പ്രിൽ എട്ടിന് പാകിസ്താന്റെ മധ്യസ്ഥതയിൽ ഇറാൻ യുദ്ധത്തിന് രണ്ടാഴ്ചത്തെ വെടിനിർത്തലിന്‌ തീരമാനമായെന്ന വാർത്ത ലോകമെങ്ങും പ്രതീക്ഷകൾ വാനോളമുയർത്തി. 'ലെബനനടക്കം എല്ലായിടങ്ങളിലും ഉടനടി പ്രാബല്യത്തിലാകത്തക്ക വിധത്തിൽ വെടിനിർത്തലിന് അമേരിക്കയും ഇസ്രയേലും സഖ്യകക്ഷികളും സമ്മതിച്ചിരിക്കുന്നു' എന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പോസ്റ്റ് ആ രാജ്യത്തും പാക് അനുകൂല മാധ്യമങ്ങളിലും വലിയ ചർച്ചയ്ക്കും ആഘോഷത്തിനും വഴിവെച്ചു. പാക് പാർലമെന്റ് ഷെരീഫിനെ അനുമോദിക്കുന്നതു വരെയെത്തി കാര്യങ്ങൾ.

To advertise here,

ഇന്ത്യയിലുമുണ്ടായി അതിന്റെ അനുരണനങ്ങൾ. സക്രിയമായ നയതന്ത്രത്തിനു പകരം വ്യാജപ്രചാരണ ചലച്ചിത്രങ്ങളെയും വിശ്വഗുരുവായി മേനി നടിക്കുന്നതിനെയും ആശ്രയിക്കുകയാണ് ഇന്ത്യയെന്ന് പത്രപ്രവർത്തക റാണാ അയ്യൂബ് ആരോപിച്ചത് ഉദാഹരണം. പക്ഷേ, അതിവേഗം ചിത്രം കലങ്ങുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. വെടിനിർത്തൽ സംബന്ധിച്ച ഷഹബാസ് ഷെരീഫിന്റെ ആദ്യ പോസ്റ്റിൽ 'പാക് പ്രധാനമന്ത്രിക്ക് എക്സിൽ പ്രസിദ്ധീകരിക്കാനുള്ള കരട്' എന്ന തലക്കെട്ടുണ്ടായിരുന്നു. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലീവിറ്റ് അയച്ചുകൊടുത്ത സന്ദേശം കോപ്പി പേസ്റ്റു ചെയ്യുകയായിരുന്നു ഷഹബാസ് എന്ന രീതിയിൽ വാർത്തകൾ പരന്നപ്പോൾ പാകിസ്താൻ ആ സന്ദേശം തിരുത്തി. പിന്നീടായിരുന്നു അനാക്രമണ സന്ധി ലെബനനടക്കം എല്ലായിടത്തും ബാധകമാണെന്ന പോസ്റ്റ്, അത് അതിനെക്കാൾ വലിയ പുലിവാലായി.

പക്ഷേ, ഇസ്രയേലോ അമേരിക്കയോ അതറിഞ്ഞില്ലെന്നാണ് മനസ്സിലാക്കേണ്ടത്. അതോ, ട്രംപ് മനപ്പൂർവം പാകിസ്താനെ കരുവാക്കി ഇറാനെ കബളിപ്പിച്ചതോ? പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) അതിശക്തമായ ആക്രമണം അഴിച്ചുവിട്ടു. ബെയ്റൂത്ത്, ടയർ, തെക്കൻ ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഒരേസമയം നൂറുകണക്കിന് വ്യോമാക്രമണങ്ങൾ. ലെബനൻ അധികൃതരുടെ കണക്കനുസരിച്ച് ഇരുന്നൂറ്റ് അമ്പതിലധികം പേർ മരിച്ചു, ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ള നേതാവ് നയീം ഖാസിമിന്റെ സെക്രട്ടറിയും അനന്തരവനുമായ അലി യൂസഫ് ഹർഷിയും കമാൻഡർമാരും ഉൾപ്പെടെ പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടു. വെടിനിർത്തിയെന്ന ആശ്വാസത്തിൽ പുറത്തിറങ്ങുമ്പോൾ ഹിസ്ബുള്ള നേതാക്കളെയും പ്രവർത്തകരെയും വകവരുത്താനുള്ള രഹസ്യപദ്ധതിയെന്ന് തോന്നിച്ചു ഷെരീഫിന്റെ സന്ദേശത്തിലെ ലെബനൻ പരാമർശം!

ഹിസ്ബുള്ളയടക്കമുള്ള പ്രോക്സികളെ ആക്രമിക്കില്ലെന്ന വ്യവസ്ഥ പാലിച്ചില്ലെങ്കിൽ വെടിനിർത്തൽ കരാറിൽനിന്ന് പിൻവാങ്ങുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഇറാൻ മുന്നോട്ടുവെച്ച, അമേരിക്ക ഏറെക്കുറെ അംഗീകരിച്ചെന്ന പ്രതീതി ഉണ്ടായിരുന്ന പത്തിന ആവശ്യങ്ങളിലെ മൂന്നെണ്ണം ഇസ്രയേൽ ലംഘിച്ചതായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആരോപിച്ചു. ഷെരീഫിന്റെ ട്വീറ്റിനെ പങ്കുവെച്ചുകൊണ്ട് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി ഇങ്ങനെ കുറിച്ചു. 'വെടിനിർത്തലോ ഇസ്രയേൽ മുഖാന്തിരമുള്ള യുദ്ധമോ അമേരിക്ക തിരഞ്ഞെടുക്കണം. രണ്ടുംകൂടി പറ്റില്ല. ലെബനനിൽ നടക്കുന്ന കൂട്ടക്കൊലകൾ ലോകം കാണുന്നുണ്ട്. പന്ത് അമേരിക്കയുടെ കോർട്ടിലാണ്, അവർ വാക്കുപാലിക്കുമോ എന്ന് ലോകം നോക്കുകയാണ്.' ലെബനനിൽ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ സമാധാന ചർച്ചകൾ നിരർത്ഥകമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.

ഹംഗറിയിൽവെച്ച് മാധ്യമങ്ങളോടു സംസാരിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വെടിനിർത്തൽ ഉപാധികളിൽ ലെബനനിലെ ആക്രമണം നിർത്തുമെന്ന് പറഞ്ഞിട്ടേയില്ലെന്ന് വ്യക്തമാക്കി. ലെബനൻ കരാറിന്റെ ഭാഗമാവുമെന്ന് അമേരിക്ക ഒരിക്കൽപോലും വാഗ്ദാനം നൽകിയിട്ടില്ലെന്നും കരാർ ഇറാൻ, അമേരിക്കയുടെ സഖ്യകക്ഷികൾ, ഇസ്രയേൽ, ഗൾഫ് അറബ് രാജ്യങ്ങൾ എന്നിവരെ മാത്രമാണ് ഉൾപ്പെടുത്തുന്നതെന്നും വാൻസ് പറഞ്ഞു. ഈ വാദത്തെ പിന്താങ്ങിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലെബനനിലേത് 'വേറിട്ട സംഘർഷ'മാണെന്നും അതിന് ഇറാൻ യുദ്ധവുമായി ബന്ധമില്ലെന്നും പറഞ്ഞു. ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

സന്ദേശത്തിൽ പാകിസ്താൻ ലെബനനെ ഉൾപ്പെടുത്തിയത് നിഷ്‌കളങ്കമായ പിശകല്ല. മറിച്ച്, കരുതിക്കൂട്ടി ചെയ്ത കുതന്ത്രമായിരുന്നു എന്നും വാദമുണ്ട്. അമേരിക്കയെയും ഇസ്രയേലിനെയും തമ്മിൽ തെറ്റിക്കുക (വെടിനിർത്തിയ ശേഷം ആക്രമണം തുടരുന്നത് യു.എസ്സിന് ദഹിക്കണമെന്നില്ല), മുസ്ലീം ലോകത്തെ സമാധാനപാലകർ എന്ന പ്രതിച്ഛായയെ ശക്തിപ്പെടുത്തുക, ഇറാന്റെ സേവ പിടിക്കുക (കടുത്ത സാമ്പത്തിക പ്രശ്നങ്ങളും അതിർത്തി സംഘർഷങ്ങളാലും ആടിയുലയുന്ന പാകിസ്താന് ഇറാനെ പിണക്കാതിരിക്കുന്നതാണ് ബുദ്ധി. രാജ്യത്തെ 30 ശതമാനത്തോളം വരുന്ന ഷിയാ വിഭാഗത്തെ കൂടെ നിർത്താനും അത് നല്ലതാണ്) എന്നിങ്ങനെ പല ലക്ഷ്യങ്ങൾ അവർക്കുണ്ടാവണമെന്ന്‌ നിരീക്ഷകർ പറയുന്നു. പാകിസ്താനെപ്പോലെ വിശ്വസിക്കാൻ കൊള്ളാത്തയാളെ മധ്യസ്ഥനാക്കിയതിനെതിരെ വലിയ തോതിൽ വിമർശനവും പരിഹാസവുമുണ്ട്. അമേരിക്കൻ സൈനിക വിദഗ്ധൻ കേണൽ മക്ഗ്രിഗർ ചോദിച്ചതു പോലെ, 'ഷൂ ലേസ് കെട്ടാൻ നേരം പോക്കറ്റടിക്കാരനെ ആരെങ്കിലും പേഴ്സ് ഏൽപ്പിക്കുമോ?'

മധ്യസ്ഥൻ ദല്ലാളായി, സമാധാനക്കരാർ അപകടത്തിൽ?

ഏതാനും ദിവസങ്ങൾക്കു മുമ്പ് സമാധാന ചർച്ചയിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യയുടെ വിദേശമന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞത് ഇന്ത്യ 'ദല്ലാൾ പണി'ക്കില്ല എന്നായിരുന്നു. അതിന്റെ അർത്ഥം ഇപ്പോൾ ലോകത്തിന് വ്യക്തമായിരിക്കുന്നു. കടം തിരിച്ചടവു മുടങ്ങുന്ന സാഹചര്യത്തിൽ പാകിസ്താന് അമേരിക്കയുടെ കൃപാകടാക്ഷം വേണം. അതിനാൽ യു.എസ്. പറയുന്നത് ചെയ്തേ പറ്റൂ, ദല്ലാൾ പണിയായാലും ഡെലിവറി ബോയ് ജോലിയായാലും. ആ ജോലി ഭംഗിയായി ചെയ്യുന്നതിനു പകരം 'ഞാനാണ് ഇതെല്ലാം ചെയ്തത്' എന്നു മേനി നടിക്കാനുള്ള ശ്രമമാണ് പാകിസ്താനെ വെട്ടിലാക്കിയത്. കള്ളി വെളിച്ചത്തായത് പാകിസ്താൻ നേതൃത്വത്തെ വ്രണപ്പെടുത്തിയതിന്റെ തെളിവാണ് പാക് പ്രതിരോധമന്ത്രി ആസിഫ് ഖ്വാജ ഇസ്രയേലിനെതിരെ നടത്തിയ അധിക്ഷേപം.

'ഇസ്രയേൽ ദുഷ്ടതയാണ്, മാനവികതയുടെ ശാപമാണ്. ഇസ്ലാമാബാദിൽ സമാധാനചർച്ചകൾ നടക്കുമ്പോഴും ലെബനനിൽ വംശഹത്യ നടന്നുകൊണ്ടിരിക്കുന്നു. നിരപരാധികളായ സാധാരണക്കാരെ അവർ കൊന്നൊടുക്കുന്നു. ആദ്യം ഗാസയിൽ, പിന്നെ ഇറാനിൽ, ഇപ്പോൾ ലെബനനിലും. രക്തച്ചൊരിച്ചിൽ നിർബാധം തുടരുകയാണ്... യൂറോപ്യൻ ജൂതരെ ഒഴിവാക്കാനായി പലസ്തീൻ ഭൂമിയിൽ അർബുദം പോലുള്ള ഈ രാഷ്ട്രത്തെ സൃഷ്ടിച്ചവർ നരകത്തീയിൽ വെന്തുരുകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.'

ഇസ്രയേൽ കൂടി പങ്കെടുക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ചർച്ചകളിലെ മധ്യസ്ഥന്റെ വാക്കുകളാണിത്! ട്വീറ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും അത് പാകിസ്താന് അപരിഹാര്യമായ ക്ഷതമുണ്ടാക്കി. ഒട്ടും മര്യാദയില്ലാത്തതാണ് ആസിഫിന്റെ വാക്കുകളെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ജൂതവിരുദ്ധമായ ഇത്തരം വിഷലിപ്തമായ വാക്കുകളെ ഇസ്രയേൽ വളരെ ഗൗരവത്തോടെ നോക്കിക്കാണുന്നതായി വിദേശമന്ത്രി ഗിഡിയോൺ സാർ പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ക്വാജയുടെ വാക്കുകളിൽനിന്ന് അകലം പാലിച്ചിട്ടുണ്ട്.

അതേസമയം, ലെബനൻ സർക്കാരുമായി നേരിട്ട് സംഭാഷണത്തിന് തയ്യാറാണെന്ന് ഇസ്രയേൽ സൂചിപ്പിച്ചു. ഇത് ജെറുസലേമിന്റെ പ്രായോഗിക സമീപനത്തെ കാണിക്കുന്നു. ഹിസ്ബുള്ളയുടെ സൈനികശേഷിയുടെ നടുവൊടിച്ചാൽ, രാഷ്ട്രീയ വിട്ടുവീഴ്ചകൾ പിന്നീട് സാധ്യമാവും. ആക്രമണങ്ങളുടെ രൂക്ഷത കുറയ്ക്കാൻ ട്രംപ് ആഹ്വാനം ചെയ്തെങ്കിലും ഇസ്രയേൽ മുൻഗണന നൽകിയത് ആത്മരക്ഷയ്ക്കാണ്. തങ്ങൾ അമേരിക്കയുടെ ജൂനിയർ പാർട്ട്ണർ ആണെന്ന് തുറന്നു സമ്മതിക്കുന്ന ഇസ്രയേൽ നിലനിൽപ്പിന്റെ പ്രശ്നം വരുമ്പോൾ അമേരിക്കൻ തിട്ടൂരം വകവെയ്ക്കില്ലെന്നർത്ഥം. നേരത്തേ സൂചിപ്പിച്ചിരുന്നതു പോലെ, അമേരിക്ക പിൻവാങ്ങിയാലും ഇസ്രയേൽ ആയുധം താഴെ വെക്കില്ല. അതിന്റെ പ്രധാന കാരണം ഇറാൻ അവരുടെ നിലനിൽപ്പിനുയർത്തുന്ന ഭീഷണിയാണ്.

കഴിഞ്ഞ രണ്ടു വർഷം കൊണ്ട് തങ്ങൾക്കു ചുറ്റുമുള്ള ഇറാൻ പ്രോക്സികളെയൊക്കെ തളർത്തുന്നതിൽ ഒരു പരിധി വരെ ഇസ്രയേൽ വിജയിച്ചു കഴിഞ്ഞു. ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂത്തികളും തളർന്നു. സിറിയയിലെ ഇറാൻ അനുകൂല ബാഷർ അൽ അസദ് ഭരണകൂടം നിലംപൊത്തി. ഹിസ്ബുള്ളയെ നിലംപരിശാക്കിയാൽ ഇറാനുമായി നേർക്കുനേർ. ഹിസ്ബുള്ളയുടെ തീരുമാനങ്ങൾ ഉണ്ടാവുന്നത് ടെഹറാനിലാണ്, ബെയ്റൂട്ടിലല്ല. ഒരുകാലത്ത് ഒന്നരലക്ഷം റോക്കറ്റുകളുള്ള അതിശക്തമായ 'രാജ്യത്തിനകത്തെ രാജ്യ'മായിരുന്ന ഹിസ്ബുള്ളയുടെ നേതൃത്വം ഇല്ലായ്മ ചെയ്യപ്പെട്ടു, അതിന്റെ വിതരണശൃംഖലകൾ മുറിക്കപ്പെട്ടു, ശക്തികേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ഇസ്രയേൽ സ്വന്തം അതിജീവനത്തിനുള്ള ഭീഷണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോട് അടുക്കുന്നു എന്നു പറയാം.

'മധ്യപൂർവേഷ്യയിലെ സ്വിറ്റ്സർലാൻഡും' ഹിസ്ബുള്ളയുടെ നിഴലും

ഈ പ്രതിസന്ധികൾക്കിടയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതെ പോവുന്നത് ലെബനന്റെ ദുരന്തമാണ്. ഒരുകാലത്ത് 'മധ്യപൂർവേഷ്യയിലെ സ്വിറ്റ്സർലാൻഡ്' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, വിനോദസഞ്ചാരത്തിനും ബീച്ചുകൾക്കും സജീവമായ രാത്രിജീവിതത്തിനും ബാങ്കിംഗിനും പേരുകേട്ടിരുന്ന ഈ രാജ്യം ഇന്ന് ഹിസ്ബുള്ളയുടെ ബന്ധനത്തിലാണ്. 1932-ലെ സെൻസസ് പ്രകാരം 53 ശതമാനം ക്രൈസ്തവരും 47 ശതമാനം മുസ്ലീങ്ങളുമായിരുന്ന രാജ്യം പലസ്തീൻ അഭയാർത്ഥിപ്രവാഹവും ഉയർന്ന മുസ്ലീം ജനനനിരക്കും ക്രൈസ്തവ കുടിയേറ്റവും കാരണം അറുപതുകളോടെ മുസ്ലീം ഭൂരിപക്ഷമായി.

ഇരുവിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന അസ്വസ്ഥതകൾ 1975 ആയപ്പോൾ ആഭ്യന്തരയുദ്ധത്തിൽ കലാശിച്ചു. ഒരു ഭാഗത്ത് ഫലാഞ്ജിറ്റുകൾ നയിച്ച ക്രൈസ്തവ മിലിഷ്യകളും മറുവശത്ത് പലസ്തീൻ പോരാളികളും മുസ്ലീം സായുധസംഘങ്ങളും ഇടതുപക്ഷക്കാരും. ഒന്നരലക്ഷം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് ആൾക്കാർക്ക് കിടപ്പാടം നഷ്ടമാവുന്നതിനും വഴിവെച്ച യുദ്ധം രാജ്യത്തെ സാമ്പത്തികമായി തകർത്തു. 1976-ൽ സിറിയ ഇടപെട്ടു. 1978, 1982 വർഷങ്ങളിൽ ഇസ്രയേലി അധിനിവേശമുണ്ടായി. ഇറാന്റെ പിന്തേണയോടെ 1982-ലാണ് ഹിസ്ബുള്ള സ്ഥാപിക്കപ്പെട്ടത്. 1989-ലെ തയിഫ് കരാർ പ്രകാരം യുദ്ധമവസാനിച്ചെങ്കിലും മിലിഷ്യകളെ നിരായുധീകരിക്കുന്നതിൽ പരാജയപ്പെട്ടു.

തയിഫ് കാരാറിനു ശേഷം 2005 വരെ ലബനനിന്റെ മിക്കവാറും ഭാഗങ്ങൾ ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരുന്നു. 2005-ൽ ലെബനൻ പ്രധാനമന്ത്രി റഫീക് ഹരീരി വധിക്കപ്പെട്ടത് വലിയ പൊതുജനരോഷത്തിന് ഇടയാക്കിയതിനെ തുടർന്ന് സിറിയൻ പട പിൻമാറി. പിന്നീടാണ് തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് ശക്തമായ ഷിയാ സൈന്യമായി ഹിസ്ബുള്ള മാറുന്നത്. 2008-ഓടെ സർക്കാരിൽ വീറ്റോ പവറുള്ള ശക്തിയായി അവർ മാറി. പിന്നീട് ഹിസ്ബുള്ള പരസ്യമായി ഹമാസിനെ പിന്തുണയ്ക്കാനും തുടങ്ങി. 2023 ഒക്ടോബർ ഏഴാം തീയതി ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഹമാസിന് പിന്തുണയ്ക്കാൻ അവർ തയ്യാറായതിൽ പിന്നെ രാജ്യം സമാധാനം അറിഞ്ഞിട്ടില്ല.

ലെബനനിനുണ്ടായ മാറ്റം ലോകത്തിന് ഒരു മുന്നറിയിപ്പാണ്: ജനസംഖ്യാപരമായ മാറ്റങ്ങൾ, നിയന്ത്രണമില്ലാത്ത അഭയാർത്ഥി പ്രവാഹം, വിദേശ ശക്തികളുടെ കൈകടത്തൽ (ഇറാൻ, സിറിയ, ഇസ്രയേൽ, പിഎൽഒ), കടുംപിടിത്തം കാട്ടുന്ന മതവിഭാഗീയത എന്നിവയെല്ലാം ചേർന്നാൽ ഏറെ സാധ്യതകളുള്ള ഒരു രാജ്യത്തെ സായുധസംഘങ്ങളുടെയും അന്ത്യമില്ലാത്ത സംഘർഷങ്ങളുടെയും തടവിലാക്കാം. ജനസംഖ്യാപരമായ മാറ്റങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, അധികാരം എന്നിവ അനിയന്ത്രിതമായി കൂടിക്കലരുമ്പോൾ ബഹുസ്വരത എത്രവേഗം ഒരു രാജ്യത്തെ നാശത്തിലേക്ക് എടുത്തെറിയാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഒരിക്കൽ ഉദാത്തമായ ലെവന്റൈൻ സംസ്‌കാരത്തിന്റെ പ്രതീകമായിരുന്ന ഈ രാജ്യം. ഇസ്രയേലുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുമ്പോൾ എന്തെങ്കിലും മാറ്റമുണ്ടാവുമോ എന്ന് ലോകം ഉറ്റുനോക്കുന്നു.