
വടക്കന്‍ സെര്‍ബിയയിലെ നോവി സാദ് റെയില്‍വേ സ്‌റ്റേഷന്‍. 2024 നവംബര്‍ ഒന്ന്, രാവിലെ 11:52
സ്റ്റേഷന് പുറത്ത് പുതുതായി നിര്‍മ്മിച്ച 48 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക് (Cannopy) താഴെ യാത്രക്കാര്‍ തിരക്കിട്ട് നടക്കുകയാണ്. ചില യാത്രക്കാര്‍ തണലില്‍ വിശ്രമിക്കുന്നുമുണ്ട്. പൊടുന്നനെയാണ് ആ കോണ്‍ക്രീറ്റ് നിര്‍മ്മിത മേല്‍ക്കൂര തകര്‍ന്നുവീണത്. എന്തുചെയ്യുമെന്ന് ചിന്തിക്കാന്‍ പോലുമുള്ള സമയം കിട്ടുന്നതിന് മുമ്പ് ഭീമന്‍ കോണ്‍ക്രീറ്റ് പാളികള്‍ യാത്രക്കാര്‍ക്കുമേല്‍ പതിച്ചു. 14 പേരാണ് തത്ക്ഷണം മരിച്ചത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും സെര്‍ബിയന്‍ പൗരന്മാര്‍. പിന്നീട് മരിച്ച ഒരാളടക്കം ആകെ 15 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.
എസ്‌കവേറ്ററുകളും ക്രെയിനുകളും ഉള്‍പ്പെടെയുള്ള ഭീമന്‍ യന്ത്രസാമഗ്രികളുമായി സെര്‍ബിയയിലുടനീളമുള്ള വിവിധ നഗരങ്ങളില്‍ നിന്നെത്തിയ 80 പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോണ്‍ക്രീറ്റ് കൂമ്പാരത്തിനടിയില്‍ നിന്ന് മൂന്നുപേരെ അവര്‍ രക്ഷപ്പെടുത്തിയെങ്കിലും ഇവരില്‍ ഒരാള്‍ 16 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ ബാക്കിയുള്ളവരുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടതായി വന്നു.

സാധാരണ അപകടമെന്ന് വിധിയെഴുതി ഒരുപക്ഷേ ലോകം വലിയ ശ്രദ്ധ നല്‍കാതെ വിട്ട ഒരു സംഭവമായിരുന്നു ഇത്. എന്നാല്‍, തകര്‍ന്നുവീണ ആ കോണ്‍ക്രീറ്റ് കൂമ്പാരത്തില്‍നിന്ന് ഒരു സമരം പൊട്ടിമുളച്ചു. ഇന്ന് സെര്‍ബിയയിലാകെ പടര്‍ന്നുപന്തലിച്ചിരിക്കുകയാണ് ആ സമരം. മാസങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി മിലോസ് വുസെവിച്ച് രാജിവെച്ചിട്ടും സെര്‍ബിയന്‍ മണ്ണില്‍ സമരം ഇപ്പോഴും ആളിക്കത്തുകയാണ്.
പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിചിന്റെ കീഴിലുള്ള വലതുപക്ഷ ഭരണകൂടത്തിനെതിരെയാണ് ജനങ്ങള്‍, പ്രധാനമായും വിദ്യാര്‍ഥികള്‍, തെരുവിലിറങ്ങിയത്. നോവി സാദ് റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിലെ ഇരകള്‍ക്കുവേണ്ടിയുള്ള ചെറുപ്രതിഷേധമാണ് സെർബിയൻ ഭരണകൂടത്തിനെതിരായ, അഴിമതിക്കെതിരായ വലിയ സമരരൂപമായി പിന്നീട് മാറിയത്.

പ്രതിഷേധങ്ങള്‍ പലപ്പോഴും തെരുവുയുദ്ധങ്ങളായി മാറുന്ന കാഴ്ചകള്‍ക്ക് സെര്‍ബിയന്‍ തെരുവുകള്‍ സാക്ഷികളായി. കണ്ണീര്‍വാതകങ്ങളും കൈവിലങ്ങുകളുമായി സെര്‍ബിയന്‍ ഭരണകൂടം പ്രതിഷേധത്തെ നേരിട്ടു. എന്നാല്‍, സമരാഗ്നിയെ കെടുത്താന്‍ അതൊന്നും മതിയായിരുന്നില്ല.
വിദ്യാര്‍ഥികളുടെ രോഷം
ഭരണകൂടങ്ങള്‍ക്കെതിരായ സമരങ്ങള്‍ ക്യാമ്പസുകളില്‍നിന്ന് പൊട്ടിപ്പുറപ്പെടുന്നത് ചരിത്രത്തിലെ പല ഏടുകളിലും കാണാം. സെര്‍ബിയയിലെ പ്രതിഷേധവും ഇതിനൊരു അപവാദമല്ല. സമരം ആരംഭിച്ച 2024 നവംബര്‍ മുതല്‍ വിദ്യാര്‍ഥികളാണ് മുന്‍നിരയിലുള്ളത്. വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രൊഫസര്‍മാരും രംഗത്തേക്കിറങ്ങിയതോടെ സമരാവേശം വര്‍ധിച്ചു.
യൂണിവേഴ്‌സിറ്റികളുടേയും കോളേജുകളുടേയും കെട്ടിടങ്ങളില്‍ കുത്തിയിരുന്നും റോഡുകള്‍ സംഘടിതമായി ഉപരോധിച്ചും മാര്‍ച്ചുകള്‍ നടത്തിയുമെല്ലാമാണ് സെര്‍ബിയന്‍ യുവത്വം പോരാട്ടം നയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റുകള്‍ക്കോ കൈ കൊടുക്കാതെയാണ് വിദ്യാര്‍ഥികള്‍ സമരം മുന്നോട്ടുകൊണ്ടുപോയത്. രാജ്യത്തിനായി പോരാടുന്ന ഇവര്‍ക്ക് ജനങ്ങൾ ഭക്ഷണം എത്തിച്ചുനല്‍കുന്ന കാഴ്ചയും സെർബിയൻ തെരുവുകളിൽ കണ്ടു.

1968-ന് ശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ഥി പ്രക്ഷോഭം എന്നാണ് പലരും സെര്‍ബിയന്‍ വിദ്യാര്‍ഥി സമരത്തെ വിശേഷിപ്പിക്കുന്നത്. 2000-ത്തില്‍ അന്നത്തെ പ്രസിഡന്റ് സ്ലോബോദാന്‍ മിലോസെവിച്ചിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ വീഴ്ത്തിയ സമരത്തിനുശേഷം സെര്‍ബിയ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭപരമ്പരയാണ് ഇതെന്ന കാര്യം നിസ്സംശയം പറയാം.
സമരക്കാരുടെ ആവശ്യങ്ങൾ
സര്‍ക്കാരിലെ അഴിമതി, സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവം, മാധ്യമ സെന്‍സര്‍ഷിപ്പ്, രാഷ്ട്രീയമായ അക്രമങ്ങള്‍, പോലീസിന്റെ അമിതാധികാരം എന്നിവയാണ് നോവി സാദ് റെയില്‍വേ സ്‌റ്റേഷനിലെ കാനോപ്പി ദുരന്തം തിരികൊളുത്തിയ സമരത്തിന്റെ മറ്റ് കാരണങ്ങള്‍. നോവി സാദ് ദുരന്തത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, സുതാര്യമായ അന്വേഷണം നടത്തുക, അനാസ്ഥയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുക, നിര്‍മ്മാണ വകുപ്പ് മന്ത്രി ഗാരന്‍ വെസിച്ചും മുതിര്‍ന്ന ചില ഉദ്യോഗസ്ഥരും രാജിവെക്കുക എന്നിവയായിരുന്നു സമരത്തിന്റെ ആദ്യഘട്ടത്തിലെ ആവശ്യങ്ങള്‍.

എന്നാല്‍, പ്രക്ഷോഭത്തിന്റെ കടിഞ്ഞാണ്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തതോടെ സമരലക്ഷ്യങ്ങളുടെ എണ്ണം കൂടി. നോവി സാദ് റെയില്‍വേ സ്‌റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പുറത്തുവിടുക, സമരം ചെയ്ത വിദ്യാര്‍ഥികളേയും പ്രൊഫസര്‍മാരേയും മര്‍ദ്ദിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നിയമനടപടി ആരംഭിക്കുക, അക്രമം നടത്തിയ എല്ലാ ഉദ്യോഗസ്ഥരേയും ജോലിയില്‍നിന്ന് പുറത്താക്കുക, അറസ്റ്റ് ചെയ്യപ്പെട്ടതും കസ്റ്റഡിയിലെടുക്കപ്പെട്ടതുമായ വിദ്യാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുക, ഉന്നതവിദ്യാഭ്യാസത്തിനായി ബജറ്റില്‍ വകയിരുത്തിയ തുക 20 ശതമാനം വര്‍ധിപ്പിക്കുക, പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിച് രാജിവെക്കുക തുടങ്ങിയവയായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍. വലിയ പ്രതിഷേധ മാര്‍ച്ചുകള്‍, റോഡ് തടയല്‍, സിവില്‍ നിയമലംഘനം, കയ്യേറുക എന്നീ മാര്‍ഗങ്ങളിലൂടെയാണ് സമരം മുന്നേറുന്നത്. ചുവന്ന നിറമുള്ള കൈപ്പത്തിയാണ് സമരത്തിന്റെ പ്രതീകമായത്.
സമരാഗ്നി ആളുന്നു
നേരത്തേ പറഞ്ഞതുപോലെ, നോവി സാദ് ദുരന്തത്തിന് പിന്നാലെ നിശബ്ദമായാണ് സമരം ആരംഭിച്ചത്. ക്രമേണ കൂട്ടം വലുതാകുകയും രോഷം ഉയരുകയും ചെയ്തു. സമാധാനപരമായ സമരം നവംബറില്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്ക് കടന്നു. നോവി സാദ് സിറ്റി ഹാളായിരുന്നു പ്രധാനമായും സമരക്കാര്‍ ലക്ഷ്യമിട്ടത്.
സിറ്റി ഹാളിന്റെ പ്രവേശന കവാടത്തിനുനേരെ ചുവന്ന പെയിന്റ് പലതവണയാണ് സമരക്കാര്‍ ഒഴിച്ചത്. ഹാളിലേക്ക് അതിക്രമിച്ചുകയറാനുള്ള ശ്രമവും സമരക്കാര്‍ നടത്തി. ഇതിനെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ സമരം കൂടുതല്‍ അക്രമാസക്തമായി. സമരം വഴിതിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് അക്രമമെന്നാണ് സമരക്കാര്‍ ആരോപിച്ചത്.

സമരത്തില്‍ പങ്കാളികളായി പ്രൊഫസര്‍മാരും അപ്പോഴേക്ക് എത്തിയിരുന്നു. വിദ്യാര്‍ഥികളുടേയും പ്രൊഫസര്‍മാരുടേയും യോഗങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടേത് (എസ്.എന്‍.എസ്) എന്ന് കരുതപ്പെടുന്ന സംഘം ആക്രമണം നടത്തി. ഇത് സമരം ശക്തമാക്കാനാണ് ഉപകരിച്ചത്. 20,000 പേര്‍ പങ്കെടുത്ത മാര്‍ച്ച് നോവി സാദില്‍ നടന്നു. കൂടാതെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11:52-ന് (കാനോപി തകര്‍ന്ന അതേസമയം) 15 മിനിറ്റ് നേരം സമരക്കാര്‍ റോഡ് ഉപരോധിച്ചുള്ള സമരവും ആരംഭിച്ചു. ദുരന്തത്തില്‍ കൊല്ലപ്പെട്ട 15 പേരുടെ സ്മരണയ്ക്കായാണ് 15 മിനിറ്റ് നേരം മൗനമാചരിച്ചുകൊണ്ട് സമരക്കാര്‍ പ്രതിഷേധം നടത്തിയത്.
നോവി സാദ് ദുരന്തത്തിലെ ഇരകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ദക്ഷിണ സെര്‍ബിയയിലെ ലെസ്‌കോവാച്ചില്‍ നടന്ന 15 മിനിറ്റ് നിശബ്ദ പ്രതിഷേധത്തില്‍ മെസ്‌കോവാച്ച് മേയറും പങ്കെടുത്തു. എസ്.എന്‍.എസ്. പാര്‍ട്ടി അംഗമായിരുന്നു മേയര്‍. ഇതിനിടെ, സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോഡ് ഉപരോധിക്കുന്ന സമരക്കാരെ അധിക്ഷേപിച്ച് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായി. പിന്നാലെ ഇയാള്‍ക്ക് രാജിവെക്കേണ്ടിവന്നു.
ഡിസംബര്‍
നോവാ സാദ് ദുരന്തത്തിന് ഒരു മാസം തികഞ്ഞ 2024 ഡിസംബര്‍ ഒന്നിന് നഗരത്തില്‍ നിശബ്ദ പ്രതിഷേധം നടന്നു. അതേദിവസം തന്നെ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിച് പരസ്യമായി സമരക്കാരെ അധിക്ഷേപിച്ച് സംസാരിച്ചു. സമരം ചെയ്യുന്നവര്‍ക്ക് ഭ്രാന്താണെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നാലെ രാജ്യതലസ്ഥാനമായ ബെല്‍ഗ്രേഡിലെ ക്യാമ്പസിന് മുന്നില്‍ വിദ്യാര്‍ഥികള്‍ 24 മണിക്കൂര്‍ റോഡ് ഉപരോധിച്ചു. ഇതിനിടെ ഡിസംബര്‍ 11-ന് സെര്‍ബിയന്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരും ഏകദിനസമരം നടത്തി.
ഡിസംബര്‍ പകുതിയോടെ വിദ്യാര്‍ഥിസമരം ശക്തമായി. ഇതോടെ ബെല്‍ഗ്രേഡിലേയും നോവി സാദിലേയും വമ്പന്‍ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ 50-ലേറെ യൂണിവേഴ്‌സിറ്റികളും പല സെക്കന്‍ഡറി സ്‌കൂളുകളും ക്ലാസുകള്‍ നിര്‍ത്തിവെച്ചു.

അതേദിവസം ദേശീയ ടെലിവിഷനായ ആര്‍.ടി.എസ്സിന്റെ ആസ്ഥാനത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. സെര്‍ബിയയെ തകര്‍ക്കാനായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഫണ്ട് ചെയ്യുന്നുവെന്ന പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിചിന്റെ പ്രസ്താവന സംപ്രേക്ഷണം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
അതേദിവസം തന്നെ അദ്ദേഹം ചില പ്രഖ്യാപനങ്ങളും നടത്തി. നോവി സാദ് ദുരന്തത്തിന്റെ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. കസ്റ്റഡിയിലുള്ള സമരക്കാരെ വിടുമെന്നും വിചാരണയില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സമരക്കാര്‍ക്ക് മാപ്പ് നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് വുചിച് ഇത്തരമൊരു സമവായനീക്കം നടത്തുന്നത് എന്നത് ശ്രദ്ധേയമായിരുന്നു. അതേസമയം, തന്റെ രാജിയെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അദ്ദേഹം ഗൗനിച്ചില്ല.
ജനുവരി
പുതുവര്‍ഷരാവിലും സമരമുഖരിതമായിരുന്നു സെര്‍ബിയ. ജനുവരി രണ്ടിന് 15 മിനിറ്റിന് പകരം 29 മിനിറ്റാണ് സമരക്കാര്‍ മൗനമാചരിച്ചത്. സെര്‍ബിയയില്‍ മറ്റ് ചില സംഭവങ്ങളില്‍ കൊല്ലപ്പെട്ട 14 പേര്‍ക്കായാണ് 14 മിനിറ്റ് അധികം മൗനമാചരിച്ചത്. പിറ്റേന്ന് ജനുവരി മൂന്നിന് നോവി സാദിലെ വരാദിന്‍ പാലം ഉപരോധിക്കുമ്പോഴും സമരക്കാര്‍ 29 മിനിറ്റ് മൗനമാചരിച്ചു. മറ്റ് സെര്‍ബിയന്‍ നഗരങ്ങളിലും 29 മിനിറ്റ് മൗനാചരണം നടന്നിരുന്നു.
സെര്‍ബിയയിലെ അലക്‌സാന്‍ഡ്രോവാക് നഗരം കണ്ട ഏറ്റവും വലിയ വിദ്യാര്‍ഥി പ്രതിഷേധമാണ് ജനുവരി മൂന്നിന് നടന്നത്. വിദ്യാര്‍ഥികള്‍ക്കും പ്രൊഫസര്‍മാര്‍ക്കും പുറമെ പൊതുജനങ്ങളും ഇതില്‍ പങ്കാളികളായി. ജനുവരി ആറിന് പൊസാരേവാക് നഗരത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും സമരത്തിനിറങ്ങി. 15 മിനിറ്റ് മൗനാചരണത്തോടെയാണ് സമരം ആരംഭിച്ചത്.
ജനുവരി 10-ന് ബെല്‍ഗ്രേഡിലെ 'നീതിയുടെ കൊട്ടാര'ത്തിന് മുന്നിലും ജനുവരി 11-ന് നോവി സാദിലെ ഇന്റലിജന്‍സ് ഏജന്‍സിയുടെ ആസ്ഥാനത്തും സമരക്കാര്‍ ഒത്തുകൂടി പ്രതിഷേധിച്ചു. അതേദിവസം ക്രഗുജേവാകില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ പ്രക്ഷോഭവും നടന്നു. ബെല്‍ഗ്രേഡിലെ കോണ്‍സ്റ്റിറ്റിയൂഷനല്‍ കോര്‍ട്ട് ഓഫ് സെര്‍ബിയയ്ക്ക് മുന്നില്‍ 20,000 പേര്‍ പങ്കെടുത്ത മാര്‍ച്ചാണ് ജനുവരി 12-ന് നടന്നത്. ഈ പ്രതിഷേധങ്ങളെല്ലാം ആരംഭിച്ചത് 15 മിനിറ്റ് മൗനാചരണത്തോടെയായിരുന്നു.

ഏഴുദിവസം കോടതിനടപടികള്‍ ബഹിഷ്‌കരിച്ചുകൊണ്ട് പണിമുടക്കുമെന്ന് സെര്‍ബിയന്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ ജനുവരി 18-ന് അറിയിച്ചു. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിച് അഭിഭാഷകരെ കേവലം ആള്‍ക്കൂട്ടം എന്നാണ് വിശേഷിപ്പിച്ചത്. ജനുവരി 19-ന് പതിനായിരത്തിലേറെ പേര്‍ അണിനിരന്ന മാര്‍ച്ചിനിടെ എസ്.എന്‍.എസ്. പാര്‍ട്ടിയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ 'ഫാസിസ്റ്റ്, ഫാസിസ്റ്റ്' എന്നും 'രാജിവെക്കൂ' എന്നുമെല്ലാം ആര്‍ത്തുവിളിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ സമരക്കാര്‍ മുട്ടയെറിയുകയും ചെയ്തു.
ബെല്‍ഗ്രേഡില്‍ നടന്ന മാര്‍ച്ചില്‍ വിദ്യാര്‍ഥികളും വിദ്യാഭ്യാസപ്രവര്‍ത്തകരുമെല്ലാമായി 20,000-ത്തിലേറെ പേരാണ് പങ്കെടുത്തത്. സമരത്തെ തുടര്‍ന്ന് സെര്‍ബിയയിലെ 35 ശതമാനം എലമെന്ററി സ്‌കൂളുകളിലും ഹൈ സ്‌കൂളുകളിലും ജനുവരി 20 മുതല്‍ വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തക യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു.
ജനുവരി 28-ന് എസ്.എന്‍.എസ്. പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ഒരുകൂട്ടം അക്രമികള്‍ ബേസ്‌ബോള്‍ ബാറ്റുകള്‍ കൊണ്ട് ക്രൂരമായി ആക്രമിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. താടിയെല്ല് പൊട്ടിയ ഒരു പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കി. സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം കനത്തു. ഇതിന് പിന്നാലെ സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് വുസെവിച് രാജിവെച്ചു.
ഫെബ്രുവരിയിൽ ഇതുവരെ
ഫെബ്രുവരി മാസം തുടങ്ങിയപ്പോഴേക്കും സമരങ്ങള്‍ അതിശക്തമായാണ് പുരോഗമിച്ചത്. നോവി സാദ് ദുരന്തത്തിന് മൂന്നുമാസം തികയുന്ന ഫെബ്രുവരി ഒന്നിന് നഗരം അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. ട്രാക്ടറുകളുമായി കര്‍ഷകരും സമരത്തിനെത്തി. നോവി സാദിലെ മൂന്ന് പാലങ്ങളും സമരക്കാര്‍ ഉപരോധിച്ചു. പതിവുപോലെ 15 മിനിറ്റ് മൗനാചരണത്തോടെയാണ് ഈ സമരവും തുടങ്ങിയത്.
രണ്ട് പാലങ്ങള്‍ മൂന്നുമണിക്കൂറോളം സമയമാണ് സമരക്കാര്‍ ഉപരോധിച്ചത്. എന്നാല്‍ ഡാന്യൂബ് നദിക്ക് കുറുകെയുള്ള ലിബര്‍ട്ടി ബ്രിഡ്ജ് സമരക്കാര്‍ 24 മണിക്കൂര്‍ നേരം ഉപരോധിക്കുകയാണ്. ഉപരോധം നീട്ടണമോ എന്നകാര്യം പ്രതിഷേധക്കാര്‍ക്കിടയില്‍ വോട്ടിങ് നടത്തി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിച് ഫെബ്രുവരി അഞ്ചിന് ചര്‍ച്ചയ്ക്കായി ക്ഷണിച്ചുവെന്നതാണ് അവസാനമായി ലഭിക്കുന്ന വിവരം.

പോരാട്ടത്തിന്റെ പ്രതീകങ്ങള്‍
ചുവന്ന കൈപ്പത്തിയാണ് സെർബിയയിലെ അഴിമതി വിരുദ്ധ സമരത്തിന്റെ പ്രതീകം. 'നിങ്ങളുടെ കൈകള്‍ രക്തം പുരണ്ടതാണ്' എന്ന അടിക്കുറിപ്പോടെ ചുവന്ന കൈപ്പത്തി പതിപ്പിച്ച പ്ലക്കാർഡുകൾ സമരക്കാർ ഉയർത്തുന്നു. സ്വന്തം കൈപ്പത്തിയിൽ ചുവന്ന ചായം പൂശിയും ചുവന്ന കയ്യുറ ധരിച്ചുമെല്ലാമാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നത്. ചുവന്ന കൈപ്പത്തി അടയാളപ്പെടുത്തിയ വെള്ളനിറത്തിലുള്ള പതാക പ്രതിഷേധങ്ങളില്‍ വ്യാപകമായി കാണാം.
'കൊല്ലുന്ന അഴിമതി' (corruption kills) എന്നതാണ് സമരത്തിന്റെ പ്രധാനമുദ്രാവാക്യം. ചോരയൊലിക്കുന്ന പ്രാവിന്റെ ചിത്രവും സമരങ്ങളില്‍ ഉപയോഗിക്കുന്നു. കൂടാതെ സെര്‍ബിയയുടെ ദേശീയപതാകയും എല്ലാ പ്രതിഷേധപരിപാടികളിലും സമരക്കാര്‍ ഉപയോഗിക്കുന്നുണ്ട്.
പിന്തുണ
സര്‍വകലാശാലാ പ്രൊഫസര്‍മാരും ഗവേഷകരുമെല്ലാം ഉള്‍പ്പെടെ 4000-ത്തിലേറെ പേരാണ് സെര്‍ബിയയിലെ അക്കാദമിക് മേഖലയില്‍ നിന്ന് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. രാജ്യത്തെ ഒട്ടേറെ സാംസ്‌കാരിക സ്ഥാപനങ്ങളും സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടെടുത്തു. സെര്‍ബിയയില്‍ വര്‍ഷാവര്‍ഷം വേനല്‍ക്കാലത്ത് നടക്കുന്ന പ്രധാനപ്പെട്ട രണ്ട് സംഗീതപരിപാടികള്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു.
കലാകാരന്മാര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, നാടക-സിനിമാ സംവിധായകര്‍, സംഗീതജ്ഞര്‍, കായികതാരങ്ങള്‍, പരിശീലകര്‍, ടെലിവിഷന്‍ അവതാരകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ സെര്‍ബിയയിലെ വലിയൊരു വിഭാഗം പേര്‍ വിദ്യാര്‍ഥി സമരത്തിന് പരസ്യമായ പിന്തുണ അറിയിച്ചു. കൂടാതെ ലോകമെങ്ങുമുള്ള സെര്‍ബിയന്‍ സമൂഹവും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ്‌സ് ആന്‍ഡ് ഡെമോക്രാറ്റ്‌സ്, യൂറോപ്യന്‍ ഗ്രീന്‍ പാര്‍ട്ടി, റിന്യൂ എന്നീ യൂറോപ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളാണ് സെര്‍ബിയന്‍ അഴിമതിവിരുദ്ധ സമരത്തെ അന്താരാഷ്ട്രതലത്തില്‍ പിന്തുണച്ചതില്‍ പ്രധാനികള്‍. ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി സെര്‍ബിയന്‍ വിദ്യാര്‍ഥികള്‍ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതും അന്താരാഷ്ട്രതലത്തില്‍ സമരത്തിന് ലഭിച്ച അംഗീകാരമാണ്. പോപ് രാജകുമാരി എന്നറിയപ്പെടുന്ന അമേരിക്കന്‍ ഗായിക മഡോണ ഫെബ്രുവരി ഒന്നിന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ഐക്യദാര്‍ഢ്യം അറിയിച്ചു. സ്‌കോട്ടിഷ്-അമേരിക്കന്‍ സംഗീത ബാന്‍ഡായ ഗാര്‍ബേജസും ഇന്‍സ്റ്റഗ്രാമില്‍ സമരത്തിന് പിന്തുണ അറിയിച്ചു.
എന്താകും സമരത്തിന്റെ ഭാവി
പാലങ്ങള്‍ക്ക് മുകളില്‍ പാട്ട് പാടിയും നൃത്തം ചെയ്തും പ്രതിഷേധം തുടരുന്ന വിദ്യാര്‍ഥികളെ, അവരെ പിന്തുണയ്ക്കുന്ന നാനാതുറകളില്‍ നിന്നുള്ള പൗരന്മാരെ, രാജ്യത്തിന് പുറത്തുള്ള സെര്‍ബിയന്‍ സമൂഹത്തെ, അന്താരാഷ്ട്രതലത്തില്‍ സമരത്തിന് ലഭിക്കുന്ന പിന്തുണയെ എല്ലാം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാന്‍ സെര്‍ബിയന്‍ ഭരണകൂടത്തിനും പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിച്ചിനും അധികകാലം കഴിയില്ല. നിലവിലെ സാഹചര്യം വിശകലനം ചെയ്യുമ്പോള്‍ സമരം ശക്തമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സാധ്യത. പ്രക്ഷോഭം ദീര്‍ഘകാലത്തേക്ക് തുടർന്നാലും അത്ഭുതപ്പെടാനില്ല. ഏറ്റവും കുറഞ്ഞത് അഴിമതിക്കെതിരായ ശക്തമായ നിലപാടുകളെടുക്കുകയും അത് നടപ്പാക്കുകയുമെങ്കിലും ചെയ്യാതെ സെര്‍ബിയന്‍ ഭരണകൂടത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അഴിമതിക്കെതിരെ എന്നതാണ് പ്രധാനമുദ്രാവാക്യമെങ്കിലും ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം കൂടിയാണ് സെര്‍ബിയയില്‍ നടക്കുന്നത്. സമരത്തിനൊടുവില്‍ ആ തരത്തിലുള്ള രാഷ്ട്രീയമാറ്റം കൂടി സെര്‍ബിയയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: Revolution that rose from concrete debris: Anti-corruption protest by students in Serbia explained
Published: 05 Feb 2025, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented