
ലങ്ക ചുവന്നു! സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ശ്രീലങ്കയെ ഇനി അനുര കുമാര ദിസനായകെ (Anura Kumara Dissanayake) നയിക്കും. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായി ആദ്യഘട്ടത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ആദ്യഘത്തില്‍ മാര്‍ക്‌സിസ്റ്റ് കക്ഷിയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍.പി.പി.) സ്ഥാനാര്‍ഥിയായ ദിസനായകെ 42.31 ശതമാനം വോട്ടുനേടി ഒന്നാമത് എത്തി. പ്രതിപക്ഷനേതാവും സമാഗി ജന ബലവേഗയ(Samagi Jana Balawegaya)യുടെ (എസ്.ജെ.ബി.) സ്ഥാനാര്‍ഥിയുമായ സജിത്ത് പ്രേമദാസ 32.8 ശതമാനം വോട്ടോടെ രണ്ടാമതും നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ 17.27 ശതമാനം വോട്ട് നേടി മൂന്നാമതും എത്തി. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകനും ശ്രീലങ്ക പൊതുജന പെരുമുനയുടെ സ്ഥാനാര്‍ഥിയുമായ നമല്‍ രാജപക്സെയ്ക്ക് വെറും 2.57 ശതമാനം വോട്ടാണ് ലഭിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം പരിഗണനാ വോട്ടെണ്ണണമെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതു പ്രകാരമാണ് ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
2022-ല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്റ് ഗോതാബയ രാജപക്സെ നാടുവിടുകയും ചെയ്തശേഷം ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. 'എ.കെ.ഡി' എന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും വിളിക്കുന്ന അനുര കുമാര ദിസനായകെ അന്ന് ജനകീയ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.ബഹുജനപ്രക്ഷോഭവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൊളംബോ ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും നികുതി കുറയ്ക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവും ജനങ്ങളെ ആകര്‍ഷിച്ചു. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക പരിപാടിയുടെ നിബന്ധനകള്‍ മാറ്റം വരുത്തുമെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുമെന്നുമാണ് ദിസനായകയെ വാഗ്ദാനം ചെയ്തത്. ലങ്കയില്‍ വന്‍ പൊളിച്ചെഴുത്ത് നടപ്പാക്കുമെന്ന് പറയുമ്പോഴും ചൈനീസ് അനുകൂലപാര്‍ട്ടിയായ ജനത വിമുക്തി പെരുമുന അധികാരത്തില്‍ വരുന്നത് ഇന്ത്യയ്ക്ക് അത്രഗുണകരമായേക്കില്ല. ആരാണ് അനുര കുമാര ദിസനായകെ? എങ്ങനെയാണ് അദ്ദേഹം ലങ്കന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്നത്?

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടക്കം
ശ്രീലങ്കയിലെ വടക്കന്‍-മധ്യ പ്രവിശ്യയിലെ അനുരാധപുര ജില്ലയിലെ തംബുട്ടെഗാമ (Thambuthegama) ഗ്രാമത്തില്‍ ഒരു സാധാരണകുടുംബത്തില്‍ 1968 നവംബര്‍ 24-നാണ് അനുര കുമാര ദിസനായകെ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സര്‍ക്കാര്‍ സര്‍വേ വകുപ്പ് ഓഫീസില്‍ സഹായിയും മതാവ് ഒരു സാധാരണ വീട്ടമ്മയുമായിരുന്നു. അക്കാലത്തെ ശ്രീലങ്കിയിലെ ഏതൊരു സാധാരണകുടുംബത്തിന്റേയും പോലെ മോശപ്പെട്ട സാഹചര്യം തന്നെയായിരുന്നു കുടുംബത്തിലും. അതിനാല്‍ തന്നെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാല്യം. തമ്പുതേഗമ ഗാമിനി മഹാവിദ്യാലയ(Gamini Maha Vidyalaya)ത്തിലും തമ്പുതേഗമ സെന്‍ട്രല്‍ കോളേജിലുമായാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് പെരഡേനിയ(Peradeniya) സര്‍വകലാശാലയില്‍ ചേര്‍ന്നു. തമ്പുതേഗമ സെന്‍ട്രല്‍ കോളേജില്‍ നിന്ന് യൂണിവേഴ്‌സിറ്റി പ്രവേശനം നേടുന്ന ആദ്യ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. പെരഡേനിയ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ അദ്ദേഹം ഏതാനും മാസങ്ങള്‍ക്കുശേഷം ഭീഷണിയെത്തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം സര്‍വകലാശാല വിട്ടു. തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം 1992-ല്‍ അദ്ദേഹം കെലനിയ(Kelaniya) സര്‍വകലാശാലയിലേക്ക് മാറുകയും ഫിസിക്കല്‍ സയന്‍സില്‍ ബിരുദം നേടുകയും ചെയ്തു.
ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിച്ചിരുന്ന ദിസനായകെ സ്‌കൂള്‍ കാലം മുതല്‍ തന്നെ ജനതാ വിമുക്തി പെരമുന (ജെ.വി.പി.)യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം 1987-1989 കാലഘട്ടത്തിലെ സര്‍ക്കാര്‍ വിരുദ്ധ ജെ.വി.പി. കലാപകാലഘട്ടം മുതലാണ് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്. ജെ.ആര്‍. ജയവര്‍ദ്ധനെയുടെയും ആര്‍.പ്രേമദാസയുടെയും ഭരണത്തിനെതിരേ സായുധ കലാപത്തിന് ജെ.വി.പി നേതൃത്വം നല്‍കി. സാമ്രാജ്യത്വ-മുതലാളിത്ത ഭരണത്തിനെതിരായ പ്രതിഷേധം എന്നാണ് ഇതിനെ പാര്‍ട്ടി വിശേഷിപ്പിച്ചത്. ശ്രീലങ്കയുടെ രക്തരൂക്ഷിതമായ കാലഘട്ടങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നവരുണ്ട്. വ്യാപകമായ കൊലപാതകങ്ങളും രാഷ്ട്രീയ വകവരുത്തലുകളും അക്രമങ്ങളും അന്ന് പതിവായിരുന്നു. കലാപകാരികളെ അതിക്രൂരമായി കൊന്നൊടുക്കിയാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത്. ജനതാ വിമുക്തി പെരമുന സ്ഥാപകന്‍ രോഹണ വിജേവീര ഉള്‍പ്പെടെ 60,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിസനായകെ ജ്യേഷ്ഠനെപ്പോലെ കരുതിയിരുന്ന ഒരു ബന്ധു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 1988-ലെ സായുധ കലാപത്തിനെതിരായ പ്രേമദാസ ഗവണ്‍മെന്റിന്റെ നടപടികള്‍ക്കിടെ അയാൾ കൊല്ലപ്പെട്ടു. ദിസനായക്ക് അന്ന് 20 വയസ്സായിരുന്നു. അടുത്ത വര്‍ഷം തംബുട്ടെഗാമ ഗ്രാമത്തിലെ തന്റെ വീട് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ കത്തിയെരിയുന്നതിനും അദ്ദേഹത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. 'ഭരണകൂട ഭീകരത'യുടെ നേരിട്ടുള്ള ഈ അനുഭവമാണ് ജെ.വി.പിയില്‍ ചേരാനും അതില്‍ തുടരാനുമുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ മാതാപിതാക്കള്‍ ഒരിക്കലും സന്തോഷിച്ചിരുന്നില്ലെന്നാണ് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ ദിസനായകെ പറഞ്ഞത്. മാതാപിതാക്കള്‍ എപ്പോഴും സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിച്ചു. എന്നാല്‍, രാഷ്ട്രീയത്തിലിറങ്ങിയ ശേഷം പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു തന്റെ തീരുമാനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ദിസനായകെയുടെ രാഷ്ട്രീയ ജീവിതം
അറുപതുകളില്‍ രൂപംകൊണ്ട ജെ.വി.പിയുടെ രാഷ്ട്രീയ സ്വഭാവത്തില്‍ 1980-കളുടെ അവസാനം മുതല്‍ വലിയ മാറ്റം വന്നു. എഴുപതുകളില്‍ മുതലാളിത്തത്തെ അട്ടിമറിക്കാനും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സ്ഥിതി പരിവര്‍ത്തനം ചെയ്യാനും ലക്ഷ്യമിട്ടുള്ള സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് സ്വഭാവം ജെ.വി.പിക്ക് ഉണ്ടായിരുന്നു. എന്നാല്‍ 1980-കളോടെ പാര്‍ട്ടി കൂടുതല്‍ സിംഹള-ദേശീയതയിലേക്ക് നീങ്ങി. സ്വയം ഭരണത്തിനായുള്ള തമിഴ് രാഷ്ട്രീയ അവകാശവാദങ്ങളെയും വംശീയ സംഘര്‍ഷത്തിലെ ഇന്ത്യയുടെ മധ്യസ്ഥതയേയും പാര്‍ട്ടി ശക്തമായി എതിര്‍ത്തു. പിന്നാലെ ജയവര്‍ധനയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സർക്കാർ ജെ.വി.പിയെ നിരോധിച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷമാണ് നിരോധനം നീക്കുന്നത്. സോമവന്‍സ അമരസിംഗയുടെ കീഴില്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വീണ്ടും പ്രവേശിച്ച ജെ.വി.പി 1994-ലെ ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചന്ദ്രിക കുമാരതുംഗയെ പിന്തുണച്ചു. പക്ഷേ, വൈകാതെ കുമാരനതുംഗ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരായി. പുതിയ നേതൃത്തം വരികയും പാര്‍ലമെന്റില്‍ സാന്നിധ്യമറിയിക്കുകയും ചെയ്തതോടെ ജെവിപിയുടെ ഗതി മാറി. ഇതോടെ ദിസനായകെ പാര്‍ട്ടിയുടെ ഭാഗമായി യുവജന രാഷ്ട്രീയത്തില്‍ ഇടപെടല്‍ ശക്തമായി.
ദിസനായകെ 1995-ല്‍ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ദേശീയ സംഘാടകനായി. അതേ വര്‍ഷം തന്നെ ജെ.വി.പിയുടെ കേന്ദ്ര പ്രവര്‍ത്തക സമിതിയില്‍ നിയമിതനായി. മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയില്‍ അംഗമായി. 2000-ലാണ് അദ്ദേഹം പാര്‍ലമെന്റ് അംഗമാകുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ നാമനിര്‍ദേശം വഴിയാണ് അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്. പാര്‍ലമെന്റ് പിരിച്ചുവിട്ടതിനേ തുടര്‍ന്ന് നടന്ന 2001-ലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വീണ്ടും എംപിയായി. 2004-ല്‍ ജെ.വി.പി ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്.എല്‍.എഫ്.പി)യുമായി സഖ്യമുണ്ടാക്കി. 2004-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ (യുപിഎഫ്എ) ഭാഗമായി മത്സരിക്കുകയും പാര്‍ലമെന്റില്‍ 39 സീറ്റുകള്‍ നേടുകയും ചെയ്തു. കുരുനാഗല( Kurunegala) ജില്ലയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭയിലെത്തി. എസ്.എല്‍.എഫ്.പി-ജെ.വി.പി. സര്‍ക്കാരില്‍ കൃഷി, കന്നുകാലി, ഭൂമി, ജലസേചന വകുപ്പ് മന്ത്രിയായി പ്രസിഡന്റ് കുമാരനതുംഗ അദ്ദേഹത്തെ നിയമിച്ചു. 2005 ജൂണ്‍ 16-ന് അദ്ദേഹം തന്റെ മന്ത്രിസ്ഥാനം രാജിവച്ചു. യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സില്‍ നിന്ന് പുറത്തുപോകാനുള്ള ജെ.വി.പി. നേതാവ് അമേരസിംഗയുടെ തീരുമാനത്തെത്തുടര്‍ന്നായിരുന്നു രാജി.
സോമവന്‍സ അമരസിംഗ സ്ഥാനം ഒഴിഞ്ഞതിനേത്തുടര്‍ന്ന് 2014-ല്‍ ദിസനായകെ ജെ.വി.പിയുടെ നേതൃത്വം ഏറ്റെടുത്തു. 2014 ഫെബ്രുവരി രണ്ടിന് പാര്‍ട്ടിയുടെ 17-ാമത് ദേശീയ കണ്‍വെന്‍ഷനിലാണ് സോമവന്‍സയുടെ പിന്‍ഗാമിയായി അദ്ദേഹം നിയമിതനാകുന്നത്. പിന്നാലെ, ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുടെ മുന്‍കാല കുറ്റകൃത്യങ്ങള്‍ക്ക് അദ്ദേഹം ക്ഷമാപണം നടത്തി. ജെ.വി.പി. ശ്രീലങ്കയില്‍ അഴിച്ചുവിട്ട അക്രമത്തിന് മാപ്പ് പറയുന്നത് ഇതാദ്യമായിരുന്നു. 2015 സെപ്റ്റംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെ പ്രതിപക്ഷ ചീഫ് വിപ്പായി പ്രവര്‍ത്തിച്ചു. 2019-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജെ.വി.പിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും 418,553 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 2020-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊളമ്പോ ജില്ലയില്‍നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ രാജിയെത്തുടര്‍ന്ന് 2022 ജൂലൈ 20-ന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ രഹസ്യ ബാലറ്റിലൂടെ നടന്ന പരോക്ഷ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു. 2024-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും എന്‍.പി.പി. സ്ഥാനാര്‍ഥിയായി.

പ്രസിഡന്റ് പദവിയിലേക്ക് ദിസനായകെ
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് ഇത്തവണ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ദിസനായകെ വലിയ ശ്രമം നടത്തി. അഴിമതിയെ നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം വഴി രാജ്യത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവര്‍ത്തിച്ചുള്ള ഭരണ പരാജയത്താല്‍ ജനം തളര്‍ന്നിരിക്കുന്നു എന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞത്. 'ക്രമസമാധാന തകര്‍ച്ച ജനങ്ങളെ കുറ്റകൃത്യങ്ങളിലേക്ക് കൊണ്ടെത്തിച്ചു. സമ്പദ് വ്യസ്ഥയുടെ തകര്‍ച്ച വലിയ വിഭാഗത്തെ തകര്‍ത്തുകളഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ നിര്‍ണായക മേഖലകള്‍ വഷളായിരിക്കുന്നു. ആളുകള്‍ അവരുടെ നിസ്സഹായതയില്‍ നിന്നും മോചിതരാകാന്‍ ആഗ്രഹിക്കുന്നു. മാറ്റത്തിനായുള്ള ഈ ആഗ്രഹമാണ് അവരെ നമ്മിലേക്ക് ആകര്‍ഷിക്കുന്നത്.'- തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് തെറ്റിയില്ല. വലിയ വിഭാഗം ജനങ്ങള്‍, പ്രത്യേകിച്ച് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തൊഴിലാളിവര്‍ഗം എന്നിവരിലേക്ക് കടന്നുചെല്ലാന്‍ ദിസനായകെയ്ക്ക് കഴിഞ്ഞുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
അഴിമതി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക പരിപാടിയുടെ നിബന്ധനകള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ശ്രീലങ്കന്‍ സര്‍ക്കാരിനും ഐ.എം.എഫിനുമെതിരായി രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. അഴിമതിയുടെ കൂത്തരങ്ങായ ഭരണകൂടങ്ങളെ രക്ഷിക്കാന്‍ മാത്രമാണ് ഐ.എം.എഫ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. നികുതികള്‍ കുറയ്ക്കുന്നത് പോലുള്ള ചില ഐ.എം.എഫ്. വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഐ.എം.എഫ്. പദ്ധതി നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവരുമായി ചർച്ചകൾ നടത്താൻ തങ്ങളെ അധികാരത്തിലെത്തിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യുമെന്നും ദിസനായകെ പറഞ്ഞു. ശ്രീലങ്കയുടെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ഒഴിവാക്കി 1978 വരെ നിലനിന്നിരുന്ന ബ്രിട്ടീഷ് ശൈലിയിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് മടങ്ങുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം.
പ്രഡിസന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവും അദ്ദേഹം വളരെ മുന്നേ ആരംഭിച്ചു. കുറ്റമറ്റ ക്രമീകരണവും വലിയ ജനക്കൂട്ടവും കൊണ്ട് അവരുടെ തിരഞ്ഞെടുപ്പ് റാലികള്‍ മറ്റ് പാര്‍ട്ടികളില്‍നിന്ന് വേറിട്ട് നിന്നു. പാര്‍ലമെന്റില്‍ ഔപചാരിക വസ്ത്രം ധരിക്കുന്ന ദിസനായകെ റാലികളില്‍ പലപ്പോഴും ജീന്‍സും ഷര്‍ട്ടുകളും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ഇത് സാധാരണക്കാരൻ എന്ന തോന്നലുണ്ടാക്കി. താഴ്ന്ന ശബ്ദത്തില്‍ ആരംഭിച്ച് മുന്‍കാല ഭരണാധികാരികള്‍ക്കെതിരെ കത്തിക്കയറുന്ന അദ്ദേഹത്തിന്റെ സംസാര ശൈലിക്ക് ആരാധകരുണ്ടായിരുന്നു. ശ്രീലങ്കൻ ജനത പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് മറ്റ് രാഷ്ട്രീയക്കാരിൽനിന്ന് വേറിട്ടതായി തോന്നിയ ഒരേയൊരാൾ ദിസനായകെ മാത്രമായിരുന്നു. 'എ.കെ.ഡി' മാത്രമായിരുന്നു അവര്‍കണ്ടു ശീലിച്ച സ്ഥിരം രാഷ്ട്രീയക്കാരില്‍നിന്ന് മാറ്റമുള്ള ഏക സ്ഥാനാര്‍ത്ഥി. എ.കെ.ഡിയെ അവര്‍ ഒരു മാറ്റത്തിന്റെ ചിഹ്നമായി കണ്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധികളും നിരാശയും കൊണ്ട് പൊറുതിമുട്ടുന്ന ലങ്കയിലെ പുതിയ തലമുറ വലിയ പ്രതീക്ഷയോടെയാണ് അദ്ദേത്തെ തിരഞ്ഞെടുത്തത്.

മുന്നിലുള്ളത് ചെറുതല്ലാത്ത വെല്ലുവിളികള്‍
അന്താരാഷ്ട്രനാണ്യനിധിയില്‍നിന്ന് കടാശ്വാസം നേടിയെടുക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഏര്‍പ്പെടുത്തിയ ആദായ നികുതികള്‍ കുറയ്ക്കുമെന്ന വാഗ്ദാനമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വലിയൊരു വിഭാഗം ശ്രീലങ്കക്കാരെ ആകര്‍ഷിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. മറ്റ് സ്ഥാനാര്‍ഥികളെ മറികടന്ന് അന്‍പത്തിയഞ്ചുകാരനായ മാർക്സിസ്റ്റ് നേതാവിനെ ജനം തിരഞ്ഞെടുത്തെങ്കിലും ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് എന്ന നിലയില്‍ ദിസനായകെയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. ശക്തരായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യു.എന്‍.പി.), ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയും (എസ്.എല്‍.എഫ്.പി) സഖ്യങ്ങളുടെ വെല്ലുവിളി പാര്‍ലമെന്റില്‍ മറികടക്കുക അദ്ദേഹത്തിന് തലവേദന സൃഷ്ടിക്കും. പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ സഖ്യത്തിന്റെ സീറ്റുനില കണക്കിലെടുക്കുമ്പോള്‍ ഇത് വലിയ വെല്ലുവിളിയാണ്. 225 അംഗ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ മാത്രമേയുള്ളൂ. മാത്രമല്ല, വിദ്യാര്‍ഥികളുടെയും തൊഴിലാളിവര്‍ഗത്തിന്റെയും പിന്തുണ ഉണ്ടെങ്കിലും റനില്‍ വിക്രമസിംഗെക്കൊപ്പം നില്‍ക്കുന്ന രാജ്യത്തെ ഉന്നതരുടെ പ്രീതി കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
പാര്‍ട്ടിയുടെ അത്ര നല്ലതല്ലാത്ത ഭൂതകാലമാണ് ദിസനായകയ്ക്കു മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ദിസനായകെയുടെ നേതൃത്വത്തില്‍ കലാപവും അക്രമവും ലങ്കയിലേക്ക് തിരിച്ചുവരുമെന്ന് ചിലര്‍ ആശങ്കപ്പെടുന്നു. അദ്ദേഹം ഒരിക്കലും വംശീയ തീവ്രവാദത്തെ പരസ്യമായി അപലപിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധവും നിര്‍ണായകമാണ്. അയല്‍രാജ്യങ്ങള്‍ ലങ്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ദിസനായകെയുടെ നയം. അതുകൊണ്ട് തന്നെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് ഇന്ത്യയും രാജ്യത്തെ തമിഴ് വംശജരുമായുള്ള ബന്ധവുമാണ്. പരമ്പരാഗതമായി ചൈനീസ് അനുകൂല പാര്‍ട്ടിയായാണ് ജെവിപിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ലങ്ക വീണ്ടും ചൈനീസ് പക്ഷത്തേക്ക് ചായാനുള്ള സാധ്യത കൂടുതലാണ്. ദിസനായകെയുടെ വാഗ്ദാനങ്ങള്‍ ശ്രീലങ്കന്‍ പൊതുജനങ്ങളില്‍ പ്രതിഫലിച്ചു. ഇനി അത് ഏത് തരത്തില്‍ നടപ്പാക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Content Highlights: sri lanka new president Anura Kumara Dissanayake
Published: 23 Sept 2024, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented