കേരള രാഷ്ടീയത്തിലെ സൗമ്യ സാന്നിദ്ധ്യമായ പി.ജെ.ജോസഫ് ശതാഭിഷേകത്തിന്റെ നിറവിലാണ്. ജൂൺ 28-ന് അദ്ദേഹത്തിന് 84-ാം പിറന്നാൾ .ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട പി.ജെ. ജോസഫിന് വലിയ ആഘോഷങ്ങളില്ലാത്ത ജന്മദിനമായി ഇതും കടന്നുപോകും. അഞ്ചര പതിറ്റാണ്ട് പിന്നിടുന്നു അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതം. ദശാബ്ദങ്ങളായി കേരള കോൺഗ്രസിന്റെ അമരക്കാരിൽ ഒരാൾ. കേരളത്തിന്റെ രാഷ്ടീയ,ഭരണ-നയരൂപവൽക്കരണ മണ്ഡലങ്ങളിൽ പി.ജെ. ജോസഫിന്റെ സംഭാവനകൾ ചെറുതല്ല. തൊടുപുഴയിൽ നിന്ന് പത്ത് പ്രവാശ്യം നിയമസഭയിലെത്തി. യുഡിഎഫ്, എൽഡിഎഫ് മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.
വളരുകയും പിളരുകയും ഒന്നിക്കുകയും വീണ്ടും പിളരുകയും ഒക്കെ ചെയ്തിട്ടുള്ള കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ പി.ജെ.ജോസഫ് എന്ന നേതാവിന്റെ നിലപാടുകൾ നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്. കാർക്കശ്യമല്ല പി.ജെ.ജോസഫിന്റെ മുഖമുദ്ര. എന്നാൽ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. എടുത്ത നിലപാടുകളിൽനിന്ന് അണുവിട വ്യതിചലിക്കുകയുമില്ല. കൃഷിക്കാർക്കൊപ്പം എന്നും നിലകൊണ്ട കർഷകനാണ് അദ്ദേഹം. പാട്ടു കേട്ടും പാടിയും നാടിനെ രസിപ്പിക്കുന്ന സഹൃദയൻ. സിനിമാപ്രേമി. സൂദീർഘമായ തന്റെ രാഷ്ടീയ ജീവിതത്തിലേക്ക് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ തിരിഞ്ഞുനോക്കുന്നു
കോൺഗ്രസിന്റെയും കെഎസ് യുവിന്റെയും പ്രതാപകാലത്ത് നേരിട്ട് കേരള കോൺഗ്രസിലേക്കെത്തി. എന്തായിരുന്നു ആ തീരുമാനത്തിന് കാരണം.
പഠന കാലത്ത് രാഷ്ട്രീയത്തിലൊന്നും ഉണ്ടായിരുന്നില്ല. എംഎയ്ക്ക് പഠിക്കുമ്പോൾ കുറച്ച് സാമൂഹിക പ്രവർത്തനം ഉണ്ടായിരുന്നു. 70 -ലെ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിന്റെ തൊടുപുഴയിലെ ഭാരവാഹികളാണ് എന്നെ ആദ്യം സമീപിച്ചത്. മണ്ഡലത്തിൽ മത്സരിക്കണമെന്നായിരുന്നു ആവശ്യം. പിതാവിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. ഒടുവിൽ കെ.എം.ജോർജ് സാർ വീട്ടിൽ വന്നു. എന്റെ ഇച്ചാച്ചനുമായി (പിതാവ്) സംസാരിച്ചു. എന്നെ മത്സരിപ്പിക്കാൻ കഴിയില്ലെങ്കിൽ തൊടുപുഴയിൽ പകരം ജയിക്കുന്ന ഒരു സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ ഇച്ചാച്ചനോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മാത്തച്ചൻ കുരുവിനാൽക്കുന്നേലിന്റെ പേര് ഞങ്ങൾ നിർദേശിച്ചു. നാമനിർദേശ പത്രിക കൊടുക്കുന്നതിന്റെ തലേദിവസം ഞാൻ തന്നെ സ്ഥാനാർഥിയാകുന്നതാണ് നല്ലതെന്ന് മാത്തച്ചൻ കുരുവിനാൽക്കുന്നേൽ പറഞ്ഞു. പിന്നീട് പാർട്ടി നേതൃത്വം പിതാവിനെക്കൊണ്ട് എന്നെ സ്ഥാനാർഥിയാക്കാൻ സമ്മതിപ്പിക്കുകയായിരുന്നു.
അങ്ങിനെയാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും.
പ്രീഡിഗ്രിക്ക് പകരം സ്‌കൂളുകളിൽ പ്ലസ്ടൂ കൊണ്ടുവന്നത് താങ്കൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ്. അന്ന് വിമർശനങ്ങൾ ഉയർന്നെങ്കിലും പ്ലസ്ടൂ, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. അതേപ്പറ്റി എന്താണ് പറയാനുള്ളത്.
പഠന സൗകര്യങ്ങൾ വർധിപ്പിക്കുക. അതൊരു നയമായിരുന്നു. അതിന്റെ ഭാഗമായാണ് പ്രീഡിഗ്രി കോളേജുകളിൽ നിന്ന് വേർപെടുത്തി സ്‌കൂളുകളിൽ പ്ലസ്ടൂ തുടങ്ങിയത്. ഇതോടെ ലാബ്, കെട്ടിട സൗകര്യങ്ങളെല്ലാം ഏറെ മെച്ചപ്പെട്ടു. കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിന് കൂടുതൽ അവസരമൊരുങ്ങി. തീരുമാനത്തിനെതിരെ അന്ന് പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേൻമ നഷ്ടപ്പെടുമെന്നൊക്കെയായിരുന്നു ആരോപണം. എന്നാൽ, അതങ്ങനെയല്ലെന്ന് കാലം തെളിയിച്ചല്ലോ. ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെയായിരുന്നു പ്ലസ്ടു. മന്ത്രി എന്ന നിലയിൽ ഞാനെടുത്ത സുപ്രധാന തീരുമാനങ്ങളിൽ ഒന്ന്.
രണ്ട് മുന്നണികളിലെ അഞ്ച് മുഖ്യമന്ത്രിമാർ നേതൃത്വം നൽകിയ മന്ത്രിസഭകളിൽ താങ്കൾ അംഗമായി. ആർക്കൊപ്പമാണ് ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിക്കാനായത്.
ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വങ്ങളും പ്രത്യേകതകളുമുണ്ട്. 78-ൽഎ.കെ.ആന്റണിയുടെ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്തത്. കുറച്ച് മാസങ്ങളെ ഉണ്ടായിരുന്നുളളു. വളരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റി. അദ്ദേഹം എല്ലാ പിന്തുണയും തന്നിരുന്നു. കെ.കരുണാകരനും നന്നായി സഹകരിച്ചിട്ടുണ്ട്. നല്ല വ്യക്തിബന്ധമുണ്ടായിരുന്നു.
ഇ.കെ.നായനാർ നല്ല കാര്യങ്ങൾക്കെല്ലാം പിന്തുണ നൽകി. നായനാർ പിതൃതുല്യമായ സ്‌നേഹം കാട്ടിയിരുന്നു. അദ്ദേഹത്തിനൊപ്പമാണ് റോമിൽ മാർപാപ്പയെ കാണാൻ പോയത്. പിണറായി വിജയനും അന്ന് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. വി.എസും പോസിറ്റീവായിരുന്നു. ഉമ്മൻചാണ്ടി പിന്നെ എല്ലാവർക്കും സമ്മതനാണല്ലോ.
ഏത് മുന്നണിയിൽ നിന്നപ്പോഴാണ് പാർട്ടിക്ക് കൂടുതൽ പരിഗണന കിട്ടിയത്
അർഹമായ അംഗീകാരം യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും കിട്ടിയിട്ടുണ്ട്. മുന്നണി മാറ്റങ്ങൾ ഉണ്ടായത് തികച്ചും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്.
പിളർപ്പുകൾ കേരള കോൺഗ്രസിനെ എങ്ങിനെയാണ് ബാധിച്ചത്? ഏകീകൃത കേരള കോൺഗ്രസിനുള്ള സാധ്യത ഇപ്പോഴുമുണ്ടോ.
കേരള കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. പാർട്ടിയുടെ ജനപ്രതിനിധികളെല്ലാം നല്ലരീതിയിൽ തന്നെ എല്ലാക്കാലവും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, നിർഭാഗ്യകരമായി പാർട്ടിക്കകത്ത് പല ധ്രുവീകരണങ്ങളും ഉണ്ടായി. പലപ്പോഴുമുണ്ടായ പിളർപ്പുകൾ പാർട്ടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വിഘാതമായെന്ന് പറയേണ്ടി വരും. പിളർപ്പ് പാർട്ടിയുടെ വളർച്ച കുറച്ചു.
ഏകീകൃത കേരള കോൺഗ്രസ് എന്ന ആശയം മുൻനിർത്തിയാണ് അച്യുതാനന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് മാണി സാറിനൊപ്പം പോയത്. കെ.എം.മാണിയുടെ മരണശേഷം വീണ്ടും പിളർപ്പുണ്ടായി. ഏകീകൃത കേരള കോൺഗ്രസ് എന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. നല്ല ആശയമാണ്. എന്നാൽ, അത് പ്രാവർത്തികമാക്കാൻ പ്രയാസമാണ്. അണികളുടെ താത്പര്യം ഒന്നിച്ചു പോകണമെന്ന് തന്നെയാണ്.
വളരും തോറും പിളരും പിളരും തോറും വളരും എന്ന കെ.എം.മാണിയുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ലെന്നാണോ.
(ചിരിക്കുന്നു) അത് അദ്ദേഹം ഒരു പ്രയോഗമായിട്ടങ്ങ് പറഞ്ഞെന്ന് മാത്രമേയുള്ളു
താങ്കളുടെ മകൻ അപുജോൺ ജോസഫ് ഇപ്പോൾ പാർട്ടിയിൽ സജീവമാണല്ലോ. അദ്ദേഹം ഉന്നത നേതൃത്വത്തിലേക്ക് വരുമോ?
നോ കമന്റ്‌സ്.
രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണകർത്താവ് എന്ന നിലയിലും ഏറ്റവും സംതൃപ്തി നൽകിയ സന്ദർഭങ്ങൾ.
ഭവനനിർമാണ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ദുർബല ജനവിഭാഗങ്ങൾക്ക് നാല് ലക്ഷം വീടുകൾ നിർമിച്ച് കൊടുക്കാനായി. അത് വലിയ സംതൃപ്തി നൽകിയ കാര്യമാണ്. 1982-ൽ തന്നെ ഇതിനുള്ള പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ ഒരു ലക്ഷം വീടുകൾ നിർമിച്ചു. 1996-ൽ വീണ്ടും വകുപ്പ് മന്ത്രിയായപ്പോഴാണ് ബാക്കിയുള്ളവ നിർമിക്കാൻ മുൻകൈയെടുത്തത്. ഇതിന് കേന്ദ്ര സർക്കാരിന്റെ അവാർഡും കിട്ടി. കൃത്യമായ ആസൂത്രണത്തോടെ ചെയ്ത പദ്ധതിയായിരുന്നു അത്. ബലവത്തും ചെറുതുമായ വീടിന്റെ മാതൃക കണ്ടെത്തുന്നതിനായി അഖിലേന്ത്യാ തലത്തിൽ മത്സരം വരെ നടത്തി. തിരുവനന്തപുരം എൻജിനീയറിങ് കോളേജിന്റെ മൈതാനത്ത് മാതൃകകൾ നിർമിച്ച് അതിൽ നിന്നാണ് ഏറ്റവും നല്ലത് തിരഞ്ഞെടുത്തത്. തുടർന്ന് എല്ലാ ജില്ലകളിലേയും ഓട്ടുകമ്പനിക്കാരെ വിളിച്ചുകൂട്ടി. അവർ ചിലവ് കുറച്ച് ഓടുകൾ നൽകി. സന്നദ്ധ സംഘടനകളും സഹായവുമായി എത്തി. എല്ലാവരും ഒരുമിച്ചപ്പോൾ ഒരു വലിയ ചുവടുവെപ്പായി. റോഡുകളുടെ ആധുനികവത്കരണത്തിന് പ്രധാന പങ്കുവഹിക്കാൻ കഴിഞ്ഞുവെന്നുള്ളതുള്ളതും സന്തോഷം നൽകുന്നതാണ്. കെഎസ്ടിപി രൂപവത്കരിച്ചതാണ് ഇന്നുള്ള ബിഎംബിസി നിലവാരത്തിലുള്ള റോഡുകളുടെ തുടക്കം. തൊടുപുഴയെ പ്രധാന നഗരമായി വളർത്തിയെടുക്കാൻ കഴിഞ്ഞു. ഒൻപത് ബൈപാസുകൾ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചു.
ആഗ്രഹിച്ച പദ്ധതികൾ നടക്കാതെ പോയി എന്ന നിരാശ തോന്നിയിട്ടുണ്ടോ.
സംസ്ഥാനത്ത് എക്‌സ്പ്രസ് ഹൈവേ എന്ന ഒരു സ്വപ്‌നമുണ്ടായിരുന്നു. അത് നടപ്പായില്ല. അതാണ് ഏറ്റവും വലിയ നിരാശ. എന്റെ മണ്ഡലമായ തൊടുപുഴയിലെ മലങ്കരയിൽ വിവിദോദ്ദേശ വ്യവസായ പാർക്ക് സ്ഥാപിക്കണമെന്നതും വലിയ ആഗ്രഹമായിരുന്നു. പ്രഖ്യാപനമുണ്ടായെങ്കിലും സർക്കാർ അത് യാഥാർഥ്യമാക്കിയില്ല. 1000 ഏക്കർ സ്ഥലം ഏറ്റെടുത്ത് ടെക്‌നോപാർക്കിന് സമാനമായ ഒരു പദ്ധതിയായിരുന്നു അത്. മെഡിക്കൽ കോളേജും അതിൽ ഉൾപ്പെട്ടിരുന്നു. ഇടതുസർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പദ്ധതി ഇടംപിടിച്ചിരുന്നു. എന്നാൽ, ഫണ്ട് അനുവദിച്ചില്ല. തൊടുപുഴയിൽ സ്റ്റേഡിയത്തിന് കല്ലുവരെയിട്ടതാണ്. പ്രളയം കാരണമായി പറഞ്ഞ് പിന്നീട് അത് നടപ്പാക്കിയില്ല.
കെ.എം.ജോർജും കെ.എം.മാണിയും ഉൾപ്പടെയുള്ള കേരള കോൺഗ്രസ് നേതാക്കളേക്കുറിച്ച് ഓർക്കുമ്പോൾ എന്താണ് പറയാനുള്ളത്.
കെ.എം.ജോർജുമായി ഏറെ ആത്മബന്ധമുണ്ടായിരുന്നു. നിയമസഭയിൽ ഒരു മിനിറ്റിൽ തന്നെ ഏറ്റവും കൂടുതൽ വാക്കുകൾ തടസ്സം കൂടാതെ ഭംഗിയായി പറയുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മിക്കതും കർഷകരുടെ പ്രശ്‌നങ്ങൾ. കേരള കോൺഗ്രസിന് സംസ്ഥാനത്തൊട്ടാകെ അടിത്തറ ഒരുക്കാനും കൃഷിക്കാരുടേയും മറ്റ് ജനവിഭാഗങ്ങളുടേയും ഇടയിൽ സ്വീകാര്യത ഉണ്ടാക്കിയെടുക്കാനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കെ.എം.മാണിയും ഞാനും പരസ്പര ബഹുമാനത്തോടുകൂടി മാത്രമേ ഇടപെട്ടിട്ടുള്ളൂ. വലിയ കടന്നാക്രമണമൊന്നും അങ്ങോട്ടും ഇങ്ങോട്ടും നടത്തിയിട്ടില്ല. ധനകാര്യമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ആർ. ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബുമൊക്കെ അവരുടേതായ മേഖലകളിൽ സ്വാധീനമുള്ളവരായിരുന്നു. ടി.എം.ജേക്കബിനെ 1977-ൽ പിറവത്ത് സ്ഥാനാർഥിയാക്കുന്നത് ഞാൻ മുൻകൈയെടുത്താണ്.
വിമർശനങ്ങളിലും ആരോപണങ്ങളിലും വിഷമം തോന്നിയിട്ടുണ്ടോ.
കാരുണ്യവും ക്ഷമയും. അതിലാണ് വിശ്വസിക്കുന്നത്. ഒരാൾ നൂറ് തെറ്റ് ചെയ്തു. നൂറും ക്ഷമിച്ചു. അതെ തെറ്റ് നൂറ്റൊന്നാമതും ചെയ്താൽ അതും ക്ഷമിക്കുക എന്നാണ് ഫ്രാൻസിസ് അസീസി പറഞ്ഞത്. ബൈബിളിൽ പറഞ്ഞതുപോലെ ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കുക . ആധ്യാത്മിക രംഗത്ത് യേശുക്രിസ്തുവും പൊതുപ്രവർത്തന രംഗത്ത് മഹാത്മാ ഗാന്ധിയുമാണ് എന്റെ മാതൃകകൾ. വിമർശനങ്ങളെ വ്യക്തിപരമായി എടുക്കാറില്ല. അതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഞാൻ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കാറുമില്ല. അതാണ് എന്റെ രീതി.
പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം പോലെ തന്നെ പി.ജെ.ജോസഫിനും മണ്ണിന്റെ മണമുണ്ട്. പി.ജെ.എന്ന കർഷകനെപ്പറ്റി.
കാർഷിക കുടുംബമാണ് എന്റേത്. അതിനാൽ തന്നെ കൃഷി, ജീവിതത്തിന്റെ ഭാഗമായി. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തൊടുപുഴ കാർഷിക മേള സംഘടിപ്പിച്ചത്. ജൈവ കൃഷി എന്നതായിരുന്നു മേളയുടെ പൊതുവായ മുദ്രാവാക്യം. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽകലാമും ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറും ഉൾപ്പടെയുള്ളവർ മേള സന്ദർശിച്ചിരുന്നു.
കന്നുകാലിവളർത്തലും കൃഷിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന ആശയപ്രചരണം നടത്തി. മേളയിലെ കന്നുകാലി പ്രദർശനം ഏറെ പ്രശസ്തമായി. ബ്രീഡ് ഇംപ്രൂവ്‌മെന്റ് എന്ന ആശയം മേളയിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
വീട്ടിലെ തൊഴുത്തിൽ നൂറിലധികം പശുക്കളുണ്ട്.
പാട്ടുകാരനായ രാഷ്ട്രീയക്കാരൻ. പി.ജെ.ജോസഫിനോട് സംഗീതത്തേക്കുറിച്ച് ചോദിക്കാതിരിക്കാനാകില്ല. സംഗീതജീവിതത്തേക്കുറിച്ച്.
പിതാവ് സംഗീതപ്രേമിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് സംഗീതത്തോടുള്ള അടുപ്പവും താത്പര്യവും എനിക്ക് ചെറുപ്പത്തിലേ കിട്ടി.ശാസ്ത്രീയമായി പഠിക്കാനൊന്നും പറ്റിയില്ല. എങ്കിലും കിട്ടുന്ന വേദിയിലെല്ലാം പാടും. കോളേജിലായിരുന്നപ്പോൾ ഇറങ്ങുന്ന എല്ലാ ഹിന്ദിപ്പാട്ടുകളും പഠിക്കുമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിലും പൊതുപരിപാടികളിലുമൊക്കെ പാടി. അതെല്ലാം ജനങ്ങളുമായി എന്നെ കൂടുതൽ അടുപ്പിച്ചു. കോവിഡ് വന്നത് ശബ്ദത്തെ ബാധിച്ചിട്ടുണ്ട്. ഗാനഗന്ധർവൻ കെ.ജെ.യേശുദാസാണ് ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരൻ. മുഹമ്മദ് റഫിയേയും ഏറെ ഇഷ്ടമാണ്. എസ്.ഡി.ബർമന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ജൽത്തേ ഹെ ജിസ്‌കേ ലിയെ' എന്ന പാട്ടിനോട് ഏറെ ഇഷ്ടമുണ്ട്. എന്റെ ഭാര്യ ശാന്തയ്ക്കും വളരെ ഇഷ്ടമുള്ള പാട്ടായിരുന്നു അത്. മാതൃഭൂമി ചാനലിലെ ചക്കരപ്പന്തൽ കണ്ടാണ് ഒരു ദിവസം തുടങ്ങുന്നത്. ശാസ്ത്രീയ സംഗീതം പഠിക്കാൻ കഴിയാതിരുന്നത് ഒരു നഷ്ടമായി തോന്നിയിട്ടുണ്ട്.
ഭാര്യ ഡോ.ശാന്തയുടേയും ഇളയ മകൻ ജോക്കുട്ടന്റേയും വിയോഗം നൽകിയ വലിയ ദുഖത്തേക്കുറിച്ചും ശൂന്യതയേക്കുറിച്ചും പറഞ്ഞിരുന്നു. അവരുടെ ഓർമകളിലാണ് ഈ പിറന്നാൾ എത്തുന്നത്. അവരേക്കുറിച്ച്.
ഒരു പരാതിയും ഇല്ലാത്ത, ആരോടും വിദ്വേഷം ഇല്ലാത്ത, സ്‌നേഹം മാത്രം കൈമുതലായുള്ള ആൾ. അതായിരുന്നു ശാന്ത. ദീർഘകാലം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ടായിരുന്നു. സഹായത്തിന് ആര് വിളിച്ചാലും അപ്പോൾ തന്നെ പോകും. സ്വകാര്യ പ്രാക്ടീസ് നടത്തിയിട്ടില്ല. എന്റെ പൊതുപ്രവർത്തനത്തിൽ ഏറ്റവും വലിയ പിന്തുണ ശാന്തയായിരുന്നു. ജോലിക്കൊപ്പം വീട്ടിലെ കൃഷിയുൾപ്പടെ നോക്കി നടത്തി. എനിക്ക് ഒന്നിനും ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല. 'ലൗ ഈസ് കെയറിങ്' എന്ന് പറയാറില്ലേ. ജോക്കുട്ടൻ ട്രസ്റ്റ് വഴി കിടപ്പുരോഗികൾക്കുള്ള സാന്ത്വന പരിചരണം ശാന്തയുള്ളപ്പോൾ തന്നെ ചെയ്തിരുന്നു. പ്രത്യേക പരിഗണന വേണ്ട കുട്ടികളേപ്പറ്റി ശ്രദ്ധിച്ചു തുടങ്ങിയത് ജോക്കുട്ടനിലൂടെയാണ്.
സുദീർഘമായ രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എന്ത് തോന്നുന്നു.
ഞാൻ എപ്പോഴും ജനങ്ങൾക്കൊപ്പമായിരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. ഇനിയും ജനങ്ങൾക്കൊപ്പം നിൽക്കും.
Content Highlights: PJ Joseph's political journey
Published: 28 Jun 2025, 12:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented