1510 ഡിസംബര്‍ 10. ഈ ദിനത്തിന് ഇന്ത്യയുടെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു യൂറോപ്യന്‍ രാജ്യം ഇന്ത്യയില്‍ അധികാരമുറപ്പിച്ച ദിവസമാണത്. യൂറോപ്യന്‍ രാജ്യമാണ് പോര്‍ച്ചുഗീസാണ് ഇന്ത്യയില്‍ ആദ്യത്തെ യൂറോപ്യന്‍ കോളനി ഭരണം തുടങ്ങിയത്. ഇവര്‍ക്ക് പിന്നാലെ ഡച്ചുകാരും ഫ്രെഞ്ചുകാരും പിന്നീട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യവുമൊക്കെ ഇന്ത്യയെ കോളനിഭരണത്തിലേക്ക് തള്ളിയിട്ടു. എങ്കിലും പറങ്കികളുടെ ഭരണത്തിന് കീഴിലേക്ക് ഇന്ത്യയിലെ ഒരു പ്രദേശം എത്തിയതോടെ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു.  പോര്‍ച്ചുഗീസ് നാവികനായ അല്‍ഫോണ്‍സോ ഡെ അല്‍ബുഖര്‍ (Afonso de Albuquerque) ഗോവയെ യുദ്ധത്തിലൂടെ കീഴടക്കുന്നത്. ബിജാപ്പുര്‍ സുല്‍ത്താനായിരുന്ന ഇസ്മയില്‍ ആദില്‍ ഷായുടെ സൈന്യത്തിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗീസ് സൈന്യം ഗോവ പിടിച്ചെടുക്കുന്നത്. അക്കാലത്ത് അല്‍ബുഖറിനെ പിന്തുണച്ചത് കടല്‍കൊള്ളക്കാരനായിരുന്ന തിമോജി അഥവാ തിമ്മയ്യന്‍ എന്നയാളായിരുന്നു. ഇയാളുടെ സൈനിക സഹായവും നേടിയാണ് അല്‍ബുഖറിന് ഗോവ ആദില്‍ ഷായില്‍ നിന്ന് പിടിച്ചെടുക്കാനായത്. 

To advertise here,

1510 മാര്‍ച്ച് മാസത്തില്‍ അല്‍ബുഖര്‍ക്കിന്റെ നേതൃത്വത്തില്‍ ഗോവയില്‍ ആക്രമണം നടത്തിയിരുന്നു. അക്കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള വ്യാപാരം നിയന്ത്രിച്ചിരുന്നത് പശ്ചിമേഷ്യയിലെയും ഇന്ത്യയിലെയും കിഴക്കനേഷ്യയിലേയുമുള്ള മുസ്ലീം ഭരണാധികാരികളായിരുന്നു.  സമുദ്രത്തിലെ ആധിപത്യം നേടിയാല്‍ മാത്രമേ മേഖലയില്‍ കരുത്തനാകാനാകു എന്ന് അല്‍ബുഖറിന് നന്നായി അറിയാമായിരുന്നു. അക്കാലത്ത് തന്ത്രപ്രധാനമായ ഏദെന്‍, ഹോര്‍മുസ്, മലാക്ക കടലിടുക്കുകളില്‍ ആധിപത്യം യഥാക്രമം  അറബികള്‍ക്കും പേര്‍ഷ്യക്കാര്‍ക്കും സുമാത്രയിലെ മലയ വിഭാഗത്തിനുമായിരുന്നു. 1509 നവംബറിലാണ് അന്നത്തെ പോര്‍ച്ചുഗീസ് രാജാവ് മാനുവേല്‍ ഒന്നാമന്‍ അല്‍ബുഖര്‍ക്കിനെ ഇന്ത്യയിലേക്ക് അയക്കുന്നത്. 

ഇന്ത്യയില്‍ കോളനി സ്ഥാപിക്കുന്നതിന് വേണ്ടി ഗവര്‍ണര്‍ സ്ഥാനവും അധികാരങ്ങളും നല്‍കിയാണ് അല്‍ബുഖറിനെ ഇന്ത്യയിലേക്ക് അയച്ചത്. ഇതിനുമുമ്പ് ഇന്ത്യയിലേക്ക് അയച്ചവര്‍ കാര്യമായി സംഭാവന രാജ്യത്തിന് നല്‍കാത്തതിനെ തുടര്‍ന്നാണ് അല്‍ബുഖറിന് നറുക്ക് വീണത്. പോര്‍ച്ചുഗീസുകാര്‍ക്ക് ആസമയത്ത് കൊച്ചിയില്‍ വ്യാപാര അധികാരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആദ്യം കാല്‍കുത്തിയ കോഴിക്കോടുനിന്ന് സാമൂതിരിപ്പട പറങ്കികളെ അതിനകം തുരത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അല്‍ബുഖറിന്റെ വരവ്. 

മുസ്ലീം ഭരണാധികാരികളുടെ സ്വാധീനം കുറച്ച് മേഖലയില്‍ സമുദ്രവ്യാപാരത്തില്‍ സ്വാധീനമുറപ്പിക്കുക എന്നതായിരുന്നു അല്‍ബുഖറിന്റെ തന്ത്രം. അത് നടപ്പിലാക്കാന്‍ സ്വന്തമായി അധികാര അവകാശങ്ങള്‍ ഉള്ള തന്ത്രപ്രധാനമായ കേന്ദ്രം വേണമെന്ന് മറ്റാരും പറയാതെ അല്‍ബുഖറിന് മനസിലായി. നിലവില്‍ സഖ്യത്തിലുള്ള കൊച്ചിരാജ്യത്തെ പിണക്കാതെ മറ്റൊരു സ്ഥലമാണ് അയാള്‍ അന്വേഷിച്ചത്. അങ്ങനെയാണ് മുമ്പെ തന്നെ പോര്‍ച്ചുഗീസ് സാന്നിധ്യമുള്ള ഗോവ ശ്രദ്ധയില്‍ പതിയുന്നത്. 

ഗോവ അന്ന് ബിജാപുര്‍ സുല്‍ത്താന്റെ കീഴിലായിരുന്നു. അതിനുമുമ്പ് ഈ സ്ഥലം  ബാഹ്‌മണി സുല്‍ത്താനേറ്റിന്റെയും അതിനുമുമ്പ് വിജയനഗര സാമ്രാജ്യത്തിന്റെ കൈവശമായിരുന്നു. ഗോവ അക്കാലത്ത് വലിയ വ്യാപാര കേന്ദ്രം കൂടിയായിരുന്നു. സമുദ്രവ്യാപാരത്തില്‍ ഗോവയുടെ സാന്നിധ്യം വളരെ തന്ത്രപ്രധാനമായ സ്ഥലത്തും. 1509ല്‍ ഗുജറാത്തിലെ ദിയു ദ്വീപ് അല്‍ബുഖറിന്റെ നേതൃത്വത്തില്‍ പറങ്കിപ്പട പിടിച്ചെടുത്തു.  ഈജിപ്തിലെ മാമുല്‍ക്ക് സാമ്രാജ്യത്തിന്റെയും ഗുജറാത്തിലെ സുല്‍ത്താന്റെയും സംയുക്ത സൈന്യത്തെ തോല്‍പ്പിച്ചാണ് ദിയുവില്‍ വിജയം നേടിയത്. 

പിന്നീട് ലക്ഷ്യമിട്ടത് കോഴിക്കോട് സാമൂതിരിയെ ആണ്. എന്നാല്‍ സാമൂതിരിയുടെ നാവികപ്പടയ്ക്കു മുന്നില്‍ അല്‍ബുഖര്‍ക്കിന്റെ സൈന്യം പരാജയപ്പെട്ടു.  തുടര്‍ന്ന് ഇയാള്‍സൈന്യവുമായി കൊച്ചിയിലേക്ക് കടന്നു. കൊച്ചിയില്‍ നിന്ന് ഇയാള്‍ സൈന്യത്തെ സജ്ജമാക്കി ഈജിപ്തിലെ മാമുല്‍ക്ക് സാമ്രാജ്യത്തില്‍ നിന്ന് ചെങ്കടലിലെ ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറെടുത്തു. മാമുല്‍ക്കുകളാണ് സമൂതിരിയുടെ സേനയ്ക്ക് ആവശ്യമായ വെടിക്കോപ്പുകള്‍ നല്‍കി സഹായിച്ചിരുന്നത്. 

മുമ്പ് പറഞ്ഞ കടല്‍കൊള്ളക്കാരനായിരുന്ന തിമ്മയ്യനാണ് ഹോര്‍മൂസ് പിടിച്ചെടുക്കല്‍ പദ്ധതി അപകടകരമാണെന്ന് ബോധ്യപ്പെടുത്തി അതില്‍ നിന്ന് അല്‍ബുഖറിനെ പിന്തിരിപ്പിച്ചത്. തിമ്മയ്യന്‍ അക്കാലത്ത് കടല്‍ കൊള്ളക്കാരനായിരുന്നെങ്കിലും അതില്‍ നിന്നൊക്കെ മാറി സമുദ്രവ്യാപാരത്തിലേക്ക് തിരിഞ്ഞിരുന്നു. ബിജാപുര്‍ സുല്‍ത്താനെയും വിജയനഗര സാമ്രാജ്യത്തെയും ഒരേപോലെ പ്രീണിപ്പിച്ച് മുന്നോട്ടുപോകാന്‍ അയാള്‍ ശ്രമിച്ചു. അത് വേണ്ടവിധത്തില്‍ വിജയിക്കാതിരുന്നതോടെയാണ് തിമ്മയ്യന്‍ പറങ്കികളുടെ കൂടെ കൂടുന്നത്. സാമൂതിരിപ്പടയുമായുള്ള പോരാട്ടത്തിലെ പരാജയത്തില്‍ മുറിവേറ്റ അല്‍ബുഖറിന് ഒരു വിജയം അനിവാര്യമായിരുന്നു. 

അങ്ങനെയാണ് ഗോവയുടെ മേല്‍ തിമ്മയന്റെ കണ്ണുപതിഞ്ഞത്.  ഗോവയില്‍ നിന്ന് അധികം ദൂരെയല്ലാതെ ദിയു ദ്വീപില്‍ പറങ്കികള്‍ക്ക് സൈനിക കേന്ദ്രവും സന്നാഹങ്ങളുമുണ്ട്. കൊച്ചിയിലും കണ്ണൂരിലും സഖ്യകക്ഷികളുമുണ്ട്. ഇവയെ യോജിപ്പിച്ച് ആക്രമണം നടത്താനാണ് തിമ്മയ്യന്‍ ഉപദേശിച്ചത്. അങ്ങനെ കേരളത്തില്‍ നിന്ന് 300 ല്‍ അധികം വരുന്ന പടയുമായി ഗോവയിലേക്ക് അല്‍ബുഖര്‍ പടനയിച്ചു. ആ സമയത്ത് സമീപരാജ്യങ്ങളുമായുള്ള തര്‍ക്കത്തിലും സംഘര്‍ഷത്തിലും പെട്ടെ ബിജാപുര്‍ സുല്‍ത്താന്‍ ദുര്‍ബലനായിരിക്കുന്ന സമയമായിരുന്നു. ദിയു യുദ്ധത്തില്‍ തകര്‍ന്ന മാമുല്‍ക്കുകളുടെ കപ്പല്‍ പുതുക്കി പണിയാന്‍ ബിജാപുര്‍ സുല്‍ത്താന്‍ സഹായം നല്‍കിയിരുന്നു. ഇതിലൂടെ വീണ്ടും പറങ്കികള്‍ക്കെതിരെ അവര്‍ കരുത്ത് കൂട്ടുകയായിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് പങ്കികളുടെ ഗോവന്‍ പടയൊരുക്കം. 

ബിജാപുര്‍ സുല്‍ത്താന്‍ യൂസഫ് ആദില്‍ ഖാന്‍ മരണപ്പെടുകയും മകന്‍ ഇസ്മിയില്‍ ആദില്‍ ഷാ ഭരണമേറ്റെടുക്കുകയും ചെയ്തു. ഈ സമയത്ത് ആക്രമണം നടത്താനാണ് പറങ്കിപ്പട ഒരുങ്ങിയത്. ഗോവയിലെ ഹിന്ദു സമൂഹം സുല്‍ത്താന്റെ ഭരണത്തില്‍ അസംതൃപ്തരായിരുന്നു ആസമയം. ഇത് പറങ്കികള്‍ക്ക് സഹായകമായി തീര്‍ന്നു. ഒടുവില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ബിജാപുര്‍ സുല്‍ത്താന്റെ സൈന്യത്തെ നിശ്ശേഷം തകര്‍ത്ത് പറങ്കിപ്പട ഗോവയുടെ ഭരണം പിടിച്ചു. ഗോവ പോലെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് അധികാരം പിടിച്ചതോടെ പോര്‍ച്ചുഗീസുകാര്‍ കരുത്തരായി. 

placeholder
പോര്‍ച്ചുഗീസ് ഭരണകാലത്ത് പണികഴിപ്പിച്ച അഗോഡ കോട്ട. മറാഠ, ഡച്ച് ആക്രമണങ്ങളെ
പ്രതിരോധിക്കാനാണിത് നിര്‍മിച്ചത്. ഫയല്‍ ചിത്രം

എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. കാലാവസ്ഥമാറി മഴയും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടായ സമയത്ത് പറങ്കിപ്പടയ്ക്ക് കാര്യമായ നാശമുണ്ടായി. അവര്‍ ക്ഷീണിച്ചിരിക്കുന്ന സമയം നോക്കി ബിജാപുര്‍ സുല്‍ത്താന്‍ ആദില്‍ ഷായുടെ ഉത്തരവനുസരിച്ച് ഗോവ തിരികെപിടിക്കാന്‍ സൈന്യമെത്തി. വിജയനഗര സാമ്രാജ്യവുമായി ബിജാപുര്‍ സുല്‍ത്താന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് രമ്യതയിലെത്തിയതിന് ശേഷമാണ് അവര്‍ പറങ്കികള്‍ക്കെതിരെ തിരിഞ്ഞത്. 40,000 വരുന്ന പടയുമായാണ് അവരെത്തിയത്. 1510 മെയ് മാസത്തിലാണ് ആക്രമണം ആരംഭിച്ചത്. 

സുല്‍ത്താന്റെ പടയുടെ മുന്നില്‍ അല്‍ബുഖറിന്റെ സൈന്യം ചിന്നിച്ചിതറി. ഹിന്ദുവിഭാഗങ്ങളുടെ സഹായത്തോടെ അല്‍ബുഖറിന്റെ സൈന്യം പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ കൈവിട്ട് തടിതപ്പി. എന്നാല്‍ അല്‍ബുഖര്‍ അടങ്ങിയിരുന്നില്ല. എങ്കിലും തിരിച്ചടിക്കാനായി തന്റെ 500 പടയാളികളുമായി അയാള്‍ പിന്‍വാങ്ങി. മെയ് 31ന് അല്‍ബുഖര്‍റിന്റെ സൈന്യം ഗോവയില്‍ നിന്ന് പലായനം ചെയ്തു. മാണ്ഡവി നദിയിലൂടെയാണ് ഇവര്‍ യാത്ര തുടര്‍ന്നത്. തിരികെപോകുന്ന വഴിക്ക് മഴയെ തുടര്‍ന്ന് ഇവരുടെ യാത്ര പലതവണ തടസപ്പെട്ടു. അതിനിടയില്‍ സൈനികര്‍ പലര്‍ക്കും പകര്‍ച്ചവ്യാധികള്‍ പിടിപെട്ടു. രോഗം വന്നവരെ കപ്പലില്‍നിന്ന്  നദിയിലേക്ക് തള്ളി. ഈ സമയം പോര്‍ച്ചുഗീസുകാരുമായി ആദില്‍ ഷാ സമാധാനത്തിന് ശ്രമിച്ചു. തൊട്ടപ്പുറത്ത് വിജയനഗര സാമ്രാജ്യത്തിന്റെ ആക്രമണം എപ്പോള്‍ വേണമെങ്കിലുമുണ്ടാകാമെന്ന് സുല്‍ത്താന്‍ ഭയപ്പെട്ടിരുന്നു. സുല്‍ത്താന്റെ സമാധാന ശ്രമങ്ങളെ അല്‍ബുഖര്‍ നിരസിക്കുകയാണ് ചെയ്തത്. 

പിന്നീട് ഗോവയുടെ അധികാരത്തിന് വേണ്ടി അതേവര്‍ഷം നവംബര്‍ 24ന് പറങ്കികള്‍ ആക്രമണം അഴിച്ചുവിട്ടു. അതിരൂക്ഷമായ പോരാട്ടമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ നടന്നത്. സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം കൂടുതലായിരുന്നു. പീരങ്കി ഉപയോഗിച്ചും കളിമണ്ണില്‍ നിര്‍മിച്ച ഗ്രനേഡുകളും വ്യാപകമായി ഉപയോഗിച്ചു. അഞ്ചു മണിക്കൂര്‍ കൊണ്ട് പറങ്കിപ്പട ഗോവയില്‍ കടന്നുകയറി. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒരോ തെരുവിലും കടന്ന് സുല്‍ത്താനെ അനുകൂലിക്കുന്നവരെ തിരഞ്ഞുപിടിച്ച് വധിച്ചു. 

സുല്‍ത്താന്റെ അനുകൂലികളുടെ വീടുകള്‍ കൊള്ളയടിച്ചു. മുമ്പ് നടന്ന പോരാട്ടത്തില്‍ പിന്തുണച്ചിരുന്നതിനാല്‍ ഹിന്ദുക്കളുടെ വീടുകളെ അല്‍ബുഖര്‍ക്ക് വെറുതേവിട്ടു. തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് ഔദ്യോഗികമായി ഗോവയില്‍ പോര്‍ച്ചുഗീസ് പതാക ഉയര്‍ന്നു. വിജയം സമ്പൂര്‍ണമാക്കി. അതോടെ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്ക് ശേഷം ഇന്ത്യയിലെത്തി അധികാരം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യനായി അല്‍ബുഖര്‍ മാറി. ഗോവ പോര്‍ച്ചുഗീസുകാര്‍ക്ക് വലിയ സാമ്പത്തിക വരുമാനമാണ് നേടിക്കൊടുത്തത്. 

ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യാപാരത്തില്‍ പോര്‍ച്ചുഗീസ് അങ്ങനെ വലിയൊരു ശക്തിയായി മാറി. ഇതിനുശേഷം ഗോവയെ സ്വന്തമാക്കാന്‍ ഡച്ചുകാരെത്തിയെങ്കിലും അവരെ പോര്‍ച്ചുഗീസുകാര്‍ പരാജയപ്പെടുത്തി. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലേക്ക് പോയിട്ടും ഗോവ പോര്‍ച്ചുഗീസ് വിട്ടുകൊടുത്തിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ മോചിതയായതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഗോവയെ രാജ്യത്തിന്റെ ഭാഗമാക്കി മാറ്റിയത്. അതുമൊരു സൈനിക നടപടിയിലൂടെ ആയിരുന്നുവെന്നതാണ് വിരോധാഭാസം.