പാലക്കാട്: കൊച്ചുമകളുടെ വിവാഹത്തിന് നൽകാൻ സ്വർണവുമായി തീവണ്ടിയിൽ വരുകയായിരുന്ന സ്ത്രീയിൽനിന്ന് 47 പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയുമടങ്ങിയ ബാഗ് കവർന്ന കേസിൽ പിടിലാലയ സാമൂഹികമാധ്യമ ഇൻഫ്ലുവൻസർ ദയാലുവായും ഭക്തിമാർഗത്തിൽ സഞ്ചരിക്കുന്ന നല്ല ചെറുപ്പക്കാരനായുമാണ് അറിയപ്പെട്ടിരുന്നത്.
തമിഴ്നാട് ദിണ്ടിക്കൽ പെരിയാർകോളനി മഹാലക്ഷ്മിനഗർ എം. ബാലമുരുക(38)നാണ് പിടിയിലായത്. ചെന്നൈ-തിരുവനന്തപുരം മെയിലിൽ യാത്രചെയ്യുകയായിരുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി കുമാരി(66)യുടെ ബാഗാണ് മോഷ്ടിച്ചത്.
ചെന്നൈയിലെ മകന്റെ വീട്ടിൽനിന്ന് ചെങ്ങന്നൂരിലേക്കു വരുകയായിരുന്നു കുമാരി. നവംബർ മൂന്നിന് പുലർച്ചെ അഞ്ചരയോടെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഈ വണ്ടിയിൽ കയറിയ ബാലമുരുകൻ, ബെർത്തിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വണ്ടി പുറപ്പെടുന്നതിനുമുൻപ് പുറത്തിറങ്ങിയ ഇയാൾ ഓട്ടോയിൽ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിലെത്തുകയും തുടർന്ന് കോയമ്പത്തൂരിലേക്കു പോവുകയും ചെയ്തു.
അവിടെവെച്ച് കുറച്ച് സ്വർണം വിറ്റുകിട്ടിയ പണവുമായി നാട്ടിലേക്കു പോയി. ആർഭാടമായി ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു. നാട്ടുകാർക്ക് സമ്മാനങ്ങളും നൽകി. വീണ്ടും കോയമ്പത്തൂരിലെത്തിയപ്പോഴാണ് പിടിയിലായത്. കോയമ്പത്തൂരിലെ വാടകവീട്ടിൽവെച്ചാണ് റെയിൽവേ സുരക്ഷാസേനയും (ആർ.പി.എഫ്.) ഗവ. റെയിൽവേ പോലീസും ചേർന്ന് ഇയാളെ സാഹസികമായി പിടികൂടിയത്. 36.42 പവൻ സ്വർണം പ്രതിയിൽനിന്ന് കണ്ടെടുത്തു.
സാമൂഹികമാധ്യമത്തിൽ ഒട്ടേറെപ്പേർ പിന്തുടരുന്ന ബാലമുരുകൻ സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിക്കുകയും വീഡിയോ എഡിറ്റിങ് ചെയ്യുകയും ചെയ്തിരുന്നു. ആർഭാടജീവിതം നയിച്ചിരുന്ന ഇയാൾ ആഡംബര കാറുകളിലായിരുന്നു യാത്ര. നാട്ടുകാർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയും മറ്റും ആഘോഷങ്ങളിൽ സജീവമായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
വെട്ടിക്കാൻ ശ്രമം, പിടികൂടി പോലീസ്
ചെന്നൈയിൽനിന്ന് ഒരു തീവണ്ടിയിൽ സേലത്തെത്തിയ പ്രതി മറ്റൊരു തീവണ്ടിയിൽകയറിയാണ് പാലക്കാട്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മുഖംമറയ്ക്കാൻ മാസ്ക് ധരിക്കുകയും സി.സി.ടി.വി. കാണുമ്പോൾ കൈകൊണ്ട് നെറ്റി മറയ്ക്കുകയും ചെയ്തിരുന്നു. മോഷണശേഷം പോലീസിനെ വഴിതെറ്റിക്കാൻ അഞ്ച് ബസുകളിൽ മാറിമാറി യാത്രചെയ്തു. യാത്രാമധ്യേ വസ്ത്രങ്ങൾ മാറിധരിച്ചു.
മോഷണം നടന്ന സമയത്ത് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മാസ്ക് ധരിച്ച് സംശയാസ്പദ രീതിയിൽകണ്ട വ്യക്തികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. കേരള പോലീസിന്റെയും ആർ.പി.എഫിന്റെയും സൈബർ വിദഗ്ധരുൾപ്പെടെയുള്ളവർ അടങ്ങിയ പ്രത്യേകസംഘം നടത്തിയ ശാസ്ത്രീയാന്വേഷണമാണ് പ്രതിയെ കുടുക്കിയത്. 600 സി.സി.ടി.വി. ദൃശ്യങ്ങൾ ഇതിനായി വിശകലനം ചെയ്തതായി പോലീസ് പറഞ്ഞു. ചെന്നൈമുതൽ തിരുവനന്തപുരംവരെയുള്ള റൂട്ടിലെ മുഴുവൻ യാത്രാവിവരങ്ങളും സമഗ്രമായി പരിശോധിക്കുകയും ചെയ്തു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽച്ചെന്ന് അന്വേഷണവും നടത്തിയിരുന്നു.തീവണ്ടിയാത്രക്കാരുടെ ബാഗുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്തർസംസ്ഥാനസംഘത്തിലെ പ്രധാന കണ്ണിയാണ് ബാലമുരുകനെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
മധുരയിൽ തീവണ്ടിയാത്രക്കാരന്റെ ലാപ്ടോപ്പ് കവർന്ന കേസിൽ മുൻപ് നാലുതോളം ദിവസം ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.റെയിൽവേ പോലീസ് എസ്.പി. ആർ. കൃഷ്ണകുമാർ, ആർ.പി.എഫ്. ഡി.എസ്.സി. അമ്പു പി. കുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു സംയുക്ത അന്വേഷണം.
Content Highlights: A social media influencer, M. Balamurugan (38), was arrested for stealing a bag containing 47 sovereigns of gold and Rs 10,000 from a train passenger., The theft occurred on the Chennai-Thiruvananthapuram Mail near Palakkad Junction., The accused used the stolen gold to fund a lavish Deepavali celebration and was tracked down using 600 CCTV visuals and cyber investigation., Police recovered 36.42 sovereigns of gold from his rented house in Coimbatore.
Published: 12 Nov 2026, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented