
പാരിസ് ആക്രമണത്തിന്റെ പത്താം വാര്‍ഷികദിനത്തില്‍ മെഴുകുതിരി തെളിയിക്കുന്ന പെണ്‍കുട്ടി. ഫോട്ടോ | എഎഫ്പി
മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഒരേ സമയം ആറിടത്ത് ആക്രമണം. മിനിറ്റുകളുടെ ഇടവേളയില്‍ വെടിയൊച്ചകളുടെയും പൊട്ടിത്തെറികളുടെയും ശബ്ദം കൊണ്ട് പാരിസ് വിറച്ചുപോയ നിമിഷം. ഒടുവില്‍ 137 പേരുടെ മരണം, 416 പേര്‍ക്ക് അതിഗുരുതര പരിക്ക്.
ലോകം ഞെട്ടിവിറച്ച ഫ്രാന്‍സിലെ ആദ്യ ഐഎസ് ഭീകരാക്രമണം 2015 നവംബര്‍ 13- ന് പാരിസില്‍ അരങ്ങേറിയപ്പോള്‍ അത് ഇസ്ലാമിക ഭീകരതയുടെ ലോകത്തിലെ തന്നെ നടുക്കുന്ന ഉദാഹരണങ്ങളിലൊന്നായിമാറി. ഇന്ന് പാരിസ് ആക്രമണത്തിന്റെ പത്താം വാര്‍ഷികം ആചരിക്കുമ്പോഴാണ് ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ ചെങ്കോട്ടയില്‍ മറ്റൊരു ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
12 പേരാണ് ചെങ്കോട്ടയില്‍ കൊല്ലപ്പെട്ടതെങ്കിലും ഒരുപക്ഷേ ഇതിലും വലിയൊരാക്രമണത്തിനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നത് എന്ന് വേണം മനസ്സിലാക്കാൻ. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളും വന്‍തോതിലുള്ള സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തതുമെല്ലാം തരുന്ന സൂചന അതാണ്.
ഐഎസ് കുരുതിക്കളമാക്കിയ പാരിസ്
ഫ്രാന്‍സിനെതിരെ തങ്ങള്‍ നടത്തുന്ന യുദ്ധമെന്ന് പ്രഖ്യാപിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ 2015 നവംബര്‍ 13 ന് രാത്രി രാജ്യത്ത് ചാവേറാക്രമണം നടത്തിയത്. പാരിസില്‍ ജനം രാത്രി ആഘോഷിക്കാനെത്തുന്ന ഇടങ്ങളും ഫുട്‌ബോള്‍ സ്റ്റേഡിയവുമെല്ലാം ലക്ഷ്യമിട്ടെത്തിയ എട്ടു ഭീകരര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തി. കടകളിലും തെരുവുകളിലും സ്ഫോടനം നടത്തുകയും 1500-ല്‍ അധികം ആളുകള്‍ ഒത്തുകൂടിയ സംഗീത പരിപാടിയുടെ ഹാളിലെത്തി വെടിയുതിര്‍ക്കുകയും ചെയ്തു. 82 പേരാണ് സംഗീത പരിപാടി നടന്ന പാരിസിലെ ബൂളെവാഡ് വോള്‍ട്ടയറിലെ ബാറ്റക്‌സന്‍ ഹാളില്‍ നടന്ന വെടിവെപ്പില്‍ മാത്രം കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയന്‍ റോക്ക് സംഗീത സംഘമായ ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റലിന്റെ സംഗീത പരിപാടിയായിരുന്നു ഹാളില്‍ നടക്കേണ്ടിയിരുന്നത്. ഇവിടേക്ക് നാല് ഭീകരര്‍ നുഴഞ്ഞുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
അലിബെര്‍ത്തിലെ ലേ കാരിലണ്‍ ബാറില്‍ 13-ന് രാത്രി 9.20 ഓടെയായിരുന്നു ആദ്യ വെടിയൊച്ച മുഴങ്ങിയത്. ജനങ്ങൾ രാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടാണെന്ന് ആദ്യം കരുതി. പിന്നീടാണ് മുഖംമൂടിധാരിയായ ഒരാള്‍ തുരുതുരാ വെടിവെക്കുകയാണെന്ന് മനസ്സിലായത്.
ഇതിനുശേഷം ഇയാള്‍ റോഡിനപ്പുറമുള്ള ലിറ്റില്‍ കംബോഡിയ എന്ന ലഘുഭക്ഷണശാലയിലെത്തി വെടിയുതിര്‍ത്തു. പന്ത്രണ്ടോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഒരുമിനിറ്റിനകം അടുത്ത സ്ഥലങ്ങളിലും വെടിവെപ്പുനടക്കുകയായിരുന്നു.
അലി ബേര്‍ത്തിന് തെക്കുഭാഗത്തുള്ള ലാ കാസ നോസ്ട്ര എന്ന പിസ വില്‍പ്പനശാലയുടെ മട്ടുപ്പാവിലെത്തിയ ആക്രമി അഞ്ചുപേരെ വധിച്ചു. ഇതേസമയം സ്‌റ്റേഡ് ദെ ഫ്രാന്‍സിസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സൗഹൃദ മത്സരവും നടക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് അടക്കമുള്ള പ്രമുഖരും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
മത്സരം തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് ആദ്യ സ്ഫോടനമുണ്ടായി. തുടര്‍ന്ന് രണ്ട് സ്ഫോടനങ്ങള്‍കൂടി നടന്നു. ആദ്യ സ്ഫോടനശബ്ദം കേട്ടയുടന്‍ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്റ്റേഡിയത്തിന് പുറത്തെ രണ്ട് ഫാസ്റ്റ്ഫുഡ് വില്‍പ്പന കേന്ദ്രങ്ങളിലും ലഘുഭക്ഷണശാലയിലുമായിരുന്നു സ്ഫോടനം.
കളിക്കളം നടുങ്ങിയ രാത്രി
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ മാറ്റുരക്കുന്ന ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു അന്ന് സ്ഫോടനമുണ്ടായതിന് തൊട്ടപ്പുറത്തുള്ള സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 80,000 ത്തോളം ആരാധകര്‍ തിങ്ങിനിറഞ്ഞ സമയം. കളി അതിന്റെ എല്ലാ ആവേശത്തോടെയും തകര്‍ത്ത് മുന്നേറുമ്പോഴാണ് പുറത്ത് ഉഗ്രസ്ഫോടനമുണ്ടായത്. ഇതോടെ എങ്ങും കൂട്ടക്കരച്ചിലും തേങ്ങലുമുയര്‍ന്നു. കളിയില്‍ ഫ്രാന്‍സ് 2-0 ന് ലോക ജേതാക്കളായ ജര്‍മനിയെ തകര്‍ത്തുവിട്ടെങ്കിലും ഇതിന്റെ വിജയാഹ്ളാദം പക്ഷേ കണ്ണീരില്‍ അവശേഷിച്ചു. സ്ഫോടനം ഉണ്ടായതോടെ സ്റ്റേഡിയത്തിലുള്ളിലുണ്ടായിരുന്നവര്‍ മണിക്കൂറുകളോളമാണ് പുറത്തുകടക്കാനാവാതെ കുടുങ്ങിപ്പോയത്. ജര്‍മനിയുടേയും ഫ്രാന്‍സിന്റേയും ലോകോത്തര താരങ്ങളും കളി കഴിഞ്ഞ് ഏറെ നേരെ അവിടെ തങ്ങി.
1998-ലെ ഫിഫ ലോകകപ്പിന് വേദിയായ പാരിസിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടന്നിരുന്നത്. 2014-ലെ ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ജര്‍മനിയോട് ഒറ്റ ഗോളിന് തോറ്റ ഫ്രാന്‍സിന് സ്വന്തം ജനതയ്ക്ക് മുന്നില്‍ വെച്ച് ഒരു കണക്കുതീര്‍ക്കല്‍ കൂടിയായിരുന്നു മത്സരം. അതുകൊണ്ടു തന്നെ വമ്പന്‍ ജനക്കൂട്ടവും സ്റ്റേഡിയത്തിലുണ്ടായിരുന്നു. ആരാധകരുടെ ആര്‍പ്പുവിളി കളിക്ക് ആവേശം പകര്‍ന്നതോടെ അതിനൊത്ത കളിയും ഫ്രാന്‍സ് പുറത്തെടുത്തു.
കളിതുടങ്ങി 20-ാം മിനിറ്റിലാണ് ആര്‍പ്പുവിളികളെ നിഷ്പ്രഭമാക്കി വലിയ വെടിയൊച്ച മുഴങ്ങിയത്. ആരാധകരുടെ തമാശയാണെന്നായിരുന്നു ആദ്യം കരുതിയത്. ആദ്യ പകുതിക്ക് മുമ്പ് രണ്ട് തവണ കൂടി ആ ശബ്ദം സ്റ്റേഡിയത്തിന് അകത്തെത്തി. പ്രസിഡന്റ് ഒലാദ് ഉടന്‍ വേദി വിടുകയും അടിയന്തര യോഗം വിളിക്കുകയും ചെയ്തു. അപ്പോഴും കളി തുടര്‍ന്നു. ഇടവേളയുടെ സമയത്താണ് സ്ഫോടന വാര്‍ത്തകള്‍ സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ മത്സരം തീരുംവരെ താരങ്ങളെ സ്ഫോടനവാര്‍ത്ത അറിയിച്ചില്ല.
ബോംബ് ഭീഷണിയെത്തുടര്‍ന്ന് ജര്‍മന്‍ ടീം അംഗങ്ങളെ പിറ്റെ ദിവസം പാരിസിലെ ടീം ഹോട്ടലില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആക്രമണ പദ്ധതിയുടെ വ്യാപ്തി അപ്പോഴും മനസ്സിലായില്ല. മത്സരം കഴിഞ്ഞതോടെ സ്റ്റേഡിയത്തിന് പുറത്തേക്കുള്ള വഴികളെല്ലാം അടച്ച് നിയന്ത്രണമേര്‍പ്പെടുത്തി. ഇതോടെ ആരാധകര്‍ മൈതാനത്ത് ഇറങ്ങി നില്‍ക്കുകയും ചെയ്തു. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അന്ന് ഫ്രാന്‍സ് ജര്‍മനിയെ തോല്‍പ്പിച്ചത്.
ഷാര്‍ലി എബ്ദോ വഴിവെച്ച വിരോധം
പാരിസിലെ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോ പ്രവാചകനെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് മറുപടിയെന്നോണം 2015 ജനുവരി ഏഴിന് വാരികയുടെ ഓഫീസില്‍ ഭീകരാക്രമണം നടന്നു. വാരികയുടെ എഡിറ്ററും മൂന്ന് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ പത്ത് മാധ്യമപ്രവര്‍ത്തകരും രണ്ട് പോലീസുകാരും ഉള്‍പ്പെടെയുള്ളവരാണ് അന്ന് കൊല്ലപ്പെട്ടത്. വാരികയുടെ ദിവസേനയുള്ള എഡിറ്റോറിയല്‍ യോഗത്തിനിടെയായിരുന്നു ആക്രമണം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അതേ വര്‍ഷം നവംബര്‍ മാസമുണ്ടായ ചാവേര്‍ ആക്രമണം.
ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതാണ് ഫ്രാന്‍സിനോടുള്ള വൈരാഗ്യം ആഗോള തീവ്രവാദ ഗ്രൂപ്പുകള്‍ക്കുണ്ടായതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സെപ്റ്റംബർ മാസം സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കെതിരേ ഫ്രാന്‍സ് നടത്തിയ വ്യോമാക്രണമാണ് നവംബര്‍ 13-ലെ ചാവേര്‍ ആക്രമണത്തിന് ഐഎസിനെ പ്രേരിപ്പിച്ചതെന്നാണ് പിന്നീട് പുറത്തുവന്ന വിവരം.
പടിഞ്ഞാറന്‍ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ഇസ്ലാമിക വിശ്വാസികളുള്ള രാജ്യമാണ് ഫ്രാന്‍സ്. പഴയ കോളനിയില്‍ നിന്ന് കുടിയേറിയവരും തദ്ദേശീയരും ഉള്‍പ്പെടുന്ന ഫ്രഞ്ച് മുസ്ലിങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ നല്ലൊരു ശതമാനത്തോളം വരും. നേരത്തെ രാജ്യത്ത് ഏറെ സംതൃപ്തരായിരുന്നു അവരെങ്കിലും 2001 സെപ്തംബര്‍ 11-ന് യു.എസ്സിലുണ്ടായ അല്‍ ഖ്വായ്ദ ആക്രമണം ലോകത്തിന്റെ പലഭാഗത്തും പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും സൃഷ്ടിച്ച മുസ്ലിങ്ങളോടുള്ള ഭയത്തിന്റെ ഇരകളായി ഫ്രാന്‍സിലെ മുസ്ലിം ജനങ്ങളും മാറിയിരുന്നു. അത് രാജ്യത്ത് വലിയ വിവേചനത്തിനും ഇടയാക്കി.
അഭ്യസ്തവിദ്യരായ ജനങ്ങള്‍പോലും മതത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന വികാരം വലിയ തോതില്‍ അവരുടെ മനസ്സിലുണ്ടായിരുന്നു. ഇത് സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരായി തങ്ങള്‍ മാറുന്നുവെന്ന വികാരവും അവരിലുണ്ടാക്കി. മുസ്ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് വിലക്കുന്ന നിയമനിര്‍മാണങ്ങള്‍ പോലും ഉണ്ടായി. ഇതെല്ലാം ഫ്രാന്‍സിനെതിരെ മൗലികവാദ ശക്തികളെ ലക്ഷ്യമിടുന്നതിന് പ്രേരിപ്പിക്കുകയായിരുന്നു. പല ഫ്രഞ്ച് പൗരന്മാരും തീവ്രവാദ സംഘടനകളില്‍ അംഗമാകാനായി സിറിയയിലേക്കും മറ്റും പോയി. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു അന്നത്തെ ചാവേര്‍ ആക്രമണം.
പുതിയകാലത്തെ വൈറ്റ്‌കോളര്‍ തീവ്രവാദം
പാരിസില്‍ ചാവേര്‍ ആക്രമണം ഉണ്ടാവുന്നതിനും അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയുടെ രാജ്യതലസ്ഥാനത്തും ഒരു ചാവേര്‍ സ്ഫോടനുമുണ്ടായത്. ഇതിന് ശേഷം ആദ്യമായാണ് സമാനമായൊന്ന് ഈ വര്‍ഷം നവംബര്‍ 10-ന് വൈകുന്നേരം ചെങ്കോട്ടയിലുണ്ടായത്. ഒരുകാലത്ത് പൊതുയിടങ്ങളില്‍ നടക്കുന്ന ചാവേര്‍ ബോംബാക്രമണം രാജ്യത്ത് സ്ഥിരം വാര്‍ത്തയായിരുന്നുവെങ്കില്‍ അതിന് മാറ്റം വന്നുതുടങ്ങിയെന്ന് കരുതുമ്പോഴാണ് ചെങ്കോട്ട ആക്രമണം ഉണ്ടായതെന്നും ശ്രദ്ധേയം. ഇതോടെ സ്ഫോടനത്തിന് പിന്നില്‍ വൈറ്റ് കോളര്‍ തീവ്രവാദമാണെന്ന ആരോപണവും ഉയര്‍ന്നു. തീവ്രവാദത്തിന്റെ പുതിയ മോഡസ് ഓഫ് ഓപ്പറാന്‍ഡി എന്നതാണ് ഇതിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
- വാച്ച്ലിസ്റ്റിന് പുറത്തുള്ളവര്‍
നേരത്തെ തൊഴില്‍രഹിതരായ യുവജനങ്ങളെയാണ് മതമൗലിക വാദികളാക്കി മാറ്റി തീവ്രവാദ ആക്രമണത്തിന് സംഘടനകള്‍ നിയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ഉന്നത വിദ്യാഭ്യാസവും നല്ല ജോലിയുമുള്ളവരെയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. അന്വേഷണ ഏജന്‍സികളേയും പോലീസിനേയും വിദഗ്ധമായി കബളിപ്പിക്കാമെന്നും അവരുടെ ഹിറ്റ്ലിസ്റ്റില്‍ ഇടംപിടിക്കാത്തവര്‍ എന്ന പ്രതിച്ഛായയുമാണ് വൈറ്റ് കോളര്‍ തീവ്രവാദത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതൃത്വം കൊടുക്കുന്നവരെ പ്രേരിപ്പിച്ചത്.
ചെങ്കോട്ട സ്ഫോടനത്തിലെ കാര്‍ ഓടിച്ചിരുന്ന ഡോ.ഉമര്‍, ഡോ.മുസമ്മല്‍ ഷക്കീല്‍, ഡോ.ഷഹീന്‍ ഷാഹിദ് എന്നിവര്‍ ഫരീദാബാദിലെ അല്‍ ഹലാഫ് സര്‍വകലാശാലയിലെ ഡോക്ടര്‍മാരാണ്. ഇവരെ കുറിച്ച് ഔദ്യോഗിക വിവരമല്ലാതെ മറ്റൊന്നും സര്‍വകലാശാലയ്ക്കോ മറ്റോ അറിയുകയുമില്ല. എന്നാല്‍ ഇവര്‍ ജെയ്ഷ്-എ-മുഹമ്മദും മൗലാന അസറുമായി ബന്ധപ്പെട്ടവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ളവരെ ഇത്തരം പ്രവര്‍ത്തനത്തിന് നിയോഗിച്ചാല്‍ അത്ര പെട്ടെന്ന് പിടിക്കപ്പെടില്ലെന്ന ധാരണയും വൈറ്റ്‌കോളര്‍ തീവ്രവാദം തിരഞ്ഞെടുക്കാന്‍ സംഘടനകളെ പ്രേരിപ്പിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന പത്തോ അതില്‍ അധികമോ ആളുകളുള്ള സ്ലീപ്പര്‍സെല്‍ വിഭാഗമാണ് ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ കശ്മീരില്‍ നിന്നുള്ള മറ്റ് ചില ഡോക്ടര്‍മാരേയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഈ സ്ലീപ്പര്‍സെല്‍ വിഭാഗം ചില കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ട് സംസ്ഥാനങ്ങളിലും ജമ്മു ആന്റ് കശ്മീര്‍, യു.പി ഹരിയാന എന്നിവിടങ്ങളിലും സജീവമാണെന്നും വനിതാ ഡോക്ടര്‍ സ്ത്രീകളുടെ തീവ്രവാദ സെല്‍ നിര്‍മിക്കാനുള്ള പദ്ധതിയിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തും സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തുമൊക്കെ വലിയ ലക്ഷ്യത്തെ തകര്‍ത്തെങ്കിലും ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നതല്ലെന്നും നിതാന്ത ജാഗ്രതയുണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കുമാണ് ചൂണ്ടിക്കാട്ടുന്നത്.
അരക്ഷിതരായ തൊഴില്‍രഹിതരായ പുരുഷന്മാരേയും സ്ത്രീകളെയുമായിരുന്നു നേരത്തെ തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യമിട്ടിരുന്നത്. അവര്‍ക്ക് പരിശീലനം കൊടുക്കുകയും സിറിയയിലും ലിബിയയിലും മറ്റിടങ്ങളിലുമെല്ലാം ജിഹാദി പ്രവര്‍ത്തനത്തിന് നിയോഗിക്കുകയും ചെയ്യും. എന്നാല്‍ ഇതിന് വിപരീതമായ രീതിയാണ് ഇപ്പോള്‍ അവലംഭിക്കുന്നത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളടക്കം ഇവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇത്തരക്കാരെ തിരഞ്ഞെടുക്കാന്‍ തീവ്രവാദ ഗ്രൂപ്പുകളെ പ്രേരിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.
Content Highlights: Remembering the 2015 Paris attacks. India investigates a Red Fort bomb plot, highlighting the evolution of terrorism. Read the full story.
Published: 15 Nov 2025, 01:48 pm IST
ABOUT THE AUTHOR

K P Nijeesh Kumar
nijeeshkuttiadi@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, രാഷ്ട്രീയം, വികസനം ഇഷ്ട വിഷയങ്ങൾ.
.
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented