സംഘർഷം ഉണ്ടാക്കാതെ തങ്ങളുടെ ഭൂപ്രദേശപരമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി

പാകിസ്താൻ അനധികൃതമായി ചൈനയ്ക്ക് കൈമാറിയ ഷക്‌സ്ഗാം താഴ്‌വരയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. തർക്കപ്രദേശത്ത് ചൈന 75 കിലോമീറ്റർ നീളമുള്ള റോഡ് നിർമ്മിച്ചതാണ് പുതിയ നയതന്ത്ര സംഘർഷങ്ങളിലേക്ക് വഴിതുറന്നിരിക്കുന്നത്. ഒരുഭാഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാവുന്നതിനിടെയാണ് മറ്റൊരു ഭാഗത്ത് ചൈനീസ് പ്രകോപനം തുടരുന്നത്. അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം തകരാറിലാക്കിയേക്കുമെന്ന ആശങ്കകളുമുണ്ട്. അതിർത്തി കരാറിന്റെ ഭാഗമായി പാകിസ്താൻ ചൈനയ്ക്ക് വിട്ടുകൊടുത്തിരുന്ന പ്രദേശമാണ് ഷക്‌സ്ഗാം താഴ്‌വര. ഇവിടെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡിന്റെ നിർമ്മാണം ചൈന പൂർത്തിയാക്കിയതാണ് പുതിയ തർക്കങ്ങൾക്ക് വഴിമരുന്നിട്ടത്. എവിടെയാണ് ഷക്‌സ്ഗാം താഴ്‌വര? ഇന്ത്യയ്ക്ക് അവകാശമുള്ള മേഖലയെ പാകിസ്താൻ എന്തിനാണ് ചൈനയ്ക്ക് കൈമാറിയത്? ചൈനയുടെ നിർമാണം ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടോ?
ഷക്‌സ്ഗാം എന്ന തർക്കമേഖല
സിയാച്ചിൻ ഹിമപർവതത്തിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന ഏകദേശം 5180 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മേഖലയാണ് ഷക്സ്ഗാം താഴ്‌വര. കാരക്കോറം റേഞ്ചിന്റെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ചൈനീസ് അധീനതയിലുള്ള സിൻജിയാങ് പ്രവിശ്യയുമായി ഷക്‌സ്ഗാം മേഖല അതിർത്തി പങ്കിടുന്നുണ്ട്. തർക്കപ്രദേശമായ സിയാച്ചിൻ/അക്‌സയ് ചിൻ മേഖലയ്ക്ക് സമീപത്തുള്ള ഈ മേഖല പാക് അധീനതയിലുള്ള ഹുൻസ-ഗിൽഗിത് മേഖലയുടെ ഭാഗം കൂടിയാണ്.
ചരിത്രപരമായി ജമ്മു-കശ്മീരിന്റെ (ഇപ്പോഴത്തെ ലഡാക്ക് കേന്ദ്രഭരണ പ്രദേശം) ഭാഗമായിരുന്നു ഷക്‌സ്ഗാം. സ്വാതന്ത്ര്യാനന്തരം 1947 ഒക്ടോബറിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായതോടെ ഷക്സ്ഗാം താഴ്‌വര നിയമപരമായി ഇന്ത്യയുടെ ഭാഗമായി. എന്നാൽ പാകിസ്താൻ നടത്തിയ കശ്മീർ അധിനിവേശത്തിൽ ഈ പ്രദേശം പാകിസ്താന്റെ കൈവശമായി. 1963-ൽ പാകിസ്താനും ചൈനയും തമ്മിൽ ഒപ്പുവെച്ച അതിർത്തി കരാറിന്റെ ഭാഗമായി പാകിസ്താൻ ഈ പ്രദേശം ചൈനയ്ക്ക് വിട്ടുകൊടുത്തു. അതോടെയാണ് ഷക്‌സ്ഗാമിനെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള അവകാശതർക്കങ്ങളും ആരംഭിച്ചത്. ഈ കരാർ അനധികൃതവും നിയമവിരുദ്ധവുമാണെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ഇന്ത്യയ്ക്ക് പ്രദേശത്തിന്മേൽ പരിപൂർണ അവകാശമുണ്ടെന്ന് ഇന്ത്യ ആവർത്തിക്കുന്നു. ഷക്‌സ്ഗാം താഴ്‌വര മുഴുവനായും നമ്മുടേതാണെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. ചൈനയാകട്ടെ ഈ പ്രദേശം തങ്ങളുടെ സിൻജിയാങ് പ്രവിശ്യയുടെ ഭാഗമാണെന്നും 1963ലെ കരാർ പ്രകാരം അവകാശമുണ്ടെന്നും വാദിക്കുന്നു. അതിർത്തി കരാർ പ്രകാരം കശ്മീർ തർക്കം പരിഹരിക്കപ്പെടുന്ന മുറയ്ക്ക് വീണ്ടും ചർച്ചകൾ നടത്താമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇന്ത്യ ഈ അതിർത്തി കരാർ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇപ്പോൾ ചൈന ഈ മേഖലയിൽ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതാണ് പുതിയ തർക്കങ്ങളിലേക്ക് നയിച്ചത്.
ഇന്ത്യയ്ക്ക് നിർണായകം ഷക്‌സ്ഗാം
ജനവാസം നന്നേ കുറവുള്ളതും ദുർഘടമായ മേഖലയുമാണ് ഷക്‌സ്ഗാം താഴ്‌വര. എന്നിരുന്നാലും ഈ മേഖലയുടെ തന്ത്രപരമായ സ്ഥാനം ഇന്ത്യയ്ക്ക് നിർണായകമാണ്. സിയാച്ചിനിൽ നിന്ന് പാകിസ്താൻ നീക്കങ്ങളെ നിരീക്ഷിക്കാനും കാരക്കോറം മലനിരകളിൽ നിന്ന് ചൈനയെ നിരീക്ഷിക്കാനും ഷക്‌സ്ഗാം ഇന്ത്യയ്ക്ക് സ്വാധീനം നൽകുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ ഹിമാനദിയുടെ വടക്കുഭാഗത്താണ് ഈ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഇവിടെ നിയന്ത്രണ രേഖയിലാണ് (LoC) പാകിസ്താൻ സൈന്യത്തെ ഇന്ത്യ നിരീക്ഷിക്കുന്നത്. കാരക്കോറം ചുരവുമായുള്ള സാമീപ്യമാണ് ഇന്ത്യയ്ക്ക് ഈ സൗകര്യം നൽകുന്നത്. അതിനാൽ ഷക്‌സ്ഗാമിലെ ഏത് പ്രവർത്തനങ്ങളും നിയന്ത്രണ രേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലുമുള്ള ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെ നേരിട്ട് ബാധിക്കും.
ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ (CPEC) ഭാഗമായാണ് നിർമ്മാണം നടക്കുന്നത്. കാരക്കോറം മലനിരകളിൽനിന്നുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനും പാക് അധീന പ്രദേശങ്ങളിലേക്ക് കൂടുതൽ പ്രവേശനം നേടാനും ഈ റോഡ് ചൈനയെ സഹായിക്കും. അതിനാൽ സുരക്ഷാപരമായ പ്രത്യാഘാതങ്ങളും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ഈ പ്രദേശത്തെ ചൈനയുടെ സാന്നിധ്യത്തിലൂടെ പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള സംയോജിത ഭീഷണികൾ ഇന്ത്യയ്ക്ക് മുന്നിലെത്തും. സിയാച്ചിനടുത്തുള്ള റോഡ് കണക്ടിവിറ്റി, തുരങ്കങ്ങൾ, നിർമ്മാണ സൈറ്റുകൾ എന്നിവ വർധിച്ചതായാണ് 2025 അവസാനം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ബഫർ സോണുകൾ കുറയുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും പ്രതിരോധ നടപടികൾക്ക് തയ്യാറെടുക്കുന്നുണ്ടെന്നും ഇന്ത്യൻ കരസേനാ മേധാവി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഷക്സ്ഗാം താഴ്‌വര ഇന്ത്യൻ ഭൂപ്രദേശമാണെന്നും 1963-ലെ ചൈന-പാകിസ്താൻ കരാർ നിയമവിരുദ്ധവും അസാധുവുമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. 'പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യൻ ഭൂമിയിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ അംഗീകരിക്കുന്നില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ചൈനീസ് നിർമാണത്തെ എതിർത്തു. ഈ മേഖലയിൽ നടക്കുന്ന ഒരു പ്രവർത്തനത്തെയും ഇന്ത്യ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ചൈനയുടെ വാദം
ഷക്സ്ഗാം താഴ്‌വര തങ്ങളുടേതാണെന്നും സ്വന്തം മണ്ണിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് ചൈനയുടെ വാദം. സിപിഇസി (CPEC) എന്നത് വെറും സാമ്പത്തിക സഹകരണ പദ്ധതിയാണെന്നും അത് കശ്മീർ വിഷയത്തിലുള്ള തങ്ങളുടെ നിലപാടിനെ ബാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യക്തമാക്കുകയും ചെയ്തു. പ്രാദേശികമായ സാമൂഹിക-സാമ്പത്തിക വികസനത്തിനും ജനങ്ങളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സാമ്പത്തിക സഹകരണ പദ്ധതിയാണിതെന്നാണ് ചൈനയുടെ നിലപാട്. ഷക്‌സ്ഗാമിനെ ചൊല്ലി ചൈനയുടെ ഔദ്യോഗിക വാദങ്ങൾ ഇവയാണ്,
- ഷക്‌സ്ഗാം ചൈനയുടെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയുടെ (Xinjiang Uyghur Autonomous Region) അവിഭാജ്യ ഭാഗമാണ്.
- 1963-ലെ ചൈന-പാകിസ്താൻ അതിർത്തി കരാർ (Sino-Pakistani Frontier Agreement) പ്രകാരം പാകിസ്താൻ ഈ പ്രദേശം ചൈനയ്ക്ക് നിയമപരമായി വിട്ടുകൊടുത്തു. ചൈന ഈ കരാറിനെ പൂർണമായും നിയമാനുസൃതവുമായി കണക്കാക്കുന്നു.
- ഇന്ത്യയുടെ അവകാശവാദത്തെ ചൈന പൂർണമായും തള്ളിക്കളയുന്നു. പ്രസ്തുത പ്രദേശം 1963-ന് മുമ്പ് പാകിസ്താൻ നിയന്ത്രിത കശ്മീരിന്റെ (PoK) ഭാഗമായിരുന്നതിനാൽ ഇന്ത്യയ്ക്ക് അവിടെ നിയമപരമായ അവകാശമൊന്നുമില്ല, അതിനാൽ ഇന്ത്യൻ പ്രതിഷേധങ്ങൾക്ക് അടിസ്ഥാനമില്ല.
- പ്രദേശത്തെ റോഡ് നിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രവർത്തനങ്ങൾ സ്വന്തം ഭൂമിയിലെ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്ന് ചൈന ആവർത്തിക്കുന്നു. ഇത് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായും (CPEC) ബന്ധപ്പെട്ടിരിക്കുന്നു.
നിലവിലെ തർക്കങ്ങൾ ഉടലെടുത്തപ്പോഴും ഇന്ത്യയുടെ ആക്ഷേപങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഷക്‌സ്ഗാം താഴ്‌വര ചൈനയുടെ ഭൂപ്രദേശമാണ്, ഇവിടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർണമായും ചൈനയുടെ പരമാധികാര പരിധിയിലാണ്. ചൈന ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്, ഇന്ത്യയുമായുള്ള അതിർത്തി ചർച്ചകളിൽ പോലും ഷക്‌സ്ഗാം ഇന്ത്യൻ ഭൂമിയായി അംഗീകരിക്കാൻ തയ്യാറല്ലെന്നും മന്ത്രാലയം ആവർത്തിച്ചിരുന്നു.
1963 ലെ കരാർ സാധുവാണെന്നും സിപിഇസി തങ്ങളുടെ സാമ്പത്തിക ഭാവിക്കായി നിർണായകമാണെന്നുമാണ് പാകിസ്താൻ പറയുന്നത്. അതിനാൽ ചൈനയുടെ നിപാടിനെ പാകിസ്താൻ പൂർണമായും പിന്തുണയ്ക്കുന്നു.
അടുത്തതെന്ത്?
ആശങ്കകൾ മുന്നിലുണ്ടെങ്കിലും ഇന്ത്യയ്ക്ക് കാര്യമായ സുരക്ഷാ ഭീഷണികളില്ലെന്നാണ് ചില വിലയിരുത്തലുകൾ. 2017-ൽ ഭൂട്ടാനിലെ ദോക്‌ലാമിൽ ഉണ്ടായ സംഘർഷത്തിനു ശേഷമാണ് ഷാക്‌സ്ഗാമിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായത്. എല്ലാ കാലാവസ്ഥയിലും പ്രയോജനപ്പെടുന്ന തരത്തിലാണ് റോഡുകളുടെ നിർമാണം നടക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളമായ സിയാച്ചിൻ ഹിമാനിക്കടുത്ത് 49 കിലോമീറ്ററിൽ താഴെയാണ് ഈ പുതിയ റോഡ്. ഇത് ഈ മേഖലയിലെ ഇന്ത്യയുടെ പ്രതിരോധ സ്ഥാനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും പറയപ്പെടുന്നു. എന്നാൽ ഇതിന് വിരുദ്ധമായ റിപ്പോർട്ടുകളും ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
2021-ൽ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത് പ്രകാരം ചൈനയും പാകിസ്താനും പരസ്പരം പുതിയ അതിർത്തികൾ ദീർഘിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇത് ലഡാക്കിലെയും കാശ്മീരിലെയും ഇന്ത്യൻ സേനകൾക്കെതിരെ അവരുടെ സൈനിക പ്രവർത്തനങ്ങൾക്ക് ഗുണകരമാകും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താനുമായും അരുണാചലിന് സമീപത്തെ അതിർത്തിയെ ചൊല്ലിയുള്ള സംഘർഷങ്ങളും ഈ അടുത്തകാലത്തായി രൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിൽ ഷക്‌സ്ഗാമിൽ ചൈനീസ് സാന്നിധ്യം വർധിക്കുന്നതിനെ കടുത്ത മുന്നൊരുക്കങ്ങളോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.
ഷക്‌സ്ഗാമുമായി ബന്ധപ്പെട്ട മറ്റൊരു സാധ്യത, ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ഈ തർക്കം നയതന്ത്രപരമായി പരിഹരിക്കാൻ സാധ്യതയുണ്ടെന്നുള്ളതാണ്. അതല്ലെങ്കിൽ മറ്റ് തർക്കമേഖലകളെ പോലെ തന്നെ ഷക്‌സ്ഗാമിനെ ചൊല്ലി ഇന്ത്യ പ്രതിഷേധം തുടരുകയും ചൈന തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകുകയും ചെയ്യും. അങ്ങനെയെങ്കിൽ ഷാക്‌സ്ഗാം താഴ്‌വര ഇന്ത്യ-ചൈന ബന്ധത്തിലെ മറ്റൊരു സമ്മർദ്ദ കേന്ദ്രമായി മാറിയേക്കാം. സംഘർഷം ഉണ്ടാക്കാതെ തങ്ങളുടെ ഭൂപ്രദേശപരമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. നിയമവിരുദ്ധമെന്ന് തങ്ങൾ കരുതുന്ന നടപടി, കാലക്രമേണ തർക്കവിഷയമല്ലാതിരിക്കുക എന്നത് തടയേണ്ടതും ഇന്ത്യയുടെ ആവശ്യമാണ്. ഇന്ത്യയെ പ്രകോപിപ്പിക്കാതെ, സംഘർഷങ്ങളിലേക്ക് എത്തിക്കാതെ സ്വപ്‌ന പദ്ധതിയായ സാമ്പത്തിക ഇടനാഴി പൂർത്തിയാക്കുകയെന്നതാണ് ചൈനയ്ക്ക് മുന്നിലെ വെല്ലുവിളിയും.
Content Highlights: India and China clash over Shaksgam Valley. China`s new road project sparks diplomatic row amid growing India-US ties. Know the history and implications.
Published: 16 Jan 2026, 04:37 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented