത്യകളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, കാര്‍ഷിക ദുരിതങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ ചുഷണം എന്നിവയെല്ലാം മേഖല നേരിടുന്ന വെലിയ വെല്ലുവിളികളാണ്. 

placeholder
B R Ambedkar
ഡോ. ബി.ആർ അംബേദ്കർ | Photo: Mathrubhumi archives

'മഹാ വിദര്‍ഭ'യ്ക്കായി ആവശ്യം

ഐക്യ മഹാരാഷ്ട്ര' എന്ന സങ്കല്‍പ്പത്തിന് മുമ്പു തന്നെ പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിനുള്ള ആവശ്യം ഉയര്‍ന്നിരുന്നു. 1938 ഒക്ടോബര്‍ ഒന്നിന് നാഗ്പുരില്‍ 'മഹാവിദര്‍ഭ' എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കാനുള്ള പ്രമേയം സെന്‍ട്രല്‍ പ്രവിശ്യാ നിയമസഭ പാസാക്കി. 1950-കളിലാണ് പിന്നീട് വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടി മുറവിളി ശക്തമാകുന്നത്. 1953 ഡിസംബര്‍ 29-ന് ഫസല്‍ അലിയുടെ അധ്യക്ഷതയില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യത്തെ സംസ്ഥാന പുനഃസംഘടനാ സമിതിയെ (എസ്.ആര്‍.സി) നിയമിച്ചു. വിദര്‍ഭ സംസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യം ഡോ. ബി.ആര്‍. അംബേദ്കര്‍ ഉന്നയിച്ചു. ഒരു സംസ്ഥാനത്തിന് ഒരു ഭാഷ എന്നതിനെ അദ്ദേഹം അനുകൂലിക്കുകയും ഒരു ഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നയത്തെ എതിര്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര എന്ന ഒരു വലിയ സംസ്ഥാനത്തിന് പകരം മറാത്തി സംസാരിക്കുന്ന ആളുകള്‍ക്കായി കുറഞ്ഞത് രണ്ട് പ്രത്യേക സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന് അദ്ദേഹം വാദിച്ചു. ഒരു സംസ്ഥാനത്തിന് ഒരു ഭാഷ വേണമെന്ന് അദ്ദേഹം വാദിച്ചു. പക്ഷേ, കാര്യക്ഷമമായ ഭരണത്തിന് ഒരേ ഭാഷ സംസാരിക്കുന്നവരുടെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങള്‍ ആകാമെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. നാഗ്പൂര്‍ തലസ്ഥാനമായി 'വിദര്‍ഭ സംസ്ഥാനം' സൃഷ്ടിക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചു. ഒരു സര്‍ക്കാരിന് മഹാരാഷ്ട്ര പോലെ ഒരു വലിയ സംസ്ഥാനം ഫലപ്രദമായി ഭരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. അക്കാലത്തെ വിദര്‍ഭ നേതാക്കളായ മാധവ് ശ്രീഹരി ആനി, ബ്രിജ്​ലാൽ ബിയാനി എന്നിവരും പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിനായി സംസ്ഥാന പുനഃസംഘടനാ കമ്മീഷന് (എസ്.ആര്‍.സി.) മെമ്മോറാണ്ടം സമര്‍പ്പിച്ചു. 

സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ ഈ അപേക്ഷകളും വാദങ്ങളും മറ്റ് അനുബന്ധ വശങ്ങളും പരിഗണിച്ചശേഷം നാഗ്പുര്‍ തലസ്ഥാനമായി ഒരു പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷേ ഒരു ഭാഷ, ഒരു സംസ്ഥാനം എന്ന തത്വത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ വിദര്‍ഭയെ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഗമാക്കി. പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി 1953-ല്‍ നാഗ്പുര്‍ കരാര്‍ നിലവില്‍വന്നു. കരാര്‍പ്രകാരം മഹാരാഷ്ട്ര നിയമസഭയുടെ ശീതകാലസമ്മേളനം നാഗ്പുരില്‍ ചേരണമെന്നും വിദര്‍ഭ മേഖലയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും വ്യവസ്ഥവെച്ചിരുന്നു. ഇത് പ്രകാരം 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം വിദര്‍ഭ മഹാരാഷ്ട്രയുടെ ഭാഗമായിത്തീര്‍ന്നു. മഹാരാഷ്ട്ര സംസ്ഥാനവുമായി ലയിച്ചതിനുശേഷം സാമ്പത്തിക പരിഗണനകളും വര്‍ദ്ധിച്ചുവരുന്ന വികസന പിന്നാക്കാവസ്ഥയും ചൂണ്ടിക്കാട്ടി പ്രത്യേക സംസ്ഥാന പദവിക്കായി ആവര്‍ത്തിച്ചുള്ള ആവശ്യം ഉയര്‍ന്നു. പക്ഷേ, ഐക്യമഹാരാഷ്ട്ര വാദത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇതിനിടെ ഒരുവിഭാഗം ഒക്ടോബര്‍ ഒന്ന് 'വിദര്‍ഭ ദിനം' ആയി ആഘോഷിക്കുന്നു. 

'നാഗ്പൂര്‍ ഉടമ്പടി'യും വിദര്‍ഭ മൂവ്‌മെന്റും

വിദര്‍ഭ പുതുതായി രൂപീകരിച്ച മഹാരാഷ്ട്ര സംസ്ഥാനവുമായി ലയിച്ചെങ്കിലും മഹാരാഷ്ട്ര അസംബ്ലിയുടെ ശീതകാല നിയമസഭാ സമ്മേളനം നാഗ്പൂരില്‍ ചേരുന്നത് പതിവാണ്. 'നാഗ്പുര്‍ ഉടമ്പടി' പ്രകാരമാണ് ഇത്തരത്തില്‍ ക്രമീകരിച്ചത്. പക്ഷേ, നിയമസഭാ സെഷന്‍ ആറ് ആഴ്ചയും നീണ്ടുനില്‍ക്കുന്നില്ല. കൂടാതെ, വിദര്‍ഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിച്ചാണ് നിയമസഭാ സമ്മേളനം നാഗ്പുരില്‍ ചേരുന്നതെങ്കിലും ഒരു സാധാരണ മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ സമ്മേളനത്തിന് സമാനമാണ് സെഷന്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക മേഖലയായ വിദര്‍ഭയില്‍ കര്‍ഷകരുടെ ആത്മഹത്യകളും പതിവാണ്. മുംബൈ ആസ്ഥാനമാക്കിയുള്ള ഭരണത്തില്‍ നിന്ന് മേഖലയിലേയ്ക്ക് വികസനം എത്തുന്നില്ലെന്നാണ് പരാതി. ഇതോടെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കൂടുതല്‍ സന്തുലിത വികസനം എത്തിക്കാന്‍ പുതിയ സംസ്ഥാനം എന്ന് വാദം വീണ്ടും ഉയര്‍ന്നത്. ഇതിനിടെ, സംസ്ഥാനത്തെ പ്രാദേശിക അസന്തുലിതാവസ്ഥ പഠിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. നാഗ്പുര്‍ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സംസ്ഥാന നിയമസഭയില്‍ ചേരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണെന്നാണ് സമിതി കണ്ടെത്തിയത്. 

വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടി വാദിച്ച മാധവ് ശ്രീഹരി ആനി, 1962-ല്‍ നാഗ്പുര്‍ ലോക്സഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. വിദര്‍ഭയ്ക്ക് സംസ്ഥാന പദവി എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏക തിരഞ്ഞെടുപ്പ് അജണ്ട. വിദര്‍ഭയിലെ സിംഹം എന്ന് അനുയായികള്‍ വിളിച്ച ജംബുവന്ത്‌റാവു ധോട്ടെ 1971-ല്‍ നാഗ്പൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയായിരുന്നു വിജയം. ഫോര്‍വേഡ് ബ്ലോക്ക്, കോണ്‍ഗ്രസ് ടിക്കറ്റുകളില്‍ അഞ്ച് തവണ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2002 സെപ്റ്റംബര്‍ 9-ന് വിദര്‍ഭ ജനതാ കോണ്‍ഗ്രസ് (വി.ജെ.സി.) പാര്‍ട്ടി സ്ഥാപിച്ചു. വിദര്‍ഭ സംസ്ഥാനം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് മുന്‍ കോണ്‍ഗ്രസ് നേതാക്കളായ വസന്ത് സാത്തേയും എന്‍.കെ.പി സാല്‍വെയും 2003-ല്‍ വിദര്‍ഭ രാജ്യ നിര്‍മാണ്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. മുന്‍ എംപി ബന്‍വാരിലാല്‍ പുരോഹിതാകട്ടെ 2004-ല്‍ വിദര്‍ഭ രാജ്യ പാര്‍ട്ടിയും രൂപീകരിച്ചു. പക്ഷേ ഈ പാര്‍ട്ടികള്‍ക്കൊന്നും പ്രത്യേക വിദര്‍ഭ സംസ്ഥാനമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചില്ല. 

placeholder
ദേവേന്ദ്ര ഫഡ്‌നവിസ് | Photo: ANI

ബി.ജെ.പിയുടെ നിലപാട്, മറ്റ് പാര്‍ട്ടികളുടേയും

പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടി ശക്തമായി വാദിച്ച പാര്‍ട്ടികളിലൊന്നാണ് ബി.ജെ.പി. തൊണ്ണൂറുകളില്‍ തന്നെ ബി.ജെ.പി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 1992-ല്‍ ഭുവനേശ്വറില്‍ നടന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് വിദര്‍ഭ സംസ്ഥാനം സംബന്ധിച്ച പ്രമേയം പാര്‍ട്ടി പാസാക്കുന്നത്. 1990-ലെ തിരഞ്ഞെടുപ്പില്‍ 48 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. 95-ല്‍ അധികാരത്തിലെത്തിയെങ്കിലും ശിവസേനയ്ക്ക് ഒപ്പം സഖ്യസര്‍ക്കാരായിരുന്നു. പിന്നീട് വിഷയം ശക്തമായി ഉയര്‍ന്നുവരുന്നത് 2014-ലെ തിരഞ്ഞെടുപ്പിലായിരുന്നു. ആ വര്‍ഷത്തെ ലോക്​സഭാ  തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിദര്‍ഭയുടെ സംസ്ഥാന പദവി ഒരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. മേഖലയില്‍ നിന്നുള്ള ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരിയും ദേവേന്ദ്ര ഫഡ്​നവിസും പരസ്യമായി തന്നെ വിദര്‍ഭ സംസ്ഥാനത്തിന് അനുകൂലമായി നിലപാടെടുത്തു. ആ തിരഞ്ഞെടുപ്പില്‍ മേഖലയിലെ ലോക്സഭാ സീറ്റുകള്‍ ബി.ജെ.പി.-ശിവസേന സഖ്യം തൂത്തുവാരി. ഒരുകാലത്ത് ശക്തമായ സാന്നിധ്യമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ദേവേന്ദ്ര ഫഡ്​നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി. പക്ഷേ സംസ്ഥാനരൂപീകരണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. 

വിദര്‍ഭ സംസ്ഥാനം സംബന്ധിച്ച പ്രമേയം ബി.ജെ.പി പാസാക്കി മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. പ്രത്യേക വിദര്‍ഭ എന്ന ആവശ്യത്തിന് വലിയ തോതില്‍ പിന്തുണ കുറ‍ഞ്ഞിരിക്കുന്നു. വിരലിലെണ്ണാവുന്ന പാര്‍ട്ടികള്‍ മാത്രമേ വിഷയം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുള്ളൂ. മേഖലയില്‍ നിന്നുള്ള നേതാവായ ദേവേന്ദ്ര ഫഡ്​നവിസ് ഉള്‍പ്പെടെ വിഷയം വലിയ തോതില്‍ ഉന്നയിച്ച ബി.ജെ.പി നേതാക്കള്‍ മൗനത്തിലാണ്. വിദര്‍ഭ സംസ്ഥാനം രൂപവത്കരിക്കണമെന്ന് ബി.ജെ.പി അവശ്യപ്പെടുമ്പോള്‍ ശിവസേന അതിനെതിരാണ്. മഹാരാഷ്ട്രയെ ഒരു തരത്തിലും വിഭജിക്കരുതെന്നാണ് അവരുടെ നിലപാട്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ രണ്ട് മനസാണ്. വിദര്‍ഭ മേഖലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ സംസ്ഥാനം എന്ന ആവശ്യത്തിന് അനുകൂലമാണ്. പക്ഷേ, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് നേതാക്കളാകട്ടെ സംസ്ഥാന രൂപീകരണത്തിന് എതിരുമാണ്. വിദര്‍ഭ സംബന്ധിച്ച ബി.ജെ.പിയുടെ നിലപാട് മയപ്പെടുത്തല്‍ കോണ്‍ഗ്രസ് എല്ലാക്കാലത്തും ഉയർത്തിക്കാട്ടുന്ന ഒന്നാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയി ബി.ജെ.പി. 2014-ന് ശേഷം യു-ടേണ്‍ എടുത്തുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

വിദര്‍ഭ രൂപീകരണത്തെ പിന്തുണച്ച് ഭുവനേശ്വറില്‍ പാസാക്കിയ പ്രമേയത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ബിജെപിയുടെ വാദം. വിദര്‍ഭ രൂപീകരിക്കുന്നതിന് മുമ്പ് മഹാരാഷ്ട്രയില്‍ പൂര്‍ണ ഭൂരിപക്ഷം നേടാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കുന്നത്. 2000-ല്‍ ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നീ മൂന്ന് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന സമയം, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കേന്ദ്രം  മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാന നിയമസഭകളില്‍ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു എന്നത് ചൂണ്ടിക്കാണിച്ചാണ് അവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ഇതെല്ലാമാണെങ്കിലും വിദര്‍ഭയിലെ ജനങ്ങള്‍ പുതിയ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും ഇത് രാഷ്ട്രീയക്കാരുടെ മാത്രം ആവശ്യമാണെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. വിദർഭ മേഖലയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന്റെ പരിമിതികൾ മൂലം പ്രദേശത്തിന് പ്രത്യേക സംസ്ഥാന പദവി സാമ്പത്തികമായി ലാഭകരമല്ലെന്നാണ് മറ്റൊരു വാദം. മഹാരാഷ്ട്രയുടെ മൊത്തം ജിഡിപിയുടെ സിംഹഭാ​ഗം സംഭാവന ചെയ്യുന്നത് മുംബൈ മെട്രോപൊളിറ്റൻ മേഖലയും പശ്ചിമ മഹാരാഷ്ട്ര മേഖലയുമാണ്. ഈ പ്രദേശങ്ങൾ സാമ്പത്തികമായി വികസിച്ച പ്രദേശങ്ങളുമാണ്. വിദർഭയുടെ സമ്പദ്‌വ്യവസ്ഥ പ്രാഥമികമായി കാർഷിക മേഖലയേയും ധാതു സമ്പത്തിനേയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഈ സാഹ​ചര്യത്തിൽ വിദർഭ സംസ്ഥാനമാക്കി മാറ്റുന്നതുകൊണ്ട് കാര്യമായ ​ഗുണം ചെയ്യില്ല എന്നാണ് ഒരു വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നത്.