''ആദ്യം സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം, സ്വന്തം വ്യക്തിത്വം കണ്ടെത്താന്‍ ശ്രമിക്കണം. ശരദ് പവാറിനോട് യോജിച്ച് പോവാനാവില്ലെന്നും പറഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി സ്വന്തം സ്ഥാനാര്‍ഥികളെ വെച്ച് മത്സരിക്കുമ്പോള്‍ എന്തിനാണ് നിങ്ങള്‍ ശരദ് പവാറിന്റെ ചിത്രവും അദ്ദേഹത്തിന്റെ പാരമ്പര്യവും പറഞ്ഞ് വോട്ട് തേടുന്നത്. ഇത്  വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കും.പ്രചാരണത്തിൽ ശരദ്പവാറിന്റെ ചിത്രമോ, വീഡിയോയോ ഉപയോഗിക്കരുതെന്നും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടരുതെന്നും പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍ക്കുലര്‍ ഇറക്കണം''. മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ഇരുപതാം തീയതി നടക്കാനിരിക്കെ അജിത് പവാറിന്റെ എന്‍.സി.പി പക്ഷത്തിന് സുപ്രീംകോടതി നൽകിയ നിർദേശമാണ്.  

To advertise here,

തെറ്റിപ്പിരിഞ്ഞ് രണ്ട് പാര്‍ട്ടിയായി മത്സരിക്കുമ്പോഴും അജിത് പവാറിന്റെ എന്‍.സി.പി പക്ഷം ഇപ്പോഴും ശരദ്പവാറിന്റെ ഐഡിന്റിറ്റി തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി കൊണ്ടായിരുന്നു അജിത് പവാര്‍ പക്ഷത്തെ സുപ്രീംകോടതി ശക്തമായി വിമര്‍ശിച്ചത്. മുതിര്‍ന്ന പവാറിന്റെ ഒരു വീഡിയോ അജിത് പവാര്‍ പക്ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയുമായിരുന്ന ഹര്‍ജി. അത് പഴയ വീഡിയോ ആണെന്ന് പറഞ്ഞ് വാദത്തെ അജിത് പവാര്‍ പക്ഷം എതിര്‍ത്തെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു അജിത് പവാര്‍ പക്ഷത്തിന് സുപ്രീംകോടതി ശക്തമായ നിര്‍ദേശം നല്‍കിയത്.

ശരദ്പവാറിനെ പിന്നില്‍ നിന്ന് കുത്തി അജിത് പവാര്‍ എന്‍.സി.പിയുടെ ചിഹ്നവും പേരും സ്വന്തമാക്കിയിട്ടും അമ്മാവനെ പൂര്‍ണമായും തള്ളിപ്പറയാന്‍ അജിത് തയ്യറായായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുമായിരുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രം 36 സീറ്റുകളിലാണ് രണ്ട് പവാര്‍പക്ഷ സ്ഥാനാര്‍ഥികളും പരസ്പരം മത്സരിക്കുന്നത്. പക്ഷെ ശരദ്പവാറിന്റെ നിഴലില്ലാതെ അജിത്പക്ഷത്തിന് ഇവിടങ്ങളിലൊന്നും എളുപ്പത്തില്‍ വിജയിച്ച് കയറുക സാധ്യമല്ല. ഇതോടെയായിരുന്നു തങ്ങള്‍ ശത്രുക്കളല്ലെന്ന പ്രതീതിയുണ്ടാക്കാന്‍ വീഡിയോ പ്രചാരണം. ഇതിനിടെ താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന ശരദ് പവാറിന്റെ  പ്രസ്താവന കൂടി വന്നതോടെ ഇതും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. വൈകാരികതയെ എന്നും ആയുധമാക്കിയ ശരദ്പവാര്‍ മുമ്പും ഇത്തരത്തില്‍ പല തവണ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും വീണ്ടും സജീവമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എന്നത്തേയും പോലെ ഇത്തവണയുമുള്ള വിരമിക്കല്‍ പ്രഖ്യാപനവും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യമിട്ടാണോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.

placeholder
ശരദ് പവാര്‍ | ANI

പലകാലം പലപേരുകള്‍ പല ചിഹ്നം

പതിനാല് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. അപ്പോഴൊന്നും എന്നെ വെറും കയ്യോടെ നിങ്ങള്‍ വീട്ടിലേക്ക് പറഞ്ഞയച്ചില്ല. വിജയത്തിനപ്പുറം നിങ്ങളെന്നെ സ്നേഹം കൊണ്ട് മൂടി. പക്ഷെ എനിക്ക് നിര്‍ത്തണമെന്നുണ്ട്. നിങ്ങളുടെ പിന്തുണയോടെയാണ് ഞാന്‍ ആദ്യം നിയമസഭയിലേക്ക് പോയത്. സഹമന്ത്രിയും കാബിനറ്റ് മന്ത്രിയുമായി. നാലുതവണ മുഖ്യമന്ത്രിയായി. കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയുമായി. പത്തുവര്‍ഷം കൃഷിമന്ത്രിയായും പ്രവര്‍ത്തിച്ചു, ഇന്ന് ഞാന്‍ രാജ്യസഭയിലാണ്. അതുകൂടി കഴിഞ്ഞാല്‍ നിര്‍ത്തണം.
മഹാരാഷ്ട്രയുടെ മത്സര രാഷ്ട്രീയത്തില്‍ നിന്ന് തന്റെ റിട്ടയര്‍മെന്റ് സാധ്യത പ്രഖ്യാപിച്ച് ഒരിക്കല്‍ കൂടെ ശരദ് പവാര്‍ എന്ന രാഷ്ട്രീയ ചാണക്യന്‍ വാര്‍ത്തയില്‍ ഇടം പിടിക്കുമ്പോള്‍ 84 ാം വയസ്സിലും അദ്ദേഹം ജനങ്ങള്‍ക്കിടയിലായിരുന്നു. പക്ഷെ താന്‍ സ്ഥാപിച്ച എന്‍.സി.പിയെന്ന പാര്‍ട്ടി രണ്ടായി മാറിയിരിക്കുന്നു. അജിത് പവാറിന്റെ എന്‍.സി.പി.യും ശരദ് പവാറിന്റെ എന്‍.സി.പിയും ഒരേ മണ്ഡലത്തില്‍ തന്നെ പരസ്പരം മത്സരിക്കുന്ന അവസ്ഥ. എങ്കിലും ശരദ് പവാര്‍ എന്നും മറാഠികള്‍ക്ക് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഗ്രാന്‍ഡ് ഓള്‍ഡ് മാന്‍ ആയിരുന്നു.

 അജിത് പവാറുമായി പോരാടി സ്വന്തം ചിഹ്നം പോലും ശരദ് പവാറിന്റെ എന്‍.സി.പിക്ക് നഷ്ടപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി മുറവിളി കൂട്ടിയവര്‍ ഇങ്ങനെ പറഞ്ഞു.  ചിഹ്നം നിങ്ങളുടേതാവും പക്ഷെ സ്ഥാപകന്‍ ഞങ്ങളുടേതാണ്. ചിഹ്നവും പേരുമല്ല അദ്ദേഹത്തെ നേതാവാക്കിയത്. പകരം മറാഠികളുടെ പിന്തുണയും സ്‌നേഹവുമാണ്. എത്ര പിന്നില്‍ നിന്ന് കുത്തിയാലും ശരദ് പവാര്‍ എന്ന നേതാവ് ഞങ്ങള്‍ക്ക് മുന്നില്‍ ജ്വലിച്ച് നില്‍ക്കും.

placeholder
ശരദ് പവാര്‍ | ANI

പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരേ സമരംചെയ്ത് നേതാവായ പവാര്‍

സ്‌കുള്‍ വിദ്യാര്‍ഥിയായിരിക്കേ 1956-ല്‍ ഗോവയിലെ പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ സമരം നയിച്ചാണ് ശരദ് പവാര്‍ രാഷ്ട്രീയ ഗോദയിലേക്ക് കാലെടുത്തുവെക്കുന്നത്. 1958 ല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പവാറിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കേന്ദ്ര മന്ത്രിസ്ഥാനങ്ങളും പല തവണകളായി മഹാരാഷ്ട്ര മുഖ്യമന്ത്രി പദവും വരെ തേടിയെത്തി. മഹാരാഷ്ട്ര രാഷ്ട്രീയം അങ്ങനെ പവാറിന്റെ നിയന്ത്രണത്തിലായി. ആറ് പതിറ്റാണ്ടോളമുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ പല പാര്‍ട്ടികളില്‍, പല പേരില്‍, നാല് തിരഞ്ഞെടുപ്പ് ചിഹ്നത്തിലെങ്കിലും ശരദ് പവാര്‍ മത്സര രംഗത്തുണ്ടായിരുന്നു. 1999 ല്‍ എന്‍.സി.പി രൂപികരിക്കുന്നതിന് മുന്നെ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്(ആര്‍), കോണ്‍ഗ്രസ്(യു), കോണ്‍ഗ്രസ്(സോഷ്യലിസ്റ്റ്), കോണ്‍ഗ്രസ് ഐ എന്നീ പാര്‍ട്ടികള്‍ക്കൊപ്പമായിരുന്നു. ഇരട്ടക്കാള, ചര്‍ക്ക, പശുവും കിടാവും, കൈപ്പത്തി, ഒടുവില്‍ ക്ലോക്ക് ഇങ്ങനെയായിരുന്നു ശരദ് പവാറിന്റെ ചിഹ്നങ്ങളും പാര്‍ട്ടികളും. ചിഹ്നവും പാര്‍ട്ടിയും നഷ്ടപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നതോടെ ഇത്തവണ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ( ശരദ്ചന്ദ്രപവാര്‍) എന്ന പേരിലായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ  ശരദ് പവാറിന്റെ എന്‍.സി.പി. നേരിട്ടത്.

ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നിന്നപ്പോള്‍ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണി വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര. അതുകൊണ്ടു തന്നെ ഇതിനെ തകര്‍ക്കാന്‍ ബിജെപി ആദ്യ ശിവസേനയെ പിളര്‍ത്തുകയായിരുന്നു. വൈകാതെ എന്‍സിപിയേയും പിളര്‍ത്തി. ഉദ്ദവും ശരദ് പവാറും ദുര്‍ബലരായി അധികാരത്തിന് പുറത്തായി. ശിവസേനയേയും എന്‍.സി.പിയേയും പിളര്‍ത്തി ബി.ജെ.പി നടത്തിയ ഓപ്പറേഷന്‍ താമരയിലൂടെ സംസ്ഥാന ഭരണം എന്‍.ഡി.എ പിടിച്ചെടുത്തുവെങ്കിലും അത് ശരദ് പവാറന് സമ്മാനിച്ചത് അപ്രതീക്ഷിത തിരിച്ചടിയാണ്. സ്വന്തം അനന്തരവന്‍ അജിത് പവാര്‍ തന്നെ എന്‍.സി.പിയിലെ ഭൂരിഭാഗം എം.എല്‍.എമാരേയും കൂടെ കൂട്ടി ശരദ് പവാര്‍ പക്ഷത്തെ ന്യൂനപക്ഷമാക്കിയതോടെ ചിഹ്നവും പാര്‍ട്ടി പേര് പോലും അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്തു. ശരദ് പവാറും അജിത് പവാറും തമ്മിലുള്ള തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇടപെട്ടതോടെയാണ്  പാര്‍ട്ടിയും ചിഹ്നവും അദ്ദേഹത്തിന് നഷ്ടമായത്.

സോണിയക്കെതിരേ നിലപാടെടുത്തു ഒടുവില്‍ പുറത്ത്

1999-ലെ പൊതുതിരഞ്ഞെടുപ്പ് സമയം വരെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു ശരദ് പവാര്‍. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് സമയത്ത്  ശരദ് പവാര്‍, താരിഖ് അന്‍വര്‍, പി.എ. സാങ്മ എന്നിവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരേ ഒരു പ്രമേയം അവതരിപ്പിച്ചു. ഒരു സ്വദേശി പ്രധാനമന്ത്രിയെയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ വിദേശി അല്ലെന്നുമായിരുന്നു പ്രമേയം. ഇത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് മൂന്ന് പേരെയും സോണിയാ ഗാന്ധി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതിനെ തുടര്‍ന്നായിരുന്നു ശരദ് പവാര്‍ എന്‍.സി.പി. രൂപീകരിച്ചത്. 1958-ല്‍ യൂത്ത് കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പവാര്‍ നിരവധി പദവികള്‍ വഹിച്ച ശേഷം കോണ്‍ഗ്രസ് വിട്ട് 1978-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് രൂപീകരിച്ചു. 1978-ല്‍ തന്നെ മഹാരാഷ്ട്രയില്‍ ആദ്യ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ 1987-ല്‍ ശിവസേനയുടെ ഉദയത്തോടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കേണ്ട ആവശ്യം ചൂണ്ടിക്കാട്ടി വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയാണുണ്ടായത്. ഇത് മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടാമതും വഴിയൊരുക്കുകയും ചെയ്തു.

1988-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശങ്കര്‍ റാവു ചവാനെ കേന്ദ്രമന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തതോടെയാണ് രണ്ടാമതും പവാറിന് അവസരം ലഭിച്ചത്. 1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ആകെയുള്ള  48 സീറ്റില്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ 1990-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി. സഖ്യം വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ആകെയുള്ള 288 സീറ്റില്‍ 141 സീറ്റ് മാത്രം നേടാനായ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. എന്നാല്‍ 12 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ പവാര്‍ പവര്‍ മഹാരാഷ്ട്രയില്‍ വീണ്ടും കണ്ടു, മൂന്നാം തവണയും ശരദ് പവാര്‍ മുഖ്യമന്ത്രി. 1999-ല്‍ സോണിയ ഗാന്ധിക്കെതിരേ തന്നെ പ്രമേയം അവതരിപ്പിച്ച് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയി എന്‍.സി.പി രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നീണ്ട 15 വര്‍ഷം 2014-വരെ എന്‍.സി.പി പിന്തുണയോടെ കോണ്‍ഗ്രസ് ഭരണമായിരുന്നു മഹാരാഷ്ട്രയില്‍.

placeholder
Rahul Gandhi, Sharad Pawar, Mallikarjun Kharge | ANI
രാഹുല്‍ഗാന്ധി, ശരദ് പവാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ | Photo: ANI

വിശാല പ്രതിപക്ഷത്തിന് ചുക്കാന്‍ പിടിച്ച നേതാവ്

മോദി സര്‍ക്കാരിനെതിരേ 2024-ലെ വിശാല പ്രതിപക്ഷ സഖ്യമെന്നതിന് ചുക്കാന്‍ പിടിച്ച രണ്ട് നേതാക്കള്‍ ശരദ് പവാറും നിതീഷ് കുമാറുമായിരുന്നു. നിതീഷ് എന്‍ഡിഎ പാളയത്തിലെത്തിക്കഴിഞ്ഞു. ഇന്ത്യാ മുന്നണി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷ വെച്ച സംസ്ഥാനങ്ങളിലൊന്നും മഹാരാഷ്ട്രയായിരുന്നു. ഇതിനിടെയാണ് അജിത് പവാറിനെ ചാടിച്ച് എന്‍.ഡി.എ മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കിയത്. എന്‍.ഡി.എയിലേക്കുള്ള അജിത് പവാറിന്റെ വരവ് സംസ്ഥാനത്തെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് സ്ട്രാറ്റജിയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ബി.ജെ.പി. നേതൃത്വം നേരത്തെ കണക്കുകൂട്ടിയിരുന്നു. ഇതിന്റെ ആദ്യ പടിയായിരുന്നു ഉദ്ദവ് സര്‍ക്കാരിനെ പിളര്‍ത്തിയുള്ള എന്‍.ഡി.എ. സര്‍ക്കാന്റെ രൂപീകരണം.

തങ്ങള്‍ക്ക് ഒറ്റയ്ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ കൂടെ കൂട്ടി 2024- ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കരുക്കള്‍ ഉറപ്പാക്കുന്നതിനായി ബി.ജെ.പി. നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഐക്യ പ്രതിപക്ഷ സഖ്യത്തിനായുള്ള കാഹളം മുഴങ്ങിത്തുടങ്ങിയതും. സഖ്യം യാഥാര്‍ഥ്യമായാല്‍  ഒരുപക്ഷെ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് എന്‍.ഡി.എ. വിലയിരുത്തിയ മഹാരാഷ്ട്രയില്‍ ആദ്യം ശിവസേനയേയും പിന്നെ എന്‍.സി.പിയേയും പിളര്‍ത്താനായത് വലിയ നേട്ടമായി ബി.ജെ.പി. കരുതുമ്പോഴാണ് തകര്‍ച്ച സമ്പൂര്‍ണമാക്കി പവാറിന് താനുണ്ടാക്കിയ പാര്‍ട്ടിയും ചിഹ്നവും പോലും കൈമോശം വരുന്നത്.

തലയ്ക്കുമുകളില്‍ ചാഞ്ഞതിനെയെല്ലാം വെട്ടി

തലയ്ക്ക് മുകളില്‍ ചാഞ്ഞതിനെയെല്ലാം വെട്ടിനിരത്തി വെടിപ്പാക്കിയ ചരിത്രമുണ്ട് ശരദ് പവാര്‍ എന്ന രാഷ്ട്രീയ ചാണക്യന് പറയാന്‍. എന്‍.സി.പിയെന്നാല്‍ ശരദ് പവാര്‍ എന്ന ഒറ്റവാക്കിലേക്ക് പാര്‍ട്ടിയേയും നേതൃത്വത്തേയും ഒതുക്കി നിര്‍ത്തുന്നതില്‍ വിജയിച്ചു പോന്നിരുന്നു ഇക്കാലമത്രയും. കഴിഞ്ഞ 24 വര്‍ഷക്കാലത്തെ എന്‍.സി.പിയുടെ ചരിത്രം ഇത് ശരിവെക്കുന്നതാണ്. അധികാരത്തിനായി തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യന്‍. കോണ്‍ഗ്രസിലിരിക്കെ സോണിയ ഗാന്ധിക്കെതിരേ പോലും പ്രമേയം  പാസാക്കി പുറത്തുപോയയാള്‍.  കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി. രൂപീകരിച്ച 1999 മുതലുള്ള ചരിത്രം നോക്കിയാല്‍ പവാറിന്റെ പവറിനപ്പുറം സഞ്ചരിച്ചിട്ടില്ല എന്‍.സി.പിയും അതിന്റെ നേതൃത്വവുമെന്ന് വ്യക്തമാവും. കോണ്‍ഗ്രസ് വിട്ടെങ്കിലും അതേ കോണ്‍ഗ്രസുമായി യുപിഎയ്‌ക്കൊപ്പം കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കാന്‍ പവാറിന് ഒരു ആദര്‍ശവും തടസ്സമായില്ല. പാര്‍ട്ടിക്കുള്ളില്‍  സഹോദര പുത്രന്‍ അജിത് പവാറും സംഘവും കലാപക്കൊടി ഉയര്‍ത്തി ഒരു വിഭാഗം ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലേക്ക് പവാറിനെ തള്ളിവിട്ടിരുന്നുവെങ്കിലും അത് പാര്‍ട്ടിയും ചിഹ്നവും പോലും നഷ്ടപ്പെടുന്ന തരത്തിലേക്ക് എത്തിപ്പെടുമെന്ന് ചിന്തിച്ചിരുന്നില്ല ഈ 84 കാരന്‍.

യഥാര്‍ഥ എന്‍.സി.പി. തങ്ങളാണെന്നും ഭൂരിപക്ഷ പിന്തുണയുണ്ടെന്നും അജിത് പവാര്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രശ്‌നം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍പിലെത്തിയത്. മാത്രമല്ല, പാര്‍ട്ടി ചിഹ്നവും പേരും തങ്ങള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് അന്തിമ വിധിയുണ്ടായത്. ഭൂരിപക്ഷം എം.എല്‍.എമാരുടേയും പിന്തുണ മാനദണ്ഡമാക്കിയാണ് അജിത് പവാറിന്റെ എന്‍.സി.പിയാണ് ഒറിജിനലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നമായ ക്ലോക്കും, എന്‍.സി.പിയെന്ന പേരും അജിത് പവാറിന് ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. 

placeholder
ശരദ് പവാര്‍, ഏക്‌നാഥ് ഷിന്ദേ, ഉദ്ധവ് താക്കറെ | Photo: ANI, PTI

വൈകാരികത ആയുധം

മഹാരാഷ്ട്ര മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് അജിത് പവാറും സംഘവും നേരത്തെ തന്നെ ബി.ജെ.പിയിലേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ രാജിയെന്ന ആയുധമിറക്കി പ്രതിരോധിച്ചിരുന്നു മുതിര്‍ന്ന പവാര്‍. അവസരം കാത്തിരുന്ന അജിത് പവാര്‍ ഒഴികെ ഭൂരിഭാഗം പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിന്റെ രാജി തീരുമാനത്തിനെതിരേ ശബ്ദമുയര്‍ത്തി രംഗത്ത് വന്നതോടെ തീരുമാനത്തില്‍നിന്നു പിന്‍മാറുകയായിരുന്നു.

ഒഴിഞ്ഞുപോവാനാണ് താല്‍പര്യമെങ്കില്‍ അതിന് അദ്ദേഹത്തെ അനുവദിക്കണമെന്നായിരുന്നു അന്ന് അജിത് പവാറിന്റെ നിലപാട്. പക്ഷേ, അണികളുടെ വൈകാരികതയെ എന്നും തന്റെ രാഷ്ട്രീയ ആയുധമാക്കുന്നതില്‍ വിജയിച്ച ശരദ് പവാര്‍ അങ്ങനെ രാജി പ്രഖ്യാപനവും മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റി. അജിത്തും ഒരു വിഭാഗം എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോഴും കേരളമടക്കുള്ള സംസ്ഥാനങ്ങള്‍ ശരദ് പവാറിനൊപ്പം ഉറച്ച് നില്‍ക്കുമെന്നറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് പവാര്‍ പവറിലെ ആത്മവിശ്വാസം കൊണ്ട് മാത്രമാണ്. താന്‍ വിചാരിക്കുന്നതിനപ്പുറം ഒരാളെയും പാര്‍ട്ടിയില്‍ വളരാന്‍ അനുവദിക്കാതിരുന്ന ശരദ് പവാര്‍ തനിക്ക് ശേഷം പാര്‍ട്ടിയെ മകള്‍ സുപ്രിയ സുലെയുടെ കൈയിലേല്‍പിക്കാനുള്ള നീക്കമാണ് സഹോദര പുത്രന്‍ കൂടിയായ അജിത്തിനെ  ചൊടിപ്പിച്ചത്. ഒടുവില്‍ ചിഹ്നവും പാര്‍ട്ടിയും വരെ കൈവിട്ട് പോവുന്നതിലേക്ക് കാര്യമെത്തുകയും ചെയ്തു.

1962-ല്‍ പുണെ ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ശരദ് പവാര്‍ 27-ാമത്തെ വയസ്സിലാണ് ആദ്യമായി മഹാരാഷ്ട്ര നിയമസഭയില്‍ അംഗമാവുന്നത്. അവിടുന്നിങ്ങോട്ട് അടിയന്തരാവസ്ഥാ കാലയളവില്‍ ശങ്കര്‍ റാവു ചവാന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത്, 1978-ല്‍ 38-ാമത്തെ വയസ്സില്‍ മഹരാഷ്ട്രയുടെ ഏറ്റവും കുറഞ്ഞ മുഖ്യമന്ത്രിയുമായി. പിന്നീട് 1988, 1990, 1993 കാലത്തും സംസ്ഥാന മുഖ്യമന്ത്രി പദം അലങ്കരിച്ച് മഹരാഷ്ട്ര രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനുമായി. ഇതിനിടയില്‍ ദേശീയ രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞതോടെ ശരദ് പവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായക മുഖമായി മാറുകയായിരുന്നു.

placeholder
സുപ്രിയ സുലേയും ശരദ് പവാറും | Photo: PTI

പിന്‍ഗാമി സുപ്രിയയോ

2012-ല്‍ കേന്ദ്രമന്ത്രിയായിരിക്കേ ഇനി മത്സരിക്കാല്ലെന്ന് പ്രഖ്യാപിച്ച് തന്റെ മണ്ഡലം ശരദ് പവാര്‍ മകള്‍ സുപ്രിയക്ക് കൈമാറിയതോടെയാണ് കാര്യങ്ങളുടെ  പോക്ക് അത്ര സുഖകരമല്ല എന്ന തോന്നലുണ്ടായത്. തനിക്ക് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതായി പാര്‍ട്ടിയുടെ 25-ാം വാര്‍ഷികാഘോഷ പരിപാടി നടക്കുന്നതിനിടെ ഡല്‍ഹിയില്‍  ശരദ് പവാറിന്റെ പ്രഖ്യാപനം. പുതിയ വര്‍ക്കിങ് പ്രസിഡന്റായി മകള്‍ സുപ്രിയ സുലെയെ അവരോധിച്ചതോടെ അജിത് പവാര്‍ വീണ്ടും ബാക് ബെഞ്ചിലേക്ക് തഴയപ്പെട്ടു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു സുപ്രിയ സുലെയേയും ഒപ്പം പ്രഫുല്‍ പട്ടേലിനേയും വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരദ് പവാര്‍ നിയോഗിച്ചത്.

ഇതോടെ നിരാശനായി മാധ്യമങ്ങളോട് സംസാരിക്കാതെ  മടങ്ങിയ അജിത് പവാര്‍ ഒടുവില്‍ അതേ പ്രഫുല്‍ പട്ടേലിനെ തന്നെ കൂടെക്കൂട്ടി കൂടുമാറ്റം നടത്തിയാണ് ഞെട്ടിച്ചത്. അച്ഛന്റെ ചുവട് പിടിച്ച് 2006-ല്‍ രാഷ്ട്രീയത്തിലിറങ്ങിയ സുപ്രിയ അധികാര കേന്ദ്രങ്ങളിലെക്കെത്തിയതും പെട്ടെന്നായിരുന്നു. സജീവ രാഷ്ട്രീയത്തിലിറങ്ങിയ ഉടനെ തന്നെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. പിന്നാലെ 2009-ല്‍ മഹാരാഷ്ട്രയിലെ ബാരാമതി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്  തിരഞ്ഞെടുക്കപ്പെടുക്കപ്പെടുകയും ചെയ്തു. തന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ മൂന്ന് ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തി വിജയിച്ചതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സുപ്രിയ നിര്‍ണായക ശക്തിയായി. 2014-ല്‍ മോദി തരംഗം ആഞ്ഞ് വീശിയപ്പോഴും ബി.ജെ.പി. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ചതോടെ സുപ്രിയയുടെ പ്രശസ്തി വര്‍ധിക്കുകയും ചെയ്തു.

ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിലെ മുന്‍ ക്യാബിനറ്റ് മന്ത്രിയും ബി.ജെ.പി. പിന്തുണയുള്ള സ്ഥാനാര്‍ഥിയുമായിരുന്ന മഹാദേവ് ജങ്കറിനെ ആയിരുന്നു ഇവര്‍ പരാജയപ്പെടുത്തിയത്. ആ തിരഞ്ഞെടുപ്പില്‍ 69,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപ്രിയ വിജയിച്ചത്. കൂടാതെ കോര്‍പ്പറേറ്റ് കാര്യങ്ങളും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ഉള്‍പ്പെടെ നിരവധി പാര്‍ലമെന്ററി കമ്മിറ്റികളുടെ ഭാഗമായും സുപ്രിയ പ്രവര്‍ത്തിച്ചു.

ശേഷം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1.69 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുലെ ബി.ജെ.പിയുടെ കാഞ്ചന്‍ കുലിനെ പരാജയപ്പെടുത്തിയത്. പാര്‍ലമെന്റിലെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ തന്റെ പ്രകടനത്തിന് 'മികച്ച പാര്‍ലമെന്റേറിയന്‍' അവാര്‍ഡും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതെല്ലാം സുപ്രിയയെ എന്‍.സി.പിയുടെ കടിഞ്ഞാണുറപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.

പിന്നില്‍ നിന്ന് കുത്തിച്ച ബിജെപി

മോദിക്കെതിരേ ദേശീയ തലത്തില്‍  ഉയര്‍ന്ന  പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയെ തകര്‍ക്കുന്നതിന് എളുപ്പവഴിയായി ബി.ജെ.പി. നേതൃത്വം കണക്ക് കൂട്ടിയിരുന്നത്  മഹാരാഷ്ട്രയില്‍ എന്‍.സി.പിയേയും ബിഹാറില്‍ ജെ.ഡി.യുവിനേയും തകര്‍ക്കുകയെന്നതായിരുന്നു. ഇതിനുള്ള ശ്രമം മഹാരാഷ്ട്രയില്‍ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും പവാറിന്റെ രാഷ്ട്രീയ തന്ത്രത്തില്‍ പലതും പാളിപ്പോയി. എന്നാല്‍, ശരദ് പവാറിനെ രാഷ്ട്രീയ ഗുരുവായി കാണുന്ന പ്രഫുല്‍ പട്ടേലിനെയടക്കം അജിത് പവാറിനൊപ്പം പുറത്തുചാടിച്ച് എന്‍.സി.പി. നേതൃത്വത്തിനെതിരേ വിപ്ലവക്കൊടി ഉയര്‍ത്തിയത് ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ ആദ്യവിജയമായി. മഹാരാഷ്ട്രയില്‍ എന്‍.സി.പിയെ പിളര്‍ത്തിയതോടെ കോണ്‍ഗ്രസ്, ഉദ്ദവ്, എന്‍.സി.പി. സഖ്യം ദുര്‍ബലമായി. ശരദ് പവാറിന് പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ടതോടെ മഹാരാഷ്ട്ര ദൗത്യം എന്‍.ഡി.എ പൂര്‍ത്തിയാക്കുകയും ചെയ്തു.

ഇതിനിടെ ബിഹാറില്‍ നിതീഷിനെ മറുകണ്ടം ചാടിച്ച് ജെ.ഡി.യുവിനെ പിളര്‍ത്തിയതോടെ ബിഹാര്‍ ദൗത്യവും പൂര്‍ത്തിയായി. പ്രതിപക്ഷ ഐക്യത്തിന് വിത്ത് പാകിയ നേതാവെന്ന നിലയില്‍ നിതീഷ് കുമാറിനെ മറുകണ്ടം ചാടിച്ചത്  അത് പ്രതിപക്ഷ കൂട്ടായ്മയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ തിരിച്ചടിയുമായി.