ക്ഷിണ കൊറിയക്കാരിയായ ഹാന്‍ ടീ സൂണിന് തന്റെ മകള്‍ കയുങ് ഹായെ കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ 44 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതാണ്. 1975 മേയ് മാസമായിരുന്നു അത്. മാര്‍ക്കറ്റില്‍ പോകാന്‍ ഇറങ്ങിയതായിരുന്നു ഹാന്‍ ടീ സൂണ്‍. മകളോട് നീ കൂടെ വരുന്നോ എന്ന് ചോദിച്ചു. കളിയില്‍ മുഴുകിയിരുന്ന അവള്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. അല്‍പസമയത്തിന് ശേഷം അവര്‍ മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും മകള്‍ അവിടെയുണ്ടായിരുന്നില്ല. പിന്നീട് തന്റെ മകളെ തേടി പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര അന്വേഷണത്തിലായിരുന്നു ആ അമ്മ. ഒന്നിനും ഫലമുണ്ടായില്ല. 2019 ല്‍ അവര്‍ ഡി.എന്‍.എ ടെസ്റ്റിലൂടെ കാണാതായ കുട്ടികളെ കണ്ടെത്തുന്ന ഒരു സന്നദ്ധ സംഘടനയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഹാന്‍ ടീ സൂണിന്റെ ഡി.എന്‍.എ ഉപയോഗിച്ച് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ മകളെ കണ്ടെത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയിലായിരുന്നു മകള്‍  കയുങ് ഹാ അപ്പോഴുണ്ടായിരുന്നത്. അവിടെ നഴ്‌സായി ജോലി ചെയ്തിരുന്ന അവളുടെ അവിടുത്തെ പേര്‌ ലാറി ബെന്‍ഡര്‍ എന്നായിരുന്നു.

To advertise here,

അമ്മയെ കാണാനായി അവള്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തി. 44 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും ഒരു സ്ത്രീ തട്ടിക്കൊണ്ട് പോയ അവളെ ഒരു അനാഥാലയ ഏജന്‍സി യാതൊരു അന്വേഷണവും നടത്താതെ അമേരിക്കന്‍ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ദക്ഷിണ കൊറിയയില്‍ നിന്ന് സര്‍ക്കാര്‍ പിന്തുണയില്‍ വിദേശത്തേക്ക് കടത്തപ്പെട്ട ലക്ഷക്കണക്കിന് കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു കയുങ് ഹാ. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എല്ലാ ശ്രമങ്ങളും വിഫലമായട്ടും പിന്തിരിയാതെ ആ അമ്മ നടത്തിയ പോരാട്ടമാണ് അവരെ ഒന്നിപ്പിച്ചത്. മകളെ കണ്ടെത്തിയിട്ടും അവര്‍ വിശ്രമിച്ചില്ല. തന്റെ മകളെ തന്റെടുത്ത് നിന്ന് തട്ടിയെടുത്ത് വിദേശത്തേക്കയച്ചത് തടയാന്‍ സാധിക്കാതിരുന്ന സര്‍ക്കാരിനെതിരേ അവര്‍ കേസ് കൊടുത്തു. ദക്ഷിണ കൊറിയയിലെ വിവാദ ദത്ത് നല്‍കലുകള്‍ക്കെതിരേ മനുഷ്യാവകാശലംഘനവും മനുഷ്യക്കടത്തും പോലുള്ള ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്ന നിരവധി പേരില്‍ ഒരാളാണ് അവര്‍. ഇത്തരത്തില്‍ സ്വന്തം കുട്ടികളെ നഷ്ടമായിട്ട് പിന്നീടൊരിക്കലും അവരെ കാണാന്‍ കഴിയാത്ത നിരവധി മാതാപിതാക്കള്‍ ആ രാജ്യത്തുണ്ട്. അതോടൊപ്പം വിദേശത്ത് നിന്ന് മടങ്ങിയെത്തി തങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെ തിരയുന്നവരും. 

placeholder
മകനെ നഷ്ടമായ ഒരമ്മ | Photo: AP

വിദേശത്തേക്ക് കടത്തിയത് രണ്ട് ലക്ഷത്തിലേറെ കുട്ടികളെ

ദക്ഷിണ കൊറിയയെപ്പോലെ ഇത്രയധികം കുട്ടികളെ വിദേശത്തേക്ക് ദത്ത് നല്‍കിയ മറ്റൊരു രാജ്യവും ലോകത്തില്ല. അക്ഷരാര്‍ഥത്തില്‍ ഇതൊരു വ്യവസായമായി ഇവിടെ വളര്‍ന്നിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ലോകത്തെ ഞെട്ടിച്ച ഒരു അന്വേഷണ റിപ്പോര്‍ട്ട് ദക്ഷിണ കൊറിയയില്‍ നിന്ന് പുറത്തുവരുന്നത്. രാജ്യത്ത് നിന്ന് വിദേശത്തേക്ക് കുട്ടികളെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അന്വേഷിക്കാനായി നിയമിക്കപ്പെട്ട കമ്മീഷന്റെതായിരുന്നു ഈ റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികളെ വിദേശത്തേക്ക് ദത്ത് നല്‍കിയതായും ഇതിലൂടെ നിരവധി പേര്‍ വലിയ സാമ്പത്തിക ലാഭമുണ്ടാക്കിയതായും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഈ ദത്ത് നല്‍കലിലൂടെ വലിയ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃത്രിമ രേഖകളുണ്ടാക്കിയും ബലംപ്രയോഗിച്ചുമെല്ലാമാണ് കുട്ടികളെ വന്‍തോതില്‍ വിദേശത്തേക്ക് അയച്ചതെന്നുള്ള കണ്ടത്തല്‍ ദക്ഷിണ കൊറിയയില്‍ വലിയ ബഹളങ്ങള്‍ക്ക് കാരണമായിരുന്നു.

ഇത്തരം സംഭവങ്ങളിലെ ഇരകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 2022 ലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിക്കുന്നത്. വിദേശത്തേക്ക് ദത്ത് നല്‍കപ്പെട്ട കുട്ടികളും മാതാപിതാക്കളും കമ്മീഷന് മുന്നില്‍ മൊഴിനല്‍കിയിരുന്നു. ഇത്തരത്തില്‍ വിദേശത്തേക്ക് ദത്ത് നല്‍കപ്പെട്ടവരില്‍ ചിലര്‍ കടുത്ത പീഡനങ്ങളാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് കമ്മീഷനോട് വെളിപ്പെടുത്തി. ദക്ഷിണ കൊറിയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഏടാണിതെന്നായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍ പാര്‍ക് സന്‍ യങ് പ്രതികരിച്ചത്. 1964നും 1999നും ഇടയില്‍ വിദേശത്തേക്ക് ദത്ത് നല്‍കപ്പെട്ട 367 പേരാണ് തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ കമ്മീഷന് മുന്നില്‍ പറഞ്ഞത്. ഇവരില്‍ പലരും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിട്ടതെന്ന് കമ്മീഷന്‍ കണ്ടെത്തി. മറ്റ് പലര്‍ക്കും തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ തെളിയിക്കാനാവശ്യമായ തെളിവുകളും രേഖകളും സമര്‍പ്പിക്കാനായില്ല. ഇതുതന്നെ വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീഴ്ച സംഭവിച്ചു എന്നതിന് തെളിവാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ ഈ വലിയ മനുഷ്യാവകാശലംഘനങ്ങളിലെ ഇരകളോട് മാപ്പ് പറയണമെന്നും കമ്മീഷന്‍ നിര്‍ദേശങ്ങളിലുണ്ടായിരുന്നു.

placeholder
കുട്ടികളെ വിമാനത്തിന്റെ സീറ്റില്‍ ബന്ധിച്ച് വിദേശത്തേക്ക് അയക്കുന്നു

കുട്ടികളെ വിറ്റ് പണം സമ്പാദിച്ചവര്‍

കൊറിയന്‍ യുദ്ധം (1950-53) അവസാനിച്ചതിന് പിന്നാലെ രണ്ട് ലക്ഷത്തിലേറെ ദക്ഷിണ കൊറിയന്‍ കുട്ടികളെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദത്ത് നല്‍കിയത്. വൈകാതെ ലോകത്തിലേറ്റവും കൂടുതല്‍ ദത്ത് നല്‍കുന്ന രാജ്യമായി ദക്ഷിണ കൊറിയ മാറി. ഇത് അവരുടെ സാമ്പത്തിക മേഖലയിലും കാര്യമായ ചലനമുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു. കൊറിയന്‍ യുദ്ധകാലത്ത് നിരവധി അമേരിക്കന്‍ പാട്ടാളക്കാര്‍ക്ക് കൊറിയന്‍ സ്ത്രീകളില്‍ മക്കളുണ്ടായിരുന്നു. ഇത്തരത്തില്‍ അമരിക്കന്‍-കൊറിയന്‍ കുട്ടികളുടെ ഒരു തലമുറ ഉണ്ടായതിന് ശേഷമാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള കുട്ടികളുടെ ദത്ത് വ്യാപകമായതെന്ന് ചില പഠനങ്ങളില്‍ പറയുന്നു. ഇത്തരം കുട്ടികളെ വിദേശത്തേക്ക് ദത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഈ തലമുറയ്ക്ക് ശേഷവും ഇത് തുടര്‍ന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെയായിരുന്നു കൂടുതലായി ഇത്തരത്തില്‍ ദത്ത് നല്‍കിയിരുന്നത്.

ദക്ഷിണ കൊറിയയില്‍ സൈനിക ഭരണം വന്ന കാലത്ത് ഈ സാഹചര്യങ്ങള്‍ രൂക്ഷമായി. ഇക്കാലയളവില്‍ രാജ്യത്ത് പെട്ടെന്ന്‌ വന്‍ സാമ്പത്തിക മുന്നേറ്റം കൊണ്ടുവരാനായിരുന്നു സൈനിക ഭരണകൂടത്തിന്റെ ശ്രമം. അതിനായുള്ള നടപടികള്‍ക്കിടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രധാന്യവുമില്ലാതായി. കുട്ടികളുടെ ക്ഷേം പൂര്‍ണമായും രക്ഷിതാക്കളുടെ ഉത്തരവാദിത്തമായി. കാണാതായ കുട്ടികളെ കണ്ടെത്തുന്നത് മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമായി. ഒളിച്ചോടി വരുന്നവരും ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ കുട്ടികളെ സംരക്ഷിക്കാന്‍ കാര്യമായ സംവിധാനങ്ങളൊന്നുമില്ലായിരുന്നു. ഇത്തരം കുട്ടികള്‍ ഒരു ബാധ്യതയായി മാറുമെന്ന സാഹചര്യം വന്നപ്പോഴാണ് വിദശത്തേക്ക് കുട്ടികളെ ദത്ത് നല്‍കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ഉദാരമാക്കിയത്. കാര്യമായ ഒരു അന്വേഷണവും നടത്താതെയാണ് അക്കാലങ്ങളില്‍ ദക്ഷിണ കൊറിയ തങ്ങളുടെ കുട്ടികളെ വിദേശത്തേക്ക് നല്‍കിയത്. വൈകാതെ ഇത് വലിയ വ്യവസായമായി മാറി. നിരവധി അനധികൃത ഏജന്‍സികള്‍ ഈ മേഖലയിലുണ്ടായി. 1950 കളുടെ അവസാനത്തോടെ തുടങ്ങിയ ഈ 'കയറ്റുമതി' 1980 കളില്‍ അതിന്റെ ഉച്ചസ്ഥായിലെത്തി. അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ ഒരു ഫോട്ടോഗ്രാഫില്‍ കുട്ടികളെ വിമാനത്തിന്റെ സീറ്റുകളില്‍ കെട്ടിയിട്ട നിലയില്‍ കാണാമായിരുന്നു. ദത്ത് കൊടുക്കപ്പെട്ട കുട്ടികള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന ഒരന്വേഷണവും നടന്നില്ല. 

placeholder

അന്വേഷിച്ചെത്തിയവരോട് കൈമലര്‍ത്തി സര്‍ക്കാര്‍

കുട്ടികളെ ഏറ്റെടുക്കുന്ന വിദേശികളില്‍ നിന്ന് വന്‍ തുകകളാണ് സ്വകാര്യ ഏജന്‍സികള്‍ ഡൊണേഷനായി കൈപ്പറ്റിയത്. ഏറെ വൈകാതെ തന്നെ ദക്ഷിണ കൊറിയയിലെ ഏറ്റവും ലാഭകരമായ വ്യവസായങ്ങളിലൊന്നായി മാറി. ഇതോടെ കുട്ടികളെ കിട്ടാനായി ഏതറ്റം വരെയും പോകാന്‍ ഏജന്‍സികള്‍ തയ്യാറായി. സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ ഇതില്‍ കാര്യമായി ഒരു ഇടപെടലുകളും നടത്തിയില്ല. ഇതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ഓടിപ്പോയ കുട്ടികളെയും രക്ഷിതാക്കളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ കുട്ടികളെയും വരെ കാര്യമായ അന്വേഷണങ്ങളൊന്നും നടത്താതെ ഏജന്‍സികള്‍ വിദേശത്തേക്ക് ദത്ത് നല്‍കി. ഇവരെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനായി യാതൊരു അന്വേഷണവും സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയില്ല. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കാണാതെ വിലപിക്കുമ്പോള്‍ അവര്‍ വിദേശത്തേക്ക് കയറ്റിയയക്കപ്പെട്ടു. യുദ്ധാനന്തരം ദരിദ്രരാജ്യമായിരുന്ന ദക്ഷിണ കൊറിയയിലെ ദാരിദ്ര്യമുള്ള വീടുകളില്‍ നിന്ന് ഇത്തരം ഏജന്‍സികള്‍ കുട്ടികളെ തുച്ഛമായ തുക നല്‍കി വാങ്ങി വിദേശത്തേക്ക് നല്‍കിയതായും പറയപ്പെടുന്നു. 

ഇത്തരം കുട്ടികളുടെ രേഖകളിലും ഏജന്‍സികളും അനാഥാലയങ്ങളും വലിയ തിരിമറിയാണ് നടത്തിയത്. ഈ കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള  പ്രശ്‌നങ്ങളുണ്ടായാലും അന്വേഷണം തങ്ങളിലേക്ക് മടങ്ങിയെത്താതിരിക്കാനാണ് പലപ്പോഴും ഇവര്‍ ഇത് ചെയ്തത്. ഒളിച്ചോടിയും വില കൊടുത്തുവാങ്ങി കൊണ്ടുവരികയും ചെയ്ത കുട്ടികളുടെ കാര്യത്തിലും ഇവര്‍ കൃത്രിമ രേഖകളുണ്ടാക്കി. ഇത് ഇവരുടെ ജീവിതത്തില്‍ വലിയ ദുരിതമാണുണ്ടാക്കിയത്. വിദേശത്തേക്ക് കയറ്റിയയക്കപ്പെട്ട ഇവരില്‍ പലരും പതിറ്റാണ്ടുകള്‍ക്ക് ശേഷം മടങ്ങിയെത്തി. ഇവരില്‍ പലരും ചൂഷണത്തിനിരയാവുകയും ചുരുക്കം പേര്‍ മെച്ചപ്പട്ട ജീവിത സാഹചര്യങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. ഇവര്‍ കൊറിയയില്‍ മടങ്ങിയെത്തിയ ശേഷം തങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെയും കുടുംബത്തെയും കണ്ടത്താന്‍ ശ്രമിച്ചു. ഇതിനായി ഇവര്‍ ഇത്തരം ഏജന്‍സികളുടെയും അനാഥാലയങ്ങളുടെയും ഓഫീസുകളില്‍ കയറിയിറങ്ങി. പക്ഷെ അവിടെയുള്ള രേഖകളും ഇവരുടെ ചിത്രങ്ങള്‍ പോലും കൃത്യമായിരുന്നില്ല. ഇവരുടെ യഥാര്‍ഥ മാതാപിതാക്കളുമായോ കുടുംബ പശ്ചാത്തലമായോ ബന്ധിപ്പിക്കുന്ന ഒരു രേഖ പോലും അവിടെയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സ്വന്തം മാതാപിതാക്കളെ കണ്ടുപിടിക്കാനുള്ള ഇവരില്‍ പലരുടെയും അന്വേഷണങ്ങള്‍ പാതി വഴിയില്‍ അവസാനിച്ചു. ഇവര്‍ പ്രതിഷേധങ്ങളുമായി സര്‍ക്കാരിന് മുന്നിലെത്തിയെങ്കിലും ഫലമുണ്ടായില്ല.

മനുഷ്യാവകാശ സംഘടനകളുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് 2023ലാണ് ദക്ഷിണ കൊറിയ ദത്ത് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. 2025 ആദ്യത്തോടെ അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട്‌ പുറത്തുവന്നതോടെ വിഷയം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് സംഭവിച്ചതായി ദക്ഷിണ കൊറിയ തുറന്നുപറഞ്ഞു. 2025 മേയ് മുതല്‍ വിദേശത്തേക്കുള്ള ദത്ത് നല്‍കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.