റാവലകോട്ടിലും മുസാഫറാബാദിലും ഇപ്പോള് അരങ്ങേറുന്നത് എഴുപത് വര്ഷം പഴക്കമുള്ള ഒരു ഭൗമരാഷ്ട്രീയ മിഥ്യാധാരണയുടെ തകര്ച്ചയാണ്.

'ഹം ക്യാ ചാഹ്തേ? ആസാദി!
ഛീൻ കേ ലേംഗേ? ആസാദി!
ലഡ് കേ ലേംഗേ? ആസാദി!'
കുറച്ചുകാലം മുമ്പ് കശ്മീർ താഴ്വരയിലും ഇന്ത്യൻ സർവ്വകലാശാല കാമ്പസുകളിലും സർക്കാർവിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അലയടിച്ചിരുന്ന താളാത്മകമായ ആ മുദ്രാവാക്യം ഇപ്പോൾ പ്രതിധ്വനിക്കുന്നത് പാക്കധീന കാശ്മീരിലെ തെരുവുകളിലാണ്. പാക്ഭരണത്തിനെതിരായ പ്രതിഷേധം ഒരു അധിനിവേശ രാജ്യത്തിനെതിരെയെന്നോണം ശക്തവും വികാരതീവ്രവുമാണവിടെ. പതിനായിരങ്ങളാണ് നിത്യേനയുള്ള സമരങ്ങളിൽ പങ്കെടുക്കുന്നത്.
പ്രതിഷേധം പരിധിവിട്ടിട്ടും അടിച്ചമർത്തൽ മാർഗമാണ് പാക് സർക്കാർ പയറ്റുന്നത്. ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ (ജെഎഎസി) നിരോധിത സംഘടനയായി പ്രഖ്യാപിച്ചു, പാരാമിലിട്ടറി സേനയെ വിന്യസിച്ചു, ഇന്റർനെറ്റും ആശയവിനിമയ സൗകര്യങ്ങളും വിച്ഛേദിച്ചു, സമര നേതാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്തിട്ടു. അടിച്ചമർത്തലിന്റെ ആദ്യഘട്ടത്തിൽ 1,460-ലധികം ആളുകളെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ 'കാണാതാക്കുക'യോ ചെയ്തു. നിരായുധരായ, പിന്തിരിഞ്ഞോടുന്ന സമരക്കാരെ പാരാമിലിട്ടറി സേന വെടിവച്ചുവീഴ്ത്തുന്ന ദൃശ്യങ്ങൾ ലോകത്തെ ഞെട്ടിച്ചു. സംഘർഷം ഒരു മാസം പിന്നിട്ടപ്പോൾ, സാധാരണക്കാരുടെ മരണം അറുപതോളമാണ്. ജൂൺ രണ്ടാംവാരം മാത്രം മുപ്പത്തിരണ്ടിലധികം സാധാരണക്കാർ മരിച്ചതായി ഒരു മനുഷ്യാവകാശ സംഘടന പറയുന്നു.
സൈന്യത്തിന്റെ ഉപദേശപ്രകാരം സർക്കാർ മൂന്നാഴ്ചയായി പിഒകെയിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും പോലും അവിടേക്ക് എത്തുന്നില്ല. ഉടനടി ഉപരോധം പിൻവലിക്കണം, പട്ടാളം തടവിലാക്കിയ നേതാക്കളടക്കമുള്ളവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ജെഎഎസി 48 മണിക്കൂർ അന്ത്യശാസനം നൽകിയത് കഴിഞ്ഞ ദിവസമാണ്. പാക് പട്ടാളം അതിന് ചെവികൊടുക്കുമോ എന്ന് കണ്ടറിയണം. ആസാദ് കശ്മീർ (എജെകെ) എന്ന് പാകിസ്താനികൾ വിളിക്കുന്ന ഈ ഭൂഭാഗത്തെ ഇപ്പോൾ നാട്ടുകാരും ഇന്ത്യ വിളിക്കുന്ന പോലെ പാക്കധീന കശ്മീർ (പിഒകെ) എന്ന് വിളിച്ചു തുടങ്ങിയത്രെ! പാകിസ്താൻ പട്ടാളത്തിനെതിരെയുള്ള മുദ്രാവാക്യങ്ങൾ ജനങ്ങൾ ഉച്ചത്തിൽ ഏറ്റുവിളിക്കുന്നു.
സാമ്പത്തിക ആവശ്യങ്ങൾക്കായി തുടങ്ങിയ സമരം പാകിസ്താന്റെ പരമാധികാരത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നു. കശ്മീരിന്മേൽ അവകാശവാദം ഉന്നയിക്കാൻ ഏഴ് പതിറ്റാണ്ടുകളായി പാകിസ്താൻ ഉപയോഗിച്ചുപോന്ന ഇസ്ലാമിക ഐക്യത്തിന്റെ ഭാഷ അപ്രസക്തമാവുന്ന കാഴ്ചയാണ് ഇപ്പോൾ. പകരം കശ്മീരിയത്ത് (കശ്മീരി സ്വത്വം), വിശപ്പ്, മാനുഷിക അന്തസ്സ് എന്നിവയുടെ ഭാഷയാണ് ഇപ്പോൾ തെരുവ് കീഴടക്കുന്നത്. അവരുടെ നേതാക്കൾ നിയന്ത്രണരേഖയ്ക്ക് (എൽഒസി) അപ്പുറത്തുള്ള ഇന്ത്യയോട് വംശീയ ബന്ധുത്വം ചൂണ്ടിക്കാട്ടി പരസ്യമായി സഹായാഭ്യർത്ഥന നടത്തുന്നത് മാറുന്ന സമവാക്യങ്ങളുടെ സൂചനയാണ്. പിഒകെയിലെ ജനങ്ങൾ സ്വമേധയാ ഇന്ത്യയിൽ ലയിക്കുന്ന കാലം വിദൂരമല്ലെന്ന് കുറച്ചുനാൾ മുമ്പ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണോ?
അതിർത്തികളെ ഉലയ്ക്കുന്ന ആഹ്വാനം
2023ൽ രൂപീകൃതമായ ജെഎഎസി മുന്നോട്ടുവെച്ച 38 ഇന ആവശ്യങ്ങളിൽ നിന്നാണ് പ്രക്ഷോഭത്തിന്റെ തുടക്കം. 53 അംഗ പിഒകെ അസംബ്ലിയിൽ കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്ത 12 സീറ്റുകൾ നിർത്തലാക്കുക (വിധേയത്വമുള്ള സർക്കാരിനെ പ്രതിഷ്ഠിക്കാൻ ഇസ്ലാമാബാദ് നാമനിർദ്ദേശം ചെയ്യുന്ന ഈ സീറ്റുകൾ ഉപയോഗിക്കുന്നു എന്നാണ് നാട്ടുകാർ പറയുന്നത്), വൈദ്യുതി നിരക്ക് കുറയ്ക്കുക, മംഗ്ള ഡാമിൽ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് പ്രദേശവാസികൾക്ക് നൽകുക, വർഷങ്ങളായി അവഗണിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ചെറുകിട വ്യവസായങ്ങളും പുനരുദ്ധരിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് എൺപതിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തെ സർദാർ അമൻ ഖാൻ അഭിസംബോധന ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. പിഒകെ 'പാകിസ്താന്റെ ഭാഗമല്ല' എന്ന് പരസ്യമായി പ്രഖ്യാപിച്ച അദ്ദേഹം കശ്മീരികൾക്ക് ആയുധം നൽകിയിരുന്ന പാകിസ്താൻ സൈന്യം ഇപ്പോൾ അതേ ആളുകളെ ഭീകരവാദികളായി മുദ്രകുത്തുകയാണെന്നും തങ്ങൾക്ക് പാകിസ്താനെ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അവർക്ക് കശ്മീരിനെ ആവശ്യമാണെന്നും തുറന്നടിച്ചു. അതിർത്തിക്കപ്പുറമുള്ള ശ്രീനഗർ, ബാരാമുള്ള, പൂഞ്ച്, മെന്ദാർ, രജൗരി, ജമ്മു, ദോഡ, ലഡാക്ക്, കാർഗിൽ എന്നീ പ്രദേശങ്ങളിലെ ജനങ്ങളെയും വംശീയ സഹോദരങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് 'ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം ആവശ്യമാണ്, ഇവിടെ കടുത്ത ഭക്ഷ്യക്ഷാമമുണ്ട്. ദയവായി സഹായിക്കണം,' എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള നിയന്ത്രണരേഖ തകർത്ത് ഇരുവശവുമുള്ള കശ്മീരികളെ ഒന്നിപ്പിക്കാൻ ആഹ്വാനം ചെയ്ത ഖാൻ ഉപരോധം തുടർന്നാൽ അതിർത്തികൾ ഭേദിച്ച് ഇന്ത്യയിലേക്ക് മാർച്ച് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
കശ്മീരി ജനതയെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ പാകിസ്താനിലെ ഉന്നത നേതാക്കൾ പ്രശ്നം രൂക്ഷമാക്കി. റാവലകോട്ടിലെയും മിർപൂരിലെയും താമസക്കാർ 'ശരിക്കുള്ള കശ്മീരികൾ അല്ല' എന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഉദാഹരണം. ഇന്ത്യ കശ്മീരികളെ അടിച്ചമർത്തുന്നതായി ആരോപിച്ച് അന്താരാഷ്ട്രതലത്തിൽ കശ്മീരി മുസ്ലീങ്ങളുടെ സംരക്ഷകവേഷം കെട്ടുന്ന, അതിന്റെ പേരിൽ അനുഭാവം മാത്രമല്ല, സാമ്പത്തികസഹായവും തരപ്പെടുത്തുന്ന രാജ്യത്തിന്റെ പ്രതിരോധമന്ത്രി ആ ജനതയുടെ വംശീയസ്വത്വത്തെ തന്നെ പരസ്യമായി നിഷേധിച്ചത് ചെറിയ പിഴവല്ല. ഒരുപക്ഷേ, അത് ഭരണകൂടത്തിന്റെ ധാർഷ്ട്യം വെളിവാക്കുന്ന നാക്കുപിഴ മാത്രമാകാം, അല്ലെങ്കിൽ കശ്മീരികളെക്കുറിച്ച് ആ രാജ്യം ശരിക്കും എന്താണ് ചിന്തിക്കുന്നത് എന്ന് വ്യക്തമാക്കുന്ന നിമിഷമാകാം. എന്തായാലും അത് അതിർത്തിക്ക് ഇരുപുറവുമുള്ള കശ്മീരികളെ വേദനിപ്പിക്കുന്നതായി.
ആത്മവീര്യം കെട്ട പാക് പട്ടാളവും ചൈനീസ് ആകുലതയും
ദശകങ്ങളുടെ അടിച്ചമർത്തലിനു ശേഷം കൂട്ടംകൂട്ടമായി തെരുവിലിറങ്ങാൻ ഇപ്പോൾ പാക് കശ്മീരികൾക്ക് ധൈര്യം വന്നതെന്തുകൊണ്ടാണ്? സഹിക്കാനാവാത്ത പീഡനത്തിനു പുറമേ തുടർച്ചയായി തിരിച്ചടികൾ നേരിട്ട പാക് സൈന്യത്തോടുള്ള ഭയം കുറഞ്ഞതും കാരണമാണെന്ന് ചില നിരീക്ഷകർ പറയുന്നു. പ്രത്യേകിച്ച്, കഴിഞ്ഞവർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ'. സൈന്യത്തിൽ നിന്നും പാരാമിലിട്ടറി വിഭാഗങ്ങളിൽ നിന്നുമുള്ള കൂട്ടപ്പലായനങ്ങളും ഷഹബാസ് ഷെരീഫ് സർക്കാരിന്റെ സാമ്പത്തിക എതിർപ്പുകളെ മറികടന്ന് 2026-ലെ പ്രതിരോധബജറ്റിൽ റെക്കോഡ് വർധനവ് വരുക്കിയതും (18 ശതമാനം) വർധനവും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരേസമയം പല ഭാഗങ്ങളിൽ നിന്ന് സമ്മർദ്ദത്തിലായ സൈന്യത്തെ പിടിച്ചുനിർത്താൻ ഫീൽഡ് മാർഷൽ അസീം മുനീർ നയിക്കുന്ന പാക് നേതൃത്വം കഠിനമായി ശ്രമിക്കുകയാണ്. ബലൂച് കലാപം ശക്തിയാർജിക്കുകയാണ്, ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിൽ സൈന്യത്തിന് നിൽക്കക്കള്ളിയില്ല. താലിബാനികൾ ഡ്രോണുപയോഗിച്ച് പാകിസ്താനിൽ വ്യോമാക്രമണവും തുടങ്ങിയിരിക്കുന്നു. സിന്ധിലും ഗിൽഗിത് ബൾട്ടിസ്താനിലുമൊക്കെ ജനങ്ങൾ പ്രക്ഷോഭരംഗത്താണ്. സാമ്പത്തികമായി വളരെ ക്ഷീണിച്ച പാകിസ്താൻ കടം വാങ്ങി കടം വീട്ടുന്ന സാഹചര്യമാണ്. അജയ്യ പരിവേഷത്തിന് കോട്ടംതട്ടിയ പാക് സൈന്യത്തിന് പുതിയൊരു യുദ്ധമുന്നണിയിൽ കൂടി പൊരുതാനുള്ള മനോവീര്യമുണ്ടാവാനിടയില്ല.
പിഒകെയിൽ ജനകീയപ്രക്ഷോഭം ശക്തിപ്പെടുന്നത് ചൈനയെ അസ്വസ്ഥമാക്കുന്നു. ബലൂചിസ്താനിലെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി (സിപിഇസി) ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും ചൈനക്കാരെയും ബലൂച് വിമോചനസേന (ബിഎൽഎ) ലക്ഷ്യംവെക്കുന്നു. ഗ്വാദർ തുറമുഖം കേന്ദ്രീകരിച്ച് ഏകദേശം 65 ബില്യൺ ഡോളറാണ് ചൈന ഇവിടെ നിക്ഷേപിക്കുന്നത്. അതെല്ലാം നഷ്ടമാവാനിടയുണ്ട്. അതേ അവസ്ഥ പിഒകെയിലുണ്ടാവുമോയെന്ന് അവർക്ക് ആശങ്കയുണ്ട്. സിപിഇസിയുടെയും ബെൽറ്റ്, റോഡ് പദ്ധതിയുടെയും പ്രധാനഭാഗമാണ് പിഒകെ. പാക്കധീന കശ്മീരിന്റെ വടക്കുഭാഗത്തുള്ള ശക്സ്ഗാം താഴ്വര പാകിസ്താൻ 1963-ൽ ചൈനയ്ക്ക് കൈമാറിയിരുന്നു. സിപിഇസി കടന്നുപോകുന്ന ഗിൽഗിറ്റ്-ബൾട്ടിസ്താനോട് ചേർന്നാണ് ഈ താഴ്വര. ചൈനയുടെ സിൻജിയാങ് പ്രവിശ്യയെയും പിഒകെയെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണിത്. പിഒകെ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും പാകിസ്താൻ ഈ ഇന്ത്യൻ ഭൂപ്രദേശം ചൈനയ്ക്ക് നിയമവിരുദ്ധമായി കൈമാറിയതാണെന്നും ഇന്ത്യ പറയുന്നു. അതിനാൽ ഇന്ത്യ സിപിഇസിക്കെതിരെ ശക്തമായ നയതന്ത്ര പ്രതിരോധം ഉയർത്തുന്നുണ്ട്.
അന്താരാഷ്ട്രവേദികളിൽ കശ്മീരിലെ മനുഷ്യാവകാശം പറഞ്ഞ് ഇന്ത്യയെ പതിവായി അസ്വസ്ഥമാക്കാൻ കഴിഞ്ഞിരുന്ന പാകിസ്താന് കൊടുത്തത് തിരിച്ചുകിട്ടുന്ന കാലമാണ്. കശ്മീരിലെ ബ്രിട്ടന്റെ ഓൾപാർട്ടി പാർലമെന്ററി ഗ്രൂപ്പ് ആംനസ്റ്റി ഇന്റർനാഷണലുമായി കൂടിക്കാഴ്ച നടത്തുകയും പിഒകെയിലെ സാമ്പത്തിക ഉപരോധം നീക്കാനും ഭക്ഷണം, മരുന്ന്, സ്വതന്ത്ര നിരീക്ഷകർ എന്നിവർക്ക് മാനുഷിക പരിഗണനയോടെ പ്രവേശനം നൽകാനും പാകിസ്താനിൽ സമ്മർദ്ദം ചെലുത്തണമെന്ന് യുകെ സർക്കാരിനോട് ആവശ്യപ്പെട്ടു. കശ്മീരി പ്രവാസികൾ ബ്രിട്ടീഷ് പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയും ഡൗണിംഗ് സ്ട്രീറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. പത്ത് ലക്ഷത്തിലധികം കശ്മീരികൾ യുകെയിൽ താമസിക്കുന്നുണ്ട്. പിഒകെയിലെ സാഹചര്യങ്ങൾ സ്വതന്ത്രമായി വിലയിരുത്താൻ ജൂലൈ ഒമ്പതിന് നിരീക്ഷകരെ അയക്കണമെന്ന് ജെഎഎസി യുഎന്നിനോടും, ഒഐസിയോടും, അന്താരാഷ്ട്ര മാധ്യമങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
ബംഗ്ലാദേശും കശ്മീരും വിഭജനവും
1971ൽ കിഴക്കൻ പാകിസ്താൻ വേർപിരിഞ്ഞ് ബംഗ്ലാദേശ് രൂപീകൃതമായ സാഹചര്യവുമായി പാക്കധീന കശ്മീരിനെ താരതമ്യം ചെയ്യുന്നതിൽ തെറ്റില്ലെന്ന് നിരവധി വിദഗ്ധർ പറയുന്നു. രണ്ടിടത്തും ഒരു പ്രാദേശിക സ്വത്വത്തെയാണ് (അന്ന് ബംഗാളി, ഇന്ന് കശ്മീരി) ഇസ്ലാമാബാദിലെ രാഷ്ട്രീയവർഗ്ഗം മതത്തിന്റെ അല്ലെങ്കിൽ ദേശീയതയുടെ കീഴിൽ ചവിട്ടിയൊതുക്കാൻ ശ്രമിച്ചത്. രണ്ടിലും സാമ്പത്തിക ചൂഷണമായിരുന്നു മുഖ്യപരാതി (അന്ന് ചണത്തിൽ നിന്നുള്ള വരുമാനം, ഇന്ന് ജലവൈദ്യുതിയിൽ നിന്നുള്ള വരുമാനം). പക്ഷേ, ഭരണകൂടം അതിനെ ന്യായമായ പരാതിയായി കാണുന്നതിന് പകരം അധികാരത്തിനെതിരായ കലാപശ്രമമായി കണ്ടു. പ്രശ്നങ്ങളെ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം അവർ പട്ടാളത്തെ ഇറക്കി അടിച്ചമർത്താൻ ശ്രമിച്ചത് ജനങ്ങളിൽ നിന്നുള്ള അകൽച്ചയെ വേഗത്തിലാക്കി. ശ്രദ്ധിക്കുക, ഖാന്റെ അഭ്യർത്ഥനകൾ സഹ മുസ്ലീങ്ങളോടല്ല, കശ്മീരികളോടാണ്. മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് വംശീയതയിലേക്കുള്ള ഈ മാറ്റം 1971ലെ വിഭജനത്തിന് തൊട്ടുമുമ്പ് സംഭവിച്ചതിന് സമാനമാണ്.
എന്നാൽ ഇരു പ്രക്ഷോഭങ്ങൾക്കുമിടയിൽ കാര്യമായ വ്യത്യാസങ്ങളുമുണ്ട്. 1971-ലെ പ്രശ്നങ്ങൾ ഇന്ത്യയുടെ നേരിട്ടുള്ള സൈനിക ഇടപെടലിലാണ് അവസാനിച്ചത്. അത് പാകിസ്താനെ ഭൂമിശാസ്ത്രപരമായി വിഭജിച്ചു. പക്ഷേ, ഇപ്പോൾ യുദ്ധം പോയിട്ട്്, ഏകപക്ഷീയമായി അതിർത്തി തുറക്കുന്നതിനു പോലും സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യ പിഒകെ തിരിച്ചുപിടിക്കും എന്ന രീതിയിൽ ഒരുവിഭാഗം ഇന്ത്യൻ ദേശീയതാവാദ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാധ്യമങ്ങളും പതിവായി സംസാരിക്കാറുണ്ട്. പറയാനെളുപ്പമാണെങ്കിലും അത് പ്രവൃത്തിമാർഗത്തിൽ കൊണ്ടുവരിക എളുപ്പമല്ല. മാത്രമല്ല, അങ്ങനെ തിരിച്ചുപിടിക്കുന്നത് സാമ്പത്തിക, സാമൂഹിക, സുരക്ഷാ മാനദണ്ഡങ്ങൾ വെച്ചുനോക്കിയാൽ ഗുണകരമാണോ എന്നതും കണ്ടറിയണം.
റാവലകോട്ടിലും മുസാഫറാബാദിലും ഇപ്പോൾ അരങ്ങേറുന്നത് എഴുപത് വർഷം പഴക്കമുള്ള ഒരു ഭൗമരാഷ്ട്രീയ മിഥ്യാധാരണയുടെ തകർച്ചയാണ്. കശ്മീർ പ്രദേശത്തെ വിഭവങ്ങൾ ചൂഷണം ചെയ്യുകയും ജനങ്ങളെ രണ്ടാംതരം പൗരൻമാരായി കണക്കാക്കുകയും ചെയ്യുമ്പോഴും സ്വന്തം രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ പാക് സൈനിക നേതൃത്വം കാലങ്ങളായി ഉപയോഗിച്ചിരുന്ന വൈകാരികമായ ആയുധമായിരുന്നു കശ്മീർ ഐക്യദാർഢ്യം. ആ തന്ത്രത്തിന് കശ്മീരിൽ തന്നെ കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. ചൂഷണത്തെ ചോദ്യം ചെയ്യുമ്പോൾ തോക്കെടുന്ന പാക് പട്ടാളത്തെ നാട്ടുകാർ തിരിച്ചറിയുന്നു. അതിർത്തിക്കപ്പുറത്തെ സഹോദരങ്ങളോട് സഹായം ചോദിക്കുന്ന, തങ്ങൾ പാകിസ്താന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിക്കുന്ന പിഒകെയിലെ ജനങ്ങൾ ലോകത്തോട് പറയുന്നത് ഇതാണ്: പാകിസ്താന്റെ കശ്മീർസ്നേഹം ശുദ്ധമായ തട്ടിപ്പാണ്!
Content Highlights: Massive public protests in POK against Pakistani military oppression., Locals explicitly stating POK is not part of Pakistan., Economic blockade and human rights violations by the Pakistani government., Sardar Aman Khan calling for Indian intervention and support., Shift from religious rhetoric to Kashmiri identity and economic rights., Growing concerns over CPEC projects and Chinese influence in the region.
Published: 06 Jul 2026, 09:03 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented