ന്യൂഡൽഹി: ജനാധിപത്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്ന് നേഹ ബോറ ഡൽഹി ഹൈക്കോടതിയിൽ. ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് അനുമതി ആവശ്യമില്ലെന്നും ഐസ ദേശീയ അധ്യക്ഷ കോടതിയിൽ വ്യക്തമാക്കുകയുണ്ടായി. ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ എക്്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുമ്പാകെ 'സമാധാന' ബോണ്ട് ഒപ്പിടാൻ ആവശ്യപ്പെട്ടുള്ള പോലീസ് നോട്ടീസിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു നേഹയുടെ വാദം.
വാദം കേൾക്കുന്നതിനിടെ, ബോറ പങ്കെടുത്ത ഒരു സംയുക്ത പത്രസമ്മേളനം ഉൾപ്പെടെയുള്ള ചില തെളിവുകൾ ഡൽഹി പോലീസിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ ചൂണ്ടിക്കാട്ടി.
സി.ജെ.പി നേതാക്കളും പ്രശാന്ത് ഭൂഷണും പങ്കെടുത്ത ഒരു യോഗത്തിൽ, 'ഇതൊരു ഭരണമാറ്റത്തിനായുള്ള പോരാട്ടമാണ്, ഞങ്ങൾ ഭരണമാറ്റം കൊണ്ടുവരിക തന്നെ ചെയ്യും' എന്ന് പറയുകയുണ്ടായി. ആ യോഗത്തിൽ ബോറയും പങ്കാളിയായിരുന്നുവെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ പറഞ്ഞത്.
ബോറയെ പ്രതിനിധീകരിച്ച സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, ബോറ അങ്ങനെ പറഞ്ഞിട്ടില്ലെന്നും, ജനാധിപത്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും മറുപടി നൽകി. ഇതോടെ നമ്മൾ ഇപ്പോൾ അതിലേക്ക് കടക്കേണ്ടതുണ്ടോയെന്ന് വാദം കേട്ട ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചോദിച്ചു.
ബോറയുടെ വാദത്തെ അഡീഷണൽ സോളിസിറ്റർ ജനറൽ എതിർത്തു, 'നിങ്ങൾ ആ വാർത്താസമ്മേളനത്തിന്റെ ഭാഗമായിരുന്നു. ഞാൻ ഇതിനെ എതിർക്കുന്നു. ജനാധിപത്യത്തിൽ ഭരണമാറ്റം വോട്ടിലൂടെയാണ് സംഭവിക്കേണ്ടത് അല്ലാതെ ഡൽഹിയുടെ ഹൃദയഭാഗത്ത് അക്രമകാരികൾ ഒത്തുകൂടിയിട്ടല്ല' എന്നും പറയുകയുണ്ടായി.
രണ്ടര മണിക്കൂറിലധികം ഇരുഭാഗങ്ങളുടെയും വാദങ്ങൾ കേട്ടശേഷം, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിധി പറയുന്നതിനായി കേസ് മാറ്റിവയ്ക്കുകയും, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തു. തനിക്കെതിരായ നോട്ടീസ് റദ്ദാക്കണമെന്നും തനിക്കെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്ന് പോലീസിന് നിർദ്ദേശം നൽകണമെന്നും ബോറ ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്ക് ലഭിച്ച നോട്ടീസ് അനുമതിയില്ലാതെ ദേശീയ പതാക ഉയർത്തിയെന്നടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ബോറ പറഞ്ഞു. ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ലെന്ന നിയമപരമായ അറിവ് പോലീസിന് നൽകേണ്ടതുണ്ടെന്നും ബോറയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്തെങ്കിലും വസ്തുക്കളോ അന്വേഷണമോ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് നടന്നിട്ടുണ്ടോ എന്ന് കോടതി പോലീസിനോട് ചോദിച്ചു. ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നടപടികൾ നിർത്തിവെക്കാൻ കോടതി വാക്കാൽ പോലീസിനോട് ആവശ്യപ്പെട്ടു.
Content Highlights: Demanding a regime change in a democracy is not legally wrong., Citizens do not require special permission to hoist the national flag., Delhi High Court reserved its order on the plea challenging the police notice.
Published: 22 Oct 2026, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented