
'ലോകത്തെ ഊഷ്മളമാക്കുന്ന, ഊട്ടുന്ന, ഭക്ഷണവും വസ്ത്രവും നല്‍കുന്ന സുപ്രധാന ജോലി നിര്‍വഹിക്കുന്നതിനിടയില്‍ ഞങ്ങളുടെ നിരപരാധികളായ നാവികള്‍ ഒന്നുമറിയാതെ നടുക്കടലില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അതീവ ദുഖഃകരമാണ്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. നാവികരുടെ സുരക്ഷയ്ക്കായി ലോകമൊരുമിക്കണം.' ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ രണ്ടാമതൊരു ചരക്കു കപ്പല്‍ കൂടി മുങ്ങിയപ്പോള്‍ വേള്‍ഡ് ഷിപ്പിങ് ഓര്‍ഗനൈസേഷയന്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ലോകത്തോട് ആവശ്യപ്പെട്ടതാണിത്. ആളില്ലാ ബോട്ടുകളും റിമോട്ട് കണ്‍ട്രോള്‍ ബോംബുകളും ഡ്രോണുകളുമുപയോഗിച്ച് ഹൂതികള്‍ ചെങ്കടലില്‍ ചോരക്കളി നടത്തുമ്പോള്‍ ലോകവ്യാപാര മേഖല വലിയ പ്രതിസന്ധിയെ കൂടെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയത്. ഇതുവരെ എഴുപതോളം ആക്രമണങ്ങള്‍ നടന്നു. മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു. യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ലോകരാഷ്ട്രങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ ചെവിക്കൊള്ളായതോടെ ചെങ്കടല്‍ പാത പ്രധാന യുദ്ധമുഖമായി മാറുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഗ്രീക്ക് ഉടമസ്തതയിലുള്ള എം.വി ട്യൂട്ടര്‍ ആക്രമിക്കപ്പെട്ടത്. കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങിപ്പോയതായി അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഷിപ്പിങ് അസോസിയേഷന്‍ ചെങ്കടല്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയത്. മാര്‍ച്ച് രണ്ടിന് ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള റൂബിമാറായിരുന്നു ഹൂതികള്‍ മുക്കിയ ആദ്യ കപ്പല്‍. ഇതിന് പിന്നാലെയാണ് എം.വി ട്യൂട്ടറിനെതിരേയും ആക്രമണമുണ്ടായത്.
പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
നവംബര്‍ 19 ന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ജപ്പാന്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗാലക്സി ലീഡര്‍ കപ്പല്‍ ഹൂതികള്‍ പിടിച്ചടക്കുകയും ജീവനക്കാരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. ബന്ധികളാക്കപ്പെട്ടവരില്‍ പലരേയും ഇപ്പോഴും വിട്ടയച്ചിട്ടുമില്ല. ഇതിന് പിന്നാലെയാണ് മറ്റ് കപ്പലുകള്‍ക്ക് നേരേയും ഹൂതികള്‍ ആക്രമണം തുടങ്ങിയത്. ഗാലക്സി കപ്പലിനെ ഹൂതികള്‍ പിടിച്ചടക്കിയതിന് പിന്നാലെ പ്രതിരോധമെന്ന രീതിയില്‍ അന്താരാഷ്ട്ര നാവികസേനകളെ ചെങ്കടലില്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും ഹൂതികളുടെ ആക്രമണങ്ങള്‍ ദിവസേന വര്‍ധിച്ച് വരികയുമാണ്.

ചെങ്കടല്‍ ഉപേക്ഷിച്ച് കപ്പലുകള്‍
യൂറോപ്പിലേക്കും ഏഷ്യയിലേക്കും വരുന്ന എല്ലാ തരത്തിലുള്ള വ്യാപാരവും മുന്നോട്ടുകൊണ്ടുപോകുന്ന കപ്പലുകള്‍ സൂയസ് കനാലിലൂടെ പ്രവേശിച്ച് ചെങ്കടല്‍ വഴി ബാബല്‍ അല്‍ മാന്‍ഡബിലെത്തി വേണം അറബിക്കടലിലേക്ക് കടക്കാന്‍. അതായത് ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര റൂട്ടിനടുത്താണ് യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളുമുള്ളത്. ഇവരുടെ തന്നെ നിയന്ത്രണത്തിലിരിക്കുന്ന ബാബല്‍ അല്‍ മാന്‍ഡബ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുത്തതോടെയാണ് ഈ വഴി അപകടവഴിയായി മാറിയിരിക്കുന്നത്.
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള എളുപ്പവഴിയും കൂടിയാണ് സൂയസ് കനാല്‍. അതുകൊണ്ടു തന്നെ എണ്ണ, ഗ്യാസ്, എന്നിവയുടെ ചരക്കുനീക്കത്തില്‍ സൂയസ് കനാലിന് നിര്‍ണായക പങ്കുമുണ്ട്. 2023 പകുതിവരെ മാത്രം ഒമ്പത് മില്ല്യണ്‍ എണ്ണ ബാരലുകളടങ്ങിയ കപ്പലുകളാണ് ഇതുവഴി കടന്നുപോയത്. ഓരോ വര്‍ഷവും 17000 കപ്പലുകളെങ്കിലും ഇതിലൂടെ കടന്നുപോവുന്നുണ്ട്. ഹൂതികളുടെ ആക്രമണം മൂലം കപ്പലുകള്‍ ചെങ്കടല്‍പ്പാത ഇനിയും ഉപേക്ഷിച്ചാല്‍ അത് ലോകത്താകമാനമുള്ള വിതരണ ശൃംഖലയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ എത്തുന്നത് വൈകുന്നത് വിലക്കയറ്റമടക്കമുള്ള കാര്യങ്ങളിലേക്കും എത്തിക്കാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത്.
നവംബറില്‍ ഹൂതികള്‍ ഗാലക്സി കപ്പല്‍ പിടിച്ചടക്കിയതിന് പിന്നാലെ ഇതുവരെ ചെങ്കടല്‍ വഴിയുള്ള 66 ശതമാനം കപ്പലുകളും യാത്ര ഉപേക്ഷിച്ചതായതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം തെക്കന്‍ ആഫ്രിക്ക വഴിയുള്ള വ്യാപാരപാതയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് താരതമ്യേന ചെലവ് കൂടിയതും ഇന്ധനക്ഷമതയില്‍ 40 ശതമാനം വര്‍ധനവുണ്ടാക്കുന്നതുമാണ്. മാത്രമല്ല പത്ത് ദിവസത്തോളം അധികസമയവുമെടുക്കും. 53 ശതമാനത്തോളം നിര്‍മാതാക്കളേയും ചെറുകിട സംരഭകരേയും ചെങ്കടല്‍ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്സ് (ബി.സി.സി) ഫെബ്രുവരില്‍ പുറത്തുവിട്ട സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കണ്ടെയ്നര്‍ വാടകയില്‍ 300 ശതമാനത്തോളം വര്‍ധനവുണ്ടായതായും വ്യക്തമാക്കുന്നു.
കാറുകളും ഫര്‍ണിച്ചറുകളും വസ്ത്രങ്ങളുമടക്കമുള്ള ഏഷ്യയുടെ വ്യാപാരത്തെയാണ് ഇത് കൂടുതല്‍ ബാധിച്ചത്. മധ്യപൂർവേഷ്യയിലെ ഇന്ധന വ്യാപാരത്തേയും വലിയ തോതില്‍ ബാധിച്ചു. യൂറോപ്പിലെ കാര്‍ പാര്‍ട്സ് വ്യാപാരത്തിന്റെ 70 ശതമാനത്തോളം ചരക്ക് നീക്കവും നടക്കുന്നത് ചെങ്കടല്‍ വഴിയാണ്. പ്രതിസന്ധിയുണ്ടായതോടെ മുന്‍നിര കാര്‍ നിര്‍മിതാക്കള്‍ ഇവയുടെ നിര്‍മാണം വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. ചില കമ്പനികള്‍ റെയില്‍ ചരക്കുഗതാഗതത്തിലേക്ക് മാറി, ഇതോടെ ചൈനയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ട്രെയിനുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

വരുമാനം കുത്തനെ ഇടിഞ്ഞ് സൂയസ് കനാല്‍
ചെങ്കടല്‍ പ്രതിസന്ധി സൂയസ് കാനലിന്റെ വരുമാനത്തിലും വലിയ കുറവുണ്ടായക്കിയിട്ടുണ്ടെന്നാണ് ഈജിഷ്യന്‍ മാധ്യമമായ അല്‍-മല്‍ ന്യൂസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും മാസത്തിനകം തന്നെ 64.3 ശതമാനം വരുമാനം കുറഞ്ഞതയതാണ് കണക്കുകള്‍ പറയുന്നത്.
2023-ലെ 648 മില്ല്യണ്‍ ഡോളര്‍ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 337.8 മില്ല്യണ്‍ ഡോളറിന്റെ കുറവാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2396 കപ്പുലുകള്‍ സൂയസ് കനാല്‍ വഴി കടന്നുപോയെങ്കില്‍ ഇതേസമയം ഇത്തവണ 1111 കപ്പലുകള്‍ മാത്രമാണ് കടന്നുപോയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് സൂയസ് കാനാലിന്റെ വരുമാനവും കുത്തനെയിടിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മാത്രം 804 മില്ല്യണ്‍ ഡോളറായിരുന്നു സൂയസ് കാനാലിന്റെ വരുമാനം. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ മാത്രം 428 മില്ല്യണ്‍ ഡോളറായി വരുമാനം കുത്തനെയിടിഞ്ഞെന്നാണ് സൂയസ് കനാല്‍ അതോറ്റി ചീഫ് ഒസാമ റാബി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്.
അതിനിടെ, കനാലിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സൂയസ് കനാല്‍ അതോറിറ്റി (എസ്.സി.എ) തിരഞ്ഞെടുത്ത ദീര്‍ഘദൂര ട്രേഡുകള്‍ക്ക് അനുവദിച്ചിരുന്ന ഫീസിളിവ് ഈവര്‍ഷം അവസാനം വരെ നീട്ടി നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് സൂയസ് കാനല്‍ അതോറിറ്റി ഫീസിളവുകള്‍ നല്‍കാന്‍ തുടങ്ങിയത്. അമേരിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിലുള്ള യാത്രകളില്‍ ഉല്‍പ്പന്ന ടാങ്കറുകള്‍ക്കും ക്രൂഡ് ഓയില്‍ കാരിയറുകള്‍ക്കും 75 ശതമാനം വരെയായിരുന്നു കിഴിവുകള്‍ നല്‍കിയിരുന്നത്. ഇതാണ് ഈവര്‍ഷം അവസാനം വരെ നീട്ടി നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക് റൂട്ട് നിര്‍ദേശിച്ച് റഷ്യ
ചെങ്കടല്‍ പ്രതിസന്ധി രൂക്ഷമായിരിക്കേ ചരക്ക് നീക്കത്തിന് ബദലെന്ന രീതിയില്‍ ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള നോര്‍ത്തേണ്‍ സീ റൂട്ട് (എന്‍.എസ്.ആര്‍) ബദലായി നിര്‍ദേശിച്ചിരിക്കുകയാണ് റഷ്യ. ഐസുരുകല്‍ കാരണം ദുഷ്‌കരമായ പാതയാണ് നോര്‍ത്തേണ്‍ സീ റൂട്ടെങ്കിലും ഇത് കൂടുതല്‍ പ്രതീക്ഷയോടെ മുന്നോട്ട് വെച്ചിരിക്കുകയാണ് റഷ്യ. നേരത്തെ ചൂടുകാലത്ത് മാത്രം കൂടുതല്‍ ഉപയോഗിച്ചിരിന്ന പാതയെ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാനാവുന്ന തരത്തിലേക്ക് മാറ്റാനുള്ള സാങ്കേതിക സംവിധാനം കൊണ്ടുവരാനൊരുങ്ങുകയാണ് റഷ്യ. ചില യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള ചരക്ക് നീക്കത്തില്‍ ദൂരം കുറവാണെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് എന്‍.എസ്.ആര്‍ നിര്‍ണായകമാവുന്നത്.
ആണവോര്‍ജവുമായി ബന്ധപ്പെട്ട റഷ്യന്‍ കൂട്ടായ്മയായ റോസറ്റം സംഘടിപ്പിച്ച ആറ്റം എക്‌സ്‌പോ 2024-ല്‍ 'എന്‍.എസ്.ആര്‍; ദ ബൗണ്ട്‌ലസ് പൊട്ടന്‍ഷ്യല്‍ ഓഫ് ആര്‍ടിക്' എന്ന സെമിനാറില്‍ ഇത് സംബന്ധിച്ച സുപ്രധാനമായ ചര്‍ച്ചകളായിരുന്നു നടന്നത്. 2035 ഓടെ എന്‍.എസ്.ആര്‍ വഴി 250 മില്ല്യണ്‍ ടണ്ണിന്റെ ചരക്കുനീക്കം നടത്തുമെന്ന് റഷ്യന്‍ പ്രതിനിധിയായ വ്‌ളാദിമിര്‍ പനോവ് സെമിനാറില്‍ അറിയിച്ചതോടെയാണ് എന്‍.എസ്.ആര്‍ പുതുവഴിയിലേക്ക് നീങ്ങുന്നുവെന്ന സുപ്രധാനമായ സൂചന റഷ്യ നല്‍കിയത്.
5600 കി.മി ദൂരമുള്ള എന്‍.എസ്.ആര്‍ റഷ്യയിലെ സബേറ്റ, ഡ്യൂഡിന്‍ക, കാദന്‍ഗ, ടിക്‌സി, പെവേക്ക് തുറമുഖങ്ങള്‍ വഴിയാണ് കടന്നുപോവുന്നത്. അതുകൊണ്ടു തന്നെ എന്‍.എസ്.ആര്‍ പൂര്‍ണമായും ഉപയോഗിക്കാനായാല്‍ അത് റഷ്യയെ സംബന്ധിച്ചും നിര്‍ണായകമാവും. വര്‍ഷത്തില്‍ മുഴുവനായും പാതയിലൂടെയുള്ള യാത്ര സുഖമമാക്കുക ലക്ഷ്യമിട്ട് കൂടുതലായി രണ്ട് ആണവ ഐസ് ബ്രേക്കറുകളും റഷ്യ നിര്‍മിക്കുന്നുണ്ട്. ഇത് ഇന്ത്യയ്ക്കും വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ പ്രതിനിധിയായ വേദ് പ്രകാശും ആറ്റം എക്‌സോപോയില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ സെന്റ് പീറ്റേഴ്‌സ് തുറമുഖത്ത് നിന്ന് മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടേയും സൂയസ് കാനാലും വഴിയുമാണ് ഇന്ത്യയുടെ പ്രധാന ചരക്ക് നീക്കമെല്ലാം നടക്കുന്നത്. എന്നാല്‍ എന്‍.എസ്.ആര്‍ പൂര്‍ണതോതില്‍ യാഥാര്‍ഥ്യമായാല്‍ സെന്റ് പീറ്റേഴ്‌സ് തുറമുഖത്ത് നിന്ന് റഷ്യയിലെ പ്രധാന തുറമുഖമായ വ്‌ളാദിവോസ്‌റ്റോക്ക് വഴി ചെന്നൈ തുറമുഖത്തേക്കുള്ള ചരക്ക് നീക്കം കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. അത് തങ്ങള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നും എക്‌സോപോയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

ഹൂതികള്‍ക്ക് പറയാനുണ്ട്, നീണ്ട ചരിത്രം
യെമനിലെ ഷിയ മുസ്ലീം വിഭാഗത്തില്‍ പെടുന്ന ഹൂതികള്‍ക്ക് പ്രാദേശിക സഖ്യത്തില്‍ തുടങ്ങി സായുധസേനയായി മാറി ഒടുവില്‍ രാജ്യം തന്നെ കൈപ്പിടിയില്‍ ഒതുക്കിയ സങ്കീര്‍ണ ചരിത്രം പറയാനുണ്ട്. ഷിയ വിഭാഗത്തില്‍ പെട്ട സൈദി വംശജരാണ് ഇവരുടെ പൂര്‍വികര്‍. വടക്കന്‍ യെമനെന്നും തെക്കന്‍ യെമന്‍ എന്നും വംശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നതായിരുന്നു പഴയ യെമന്‍. വടക്കന്‍ യെമനില്‍ ഷിയ വിഭാഗവും തെക്കന്‍ യെമനില്‍ സുന്നി വിഭാഗവും ആധിപത്യം ഉറപ്പിക്കുകയും ചെയ്തിരുന്നു. മുമ്പ് ഓട്ടമാൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു വടക്കന്‍ യെമന്‍. തെക്കന്‍ യെമന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലുമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം വടക്കന്‍ യെമന്‍ സ്വതന്ത്രമായെങ്കിലും ഷിയ വിഭാഗമായിരുന്നു പ്രധാന അധികാര സ്ഥാനത്തിരുന്നത്. ഇതില്‍ ഏറ്റവും പ്രബലരായിരുന്നു സൈദി വംശജര്‍.
1960-കളില്‍ സൈദികള്‍ക്കെതിരേ വടക്കന്‍ യെമനില്‍ വിമതഗ്രൂപ്പ് രൂപപ്പെടുകയും ഈജിപ്തിന്റെ സഹായത്തോടെ വിമതര്‍ സൈദികളെ അധികാരഭ്രഷ്ടരാക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍ ഗ്രൂപ്പായിരുന്നു അക്കാലത്ത് സൈദികളെ പുറത്താക്കി വടക്കന്‍ യെമനിന്റെ അധികാരം പിടിച്ചെടുത്തിരുന്നത്. അങ്ങനെ വടക്കന്‍ യെമന്‍ എന്ന രാജ്യത്തിന് പകരം യെമന്‍ അറബ് റിപ്പബ്ലിക്ക് എന്ന പുതിയ രാജ്യം രൂപപ്പെടുകയും ചെയ്തു. സൈദികളെ അടിച്ചമര്‍ത്തിക്കൊണ്ട് അവര്‍ക്ക് യാതൊരു അധികാര സ്ഥാനവും നല്‍കാത്ത ഭരണമായിരുന്നു യെമന്‍ അറബ് റിപ്ലബ്ലിക്കിലുണ്ടായിരുന്നത്. ഇത് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു. ഇതേകാലത്താണ് തെക്കന്‍ യെമനും ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമായി സതേണ്‍ യെമന്‍ റിപ്പബ്ലിക്ക് എന്ന പുതിയ രാജ്യമാവുന്നത്. കലക്രമേണ രണ്ട് യെമനും കൂടിച്ചേര്‍ന്ന് ഒന്നാകണമെന്ന് ആവശ്യമുയര്‍ന്നതോടെ 1990-കളില്‍ അത് യാഥാര്‍ഥ്യമാവുകയും ഇപ്പോഴത്തെ യെമനായി രൂപം പ്രാപിക്കുകയും ചെയ്തു. പുതിയ യെമനിന്റെ പ്രസിഡന്റ സ്ഥാനത്തേക്ക് അത്രയും കാലം വടക്കന്‍ യെമനിന്റെ പ്രസിഡന്റായിരുന്ന അലി അബ്ദുള്ള സാലേയാണ് എത്തിയത്. പക്ഷെ ഏകാധിപത്യ ഭരണമായിരുന്നു സാലേ കാഴ്ചവെച്ചത്- മാത്രമല്ല, ഷിയകളെ അടിച്ചമര്‍ത്തുന്ന നിലപാടുകളും തുടങ്ങി. ഇവിടെ മുതലാണ് സൈദി ഗ്രൂപ്പുകള്‍ ഹൂതികളായി മാറി തുടങ്ങിയത്.

അലി അബ്ദുള്ള സാലെയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ നിന്ന് അലി അബ്ദുള്ള സാലേയുടെ അഴിമതിക്കും ഷിയ വിരുദ്ധ നിലപാടുകള്‍ക്കുമെതിരേ ആയിരുന്നു പ്രധാന സംഘാടനം. സൈദികളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട് ബിലീവ് ഇന്‍ യൂത്ത് എന്ന ആശയത്തിലായിരുന്നു തുടക്കം. 1994-ല്‍ ബിലീവ് ഇന്‍ യൂത്ത് ഗ്രൂപ്പിന്റെ പേര് അന്‍സാറുള്ള എന്നായി മാറി. സൈദികളുടെ ഇടയിലുള്ള ഏറ്റവും ശക്തമായ ഉപവിഭാഗമായ ഹൂതികളുടെ നേതൃത്വത്തില്‍ അന്‍സാറുള്ളയുടെ നേതൃത്വം എത്തിയതോടെ ഹൂതികള്‍ വന്‍ശക്തിയായും മാറി. അന്ന് ഹുസൈന്‍ ബദ്രറുദ്ദീന്‍ അല്‍ ഹൂതിയായിരുന്നു നേതാവ്. ഇയാളുടെ നേതൃത്വത്തില്‍ നടന്ന സായുധ പ്രവര്‍ത്തനമാണ് പിന്നീട് ഹൂതി മൂവ്മെന്റ് എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങിയത്.
അറബ് മേഖലയിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമേരിക്കയും ഇസ്രായേലുമാണെന്നും ഇവര്‍ക്കെതിരേ പ്രവര്‍ത്തിക്കുക എന്നതുമായിരുന്നു ഹൂതികളുടെ പ്രധാന ലക്ഷ്യം. ഇതിനിടെ യെമനിന്റെ അധികാരം പിടിച്ചെടുക്കാനായി ആഭ്യന്തര സംഘര്‍ഷത്തിലേക്കും പോയി. സംഘര്‍ഷത്തില്‍ അലി അബ്ദുള്ള സാലേയുടെ പട്ടാളം ഹൂതി നേതാവ് ഹുസൈന്‍ ബദ്രറുദ്ദീന്‍ അല്‍ ഹൂതിയെ വധിച്ചതോടെ പ്രശ്നം കൂടുതല്‍ വഷളാവുകയും ചെയ്തു. ശേഷം ഹുസൈന്‍ ബദ്രറുദ്ദീന്‍ അല്‍ ഹൂതിയുടെ സഹോദരന്‍ അബ്ദുള്‍ മാലിക് അല്‍ ഹൂതി നേതൃത്വം ഏറ്റെടുക്കുകയും അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. യെമനില്‍ ഹൂതികളുടെ സായുധ കലാപം രൂക്ഷമാവുന്നതിനിടെ യെമനെ സഹായിക്കാന്‍ സൗദി അറേബ്യ രംഗത്തെത്തിയതോടെയാണ് യെമനിലെ ആഭ്യന്തര കലാപം യുദ്ധത്തിലേക്ക് മാറിയത്. ഇതിനിടെ യെമനെ സഹായിക്കാന്‍ ഇറാനുമെത്തിയതോടെ കാര്യങ്ങള്‍ സൗദി-ഇറാന്‍ യുദ്ധമായി പരിണമിച്ചു.
2003-ല്‍ സൗദി അറേബ്യയുടെ പിന്തുണയോടെ ഹൂതികളെ ഇല്ലാതാക്കാന്‍ അലി അബ്ദുള്ള സാലേ ശ്രമിച്ചെങ്കിലും അതിശക്തമായ പ്രതിരോധത്തില്‍ സലേയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ലെബനീസ് ഷിയ സംഘടനയായ ഹിസ്ബുള്ളയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദൈവമാണ് ഏറ്റവും ശക്തന്‍, അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം, ജൂതന് മേലുള്ള ശാപം, ഇസ്ലാമിന്റെ വിജയം-എന്നത് തങ്ങളുടെ മുദ്രാവാക്യമായി ഹൂതികള്‍ ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. അന്നുമുതല്‍ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ഹൂതികള്‍.
2011 ല്‍ ഹൂതികളുടെ നേതൃത്വത്തില്‍ തെരുവില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ശക്തിപ്രാപിച്ച് 2014 ല്‍ യെമന്‍ തലസ്ഥാന നഗരമടക്കമുള്ള വിവിധ ഭാഗങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഹൂതികള്‍ക്ക് കഴിഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും സൗദി അറേബ്യയ്ക്കുമെതിരേയുള്ള എല്ലാ നീക്കങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയെന്നതാണ് ഹൂതികളുടെ പ്രഖ്യാപിത ലക്ഷ്യം. ഇതില്‍ ഒടുവിലത്തേതാണ് ഇസ്രയേലിനേതിരേയുള്ള ചെങ്കടലിലെ നീക്കം.
Content Highlights: Red sea crises and houthi attacks
Published: 25 Jun 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented