ന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച രണ്ടിടങ്ങള്‍-രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളും അശോക ഹാളും. ഇവയെ യഥാക്രമം ഗണതന്ത്ര മണ്ഡപമെന്നും അശോക മണ്ഡപമെന്നും പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളെയും പ്രത്യേകതകളെയും പ്രതിഫലിപ്പിക്കും വിധത്തിലുള്ളതാക്കാന്‍ നിരന്തര പരിശ്രമം നടത്തിവന്നിരുന്നെന്ന് വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ദര്‍ബാര്‍ ഹാളിന്റെ പേരില്‍നിന്ന് രാജഭരണത്തിന്റെയും കോളനിവാഴ്ചയുടെയും നിഴല്‍പേറുന്ന 'ദര്‍ബാര്‍' എന്ന വാക്ക് നീക്കം ചെയ്യപ്പെടുകയും ഗണതന്ത്ര് അഥവാ റിപ്പബ്ലിക് എന്ന് പദം കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുന്‍കാലത്ത് പാര്‍ട്ടികള്‍ നടത്താന്‍ ഉപയോഗിച്ചിരുന്ന അശോക് ഹാള്‍, അശോക് മണ്ഡപമായും മാറി. 

To advertise here,

ഗണതന്ത്ര മണ്ഡപമായി മാറുന്ന 'ദര്‍ബാര്‍ ഹാള്‍'

രാഷ്ട്രപതി ഭവനിലെ ഏറ്റവും രാജകീയമായ മുറി എന്നു വേണമെങ്കില്‍ ഗണതന്ത്ര മണ്ഡപത്തെ വിശേഷിപ്പിക്കാം. ചരിത്ര മുഹൂര്‍ത്തങ്ങളും പുരസ്‌കാര സമര്‍പ്പണങ്ങളും അതിന്റെ മോടിയേറ്റുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള പ്രഥമ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് ഇനിമേല്‍ ഗണതന്ത്ര് മണ്ഡപമെന്ന് അറിയപ്പെടുന്ന അന്നത്തെ ദര്‍ബാര്‍ ഹാളിലാണ്. ദര്‍ബാര്‍ ഹാള്‍ എന്ന പേര് കിട്ടുന്നതിന് മുന്‍പേ ത്രോണ്‍ റൂം (Throne Room) എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 1948-ല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി സി. രാജഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തത് ഇവിടെയാണ്. 1950-ല്‍ രാജേന്ദ്ര പ്രസാദ് പ്രഥമ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തതും അധികാരത്തിലിരിക്കവേ അന്തരിച്ച ആദ്യ രാഷ്ട്രപതിയായ ഫക്രുദ്ദിന്‍ അലി അഹമ്മദിന്റെ പൊതുദര്‍ശനം നടന്നതും ഇവിടെയായിരുന്നു. 1977 ഫെബ്രുവരി 11-നായിരുന്നു ഫക്രുദ്ദിന്‍ അലി അന്തരിച്ചത്. വിദേശരാജ്യത്തുനിന്നെത്തുന്ന പ്രതിനിധികള്‍ക്ക് ആതിഥ്യമരുളുന്നതും ഭാരത രത്‌ന ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതും ഇവിടെവെച്ചാണ്. സിവില്‍-പ്രതിരോധ അധികാര ആരോഹണങ്ങളും സത്യപ്രതിജ്ഞകള്‍ക്കും വേദിയാകുന്നത് ഗണതന്ത്ര മണ്ഡപമാണ്. കൂടാതെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞകളും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞയും ഇവിടെവെച്ചാണ് നടക്കുന്നത്. 

ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെയും ബ്രിട്ടീഷുകാരുടെയും കാലത്തെ കോടതികളും സഭകളുമാണ് ദര്‍ബാര്‍ എന്ന പദംകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. ഇന്ത്യ റിപ്പബ്ലിക് ആയതിന് പിന്നാലെ ഇതിന്റെ പ്രസക്തി നഷ്ടമായി. അതിനാലാണ് ദര്‍ബാര്‍ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പ്രാചീനകാലം മുതല്‍ക്കു തന്നെ ഗണതന്ത്ര എന്ന ആശയം ആഴത്തില്‍ വേരാഴ്ത്തിയിട്ടുള്ളതിനാല്‍ ഈ വേദിക്ക് ഗണതന്ത്ര മണ്ഡപമെന്ന് പേര് നല്‍കുന്നത് ഉചിതമാണെന്നും രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നുണ്ട്. 

placeholder
രാഷ്ട്രപതി ദ്രൗപദി മുര്‍മു | Photo: PTI 

ലോര്‍ഡ് ഇര്‍വിന്‍, അന്ന് എഡ്വിന്‍ ലൂറ്റ്യൻസിനോട് ചോദിച്ചു-എന്തേ ദര്‍ബാര്‍ ഹാളിന് ഇത്ര വലിപ്പക്കുറവ്?  

320 ഏക്കര്‍ എസ്‌റ്റേറ്റില്‍ അഞ്ചേക്കറില്‍ സ്ഥിതി ചെയ്യുന്ന, ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയില്‍ 340-ല്‍ അധികം മുറികളാണുള്ളത്. വൈസ്രോയ്‌സ് ഹൗസില്‍ (1931-47)നിന്ന് ഗവണ്‍മെന്റ് ഹൗസും (1947-50) പിന്നീട് രാഷ്ട്രപതി ഭവനായും പരിണമിച്ച ഈ കെട്ടിട സമുച്ചയം ഇന്ത്യയുടെ ചരിത്ര നിമിഷങ്ങളുടെ സാക്ഷി കൂടിയാണ്. രാഷ്ട്രപതിഭവന്റെ താഴികക്കുടത്തിന് താഴെയായാണ് ഗണതന്ത്ര മണ്ഡപം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയില്‍ 42 അടി ഉയരത്തിലുള്ള മാര്‍ബിള്‍ ഭിത്തിയോടു കൂടിയതാണ് ഈ മുറി. യെല്ലോ ജയ്‌സാല്‍മീര്‍ മാര്‍ബിള്‍ കൊണ്ടുള്ള സ്തംഭങ്ങളാല്‍ ചുറ്റപ്പെട്ട ഗണതന്ത്ര മണ്ഡപത്തിന്റെ നിലത്തുപാകിയിരിക്കുന്നത് മക്രാന, ആള്‍വാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വെള്ള മാര്‍ബിളും ഇറ്റലിയില്‍നിന്ന് ഇറക്കുമതി ചെയ്ത ചോക്കലേറ്റ് നിറത്തിലുമുള്ള മാര്‍ബിളുമാണ്. ചാര നിറത്തിലുള്ള മാര്‍ബിള്‍ മാര്‍വാഡില്‍നിന്നും പച്ചനിറത്തിലുള്ളവ ബറോഡയില്‍നിന്നും പിങ്ക് നിറത്തിലുള്ളത് ആള്‍വാര്‍, മക്രാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് കൊണ്ടുവന്നത്. മാര്‍ബിള്‍ കൊണ്ടുതന്നെ നിര്‍മിച്ച ജാലകങ്ങള്‍ ഗണതന്ത്ര മണ്ഡപത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നു. മുറിയുടെ ഭംഗി കൂട്ടുന്നതിനായി രണ്ട് ടണ്‍ ഭാരമുള്ള ബെല്‍ജിയന്‍ ഗ്ലാസ് ഷാന്‍ഡ്‌ലിയറും സ്ഥാപിച്ചിട്ടുണ്ട്. 

placeholder
Photo Courtesy: visit.rashtrapatibhavan.gov.in

പേര് കേള്‍ക്കുമ്പോള്‍ ഏറെ വിസ്തൃതിയുണ്ടാകുമെന്ന് ചിലരെങ്കിലും കരുതുമെങ്കിലും താരതമ്യേന ഒരു കുഞ്ഞന്‍മുറിയാണ് ദര്‍ബാര്‍ ഹാള്‍. 1930-ല്‍ ദര്‍ബാര്‍ ഹാളിലെ ആദ്യത്തെ ചടങ്ങിന് പിന്നാലെ അവിടുത്തെ സ്ഥലപരിമിതിയെ കുറിച്ച് അന്നത്തെ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു, വൈസ്രോയ്‌സ് ഹൗസിന്റെ ആര്‍ക്കിടെക്ടായ എഡ്വിന്‍ ലൂറ്റ്യൻസിന് ഒരു കത്തയച്ചിരുന്നു. എന്നാല്‍ ദര്‍ബാര്‍ ഹാളിന്റെ വലിപ്പക്കുറവിനെ ന്യായീകരിക്കും വിധത്തിലുള്ളതായിരുന്നു ലൂറ്റ്യൻസിന്റെ  മറുപടി. ഹാളില്‍ നടക്കുന്ന ചടങ്ങുകള്‍, ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സമാനമായി ചിട്ടപ്പെടുത്തണമെന്നായിരുന്നു ലൂറ്റ്യൻസിന്റെ മറുപടിയുടെ സംഗ്രഹം. വൈസ്രോയിയും അദ്ദേഹത്തിന്റെ ജീവനക്കാരും മാത്രം ദര്‍ബാര്‍ ഹാളിനുള്ളില്‍ ഇരിക്കണമെന്നും ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ ദര്‍ബാര്‍ ഹാളിന്റെ വടക്കും തെക്കുമായി നിലകൊള്ളണമെന്നും ലൂറ്റ്യൻസ് കത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ദര്‍ബാര്‍ ഹാളിലേക്ക് എങ്ങനെ കടക്കണം, എങ്ങനെ പുറത്തിറങ്ങണം എന്നതിനെ കുറിച്ച് ഒരു രൂപരേഖയും ലൂറ്റ്യൻസ് അടുത്ത കത്തില്‍ മറുപടിയായി നല്‍കിയിരുന്നു. ചുരുക്കത്തില്‍, കാഴ്ചക്കാര്‍ക്കു വേണ്ടിയുള്ളതല്ല ദര്‍ബാര്‍ ഹാള്‍. പകരം അവിടെ ചടങ്ങുകള്‍ക്കായി എത്തിച്ചേരുന്നവര്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. ദര്‍ബാര്‍ ഹാളിന്റെ സ്ഥലപരിമിതിയെ തുടര്‍ന്ന് 1970-കളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കുറച്ചുകാലത്തേക്ക്, താരതമ്യേന വലിപ്പമുള്ള അശോക ഹാളിലേക്ക് മാറ്റിയിരുന്നു. 

ഗണതന്ത്രമണ്ഡപത്തിന്റെ ഉള്ളിലേക്ക് മൂന്നുവശത്തുനിന്നും പ്രവേശിക്കാം. എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ ബുദ്ധന്റെ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുന്നിലായാണ് രാഷ്ട്രപതിക്കുള്ള ഇരിപ്പിടം. ദര്‍ബാര്‍ ഹാളിന്റെ ഇടനാഴിയില്‍ മുന്‍ രാഷ്ട്രപതിമാരുടെ അര്‍ധകായ പ്രതിമകളുണ്ട്. കൂടാതെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, സി. രാജഗോപാലാചാരി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ട്. 

അശോക് ഹാള്‍

രാഷ്ട്രപതി ഭവനില്‍ ഏറെ അലങ്കാരവേലകള്‍ ചെയ്തിട്ടുള്ള മുറിയാണ് അശോക് ഹാള്‍. വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍, തങ്ങളുടെ സ്ഥാനസംബന്ധിയായ രേഖകള്‍ രാഷ്ട്രപതിക്ക് കൈമാറുന്നത് ഇവിടെവെച്ചാണ്. മാത്രമല്ല, വിദേശ പ്രതിനിധിസംഘങ്ങള്‍ക്കും ഇന്ത്യന്‍ നയതന്ത്രസംഘത്തിനും രാഷ്ട്രപതിയുടെ വിരുന്നിന് മുന്നോടിയായി നടക്കാറുള്ള പരിചയപ്പെടുത്തല്‍ വേദിയും ഇവിടമാണ്. മുന്‍പ് ബ്രിട്ടീഷ് ഭരണകാലത്ത് 'ബാള്‍ റൂം' അഥവാ പാര്‍ട്ടികള്‍ക്കുള്ള മുറിയായിരുന്നു അശോക് ഹാള്‍. പൂര്‍ണമായും തടി പാകിയതാണ് മുറിയുടെ നിലം. സീലിങ്ങുകള്‍ എണ്ണച്ചിത്രങ്ങളാല്‍ മനോഹരമാക്കിയിട്ടുമുണ്ട്. 

placeholder
അശോക് മണ്ഡപ്‌ | Image courtesy: visit.rashtrapatibhavan.gov.in

സകല ക്ലേശങ്ങളില്‍നിന്നും മോചനം നേടിയവന്‍ അല്ലെങ്കില്‍ ഒരു ദുഃഖവും ഇല്ലാത്തവന്‍ എന്നാണ് 'അശോക്' എന്ന വാക്കിന്റെ അര്‍ഥം. മാത്രമല്ല, ഐക്യത്തിന്റെയും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായ അശോക ചക്രവര്‍ത്തിയെയും അശോക സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ദേശീയചിഹ്നം സാരാനാഥില്‍ അശോകന്‍ സ്ഥാപിച്ച സ്തംഭത്തില്‍നിന്നുള്ളതാണ്. ഇന്ത്യയുടെ മതപരമായ ആചാരങ്ങളിലും ഒപ്പം കലയിലും സംസ്‌കാരത്തിലും ഏറെ പ്രാധാന്യമുള്ള അശോക മരത്തെയും ഈ വാക്ക് സൂചിപ്പിക്കുന്നുണ്ട്. അശോക് ഹാളിനെ അശോക് മണ്ഡപം എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍ ഭാഷാപരമായ ഏകത കൈവരികയും അശോക് എന്ന വാക്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം ഇംഗ്ലീഷ്‌വത്കരണത്തിന്റെ അടയാളങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു, എന്നാണ് അശോക് ഹാളിനെ അശോക് മണ്ഡപമായി പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള പത്രക്കുറിപ്പില്‍ രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയത്. 

പേര്‍ഷ്യയിലെ രാജാവായിരുന്ന ഫത് അലി ഷാ, ഇംഗ്ലണ്ടിലെ ജോര്‍ജ് നാലാമന്‍ രാജാവിന് സമ്മാനിച്ച സവിശേഷതകളുള്ള ഒരു ചിത്രം അശോക് മണ്ഡപത്തിന്റെ സീലിങ്ങില്‍ സ്ഥാപിച്ചിട്ടുണ്ട്. തന്റെ 22 ആണ്‍മക്കളുടെ സാന്നിധ്യത്തില്‍ ഷാ, ഒരു കടുവയെ വേട്ടയാടുന്ന ചിത്രമാണ് ഇത്. ഷാ തന്നെയാണ് ഇത് ജോര്‍ജ് നാലാമന് സമ്മാനിച്ചത്. 5.20 മീറ്റര്‍ നീളവും 3.56 മീറ്റര്‍ വീതിയുമുള്ള ഈ ചിത്രം, ലണ്ടനിലെ ഇന്ത്യ ഓഫീസ് ലൈബ്രറിയില്‍നിന്ന് വൈസ്രോയിയായിരുന്ന ഇര്‍വിന്‍ ഇവിടേക്ക് കൊണ്ടുവരികയും സ്ഥാപിക്കുകയുമായിരുന്നു. ചിത്രത്തിലെ ഷായുടെ കണ്ണിലേക്ക് മുറിയുടെ ഏത് കോണില്‍നിന്നു നോക്കിയാലും ഷാ, അയാളെത്തന്നെ ശ്രദ്ധിച്ചുനില്‍ക്കുന്നതായി അനുഭവപ്പെടും. 

ആറ് ബെല്‍ജിയം ഗ്ലാസ് ഷാന്‍ഡ്‌ലിയറുകളും അശോക് മണ്ഡപത്തിലുണ്ട്. മുന്‍പ് പാര്‍ട്ടികള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്നതിനാല്‍ വാദ്യോപകരണങ്ങള്‍ വെക്കാനുള്ള സ്ഥലവുമുണ്ട്. എന്നാല്‍ ഈ സ്ഥലം ഇപ്പോള്‍ പ്രധാനപരിപാടികള്‍ നടക്കുമ്പോള്‍ ദേശീയഗാനം ആലപിക്കാനാണ് ഉപയോഗിക്കുന്നത്. അശോക് മണ്ഡപത്തിന്റെ ഫ്രഞ്ച് ജാലകങ്ങള്‍, അമൃത് ഉദ്യാനത്തിന്റെ മനോഹാരിതയിലേക്കാണ് കണ്ണ് തുറക്കുന്നത്. നേര്‍ത്ത മഞ്ഞയും ചാരനിറവുമുള്ള മാര്‍ബിളുകളും കൊണ്ടാണ് ഭിത്തി നിര്‍മിച്ചിരിക്കുന്നത്. 12-ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവി നിസാമി ഗന്‍ജാവിയുടെ എണ്ണച്ചായത്തില്‍ വരച്ച ചിത്രവും അശോക് മണ്ഡപത്തിലുണ്ട്.

രാഷ്ട്രപതി ഭവന്‍ നിര്‍മാണം ഇങ്ങനെ

ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാനുള്ള തീരുമാനമാണ് രാഷ്ട്രപതി ഭവന്റെ, അഥവാ അന്നത്തെ വൈസ്രോയ്‌സ് ഹൗസിന്റെ നിര്‍മാണത്തിലേക്ക് വഴിവെച്ചത്. 1911 ഡിസംബര്‍ 12-ന് നടന്ന ഡല്‍ഹി ദര്‍ബാറിലാണ് തലസ്ഥാനമാറ്റം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത്. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ കിരീടധാരണത്തെ അടയാളപ്പെടുത്താന്‍ സംഘടിപ്പിച്ച ഡല്‍ഹി ദര്‍ബാറില്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമായിരുന്നു തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റുക എന്നത്. ബ്രിട്ടീഷ് ആര്‍ക്കിടെക്ടുമാരായ എഡ്‌വിന്‍ ലൂറ്റ്യൻസിന്റെയും ഹെര്‍ബെര്‍ട്ട് ബേക്കറുമാണ് വൈസ്രോയ്‌സ് ഹൗസിന്റെ രൂപകല്‍പനയ്ക്ക് നിയോഗിക്കപ്പെട്ടത്.

placeholder
എഡ്വിന്‍ ലൂറ്റ്യൻസിന്റെ രൂപരേഖ | Image courtesy: https://www.rashtrapatibhavan.gov.in/making-rashtrapati-bhavan​​​​

ഇംഗ്ലീഷ് അക്ഷരമാലയിലെ H അക്ഷരത്തിന്റെ ആകൃതിയിലുള്ള കെട്ടിട സമുച്ചയം എന്ന ആശയം ലൂറ്റ്യൻസിന്റേത് ആയിരുന്നു. യമുനാനദിയുടെ സാമീപ്യം വെള്ളപ്പൊക്കത്തിന് വഴിവെച്ചേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ വടക്കുഭാഗം ഒഴിവാക്കി തെക്കുഭാഗത്തുള്ള റായ്‌സീന കുന്നുകള്‍ നിര്‍മിതിക്കായി തിരഞ്ഞെടുത്തു. 1912-ല്‍ ഹര്‍ഡിങ് പ്രഭുവിന്റെ കാലത്ത് ആരംഭിച്ച നിര്‍മാണം ഏകദേശം 17 വര്‍ഷത്തിലധികം നീളുകയും 1929-ല്‍ പൂര്‍ത്തിയാവുകയും ചെയ്തു. നാലുകൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ നിര്‍മാണം വൈകിച്ചു. വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭുവായിരുന്നു വൈസ്രോയ്‌സ് ഹൗസിലെ ആദ്യ താമസക്കാരന്‍. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായതോടെ വൈസ്രോയ്‌സ് ഹൗസ് എന്ന പേര് ഗവണ്‍മെന്റ് ഹൗസ് എന്നായി മാറി. ഡോ. രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായ കാലത്താണ് പേര് രാഷ്ട്രപതി ഭവന്‍ എന്ന് മാറിയത്. 

placeholder
രാഷ്ട്രപതി ഭവന്‍ നിര്‍മാണവേളയില്‍നിന്ന് | Image courtesy: https://www.rashtrapatibhavan.gov.in/making-rashtrapati-bhavan

പേരുമാറിയ മുഗള്‍ ഗാര്‍ഡന്‍സ് 

രാഷ്ട്രപതി ഭവനിലെ അതിപ്രശസ്തമായ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് കഴിഞ്ഞ കൊല്ലം ജനുവരിയിലാണ് അമൃത് ഉദ്യാന്‍ എന്ന് മാറ്റിയത്. 15 ഏക്കറില്‍ അധികം വ്യാപിച്ച് കിടക്കുന്ന ഈ ഉദ്യാനത്തിന് മുഗള്‍ ഗാര്‍ഡന്‍സ് എന്ന് പേരു ലഭിക്കാന്‍ കാരണം അതിന്റെ നിര്‍മാണ ശൈലിയാണ്.

കടപ്പാട്‌: www.rashtrapatibhavan.gov.in, www.thehindubusinessline.com