കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് കോവിഡിനു ശേഷം നമ്മുടെ ജീവിതത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വരുത്തിയ മാറ്റം എത്രത്തോളമെന്നു മനസ്സിലാക്കാന്‍ ചുറ്റും നോക്കിയാല്‍ മതി. ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഫോണിന്റെ സ്‌ക്രീനില്‍നിന്നു കണ്ണെടുക്കാത്തവര്‍, പൊതുചടങ്ങുകളില്‍- അത് മരണാനന്തര ചടങ്ങായാലും ഫോണില്‍ സ്‌ക്രോളിങ്‌ നടത്തുന്നവര്‍, തിയേറ്ററില്‍ സിനിമ കാണുമ്പോഴും ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നവര്‍, ഇന്റര്‍വെല്‍ ആയാലുടന്‍ ഫോണില്‍ തിരിച്ചെത്തുന്നവര്‍... സാമൂഹിക മാധ്യമങ്ങളില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ. ഒരു സെക്കന്റു പോലും പാഴാക്കാതെ റീലുകളില്‍നിന്നു റീലുകളിലേക്ക് പറക്കുന്നവര്‍. ഫോണിലാണ്  വലിയൊരു വിഭാഗത്തിന്റെ ജീവന്‍, അല്ലെങ്കില്‍ ജീവശ്വാസം ഇരിക്കുന്നത്!

To advertise here,

ഇന്ത്യ വളരെ ഭയാനകമായ മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10 നമ്മെ കടന്നുപോവുന്നത്. ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ എത്തിക്കഴിഞ്ഞു, കൂടെ സാമൂഹിക മാധ്യമങ്ങളും. ഫെയ്സ്ബുക്കും യൂട്യൂബും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പോലുള്ള പ്ലാറ്റ്ഫോമുകള്‍ സാധാരണ ഇന്ത്യക്കാരുടെ ജീവിതത്തിലും നിത്യസാന്നിധ്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ കഴിഞ്ഞ ദശകവും കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഷോര്‍ട്ട് ഫോം വീഡിയോയും നമ്മുടെ ജീവിതത്തില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന ജനറേറ്റീവ് എഐയും എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

ഈ അമിതാശ്രിതത്വം കുടുംബ, വ്യക്തിബന്ധങ്ങളെപ്പോലും തകരാറിലാക്കുന്നുണ്ട്. ഒരു കാര്യത്തിലും അധികനേരം ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ, മറ്റു വ്യക്തികളെ സഹിക്കാനും കോപം നിയന്ത്രിക്കാനും കഴിയാതിരിക്കല്‍, ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ട്, തടസ്സപ്പെടുന്ന ഉറക്കം, അകാരണമായ കോപം, ഉത്കണ്ഠ, ആശയവിനിമയ പ്രശ്നങ്ങള്‍, വിഷാദരോഗം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് സ്‌ക്രീന്‍ അടിമത്തം സൃഷ്ടിക്കുന്നത്. കുട്ടികളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. തുരുതുരെ വരുന്ന നോട്ടിഫിക്കേഷനുകള്‍ കാരണം പഠനം പ്രശ്നമാവുന്ന, കുറച്ചുനേരത്തിലധികം ഒന്നിലും ശ്രദ്ധിക്കാനാവുന്നില്ല.

സാമൂഹികമാധ്യമങ്ങളിലെ ലൈക്കും ഷെയറും അതിന്റെ താരതമ്യവുമൊക്കെ ആത്മബഹുമാനത്തിന്റെ അളവുകോലാവുമ്പോള്‍ അനാവശ്യമായ ഉല്‍ക്കണ്ഠകള്‍ അവരെ പൊതിയുന്നു. ക്ലാസുമുറികളിലിരിക്കുന്നത് ശരീരം മാത്രമാവുന്നു. എന്തിനും പോംവഴിയായി മുന്നിലുള്ള നിര്‍മിതബുദ്ധി ടൂളുകള്‍ വിദ്യാര്‍ത്ഥികളെ ഹോംവര്‍ക്കില്‍ സഹായിക്കുമെങ്കിലും പരീക്ഷയ്ക്ക് അതു പോരല്ലോ. വെറുതെയല്ല, പതിനാറു വയസ്സില്‍ താഴെയുള്ളവര്‍ക്ക് സാമൂഹികമാധ്യമ വിലക്കേര്‍പ്പെടുത്താന്‍ ഓസ്ട്രേലിയ ആലോചിക്കുന്നത്.

ചെറിയ റീലും നീണ്ട പ്രത്യാഘാതവും

2020-ല്‍ ടിക്ടോക് നിരോധിച്ചത് നേർവിപരീതഫലമാണ് ഉണ്ടാക്കിയത്. ഷോർട്ട് വീഡിയോകൾ യുറ്റിയൂബിലും ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തഴച്ചുവളർന്നു. ഫോട്ടോകളെ അധിഷ്ഠിതമായി തുടങ്ങിയ ഇന്‍സ്റ്റഗ്രാം, മത്സരത്തില്‍ മേധാവിത്വം നേടാനായാണ് ഹ്രസ്വവീഡിയോ ഉള്ളടക്കത്തിന് മുന്‍ഗണന കൊടുത്തത്. ഹ്രസ്വവീഡിയോകള്‍, ഇന്‍സ്റ്റാ റീലുകള്‍, യൂട്യൂബ് ഷോര്‍ട്ട്സ് തുടങ്ങിയവ മനുഷ്യമസ്തിഷ്‌കത്തെ ഇന്‍സ്റ്റന്റ് വിനോദം, അല്ലെങ്കില്‍ സാധൂകരണവും അതില്‍ നിന്നുള്ള സന്തോഷവും പ്രതീക്ഷിക്കാന്‍ പഠിപ്പിക്കുന്നു. പത്തു പതിനഞ്ചു സെക്കന്റില്‍, അല്ലെങ്കില്‍ ഒരു മിനുട്ടില്‍ ഒരു കാര്യം രസകരമായി അവതരിപ്പിക്കുന്നു. അതു തീരുംമുമ്പ് നമ്മുടെ അതുവരെയുള്ള കാഴ്ചാശീലങ്ങളെ അടിസ്ഥാനമാക്കിയുള്ള അടുത്ത റീല്‍/ വീഡിയോ സജഷനായി എത്തുന്നു.

റീല്‍സ് ശീലത്തെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു. ഏതുവിധേനയും ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ തന്നെ തളച്ചിടാനുള്ള മനഃപൂര്‍വമായ തന്ത്രം വിജയിച്ചുവെന്നതിന് സംശയമില്ല. ഇന്ത്യക്കാര്‍ ദിവസവും ഏതാണ്ട് 2.4 മണിക്കൂറാണ് റീലുകള്‍ കാണാന്‍ ചെലവിടുന്നതെന്ന് 2023-ലെ വിവരങ്ങള്‍ കാണിക്കുന്നു. ഓട്ടോ പ്ലേ, അനന്തമായ സ്‌ക്രോളിങ്‌, ഉപയോക്താവിന്റെ കാഴ്ചാശീലത്തെ ആശ്രയിച്ചുള്ള ശുപാര്‍ശകള്‍ തുടങ്ങിയവ അവരെ ഒരേ പ്ലാറ്റ്ഫോമില്‍ തുടരാന്‍ പ്രേരിപ്പിക്കും. കാണികള്‍ തങ്ങളെ വിട്ടുപോകാതിരിക്കാന്‍ പ്ലാറ്റ്ഫോമുകള്‍ സ്ഥിരമായി അവരുടെ അല്‍ഗോരിതത്തിലും ഫീച്ചറുകളിലും ഉള്ളടക്കം സംബന്ധിച്ച ചട്ടങ്ങളിലും ഭേദഗതികള്‍ വരുത്തുകയും ചെയ്യും.

പ്രേക്ഷകശ്രദ്ധയെ കറന്‍സിയാക്കി മാറ്റിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഓരോ ലൈക്കും കമന്റും ഫോളോയും ഷെയറും കാഴ്ചയും ആത്മാഭിമാനത്തെ ശക്തിപ്പെടുത്താനും അതേസമയം അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും കഴിയുന്ന ഫീഡ്ബാക്കാണ്. സ്വഭാവരൂപീകരണത്തിന്റെ പ്രധാനഘട്ടത്തിലുള്ള കൗമാരക്കാര്‍ക്ക്, ഈ കറന്‍സി ഒരേസമയം ലഹരിയും അപകടവുമാണ്. സ്വന്തം ശരീരത്തെക്കുറിച്ചുള്ള അസംതൃപ്തി, ആത്മാഭിമാനക്ഷതം, ഫോട്ടോ അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലെ താരതമ്യവുമായി ബന്ധപ്പെട്ട ഉത്കണ്ഠ എന്നിവയ്ക്ക് അത് വഴിവച്ചേക്കും. ഓണ്‍ലൈന്‍ അസൂയ, കുശുമ്പ്, വഴക്ക്, വാദപ്രതിവാദം, പരസ്യ അപമാനം തുടങ്ങിയ പ്രശ്നങ്ങള്‍ വേറെ. (അഡോളസെന്‍സ് എന്ന നെറ്റ്ഫ്ളിക്സ് പരമ്പര ഓര്‍മിക്കുക.) കുടുംബ, വ്യക്തിബന്ധ, സാമ്പത്തിക ആശങ്കകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ സമ്മര്‍ദ്ദങ്ങളും വര്‍ധിക്കുന്നതായി ഇന്ത്യന്‍ ഹെല്‍പ്പ് ലൈനുകളും മാനസികാരോഗ്യ ക്ലിനിക്കുകളും റിപ്പോര്‍ട്ട് ചെയ്യുന്നു.

2024-ല്‍ ഡെന്മാര്‍ക്ക് സര്‍വകലാശാല നടത്തിയ പഠനം സ്ഥിരമായി ഷോര്‍ട്ട് വീഡിയോ കാണുന്നത് കുറച്ചുനേരം ഏതെങ്കിലും ഒരു വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തി. അവര്‍ പ്രശ്നത്തെ ടിക്ടോക് മസ്തിഷ്‌കം എന്നാണ് വിളിച്ചത്. തലച്ചോറിന് വേണ്ടത് ഉടനടി സന്തോഷമാണ്. അല്പം ബുദ്ധിമുട്ടുള്ള, സമയമാവശ്യമുള്ള ജോലികളൊക്കെ വളരെ കഠിനമായി അതിനു തോന്നും. ഷോര്‍ട്ട്വീഡിയോ ഉപയോക്താക്കള്‍ ദീര്‍ഘനേരത്തെ ശ്രദ്ധ ആവശ്യമുള്ള ജോലികളില്‍ മോശമാവുന്നു, പ്രഭാഷണങ്ങളിലോ പഠന സെഷനുകളിലോ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. അമിത റീല്‍ശീലം ആഴത്തിലുള്ള വായനയും ദീര്‍ഘവും അച്ചടക്കം ആവശ്യമുള്ളതുമായ പഠനത്തെ മന്ദഗതിയിലാക്കുമെന്ന് ചുരുക്കം. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്ന കാര്യം ഓസ്ട്രേലിയ ആലോചിച്ചു വരികയാണ്.

കാഴ്ചക്കാരെ തിരിച്ചുപിടിക്കാന്‍ അര്‍ബുദരോഗമെന്ന കള്ളം

കഴിഞ്ഞയാഴ്ചയാണ് കേരളത്തിലെ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ തന്റെ പോസ്റ്റുകള്‍ക്ക് പ്രതികരണം കുറഞ്ഞതിനെത്തുടര്‍ന്ന് തനിക്ക് അര്‍ബുദമാണെന്ന കള്ളം പറഞ്ഞ് ജനശ്രദ്ധ തിരിച്ചുപിടിച്ച കാര്യം വെളിപ്പെടുത്തിയത്. 2023-ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏതാണ്ട് 40 കോടി യുവാക്കളാണ് ദിവസവും സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. പോസ്റ്റുകള്‍ക്ക് കിട്ടുന്ന ലൈക്കുകളും അഭിപ്രായങ്ങളുമൊക്കെ അവരില്‍ പലരുടെയും ആത്മ ബഹുമാനത്തെ നിര്‍വചിക്കുന്നവയാണ്. പാതിരാത്രിയിലും സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോളിങ് നടത്തിക്കൊണ്ടിരിക്കാന്‍ ഇത് വഴിവയ്ക്കുന്നുണ്ട്. ഭൂരിഭാഗം കൗമാരക്കാരും മറ്റ് ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി സ്വയം താരതമ്യപ്പെടുത്തി നോക്കുമത്രെ. നിര്‍മിതബുദ്ധി ഫില്‍റ്ററുകള്‍ വന്നതോടെ അവസ്ഥ കൂടുതല്‍ മോശമായിട്ടുണ്ട്.

രാത്രി വൈകിയുള്ള സ്‌ക്രോളിംഗ് കാരണം ഉറക്കം നഷ്ടമാകുന്നത് കുടുംബബന്ധങ്ങളെ ബാധിക്കുന്നു. 40 ശതമാനം വിദ്യാര്‍ത്ഥികളും അതില്‍ ഏര്‍പ്പെടാറുണ്ടെന്നാണ് ഒരു കണക്ക്. അത് അവരുടെ പഠനത്തെയും പ്രശ്നത്തിലാക്കുന്നു. നിത്യവും മൂന്നു മണിക്കൂറിലധികം സോഷ്യല്‍ മീഡിയയില്‍ ചെലവാക്കുന്നവര്‍ക്ക് വിഷാദം വരാനുള്ള സാധ്യതകളെ ഇരട്ടിയാക്കുന്നതായി ലോകാരോഗ്യസംഘടനയുടെ 2025-ലെ വിവരങ്ങള്‍ കാണിക്കുന്നു. 2021-ല്‍ 10,703 യുവാക്കളുടെ ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ചിലതൊക്കെ സൈബര്‍ ബുള്ളിയിങ്ങുമായി ബന്ധപ്പെട്ടതായിരുന്നു.

2024-ലെ ആനുവല്‍ സ്റ്റേറ്റ്സ് ഓഫ് എഡ്യൂക്കേഷന്‍ (എഎസ്ഇആര്‍) റിപ്പോര്‍ട്ട് ഇന്ത്യയിലെ 14 നും 16 നും ഇടയ്ക്ക് പ്രായമുള്ളവരിലെ 57 ശതമാനം മാത്രമാണ് സ്മാര്‍ട്ട്ഫോണ്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നു വ്യക്തമാക്കുന്നു. 76 ശതമാനം പേരും ഫോണുപയോഗിക്കുന്നത് സാമൂഹിക മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ്. കേരളത്തിലെ 90 ശതമാനം കുട്ടികളും ഫോണുപയോഗിക്കുന്നത് സാമൂഹികമാധ്യമങ്ങള്‍ക്കായാണ്. പക്ഷേ, 80 ശതമാനം പേരും അവ പഠനാവശ്യങ്ങള്ക്കും ഉപയോഗിക്കുന്നുണ്ട്. 2025-ല്‍ പ്രീപ്രിന്റ്സ്. ഓര്‍ഗ് നടത്തിയ ഒരു പഠനം അമിതമായി, അതായത് നാലു മണിക്കൂറില്‍ അധികം, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധക്കുറവിന് കാരണമാകാം എന്ന് കണ്ടെത്തി.

കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; ചെയ്യാവുന്ന ചില കാര്യങ്ങള്‍

കഴിഞ്ഞ ജനുവരിയില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ച 2024-25 വര്‍ഷത്തെ ഇന്ത്യന്‍ സാമ്പത്തിക സര്‍വ്വേ, രാജ്യത്ത് വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ ഉല്‍ക്കണ്ഠകള്‍, ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചക്കും ഉത്പാദനക്ഷമതയ്ക്കും വലിയ തിരിച്ചടി ഉണ്ടാക്കാനിടയുണ്ടെന്ന് വ്യക്തമാക്കുന്നു. സാമ്പത്തികാസൂത്രണത്തിന്റെ കേന്ദ്രസ്ഥാനത്ത് മാനസികാരോഗ്യത്തെ പ്രതിഷ്ഠിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2012-നും 2030-നും ഇടയില്‍ ഇന്ത്യയ്ക്ക് മാനസികത്തകരാറുകള്‍ കാരണം 1.03 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടായേക്കാം.

പ്രതിസന്ധിയോടു പ്രതികരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കോവിഡ് മഹാമാരിക്കു ശേഷം മാനസികാരോഗ്യ ഹെല്‍പ്പ്ലൈനുകളും സ്‌കൂളുകളിലെ കൗണ്‍സിലിംഗ് പ്രോഗ്രാമുകളും വ്യാപിപ്പിച്ചു; സന്നദ്ധ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സാക്ഷരതാ വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നു; സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മാധ്യമ ഉപയോഗ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ സൈക്യാട്രിസ്റ്റുകളും ചൈല്‍ഡ് സൈക്കോളജിസ്റ്റുകളും ആവശ്യപ്പെടുന്നു. സാമൂഹികമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കല്‍, ഉപയോക്താവിന്റെ നിര്‍ദ്ദിഷ്ടപ്രായം ഉറപ്പുവരുത്തല്‍, രാജ്യത്തിന്റെ വൈവിധ്യത്തിന് അനുയോജ്യമായ രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്ത് ദേശീയ സാമൂഹികമാധ്യമ നയം രൂപീകരിക്കാന്‍ മേഖലയിലെ വിദഗ്ധരും മറ്റും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും പഠനസൗകര്യവും തമ്മില്‍ സന്തുലനമുള്ളതാവണം നയം.

ചില ആശയങ്ങള്‍

  • സ്‌ക്രീന്‍ ഉപയോഗത്തിന് പൊതുവായ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുമ്പോഴും ഉണര്‍ന്നതിന് ശേഷമുള്ള ആദ്യത്തെ മണിക്കൂറും പോലുള്ള സമയങ്ങള്‍ ഫോണ്‍ ഉപയോഗിക്കേണ്ട.
  • നിഷ്‌ക്രിയമായി സ്‌ക്രീനില്‍ ചെലവിടുന്നതിനു പകരം സജീവവും സര്‍ഗാത്മകവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക. കുട്ടികളെ സമയമെടുക്കുന്ന പ്രോജക്റ്റുകള്‍ (എഴുത്ത്, കോഡിംഗ്, കരകൗശല വസ്തുക്കള്‍) ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.
  • ശ്രദ്ധ ഒരു നൈപുണിയാണെന്ന് പഠിപ്പിക്കുക: സുസ്ഥിരമായ ശ്രദ്ധ തിരിച്ചുപിടിക്കാന്‍ ദെനംദിനം ഹ്രസ്വവ്യായാമങ്ങള്‍ (ശ്രദ്ധാപൂര്‍വ്വമായ വായന, ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍) ശീലിപ്പിക്കുക
  • ഫോണ്‍ നിരോധനത്തേക്കാള്‍ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് മുന്‍ഗണന കൊടുക്കുക. അല്‍ഗോരിതങ്ങള്‍, സ്വകാര്യത, ശ്രദ്ധയുടെ സാമ്പത്തികശാസ്ത്രം എന്നിവ മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുക.
  • ഉറങ്ങാന്‍ നേരത്തുള്ള സ്‌ക്രീന്‍സമയം പരിമിതപ്പെടുത്തുക

ഈ ഇടപെടലുകള്‍ക്ക് സ്‌കൂളുകളാണ് ഏറ്റവും അനുയോജ്യം. ജീവിതനൈപുണ്യ ക്ലാസുകളുമായി ഡിജിറ്റല്‍ ക്ഷേമത്തെ സംയോജിപ്പിക്കുക, കുട്ടികളിലെ ശ്രദ്ധ വ്യതിചലന രീതികള്‍ കണ്ടെത്താന്‍ അധ്യാപകരെ പരിശീലിപ്പിക്കുക, പരീക്ഷാ ഉത്കണ്ഠയുടെ കാര്യത്തിലെന്ന പോലെ ഓണ്‍ലൈന്‍ സമ്മര്‍ദ്ദങ്ങളെ അഭിസംബോധന ചെയ്യുന്ന കൗണ്‍സലിംഗ് പതിവായി നല്‍കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാവുന്നതാണ്.