
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. പതിനൊന്നാം നാളും വിമാനം റൺവേയിൽ തന്നെയാണ്. യുകെയിൽനിന്നുള്ള വിദഗ്ധ സംഘം എത്തിയാലുടൻ വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് അറിയിച്ചു.
വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാതിരിക്കാൻ എഫ് 35 ഹാങ്ങറിലേക്ക് മാറ്റും. പ്രത്യേക ഉപകരണങ്ങളും യുകെ എഞ്ചിനീയർമാരുടെ സംഘവും എത്തിയാൽ ഉടൻ വിമാനം ഹാങ്ങറിലേക്ക് മാറ്റും, ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് അറിയിച്ചു. ഇന്ത്യൻ അധികാരികളുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ പിന്തുണയ്ക്ക് യുകെ നന്ദി അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ആഴമേറിയ ബന്ധം ഇതിലൂടെ കൂടുതൽ തെളിയിക്കുന്നുവെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് അറിയിച്ചു.
കഴിഞ്ഞ പതിനൊന്നു ദിവസമായി വിമാനത്താവളത്തിൽ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിന്റെ കേടുപാട് പരിഹരിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ 30 അംഗസംഘം എത്തുന്നുണ്ട്. ഇവർക്കും വിമാനത്തിന്‍റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എയർ ലിഫ്റ്റിങ് വേണ്ടിവരുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായാണ് നിലവിലെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കുക എന്നത് ശ്രമകരമെന്നാണ് വിവരം. ഹൈഡ്രോളിക് സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താതെ വിമാനം തിരിച്ചുപറക്കുന്നത് സുരക്ഷിതമല്ല. ഇനിയും കൂടുതൽ ദിവസം വിമാനത്താവളത്തിൽ എഫ് 35 തുടരുകയാണെങ്കിൽ വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതർ നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അറബിക്കടലിൽ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35, ജൂൺ 14-ന് രാത്രി 9.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഇന്ധനക്കുറവിനെത്തുടർന്നാണ് ഇറക്കിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ പറഞ്ഞത്. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, തിരിച്ചിറക്കിയതിന് പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായി പരിശോധനയിൽ തെളിഞ്ഞു.
110 ദശലക്ഷം ഡോളർ വിലവരുന്ന എഫ് 35 ഫൈറ്റർ ജെറ്റാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ തുറസ്സായ ഇടത്ത് വെയിലും മഴയുമേറ്റ് കിടക്കുന്നത്. കൺവെട്ടത്തുനിന്ന് മാറാതെ ബ്രിട്ടീഷുകാരായ പൈലറ്റുമാരും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മഴ കനക്കുന്നതുകൊണ്ട് വിമാനത്തെ ഹാങ്ങർ യൂണിറ്റിലേക്ക് മാറ്റാമെന്ന് ഇന്ത്യൻ വ്യോമസേന നിർദേശിച്ചെങ്കിലും അതുവേണ്ടെന്ന നിലപാടിലാണ് യുകെ. അത്യാധുനിക സൈനികവിമാനമായ എഫ് 35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ തീരുമാനം.
Content Highlights: A British F-35 fighter jet remains grounded at Trivandrum airport due to a hydraulic system malfunct
Published: 26 Jun 2025, 08:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented