2001 ജൂണ്‍ 12നാണ് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ എന്ന വജ്രായുധം ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്നത്. രാജ്യത്തിന്റെ ആയുധശേഷിയിലേക്ക് കൂട്ടിച്ചേര്‍ത്തെങ്കിലും ബ്രഹ്മോസ് ആദ്യമായി യുദ്ധസമാന സാഹചര്യത്തില്‍ ഉപയോഗിക്കുന്നത് ഓപ്പറേഷന്‍ സിന്ദൂറിന് വേണ്ടിയാണ്. മെയ് 11നാണ് ലഖ്‌നൗവിലെ ബ്രഹ്മോസ് ഇന്റഗ്രേഷന്‍ ആന്റ് ടെസ്റ്റിങ് ഫെസിലിറ്റി സെന്റര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെയും റഷ്യയുടെയും മികച്ച പ്രതിരോധ സാങ്കേതികവിദ്യകളുടെ സംഗമം ആണ് ബ്രഹ്മോസ് മിസൈല്‍ എന്നാണ് ഉദ്ഘാടനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളില്‍ ഒന്നു മാത്രമല്ല, ഇന്ത്യന്‍ സായുധസേനയുടെ ശക്തിയുടെ, ശത്രുക്കള്‍ക്കെതിരേയുള്ള പ്രതിരോധത്തിന്റെ, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള സൈന്യത്തിന്റെ പ്രതിബദ്ധതയുടെ സന്ദേശമാണ് ബ്രഹ്മോസ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

To advertise here,

ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസിനെ വിശേഷിപ്പിക്കുന്നത് ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് എന്നാണ്. അതായത് വിക്ഷേപിച്ചുകഴിഞ്ഞാൽ മറ്റ് മാർഗനിർദേശങ്ങളൊന്നും ആവശ്യമില്ലാത്ത മിസൈൽ. കര അധിഷ്ഠിത, കപ്പല്‍ അധിഷ്ഠിത, വ്യോമാധിഷ്ഠിത ബ്രഹ്മോസുകള്‍ ഇതിനോടകം കഴിവ് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായ, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ലോകരാജ്യങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആയുധമായി ബ്രഹ്മോസ് അന്താരാഷ്ട്രതലത്തില്‍ പേരെടുത്തുകഴിഞ്ഞു. 

placeholder
ബ്രഹ്മോസ് മിസൈൽ

എന്തുകൊണ്ട് ബ്രഹ്മോസ്? 

1980കള്‍ മുതലാണ് തദ്ദേശീയമായി മിസൈല്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം സജീവമാക്കിയത്. മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാമായിരുന്നു ഈ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആണവശേഷിയുള്ള മിസൈലുകളുടെ അഗ്നി സീരിസിലായിരുന്നു തുടക്കം. പിന്നീട് ബഹുമുഖശേഷിയുള്ള മറ്റ് മിസൈലുകളും ഈ പദ്ധതിയിലൂടെ വികസിപ്പിക്കപ്പെട്ടു. അതില്‍ പ്രധാനപ്പെട്ടവയായിരുന്നു സര്‍ഫസ് ടു എയര്‍ (കരയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാന്‍ പറ്റുന്ന ഭൂതല-വ്യോമ മിസൈല്‍) ആകാശ് മിസൈല്‍, സര്‍ഫസ് ടു സര്‍ഫസ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി, ടാങ്ക് വേധ മിസൈലായ നാഗ് എന്നിവ.

90കള്‍ക്ക് ശേഷമാണ് അതീവ പ്രഹരശേഷിയുള്ള ക്രൂസ് മിസൈസുകള്‍ വികസിപ്പിക്കാനും ഇന്ത്യയുടെ സായുധസേനകളുടെ പ്രതിരോധശക്തി മെച്ചപ്പെടുത്താനുമുള്ള പ്രാധാന്യം ചര്‍ച്ചകളിലുയരുന്നത്. കൃത്യതയോടെ, അതിവേഗം സഞ്ചരിക്കുന്ന, ഉയര്‍ന്ന ആഘാതശേഷിയുള്ള നിയന്ത്രിത മിസൈലുകളാണ് ക്രൂസ് മിസൈലുകള്‍. ദീര്‍ഘദൂര ലക്ഷ്യങ്ങളിലേക്ക് മിസൈലുകള്‍ എത്തിക്കാം. സൂപ്പര്‍സോണിക്, സബ്‌സോണിക്, ഹൈപ്പര്‍സോണിക് വേഗതയില്‍ പറക്കാന്‍ ശേഷിയുള്ളവയാണ് ആധുനിക ക്രൂയിസ് മിസൈലുകള്‍. ഈ വേഗതയെ അടിസ്ഥാനമാക്കി ക്രൂസ് മിസൈലുകളെ പലരീതിയില്‍ തരം തിരിച്ചിട്ടുണ്ട്. നിശ്ചിത പാതയില്‍ (ബാലിസ്റ്റിക് പാത) സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമാണ് ക്രൂസ് മിസൈലുകള്‍. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് ക്രൂസ് മിസൈലുകള്‍ ഫലപ്രദമായി ഉപയോഗിച്ചത് രാജ്യങ്ങള്‍ക്ക് ക്രൂസ് മിസൈലുകള്‍ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകതയും വര്‍ധിപ്പിച്ചു. 

ക്രൂസ് മിസൈലുകള്‍ ഇന്ത്യയില്‍ വികസിപ്പിക്കാനായി റഷ്യയുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷം അന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മേധാവിയായിരുന്ന ഡോ. കലാമും റഷ്യയുടെ ഉപപ്രതിരോധ മന്ത്രി എന്‍.വി. മിഖായ്‌ലോവും ചേര്‍ന്ന് 1998 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ വെച്ച് ഒരു അന്താരാഷ്ട്ര ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഈ ഉടമ്പടിയാണ് ഡിആര്‍ഡിഒയും റഷ്യയുടെ മിലിട്ടറി ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യമായ റോക്കറ്റ് ഡിസൈന്‍ ബ്യൂറോ, എന്‍.പി.ഒ. മാഷിനോസ്ട്രയേനിയ (NPOM) തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. അതീവ കൃത്യതയുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ ഡിസൈന്‍ ചെയ്യാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ബ്രഹ്മോസ് എയ്റോസ്പേസ് സ്ഥാപിതമാവുന്നത്. ന്യൂഡല്‍ഹിയാണ് ബ്രഹ്മോസിന്റെ ആസ്ഥാനം. ഹൈദരാബാദിലും തിരുവനന്തപുരത്തും ഉപകേന്ദ്രങ്ങളുണ്ട്. ബ്രഹ്മോസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.എ ശിവതാണു പിള്ളയാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ സ്ഥാപക എംഡിയും സിഇഒയും. ഐഎസ്ആര്‍ഒയിലും ഡിആര്‍ഡിഒയിലുമായി 50 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ഡോ.ശിവതാണു പിള്ളയ്ക്ക്. അഗ്നി, പൃഥ്വി, നാഗ് തുടങ്ങിയ മിസൈലുകള്‍ യാഥാര്‍ഥ്യമാക്കിയതിന് പിന്നിലും ശിവതാണു പിള്ളയുടെ ടീം മാനേജ്‌മെന്റും കഴിവും അനുഭവസമ്പത്തുമാണുള്ളത്. 

ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടേയും റഷ്യയിലെ മോസ്‌ക്‌വ നദയുടെയും പേരുകളില്‍ നിന്നാണ് ബ്രഹ്മോസ് എന്ന പേരുണ്ടാവുന്നത്. രണ്ട് രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ ഇന്ത്യയ്ക്ക് 50.5 ശതമാനം ഓഹരിയും റഷ്യയ്ക്ക് 49.5 ശതമാനം ഓഹരിയുമാണുള്ളത്. മിസൈലിന്റെ ആദ്യത്തെ വിജയകരമായ പരീക്ഷണം 2001 ജൂണ്‍ 12-ന്, ഒഡിഷയിലെ ചാന്ദിപ്പൂര്‍ തീരത്തിന് സമീപമുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത കരയധിഷ്ഠിത ലോഞ്ചറില്‍ നിന്നാണ് നടന്നത്. 

placeholder
ബ്രഹ്മോസ് മിസൈലിന്റെ പ്രദർശനം | Getty Images

ബ്രഹ്മോസ്; ഫയര്‍ ആന്റ് ഫോര്‍ഗെറ്റ് മിസൈല്‍

സോളിഡ് പ്രൊപ്പെല്ലന്റ് ബൂസ്റ്റര്‍ എഞ്ചിനുള്ള മിസൈല്‍ ആണ് ബ്രഹ്മോസ്. രണ്ട് ഘട്ടങ്ങളിലായാണ് ഇതിന്റെ പ്രവര്‍ത്തനം. മിസൈലിനെ ശബ്ദത്തിന്റെ വേഗതയേക്കാള്‍ കൂടിയ സൂപ്പര്‍ സോണിക് സ്പീഡില്‍ ലോഞ്ചറില്‍ നിന്ന് വേര്‍പ്പെടുത്തുന്നതാണ് ആദ്യ ഘട്ടം. ലിക്വിഡ് റാം ജെറ്റിന്റെ പ്രവര്‍ത്തനത്തോടെ മിസൈലിനെ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിലേക്ക് മുന്നോട്ട് നയിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഒരു ജെറ്റ് എഞ്ചിനാണ് ലിക്വിഡ് റാംജെറ്റ്. വിക്ഷേപണത്തിന് ശേഷം നിയന്ത്രണങ്ങളോ നിര്‍ദേശങ്ങളോ ആവശ്യമില്ലാത്ത നിയന്ത്രിത ആയുധമാണ് ബ്രഹ്മോസ് മിസൈലുകള്‍. അതുകൊണ്ടാണ് ഇവയെ ഫയര്‍ ആന്റ് ഫോര്‍ഗെറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ബ്രഹ്മോസിന് സ്‌റ്റെല്‍ത്ത് അഥവാ റഡാര്‍ സിഗ്നലുകളില്‍ നിന്ന് മറഞ്ഞിരിക്കാനുള്ള കഴിവ് നല്‍കുന്നത് ഒതുക്കമുള്ള ഡിസൈനും അത് നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പ്രത്യേകതയുമാണ്. ലോ റഡാര്‍ ക്രോസ് സെക്ഷന്‍ (ആര്‍.സി.എസ്) ശേഷിയുള്ള വസ്തുക്കള്‍ ശത്രുക്കളുടെ റഡാര്‍, ഇന്‍ഫ്രാറെഡ്, സോണാര്‍ തുടങ്ങിയ സെന്‍സറുകളില്‍ കണ്ടെത്താതിരിക്കാന്‍ ബ്രഹ്മോസിനെ സഹായിക്കുന്നു. 15 കിലോമീറ്റര്‍ വരെ മുകളിലേക്കും ലക്ഷ്യത്തിന് പത്ത് മീറ്റര്‍ വരെ താഴേക്കും എത്താനുള്ള ശേഷി ഇതിനുണ്ട്. സ്റ്റാന്‍ഡ് ഓഫ് റേഞ്ച് വെപ്പണ്‍ എന്ന വിഭാഗത്തിലാണ് ബ്രഹ്മോസ് പോലുള്ള ക്രൂയിസ് മിസൈലുകള്‍ അറിയപ്പെടുന്നത്. അറ്റാക്കറിന് (മിസൈല്‍ അയക്കുന്നയാള്‍) എതിരാളിയുടെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നതിന് ആവശ്യമുള്ള ദൂരത്തില്‍ നിന്നാണ് ഇവ വിക്ഷേപിക്കപ്പെടുക. ലോകത്തിലെ ഒട്ടുമിക്ക സൈനികശക്തികളുടേയും പക്കല്‍ ക്രൂയിസ് മിസൈലുകളുടെ ശേഖരമുണ്ട്. 

വിപുലീകരിച്ച് ബ്രഹ്മോസ് 

2.8-3 മാക് ആണ് ബ്രഹ്മോസ് മിസൈലിന്റെ വേഗത. ശബ്ദത്തിന്റെ വേഗതയുമായി താരതമ്യപ്പെടുത്തി ഒരു വസ്തുവിന്റെ വേഗതയെ സൂചിപ്പിക്കാനാണ് മാക് എന്ന യൂണിറ്റ് ഉപയോഗിക്കുന്നത്. 290 കിലോമീറ്ററായിരുന്നു പരീക്ഷണസമയത്ത് ബ്രഹ്മോസിന്റെ ദൂരപരിധി. എന്നാല്‍ മിസൈലിന്റെ വിപുലീകരിച്ച പതിപ്പുകളില്‍ ഇത് 350 മുതല്‍ 400 കിലോമീറ്റര്‍ വരെയാണ്. 800 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഹൈപ്പര്‍സോണിക്, അഥവാ ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകളുടെ വിപുലീകരണം പദ്ധതിയിലുണ്ട്. സബ്‌സോണിക് ക്രൂയിസ് മിസൈലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രഹ്മോസിന് മൂന്നിരട്ടി വേഗതയും 2.5 ഇരട്ടി ഫ്‌ളൈറ്റ് ദൂരപരിധിയും ഉയര്‍ന്ന സീക്കര്‍ ദൂരപരിധിയും ഉണ്ട്. ഇത് ഉയര്‍ന്ന കൃത്യതയ്ക്കും ഒമ്പതിരട്ടി കൂടുതല്‍ കൈനറ്റിക് എനര്‍ജിക്കും കാരണമാകുന്നു. 300 കിലോയോളം സ്‌ഫോടകവസ്തു വഹിക്കാന്‍ ശേഷിയുണ്ട്.

കരയില്‍ നിന്നും ആകാശത്ത് നിന്നും കപ്പലില്‍ നിന്നുമൊക്കെ ഈ മിസൈല്‍ പ്രയോഗിക്കാന്‍ കഴിയും. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാണിത്. കപ്പലില്‍ നിന്ന് കപ്പലിലേക്ക് തൊടുക്കാവുന്ന രീതിയിലാണ് ആദ്യം ബ്രഹ്മോസ് നിര്‍മിച്ചതെങ്കിലും പിന്നീട് കരയില്‍ നിന്നും ആകാശത്ത് നിന്നും വിടാവുന്ന തരത്തിലുള്ള മിസൈലുകള്‍ വികസിപ്പിച്ചു. അന്തര്‍വാഹിനി, യുദ്ധക്കപ്പല്‍, പോര്‍വിമാനം, മൊബൈല്‍ ലോഞ്ചര്‍ എന്നിവിടങ്ങളില്‍ നിന്ന് തൊടുക്കാം അത്തരം മിസൈലുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്. മൂന്ന് സെക്കന്‍ഡിന്റെ ഇടവേളകളിലാണ് ബ്രഹ്മോസ് മിസൈലുകള്‍ തൊടുക്കാന്‍ പറ്റുക. ഒരേസമയം വ്യത്യസ്ത ദിശകളിലേക്ക് കൃത്യമായി അയക്കാനും കഴിയും.

placeholder
ബ്രഹ്മോസിന്റെ വിവിധി പ്ലാറ്റ്ഫോമുകൾ | Photo: Brahmos Aerospace 

ബ്രഹ്മോസില്‍ പരീക്ഷണങ്ങള്‍ തുടരുന്നു

2001ല്‍ ചാന്ദിപ്പൂരിലെ പരീക്ഷണത്തിനുശേഷം ബ്രഹ്മോസ് ഇന്ത്യന്‍ നാവിക സേനയ്ക്ക് കൈമാറുന്നത് 2005ലാണ്. കരസേന 2007ലും 2017ല്‍ വ്യോമസേനയും ബ്രഹ്മോസ് സ്വന്തമാക്കി. വ്യോമസേനയുടെ സുഖോയ് 30 എംകെഐ ഫൈറ്റര്‍ വിമാനത്തിലാണ് വ്യോമസേന ആദ്യമായി ബ്രഹ്മോസുമായി പരീക്ഷണപ്പറക്കല്‍ നടത്തിയത്. കര, വ്യോമം, കടല്‍, അന്തര്‍വാഹിനി എന്നിങ്ങനെയാണ് ബ്രഹ്മോസ് മിസൈലിന്റെ വിശാലമായ വിഭാഗങ്ങള്‍. എങ്കിലും കൂടുതല്‍ ദൂരപരിധിയുള്ളതും സെന്‍സറിങ് ശേഷിയുള്ളതുമായ നിരവധി പതിപ്പുകള്‍ ഡിആര്‍ഡിഒ ഇതിനോടകം വികസിപ്പിച്ചുകഴിഞ്ഞു. 

  • കപ്പല്‍ അധിഷ്ഠിത ബ്രഹ്മോസ്

നിശ്ചലമോ ചലിച്ചുകൊണ്ടിരിക്കുന്നതോ ആയ ഏത് നാവിക പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കുന്നവയാണ് ഇവ. ഇത് കടലില്‍ നിന്ന് കടലിലേക്കും കടലില്‍ നിന്ന് കരയിലേക്കുമുള്ള രീതികളില്‍ പലതവണ വിജയകരമായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കപ്പലുകളില്‍ നിന്ന് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ രണ്ടര സെക്കന്‍ഡ് ഇടവേളകളില്‍ എട്ടെണ്ണം വരെയേ വിക്ഷേപിക്കാം. ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുള്ള യുദ്ധക്കപ്പലുകളെ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. ദീര്‍ഘദൂര ലക്ഷ്യങ്ങളേയും ഇവ ഫലപ്രദമായി നേരിടും. ഐഎന്‍എസ് രജ്പുതില്‍ നിന്നാണ് ആദ്യമായി ബ്രഹ്മോസ് വിജയകരമായി വിക്ഷേപിച്ചത്. 

  • കര അധിഷ്ഠിത സംവിധാനം

ബ്രഹ്മോസിന്റെ കരയാക്രമണ പതിപ്പ് 2007ലാണ് ഇന്ത്യന്‍ കരസേനയില്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. നാല് മുതല്‍ ആറ് വരെ മൊബൈല്‍ ഓട്ടോണമസ് ലോഞ്ചറുകളാണ് കരയധിഷ്ഠിത ബ്രഹ്മോസിലുള്ളത്. ഓരോ ലോഞ്ചറിലും മൂന്ന് മിസൈലുകള്‍ വീതമാണുണ്ടാവുക. ഒരേ സമയം മൂന്ന് വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് വിവിധ കോണ്‍ഫിഗറേഷനുകളില്‍ ഈ മിസൈലുകള്‍ തൊടുക്കാന്‍ സാധിക്കും. ഇന്ത്യയുടെ കര അതിര്‍ത്തികളിലുടനീളം ബ്രഹ്മോസ് സംവിധാനങ്ങളുടെ ഒന്നിലധികം യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. 2.8 മാക്ക് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസിന്റെ കരയാക്രമണ പതിപ്പ്. 400 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ കൃത്യതയോടെ അതിന് ലക്ഷ്യങ്ങളെ ഭേദിക്കാന്‍ സാധിക്കും. 1,000 കിലോമീറ്ററിന് മുകളില്‍ ദൂരപരിധിയുള്ളതും 5 മാക്ക് വരെ വേഗതയുള്ളതുമായ നൂതന പതിപ്പുകളുടെ വികസനം നടന്നുകൊണ്ടിരിക്കുകയാണ്. 

ബ്രഹ്മോസിന്റെ ഗ്രൗണ്ട് പതിപ്പില്‍ ആണവ, ജൈവ, രാസ (NBC) സംരക്ഷണത്തോടെയുള്ള ഒരു എയര്‍ കണ്ടീഷന്‍ ചെയ്ത കാബിന്‍ സജ്ജീകരിച്ചിരിക്കുന്നുണ്ട്. മിസൈലുകള്‍ മൂന്ന് വ്യത്യസ്ത കോണ്‍ഫിഗറേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. കൃത്യതയോടെ ലക്ഷ്യം ഭേദിക്കാനുള്ള ശേഷിയുള്ള ബ്ലോക്ക് I, ലക്ഷ്യങ്ങളെ തിരിച്ചറിയാനുള്ള ശേഷിയുള്ള സൂപ്പര്‍സോണിക് ഡീപ്-ഡൈവ്, പര്‍വതയുദ്ധത്തിന് ശേഷിയുള്ള ബ്ലോക്ക് III എന്നിവയാണവ. 

  • വ്യോമാധിഷ്ഠിത സംവിധാനം

ഇന്ത്യയുടെ മുന്‍നിര യുദ്ധവിമാനമായ സുഖോയ്-30 MKI-ല്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഭാരമേറിയ മിസൈല്‍ ആണ് ബ്രഹ്മോസ് എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈല്‍ (ALCM). 2017 നവംബറില്‍ ആണ് സുഖോയിയില്‍ നിന്ന് ആദ്യമായി ബ്രഹ്മോസ് വിക്ഷേപിച്ച് പരീക്ഷണം നടത്തിയത്. 2019-ല്‍ ആണ് രാത്രിയിലും പകലിലും എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിപ്പിക്കാവുന്ന, കര, നാവിക ആക്രമണങ്ങള്‍ നടത്താനുള്ള വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയത്. ഒരു തവണ ഇന്ധനം നിറച്ചാല്‍ തുടര്‍ച്ചയായി 1500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള, ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ് വിമാനങ്ങള്‍ കരയിലെന്ന പോലെ ആകാശത്തും കടലിലും ഇന്ത്യയുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. 

  • അന്തര്‍വാഹിനി അധിഷ്ഠിതം

ജലോപരിതലത്തില്‍ നിന്ന് 50 മീറ്റര്‍ അടിയില്‍ നിന്നുവരെ പ്രയോഗിക്കാന്‍ കഴിയുന്നതാണ് ഈ സംവിധാനം. 2013 മാര്‍ച്ചിലാണ് ഇത് ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. വിശാഖപട്ടണത്തായിരുന്നു പരീക്ഷണം. അന്തര്‍വാഹിനിക്കുള്ളില്‍ കണ്ടെയ്‌നറുകള്‍ക്കുള്ളിലാണ് ഇവ സൂക്ഷിക്കുക. വെള്ളത്തിനടിയില്‍ നിന്ന് ലംബമായി വിക്ഷേപിക്കാന്‍ കഴിയുന്നവയാണിത്. 

  • ഭാവി തലമുറ ബ്രഹ്മോസ്

ബ്രഹ്മോസിന്റെ അടുത്ത തലമുറ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. കുറഞ്ഞ ഭാരവും അതീവ സ്റ്റെല്‍ത്ത് സവിശേഷതകളുമുള്ളതും സൂപ്പര്‍സോണിക്കിനും മുകളിലായിരിക്കും ഭാവി തലമുറ ബ്രഹ്മോസ്. കൂടുതല്‍ ഫലപ്രാപ്തി, സംഭരണശേഷി, ദൂരപരിധി തുടങ്ങിയ സവിശേഷതകളോടെയാവും ഇത് സജ്ജമാവുക. 

ബ്രഹ്മോസിനായി ലോകരാജ്യങ്ങള്‍

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലില്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്. ബ്രഹ്മോസ് വാങ്ങുന്നതിന് ബ്രസീലും സിംഗപ്പൂരും അടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തോടെ തദ്ദേശീയമായി നിര്‍മിച്ച യുദ്ധോപകരണങ്ങളുടെ ശക്തി ലോകത്തിനുമുന്നില്‍ വ്യക്തമായതായാണ് വിലയിരുത്തല്‍. ബ്രഹ്മോസിന് വേണ്ടി ഇൻഡൊനീഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചുവെന്ന് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നിലവില്‍ ബ്രഹ്മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത് ഫിലിപ്പീന്‍സ് ആണ്. 2022-ല്‍ 375 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീന്‍സ് ഒപ്പുവെച്ചത്. തുടര്‍ന്ന് 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകള്‍ കൈമാറിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്സിന് (ഫിലിപ്പീന്‍സ് നാവികസേന) കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്. 

ഇന്ത്യയുടെ സമീപകാലത്തെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം വലിയ നേട്ടങ്ങളിലൊന്നാണ്. പാകിസ്താനിലെ ഭീകരതാവളങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയതില്‍ കൃത്യമായ ആസൂത്രണവും അളന്നുമുറിച്ചുള്ള ആക്രമണശൈലിക്കുമൊപ്പം തദ്ദേശീയ പ്രതിരോധ ആയുധങ്ങളും പ്രധാന പങ്കുവഹിച്ചു. ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ കരുത്ത് ലോകരാജ്യങ്ങള്‍ തിരിച്ചറിയാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.

placeholder
അഗ്നി 5 മിസൈലിന്റെ വിക്ഷേപണം | Photo: Getty Images

കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി

ഒരു പതിറ്റാണ്ടിനിടയില്‍ 34 മടങ്ങ് വര്‍ധിച്ചതോടെ പ്രതിരോധ കയറ്റുമതിരംഗത്ത് ഇന്ത്യയ്ക്ക് വന്‍കുതിപ്പാണുണ്ടായിരിക്കുന്നത്. 2013-14ല്‍ 686 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തതെങ്കില്‍ 2024-25ല്‍ ഇത് 23,622 കോടിയിലെത്തി. അമേരിക്ക, ഫ്രാന്‍സ്, അര്‍മേനിയ എന്നിവയടക്കം 100-ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ കയറ്റുമതി. 2029-ല്‍ 50,000 കോടിയുടെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖല വഴിയുള്ള കയറ്റുമതി 15,233 കോടിയുടേതാണ്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ളത് 8389 കോടിയുടേതും. പൊതുമേഖലാസ്ഥാപനങ്ങള്‍ വഴിയുള്ള കയറ്റുമതിയില്‍ മാത്രം 42.85 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായാണ് മന്ത്രാലയത്തിന്റെ കണക്കുകൾ. 

പ്രതിരോധമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തിലും വര്‍ധനയുണ്ട്. 2013-14ല്‍ 2.53 ലക്ഷം കോടിയായിരുന്നത് 2025-26ല്‍ 6.81 ലക്ഷം കോടിയായി ഉയര്‍ന്നു. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍, ആകാശ് സര്‍ഫസ് ടു എയര്‍ മിസൈല്‍ എന്നിവയടക്കം ഇന്ത്യ 2024-ല്‍ കയറ്റുമതി ചെയ്തവയിലുള്‍പ്പെടും. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ബ്രഹ്മോസ് ക്രൂസ് മിസൈലില്‍ താത്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ആയുധസമ്പത്തില്‍ ഇന്ത്യ

മെയ് പത്തിന് പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ബ്രഹ്മോസിന് അതിനൂതനമായ ഹാമ്മര്‍ (Highly Agile Modular Munition Extended Range), സ്‌കാല്‍പ് തുടങ്ങിയ ക്രൂസ് മിസൈലുകളും ഇന്ത്യ പ്രയോഗിച്ചിരുന്നു. പാകിസ്താന്റെ കൈവശമുള്ളതിനെക്കാള്‍ ദൂരപരിധി കൂടുതലുള്ള മിസൈലുകളുള്ളത് ഇന്ത്യയ്ക്ക്. ഇതില്‍ ഏറ്റവും പ്രധാനം അഗ്‌നി മിസൈലുകളാണ്. അഗ്നിക്ക് 5000 കിലോമീറ്ററിലധികം ദൂരെ പറന്ന് പ്രഹരിക്കാനാവും.ഏഷ്യക്ക് പുറമേ യൂറോപ്പിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിലേക്കുവരെ ഇതു പായിക്കാം. അതേസമയം പാകിസ്താന്റെ പക്കലുള്ള ഷഹീന്‍-3 മിസൈലുകള്‍ക്ക് പരമാവധി ദൂരപരിധി 2750 കിലോമീറ്റര്‍വരെയാണ്. ഉള്‍പ്രദേശങ്ങളില്‍വരെ കടന്നുചെന്ന് പ്രഹരിക്കാനാവും.

അഗ്‌നി-1, അഗ്‌നി-2, അഗ്‌നി-3 തുടങ്ങിയ ഹ്രസ്വദൂര മിസൈലുകളും ചില്ലറക്കാരല്ല. പാകിസ്താനിലാകെ സഞ്ചരിച്ച് പ്രഹരിക്കാനുള്ള ശേഷി ഇതിനുണ്ട്. പ്രഹാര്‍, പൃഥ്വി-2, ബ്രഹ്മോസ് മിസൈലുകള്‍ യുദ്ധമുഖത്ത് പ്രയോഗിക്കാന്‍ പര്യാപ്തമാണ്. പ്രഹാര്‍  (150കി.മീ), പൃഥ്വി 2 -(250 കി.മീ),കെ15 -(700 കി.മീ.), അഗ്‌നി 1 - 700 കി.മീ., നിര്‍ഭയ് - 1000 കി.മീ., അഗ്‌നി 2 - 2000 കി.മീ., അഗ്‌നി 3 - 3000 കി.മീ., അഗ്‌നി 4 - 3500 കി.മീ., കെ 4 - 3500 കി.മീ.,അഗ്‌നി 5 - 5000 കി.മീ. എന്നിവയാണ് ഇന്ത്യയുടെ പ്രധാന മിസൈല്‍ ശേഖരങ്ങള്‍.

References