ലോകത്ത് നീതി, സമത്വം, മനുഷ്യാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനും ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനമായി ആചരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ഇല്ലാതാക്കുക, ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്ന തില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക, ദുര്‍ബല ജനവിഭാഗങ്ങളെ സംരക്ഷിക്കുക, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക, ഇവ സംബന്ധിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. തൊഴിലില്ലായ്മ പരിഹരിക്കുക, മനുഷ്യാവകാശലംഘനങ്ങള്‍ തടയുക എന്നിവയും ദിനാചരണ ലക്ഷ്യങ്ങളാണ്.

To advertise here,

മതം, ജാതി, വര്‍ണ്ണം, ലിംഗം, പ്രായം, പദവി സമ്പത്ത്, ജനന സ്ഥലം, സംസ്‌കാരം തുടങ്ങിയവ യുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ ഒന്നുമില്ലാതെ ഈ ഭൂമിയിലെ ഓരോ മനുഷ്യനും സമൂഹ്യനീതി ഉറപ്പുവരുത്തണ മെന്ന് സാമൂഹ്യനീതി ദിനാചരണ ത്തിലൂടെ  ഐക്യരാഷ്ട്രസഭ ലോകരാഷ്ട്രങ്ങളെയും പൊതുസമൂ ഹത്തെയും ഓര്‍മിപ്പിക്കുന്നു. സ്ത്രീ-പുരുഷസമത്വം ഉറപ്പാക്കുക, സമ്പന്നനും ദരിദ്രനും  തമ്മിലുള്ള അന്തരം കുറയ്ക്കുക, എല്ലാവര്‍ ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നിവയും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.

സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കിയുള്ള ഐക്യരാഷ്ട്രസഭയുടെ കോപ്പന്‍ ഹേഗന്‍ പ്രഖ്യാപനം 1995 ല്‍ ഉണ്ടായി. ഈ പ്രഖ്യാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2007 നവംബര്‍ 27 ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനമായി തിരഞ്ഞെടുത്തു. തുടര്‍ന്ന് 2009 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനമായി ആചരിച്ചുവരുന്നു.

സുസ്ഥിരമായ ഭാവിക്കുവേണ്ടി നീതിയുക്തമായ മാറ്റത്തെ ശക്തിപ്പെടുത്തുക (Strengthening a Just Transition for a Sustainable Future) എന്നതാണ് ഈ വര്‍ഷത്തെ സാമൂഹ്യനീതി ദിനാചരണത്തിന്റെ പ്രമേയം. സുസ്ഥിരമായ ഭാവിക്കു വേണ്ടിയുള്ള സര്‍ക്കാരുകളുടെ നയപരമായ മാറ്റങ്ങളും പദ്ധതി രൂപവല്‍ക്കരണവും എല്ലാവര്‍ക്കും, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവര്‍ക്ക് പ്രയോജനകരമാണെന്ന് ഉറപ്പാക്കണമെന്ന് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശത്തിലൂടെ ഐക്യരാഷ്ട്ര സംഘടന അംഗരാഷ്ട്രങ്ങളോട് നിര്‍ദ്ദേശിക്കുന്നു. മനുഷ്യര്‍ക്കിടയിലെ സാമൂഹ്യ അസമത്വങ്ങളും ഉച്ചനീചത്വങ്ങളും അവസാനിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും എല്ലാ മേഖലകളിലും തുല്യ അവസരം നല്‍കി നീതിനിഷ്ഠമായ ഒരു ഭാവി പടുത്തുയര്‍ത്തുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ പങ്കാളികളാകണമെന്ന സന്ദേശമാണ് ഈ പ്രമേയത്തിലൂടെ ഐക്യരാഷ്ട്ര സംഘടന നല്‍കുന്നത്.

പാരിസ്ഥിതിക സുസ്ഥിരതയെ സാമൂഹ്യ നീതിയുമായി ഇഴചേര്‍ക്കുന്ന ഒരു സമഗ്ര സമീപനം ആവശ്യമാണെന്ന് യു.എന്‍ ഈ വര്‍ഷം നിര്‍ദ്ദേശിക്കുന്നു. ഇതിന് കുറഞ്ഞ കാര്‍ബണ്‍ സമ്പദ്​വ്യവസ്ഥകളിലേക്കുള്ള നീക്കം രാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. 2024-ല്‍ആഗോള തൊഴില്‍ വളര്‍ച്ച തൊഴില്‍ശക്തിക്ക് അനുസൃതമായി വളര്‍ന്നിട്ടുണ്ടെന്ന് യുഎന്‍ വിലയിരുത്തുന്നുണ്ട്. തൊഴിലില്ലായ്മാ നിരക്ക് അഞ്ച് ശതമാനം എന്നത് സ്ഥിരമായി നിര്‍ത്താന്‍ കഴിഞ്ഞു. എന്നിരുന്നാലും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍  കാര്യമായ പുരോഗതിയുണ്ടായില്ല. അത് 12.6 % എന്ന ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. അതുകൊണ്ടുതന്നെ തൊഴിലധിഷ്ഠിത പരിശീലനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ ശക്തമായ സാമൂഹിക സംരക്ഷണ നടപടികളിലൂടെ തൊഴിലാളികള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രങ്ങള്‍ ഉറപ്പാക്കണമെന്ന് യുഎന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.  

സാമ്പത്തിക പരിഷ്‌കാരങ്ങളും വ്യവസായങ്ങളുടെ തകര്‍ച്ചയും ദീര്‍ഘകാല തൊഴിലില്ലായ്മയിലേക്കോ വര്‍ദ്ധിച്ച സാമൂഹിക അസമത്വത്തിലേക്കോ നയിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഡീകാര്‍ബണൈസേഷനും സാമ്പത്തിക പരിഷ്‌കരണങ്ങളും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനും അസമത്വം കുറയ്ക്കുന്നതിനും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉതകുന്ന നയങ്ങളുമായി കൈകോര്‍ക്കണം. സാമൂഹ്യ നീതിയുടെ തത്വങ്ങള്‍ ആഗോള, ദേശീയ നയങ്ങളിലേക്ക് സംയോജിപ്പിക്കുക എന്ന സമീപനം രാഷ്ട്രങ്ങള്‍ സ്വീകരിക്കണം. നീതിയുക്തമായ ഒരു പരിവര്‍ത്തനം ശക്തിപ്പെടുത്തുക എന്നത് സാമ്പത്തിക, പാരിസ്ഥിതിക സംവിധാനങ്ങളെ പുനര്‍വിചി ന്തനം ചെയ്യുക എന്നത് കൂടിയാണെന്നും യു എന്‍ രാഷ്ട്രങ്ങളെ ഓര്‍മിപ്പിക്കുന്നു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും എല്ലാവരെയും ഒരുപോലെ  ഉള്‍ക്കൊള്ളുന്ന നയങ്ങളിലൂടെയും പരിസ്ഥിതി സമഗ്രതയും സാമൂഹ്യ തുല്യതയും കൈകോര്‍ത്ത് പോകുന്ന ഒരു ഭാവി  സൃഷ്ടിക്കാന്‍ കഴിയുമെന്നും അത് യഥാര്‍ത്ഥത്തില്‍ സുസ്ഥിരമായ ഒരു ആഗോള സമ്പദ്വ്യവസ്ഥ യുടെ അടിത്തറ  രൂപപ്പെടുത്തുമെന്നും ഐക്യരാഷ്ട്ര സംഘടന പ്രത്യാശിക്കുന്നു.

സുസ്ഥിര വികസനത്തിന്റെയും ലോകസമാധാനത്തിന്റെയും അടിത്തറയാണ് സാമൂഹികനീതി.   സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളും വിവേചനങ്ങളും ഇല്ലാതാക്കി ദാരിദ്ര്യം, തൊഴിലില്ലായ്മ, മനുഷ്യാവകാശലംഘനങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമായ ഒരു ലോകം സൃഷ്ടിക്കുന്നതില്‍ സാമൂഹിക നീതി നിര്‍ണായക പങ്ക് വഹിക്കുന്നു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സാമൂഹിക നീതി  അനിവാര്യമാണ്. അതില്ലെങ്കില്‍ അസമത്വങ്ങള്‍ വര്‍ദ്ധിക്കുകയും സംഘര്‍ഷങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും ലോകം നയിക്കപ്പെടുകയും ചെയ്യും. രാഷ്ട്രങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണവും  സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സാമൂഹിക വിക സനവും സാമൂഹികനീതിയും അനിവാര്യമാണ്.  

എല്ലാവര്‍ക്കും സാമൂഹ്യനീതി എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിതലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍  നീക്കേണ്ടതുണ്ട്. ലോകത്ത് രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രങ്ങളിലെ വിവിധ സംസ്ഥാനങ്ങളില്‍ തമ്മിലും സമാധാനപരവും ഐശ്വര്യപൂര്‍ണവുമായ സഹവര്‍ത്തിത്വത്തിന് സാമൂഹ്യനീതി നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യരെ തുല്യരായി പരിഗണിക്കുക എന്നതാണ് സാമൂഹ്യനീതിയുടെ അടിസ്ഥാന തത്വം. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് പോലും ജീവിത സാഹചര്യ ങ്ങളിലും അവസരങ്ങളിലും സമത്വം അനുഭവിക്കാന്‍ കഴിയുമ്പോഴാണ് സാമൂഹ്യനീതി പുലരുന്നത്. ലോകപ്രശസ്ത തത്വചിന്തകന്‍  സോക്രട്ടീസ് നീതിയെക്കുറിച്ച് പറഞ്ഞു: 'നീതി എന്നാല്‍ നമ്മുടെ സുഹൃത്തുക്കള്‍ക്ക് നന്മ ചെയ്യുകയോ ശത്രുക്കളെ ദ്രോഹിക്കുകയോ അല്ല മറിച്ച് എല്ലാവരുടെയും ക്ഷേമമാണ് നീതി. ഒരു ഡോക്ടര്‍  രോഗികളുടെ ക്ഷേമത്തിനു വേണ്ടി ചികിത്സിക്കുന്നത് പോലെ വേണം നീതിമാനായ ഭരണാധികാരി അല്ലെങ്കില്‍ സര്‍ക്കാര്‍ ജനക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടത്. '

ഭാരതത്തിന്റെ ദേശീയ പ്രസ്ഥാന നേതാക്കളും ഭരണഘടനാ ശില്പികളും സ്വപ്നംകണ്ട ക്ഷേമരാഷ്ട്രം   സാമൂഹ്യനീതിയില്‍ അധിഷ്ഠിതമാണ്. ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി  ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രഖ്യാപിക്കുന്നുണ്ട്. ഓരോ പൗരനും വിവേചനം ഇല്ലാതെ ക്ഷേമവും സമത്വവും പ്രദാനം ചെയ്യാന്‍ കഴിയുമ്പോഴേ സാമൂഹ്യനീതി നടപ്പിലാവുകയുള്ളൂ. സമൂഹത്തിലെ ഓരോ അംഗത്തിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്തി ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ ഭരണഘടനയുടെ  നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, എന്നീ മഹത്തായ  മൂല്യങ്ങളിലൂടെ സാമൂഹ്യനീതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശക തത്വങ്ങള്‍ ഭരണഘടനയില്‍ ഉണ്ട്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നിലനില്‍ക്കുന്ന ഒരു സമൂഹം സൃഷ്ടിച്ചുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തെ പരിപോഷിപ്പിക്കാന്‍ രാഷ്ട്രം പ്രയത്‌നിപ്രയത്‌നിക്കണം. നീതിപൂര്‍വവും മനുഷ്യത്വപര വുമായ സാഹചര്യങ്ങള്‍, വേതനം, ജീവിതനിലവാരം എന്നിവ തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം. രാജ്യത്തെ ഭൗതിക വിഭവങ്ങള്‍ ന്യായമായ രീതിയില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യണം. സമ്പത്തും ഉല്‍പാദന മാര്‍ഗ്ഗങ്ങളും ഏതാനും ചിലരില്‍ മാത്രമായി കേന്ദ്രീകരിക്കുന്നത് തടയണമെന്നും ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ നിര്‍ദ്ദേശമുണ്ട്.

സാമൂഹ്യനീതി പൂര്‍ണമായും കൈവരിക്കണമെങ്കില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.  ലോകത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ച് സാമൂഹ്യനീതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഐക്യരാഷ്ട്രസഭ നല്‍കിയ മഹത്തായ സംഭാവനയാണ് സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം. 1948 ഡിസംബര്‍ 10 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ചരിത്രപ്രസിദ്ധമായ മനുഷ്യാവകാശ പ്രമാണം ഇങ്ങനെ പ്രഖ്യാപിക്കുന്നു.' എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. എല്ലാവര്‍ക്കും തുല്യമായ പദവിയും അവകാശങ്ങളുമുണ്ട്. ബുദ്ധിയും മന:സാക്ഷിയും കൊണ്ട് അനുഗ്രഹീതനായ മനുഷ്യന്‍ പരസ്പരം സാഹോദര്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ് '. ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തെ ഓരോ പൗരനും സമത്വം, സ്വാതന്ത്ര്യം, ചൂഷണത്തില്‍ നിന്ന് സംരക്ഷണം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം തുടങ്ങിയ  അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് സാമൂഹ്യനീതി യാഥാര്‍ത്ഥ്യമാക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗത്തില്‍പെട്ടവര്‍, ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ആദിവാസി-ഗോത്രജനങ്ങള്‍, സാമ്പത്തികവും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍, തുടങ്ങി സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കേണ്ടതുണ്ട്. കുട്ടികള്‍, സ്ത്രീകള്‍ മുതിര്‍ന്ന പൗരന്മാര്‍,  ഭിന്നശേഷിയുള്ളവര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍, തുടങ്ങി സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമായ ജനവിഭാഗങ്ങളുടെ ക്ഷേമവും സമഗ്ര വികസനവും സാധ്യമാക്കേണ്ടതും സാമൂഹ്യ നീതി  കൈവരിക്കുന്നതിന് ആവശ്യമാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി വികസന പദ്ധതികളും നിയമങ്ങളും രാജ്യത്ത് നടപ്പിലാക്കി വരുന്നുണ്ട്.

എങ്കിലും സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു. നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കപ്പെടാത്തതും പദ്ധതികള്‍ ഫലപ്രദമായി നിര്‍വഹിക്കപ്പെടാത്തതും മൂലം സാമൂഹ്യനീതി ഇന്നും പലര്‍ക്കും അന്യമാണ്. നിയമങ്ങള്‍ കൊണ്ടും പദ്ധതികള്‍ കൊണ്ടും മാത്രം സാമൂഹ്യനീതിപൂര്‍ണമായും കൈവരിക്കാന്‍ കഴിയണമെന്നില്ല. സാമൂഹ്യ നീതിപൂര്‍ണമായ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പരസ്പര ബന്ധത്തിലും സാഹോദര്യത്തിലും ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ബന്ധങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ വളര്‍ന്നുവരേണ്ടതുണ്ട്. പട്ടിണി, ദാരിദ്ര്യം തൊഴിലില്ലായ്മ, പോഷകാ ഹാരക്കുറവ്, നിരക്ഷരത, രോഗങ്ങള്‍ പാര്‍പ്പിടമില്ലായ്മ, മലിനീകരണം, വിവേചനം തുടങ്ങിയ പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.

സമത്വ സുന്ദരമായ സമൂഹത്തില്‍ യാതൊരുവിധ വിവേചനവും ഇല്ലാതെ എല്ലാവരും തുല്യരായി പരിഗണിക്കപ്പെടുന്ന അവസ്ഥയാണ് സാമൂഹ്യ നീതി. നീതിനിഷ്ഠമായ സമൂഹം സൃഷ്ടിക്കേണ്ടത് ഭരണകൂടങ്ങളുടെ മാത്രം കടമയല്ല മറിച്ച് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്.  'ഒരാള്‍ക്ക് ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും മൂല്യമുള്ള കാര്യം സാമൂഹ്യ നീതിക്ക് വേണ്ടി പ്രയത്‌നിക്കുക എന്നതാണ് '.