
'ഇരുപത് വര്‍ഷത്തേക്ക് ഇനി നിങ്ങള്‍ സിനിയെടുത്ത് പോകരുത്....' 2011ല്‍ ഇറാന്‍ ഭരണകൂടം ലോകപ്രശസ്ത സംവിധായകന്‍ ജാഫര്‍ പനാഹിക്ക് നല്‍കിയ ആജ്ഞയായിരുന്നു അത്. പലതവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടവിലിട്ട ശേഷമാണ് ഇറാന്‍ ഭരണകൂടം പനാഹിക്ക് സിനിമ സംവിധാനം ചെയ്യല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അത് മാത്രമല്ല, ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു. തിരക്കഥകളെഴുതുക, അഭിമുഖങ്ങള്‍ നല്‍കുക, വിദേശയാത്രകള്‍ ചെയ്യുക എന്നിവയ്‌ക്കൊന്നും അവകാശമുണ്ടായിരുന്നില്ല. പക്ഷേ, ജാഫര്‍ പനാഹി എന്ന സംവിധായകനെ തളര്‍ത്താന്‍ ഭരണകൂടത്തിനായില്ല. അദ്ദേഹം വീണ്ടും വീണ്ടും സിനിമകള്‍ എടുത്തുകൊണ്ടിരുന്നു. ഒളിച്ചും പാത്തും അതീവരഹസ്യമായുമെല്ലാമായിരുന്നു ലോകം മുഴുവന്‍ ആരാധകരുള്ള ഒരു സംവിധായകന്‍ തന്റെ സിനിമകള്‍ നിര്‍മിച്ചത്.
ഭരണകൂടത്തിന്റെ വാള്‍ തന്റെ തലയ്ക്ക് മുകളില്‍ തൂങ്ങുമ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരെ കുറിച്ചും സ്ത്രീകളെ ഇസ്ലാമിക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ കുറിച്ചുമെല്ലാം ആ സിനിമകള്‍ മനോഹരമായ ഭാഷകളില്‍ സംസാരിച്ചുകൊണ്ടിരുന്നു. ഏറ്റവും അവസാനം അദ്ദേഹം സംവിധാനം ചെയ്ത ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് എന്ന സിനിമ ഇറാനിലെ രാഷ്ട്രീയ തടവുകാരുടെ പ്രതികാരദാഹത്തിന്റെ കഥയാണ് പറഞ്ഞത്. ഇറാനിലെ കുപ്രസിദ്ധമായ ജയിലില്‍ തടവില്‍ കഴിഞ്ഞപ്പോഴുള്ള ഭീകരമായ അനുഭവങ്ങളില്‍ നിന്നാണ് അദ്ദേഹം ഊ സിനിമ നിര്‍മിച്ചത്. ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മേളയിലെ സമുന്നത പുരസ്‌കാരമായ പാം ദോര്‍ കരസ്ഥമാക്കിയിരിക്കുകയാണ്. തന്നെ സിനിമയെടുക്കുന്നതില്‍ നിന്ന് വിലക്കിയ അതേ രാജ്യത്തേക്ക് പാം ദോറും പിടിച്ച് കഴിഞ്ഞ ദിവസമാണ് ജാഫര്‍ പനാഹി വന്നിറങ്ങിയത്... ആര്‍പ്പുവിളിച്ചാണ് ഇറാനിയന്‍ ജനത വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
സര്‍ക്കാരിനെതിരെ സിനിമയെടുക്കുന്നുവെന്നാരോപിച്ച് 2009ന് ശേഷം പലതവണയാണ് ജാഫര്‍ പനാഹി തടവിലടയ്ക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ക്ലാസിക്കുകള്‍ പുറത്തിറങ്ങിയതും ഇക്കാലയളവില്‍ തന്നെയായിരുന്നു. ജയില്‍ മുറികളില്‍ തടവില്‍ കഴിയുമ്പോഴും അദ്ദേഹം സിനിമയെ കുറിച്ച് മാത്രം ചിന്തിച്ചു. വീട്ടുതടങ്കലില്‍ കഴിയുമ്പോള്‍ പോലും നിരന്തരം ചിത്രീകരിച്ചുകൊണ്ടിരുന്നു. ഭരണകൂടത്തിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് അതീവ രഹസ്യമായി അദ്ദേഹം ചിത്രീകരിച്ചതൊക്കെയും ലോകസിനിമാ വേദികളിലെ പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടുകൊണ്ടിരുന്നു. പ്രശസ്തമായ പല പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകനായി വിലയിരുത്തപ്പെട്ടു. ലോകപ്രശസ്തരായ സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനായി ശബ്ദമുയര്‍ത്തി.
ജീവന്‍ പോലും ഭീഷണിയിലായിട്ടും മറ്റു പലരെയും പോലെ ഇറാന്‍ വിട്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. പാശ്ചാത്യലോകം വച്ചുനീട്ടുന്ന സ്വപ്നതുല്യമായ ജീവിതത്തില്‍ ആകൃഷ്ടനായുമില്ല. ഇറാനിലെ ഭരണകൂടം കലാകാരന്‍മാരെയും ആക്ടിവിസ്റ്റുകളെയുമെല്ലാം വേട്ടയാടിയപ്പോള്‍ ആരെയും ഭയക്കാതെ അദ്ദേഹം ശബ്ദമുയര്‍ത്തി. അതേസമയം തന്നെ ഇറാനില്‍ അധിനിവേശം നടത്താനുള്ള അമേരിക്ക ഉള്‍പ്പടെയുള്ള ഏതെങ്കിലും വിദേശശക്തികളുടെ ശ്രമങ്ങള്‍ക്കും താന്‍ എതിരാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയെടുക്കുന്നത് വിലക്കുകയും അതിന്റെ പേരിൽ ജയിലിലടയ്ക്കുകയും ചെയ്ത സര്‍ക്കാരിനോട് കലഹിച്ച്, ജീവന്‍ പോലും പണയപ്പെടുത്തിയെടുത്ത സിനിമയുമായി 15 വര്‍ഷങ്ങള്‍ക്ക് ശേഷം കാനിലെത്തി പാം ദോര്‍ പോലൊരു വലിയ പുരസ്‌കാരം നേടിയ ശേഷവും അദ്ദേഹം പറഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്റെ രാജ്യത്തിന്റെ ഭാവിയാണെന്നാണ്. അത് തിരിച്ചറിയാന്‍ ഇറാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കിലും ഇറാനിയന്‍ ജനത തിരിച്ചറിഞ്ഞുവെന്ന തെളിവാണ് പുരസ്‌കാരവുമായി ടെഹ്റാനില്‍ എത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെ തടിച്ചുകൂടിയ ജനക്കൂട്ടം.
സൈനികനില്‍ നിന്ന് ചലച്ചിത്രകാരനിലേക്ക്
ഇറാനിയന്‍ നവതരംഗ സിനിമയുടെ രണ്ടാംഘട്ടത്തിലെ ഏറ്റവും പ്രമുഖനായാണ് ജാഫര്‍ പനാഹി വിലയിരുത്തപ്പെടുന്നത്. ചെറുപ്പകാലത്തേ കലയോടും സാഹിത്യത്തോടും അഭിരുചി പ്രകടിപ്പിച്ചിരുന്ന ജാഫര്‍ പനാഹി ഫോട്ടോഗ്രാഫിയിലൂടെയും ഡോക്യുമെന്ററിയിലൂടെയുമാണ് സിനിമയിലേക്ക് എത്തപ്പെട്ടത്. 20 വയസ്സില്‍ തന്നെ നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ട ഇറാനിയന്‍ യുവാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തു. യുദ്ധാനന്തരമാണ് പനാഹി ടെഹ്‌റാന്‍ സിനിമ കോളേജില്‍ ചേരുന്നത്. പിന്നീട് ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിയോരോസ്താമിയുടെ അസിസ്റ്റന്റായിട്ടാണ് അദ്ദേഹം മുഖ്യധാരാ സിനിമയുടെ ഭാഗമാവുന്നത്. ത്രോ ദ ഒലിവ് ട്രീസ് (1994) എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പനാഹിയുടെ ശേഷി വളരെ പെട്ടെന്ന് തന്നെ കിയോരോസ്താമി തിരിച്ചറിഞ്ഞു. വൈകാതെ പനാഹിക്ക് വേണ്ടി കിയോരോസ്താമി ഒരു തിരക്കഥ എഴുതി നല്‍കി. അങ്ങനെ 1997ലാണ് ലോക സിനിമയില്‍ ജാഫര്‍ പാനാഹി എന്ന പേര് അടയാളപ്പെടുത്തപ്പെടുന്നത്. ദ വൈറ്റ് ബലൂണ്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. വലിയവരുടെ ലോകത്ത് പെട്ടുപോയ ഒരു കൊച്ചുപെണ്‍കുട്ടിയുടെ കഥപറയുന്ന മനോഹരമായ ചിത്രമായിരുന്നു ഇത്. ആദ്യ ചിത്രത്തിലൂടെ തന്നെ കാനിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി.

മിറര്‍ (1997) ആയിരുന്നു രണ്ടാമത്തെ സിനിമ. ടെഹ്റാൻ നഗരത്തിലൂടെയുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ യാത്രയായിരുന്നു ഈ ചിത്രം. അവളുടെ യാത്രയിലൂടെ ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങളെയായിരുന്നു സിനിമ ചൂണ്ടിക്കാട്ടിയത്. ഇസ്ലാമിക ഭരണകാലത്തെ ഇറാനിലെ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ദ സര്‍ക്കിള്‍ (2000) എന്ന ചിത്രമായിരുന്നു അടുത്തത്. വെനീസ് ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രം വൈകാതെ തന്നെ ഇറാനില്‍ നിരോധിക്കപ്പെട്ടു. ഇതോടെ ചിത്രവും പനാഹിയും വലിയ ലോകശ്രദ്ധ നേടി. അടുത്ത ചിത്രമായ ഓഫ്‌സൈഡും (2006) ഇറാനില്‍ നിരോധിക്കപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷന് ശേഷം പൊതു ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത നാടാണ് ഇറാന്‍. ആവേശകരമായ ഒരു ഫുട്‌ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ച് ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്ക് കടക്കുന്ന കടുത്ത ഫുട്ബോള്‍പ്രേമിയായ ഒരു ഇറാനിയന്‍ പെണ്‍കുട്ടികളുടെ കഥയായിരുന്നു ഈ ചിത്രം പറഞ്ഞത്. ബെര്‍ലിന്‍ മേളയില്‍ സില്‍വര്‍ ബെയര്‍ പുരസ്കാരം നേടിയ ഈ സിനിമയും ലോകശ്രദ്ധ നേടി.

ടാക്‌സി കാറിലെ ക്യാമറ
2009ലാണ് പനാഹി ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള ഇറാനില്‍ നിന്ന് ഒരു ബ്ലോഗറാണ് ഈ വിവരം പുറംലോകത്തെ അറിയിക്കുന്നത്. 2010ല്‍ വീണ്ടും കുടുംബാംഗങ്ങളോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 48 മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്. 2011ല്‍ ബെര്‍ലിന്‍ മേളയിലെ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പനാഹിയെ മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇറാന്‍ സര്‍ക്കാര്‍ വിലക്കി. മേളയില്‍ അദ്ദേഹത്തിന്റെ പേരെഴുതിയ ഇരിപ്പിടം ഒഴിച്ചിട്ടാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചത്. മേളയുടെ ചരിത്രത്തില്‍ തന്നെ ഇത് അത്യപൂര്‍വ സംഭവമായിരുന്നു.
2010ന് ശേഷം ദിര്‍ഘനാള്‍ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. പക്ഷേ, അപ്പോഴും അദ്ദേഹത്തിലെ പോരാളിയായ സിനിമാ സംവിധായകനെ തളര്‍ത്താന്‍ ഭരണകൂടത്തിനായില്ല. 2011ല്‍ വീട്ടുതടങ്കലില്‍ കഴിയവെ ദിസ് ഇസ് നോട്ട് എ ഫിലിം എന്ന പേരില്‍ ഒരു ഡോകുമെന്ററി അദ്ദേഹം പുറത്തിറക്കി. സംവിധായകനും അദ്ദേഹത്തിന്റെ വളര്‍ത്തുമൃഗമായ ഒരു ഇഗ്വാനയും മാത്രമായിരുന്നു ഐഫോണില്‍ ചിത്രീകരിച്ച ഈ ഡോകുമെന്ററിയിലെ താരങ്ങള്‍. ഈ സമയമാകുമ്പോഴേക്കും ചലച്ചിത്രകലയിലെ ആഖ്യാനരീതിയില്‍ വിപ്ലവകരമായ പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്. 2015ല്‍ ചിത്രീകരിച്ച ടാക്‌സി എന്ന ചിത്രം ജാഫര്‍ പനാഹി എന്ന ചലച്ചിത്രകാരന്റെ സൃഷ്ടികളിലെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സിനിമ, രാഷ്ട്രീയം, അധികാരം, സ്വാതന്ത്ര്യം തുടങ്ങിയ സങ്കല്‍പ്പങ്ങളെ കുറിച്ച ആഴത്തിലുള്ള ചിന്തകളിലേക്കാണ് ഈ ചിത്രം കാഴ്ചക്കാരെ എത്തിച്ചത്. ഇറാന്റെ രാഷ്ട്രീയ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ തുറന്നുവെച്ച കണ്ണാടിയായിരുന്നു ഈ സിനിമ. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചതും പനാഹി തന്നെയായിരുന്നു. ടാക്‌സിക്കാരനായ പനാഹിയുടെ കാറില്‍ ഒളിപ്പിച്ചുവെച്ച മൂന്ന് ക്യാമറകളിലാണ് സിനിമ ചിത്രീകരിച്ചത്. ടാക്‌സിയില്‍ കയറുന്ന യാത്രക്കാരിലൂടെയും തെരുവിലും മറ്റുമായി നടക്കുന്ന സംഭവങ്ങളിലൂടെയും പുരോഗമിക്കുന്ന സിനിമയില്‍ അഭിനേതാക്കളേതാണ്യ യഥാര്‍ഥത്തിലുള്ളവരാരാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് കാഴ്ചക്കാരെത്തുന്നു. യഥാര്‍ഥത്തില്‍ മറ്റ് സംവിധായകരെ പോലെ വലിയ ആഘോഷമായി സിനിമയെടുക്കാന്‍ കഴിയാത്ത തന്റെ സാഹചര്യത്തെ പനാഹി പുതിയ സാധ്യതകള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. ബെര്‍ലിന്‍ അന്താരാഷ്ട്ര മേളയില്‍ റിലീസ് ചെയ്ത ചിത്രം മേളയിലെ ഉന്നത പുരസ്‌കാരമായ ഗോള്‍ഡന്‍ ബെയര്‍ നേടുകയും ചെയ്തു. പതിവുപോലെ ഈ മേളയിലും യാത്രാനുമതി ലഭിക്കാത്തതിനാല്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
2010 മുതല്‍ ഒളിച്ചും പാത്തും സിനിമയെടുത്തിരുന്ന പനാഹിയുടെ ചിത്രങ്ങള്‍ സാഹസികമായാണ് പലപ്പോഴും ഇറാന് പുറത്തേക്ക് എത്തിച്ചിരുന്നത്. വീട്ടുതടങ്കലില്‍ കഴിയുമ്പോൾ എടുത്ത ദി ഇസ് നോട്ട് എ ഫിലിം എന്ന ചിത്രത്തിന്റെ പെന്‍ഡ്രൈവ് ഭക്ഷണ സാധനങ്ങള്‍ക്കിടയില്‍ പൂഴ്ത്തിയാണ് കാനിൽ എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടാക്‌സിക്ക് ശേഷമെടുത്ത ത്രീ ഫെയ്‌സസ് (2018), നോ ബെയേഴ്സ് (2022) എന്നീ ചിത്രങ്ങളും കാന്‍സിലും വെനീസിലുമെല്ലാം നിരവധി പുരസ്‌കാരങ്ങള്‍ നേടി. സമാന്തരമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടുമ്പോഴും അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് പോലും ഓസ്‌കര്‍ നോമിനേഷനോ പുരസ്‌കാരമോ നേടാന്‍ സാധിച്ചിരുന്നില്ല. ഇതിന് കാരണം ഓസ്‌കറിന്റെ നിയമാവലിയായിരുന്നു. സ്വന്തം രാജ്യത്ത് റിലീസ് ചെയ്ത സിനിമകള്‍ക്ക് മാത്രമേ ഓസ്‌കറില്‍ മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തില്‍ മത്സരിക്കാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍, രണ്ടാമത്തെ സിനിമ മുതല്‍ ഇറാനില്‍ നിരോധിച്ച പനാഹിയുടെ സിനിമകള്‍ക്ക് അതിന് സാധിക്കില്ലായിരുന്നു. ആദ്യത്തെ സിനിമ ഓസ്‌കറിലെത്തിയിരുന്നുവെങ്കിലും വിദേശ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നത് വിലക്കിയിരുന്നതിനാല്‍ നോമിനേഷന്‍ നേടാന്‍ സാധിച്ചുമില്ല. സോണി പോലുള്ള കമ്പനികള്‍ ഇതിനായി ഇറാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും കുറച്ച് ദിവസങ്ങള്‍ പോലും പനാഹിയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

വീണ്ടും ജയിലിലേക്ക്
തന്റെ സിനിമകളിലൂടെ ഭരണകൂടത്തിനെതിരേ പ്രചാരവേല നടത്തി എന്ന കുറ്റത്തിനാണ് 2011ല്‍ പനാഹി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് ഇറാന്‍ കോടതി ആറ് വര്‍ഷത്തെ തടവിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. എന്നാല്‍, രണ്ട് മാസത്തെ തടവിന് ശേഷം ഉപാധികളോടെ വിട്ടയച്ചു. തുടര്‍ന്നുള്ള കാലത്തില്‍ കൂടുതലും വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തില്‍ തന്നെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ആറ് വര്‍ഷത്തെ ശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പിലാക്കാമെന്ന രീതിയില്‍ ഭരണകൂടം ഭീതിയുടെ സാഹചര്യങ്ങള്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍, എല്ലാവരുടെയും കണ്ണുകള്‍ വെട്ടിച്ച് അദ്ദേഹം സിനിമ എടുത്തുകൊണ്ടിരുന്നു. ഇക്കാലയളവിലാണ് ഇറാന്‍ ഭരണകൂടം വിമര്‍ശകര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കിയത്. നിരന്തരം അറസ്റ്റുകളുണ്ടായി. മാധ്യമപ്രവര്‍ത്തകരും കലാകാരന്‍മാരും പ്രക്ഷോഭകാരികളും സിനിമാപ്രവര്‍ത്തകരുമെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കൂട്ടത്തില്‍ ഇറാനിലെ പ്രമുഖ സംവിധായകരായ മുഹമ്മദ് റസലൂഫും മുസ്തഫ അലഹ്‌മദുമെല്ലാം അറസ്റ്റിലായി. 2022 ജൂലായ് 11ന് ഇവര്‍ക്ക് നിയമസഹായം നല്‍കാനായി അഭിഭാഷകര്‍ക്കൊപ്പം പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിയ പനാഹിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 2011 ലെ ആറ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കാനായി അദ്ദേഹത്തെ കുപ്രസിദ്ധമായ എവിന്‍ ജയിലിലടയ്ക്കുകയായിരുന്നു.
നിരാഹാരം, മോചനം
ഏഴ് മാസത്തോളമാണ് പനാഹി ഈ ജയിലില്‍ കഴിഞ്ഞത്. 2023 ല്‍ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പനാഹി ജയിലില്‍ നിരാഹാര സമരം ആരംഭിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചു. എന്റെ ചേതനയറ്റ ശരീരം ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതുവരെ ഞാന്‍ നിരാഹാരം തുടരുമെന്നായിരുന്നു നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ജയില്‍ അധികൃതരോട് പനാഹി പറഞ്ഞത്. വിവരം പുറംലോകമറിഞ്ഞതോടെ മനുഷ്യാവകാശ സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ജയില്‍ശിക്ഷയുടെ ആദ്യ സമയത്ത് എനിക്ക് ഏകാന്ത തടവാണ് വിധിച്ചിരുന്നത്. ആ സമയക്ക് കണ്ണ് മൂടിക്കെട്ടി എന്നെ ഒരു ഭിത്തിക്ക് അഭിമുഖമായി ഇരുത്തുമായിരുന്നു. പിന്നില്‍ എന്നെ ചോദ്യം ചെയ്യുന്ന ഒരാളുടെ ശബ്ദം കേള്‍ക്കാമാം. രണ്ട് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു ചോദ്യംചെയ്യല്‍. ആ ശബ്ദം ആരുടേതാണെന്ന് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എന്തെങ്കിലും എഴുതുകയോ ചിത്രീകരിക്കുകയോ ചെയ്യണമെന്ന് ഞാന്‍ കരുതിയിരുന്നു...
ആ അനുഭവങ്ങളാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് എന്ന സിനിമ. രാഷ്ട്രീയ തടവുകാര്‍ അവരെ തടവിലിട്ട് പീഡിപ്പിച്ചവരോട് പ്രതികാരം ചെയ്യാനെത്തുന്ന ത്രില്ലറാണ് ചിത്രം. രഹസ്യമായി ചിത്രീകരിച്ച സിനിമയുമായി ഈ വര്‍ഷത്തെ കാന്‍ മേളയില്‍ പനാഹി പങ്കെടുത്തു. അപ്പോഴക്കും ഒടുവില്‍ പനാഹി കാനില്‍ എത്തിയിട്ട് 15 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.

15 വര്‍ഷങ്ങള്‍ക്ക് ശേഷം കാനില്‍
നേരത്തെ പനാഹിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ കാന്‍ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷ് ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തെ ആഹ്ളാദത്തോടെ സ്വീകരിച്ചു. നിറഞ്ഞ സദസില്‍ പനാഹി തന്റെ ജീവന്‍ കൊണ്ട് ഒരുക്കിയ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് പ്രദര്‍ശിപ്പിച്ചു. ഒടുവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന സിനിമകളോട് മത്സരിച്ച് ചിത്രം മേളയുടെ പരമോന്നത പുരസ്‌കാരമായ പാം ദോര്‍ കരസ്തമാക്കി. അബ്ബാസ് കിയരോസ്തമിക്കുശേഷം (1997ല്‍) പാം ദോര്‍ നേടുന്ന ഇറാന്‍ കാരനായി അദ്ദേഹം മാറി. പാം ദോറും കയ്യില്‍പ്പിടിച്ച് കാനില്‍ നില്‍ക്കുന്ന പനാഹിയുടെ ചിത്രങ്ങള്‍ ലോകമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. 'നമ്മുടെ രാജ്യവും അതിന്റെ സ്വാതന്ത്ര്യവുമാണ് ഏറ്റവും പ്രധാനം. നിങ്ങളെന്ത് വസ്ത്രം ധരിക്കണമെന്നോ എന്ത് ചെയ്യരുതെന്നോ ആരും ആജ്ഞാപിക്കാത്ത ഒരു കാലത്തിന് വേണ്ടി നമുക്ക് കൈകോര്‍ക്കാം'- തന്നെ കേള്‍ക്കാനെത്തിയവരോട് പനാഹി വിളിച്ചുപറഞ്ഞു. ഇറാനിലേക്ക് ഉടന്‍ മടങ്ങുമെന്നും ആരെയും ഭയക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പുരസ്‌കാര വാര്‍ത്തയോട് നിഷേധാത്മക നിലപാടാണ് ഇറാന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ദേശീയ മാധ്യമങ്ങള്‍ ഒരു വാര്‍ത്തയും നല്‍കിയില്ല. പാം ദോറുമായി കഴിഞ്ഞ തിങ്കളാഴ്ച പനാഹി ജന്മനാട്ടില്‍ തിരിച്ചെത്തി. ഭരണകൂടത്തിന്റെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ടെഹ്റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര വരവേല്‍പ്പാണ് അദ്ദേഹത്തിന് ആരാധകര്‍ സമ്മാനിച്ചത്. ആര്‍പ്പുവിളിച്ചും കെട്ടിപ്പിടിച്ചും പൂക്കള്‍ നല്‍കിയും അദ്ദേഹത്തെ അവര്‍ സ്വീകരിച്ചു. ഇനി ഇറാന്‍ സര്‍ക്കാര്‍ ഏത് രീതിയിലാണ് ഇതിനോട് പ്രതികരിക്കുക എന്ന് ഉറ്റുനോക്കുകയാണ് ലോകം. തന്റെ ജന്മനാട്ടിലെ ഇനിയുള്ള ജീവിതവും എളുപ്പമാകില്ലെന്ന് ജാഫര്‍ പനാഹിക്ക് കൃത്യമായ തിരിച്ചറിവുണ്ട്. പക്ഷേ, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളോട് സമരസപ്പെടാന്‍ മനസില്ലാത്ത ആ പോരാളി ഇനിയും കലഹിച്ചുകൊണ്ടിരിക്കും എന്ന സന്ദേശമാണ് ഉറക്കെ പ്രഖ്യാപിക്കുന്നത്.
Content Highlights: palme dor winner iranian director jafar panahi life story
Published: 30 May 2025, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented