2024 ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ ഒപ്പുവെച്ച തന്ത്രപരമായ സമഗ്ര പങ്കാളിത്ത കരാർ (Treaty on Comprehensive Strategic Partnership) ശീതയുദ്ധാനന്തര കാലഘട്ടത്തിലെ ഏറ്റവും നിർണായകമായ ഭൗമരാഷ്ട്രീയ മാറ്റങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. കേവലം ആയുധ വിനിമയത്തിൽ അധിഷ്ഠിതമായ ഒരു താൽക്കാലിക ഇടപാടിൽനിന്ന് പരസ്പര പ്രതിരോധ വ്യവസ്ഥയുള്ള സമ്പൂർണ സൈനിക സഖ്യത്തിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നത് ഉറ്റസുഹൃത്തായ ചൈനയേപോലും അമ്പരിപ്പിച്ചിട്ടുണ്ട്.

To advertise here,

കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യം അധിനിവേശത്തിലോ യുദ്ധത്തിലോ അകപ്പെടുകയാണെങ്കിൽ, സുഹൃദ്‌ രാജ്യം ഉടനടി സൈനിക സഹായവും മറ്റ് തന്ത്രപ്രധാന പിന്തുണകളും നൽകാൻ ബാധ്യസ്ഥരാണ്. അന്താരാഷ്ട്ര ഉപരോധങ്ങളെ തൃണവൽഗണിച്ച് രൂപംകൊണ്ട ഈ സൈനിക പങ്കാളിത്തം യുക്രൈൻ യുദ്ധക്കളത്തിൽ മാത്രമല്ല, ഇന്തോ- പസഫിക് മേഖലയിലെയും ആഗോളതലത്തിലെയും സന്തുലിതാവസ്ഥയിൽ ദൂരവ്യാപകമായ സുരക്ഷാ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

യുക്രൈൻ യുദ്ധരംഗത്ത് ഉത്തര കൊറിയൻ ഇടപെടലുണ്ടാക്കുന്ന ഭൗമരാഷ്ട്രീയവും സൈനികവുമായ ഗതിമാറ്റങ്ങൾ ഭീഷണിയാകുമെന്ന് നാറ്റോയും യുക്രൈനും യൂറോപ്യൻ രാജ്യങ്ങൾക്കും അമേരിക്കയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധത്തിൽ പീരങ്കികളുടെ വെടിക്കോപ്പുകളുടെയും കരസേനാ വിഭവങ്ങളുടെയും കാര്യത്തിൽ റഷ്യ നേരിട്ട പ്രതിസന്ധി പരിഹരിക്കാൻ ഉത്തര കൊറിയൻ ഇടപെടൽ വഴിയൊരുക്കി. 1.5 കോടിയിലധികം ആർട്ടിലറി ഷെല്ലുകളും നൂറിലധികം ബാലിസ്റ്റിക് മിസൈലുകളും 14,000-നും 15,000-നും ഇടയിൽ സൈനികരെയുമാണ് ഉത്തര കൊറിയ യുക്രൈൻ യുദ്ധമുഖത്തേക്ക് അയച്ചിട്ടുള്ളത്. ഈ സൈനിക വിന്യാസം പ്രധാനമായും റഷ്യയിലെ കുർസ്‌ക് മേഖലയിലാണ് നടത്തിയിരിക്കുന്നത്. പ്രദേശത്ത് യുക്രൈൻ സ്ഥാപിച്ചിരിക്കുന്ന കുഴിബോംബുകൾ നീക്കം ചെയ്യുന്നതു മുതൽ യുക്രൈനെതിരായ ആക്രമണങ്ങളിൽവരെ ഉത്തര കൊറിയൻ സൈനികർ പങ്കുചേരുന്നുണ്ട്.

യുദ്ധത്തിൽ യുക്രൈനെ സഹായിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളാണ്. എന്നാൽ, പാശ്ചാത്യ സൈനിക സഹായ വിതരണത്തിൽ അനിശ്ചിതത്വങ്ങൾ ഉണ്ടാകുന്നത് യുക്രൈനെ വല്ലാതെ വലയ്ക്കുന്നുമുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചു ആക്രമണങ്ങൾ നടത്തുമ്പോഴും റഷ്യൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ യുക്രൈന് സാധിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് ഉത്തര കൊറിയൻ സൈനിക സഹായങ്ങളുടെ  തടസ്സമില്ലാത്ത വരവ്. റഷ്യൻ സേനയുടെ പീരങ്കി ആക്രമണത്തിന് ഇത് കലവറയില്ലാത്ത പിന്തുണയാണ് നൽകുന്നത്. യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിർബന്ധിത സൈനിക സേവനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിനുള്ളിൽ ഈ നിർബന്ധിത സൈനിക സേവനം ജനങ്ങളിൽ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. ഈ സമ്മർദ്ദം കുറയ്ക്കാൻ നിലവിൽ ഉത്തര കൊറിയൻ സൈനിക സഹായത്തിലൂടെ റഷ്യയ്ക്ക് സാധിക്കുന്നുമുണ്ട്. ഇതിനുപുറമെ 30,000-ത്തിലധികം ഉത്തര കൊറിയൻ തൊഴിലാളികളെ റഷ്യയിൽ വിന്യസിച്ചതിലൂടെ യുദ്ധകാല സാമ്പത്തിക രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും സാധിക്കുന്നു.

യുക്രൈനെതിരായ യുദ്ധത്തിൽ ഉത്തര കൊറിയയെ മാത്രം ആശ്രയിച്ചല്ല റഷ്യ മുന്നോട്ടു പോകുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടക്കാൻ റഷ്യയെ സഹായിക്കുന്നതിനായി ചൈന, ഇറാൻ, ബെലാറസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു വിപുലമായ പരോക്ഷ സഖ്യം നിലവിലുണ്ട്. ചൈന നേരിട്ട് മാരകായുധങ്ങൾ കൈമാറുന്നില്ലെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും, റഷ്യയുടെ സൈന്യത്തിന് ആവശ്യമായ സാങ്കേതിക വിദ്യകളുടെയും നിർണായക ഘടകങ്ങളുടെയും പ്രാഥമിക ഉറവിടം ചൈനയാണ്. റഷ്യൻ സൈനിക ഡ്രോണുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ 60 മുതൽ 80 ശതമാനം വരെ ചൈനീസ് നിർമ്മിതമാണ്. കാർബൺ ഫൈബർ, അപൂർവ ഭൗമ കാന്തങ്ങൾ, ലിഥിയം-അയോൺ ബാറ്ററികൾ, ഗാലിയം-നൈട്രൈഡ് ചിപ്പുകൾ, സിഎൻസി മെഷീൻ ടൂളുകൾ എന്നിവ ചൈന തടസ്സമില്ലാതെ റഷ്യയ്ക്ക് വിതരണം ചെയ്യുന്നുണ്ട്.

റഷ്യയ്ക്ക് ആയിരക്കണക്കിന് ഷഹീദ്‌-136 ആക്രമണ ഡ്രോണുകളും അവയുടെ നിർമ്മാണ സാങ്കേതികവിദ്യയും ഇറാൻ കൈമാറി. ഇതിനു പകരമായി അത്യാധുനിക സാറ്റലൈറ്റ് രഹസ്യാന്വേഷണ വിവരങ്ങളും അഡ്വാൻസ്ഡ് ഡിജിറ്റൽ സർവൈലൻസ് സോഫ്റ്റ്‌വെയറുകളും ഇറാനുമായി റഷ്യ പങ്കുവെക്കുന്നു. ബെലാറസ് ആകട്ടെ, റഷ്യയുടെ സൈനികവിന്യാസത്തിനും അക്രമണങ്ങൾക്കുമുള്ള കേന്ദ്രങ്ങളൊരുക്കി റഷ്യയെ സഹായിക്കുന്നു. ഇതിനൊപ്പം, റഷ്യൻ സേനയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണയും സൈനിക വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നു.

കിമ്മിന്റെ കളികൾ ലോകം കാണാനിരിക്കുന്നതേയുള്ളു

അധികാരമേറ്റെടുത്തതു മുതൽ അമേരിക്കയെ വെല്ലുവിളിച്ചാണ് ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ പ്രവർത്തനങ്ങളൊക്കെയും. അമേരിക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ കഴിയുന്ന മിസൈലുകൾ പരീക്ഷിച്ചും ആണവപരീക്ഷണം നടത്തിയും ഉത്തര കൊറിയ അമേരിക്കയെ വെല്ലുവിളിക്കുന്നു. ഇതിനൊപ്പമാണ് ഉത്തര കൊറിയയുടെ യുക്രൈൻ യുദ്ധപ്രവേശനം സംഭവിച്ചിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതം കൊറിയൻ ഉപദ്വീപിലെ സുരക്ഷയെ മാത്രമല്ല, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സമവാക്യങ്ങളെയും ആഴത്തിൽ സങ്കീർണ്ണമാക്കിയിരിക്കുന്നു.

1953-ലെ കൊറിയൻ യുദ്ധത്തിനു ശേഷം വലിയ രീതിയിലുള്ള പരമ്പരാഗത യുദ്ധ പരിചയം ഉത്തരകൊറിയൻ സൈന്യത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ, യുക്രൈനിൽ റഷ്യൻ പക്ഷത്ത് പോരാടുന്നതിലൂടെ, ആധുനിക ഡ്രോൺ യുദ്ധമുറകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ തന്ത്രങ്ങൾ, പാശ്ചാത്യ നിർമ്മിത ആയുധങ്ങൾക്കെതിരെയുള്ള പോരാട്ട പരിചയം എന്നിവ നേരിട്ട് അഭ്യസിക്കാൻ ഉത്തര കൊറിയൻ സേനയ്ക്ക് സാധിക്കുന്നു. ഈ യുദ്ധപരിചയം കൊറിയൻ ഉപദ്വീപിലെ പരമ്പരാഗത സൈനിക സന്തുലിതാവസ്ഥയെ ദക്ഷിണ കൊറിയയ്ക്ക് എതിരായി തിരിക്കാൻ പോന്നതാണ്.

റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സഖ്യം ശക്തിപ്പെടുന്നത് ഇന്തോ-പസഫിക് മേഖലയിലെ മറ്റ് സുരക്ഷാ സംവിധാനങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കും. ഉത്തര കൊറിയയെ നേരിടാനുള്ള തന്ത്രങ്ങളുടെ ഭാഗമായി അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ത്രിരാഷ്ട്ര സുരക്ഷാ സഹകരണം മുൻപെങ്ങുമില്ലാത്തവിധം വർദ്ധിച്ചു. 'ഫ്രീഡം എഡ്ജ്' പോലുള്ള സംയുക്ത സൈനിക പരിശീലനങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് ഈ രാജ്യങ്ങൾ ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, അതിലൊന്നും കുലുങ്ങാതെ കൂടുതൽ സൈനിക സഹായം റഷ്യയ്ക്ക് നൽകാനാണ് കിമ്മിന്റെ തീരുമാനം.

അതേസമയം, റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള നവീകരിച്ച ബന്ധം ചൈനയ്ക്ക് തന്ത്രപരമായ ആകുലതകൾ ഉണ്ടാക്കുന്നുണ്ട്. പ്യോങ്യാംഗിന്മേൽ ബീജിംഗിനുണ്ടായിരുന്ന പരമ്പരാഗത നിയന്ത്രണവും സ്വാധീനവും കുറയുന്നതും, റഷ്യയുടെ പിന്തുണയോടെ കിം ജോങ് ഉൻ കൂടുതൽ സാഹസികമായ നിലപാടുകൾ സ്വീകരിക്കുന്നതും മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കാൻ കാരണമാകുമെന്ന് ചൈന ഭയപ്പെടുന്നു. ഇത് മേഖലയിലെ തങ്ങളുടെ താത്പര്യങ്ങൾക്ക് ഭാവിയിൽ വിഘാതം സൃഷ്ടിക്കുമെന്ന് ചൈനയ്ക്ക് നല്ല ബോധ്യമുണ്ട്. റഷ്യയും ഉത്തര കൊറിയയും സുഹൃത്തുക്കളായതിനാൽ അവരോട് മുഖം കറുത്ത് പറയുന്നില്ലെന്ന് മാത്രം.

റഷ്യയെ സഹായിക്കുന്നതിലൂടെ ഭീമമായ സാമ്പത്തിക, സൈനിക, നയതന്ത്ര നേട്ടങ്ങളാണ് ഉത്തര കൊറിയ കരസ്ഥമാക്കുന്നത്. അന്താരാഷ്ട്ര ഒറ്റപ്പെടലിൽനിന്ന് പുറത്തുകടക്കാനും സ്വന്തം ആണവ പ്രതിരോധശേഷി ആധുനികീകരിക്കാനും പ്യോങ്യാംഗിന് ഈ ബന്ധം അവസരമൊരുക്കി. സാമ്പത്തിക തലത്തിൽ, റഷ്യയിലേക്ക് ആയുധങ്ങളും തൊഴിലാളികളെയും വിതരണം ചെയ്യുന്നതിലൂടെ ഏകദേശം 770 കോടി മുതൽ 144 കോടി ഡോളർ വരെ വരുമാനം നേടാൻ ഉത്തര കൊറിയയ്ക്ക് സാധിക്കുന്നു. ഇതോടൊപ്പം കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം നേരിട്ടിരുന്ന ഇന്ധനം, ഭക്ഷ്യധാന്യങ്ങൾ എന്നിവ തടസ്സമില്ലാതെ റഷ്യയിൽനിന്ന് ലഭിക്കുകയും ചെയ്യുന്നു. യുക്രൈനിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് പ്യോങ്യാംഗിൽ അത്യാധുനിക പാർപ്പിടങ്ങൾ നൽകിക്കൊണ്ട് ഭരണകൂടത്തിന്റെ ജനകീയ അടിത്തറ ഉറപ്പിക്കാനും കിം ജോങ് ഉന്നിന് കഴിഞ്ഞു.

സൈനിക-സാങ്കേതിക മേഖലയിൽ ഉത്തര കൊറിയ നേടുന്ന മുന്നേറ്റങ്ങളും ഏറെ നിർണായകമാണ്. ഉത്തര കൊറിയയുടെ സൈനിക ഉപഗ്രഹ പ്രോഗ്രാം, ആണവ അന്തർവാഹിനി വികസനം, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പുനഃപ്രവേശന സാങ്കേതികവിദ്യ (Re-entry technology) എന്നിവയ്ക്ക് ആവശ്യമായ അത്യാധുനിക റഷ്യൻ സാങ്കേതികവിദ്യയും സാങ്കേതിക സഹായവും ലഭ്യമാകുന്നു. കൂടാതെ, നയതന്ത്ര തലത്തിൽ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഉത്തര കൊറിയക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കൊണ്ടുവരുന്ന പ്രമേയങ്ങളെ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ നിർവീര്യമാക്കുന്നതിനാൽ, അന്താരാഷ്ട്ര ഉപരോധ വ്യവസ്ഥകൾ പൂർണ്ണമായും ഫലശൂന്യമായി മാറിയിരിക്കുന്നു.

യുദ്ധം ഇനിയും നീളും

ഉത്തര കൊറിയയുടെ സജീവമായ സൈനിക ഇടപെടൽ യുക്രൈൻ യുദ്ധം പെട്ടെന്ന് അവസാനിക്കാനുള്ള സാധ്യതകളെ പൂർണ്ണമായും അടച്ചിരിക്കുകയാണ്. സമാധാന ചർച്ചകൾക്ക് വഴി തെളിയുന്നതിന് പകരം, യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഉത്തര കൊറിയയിൽനിന്നും ചൈനയിൽനിന്നും ലഭിക്കുന്ന തടസ്സമില്ലാത്ത സൈനിക-സാങ്കേതിക സഹായം ഉള്ളതിനാൽ, യുക്രൈനിലെ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‌സ്‌ക് മേഖലകളിൽ പൂർണ്ണ വിജയം നേടാതെ യുദ്ധം അവസാനിപ്പിക്കാൻ പുതിൻ തയ്യാറാകുന്നില്ല. യുദ്ധത്തിന്റെ സാമ്പത്തിക വ്യതിയാനങ്ങളും സമാധാന ചർച്ചകൾക്ക് തടസ്സമാകുന്നുണ്ട്.

അലാബുഗ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ ഡ്രോണുകളും ഉത്തരകൊറിയൻ ആർട്ടിലറി ഷെല്ലുകളും ഉപയോഗിച്ച് റഷ്യ നിരന്തരം ആക്രമണം നടത്തുമ്പോൾ, അത് പ്രതിരോധിക്കാൻ യുക്രൈന് ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന പാശ്ചാത്യ മിസൈലുകൾ ചെലവഴിക്കേണ്ടി വരുന്നു. ഈ അസിമെട്രിക് യുദ്ധമുറ പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ശേഷിയെയും ആയുധ ശേഖരത്തെയും കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്. തങ്ങളുടേതായ പരമാധികാരവും ഭൂപ്രദേശങ്ങളും വിട്ടുകൊടുത്തുള്ള ഒരു സമാധാന കരാറിന് യുക്രൈൻ ജനതയും ഭരണകൂടവും എതിരായതിനാൽ യുദ്ധം നീണ്ടുപോവുന്നു.

ഇതിനൊപ്പം ഉത്തര കൊറിയ, റഷ്യ, ഇറാൻ, ചൈന എന്നിവർ ചേർന്ന് രൂപം കൊള്ളുന്ന സഹകരണം പാശ്ചാത്യ ഉപരോധങ്ങളെയും നയതന്ത്ര സമ്മർദ്ദങ്ങളെയും തൃണവൽഗണിക്കാൻ ഇവരെ പ്രാപ്തരാക്കുന്നതിനാൽ, ഭാവിയിൽ നയതന്ത്രപരമായ ഒരു സമവായത്തിലെത്തുന്നത് കൂടുതൽ ദുഷ്‌കരമായി മാറ്റുന്നുണ്ട്. അതിനാൽ പരസ്പരമുള്ള ആക്രമണങ്ങൾ ഇനിയും തുടരുമെന്ന് സാരം. യുദ്ധം വർഷങ്ങളായി തുടരുന്നത് യുക്രൈന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ട്. റഷ്യയാകട്ടെ യുദ്ധകാല സമ്പദ്‌വ്യവസ്ഥയിലേക്ക് പെട്ടെന്ന് തന്നെ എത്തി.

ആഗോളതലത്തിൽ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം നിലവിലുണ്ടെങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അത് ഫലപ്രദമാക്കാൻ അമേരിക്കയ്ക്ക് സാധിക്കുന്നുമില്ല. ലോകത്തിന്റെ രണ്ട് കോണുകളിൽ നടക്കുന്ന യുദ്ധങ്ങളാണെങ്കിലും ഇവ രണ്ടും ബന്ധപ്പെട്ടിരിക്കുന്നുവെന്നതും സാഹചര്യങ്ങൾ സങ്കീർണമാക്കുന്നുണ്ട്.