
എല്‍ ഫാഷറില്‍ നിന്നും രക്ഷപ്പെടുന്ന സ്ത്രീ| ഫോട്ടോ: എഎഫ്പി
എന്തിനാണ് തങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുന്നതെന്നും ബലാത്സംഗത്തിനിരയാക്കപ്പെടുന്നതെന്നും ജന്മദേശത്തു നിന്ന് ആട്ടിയോടിക്കപ്പെടുന്നുവെന്നും അറിയാത്ത ജനങ്ങള്‍. ഏതു നിമിഷവും മരണം മുന്നിലെത്താമെന്ന ആശങ്കയില്‍ ദിവസം തള്ളിനീക്കപ്പെടുന്നവര്‍. കൊടും പട്ടിണിയും രോഗവും അലട്ടി തങ്ങളും മനുഷ്യരാണെന്ന ചിന്തപോലും നഷ്ടപ്പെട്ടവര്‍.
ആഭ്യന്തര യുദ്ധത്തില്‍ അക്ഷരാര്‍ഥത്തില്‍ കശാപ്പ് ശാലപോലെയായി മാറിപ്പോയ ആഫ്രിക്കന്‍ രാജ്യമായ സുഡാന് ലോകത്തിന് മുന്നില്‍ വരച്ചിട്ട ചിത്രം ഇങ്ങനെയാണ്. അധികാര യുദ്ധത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടുപോയ സാധാരണക്കാര്‍ എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടുമ്പോള്‍ രണ്ടര വര്‍ഷത്തിനിടെ മാത്രം രാജ്യത്തുടനീളം ഒന്നരലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്നും 1.2 കോടി ആളുകള്‍ ആട്ടിയോടിക്കപ്പെട്ടുവെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
- പേടിസ്വപ്നമായ ആര്‍എസ്എഫ്
1980 കളുടെ അവസാനത്തോടെ സുഡാന് ഭരിച്ചിരുന്ന ഒമര്‍-അല്‍-ബഷീര്‍ രൂപം നല്കിയ ജന്‍ജാവീദ് സൈനിക വിഭാഗത്തിന്റെ ആധുനിക വിമത സൈനിക രൂപമാണ് ആര്‍എസ്എഫ് അല്ലെങ്കില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്. ക്രൂരതയുടെ ആള്‍രൂപമെന്ന് വിളിപ്പേര് കിട്ടിയിരുന്ന ജന്‍ജാവീദിന്റെ അതേ പാത ആര്‍എസ്എഫും തുടര്‍ന്നതോടെ ലോകം കണ്ട ഏറ്റവും വലിയ നരഹത്യയുടെ കേന്ദ്രമായും സുഡാന് മാറി. സുഡാന് സൈന്യമായ എസ്എഎഫും ആര്‍എസ്എഫും തമ്മിലുള്ള അധികാര തര്‍ക്കമാണ് ഇന്ന് കാണുന്ന കൂട്ടക്കൊലയിലേക്കും അടിച്ചമര്‍ത്തലിലേക്കും ജനങ്ങളെ തള്ളിവിട്ടത്.
2023 ഏപ്രില്‍ മാസത്തില്‍ എസ്എഫും ആര്‍എസ്എഫും തമ്മിലുള്ള അധികാര വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ രാജ്യം സമ്പൂര്‍ണ ആഭ്യന്തര കലാപത്തിലേക്ക് എത്തിപ്പെടുകയും ചെയ്തു.
രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി എന്ന കാരണം പറഞ്ഞ് ഇരുവിഭാഗവും യുദ്ധത്തിലായതോടെ ഇതുവരെ ഒന്നരലക്ഷത്തോളം ആളുകള്‍ക്കാണ് രാജ്യത്ത് ആകമാനം ജീവന് നഷ്ടപ്പെട്ടത്. ഒരുകോടിയിലേറെ ജനങ്ങള്‍ക്ക് വീടും സ്വത്തും ഉപേക്ഷിച്ച് ഒളിച്ചോടി പോവേണ്ടിയും വന്നു. ഇതോടെ കിഴക്കന്‍ സുഡാന്, സുഡാന് സൈന്യമായ എസ്എഫിന്റെയും പടിഞ്ഞാറന്‍ സുഡാന് ആര്‍എസ്എഫിന്റെയും നിയന്ത്രണത്തിലാവുകയും ചെയ്തു.
18 മാസത്തെ ആഭ്യന്തര കലാപത്തിന് ശേഷം ഒക്ടോബര്‍ 27-ാം തീയതിയാണ് എസ്എഎഫിന്റെ നിയന്ത്രണത്തിലുള്ള ദാര്‍ഫുറിലെ എല്‍ ഫാഷര്‍ നഗരം തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍എസ്എഫ് അവകാശപ്പെട്ടത്. ഇതോടെ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇവരുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. എല്‍ ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചതോടെ കൂട്ടക്കൊലയുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും സുഡാനില്‍ നിന്ന് പുറത്ത് വരികയാണ്.
- 60,000 ആളുകള്‍ പലായനം ചെയ്തുവെന്ന് യുഎന്‍
എല്‍ ഫാഷറിന്റെ നിയന്ത്രണം ആര്‍എസ്എഫ് ഏറ്റെടുത്തതോടെ ഏകദേശം 60,000 ആളുകള്‍ ഇവിടെ നിന്നു പലായനം ചെയ്തുവെന്നാണ് യുഎന്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍എസ്എഫ് സൈനികര്‍ ഇവിടെയുള്ള ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന്റെയും വീടുകള്‍ അഗ്നിക്കിരയാക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത്. മാധ്യമങ്ങള്‍ക്കും മറ്റ് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കുമൊക്കെ നിരോധനം വന്നതോടെ സുഡാനില്‍ നിന്ന് പുറത്തുവരാനിരിക്കുന്നത് ലോകം ഇതുവരെ കാണാത്ത വംശഹത്യയുടെ ചിത്രങ്ങളായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
1989 മുതല്‍ സുഡാന് ഭരിച്ചിരുന്ന ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ 2019-ല്‍ ആണ് ഏറെനാള്‍ നീണ്ട സംഘര്‍ഷത്തിനിടെ പുറത്താക്കുന്നത്. തുടര്‍ന്ന് സൈന്യം അധികാരമേറ്റെടുക്കുകയും ചെയ്തു. ജനാധിപത്യം വാഗ്ദാനം ചെയ്തായിരുന്നു സൈന്യം അധികാരമേറ്റെടുത്തതെങ്കിലും ഇത് നടക്കാതെ വന്നതോടെയാണ് സുഡാന് സൈന്യമായ എസ്എഎഫ് തലവന്‍ അബ്ദേല്‍ ഫത്തേ അല്‍ ബുഹ്റാനും കമാന്‍ഡര്‍ മൊഹമ്മദ് ഹംദാന്‍ ഡഗ്ലോയും തെറ്റിപ്പിരിഞ്ഞത്. മൊഹമ്മദ് ഹംദാന്‍ ഡഗ്ലോയുടെ നേതൃത്വത്തില്‍ ആര്‍എസ്എഫ് ശക്തമാവുകയും ചെയ്തു.
എല്‍ ഫാഷറിന്റെ നിയന്ത്രണം ആര്‍എസ്എഫ് ഏറ്റെടുത്തതോടെ കൂട്ടക്കൊലയുടെ അതിദാരുണ വാര്‍ത്തകളാണ് അവിടെ നിന്നു പുറത്തുവരുന്നത്. ഓരോ വീടും കയറി ആര്‍എസ്എഫ് സൈനികര്‍ ആളുകളെ കൊന്നൊടുക്കുന്നുവെന്നും നിര്‍ബന്ധിത പലായനത്തിന് പ്രേരിപ്പിക്കുന്നുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല എല്‍ ഫാഷറില്‍ പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്നും ഇവര്‍ക്കുള്ള അടിസ്ഥാന ആവശ്യങ്ങള്‍പോലും ആര്‍എസ്എഫ് തടസ്സപ്പെടുത്തുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
- സമ്പൂര്‍ണ വംശഹത്യ
സുഡാനില്‍ ഇപ്പോള്‍ അരങ്ങേറുന്നത് അറബ് വംശജരല്ലാത്തവരെയും മസലിത് വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള സമ്പൂര്‍ണ വംശഹത്യയാണെന്നാണ് ഹ്യൂമന്‍ റൈറ്റ് വാച്ച് പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് ആര്‍എസ്എഫ് നേതൃത്വം നല്‍കുകയും ചെയ്യുന്നു. അറബ് വംശജരല്ലാത്തവരെ സുഡാന് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് പറഞ്ഞായിരുന്നു 2003-ല്‍ ഇവിടെ കലാപത്തിന് തുടക്കമാവുന്നത്. ഇതിനെ അടിച്ചമര്‍ത്താനായിരുന്നു ഒമര്‍-അല്‍-ബഷീര്‍ ഇപ്പോഴത്തെ ആര്‍എസ്എഫിന്റെ ആദ്യ രൂപമായ ജന്‍ജാവീദിന് തുടക്കമിടുന്നതും. അന്നു തുടങ്ങിയ യുദ്ധത്തിനു ശേഷം ഏകദേശം മുന്ന് ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഇതേ പാതയാണ് ഇപ്പോള്‍ ആര്‍എസ്എഫും പിന്തുടരുന്നത്.
അറബ് വംശജരല്ലാത്തവരെയും മസലിത് വംശജരെയും പൂര്‍ണമായും തുടച്ചു മാറ്റാനാണ് ആര്‍എസ്എഫ് ശ്രമിക്കുന്നതെന്നും ഇതിനായി പുറത്ത് നിന്ന് ഇവര്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. ചില വിഭാഗങ്ങളെ ലക്ഷ്യമിട്ട് കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുകയാണ്. സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിന് ഇരയാകുന്നു. രക്ഷപ്പെട്ട് ഓടുന്നവരെയും വെറുതെ വിടുന്നില്ല. ഭക്ഷണ ലഭ്യതയടക്കം തടഞ്ഞ് ജനജീവിതം നരകതുല്യമാക്കി മാറ്റുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണി ബ്ലിങ്കണ് ചൂണ്ടിക്കാട്ടുന്നു. കലാപത്തിന് പണവും ആയുധവും നല്കി സഹായിക്കുന്നത് യുഎഇ ആണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍(ഐസിജെ)യില്‍ സുഡാന് സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ അധികാര പരിധിയില്‍ പെടുന്നതല്ല എന്ന് പറഞ്ഞ് ഐസിജെ കേസ് കേള്‍ക്കാന്‍ തയ്യാറായിട്ടില്ല.
- പരാജയപ്പെട്ട് സമാധാന ശ്രമങ്ങള്‍
സുഡാനിലെ ആഭ്യന്തര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വെടിനിര്‍ത്തലിനായി സൗദി അറേബ്യയുടെയും ബഹറിന്റെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ പലതവണ ചര്‍ച്ചകള്‍ക്ക് ശ്രമം നടന്നുവെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ ലോകരാജ്യങ്ങള്‍ കാണിച്ച താല്പര്യം സുഡാന്റെ കാര്യത്തില്‍ കാണിക്കുന്നില്ലെന്നാണ് യുഎന്‍ ആരോഗ്യ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രൈസസ് ചൂണ്ടിക്കാട്ടുന്നത്. ഇതിന് കാരണം സംഘര്‍ഷത്തിന് പിന്നില്‍ യുഎഇ ആയതുകൊണ്ടാണെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.
നിലവില്‍ രാജ്യത്തെ 2.4 കോടി ജനങ്ങള്‍ ഭക്ഷണലഭ്യതാ പ്രശ്നം അനുഭവിക്കുന്നുണ്ട്. രാജ്യത്തെ 80 ശതമാനം ഭക്ഷ്യ ലഭ്യതാ സംവിധാനവും അടച്ചുപൂട്ടപ്പെട്ടുവെന്ന് ബിബിസിയും വ്യക്തമാക്കുന്നു.
സുഡാനിലെ ആകെയുള്ള ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്ലിം വംശജരും അറബും ഇംഗ്ലീഷും സംസാരിക്കുന്നവരുമാണ്. മൂന്ന് രാജ്യങ്ങളുമായും ചെങ്കടലുമായും അതിര്‍ത്തി പങ്കിടുന്നുമുണ്ട്. സ്വര്‍ണ നിക്ഷേപമുള്ള രാജ്യമായിട്ട് പോലും ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നുമായിരുന്നു സുഡാന്. രാജ്യത്തെ നാലര കോടി ജനങ്ങള്‍ ശരാശരി വാര്‍ഷിക വരുമാനമായ 62500 രൂപയ്ക്ക് താഴെയാണെന്നാണ് കണക്ക്. അതായത് ദിവസം 171 രൂപയ്ക്ക് താഴെ. ഇതിനൊപ്പം ആഭ്യന്തര സംഘര്‍ഷം കൂടി കനത്തതോടെ സ്ഥിതി അതിരൂക്ഷമായെന്നും സുഡാന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കുന്നു. എല്‍ ഫാഷറില്‍ നിന്നും മറ്റ് സംഘര്‍ഷ മേഖലയില്‍ നിന്നും ഒഴിഞ്ഞുപോയവരെ താമസിപ്പിച്ചിരുന്ന ക്യാമ്പുകളിലടക്കം പല ഭാഗങ്ങളെയും പട്ടിണി ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
- നോക്കുന്നിടത്തെല്ലാം മൃതദേഹങ്ങള്‍
ആര്‍എസ്എഫ് എല്‍ ഫാഷറിന്റെ അധികാരം പിടിച്ചെടുത്ത ശേഷം ഇവിടം കൊലയിടമായി മാറിയെന്ന് പറയുന്നു രക്ഷപ്പെട്ട് ഓടിയ താജ് റഹ്മാന്. കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് എല്ലായിടത്തുമുള്ളത്. ആര്‍എസ്എഫുകാര്‍ ഓരോ വീട്ടിലും കയറി ആളുകളെ തിരഞ്ഞ് പിടിച്ച് കൊല്ലുന്നു. പിഞ്ചുകുട്ടികളെയും സ്ത്രീകളെയും ബന്ധുക്കളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുന്നുവെന്നും താജ് റഹ്മാന് അസോസിയേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് ഫോണിലൂടെ പ്രതികരിച്ചു. കൂട്ടക്കൊലയെ കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുന്നവന്നിട്ടുണ്ട്. കെട്ടിക്കിടക്കുന്ന രക്തവും മൃതദേഹങ്ങളുടെ കൂമ്പാരവും ഉപഗ്രഹ ദൃശ്യങ്ങളില്‍ തെളിയുന്നുണ്ട്.
യേല്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഹ്യൂമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സുഡാനിലെ എല്‍ ഫാഷറിലെ കൂട്ടക്കൊലയുടെ ഭീകരമായ ദൃശ്യങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. നിലത്ത് കാണുന്ന ചുവന്ന പാടുകള്‍ രക്തമാണെന്ന് കരുതപ്പെടുന്നു. കൂടാതെ മനുഷ്യശരീരങ്ങളോട് സാമ്യമുള്ള കൂമ്പാരവും ബഹിരാകാശത്തുനിന്ന് ദൃശ്യമാണ്.
- റുവാണ്ടന്‍ വംശഹത്യയ്ക്ക് സമാനം
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയായിരുന്നു 1994-ല്‍ നടന്ന റുവാണ്ടന്‍ വംശഹത്യ. വെറും നൂറ് ദിവസം കൊണ്ട് ഒരു ചെറിയ ആഫ്രിക്കന്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ തുത്സി ഗോത്രത്തില്‍ പെട്ട എട്ടുലക്ഷത്തോളം പേരെ കൊന്നൊടുക്കിയ പകയ്ക്ക് സമാനമാണ് ഇപ്പോള്‍ സുഡാനിലും സംഭവിക്കുന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. റുവാണ്ടന്‍ വംശഹത്യ തുത്സി വിഭാഗത്തിനെതിരെ ഹുടു ഗോത്രക്കാര്‍ അഴിച്ചുവിട്ട ആക്രമണമാണെങ്കില്‍ സുഡാനില്‍ അറബ് ഇതര വിഭാഗത്തില്‍ പെടുന്നവരെയും മസലിത് വിഭാഗക്കാരെയും ലക്ഷ്യമിട്ടാണ് നടക്കുന്നത് എന്ന് മാത്രം.
95 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് റുവാണ്ടയിലുണ്ടായിരുന്നതെങ്കില് അത്രത്തോളം തന്നെ മുസ്ലിങ്ങള്‍ ഉള്ള രാജ്യമാണ് സുഡാന്. എല്ലാ യുദ്ധത്തെയും പോലെ പട്ടിണി എതിരാളികള്‍ ഇവിടെയും ആയുധമാക്കി. എല്‍ ഷഫറില് ആര്‍എസ്എഫുകാര്‍ ആദ്യം ചെയ്തത് ഇവിടേക്കുള്ള ഭക്ഷണവും അവശ്യ വസ്തുക്കളും തടയുകയായിരുന്നു. എന്തിന് വിശപ്പടക്കാന്‍ കാലിത്തീറ്റ മാത്രം കഴിക്കേണ്ടി വന്ന ഗതികേട്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തോളം എല്ലാം നഷ്ടപ്പെട്ടവരെ അവര്‍ തരാതരം വേട്ടയാടി. കുഞ്ഞുങ്ങളെ പോലും പിച്ചി ചീന്തി.
റുവാണ്ടന്‍ വംശഹത്യ ആരംഭിച്ച് നീണ്ട് നിന്ന മൂന്ന് മാസം മാത്രം ലോകം അത് ചര്‍ച്ച ചെയ്തു. പിന്നീട് എല്ലാം അവസാനിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ നിശബ്ദരായി. സമാന നിലപാടാണ് സുഡാന് വിഷയത്തിലും ലോക രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പിന്നിലെ ലക്ഷ്യം വെറും വംശഹത്യ മാത്രമല്ലെന്നതാണ് യാഥാര്‍ഥ്യം. ഈ രാജ്യത്തിന്റെ സ്വര്‍ണ നിക്ഷേപം കൂടിയാണ് ഇതിനെല്ലാം കാരണമെന്നാണ് കരുതപ്പെടുന്നത്. ഒരുകാലത്ത് തെക്കന്‍ സുഡാനിലെ എണ്ണ നിക്ഷേപമായിരുന്നു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. 2011 ല്‍ അത് ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇതോടെയാണ് സ്വര്‍ണ ഖനനം തുടങ്ങിയത്. ഈ സ്വര്‍ണഖനികളെ എസ്എഫും ആര്‍എസ്എഫും ലക്ഷ്യമിടുകയും ചെയ്തു. ഇതിന്റെ നിയന്ത്രണം ഭൂരിഭാഗവും ആര്‍എസ്എഫ് പിന്നീട് ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഇവര്‍ നിയന്ത്രണത്തിലാക്കിയ എല്‍ ഷാഫറും വന്‍ സ്വര്‍ണ നിക്ഷേപമുള്ള ഇടമാണ്.
Content Highlights: Explore the devastating Sudan genocide where 1.5 lakh people have been killed and 1.2 crore displaced. Uncover the RSF atrocities and the silent world.
Published: 03 Nov 2025, 03:31 pm IST
ABOUT THE AUTHOR

കെ.പി നിജീഷ് കുമാർ
nijeeshkuttiadi@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented