ഔദ്യോഗികമായി 'അൻസാർ അള്ളാ' (ദൈവത്തിന്റെ സഹായികൾ) എന്നറിയപ്പെടുന്ന ഹൂതികൾ (Houthis) വടക്കൻ യെമനിലെ സഅദ (Sa'ada) പ്രവിശ്യയിൽനിന്ന് ഉയർന്നുവന്ന ഒരു സായുധ രാഷ്ട്രീയ-മത പ്രസ്ഥാനമാണ്. ഇസ്ലാമിലെ ഷിയാ ധാരയിലുള്ള 'സെയ്ദി' (Zaydi) സാമ്പ്രദായിക വിശ്വാസ പ്രമാണത്തിൽനിന്നാണ് ഈ പ്രസ്ഥാനത്തിന്റെ ചിന്താധാര രൂപപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്ന സെയ്ദി സമ്പ്രദായം ആയിരം വർഷത്തിലധികം യെമന്റെ ഭരണഘടനയിലും സാമൂഹിക മണ്ഡലത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ, 1962-ൽ യെമനിൽ രാജവാഴ്ച അവസാനിച്ച് റിപ്പബ്ലിക് നിലവിൽ വന്നതോടെ സെയ്ദി ജനവിഭാഗം രാഷ്ട്രീയമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ടു. 1990-കളുടെ തുടക്കത്തിൽ സൗദി അറേബ്യയുടെ പിന്തുണയോടെ വടക്കൻ യെമനിൽ വഹാബി-സുന്നി ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടപ്പോൾ, സ്വന്തം മതപരവും സാംസ്‌കാരികവുമായ വ്യക്തിത്വം നിലനിർത്താൻ സെയ്ദി പണ്ഡിതന്മാർ രൂപം നൽകിയ പുനരുത്ഥാന പ്രസ്ഥാനമാണ് ഹൂതികളുടെ ആദ്യരൂപം. 1992-ൽ ഹുസൈൻ ബദറുദ്ദീൻ അൽ ഹൂതി, സഹോദരൻ മുഹമ്മദ് അൽ ഹൂതി എന്നിവർ ചേർന്ന് 'ഷബാബ് അൽ മുഅ്മിനീൻ' എന്ന സാംസ്‌കാരിക സംഘടന സ്ഥാപിച്ചു. പ്രാരംഭഘട്ടത്തിൽ യുവാക്കൾക്കായി വേനൽക്കാല ക്യാമ്പുകളും മതപഠന ക്ലാസുകളും സംഘടിപ്പിച്ചിരുന്ന ഈ പ്രസ്ഥാനം, വടക്കൻ യെമനിലെ പാവപ്പെട്ട ജനങ്ങൾക്ക് സാമൂഹിക സേവനങ്ങളും നൽകിപ്പോന്നു.

To advertise here,

2003-ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെയാണ് ഈ സാംസ്‌കാരിക പ്രസ്ഥാനം തീവ്ര രാഷ്ട്രീയ-സൈനിക നിലപാടുകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്. പാശ്ചാത്യ ഇടപെടലുകളെ പ്രതിരോധിക്കാനും യെമൻ ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ പോരാടാനും ഹുസൈൻ അൽ ഹൂതി ആഹ്വാനം ചെയ്തു. ഇക്കാലത്താണ് 'അല്ലാഹു അക്ബർ, അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം, ജൂതന്മാർക്ക് ശാപം, ഇസ്ലാമിന് വിജയം' എന്ന പ്രശസ്തമായ ഹൂതി മുദ്രാവാക്യം രൂപപ്പെടുന്നത്. തത്ത്വശാസ്ത്രപരമായി, ഷിയാ ആശയധാരയിലുള്ളവരാണെങ്കിലും ഇറാന്റെയും ഇറാഖിന്റെയും ഭൂരിഭാഗം വരുന്ന 'ഇത്‌നാ അശരി' ഷിയാ വിഭാഗത്തിൽനിന്ന് സെയ്ദികൾ വ്യതിരിക്തരാണ്. ദൈവത്താൽ നിയോഗിക്കപ്പെട്ട ഇമാമിൽ വിശ്വാസമർപ്പിക്കുന്ന ഷിയാക്കളിൽനിന്ന് വ്യത്യസ്തമായി, അനീതിക്കെതിരെ പോരാടുന്ന ഏതൊരു പ്രവാചക കുടുംബാംഗത്തിനും ഇമാമാകാം എന്നാണ് സെയ്ദി വിശ്വാസം. ഈ പ്രത്യയശാസ്ത്രപരമായ പ്രത്യേകത ഹൂതികളുടെ സായുധ പോരാട്ടവീര്യത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

യെമൻ സംഘർഷത്തിന്റെ മൂലകാരണങ്ങളും ഭരണകൂട അട്ടിമറിയും

യെമനിലെ നിലവിലെ സംഘർഷത്തിന്റെ മൂലകാരണം കേവലം ഭൂപ്രദേശവുമായോ വിശ്വാസത്തിലെ വ്യത്യസ്തതയുമായോ ബന്ധപ്പെട്ടുള്ള കലാപമല്ല, മറിച്ച് ദശാബ്ദങ്ങളായി നിലനിൽക്കുന്ന വംശീയ-സാമ്പത്തിക പാർശ്വവൽക്കരണവും ഭരണകൂട അഴിമതിയും ഭൗമരാഷ്ട്രീയ മത്സരങ്ങളുമാണ്. വടക്കൻ യെമനിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സാമ്പത്തിക പിന്നാക്കാവസ്ഥയും ജനങ്ങളിൽ വലിയ അമർഷം സൃഷ്ടിച്ചിരുന്നു. യെമൻ പ്രസിഡന്റായിരുന്ന അലി അബ്ദുള്ള സ്വാലിഹിന്റെ ഭരണകൂടം ഹൂതികളുടെ വളർച്ചയെ സ്വന്തം അധികാരത്തിന് ഭീഷണിയായി കണ്ടതോടെ 2004-ൽ വലിയ തോതിലുള്ള സൈനിക നടപടികൾ ആരംഭിച്ചു.

സഅദ പ്രവിശ്യയിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ 2004 സെപ്റ്റംബറിൽ ഹുസൈൻ അൽ ഹൂതി കൊല്ലപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൽ മാലിക് അൽ ഹൂതി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 2004 മുതൽ 2010 വരെ 'സഅദ യുദ്ധങ്ങൾ' എന്നറിയപ്പെടുന്ന ആറ് പ്രധാന സൈനിക അക്രമണങ്ങളെ ഭരണകൂടം നയിച്ചെങ്കിലും, അത് ഹൂതികളെ കൂടുതൽ യുദ്ധപരിശീലനം സിദ്ധിച്ച ഒരു തന്ത്രപരമായ സൈനിക ശക്തിയാക്കി മാറ്റുകയാണ് ചെയ്തത്. 2011-ലെ അറബ് വസന്തത്തിന്റെ ഭാഗമായി യെമനിൽ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭം ഹൂതികൾക്ക് പുതിയൊരു വഴിത്തിരിവായി. സ്വാലിഹ് ഭരണകൂടം താഴെയിറക്കപ്പെടുകയും അബ്ദ് റബ്ബു മൻസൂർ ഹാദി പുതിയ പ്രസിഡന്റാവുകയും ചെയ്‌തെങ്കിലും, ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചതും രാഷ്ട്രീയ അസ്ഥിരതയും രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി.

ഈ അവസരം മുതലാക്കി ഹൂതികൾ തങ്ങളുടെ പഴയ ശത്രുവായിരുന്ന മുൻ പ്രസിഡന്റ് അലി അബ്ദുള്ള സ്വാലിഹുമായി തന്ത്രപരമായ സഖ്യത്തിലായി. സ്വാലിഹിനോട് കൂറു പുലർത്തിയിരുന്ന യെമൻ സൈന്യത്തിന്റെ വലിയൊരു വിഭാഗം ഹൂതികൾക്കൊപ്പം ചേർന്നു. 2014 സെപ്റ്റംബറിൽ ഹൂതികൾ തലസ്ഥാനമായ സനാ പിടിച്ചെടുക്കുകയും 2015 ജനുവരിയിൽ പ്രസിഡന്റ് കൊട്ടാരം കീഴടക്കി ഹാദി ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് 2017-ൽ സ്വാലിഹ് സൗദി സഖ്യവുമായി ചർച്ചയ്ക്ക് തയ്യാറായപ്പോൾ ഹൂതികൾ ആ സഖ്യം അവസാനിപ്പിക്കുകയും സ്വാലിഹിനെ വധിക്കുകയും ചെയ്തു.

ഒരു പ്രാദേശിക സായുധ സംഘത്തിൽനിന്ന് യെമന്റെ പകുതിയിലധികം നിയന്ത്രിക്കുന്ന ഭരണകൂട ശക്തിയായി ഹൂതികൾ വളരുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ അനുകൂല സാഹചര്യങ്ങൾ ഇതിന് അവരെ സഹായിച്ചിട്ടുണ്ട്. യെമൻ സൈന്യത്തിലെ സ്വാലിഹ് വിഭാഗവുമായുള്ള സഖ്യത്തിലൂടെ രാജ്യത്തിന്റെ വൻ ആയുധശേഖരവും ബാലിസ്റ്റിക് മിസൈലുകളും എയർ ഡിഫൻസ് സംവിധാനങ്ങളും ഹൂതികളുടെ കൈകളിലെത്തി. അതോടൊപ്പം ചെങ്കടൽ തീരങ്ങൾ നിയന്ത്രിച്ചിരുന്നതിനാൽ ആഫ്രിക്കൻ മുനമ്പിൽനിന്നുള്ള അനധികൃത ചരക്ക് നീക്കങ്ങൾക്ക്‌ ഒത്താശ ചെയ്ത് വലിയ തോതിൽ ചെറിയ ആയുധങ്ങൾ അവർ ശേഖരിച്ചു.

ബാഹ്യപിന്തുണയുടെ കാര്യത്തിൽ ഇറാന്റെയും ലെബനനിലെ ഹിസ്ബുള്ളയുടെയും പങ്കാണ് ഏറ്റവും പ്രധാനം. 2009 മുതൽ ഹൂതികൾക്ക് സാങ്കേതികവും സൈനികവുമായ സഹായങ്ങൾ ഇറാൻ നൽകിപ്പോരുന്നു. ഡ്രോണുകൾ, ക്രുയിസ് മിസൈലുകൾ, അത്യാധുനിക ഗൈഡഡ് മിസൈലുകൾ എന്നിവയുടെ ഭാഗങ്ങളും രൂപകൽപ്പനയും സാങ്കേതികവിദ്യയും ഇറാൻ കൈമാറി. ലെബനനിലെ ഹിസ്ബുള്ള പോരാളികൾ യുദ്ധമുറകളിലും (asymmetric warfare), മിസൈൽ അസംബ്ലിയിലും കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളിലും ഹൂതികൾക്ക് പരിശീലനം നൽകി. കൂടാതെ, റഷ്യയിൽനിന്നും ചൈനയിൽനിന്നും ലഭ്യമായ സാങ്കേതികവിദ്യകളും ഘടകങ്ങളും ഉപയോഗിച്ച് തങ്ങളുടെ ആയുധ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കാൻ ഹൂതികൾക്ക് സാധിച്ചിട്ടുണ്ട്.

സൗദി- ഹൂതി തർക്കത്തിന്റെ അടിസ്ഥാനം

ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള വൈരത്തിന് മതപരവും, അതിർത്തി സംബന്ധവും തന്ത്രപരവുമായ മാനങ്ങളുണ്ട്. സൗദിയുടെ ദക്ഷിണ അതിർത്തിയോട് ചേർന്ന് കിടക്കുന്ന വടക്കൻ യെമനിൽ ഒരു ഷിയാ സായുധ പ്രസ്ഥാനം അധികാരം പിടിച്ചെടുക്കുന്നത് സ്വന്തം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സൗദി വിലയിരുത്തിയിരുന്നത്. കൂടാതെ, ഇറാന്റെ സ്വാധീനം സ്വന്തം അതിർത്തിയിൽ എത്തുന്നത് തടയുക എന്നതും സൗദിയുടെ ലക്ഷ്യമായിരുന്നു. 2015 മാർച്ച് മാസത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒമ്പത് അറബ് രാജ്യങ്ങൾ അടങ്ങിയ സഖ്യം 'ഓപ്പറേഷൻ ഡിസൈസീവ് സ്റ്റോം' എന്ന പേരിൽ യെമനിൽ സൈനിക ഇടപെടൽ ആരംഭിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ ദൗത്യം വേഗത്തിൽ വിജയം കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും യുദ്ധം ദീർഘകാല നീണ്ടുനിൽക്കുന്ന ഒന്നായി മാറി.

ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് സൗദിയുടെ അതിർത്തി നഗരങ്ങളായ നജ്‌റാൻ, ജിസാൻ എന്നിവടങ്ങളിലേക്കും റിയാദിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കും ഹൂതികൾ ആവർത്തിച്ച് ആക്രമണം നടത്തി. സൗദി അറേബ്യയ്‌ക്കെതിരെയുണ്ടായ ഏറ്റവും വലിയ ആക്രമണം നടന്നത് 2019 സെപ്റ്റംബർ 14-നാണ്. സൗദി അരാംകോയുടെ (Saudi Aramco) അബ്‌ഖൈഖ് (Abqaiq), ഖുറൈസ് (Khurais) എണ്ണ സംസ്‌കരണശാലകൾക്ക് നേരെ ഡ്രോണുകളും ക്രുയിസ് മിസൈലുകളും ഉപയോഗിച്ച് ഹൂതികൾ ആക്രമണം നടത്തി. ഈ സംഭവം സൗദിയുടെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിൽ 5.7 മില്യൺ ബാരലിന്റെ കുറവുണ്ടാക്കി. ഇത് രാജ്യത്തിന്റെ മൊത്തം എണ്ണ ഉൽപ്പാദനത്തിന്റെ പകുതിയും ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 5 ശതമാനവുമാണ് ഒറ്റദിവസം കൊണ്ട് ഇല്ലാതാക്കിയത്. ഇതിനേത്തുടർന്ന് അന്താരാഷ്ട്ര എണ്ണവിലയിൽ ഒറ്റദിവസം കൊണ്ട് 20 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തുവെങ്കിലും, സാങ്കേതിക തികവ് ചൂണ്ടിക്കാട്ടി ഇതിന് പിന്നിൽ ഇറാന്റെ ഉപകരണങ്ങളാണെന്ന് യു.എസും സൗദിയും ആരോപിച്ചു. പറ്റാവുന്നത്ര പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിട്ടും തങ്ങളുടെ സാമ്പത്തിക അടിത്തറ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന തിരിച്ചറിവ് സൗദിയെ സൈനിക നിലപാടുകളിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ചു. ഇത് 2022-ൽ ഐക്യരാഷ്ട്രസഭ മധ്യസ്ഥത വഹിച്ച വെടിനിർത്തലിലേക്കും തുടർന്ന് സാദിയും ഹൂതികളും തമ്മിലുള്ള നേരിട്ടുള്ള നയതന്ത്ര ചർച്ചകളിലേക്കും നയിച്ചു.

അന്താരാഷ്ട്ര വിശകലനങ്ങളിൽ ഹൂതികളെ ഇറാന്റെ ഒരു പ്രോക്‌സി ആയി ചിത്രീകരിക്കാറുണ്ടെങ്കിലും, ഇരുവരും തമ്മിൽ കേവലം യജമാനൻ-ദാസൻ ബന്ധത്തിനപ്പുറമുള്ള സങ്കീർണ്ണമായ സഖ്യമാണ് എന്നാണ് വിലയിരുത്തലുകൾ. ഇറാൻ നയിക്കുന്ന 'പ്രതിരോധ അച്ചുതണ്ടിന്റെ' (Axis of Resistance) ഭാഗമാണ് ഹൂതികൾ. എങ്കിലും, ഇറാഖിലെയും ലെബനനിലെയും ചില സായുധ ഗ്രൂപ്പുകളെപ്പോലെ പൂർണ്ണമായും ഇറാന്റെ കൽപ്പനകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനയല്ല അൻസാർ അള്ളാ. ഇറാനെ സംബന്ധിച്ചിടത്തോളം, സ്വന്തം സൈന്യത്തെ നേരിട്ട് ഇറക്കാതെ സൗദിക്കും അമേരിക്കയ്ക്കും ഭീഷണി ഉയർത്താൻ ഹൂതികൾ സഹായിക്കുന്നു. ഹൂതികളെ സംബന്ധിച്ച്, തങ്ങളുടെ ആയുധശേഷിയും അന്താരാഷ്ട്ര പ്രാധാന്യവും വർദ്ധിപ്പിക്കാൻ ഇറാന്റെ സാങ്കേതിക സഹായം അത്യാവശ്യമാണ്. ഇറാൻ നിർദ്ദേശിക്കുന്ന പല കാര്യങ്ങളും ഹൂതികൾ നടപ്പാക്കാറുണ്ടെങ്കിലും, 2014-ൽ സനാ പിടിച്ചെടുക്കുന്നതുപോലുള്ള നിർണ്ണായക ഘട്ടങ്ങളിൽ ഇറാന്റെ ഉപദേശങ്ങളെ മറികടന്നും അവർ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതോടെ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രധാന വക്താക്കളായി ഹൂതികൾ മാറി. ഗാസയിലെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂതികൾ ഇസ്രയേലിലെ ഈലാത്ത് (Eilat) നഗരത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. അതിലും ഉപരിയായി, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രവ്യാപാര പാതകളിലൊന്നായ ബാബ് അൽ മന്ദെബ് (Bab el-Mandeb) കടലിടുക്കിലും ചെങ്കടലിലും അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ഹൂതികൾ ഉപരോധം ഏർപ്പെടുത്തി. ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ടാണ് ആക്രമണം തുടങ്ങിയതെങ്കിലും പിന്നീട് യു.എസ്, യുകെ കപ്പലുകളിലേക്കും ആക്രമണം വ്യാപിപ്പിച്ചു. ഗാലക്‌സി ലീഡർ എന്ന കപ്പൽ പിടിച്ചെടുത്തതും തുടർച്ചയായി നൂറിലധികം ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതും സമുദ്ര ഗതാഗതത്തെ തടസ്സപ്പെടുത്തി.

ഈ നീക്കം ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ആഗോള സമുദ്ര വ്യാപാരത്തിന്റെ 12 ശതമാനത്തോളം കടന്നുപോകുന്ന ചെങ്കടൽ വഴി സഞ്ചരിക്കുന്നത് അപകടകരമായതോടെ, വൻകിട ഷിപ്പിംഗ് കമ്പനികൾ ആഫ്രിക്കൻ വൻകര ചുറ്റിയുള്ള ഗുഡ് ഹോപ്പ് മുനമ്പ് (Cape of Good Hope) വഴി കപ്പലുകൾ തിരിച്ചുവിട്ടു. ഇത് യാത്രാസമയത്തിൽ 10 മുതൽ 14 ദിവസം വരെ വർദ്ധനവുണ്ടാക്കുകയും ഇന്ധനച്ചെലവും ഇൻഷുറൻസ് പ്രീമിയവും കുത്തനെ ഉയർത്തുകയും ചെയ്തു. ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം കുറഞ്ഞതോടെ ഈജിപ്തിന്റെ പ്രധാന വരുമാന മാർഗ്ഗമായ സുവാസ് കനാലിലൂടെയുള്ള വ്യാപാര വ്യാപ്തിയിൽ 57.5 ശതമാനത്തിന്റെ ഇടിവുണ്ടായി.

ഹൂതികളുടെ ആക്രമണങ്ങളെ ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ പ്രോസ്‌പെരിറ്റി ഗാർഡിയൻ' എന്ന അന്താരാഷ്ട്ര സമുദ്ര സഖ്യം രൂപീകരിക്കുകയും യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യു.എസും യുകെയും സംയുക്ത വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതോടൊപ്പം യൂറോപ്യൻ യൂണിയൻ 'ഓപ്പറേഷൻ അസ്‌പൈഡ്‌സ്' എന്ന പേരിൽ കപ്പലുകൾക്ക് സംരക്ഷണം നൽകാനുള്ള ദൗത്യവും ആരംഭിച്ചു. ഇത്രയും വലിയ സൈനിക പ്രതിരോധം ഉണ്ടായിട്ടും തങ്ങളുടെ പ്രതിരോധശേഷി തെളിയിക്കാനും ആഗോള വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കാനും ഹൂതികൾക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

വടക്കൻ യെമനിലെ പർവ്വതമേഖലയിൽ തങ്ങളുടെ സാമുദായിക വ്യക്തിത്വം സംരക്ഷിക്കാൻ ആരംഭിച്ച സാംസ്‌കാരിക കൂട്ടായ്മയിൽനിന്ന്, പശ്ചിമേഷ്യയുടെയും ആഗോള സമുദ്ര വ്യാപാരത്തിന്റെയും ഗതി നിർണ്ണയിക്കാൻ ശേഷിയുള്ള ഒരു വലിയ ഭൗമരാഷ്ട്രീയ ശക്തിയായി ഹൂതികൾ മാറിയത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ്. യെമൻ ഭരണകൂടത്തിന്റെ അഴിമതിയും ആഭ്യന്തര തകർച്ചയും സൗദി അറേബ്യയുടെ ദീർഘവീക്ഷണമില്ലാത്ത സൈനിക ഇടപെടലുകളും ഇറാന്റെ തന്ത്രപരമായ സാങ്കേതിക സഹായവുമാണ് ഈ വളർച്ചയ്ക്ക് വേഗം കൂട്ടിയത്. കേവലം ബാഹ്യശക്തികളുടെ ഒരു 'പ്രോക്‌സി' എന്നതിലുപരി, സ്വന്തം താൽപ്പര്യങ്ങളിൽ അധിഷ്ഠിതമായി തീരുമാനങ്ങളെടുക്കുന്ന അർദ്ധ-ഭരണകൂട സായുധ ശക്തിയായി നിലനിൽക്കാൻ ഹൂതികൾക്ക് സാധിച്ചിട്ടുണ്ട്. ചെങ്കടലിലെ ഉപരോധത്തിലൂടെ അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള എണ്ണവിപണിയെയും സ്വാധീനിക്കാനുള്ള അവരുടെ ശേഷി, മേഖലയിലെ പരമ്പരാഗത സൈനിക ശക്തികൾക്ക് വലിയ വെല്ലുവിളിയാണ്.

യെമനിൽ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാകാത്തിടത്തോളവും പശ്ചിമേഷ്യൻ പ്രാദേശിക തർക്കങ്ങൾ പരിഹരിക്കപ്പെടാത്തിടത്തോളവും ഹൂതികൾ മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ശക്തിയായി തുടർന്നും നിലനിൽക്കുമെന്നാണ് വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.