
പാകിസ്താനും ബംഗ്ലാദേശും അടുക്കുകയാണോ? ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് പാകിസ്താനില്‍നിന്നുള്ള ഒരു ചരക്കുകപ്പല്‍ ബംഗ്ലാദേശിന്റെ തെക്കു-കിഴക്കന്‍ തീരത്ത് നങ്കൂരമിട്ടു. പാനമയുടെ പതാകവെച്ച യുവാന്‍ സിയാങ് ഫാ സാന്‍ (Yuan Xiang Fa Zhan) എന്ന കപ്പലാണ് കറാച്ചിയില്‍നിന്ന് ചിറ്റഗോങ് തുറമുഖത്ത് എത്തിയത്. പാകിസ്താന്‍, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്നുള്ള വസ്ത്രവ്യാപാരത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ഭക്ഷ്യവസ്തുക്കളുമായിരുന്നു കപ്പലില്‍. അഞ്ച് പതിറ്റാണ്ടിനിടെ ഇതാദ്യമായിട്ടാണ് ഒരു കപ്പല്‍ പാകിസ്തിനില്‍നിന്ന് നേരിട്ട് ബംഗ്ലാദേശിലെത്തുന്നത്. നേരത്തെ പാകിസ്താനില്‍നിന്നുള്ള ചരക്കുകള്‍ മറ്റ് രാജ്യങ്ങളില്‍ ഇറക്കിയശേഷം ഫീഡര്‍ വെസലുകള്‍ വഴിയായിരുന്നു ബംഗ്ലാദേശില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ആ പതിവ് തെറ്റിച്ചുകൊണ്ടാണ് ഒരു പാക് കപ്പല്‍ ബംഗ്ലാദേശ് തീരത്ത് അടുത്തത്. പാക്ക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് പിന്നാലെയാണ് കപ്പല്‍ ബംഗ്ലാദേശിലെത്തിയത്.
പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനാകട്ടെ ബംഗ്ലാദേശിന്റെ രൂപീകരണത്തോളം പഴക്കമുണ്ട്. പടിഞ്ഞാറന്‍ പാകിസ്താനും കിഴക്കന്‍ പാകിസ്താനും തമ്മില്‍ രണ്ടുപതിറ്റാണ്ടിലേറെ നീണ്ട സംഘര്‍ഷങ്ങളാണ് 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ കലാശിച്ചതും പിന്നാലെ ബംഗ്ലാദേശ് സ്വതന്ത്രരാജ്യമാകുന്നതും. അതിന് ശേഷം ഏറിയും കുറഞ്ഞുമിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വല്ലാതെ മോശമാകുന്നത് ഹസീനയുടെ കാലഘട്ടത്തിലാണ്. ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല ഭരണകൂടം ബംഗ്ലാദേശില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. പാകിസ്താനുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ വലിയ സൂചനകളാണ് പുറത്തുവരുന്നത്. ഇതില്‍ പക്ഷേ ഇന്ത്യയ്ക്ക് വലിയ താല്‍പര്യവുമില്ല.
വിഭജനത്തില്‍ തുടങ്ങുന്ന ചരിത്രം
ബംഗാള്‍ വിഭജനം മുതല്‍ തുടങ്ങുന്നതാണ് ബംഗ്ലാദേശിന്റെ ആധുനിക ചരിത്രം. 1905-ലാണ് ബ്രിട്ടീഷുകാര്‍ ബംഗാളിനെ രണ്ടായി വിഭജിക്കുന്നത്. ധാക്ക തലസ്ഥാനമായി കിഴക്കന്‍ ബംഗാളും കല്‍ക്കത്ത ആസ്ഥാനമായി പടിഞ്ഞാറന്‍ ബംഗാളും. പക്ഷേ, ശക്തമായ പ്രതിഷേധമാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. ഇതോടെ 1912-ല്‍ വിഭജനം റദ്ദാക്കി. 1947-ല്‍ ഇന്ത്യ-പാക് വിഭജനസമയത്ത് ഭൂമിശാസ്ത്രപരമായി ബന്ധമില്ലാതിരുന്നിട്ടുകൂടി മുസ്ലിം ഭൂരിപക്ഷമേഖലയായ കിഴക്കന്‍ ബംഗാളിനെ പാകിസ്താന്റെ ഭാഗമാക്കി. പടിഞ്ഞാറുഭാഗം ഇന്ത്യയുടെ ഭാഗമായി തുടര്‍ന്നു. മതത്തെ അടിസ്ഥാനമാക്കിയായിരുന്നു കിഴക്കന്‍ ബംഗാളിന്റെ അതിര്‍ത്തികള്‍. വിഭജനത്തിന് പിന്നാലെ പുതിയ അതിര്‍ത്തികള്‍ക്ക് ഇരുവശത്തേക്കും വലിയ തോതിലുള്ള കുടിയേറ്റം നടന്നു.
ഹിന്ദു ഭൂരിപക്ഷ ജില്ലകളില്‍നിന്ന് കിഴക്കന്‍ ബംഗാളില്‍ എത്തിയ മുസ്ലീം ബംഗാളികള്‍ക്കൊപ്പം ബീഹാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍നിന്നും മുസ്ലീങ്ങള്‍ ബംഗ്ലാദേശിലേക്ക് കുടിയേറി. ഇന്ത്യയ്ക്ക് ഇരുവശത്തുമായി വിഘടിച്ചുപോയ പാകിസ്താന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ദുര്‍ബലമായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള ഭയമായിരുന്നു അവരുടെ പൊതുതാല്‍പര്യം. ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന പടിഞ്ഞാറന്‍ പാകിസ്താനും ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ പാകിസ്താനും തമ്മില്‍ തുടക്കത്തിലേ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു. സൈന്യത്തിലും ഭരണത്തിലും ഉറുദു പൊതുഭാഷയായി ഉപയോഗിക്കുന്നതുവഴി ഏകീകരണം സാധ്യമാകുമെന്ന് ജിന്നയും അദ്ദേഹത്തിന്റെ ഉപദേശകരും വിശ്വസിച്ചു.
1948 ആയപ്പോഴേക്കും പടിഞ്ഞാറന്‍ ഭരണത്തിന്റെ മേല്‍ക്കോയ്മയില്‍ കിഴക്കന്‍ പാകിസ്താന്‍ അസ്വസ്ഥരായിത്തുടങ്ങി. ബംഗാളിയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാത്തതിലും ബംഗാളികളല്ലാത്തവരുടെ ഭരണത്തിലും ബംഗാളികള്‍ നീരസപ്പെടാന്‍ തുടങ്ങി. കയറ്റുമതി വരുമാനത്തിന്റെ 70 ശതമാനം സംഭാവന ചെയ്തിട്ടും ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം മാത്രം കിഴക്കന്‍ മേഖലയ്ക്കായി അനുവദിച്ചതും നീരസം വര്‍ധിപ്പിച്ചു. ഭരണത്തിലെ നിര്‍ണായക സ്ഥാനങ്ങളില്‍ പടിഞ്ഞാറന്‍ പാകിസ്താന്‍ ആധിപത്യം സ്ഥാപിച്ചതോടെ കിഴക്കന്‍ ബംഗാളില്‍ അസ്വസ്ഥതകള്‍ പ്രത്യക്ഷമായി. 1948 ഫെബ്രുവരി 23-ന് പാകിസ്താന്‍ ഉറുദുവിനെ ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ ബംഗാളി പഠിപ്പിക്കുന്നത് വിലക്കി. കറന്‍സിനോട്ടുകളില്‍നിന്നും സ്റ്റാമ്പുകളില്‍നിന്നുംവരെ ബംഗാളിയെ ഒഴിവാക്കി.
ഇത് കിഴക്കന്‍ പാകിസ്താനിലെ ബംഗാളി സംസാരിക്കുന്ന ആളുകള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ കിഴക്കന്‍ പാകിസ്താനില്‍ 'ബംഗാളി ഭാഷാപ്രസ്ഥാനം' എന്നപേരില്‍ പ്രക്ഷോഭമാരംഭിച്ചു. പ്രതിഷേധങ്ങളും നിയമത്തോടുള്ള ജനകീയാതൃപ്തിയും നേരിടാന്‍ സര്‍ക്കാര്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. പക്ഷേ, നിയമം ലംഘിച്ച് ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരും 1952 ഫെബ്രുവരി 21-ന് പ്രതിഷേധം സംഘടിപ്പിച്ചു. പോലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ പ്രതിഷേധം രൂക്ഷമായി. പിന്നാലെ അവാമി മുസ്ലീം ലീഗി(പിന്നീട് അവാമി ലീഗ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു)ന്റെ നേതൃത്വത്തില്‍ പ്രതിഷേധം വ്യാപകമായി. നീണ്ട സമരപരമ്പരകള്‍ക്കൊടുവില്‍ 1956-ല്‍ ബംഗാളിയും പാകിസ്താന്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.

പടിഞ്ഞാറന്‍ പാകിസ്താനെതിരായ അസംതൃപ്തി
1958-ല്‍ പാകിസ്താനില്‍ സൈന്യം അധികാരം ഏറ്റെടുത്തതിന് ശേഷം ബംഗാളില്‍ അസംതൃപ്തി രൂക്ഷമായി. 1966-ല്‍ മുജീബുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ അവാമി ലീഗ് പാര്‍ട്ടി ആറിനമുന്നേറ്റത്തിന് തുടക്കംകുറിച്ചു. രാജ്യത്തെ പൂര്‍ണഅര്‍ഥത്തില്‍ ഫെഡറല്‍ സ്റ്റേറ്റാക്കി പ്രഖ്യാപിക്കുക, പ്രതിരോധം, വിദേശകാര്യം ഒഴിച്ചുള്ള മറ്റ് വിഷയങ്ങള്‍ സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമാക്കുക, പ്രത്യേക കറന്‍സിയും സാമ്പത്തികനയങ്ങളും അനുവദിക്കുക, പ്രത്യേക സൈന്യവും നാവികസേനയും അനുവദിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ഇതോടെ മുജീബുര്‍ റഹ്‌മാനെ വിഘടനവാദിയെന്ന് മുദ്രകുത്തി. മാത്രമല്ല, സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തെ പാക് പ്രസിഡന്റ് അയൂബ് ഖാന്‍ ജയിലിലടച്ചു. 1966-ലെ ആറിനമുന്നേറ്റത്തിന് തുടര്‍ച്ചയെന്നോണം 1969-ല്‍ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തിപ്രാപിച്ചു. ഈ പൊതുസമ്മര്‍ദം പ്രസിഡന്റ് അയൂബ് ഖാന്റെ രാജിയില്‍ കലാശിക്കുകയും ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ കുറ്റവിമുക്തനാകുകയും ചെയ്തു. അയൂബ് ഖാന്റെ പിന്‍ഗാമിയായി 1969-ല്‍ യഹ്യഖാന്‍ പാകിസ്താന്‍ പ്രസിഡന്റായി. പിറ്റേവര്‍ഷം നവംബറില്‍ കിഴക്കന്‍ പാകിസ്താനില്‍ 'ഭോല' ചുഴലിക്കാറ്റ് ആഞ്ഞുവീശി. അഞ്ചുലക്ഷത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍. പക്ഷേ, ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പടിഞ്ഞാറന്‍ നേതൃത്വം തികഞ്ഞ അവഗണയാണ് കാണിച്ചത്.
പ്രസിഡന്റ് യഹ്യാ ഖാന്‍ 1970 ഒക്ടോബറില്‍ ദേശീയ തിരഞ്ഞെടുപ്പിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അസംബ്ലി പാകിസ്താന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. 300 മണ്ഡലങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. കിഴക്കന്‍ പാകിസ്താനില്‍ 162-ഉം പടിഞ്ഞാറന്‍ പാകിസ്താനില്‍ 138-ഉം സീറ്റുകളാണുണ്ടായിരുന്നത്. ഡിസംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് അവാമി ലീഗ് വന്‍ഭൂരിപക്ഷം നേടി. പടിഞ്ഞാറന്‍ പാകിസ്താനിലെ 138 സീറ്റില്‍ 81 ഇടത്ത് സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായതില്‍ അധികം സീറ്റ് നേടിയതോടെ മുജീബുര്‍ റഹ്മാന്‍ പാകിസ്താന്റെ പ്രധാനമന്ത്രിയാകുമെന്ന നിലയിലായി കാര്യങ്ങള്‍. ഇത് മനസിലാക്കിയ യഹ്യഖാന്‍ പുതിയ പാര്‍ലമെന്റ് അധികാരത്തിലേറുന്നത് നീട്ടിവെച്ചു. പിന്നാലെ മുജീബുര്‍ റഹ്മാനെയും സുള്‍ഫിക്കര്‍ അലി ഭൂട്ടോയെയും യഹ്യഖാന്‍ ജയിലിലടച്ചു. മുജീബുര്‍ റഹ്മാനെ ജയിലിലടച്ചതിനേത്തുടര്‍ന്ന് 1971-ല്‍ കിഴക്കന്‍ പാകിസ്താനില്‍ വലിയ പ്രക്ഷോഭങ്ങളാരംഭിച്ചു. പിന്നാലെ പാകിസ്താനില്‍നിന്ന് കിഴക്കന്‍ പാകിസ്താന്‍ സ്വതന്ത്രരാകുകയാണെന്ന് അവാമി ലീഗ് പ്രഖ്യാപിച്ചു. ഇതോടെ പ്രതിഷേധക്കാരെ നേരിടാന്‍ യഹ്യഖാന്‍ കിഴക്കന്‍ പാകിസ്താനിലേക്ക് പാക് പട്ടാളത്തെ അയച്ചു.
ബംഗ്ലാദേശ് യുദ്ധസമയത്ത് പാകിസ്താന്‍ സൈന്യം വലിയ വംശഹത്യയാണ് ബംഗ്ലാദേശില്‍ നടത്തിയത്. 'ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് 'എന്നപേരില്‍ നടന്ന സൈനിക നടപടിയില്‍ അഞ്ചുലക്ഷത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിന്റെ ദേശീയ പോരാട്ടത്തെ പാക് സൈന്യവും റസാക്കർമാരും ചേര്‍ന്ന് അതിക്രൂരമായി നേരിട്ടു. യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യത്തിന്റെ സഹായ സേനയായിരുന്നു റസാക്കര്‍മാര്‍. സൈന്യത്തോട് തോള്‍ചേര്‍ന്ന് യുദ്ധത്തില്‍ ക്രൂരതയുടെ മുഖമായിമാറി റസാക്കര്‍മാര്‍. ഏകദേശം 50,000 റസാക്കര്‍മാര്‍ ബംഗ്ലാദേശികള്‍ക്കെതിരായ റെയ്ഡുകളില്‍ പാക് സൈന്യത്തെ സഹായിക്കുകയും ബംഗാളികളോട് അതിക്രൂരമായി പെരുമാറുകയും ചെയ്തു. സ്വാതന്ത്ര്യത്തിനായി പോരാടിയ ബംഗാളികളെ അവര്‍ സൈന്യത്തിന് ഒറ്റുക്കൊടുത്തു. കൂട്ടബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലും പീഡനങ്ങളിലും തീവെപ്പിലും പാക് സൈന്യത്തെ സഹായിച്ചു. ബംഗ്ലാദേശിലെ പാകിസ്താന്‍ അധിനിവേശത്തിനും ചൂഷണത്തിനുമെതിരേ ശബ്ദമുയര്‍ത്തിയ സാധാരണക്കാരെയും വിദ്യാര്‍ഥികളെയും ബുദ്ധിജീവികളെയും മതന്യൂനപക്ഷങ്ങളെയും വേട്ടയാടി. അവര്‍ക്കായി തടങ്കല്‍പ്പാളയങ്ങള്‍ പ്രവര്‍ത്തിപ്പിപ്പിച്ചു. ഇക്കാലയളവില്‍ 30 ലക്ഷത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍, പതിനായിരക്കണക്കിന് സ്ത്രീകളാണ് ബലാംത്സംഗം ചെയ്യപ്പെട്ടത്.

യുദ്ധത്തിന് പിന്നാലെ ബംഗ്ലാദേശ് സ്വതന്ത്രമാകുന്നു
പടിഞ്ഞാറന്‍ പാകിസ്താന്‍ സൈനിക നടപടി ആരംഭിച്ചതോടെ കിഴക്കന്‍ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് വലിയതോതിലുള്ള അഭയാര്‍ഥി പ്രവാഹമുണ്ടായി. ഏതാണ്ട് ഒരുകോടിയിലേറെ ബംഗാളികളാണ് ഇന്ത്യയില്‍ അഭയം തേടിയത്. ഇതോടെ പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. അതുവരെ സ്വീകരിച്ച നിഷ്പക്ഷ നിലപാട് മാറ്റി വിഷയത്തില്‍ ഇന്ത്യ പ്രത്യക്ഷത്തില്‍ ഇടപെട്ടത് ഇതിന് പിന്നാലെയായിരുന്നു. സമ്മര്‍ദ്ദതന്ത്രമാണ് ഇന്ത്യ ആദ്യം സ്വീകരിച്ചത്. നയതന്ത്രതലത്തിലും സാമ്പത്തികമായും പാകിസ്താനുമേല്‍ സമ്മര്‍ദം ചെലുത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു.എന്നിലടക്കം വിഷയമുന്നയിച്ചു. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല. ഇതോടെ ഇന്ത്യ കിഴക്കന്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചു. പാകിസ്താനെതിരേ കിഴക്കന്‍ മേഖലയില്‍ രൂപംകൊണ്ട വിമതസംഘടനയായ 'മുക്തിബാഹിനി'ക്ക് ഇന്ത്യ പരിശീലനം നല്‍കാനാരംഭിച്ചു. 1971 ഡിസംബര്‍ മൂന്നിന് പാകിസ്താന്‍, ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലകളിലെ വ്യോമതാവളങ്ങളില്‍ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷന്‍ ചെങ്കിസ് ഖാന്‍' എന്നപേരില്‍ നടത്തിയ ആക്രമണത്തില്‍ പഠാന്‍കോട്ട്, അമൃത്സര്‍ എന്നീ വ്യോമതാവളങ്ങളുടെ റണ്‍വേകളിലും അമൃത്സറിലെ റഡാര്‍ സംവിധാനത്തിനും കേടുപാടുണ്ടായി. കേടുപാടു പരിഹരിച്ചശേഷം ഇവിടെനിന്നുതന്നെ പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു.
ശ്രീനഗര്‍, അവന്തിപ്പോര്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ അടുത്ത ആക്രമണം. പിന്നീട് ഫരീദാകോട്ട് റഡാര്‍ സ്റ്റേഷനിലും ആഗ്രയിലും ലുധിയാനയ്ക്കടുത്തുള്ള ഹല്‍വാരയിലും പാകിസ്താന്റെ ബി-57 വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ഇതുകൂടാതെ ഉത്തര്‍ലേ, ജോധ്പുര്‍, ജയ്‌സാല്‍മേര്‍, ഭുജ്, ജാംനഗര്‍ എന്നിവിടങ്ങളിലും പാകിസ്താന്‍ വ്യോമാക്രമണം നടത്തുകയും ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയില്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാര്‍ സ്റ്റേഷനുകളും ആക്രമിച്ച് ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചു. പാകിസ്താനെ എല്ലാ അര്‍ഥത്തിലും വളയാന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കരസേന മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവു നല്‍കിയതോടെ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി. 13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. ഇന്ത്യയുടെ മൂന്നുസേനകളും ഒന്നിച്ചു പങ്കെടുത്ത ആദ്യത്തെ യുദ്ധംകൂടിയായിരുന്നു അത്. പാകിസ്താന്‍ കീഴടങ്ങിയതോടെ കിഴക്കന്‍ പാകിസ്താനെ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു.

അകന്നും അടുത്തും പാകിസ്താനും ബംഗ്ലാദേശും
ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പ്രധാന രാഷ്ട്രീയ എതിരാളി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) പാകിസ്താനില്‍ അധികാരത്തില്‍ വന്നു. തുടക്കത്തില്‍, ബംഗ്ലാദേശിനെ അംഗീകരിക്കാന്‍ പാകിസ്താന്‍ തയ്യാറായില്ല. മാത്രമല്ല, അവരെ അംഗീകരിക്കരുതെന്ന് മറ്റ് രാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 1972-ല്‍ കോമണ്‍വെല്‍ത്തിലെ ചില അംഗങ്ങള്‍ ബംഗ്ലാദേശിന്റെ അംഗത്വം നീട്ടിയതിനെ തുടര്‍ന്ന് പാകിസ്താന്‍ കോമണ്‍വെല്‍ത്ത് വിട്ടു. ബംഗ്ലാദേശിനെ അംഗീകരിച്ച മറ്റ് രാജ്യങ്ങളുമായുള്ള ബന്ധവും പാകിസ്താന്‍ വിച്ഛേദിച്ചു. യു.എന്‍. അംഗത്വത്തിനായുള്ള ബംഗ്ലാദേശിന്റെ അപേക്ഷ പാകിസ്താന്റെ അഭ്യര്‍ത്ഥന മാനിച്ച് ചൈന വീറ്റോ അധികാരം പ്രയോഗിച്ച് തടഞ്ഞു. പക്ഷേ, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍ ഉച്ചകോടിക്കായി മുജീബുര്‍ റഹ്മാന്‍ ലാഹോര്‍ സന്ദര്‍ശിച്ചു. പകരം, ബംഗ്ലാദേശിന് അംഗീകാരം നല്‍കുന്നതിന് പാക് പാര്‍ലമെന്റ് ഭൂട്ടോയെ അധികാരപ്പെടുത്തി. പിന്നാലെ പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോ ബംഗ്ലാദേശ് സന്ദര്‍ശിക്കുകയും ചെയ്തു.
മുജീബുര്‍ റഹ്മാന്റെ കൊലപാതകത്തിന് ശേഷം ബംഗ്ലാദേശില്‍ അധികാരത്തിലെത്തിയ സിയാവുര്‍ റഹ്മാന്റെയും പാകിസ്താനിലെ ഹുസൈന്‍ മുഹമ്മദ് എര്‍ഷാദിന്റെയും സര്‍ക്കാരുകള്‍ക്ക് കീഴില്‍ ബന്ധങ്ങള്‍ സാധാരണ നിലയിലായി. 1980 മുതല്‍ പാക് ഭരണാധികാരികള്‍ ബംഗ്ലാദേശില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും വ്യാപാര-സാംസ്‌കാരിക കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. 1991 മുതല്‍ 1996 വരെയുള്ള ഖാലിദ സിയയുടെ ഭരണകാലത്ത് കാലത്ത് ബന്ധം മോശമായിരുന്നു. 1998-ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പാകിസ്താന്‍ സന്ദര്‍ശിച്ചു. എന്നാല്‍ 2009-ല്‍ ഹസീന അധികാരത്തില്‍ വന്നതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി. ഹസീന സര്‍ക്കാര്‍ പാകിസ്താനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനോ മെച്ചപ്പെടുത്താനോ ശ്രമിച്ചില്ല. മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുള്‍പ്പെടെ ഷെയ്ഖ് ഹസീനയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷേ, ഹസീനയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല. പാകിസ്താനുമായി സൗഹൃദബന്ധം നിലനിര്‍ത്താന്‍ അവരുടെ സര്‍ക്കാര്‍ താല്‍പ്പര്യപ്പെട്ടില്ല. മാത്രമല്ല, ഇന്ത്യയുമായി അടുത്ത ബന്ധമാണ് അവര്‍ സൂക്ഷിച്ചത്. ഹസീനയുടെ പുറത്താകലിന് പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ പാകിസ്താനുമായി അടുക്കുന്ന നിലപാണ് സ്വീകരിച്ചത്.

പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയും
പാകിസ്താനിൽനിന്നുള്ള കപ്പല്‍ ബംഗ്ലാദേശില്‍ എത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വലിയ മാറ്റമാണ് സൂചിപ്പിക്കുന്നത്. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ മുറിവ് തന്നെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയുടെ മൂലകാരണം. ഹസീനയുടെ കാലത്ത് പാകിസ്താനെ ബംഗ്ലാദേശ് പരമാവധി അകറ്റി നിര്‍ത്തുന്നത് തുടര്‍ന്നു. മറുവശത്ത്, അവര്‍ ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഹസീനയെ പുറത്താക്കുകയും അവര്‍ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്തതിന് ശേഷം അധികാരത്തിലെത്തിയ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ നയം തീര്‍ത്തും വ്യത്യസ്തമായിരുന്നു. അവര്‍ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. നേരിട്ടുള്ള ചരക്ക്‌നീക്കം ആരംഭിച്ചതിന് പുറമേ, ഇരുരാജ്യങ്ങളും തമ്മിലുള്ള വിസ നടപടികളും ലഘൂകരിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ബംഗ്ലാദേശികള്‍ക്ക് വിസ ഫീസ് കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ ഇന്ത്യയുമായി ബന്ധം വേണ്ടെന്നാണ് രാജ്യത്തെ ഒരു വിഭാഗം വാദിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള സംരക്ഷണമെന്ന നിലയില്‍ പാകിസ്താനുമായി ആണവകരാറിന് വേണ്ടി വാദിക്കുന്ന തലത്തിലേക്ക് വരെയെത്തി ബംഗ്ലാദേശില്‍ കാര്യങ്ങള്‍.
എന്നാല്‍, ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് പാകിസ്താന്‍ അനുകൂലമോ പാക് വിരുദ്ധമോആയ നിലപാടില്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. വിദേശനയത്തില്‍ സമവായ സമീപനമാണ് ആഗ്രഹിക്കുന്നതെന്നാണ് വിശദീകരണം. പക്ഷേ ഇത് പോലും പാകിസ്താന് ഗുണകരമാണെന്നാണ് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ബംഗ്ലാദേശും പാകിസ്താനും തമ്മില്‍ അടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമല്ല. ഇന്ത്യയ്ക്ക് എതിരായി ബംഗ്ലാദേശില്‍നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഹസീന ഭരണകൂടം വലിയതോതില്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ യൂനുസ് ഭരണകൂടത്തിന് ഇതിലൊന്നും താല്പര്യമില്ല. അതിര്‍ത്തിയില്‍ ബംഗ്ലാദേശ് പരിശോധനകള്‍ കുറയ്ക്കുന്നത് അനധികൃത ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും നീക്കം സുഗമമാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ബംഗ്ലാദേശും ഇന്ത്യയും അടുത്തബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം മുഹമ്മദ് യൂനുസിനുമറിയാം. ബംഗ്ലാദേശിന് ഇന്ത്യയുടെ സഹായം ആവശ്യമാണ്. സാമ്പത്തികമോ സുരക്ഷയോ ജലമോ എന്തായാലും ഇന്ത്യയെ പിണക്കിക്കൊണ്ട് ബംഗ്ലാദേശിന് മുന്നോട്ട് പോകാനാകില്ലെന്ന് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Should India Be Worried About growing Pakistan-Bangladesh relations
Published: 22 Nov 2024, 11:00 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented