മലബാറുകാരുടെ 46 വര്‍ഷത്തെ കാത്തിരിപ്പാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയ തലശ്ശേരി-മാഹി ബൈപ്പാസ്. മുംബൈ പനവേല്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന ദേശീയപാത 66-ന്റെ ഭാഗമായി നിര്‍മിച്ച ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുത്താല്‍ അത് ഉത്തര മലബാറിന്റെ ഗതാഗതവികസനത്തിലെ കുതിപ്പായി മാറും. കേരളത്തില്‍ പണി നൂറുശതമാനം പൂര്‍ത്തിയാക്കിയ ആദ്യത്തെ എന്‍.എച്ച് 66 റീച്ച്, സിഗ്നല്‍ ജങ്ഷനുള്ള എന്‍.എച്ച് 66 റീച്ച് തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്ന 18.6 കിലോ മീറ്റർ പാതയൊരുങ്ങിയിരിക്കുന്നത്. മാഹിയിലേയും തലശ്ശേരിയിലേയും 'കുപ്പിക്കഴുത്തുകളില്‍' കുടുങ്ങി യാത്ര തടസ്സപ്പെടാതെ ഇനി വേഗത്തില്‍ സഞ്ചരിക്കാം. ഗതാഗതക്കുരുക്കില്‍ കുടുങ്ങി ഒരുമണിക്കൂറിലേറെ പാഴാവുന്നിടത്ത് ഇനി 14-20 മിനിട്ട് കൊണ്ട് മുഴപ്പിലങ്ങാട് എത്താനാവും. മലബാറിലൂടെയുള്ള യാത്രകള്‍ക്ക് ഇനി പുതിയവേഗമുണ്ടാകുമെന്നുറപ്പ്.. 

To advertise here,

45 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാത

മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോ മീറ്ററാണ് ആറുവരിപ്പാതയുടെ നീളം. സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്ററാണ് ആകെ വീതി. മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, കൊളശ്ശേരി, ചോണാടം, കുട്ടിമാക്കൂല്‍, മാടപ്പീടിക, പള്ളൂര്‍, കവിയൂര്‍, മാഹിപ്പുഴ, അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോവുന്നത്. പൂര്‍ണമായും ആക്സസ് കണ്‍ട്രോളായ റോഡാണ് ദേശീയപാത 66. സര്‍വീസ് റോഡുകളില്‍ നിന്ന് മെര്‍ജിങ് പോയിന്റുകള്‍ മാത്രമാണ് പാതയിലുണ്ടാവുക. സിഗ്നലുകളിലൊഴികെ പാത എവിടേയും ക്രോസ് ചെയ്യില്ല എന്നതാണ് സവിശേഷത. 

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് ഈ റീച്ച്. നാല് വലിയ പാലങ്ങളാണ് ബൈപ്പാസിലുള്ളത്. 420 മീറ്റര്‍, 1170 മീറ്റര്‍, 180 മീറ്റര്‍, 870 മീറ്റര്‍ എന്നിങ്ങനെയാണ് പാലങ്ങളുടെ നീളം. ബൈപ്പാസിലുള്‍പ്പെടുന്ന അഴിയൂര്‍ മുക്കാളിയിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ നീളം 150 മീറ്ററാണ്. പള്ളൂരിലാണ് മേല്‍പ്പാലം. വെഹിക്കുലാര്‍ അണ്ടര്‍ പാസ്(5.5 മീറ്റര്‍), ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍ പാസ്(4.5 മീറ്റര്‍), സ്മോള്‍ വെഹിക്കുലാര്‍ അണ്ടര്‍പാസ്(3.5 മീറ്റര്‍), പെഡസ്ട്രിയന്‍ അണ്ടര്‍ പാസ്(3 മീറ്റര്‍) എന്നിങ്ങനെ 21 അണ്ടര്‍പാസുകളാണ് പാതയിലുള്ളത്. ആദ്യ പ്രൊപ്പോസലില്‍ 10 അണ്ടര്‍പാസുകളാണ് ഉണ്ടായിരുന്നത്. വിവിധ ആവശ്യങ്ങളേയും ജനപ്രതിഷേധങ്ങളേയും തുടര്‍ന്ന് പിന്നീടാണ് 11 അണ്ടര്‍ പാസുകള്‍ കൂട്ടിച്ചേര്‍ത്തത്. ബൈപ്പാസിന്റെ ഇരുഭാഗത്തും സര്‍വീസ് 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. 

മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ചെന്നെത്തുന്നത്. തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപ്പാസ് വഴിതുറക്കും.  
placeholder
മാഹി പാലം നിര്‍മാണം (ഫയല്‍)

47 വര്‍ഷത്തെ കാത്തിരിപ്പ്

തലശ്ശേരി മാഹി ബൈപ്പാസിന്റെ നിര്‍മാണ ചരിത്രം പരിശോധിച്ചാല്‍ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോകേണ്ടിവരും. 1980-ലാണ് ബൈപ്പാസിന് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭപ്രവൃത്തി തുടങ്ങിയത്. 1980-ല്‍ പുതുച്ചേരി സര്‍ക്കാരും കേരള സര്‍ക്കാരും സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും പിന്നീട് നടപടികള്‍ തടസ്സപ്പെട്ടു. കാല്‍നൂറ്റാണ്ട് പിന്നിട്ടതിന് ശേഷമാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുനഃരാരംഭിച്ചത് പോലും. വിലനിര്‍ണയത്തിലെ അപകാതകള്‍ മൂലമുള്ള ജനങ്ങളുടെ പ്രതിഷേധങ്ങളുള്‍പ്പെടെ സ്ഥലമേറ്റെടുക്കലിലുള്ള പ്രതിസന്ധികളായിരുന്നു ആദ്യഘട്ടത്തില്‍ ബൈപ്പാസ് നിര്‍മാണത്തെ തടസ്സപ്പെടുത്തിയത്. പിന്നീട് സ്ഥലം വിട്ടുനല്‍കാന്‍ ഭൂവുടമകള്‍ സമ്മതിച്ചെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങി പദ്ധതി വീണ്ടും നീളുകയായിരുന്നു. 40 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2018 ഒക്ടോബറില്‍ ദേശീയപാത 66 ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടതായി ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു. നവംബറില്‍ മാത്രമാണ് നിര്‍മാണഘട്ടത്തിലേക്ക് കടന്നത്. 1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിര്‍മിച്ചത്. 85.5 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തു.

എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നിര്‍മാണം പൂര്‍ത്തിയാക്കി 21-ല്‍ റോഡ് തുറന്ന് കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ്, പ്രളയം എന്നിവ പ്രവൃത്തി വൈകാന്‍ ഇടയാക്കി. തലശ്ശേരിക്കടുത്ത് ബാലത്തിലെ പാലം നിര്‍മാണത്തിനിടെ തകര്‍ന്ന് ബീമുകള്‍ പുഴയില്‍ വീണതും നിര്‍മാണം വൈകാനിടയാക്കി. അയ്യായിരത്തിലേറെ തൊഴിലാളികളാണ് ദേശീയപാതയ്ക്ക് വേണ്ടി ജോലി ചെയ്തത്. 

placeholder
സിഗ്നല്‍ ജങ്ഷന്‍

സ്പിന്നിങ് മില്‍ ജങ്ഷന്‍, ആറുവരിപ്പാതയിലെ ഏക സിഗ്നല്‍

പനവേല്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന ദേശീയപാത-66'ലെ എണ്ണം പറഞ്ഞ സിഗ്‌നലുകളിലൊന്നാണ് തലശ്ശേരി- മാഹി ബൈപ്പാസിലുള്ളത്. ബൈപ്പാസ് പ്രൊപ്പോസലില്‍ ഇല്ലാത്ത സിഗ്‌നല്‍ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടതോടെയാണ് സ്ഥാപിക്കപ്പെട്ടത്. ജങ്ഷന് 400 മീറ്റര്‍ മുന്നിലും 500 മീറ്റര്‍ പിന്നിലുമായി രണ്ട് അണ്ടര്‍ പാസുകള്‍ നിര്‍മിച്ചിട്ടുണ്ട്. റോഡിന്റെ പണികള്‍ പൂര്‍ത്തിയായതോടെ ഈ രണ്ട് അടിപ്പാതകള്‍ക്കിടയിലുള്ള ജങ്ഷനില്‍ അണ്ടര്‍ പാസ് നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ പ്രദേശത്ത് ഒരു സ്പിന്നിങ് മില്‍ പ്രവര്‍ത്തിച്ചിരുന്നു. ബൈപ്പാസ് തുറന്നാല്‍ സ്പിന്നിങ് മില്ലിലേക്ക് കണ്ടെയിനറുകള്‍ക്കും വാഹനങ്ങള്‍ക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് അടിപ്പാത ആവശ്യവുമായി ജനങ്ങള്‍ രംഗത്തിറങ്ങിയത്.

എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായതിനാല്‍ അണ്ടര്‍ പാസോ ഓവര്‍ പാസോ ഇവിടെ പ്രായോഗികമല്ലായിരുന്നു. തുടര്‍ന്നാണ് സിഗ്‌നല്‍ സ്ഥാപിക്കുന്നതിലേക്ക് എത്തിയത്. എന്നാല്‍ ആറുവരിപ്പാതയില്‍ സിഗ്‌നല്‍ സ്ഥാപിക്കുന്നത് അപകടങ്ങള്‍ക്ക് സാധ്യതകൂട്ടുകയാണ് ചെയ്യുന്നത്. അപകടങ്ങളുടെ എണ്ണം വര്‍ധിച്ചാല്‍ ഇതിനെ ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് ആക്കി കണക്കാക്കി സിഗ്‌നല്‍ ക്ലോസ് ചെയ്യാനുള്ള അവകാശം ദേശീയപാത അതോറിറ്റിക്കുണ്ട്. ദേശീയപാത 66-ല്‍ കഴക്കൂട്ടം- മുക്കോല പാതയിലാണ് നിലവില്‍ സിഗ്നലുള്ളത്. പണി പൂര്‍ത്തിയായാല്‍ ഇത്  പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാം. പൂര്‍ണമായും സിഗ്നല്‍ ഒഴിവാക്കിയുള്ള റോഡാണ് ദേശീയപാത അതോറിറ്റി വിഭാവനം ചെയ്യുന്നത്. 

placeholder
തലശ്ശേരി- മാഹി ബൈപ്പാസില്‍ കൊളശ്ശേരിയിലുള്ള ടോള്‍ ഗേറ്റ്

ടോള്‍ നിരക്കുകള്‍

ബാലം പാലത്തിനും പള്ളൂർ സ്പിന്നിങ് മിൽ ജംക്‌ഷനും ഇടയിൽ കൊളശ്ശേരിക്കു സമീപമാണു ടോൾ പ്ലാസ നിര്‍മിച്ചിരിക്കുന്നത് . റോഡിന്റെ ഇരുവശത്തും രണ്ടു വരികളായി വാഹനങ്ങൾക്കു കടന്നുപോകാവുന്ന വിധത്തിലാണു ടോൾ പ്ലാസയിലെ ക്രമീകരണം. ഫാസ്റ്റ് ടാഗ് സംവിധാനം വഴിയാണു ടോൾ അടയ്ക്കേണ്ടത് തിരുവങ്ങാട് ടോള്‍ പ്ലാസ എന്നാവും ഇത് അറിയപ്പെടുക. പാതയിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കായിരിക്കും ആദ്യഘട്ടത്തില്‍ ടോള്‍ പിരിക്കാനുള്ള താല്‍ക്കാലിക കരാര്‍. താല്‍ക്കാലിക ടോള്‍ ഗേറ്റായിട്ടായിരിക്കും തിരുവങ്ങാട് ടോള്‍പ്ലാസ പ്രവര്‍ത്തിക്കുക. ദേശീയപാത 66-ന്റെ നവീകരണം പൂർത്തിയാകുന്നതോടെ കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയിൽ ടോൾ പ്ലാസ തുറക്കും. അതോടെ തലശ്ശേരി – മാഹി ബൈപാസിലെ ടോൾ പ്ലാസ ഒഴിവാക്കും.

കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ എല്‍.എം.വികള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 65 രൂപയാണ് ടോള്‍ നിരക്ക്. ഇരുഭാഗത്തേക്കുമായി 100 രൂപയും 50 സിംഗിള്‍ ട്രിപ്പുകള്‍ക്കുള്ള പ്രതിമാസ പാസ് 2195 രൂപയുമാണ്. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 35 രൂപ.

മിനി ബസ്, എല്‍സിവി, എല്‍ജിവി എന്നിവയ്ക്ക് സിംഗിള്‍ ട്രിപ്പ് 105 രൂപ, ഇരുഭാഗത്തേക്കുമായി 60 രൂപ, ഒരുമാസത്തേക്ക് 3545 രൂപ, കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 55 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

2 ആക്സില്‍ ട്രക്ക്/ബസ് എന്നിവയ്ക്ക് സിംഗിള്‍ ട്രിപ്പ് 225 രൂപ, ഇരുഭാഗത്തേക്കും 335 രൂപ, 50 സിംഗിള്‍ ട്രിപ്പുകള്‍ക്കുള്ള പ്രതിമാസ പാസ് 7430 രൂപ കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 120 രൂപ എന്നിങ്ങനെയാണ് ചാര്‍ജ്.

3 ആക്സില്‍ ട്രക്കുകള്‍ക്ക് സിംഗിള്‍ ട്രിപ്പ് 245 രൂപ, ഇരുഭാഗത്തേക്കും 365 രൂപ, പ്രതിമാസ പാസ് 8105 രൂപ, കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 120 രൂപ.

4-6 ആക്സില്‍ എച്ച്.സി.എം, ഇഎംഇ, എംഎവി എന്നിവയ്ക്ക് സിംഗിള്‍ ട്രിപ്പിന് 350 രൂപ, ഇരുഭാഗത്തേക്കും 525 രൂപ, പ്രതിമാസ പാസ് 11650, കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 175 രൂപ.

7 ആക്സിലുകള്‍ക്ക് മുകളിലുള്ള വലിയ വാഹനങ്ങള്‍ക്ക് സിംഗിള്‍ ട്രിപ്പിന് 425, ഇരുഭാഗത്തേക്കും 525 രൂപ, പ്രതിമാസ പാസ് 14180 രൂപ, കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 215 രൂപ.

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിലാണ് പ്രതിമാസ പ്രതിമാസ പാസ് നൽകും. 

placeholder

വണ്‍വേ സര്‍വീസ് റോഡ്

5.5 മീറ്റര്‍ വീതമുള്ള സര്‍വീസ് റോഡുകളാണ് ബൈപ്പാസിന്റെ ഇരുവശത്തുമുള്ളത്. സര്‍വീസ് റോഡുകള്‍ക്ക് വീതി കുറവായതിനാല്‍ ഈ റോഡ് വണ്‍വേ ആയിട്ടാണ് ഉപയോഗിക്കുക. കണ്ണൂര്‍ ഭാഗത്തുനിന്ന്കോഴിക്കോട്ടേക്ക് യാത്ര ചെയ്യുമ്പോഴും കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുമ്പോഴും ഇടതുഭാഗത്തിലൂടെയുമാണ് യാത്ര ചെയ്യേണ്ടത്.

എല്ലാ പാലങ്ങളിലും അപ്രോച്ചുകളുണ്ടാവും. സര്‍വീസ് റോഡുകള്‍ ബൈപ്പാസുമായി ബന്ധപ്പെടുന്ന മെര്‍ജിങ് പോയിന്റുകളാണ് ഇവ. എക്സിറ്റ്, എന്‍ട്രി പോയിന്റുകളിലൂടെ മാത്രം ബൈപ്പാസിലേക്ക് കടക്കുകയോ ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്കോ പ്രവേശിക്കാം. യുടേണുകളോ മീഡിയന്‍ ഓപ്പണിങ്ങോ ഉണ്ടാവില്ല.

100 കിലോ മീറ്റർ ആണ് പരമാവധി വേഗപരിധി. ഹെവി വാഹനങ്ങള്‍ക്ക് 80 ആണ് വേഗപരിധി. വേഗതനിയന്ത്രണങ്ങളുള്ള മേഖലകളില്‍ വേഗപരിധി യഥാക്രമം 80, 60 എന്നിങ്ങനെയാവും. സ്പീഡ് നിയന്ത്രണ ബോര്‍ഡുകള്‍ ബൈപ്പാസിലെങ്ങും സ്ഥാപിച്ചിട്ടുണ്ട്. 15-20 മിനുട്ട് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലെത്താം. ബൈപ്പാസിന്റെ സമീപത്ത് മാഹിയില്‍ മാത്രം (ഏകദേശം 4 കിലോ മീറ്ററിനുള്ളില്‍) ആറ് പെട്രോള്‍ പമ്പുകള്‍ക്ക് ഇതിനകം അനുമതി ലഭിച്ചുകഴിഞ്ഞു.

സുരക്ഷയ്ക്കായി വിളിക്കാം 1033 ടോള്‍ഫ്രീ

സര്‍വീസ് റോഡില്‍ നിന്ന് ബൈപ്പാസ് പ്രധാന പാതയിലേക്ക് കയറാനും ഇറങ്ങാനും എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. അപകടമോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടായാലും നിയമം തെറ്റിച്ച് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നത് വലിയ അപകടങ്ങള്‍ക്കായിരിക്കും കാരണമാവുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വിളിക്കാന്‍ ടോള്‍ പ്ലാസയില്‍ എമര്‍ജന്‍സി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു എമര്‍ജന്‍സി വാഹനം, ആംബുലന്‍സ്, മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ടോള്‍ പ്ലാസയിലുണ്ടാവുക. യാത്രക്കാര്‍ക്ക് 1033 നമ്പറില്‍ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാം. ഏതെങ്കിലും ഘട്ടത്തില്‍ അപകടത്തില്‍പെട്ട് വാഹനം റോഡില്‍ നിന്ന് താഴേക്ക് വീണാല്‍ ഉയര്‍ത്തിയെടുക്കാനുള്ള ക്രെയിന്‍ ഉള്‍പ്പെടെയാണ് സജ്ജീകരണങ്ങള്‍.

 

placeholder

ലെയ്ന്‍ ട്രാഫിക് സംവിധാനം

ആറ് വരി പാത ആയതിനാല്‍ തന്നെ ഇതിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ ലെയ്ന്‍ ട്രാഫിക് സംവിധാനമാണ് പിന്തുടരേണ്ടത്. ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ റോഡിന്റെ ഏറ്റവും ഇടതുഭാഗത്തുള്ള ലെയ്നില്‍ കൂടെ മാത്രമേ പോകാന്‍ പാടുള്ളൂ. മറ്റ് വാഹനങ്ങള്‍ നടുവിലുള്ള ട്രാക്കിലൂടെയാണ് പോകേണ്ടത്. ഡിവൈഡറിനോട് ചേര്‍ന്നുള്ള ട്രാക്ക് ഫ്രീ ആക്കി ഇടണം. ഓവര്‍ടേക്കിങ്, ആംബുലന്‍സ് പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ എന്നിവയ്ക്കായാണ് ഈ ട്രാക്ക് ഉപയോഗിക്കേണ്ടത്. അഡ്വാന്‍ഡ് ഇന്‍ഡിക്കേറ്ററുകള്‍ കൊടുക്കാതെ ഓവര്‍ടേക്കിന് ശ്രമിക്കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാം. കര്‍ശനമായി ലെയ്ന്‍ ട്രാഫിക് സംവിധാനം പാലിക്കാത്തവര്‍ക്ക് ശിക്ഷ ഈടാക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ക്യാമറ ഉള്‍പ്പെടെ നിരീക്ഷണസംവിധാനങ്ങള്‍ ബൈപ്പാസിലുണ്ടാവും. 

കരാര്‍ പ്രകാരമുള്ള 100 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ബൈപ്പാസില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ നിര്‍മാണ കമ്പനിയായ ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചറിന് ലഭിച്ചിട്ടില്ലാത്തതിനാല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കേണ്ട ജോലികള്‍ ഇനിയും ബാക്കിയുണ്ട്. വിളക്കുകള്‍ സ്ഥാപിക്കേണ്ടതിന്റെ ടെണ്ടര്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ടോള്‍ പ്ലാസയിലും അണ്ടര്‍ പാസുകളിലും വഴിവിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 

കൂടുതല്‍ ചിത്രങ്ങള്‍ കാണാം 

കേരളത്തിലെ ദേശീയപാത-66 സമഗ്രവിവരങ്ങളറിയാം.. പണിതീരുന്ന പാത

ഉദ്ഘാടനം എന്നുനടക്കും?
നൂറുശതമാനം പണികള്‍ പൂര്‍ത്തിയാക്കി നിര്‍മാണത്തിനൊരുങ്ങിയിരിക്കുകയാണ് തലശ്ശേരി- മാഹി ബൈപ്പാസ്. ഔദ്യോഗിക ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന കേരളത്തിലെ ആദ്യ ദേശീയപാത റീച്ചാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കും ഉദ്ഘാടനം നടത്തുക എന്നാണ് ദേശീയപാത അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ എപ്പോഴാണ് എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ഉദ്ഘാടനം കഴിഞ്ഞ് യാത്രക്കാര്‍ക്കായി ബൈപ്പാസ് തുറന്നുകൊടുത്താല്‍ മലബാറിലൂടെയുള്ള യാത്രകള്‍ക്കിനി പുതിയ വേഗം !
 
placeholder
placeholder
placeholder
placeholder
placeholder