ചിക്കൻ ടിക്കയും പനീർ ബട്ടർ മസാലയും നിറഞ്ഞ പതിവ് വിരുന്നുകളിൽ നിന്ന് മാറി, ഇത്തവണ രാഷ്ട്രപതി ഭവൻ ലോകനേതാക്കൾക്കായി ഒരുക്കിയത് ഹിമാലയൻ മലനിരകളിലെ അത്ര പ്രശസ്തമല്ലാത്ത രുചിക്കൂട്ടുകളാണ്. യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ പ്രത്യേക വിരുന്നിന് പിന്നിൽ കാശ്മീരി ഷെഫ് പ്രതീക് സാധുവാണ്.

To advertise here,

സാധാരണയായി ഇത്തരം ഔദ്യോഗിക വിരുന്നുകളിൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രശസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ ഇന്ത്യയുടെ ഹിമാലയൻ ബെൽറ്റിലെ തനത് ചേരുവകൾക്കും രീതികൾക്കുമാണ് പ്രതീക് സാധു പ്രാധാന്യം നൽകിയത്. ഹിമാചലിലെ തന്റെ NAAR എന്ന റസ്റ്ററന്റിലൂടെ അദ്ദേഹം ജനപ്രിയമാക്കിയ ഹിമാലയൻ ഭക്ഷണശൈലിയാണ് രാഷ്ട്രപതി ഭവനിലും പരീക്ഷിച്ചത്.

വിരുന്നിലെ പ്രധാന വിഭവങ്ങൾ

  • സ്റ്റാട്ടർ: ഉത്തരാഖണ്ഡ് ശൈലിയിലുള്ള 'ജാഖിയ ആലു', മില്ലറ്റ് ഖീർ എന്നിവയോടെയാണ് വിരുന്ന് തുടങ്ങിയത്.

  • സൂപ്പും സാലഡും: ഉത്തരാഖണ്ഡിലെ തനത് വിഭവമായ 'സുന്ദർകല തിച്ചോനി', കുമാവോണി വിഭവമായ 'നിംബു സാൻ' എന്നിവ അതിഥികൾക്ക് പുതിയ അനുഭവമായി.

  • മെയിൻ കോഴ്സ്: കാശ്മീരിലെ അപൂർവ്വമായ ഗുച്ചി കൂണുകളും സോലാൻ കൂണുകളും ചേർത്ത വിഭവം, ചോറിനൊപ്പമാണ് വിളമ്പിയത്. കാശ്മീരി കട്ലം ബ്രെഡും ഇവയുടെ ഒപ്പമുണ്ടായിരുന്നു.

  • മധുരം: കാശ്മീരി ആപ്പിൾ കേക്ക്, റാഗി, ആസാം കോഫി കൊണ്ടുള്ള കസ്റ്റാർഡ് എന്നിവ വിരുന്നിന് മധുരമേകി.

ആരാണ് ഷെഫ് പ്രതീക് സാധു?

ഇന്ത്യൻ രുചികളെ അന്താരാഷ്ട്ര നിലവാരത്തിൽ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനായ വ്യക്തിയാണ് പ്രതീക്. മുംബൈയിലെ പ്രശസ്തമായ മാസ്ക് (Masque) എന്ന റസ്റ്ററന്റിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 

‘ഭക്ഷണം കഴിക്കുന്നതിന് മുൻപ് ആളുകൾ മൊബൈലിൽ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഇന്ത്യൻ ഭക്ഷണം ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് വിചാരിച്ചില്ലെന്നാണ് മുഖ്യാതിഥി പറഞ്ഞത്’ - ഷെഫ് പ്രതീക് സാധു പറഞ്ഞു.