2026 ജനുവരി 15-നാണ്‌ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ(ബിഎംസി) ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് ചർച്ചകളും സ്ഥാനാർഥി നിർണയ ചർച്ചകളും പുരോഗമിക്കുന്നതിനിടെ പ്രധാന പാർട്ടികളായ കോൺഗ്രസിന്റെയും ബിജെപിയുടേയും നെഞ്ചിടിപ്പേറ്റിക്കൊണ്ട് മുംബൈയിൽ മറ്റൊരു രാഷ്ട്രീയ നീക്കം കൂടി അരങ്ങേറി. ഇരുപത് വർഷത്തോളമായുള്ള പിണക്കം മാറ്റിവെച്ച് താക്കറെ കസിൻസ്- ഉദ്ധവ് താക്കറയുടെ ശിവസേനയും രാജ് താക്കറെയുടെ നവനിർമാൺസേനയും- ഈ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് വെറും പ്രാദേശിക തിരഞ്ഞെടുപ്പിന് അപ്പുറമുള്ള രാഷ്ട്രീയ പ്രധാന്യം കൂടി ഈ തിരഞ്ഞെടുപ്പിന് കൈവന്നിരിക്കുന്നതും. ഉദ്ധവ് താക്കറേയും രാജ് താക്കറെയും ഒരുമിച്ച് വാർത്താസമ്മേളനം വിളിച്ചായിരുന്നു പുതിയ രാഷ്ട്രീയ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

To advertise here,
  • മറാത്ത വികാരം ഉയർത്തി തുടക്കം

“നിങ്ങൾ ഇപ്പോൾ വിഭജിക്കപ്പെടുകയോ അതിനായി എന്തെങ്കിലും തെറ്റ് ചെയ്യുകയോ ചെയ്താൽ, അത് നിങ്ങളുടെ അവസാനമായിരിക്കും. മഹാരാഷ്ട്രയോടുള്ള കടമ എന്ന നിലയിലാണ് ഞങ്ങൾ ഒന്നിച്ചത്. ഏതൊരു തർക്കത്തേക്കാളും പോരാട്ടത്തേക്കാളും വലുതാണ് മഹാരാഷ്ട്ര.” ഇങ്ങനെ പറഞ്ഞായിരുന്നു താക്കറെമാർ പ്രവർത്തകരെ അഭിസംബോധന ചെയ്തത്. ഇതിനെ വലിയ കയ്യടികളോടെയാണ് ആളുകൾ ഏറ്റെടുത്തതും.

ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുമ്പോഴും എത്രസീറ്റിൽ ശിവസേനയും നവനിർമാൺ സേനയും മത്സരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. മറാത്തകളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തെയും തകർക്കുക ലക്ഷ്യമിട്ടാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും ഇത് ഒരു തരത്തിലും അനുവദിച്ച് കൊടുക്കാൻ പറ്റാത്തതാണെന്നും ചൂണ്ടിക്കാട്ടിയ താക്കറെമാർ കോർപ്പറേഷൻ മേയറായി മറാത്തകളുടെ പ്രതിനിധിയെത്തുമെന്ന ഉറച്ച വിശ്വാസം തങ്ങൾക്കുണ്ടെന്നും വ്യക്തമാക്കി.

  • ഇരുപത് വർഷത്തെ പിണക്കം ഇനി ചരിത്രം

20 വർഷത്തെ പിണക്കം മറന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിക്കുമ്പോൾ അത് മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറാത്ത മാനൂസ്(ആദ്യം മറാത്ത ജനങ്ങൾ)-എന്ന മുദ്രാവാക്യമുയർത്തി 1966-ൽ രൂപംകൊണ്ട ശിവസേനയുടെ മഹാരാഷ്ട്രയിലെ തിരിച്ചുവരവാകുമോ താക്കറെ കസിൻസുകളെ ഒരുമിക്കലെന്ന ചോദ്യവും ഉയരുന്നുണ്ട്.

നേരത്തെ തന്നെ ശിവസേനയെ പിളർത്തിയ താക്കറെ കുടുംബത്തിലെ ഭിന്നതകൾ അവസാനിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും പലരും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. 2006-ലാണ് ഇരുവരും രാഷ്ട്രീയമായും മാനസികമായും വേർപിരിഞ്ഞത്. ഉദ്ധവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് രാജ് താക്കറെ ശിവസേനയിൽനിന്ന് പിരിഞ്ഞ് മഹാരാഷ്ട്ര നവനിർമാൺസേന സ്ഥാപിക്കുകയായിരുന്നു.

എന്നാൽ, ബി.ജെ.പി സർക്കാർ മറാത്ത ഭാഷയെ തൊട്ടുകളിച്ചതോടെയാണ്  എല്ലാ പിണക്കവും മറന്ന് തങ്ങൾ ഒന്നിക്കുന്നതെന്നാണ് ഉദ്ധവ് വ്യക്തമാക്കിയത്. ബിജെപി സർക്കാരിനെതിരെ പഴയ വജ്രായുധമായ മറാത്താ വാദമുയർത്തി യുദ്ധമുഖം തീർക്കാനാണ് ശിവസേനയുടെ നീക്കമെന്നാണ് ഇരുവരുടെയും വാക്കുകളിൽനിന്നു വ്യക്തമാവുന്നത്. നിലവിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് ഒരുകാലത്ത് തങ്ങളുടെ എല്ലാമായിരുന്ന താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്നത് വലിയ ആവേശം തന്നെയായിരിക്കും സൃഷ്ടിക്കുക.

മുംബൈയിൽ മറാത്ത ജനത മറ്റ് ജനവിഭാഗങ്ങളിൽനിന്ന് വലിയ അവഗണന നേരിടുകയാണെന്ന മുദ്രാവാക്യമുയർത്തിയാണ് കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ 1966-ൽ ശിവസേന സ്ഥാപിച്ചത്. 1963 മുതൽ 1975 വരെയുള്ള, കോൺഗ്രസ് മുഖ്യമന്ത്രി വസന്ത് റാവു നായിക്കിന്റെ 12 വർഷത്തെ ഭരണത്തിന്റെ തണലിലായിരുന്നു ശിവസേന വേരുറപ്പിച്ചത്. അന്നത്തെ കാലത്ത് ബോംബെ നഗരത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ നേരിടാൻ ശിവസേനയെ വളർത്തുകയായിരുന്നു വസന്ത് റാവുവിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യം. അക്കാലത്ത് രാഷ്ട്രീയ പാർട്ടിയല്ലാതിരുന്ന ശിവസേന 1966 ജൂണിൽ ദാദറിലെ ശിവസേനപാർക്കിൽ നടന്ന റാലിയോടെ ശക്തമായ രാഷ്ട്രീയ പാർട്ടിയായി മാറി. പിന്നീട് നടന്ന മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ നേരത്തെ കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടികളും നേടിയിരുന്ന സീറ്റുകൾ ശിവസേന നേടിയെടുത്തു.

ഇതിന് ശേഷം പല ഉപതിരഞ്ഞെടുപ്പുകളിലും 1972-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിലും 50 ശതമാനത്തിലേറെ വോട്ട് നേടി ശിവസേന നഗരത്തിലെ അജയ്യശക്തിയായി മാറി. അക്കാലം വരെ മുംബൈയിലെ തൊഴിൽ, വ്യാപാരമേഖലയെ അടക്കിവാണിരുന്ന ദക്ഷിണേന്ത്യൻ വിഭാഗത്തെ ലക്ഷ്യമിട്ട് തുടങ്ങിയ ശിവസേനയുടെ പ്രവർത്തനം വിജയം കാണുകയും ചെയ്തു.

ദക്ഷിണേന്ത്യക്കാർക്കെതിരേ വ്യാപക കലാപങ്ങളുണ്ടായി. 1980-കളോടെ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ മിക്കവാറും സ്ഥാപനങ്ങളിൽനിന്ന് പുറത്താക്കാൻ ശിവസേനയ്ക്ക് സാധിച്ചു. ഇതിനിടയിൽ ശിവസേന സമ്പൂർണ ഹിന്ദുത്വ പാർട്ടിയായും മാറി. ബാബരി മസ്ജിദ് സമരത്തിലെല്ലാം ശിവസേന സജീവ പങ്കാളിത്തമാണ് വഹിച്ചത്. ഇതിന് ശേഷം മുംബൈയിൽ നടന്ന പല വർഗീയ കലാപങ്ങളിലും ശിവസേനയ്ക്ക് പങ്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് ബാൽ താക്കറെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

1995-ലാണ്‌ ശിവസേന-ബി.ജെ.പി സഖ്യം മഹാരാഷ്ട്രയിൽ നിർണായകമാവുന്നത്. 73 സീറ്റുകൾ നേടി അധികാരത്തിൽ വന്ന സഖ്യം മനോഹർ ജോഷിയെ മുഖ്യമന്ത്രിയാക്കി. എന്നാൽ 1999-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- എൻ.സി.പി സഖ്യത്തോട് തോറ്റു. പിന്നീടങ്ങോട്ട് ബാൽ താക്കറെയുടെ വ്യക്തിപ്രഭാവമാണ് പാർട്ടിയെ മുന്നോട്ട് നയിച്ചത്. 1999-ന് ശേഷം പത്ത് വർഷത്തോളം ശിവസേന പ്രതിപക്ഷത്തായിരുന്നു.

  • ഉദ്ധവിന്റെ ഉയർച്ചയും രാജ് താക്കറെയുടെ താഴ്ച്ചയും

2012-ലാണ്‌ ബാൽ താക്കറെ മരിക്കുന്നത്. ശേഷം ശിവസേനയിൽ ആര് എന്ന ചോദ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉയർന്നു. ബാൽ താക്കറെയുടെ ഇളയ സഹോദരൻ ശ്രീകാന്ത് താക്കറെയുടെ മകനായ രാജ് താക്കറെയ്ക്കായിരുന്നു വലിയൊരു വിഭാഗം സാധ്യത കൽപ്പിച്ചിരുന്നത്. കാരണം ബാൽ താക്കറെയുടെ തനി സ്വരൂപമായിരുന്നു രാജ്. മറാഠികളെ ആവേശം കൊള്ളിച്ചിരുന്ന ബാൽ താക്കറെയുടെ പ്രസംഗശൈലിയും വ്യക്തിപ്രഭാവവുമെല്ലാം രാജിനുണ്ടായിരുന്നു. എന്നാൽ, മകൻ ഉദ്ധവ് ഇതിന്റെ നേർ വിപരീതമായിരുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ ബിരുദധാരിയും ഫോട്ടോഗ്രാഫറുമായ ഉദ്ധവ് സ്വതവേ അന്തർമുഖനായിരുന്നു. താക്കറെയുടെ കാലത്ത് മഹാരാഷ്ട്ര രാഷ്ട്രീയം തിളച്ചുമറിയുമ്പോഴെല്ലം ഉദ്ധവ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല.

2003-ലെ മഹാബലേശ്വർ കൺവെൻഷനിലാണ് ഉദ്ധവ് ശിവസേനയുടെ എക്സിക്യുട്ടീവ് പ്രസിഡന്റായി നിയമിതനായത്. ഇതിന് ശേഷം 2006 മാർച്ച് ഒമ്പതിനാണ് മഹാരാഷ്ട്ര നവനിർമാൺ സേന എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് രാജ് താക്കറെ വഴിപിരിഞ്ഞുപോയത്. രാജ് പാർട്ടിയിൽനിന്ന് പോയതോടെ ശിവസേന ഉദ്ധവിന്റെ കൈപ്പിടിയിലുമായി. അവസാനകാലത്ത് മകനെ പാർട്ടിയുടെ പരമോന്നത നേതാവാക്കാൻ ബാൽ താക്കറെയും കാര്യമായി പരിശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ മഹാരാഷ്ട്ര നവനിർമാൺ സേനയിലൂടെ കാര്യമായ ചലനങ്ങളുണ്ടാക്കാൻ രാജിനായില്ല. പക്ഷെ, ഒരുകാലത്ത് ബോംബെ നഗരത്തെ ചൊൽപ്പിടിക്ക് നിർത്തിയ ബാൽ താക്കറെയുടെ അടുത്തുപോലുമെത്താൻ പോലും പാർട്ടി നേതൃത്വത്തിലെത്തിയ ഉദ്ധവിനായതുമില്ല.

  • വിജയം,തർക്കം വഴിപിരിയൽ

2019-ൽ മഹാരാഷ്ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ് താക്കറെ നവനിർമാൺ സേനയെ മത്സരിപ്പിച്ചില്ലെങ്കിലും നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും എതിരായി ശക്തമായ കാമ്പയിൻ നടത്തിയിരുന്നു. അതേവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 161 സീറ്റുകളിൽ ബി.ജെ.പി- ശിവസേന സഖ്യം വിജയിച്ചെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കത്തിൽ സഖ്യം പിരിഞ്ഞു. പിന്നീട് രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ശിവസേനയും കോൺഗ്രസും എൻ.സി.പിയും ചേർന്ന് മഹാവികാശ് അഘാഡി സഖ്യം രൂപീകരിച്ചു. കോൺഗ്രസ്-എൻ.സി.പി പിന്തുണയോടെ ബാൽ താക്കറെയുടെ മകൻ അങ്ങനെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായി.

ഇത് ഉദ്ധവിന്റെ രാഷ്ട്രീയ മികവായി വിലയിരുത്തപ്പെട്ടെങ്കിലും സഖ്യത്തിനു പിന്നിലെ ബുദ്ധി ശരത് പവാറിന്റേതായിരുന്നുവെന്നതാണ് സത്യം. നാളിതുവരെ പിന്നിൽനിന്ന് ചരടുവലിച്ചതല്ലാതെ താക്കറെ കുടുംബാംഗങ്ങൾ ഒരിക്കലും അധികാരത്തിൽ നേരിട്ട് പങ്കാളികളായിരുന്നില്ല. എന്നാൽ, ഒറ്റ ദിവസം കൊണ്ട് ഈ പാരമ്പര്യം ഉപേക്ഷിച്ച് ഉദ്ധവ് മുഖ്യമന്ത്രിയായി. അതിന് ഏറെ നാൾ ആയുസ്സുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ ഉദ്ധവ് വലിയ വിമർശനങ്ങൾ നേരിട്ടു. ഉദ്ധവിന്റെയും ശിവസേനയുടെ ജനപിന്തുണ കുറഞ്ഞു.

2022-ൽ പാർട്ടിയിലെ ശക്തനായ നേതാവായിരുന്ന ഏക്നാഥ് ഷിൻഡേ 39 എംഎൽഎമാരുമായി പാർട്ടി പിളർത്തി. 2022 ജൂൺ 29-ന് ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ശേഷം ബിജെപിയും എൻസിപി അജിത്ത് പവാർ പക്ഷവും ചേർന്ന് മന്ത്രിസഭ രൂപവത്കരിച്ച് ഷിൻഡെ മുഖ്യമന്ത്രിയായി. പാർട്ടിയുടെ ചിഹ്നവും പേരുമുൾപ്പടെ എല്ലാം ഷിൻഡെ കൊണ്ടുപോയി.

2024-ലെ തിരഞ്ഞെടുപ്പിൽ ഉദ്ധവ് ശിവസേന 20 സീറ്റുകളിലേക്ക് ഒതുങ്ങി. ഷിൻഡേ വിഭാഗം 57 സീറ്റുമായി എൻ.ഡി.എ സഖ്യത്തിൽ ഭാഗമായി അധികാരത്തിലെത്തിയതോടെ ഉദ്ധവിന്റെ രാഷ്ട്രീയ അന്ത്യമായെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, 2025 ഏപ്രിൽ മാസം ആകുമ്പോഴേക്കും രാജ് താക്കറെയുമായി ഒരുമിക്കുന്നതിനുള്ള സൂചന ഉദ്ധവ് നൽകിയിരുന്നു. കഴിഞ്ഞ ജൂലായ് മാസം ഇരുവരും ഒരേവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ അത് പുതിയ രാഷ്ട്രീയ നീക്കം ഉറപ്പിക്കലുമായി. ഇതിന് ശേഷമാണ് തിരഞ്ഞെടുപ്പിൽ ഒരുമിച്ച് കൈകോർത്ത് മത്സരിക്കുമെന്ന് കൂടെയുള്ള കഴിഞ്ഞദിവസത്തെ പ്രഖ്യാപനം വന്നത്. 2026 ജനുവരി 23-ന് ബാൽ താക്കറെയുടെ നൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് സഹോദരങ്ങൾ പിണക്കം മറന്ന് കൈകോർത്തിരിക്കുന്നതെന്നതും ശ്രദ്ധേയം.