
ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വാരികകളുടെ കാലമായിരുന്നു 1980 കള്‍. അറുപതുകളിലെയും 70 കളിലെയും തലമുറകള്‍ അവരുടെ ബാല്യത്തില്‍ നിന്നും കുതറിമാറിയത് വാരികകളുടെ ആശ്ലേഷത്തിലേക്കായിരുന്നു. പൂമ്പാറ്റയില്‍ നിന്നും ബാലരമയില്‍ നിന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്കും കലാകൗമുദിയിലേക്കുമുള്ള സഞ്ചാരം. ഈ വാരികകളുടെ താളുകളില്‍ കൗമാര - യൗവ്വനങ്ങള്‍ പൂത്തുലയുകയും ക്ഷോഭിക്കുകയും സങ്കടപ്പെടുകയും ചെയ്തു. പത്രപ്രവര്‍ത്തകന്‍ വിര്‍ സാങ്വി എഴുതിയതുപോലെ പത്രങ്ങളല്ല, വാരികകളാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് ആ നാളുകളില്‍ പുതിയ രൂപവും ഭാവവും നല്‍കിയത്. എഴുപതുകളുടെ മദ്ധ്യേ ഇന്ത്യാ ടുഡെയും 80കളുടെ പകുതിയോടെ ഫ്രണ്ട്ലൈനും മാഗസിന്‍ ജേര്‍ണലിസത്തില്‍ പുതിയ മേല്‍വിലാസങ്ങളായി. പക്ഷേ, ആ കാലത്ത് നിന്ന് ഒരു പത്രാധിപരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യം മനസ്സിലേക്കെത്തുക പ്രിതിഷ് നന്ദിയായിരിക്കും. ഇലസ്ട്രേറ്റഡ് വീക് ലി യുടെ അനിതരസാധാരണനായ പത്രാധിപര്‍. ഇക്കഴിഞ്ഞ ജനുവരി എട്ടിന് 73-ാം വയസ്സില്‍ പ്രിതിഷ് വേര്‍പിരിഞ്ഞപ്പോള്‍ അതൊരു കാലത്തിന്റെ പരിസമാപ്തിയായിരുന്നു.
എണ്‍പതുകള്‍ എല്ലാ അര്‍ത്ഥത്തിലും പ്രിതിഷ് നന്ദിയുടേതായിരുന്നു. കവിതയായിരുന്നു പ്രിതിഷിന്റെ പ്രഥമ തട്ടകം. കവിതയിലെ മികവിനായിരുന്നു 26-ാം വയസ്സില്‍ പ്രിതിഷിനെത്തേടി പത്മശ്രീ എത്തിയത്. ലണ്ടനില്‍ നിന്നും കൊല്‍ക്കൊത്തയിലേക്കുള്ള ഒരു വിമാനയാത്രയാണ് പ്രിതിഷിനെ ടൈംസ് ഒഫ് ഇന്ത്യ ഗ്രൂപ്പിലേക്കും ഇലസ്ട്രേറ്റഡ് വീക്ക്ലിയിലേക്കും എത്തിച്ചത്. ആ യാത്രയില്‍ പ്രിതിഷിന്റെ തൊട്ടടുത്തെ സീറ്റില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അശോക് ജയിനുണ്ടായിരുന്നു. പ്രതിഷിനെ അശോക് ജയിന്‍ ടൈംസ് ഓഫ് ഇന്ത്യയിലേക്ക് ക്ഷണിച്ചു. അശോക് ജയിന്റെ മൂത്ത മകന്‍ സമിര്‍ ജയിന്‍ എന്ന ചെറുപ്പക്കാരന്‍ ടൈംസിന്റെ മേല്‍ത്തട്ടിലേക്ക് വരുന്ന സമയമായിരുന്നു അത്. സമീറിന്റെ പിന്തുണയിലാണ് അതുവരെ ഒരു പത്രത്തിലോ മാസികയിലോ ജോലി നോക്കിയിട്ടില്ലാതിരുന്ന പ്രിതിഷ് ഇന്ത്യന്‍ ജേര്‍ണലിസത്തിന് പുതിയൊരു മുഖം നല്‍കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്.
കിഷോര്‍ കുമാര്‍ , രജനീഷ്, ചന്ദ്രസ്വാമി
ഖുഷ്വന്ത് സിങ് 70കളില്‍ പ്രോജ്വലിപ്പിച്ച ഇലസ്ട്രേറ്റഡ് വീക്ക്ലി അപ്പോഴേക്കും ആ പ്രതാപത്തിന്റെ നിഴല്‍ മാത്രമായിരുന്നു. ഈ നിഴലിനെയാണ് പ്രിതിഷ് പുനരുജ്ജീവിപ്പിച്ചത്. പ്രിതിഷിനെക്കാള്‍ ചെറുപ്പത്തില്‍ പത്രാധിപരായവരാണ് എം ജെ അക്ബറും വിര്‍ സാങ്വിയും. വാസ്തവത്തില്‍ അക്ബറാണ് ആദ്യം പ്രിതിഷിനെക്കൊണ്ട് സണ്‍ഡേയിലേക്ക് ലേഖനങ്ങളും കവര്‍ സ്റ്റോറികളും എഴുതിപ്പിച്ചത്. പക്ഷേ, പത്രാധിപത്യത്തില്‍ അക്ബറിനെയും സാങ്വിയെയും പ്രിതിഷ് മറികടന്നു. എണ്‍പതുകളുടെ അവസാനം ആലുവ യു സി കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ലൈബ്രറിയില്‍ ഇലസ്ട്രേറ്റഡ് വീക്ക്ലി വരുന്നത് കാത്തിരുന്ന കാലമുണ്ടായിരുന്നു. ഒരോ ആഴ്ചയും പ്രിതിഷ് എന്തെങ്കിലും ഒരു വെടി പൊട്ടിക്കുമായിരുന്നു. കളത്തിലിറങ്ങി കളിക്കുന്ന പത്രാധിപരായിരുന്നു പ്രിതിഷ്. പ്രിതിഷ് നടത്തിയതുപോലുള്ള അഭിമുഖങ്ങള്‍ മറ്റേതെങ്കിലുമൊരു ഇന്ത്യന്‍ പത്രാധിപര്‍ നടത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. കിഷോര്‍ കുമാറും ഓഷോ രജനീഷും ചന്ദ്രസ്വാമിയുമായുമൊക്കെ പ്രിതിഷ് നടത്തിയ അഭിമുഖങ്ങള്‍ ചരിത്രമാണ്.
രജനീഷിനെ കാണാന്‍ അമേരിക്കയിലെ ഒറിഗോണിലേക്ക് പോയതിനെക്കുറിച്ച് പ്രിതിഷ് എഴുതിയിട്ടുണ്ട്. നൂറോളം റോള്‍സ് റോയ്സ് കാറുകള്‍, ചെറുപ്പത്തിന്റെ വന്യതയില്‍ സൈക്കഡലിക് സ്വപ്നങ്ങളിലേക്കുണരുന്ന ശിഷ്യ ഗണങ്ങള്‍, ഒറിഗോണിലെ രജനീഷ്പുരത്തില്‍ ഓഷോ രജനീഷ് എല്ലാ അര്‍ത്ഥത്തിലും ഒരു മനുഷ്യെൈദവമായിരുന്നു. രജനീഷിന്റെ ആശ്രമത്തില്‍ തോട്ടക്കാരനായി നിന്നിരുന്ന മുന്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വിനോദ് ഖന്നയും പ്രിതിഷിന്റെ എക്സ്‌ക്ളുസിവ് സ്റ്റോറിയായി ഇലസ്ട്രേറ്റഡ് വീക്ക്ലിയില്‍ വന്നു. രജനീഷിന്റെ സെക്കന്റ് ഇന്‍ കമാന്‍ഡ് എന്നറിയപ്പെട്ടിരുന്ന മാ ആനന്ദ് ഷീലയുടെ നഗ്ന ചിത്രമായിരുന്നു ആ ലക്കത്തില്‍ ഇലസ്ട്രേറ്റഡ് വീക്ക്ലിയുടെ സെന്റര്‍ സ്പ്രെഡ്. ആ ഒരൊറ്റ അഭിമുഖത്തിലൂടെ പ്രിതിഷ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തില്‍ സ്വയം പ്രതിഷ്ഠിച്ചു.
സിഐഎ ഏജന്റായിരുന്ന ഫ്രാങ്ക് കാംപറുമായി പ്രിതിഷ് നടത്തിയ അഭിമുഖവും വന്‍ ഹിറ്റായിരുന്നു. ഫ്രാങ്ക് കാംപര്‍ പരിശിലിപ്പിച്ച ഖാലിസ്ഥാന്‍ തീവ്ര വാദികളാണ് 1985 ല്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ത്ത് അതിലുണ്ടായിരുന്ന 329 പേരെയും ഒറ്റയടിക്ക് കൊന്നത്. പി വി നരസിംഹറാവു അടക്കം പല മുന്‍ നിര രാഷ്്ട്രീയക്കാരുടെയും ആത്മീയ ഗുരുവായിരുന്ന ചന്ദ്രസ്വാമി, പ്രിതിഷിന് അഭിമുഖം നിഷേധിച്ചതും പിന്നീട് രജത് ശര്‍മ്മയ്ക്കൊപ്പം പോയി പ്രിതിഷ് സ്വാമിയെ അഭിമുഖം ചെയ്തതും എങ്ങിനെയാണ് മറക്കുക. ചന്ദ്രസ്വാമി പ്രിതിഷിനെ അതിന് മുമ്പ് നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. രജത് ശര്‍മ്മയുടെ സെക്രട്ടറിയാണെന്ന വ്യാജേനയാണ് പ്രിതിഷ് ചന്ദ്രസ്വാമിയെ കണ്ടത്. ഇടയ്ക്ക് പ്രിതിഷ് തന്നെ ചന്ദ്രസ്വാമിയോട് പ്രിതിഷ് നന്ദിയെക്കുറിച്ച് ചോദിച്ചു. ഇലസ്ട്രേറ്റഡ് വീക്ക്ലിയുടെ പത്രാധിപരായ പ്രിതിഷിനെതിരെ ചന്ദ്രസ്വാമി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് പ്രിതിഷിന്റെ സ്വാമി അഭിമുഖം വന്നത്. താന്‍ പ്രിതിഷ് നന്ദിയാണെങ്കിലോ എന്ന് പ്രിതിഷ് അഭിമുഖത്തിനിടയ്ക്ക് സ്വാമിയോട് ചോദിക്കുന്നുണ്ട്. അപ്പോള്‍ സ്വാമി പറഞ്ഞത് തൃക്കണ്ണുകൊണ്ട് എന്തിന്റെയും ഏതിന്റെയും അകവും പുറവുമറിയാന്‍ തനിക്കാവുമെന്നും തന്നെ കബളിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്നുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രസ്വാമിയെ ഒരിക്കല്‍കൂടി പ്രിതിഷ് കാണാനിടയായി. അന്ന് സ്വാമി പ്രതിഷിനോട് പറഞ്ഞത് ആ അഭിമുഖം സ്വാമിക്ക് നല്‍കിയ പ്രശസ്തിയെക്കുറിച്ചായിരുന്നു. തന്റെ മാന്ത്രിക വിദ്യകളുടെ ഉള്ളുകള്ളികള്‍ പ്രിതിഷ് വെളിപ്പെടുത്തിയത് ശരിയായില്ലെന്നും സ്വാമി പറഞ്ഞു.
വിശുദ്ധ പശുക്കള്‍
ഒരാളും ഒരു പ്രമുഖ വ്യക്തിയും പ്രിതിഷിന് ആരാധനാ മൂര്‍ത്തിയായിരുന്നില്ല. പത്രപ്രവര്‍ത്തനത്തില്‍ വിശുദ്ധ പശുക്കളില്ലെന്ന് പ്രിതിഷ് പറയുമായിരുന്നു. ആരെയും ചോദ്യം ചെയ്യുക എന്തിനെയും പൊളിച്ചെഴുതുക എന്നത് ജീവിത വ്രതം പോലെ കൊണ്ടനടന്നയാളാണ് പ്രിതിഷ്. ഹരിത വിപ്ലവം ഇന്ത്യയെ കാര്‍ഷിക മേഖലയിലും ഭക്ഷ്യ സ്വയം പര്യാപ്തതയിലും മുന്നോട്ടുകൊണ്ടുപോയപ്പോള്‍ അതിന്റെ ശില്‍പിയായ എം എസ് സ്വാമിനാഥന്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി. അപ്പോഴാണ് ക്ലോദ് അല്‍വാരിസ് എന്ന പരിസ്ഥിതി പ്രവര്‍ത്തകനിലൂടെ പ്രിതിഷ് ഹരിത വിപ്ലവത്തെ ചോദ്യം ചെയ്തത്. ' The Great Green Robbery' എന്ന ശീര്‍ഷകത്തില്‍ അല്‍വാരിസ് എഴുതിയ ലേഖനം സൃഷ്ടിച്ച വിവാദം വളരെ വലുതായിരുന്നു. ഹരിത വിപ്ലവവും എം എസ് സ്വാമിനാഥനും വിശുദ്ധ പശുക്കളല്ലെന്ന നിലപാടില്‍ പ്രിതിഷ് ഉറച്ചു നിന്നു. ഹരിത വിപ്ലവം ഇന്ത്യയ്ക്ക് നല്‍കിയ ഗംഭീര മുന്നേറ്റം അംഗീകരിക്കുമ്പോള്‍ തന്നെ ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ലെന്ന പക്ഷക്കാരനായിരുന്നു പ്രിതിഷ് .
സഹപ്രവര്‍ത്തകര്‍ക്ക് ആവോളം സ്വാതന്ത്ര്യം കൊടുത്തിരുന്ന പത്രാധിപരായിരുന്നു പ്രിതിഷ് എന്ന് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തവര്‍ പറഞ്ഞിട്ടുണ്ട്. പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ളൂസ്റ്റാറിന് ശേഷം നിഖില്‍ ലക്ഷ്മണ്‍ ഇലസ്ട്രേറ്റഡ് വീക്ക്ലിയില്‍ ജര്‍ണയില്‍ സിങ് ബിന്ദ്രന്‍ വാലയെ ഇന്ദിരാ ഗാന്ധി വളര്‍ത്തിക്കൊണ്ടുവന്നതെങ്ങിനെയാണെന്ന് ഒരു ഫീച്ചര്‍ സ്റ്റോറി ചെയ്തിരുന്നു. അകാലിദളിനെ നേരിടുന്നതിന് ഇന്ദിരാ ഗാന്ധി ഉപയോഗിച്ച ആയുധമായിരുന്നു ബിന്ദ്രന്‍വാലയെന്നും ആ ആയുധം എങ്ങിനെയാണ് കോണ്‍ഗ്രസിന് തന്നെ വിനയായതെന്നും വ്യക്തമാക്കുന്ന ഫിച്ചറായിരുന്നു അത്. ആ ലക്കം വില്‍പനയ്ക്കെത്തിയ ഉടനെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മിക്കവാറും കോപ്പികള്‍ കണ്ടുകെട്ടി. ഇലസ്ട്രേറ്റഡ് വീക്ക്ലി ഉടമകളായ ടൈംസ് ഗ്രൂപ്പിന് മേല്‍ വലിയ സമ്മര്‍ദ്ധമാണ് ഇന്ദിരാ ഭരണകൂടം ചെലുത്തിയത്. പക്ഷേ, ആ സമ്മര്‍ദ്ധം തരിമ്പ് പോലും ഫീച്ചറെഴുതിയ തന്റെ മേലേക്ക് വരാന്‍ പ്രിതിഷ് നന്ദി സമ്മതിച്ചിരുന്നില്ലെന്ന് നിഖില്‍ ലക്ഷ്മണ്‍ അടുത്തിടെ നന്ദിയെ സ്മരിച്ചുകൊണ്ടെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്‍.വിയും വിനോദ് മേത്തയും
നാല് എഡിറ്റര്‍മാരെയാണ് നേരില്‍ കാണണമെന്ന് താല്‍പര്യമുണ്ടായിരുന്നത്. എന്‍ വി കൃഷ്ണവാര്യര്‍, ഖുഷ്വന്ത് സിങ്, പ്രിതിഷ് നന്ദി, വിനോദ് മേത്ത. നേരിട്ട് കണ്ടതും അഭിമുഖം നടത്തിയതും വിനോദ് മേത്തയുമായിട്ട് മാത്രം. ആത്മകഥയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് വിനോദ് ചെന്നൈയില്‍ വന്നപ്പോഴായിരുന്നു കൂടിക്കാഴ്ച. ഡെല്‍ഹി ഡയറി എന്ന പേരില്‍ ഔട്ട്ലുക്കില്‍ വിനോദ് എഴുതിയിരുന്ന കോളം ഗംഭീരമായിരുന്നു. പ്രിതിഷിനെപ്പോലെ വിനോദിനും ഒരാളും വിശുദ്ധ പശുവായിരുന്നില്ല. നര്‍മ്മത്തിന് നര്‍മ്മവും പരിഹാസത്തിന് പരിഹാസവുമായി വിനോദിന്റെ കോളം ഒരാളെയും വെറുതെ വിട്ടില്ല. ഇലസ്ട്രേറ്റഡ് വീക്ക്ലിയില്‍ നിന്ന് പ്രിതിഷ് മാറിയ 90 കളിലായിരുന്നു ഔട്ട്ലുക്കുമായി വിനോദ് എത്തിയത്. വിനോദ് മേത്ത സ്വന്തം കോളം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹത്തെ നിയന്ത്രിക്കണമെന്നും ആയിടെ ഒരു വായനക്കാരന്‍ കത്തെഴുതിയിരുന്നു. ഇതിനുള്ള വിനോദിന്റെ മറുപടിയെ ക്ലാസിക് എന്നുമാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളു. തനിക്ക് തന്റെ കോളമല്ലാതെ വേറെയാരുടെയെങ്കിലും കോളം ദുരുപയോഗിക്കാനാവുമോ എന്നായിരുന്നു വിനോദിന്റെ ചോദ്യം. ചെന്നൈയില്‍ വെച്ചു കണ്ടപ്പോള്‍ വിനോദിനെ ഈ സംഗതി ഓര്‍മ്മിപ്പിച്ചു. പൊട്ടിച്ചിരിച്ചുകൊണ്ട് വിനോദ് പറഞ്ഞത് ഇതാണ് : '' സ്വന്തം കോളത്തിലെങ്കിലും സ്വാതന്ത്ര്യം എടുക്കാനായില്ലെങ്കില്‍ പിന്നെ എഡിറ്റര്‍ എന്ന് പറഞ്ഞ് നടക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? '' പ്രിതിഷ് ഇലസ്ട്രേറ്റഡ് വീക്ക്ലിയില്‍ കോളം എഴുതിയിരുന്നതായി ഓര്‍ക്കുന്നില്ല. പക്ഷേ, തനിക്ക് ചോദിക്കാനുള്ളത് പ്രിതിഷ് തന്റെ അഭിമുഖങ്ങളില്‍ ചോദിച്ചിരുന്നു. എത്രവലിയ കക്ഷിയായാലും പ്രിതിഷിന്റെ ചോദ്യങ്ങളുടെ മൂര്‍ച്ച കുറഞ്ഞിരുന്നില്ല. എന്നുമെന്നും രാകി മിനുക്കുന്ന ഉളിത്തലപ്പുപോലെ പ്രിതിഷിന്റെ അഭിമുഖങ്ങളില്‍ ചോദ്യങ്ങള്‍ മുനകൂര്‍ത്തു നിന്നു.
പ്രിതീഷിനെപ്പോലൊരു എഡിറ്റര്‍ മലയാളത്തിലുണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. നമ്മുടെ മിക്കവാറും എഡിറ്റര്‍മാര്‍ പിന്നാമ്പുറത്തായിരുന്നു. അഭിമുഖങ്ങള്‍ നടത്തുന്നതിനും ഫീച്ചറുകള്‍ എഴുതുന്നതിനും അവര്‍ സ്വയം ഇറങ്ങിയില്ല. എന്‍ വിയുമായി താരതമ്യേന നല്ലൊരു ബന്ധം കോളേജ് പഠന കാലത്തുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു തമാശയ്ക്ക് ഒരു ദിവസം ഒരു പോസ്റ്റ് കാര്‍ഡെടുത്ത് envy ഒട്ടുമില്ലാത്ത എന്‍വിക്ക് എന്ന അഭിസംബോധനയോടെ കത്തെഴുതി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്‍വിയുടെ മറുപടി വന്നു. വായിച്ചാല്‍ മാത്രം പോരാ എന്തെങ്കിലുമൊക്കെ എഴുതണമെന്നും എന്‍വിയുടെ മറുപടിയിലുണ്ടായിരുന്നു. ആ പ്രചോദനത്തില്‍ ഒരു ചെറിയ കവിത എന്‍വിക്കയച്ചുകൊടുത്തു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്‍വി അത് മാതൃഭൂമിയുടെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. ഇടക്കാലത്ത് എന്‍വി കുങ്കുമത്തിലേക്ക് പോയപ്പോള്‍ ചെറിയ കഥകള്‍ എഴുതി അയച്ചത് എന്‍വി പ്രസിദ്ധീകരിച്ചു. എഴുതുവാനുള്ള ആത്മവിശ്വാസം തന്നത് ആ അര്‍ത്ഥത്തില്‍ എന്‍വിയായിരുന്നു. കോഴിക്കോട് പോയി എന്‍വിയെ കാണണമെന്നുണ്ടായിരുന്നു. അത് നടന്നില്ല. 1989 ല്‍ എന്‍വി മരിച്ചപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുകയും ചെയ്തു.
പിന്നീടങ്ങിനെയൊരു സങ്കടം തോന്നിയത് കഴിഞ്ഞയാഴ്ച പ്രിതീഷിന്റെ മരണം അറിഞ്ഞപ്പോഴാണ്. പത്രപ്രവര്‍ത്തനത്തില്‍ നിന്നും സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും ടെലിവിഷന്‍ ഷോകളിലേക്കുമൊക്കെ പ്രിതിഷ് കൂടുമാറിയപ്പോള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നില്ല. കാണാനാഗ്രഹിച്ചത് പ്രിതിഷ് എന്ന എഡിറ്ററെ ആയിരുന്നു. പത്രപ്രവര്‍ത്തകനാകണം എന്ന മോഹമുദിപ്പിച്ചതില്‍ പ്രിതിഷിനും പങ്കുണ്ടായിരുന്നു. ആ പ്രിതിഷ് ഇടയ്ക്കെപ്പൊഴോ അപ്രത്യക്ഷനായി. ' Calcutta If You Must Exile Me ' എന്ന പേരില്‍ പ്രിതിഷിന്റെ പ്രശസ്തമായൊരു കവിതയുണ്ട്. '' Calcutta if you must exile me destroy my sanity before I go,'' എന്നൊരു വരി അതിലുണ്ട്. സുബുദ്ധി ആവോളം വേണ്ട ജോലിയാണ് പത്രപ്രവര്‍ത്തനം. എന്‍ വിയെയും ഖുഷ്വന്തിനെയും പ്രിതീഷിനെയും വിനോദ് മേത്തയേയും കൂട്ടിയിണക്കുന്ന ആ വലിയ കണ്ണി സുബുദ്ധി തന്നെയാവും.
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രമെഴുതുമ്പോള്‍ ഒരാള്‍ക്കും പ്രിതിഷിനെ വിസ്മരിക്കാനാവില്ല. തന്റെ ഏറ്റവും വലിയ സ്വത്ത് ധിക്കാരമാണെന്ന് പ്രിതിഷ് പറയുമായിരുന്നു. സത്യം ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ധിക്കാരം. അശോക് ജയിന്റെ ടൈംസ് ഒഫ് ഇന്ത്യ ഗ്രൂപ്പിലും അംബാനിയുടെ സണ്‍ഡെ ഒബ്സര്‍വ്വറിലും പത്രാധിപരായിരിക്കുമ്പോഴും ഈ ധിക്കാരം പ്രിതിഷ് കൈവിട്ടിരുന്നില്ല. പത്രാധിപരാണ് പത്രത്തിന്റെയും വാരികയുടെയും അവസാന വാക്ക് എന്ന കാഴ്ചപ്പാടിന്റെ ആവിഷ്‌കാരം കൂടിയായിരുന്നു അത്. പ്രിതിഷ് നന്ദിയുടെ ഓര്‍മ്മകള്‍ സമകാലിക ഇന്ത്യയില്‍ പ്രസക്തവും അര്‍ത്ഥപൂര്‍ണ്ണവുമാവുന്നത് ഈ ധിക്കാരത്തിന്റെ നിറവേറലില്‍ ആയിരിക്കും!
വഴിയില്‍ കേട്ടത് : രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഒരു ഡോളര്‍ കിട്ടണമെങ്കില്‍ 86.62 രൂപ കൊടുക്കണം. വിനയമാണ് വിനയം! പാതാളത്തോളം താഴേണ്ടി വന്നാലും വിനയം വിട്ട് ഒരു കളിക്കും ഇന്ത്യയില്ല!
Content Highlights: Pritish Nandy`s significant role in shaping Indian magazine journalism in the 1980s.
Published: 14 Jan 2025, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented