ന്യൂഡൽഹി: ആർ.എസ്.എസിനും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്കും ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ്. കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട്.

To advertise here,

മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഉപരോധം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകതരത്തിലുള്ള ഉത്കണ്ഠയുള്ള രാജ്യമെന്ന് ഇന്ത്യയെ അടയാളപ്പെടുത്തണമെന്നും ആയുധവിൽപ്പനയെയും വ്യാപാരനയങ്ങളെയും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, റിപ്പോർട്ടിലെ പക്ഷപാതപരമായ നിരീക്ഷണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യം തകർച്ചയിലാണെന്ന് വാർഷിക റിപ്പോർട്ടിൽ യു.എസ്. കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. മതപരിവർത്തനം തടയാനുള്ള നിയമത്തിൽ ജയിൽശിക്ഷകൂടി ഉൾപ്പെടുത്തി ശക്തിപ്പെടുത്താൻ ശ്രമംനടത്തുന്നു. വഖഫ് ഭേദഗതി നിയമം, ഉത്തരാഖണ്ഡ് സർക്കാരിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ നിയമം എന്നിവയെയും വിമർശിക്കുന്നു. മഹാരാഷ്ട്ര, ഒഡിഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് വർഗീയസംഘർഷം നടത്തുന്നുവെന്ന ആരോപണവുമുണ്ട്. അമേരിക്കൻ പൗരന്മാർക്കും മതന്യൂനപക്ഷങ്ങൾക്കുംനേരേ ഇന്ത്യയിൽ പീഡനവും ആക്രമണവും നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള ആയുധവ്യാപാരം നിർത്തിവെക്കണമെന്നും ആവശ്യപ്പെടുന്നു.

സംശയാസ്പദമായ സ്രോതസ്സുകളെ ആശ്രയിച്ചാണ് ഇത്തരം വിലയിരുത്തലുകൾ നടത്തുന്നതെന്നും ഇത് കമ്മിഷന്റെ വിശ്വാസ്യതയെ തകർക്കുമെന്നും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനെതിരേ വർധിക്കുന്ന അസഹിഷ്ണുതയും ഭീഷണിപ്പെടുത്തലും പോലെയുള്ള സംഭവങ്ങൾക്കാണ് യു.എസ്.സി.ഐ.ആർ.എഫ്. പ്രാധാന്യം നൽകേണ്ടതെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. 1998-ൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം രൂപംകൊണ്ട സംവിധാനമാണ് യു.എസ്. കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്).