
യുക്രൈനിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനുകളിലൂടെ റഷ്യ, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നടത്തിയിരുന്ന വാതക കയറ്റുമതിക്ക് 2025 ജനുവരി ഒന്നാം തീയതിയോടെ അവസാനമായിരിക്കുകയാണ്. യുക്രൈന്‍-റഷ്യ ഗ്യാസ് ട്രാന്‍സിറ്റ് കരാറിന്റെ കാലാവധി പൂര്‍ത്തിയാവുകയും ദേശീയ സുരക്ഷ മുന്‍നിര്‍ത്തി, കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് യുക്രൈന്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തതോടെയാണ് ഇത്. ഇതോടെ കാലങ്ങളായി യൂറോപ്യന്‍ ഊര്‍ജവിപണിയില്‍ റഷ്യയ്ക്കുണ്ടായിരുന്ന മേല്‍ക്കോയ്മയ്ക്കും അവസാനമാവുകയാണ്. പതിറ്റാണ്ടുകളായി ഈ പൈപ്പ്‌ലൈനുകളിലൂടെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള റഷ്യയുടെ ഗ്യാസ് കയറ്റുമതി നടന്നിരുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ യുക്രൈന്റെ നീക്കത്തെ അപ്രതീക്ഷിതമെന്ന് പറയാനാകില്ല. 2014-ല്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ സംഘര്‍ഷം 2022 ഫെബ്രുവരി ഇരുപത്തിനാലാം തീയതിയോടെയാണ് യുദ്ധത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും കടക്കുന്നത്. ആ സമയത്തും യുക്രൈനിലൂടെയുള്ള പൈപ്പ് ലൈനിലൂടെ റഷ്യന്‍ ഗ്യാസ്, തങ്ങളുടെ യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്കായി കടന്നുപോയിരുന്നു. ഒടുവില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന വേളയിലാണ് ഇനി പുതുക്കേണ്ടതില്ലെന്ന നിലപാട് കീവ് കൈക്കൊള്ളുന്നത് എന്നതും ശ്രദ്ധേയമാണ്.
വിപണി നഷ്ടപ്പെട്ട റഷ്യ, ലാഭം യു.എസിന്
റഷ്യ, സോവിയറ്റ് യൂണിയനായിരുന്ന കാലത്താണ് യൂറോപ്പിലേക്കുള്ള ഗ്യാസ് കയറ്റുമതിക്കായി യു.എസ്.എസ്.ആറിന്റെ തന്നെ ഭാഗമായ, ഇന്നത്തെ യുക്രൈനിലൂടെ പൈപ്പ് ലൈന്‍ നിര്‍മിക്കുന്നത്. നാല്‍പ്പതു കൊല്ലത്തിലധികമായി ഈ പൈപ്പ്‌ലൈനിലൂടെ വാതക കയറ്റുമതി നടന്നിരുന്നു. കാലാകാലങ്ങളില്‍ കരാര്‍ പുതുക്കുകയും യുക്രൈന് ട്രാന്‍സിറ്റ് ഇനത്തില്‍ പണം നല്‍കുകയുമായിരുന്നു രീതി. ഈ ജനുവരി ഒന്നാം തീയതി അവസാനിച്ച അഞ്ചുവര്‍ഷ ഗ്യാസ് ട്രാന്‍സിറ്റ് കരാര്‍, റഷ്യയുടെ ഗ്യാസ്‌പ്രോം 2019-ലാണ് യുക്രൈന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി- നാഫ്‌റ്റോ ഗ്യാസുമായി ഒപ്പുവെക്കുന്നത്. ഇനി കരാര്‍ പുതുക്കേണ്ടതില്ലെന്ന യുക്രൈന്‍ തീരുമാനത്തോടെ യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക കയറ്റുമതി പത്തു ശതമാനത്തില്‍ താഴെയാകും. റഷ്യക്കും യുക്രൈനും സാമ്പത്തികലാഭം നല്‍കുന്നതാണ് പൈപ്പ്‌ലൈന്‍ വഴിയുള്ള വാതക കയറ്റുമതി. എന്നിരുന്നാലും, തങ്ങളുടെ ഭൂപ്രദേശം ഉപയോഗപ്പെടുത്തി റഷ്യ വാതക കയറ്റുമതി നടത്തുകയും ആ പണംകൊണ്ട് തങ്ങള്‍ക്കെതിരേ തന്നെ യുദ്ധം നടത്തുകയും ചെയ്യേണ്ടെന്ന നിലപാടാണ് യുക്രൈന്റെ കരാര്‍ അവസാനിപ്പിക്കലിലൂടെ വ്യക്തമാകുന്നത്.

ഏതൊക്കെ രാജ്യങ്ങളെ ബാധിക്കും
കരാര്‍ അവസാനിച്ചതിലൂടെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഊര്‍ജപ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ലൊവാക്യ, മോള്‍ഡോവ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഈ പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. ഓസ്ട്രിയക്ക് ആവശ്യമായതിന്റെ ഭൂരിഭാഗവും റഷ്യയില്‍നിന്നാണ് ലഭിക്കുന്നത്. ഊര്‍ജവിതരണത്തില്‍ തടസ്സംനേരിടുന്നത് ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഓസ്ട്രിയ ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം, സ്ലൊവാക്യ അവര്‍ക്ക് ആവശ്യമായതിന്റെ മൂന്നില്‍ രണ്ടുഭാഗത്തിനും ഈ പൈപ്പ് ലൈനിനെയാണ് ആശ്രയിക്കുന്നത്. കരാര്‍ അവസാനിച്ചതിലൂടെ, മറ്റ് മാര്‍ഗങ്ങളിലൂടെ ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കേണ്ടിവരുമെന്ന് സ്ലൊവാക്യയും പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ല, ഈ സാഹചര്യം യൂറോപ്പില്‍ ഗ്യാസിന്റെ വിലവര്‍ധനയ്ക്ക് വഴിവെച്ചേക്കുമെന്ന് സ്ലൊവാക്യന്‍ പ്രസിഡന്റ് റോബര്‍ട്ട് ഫിക്കോ കൂട്ടിച്ചേര്‍ക്കുന്നു. മറ്റ് മാര്‍ഗങ്ങളില്‍നിന്ന് ഗ്യാസ് വാങ്ങാന്‍ സ്ലൊവാക്യയ്ക്ക് 184 മില്യന്‍ ഡോളറോളം ചെലവഴിക്കേണ്ടിവരുമെന്ന് സ്ലൊവാക്യയുടെ ധനമന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജസീറ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരുപക്ഷേ ഈ പൈപ്പ് ലൈന്‍ വഴിയുള്ള ഗ്യാസ് വിതരണം നിര്‍ത്തലാക്കിയത് ഏറ്റവും കൂടുതല്‍ ബാധിക്കുക മോള്‍ഡോവയെ ആകാനിടയുണ്ട്. മോള്‍ഡോവയില്‍നിന്ന് വിട്ടുപോയതും റഷ്യന്‍ അനുകൂല പ്രദേശവുമായ ട്രാന്‍സ്‌നിസ്ട്രിയയ്ക്ക് 2022 മുതല്‍ പ്രതിവര്‍ഷം 2 ബി.സി.എം. ഗ്യാസാണ് റഷ്യ നല്‍കുന്നത്. യുക്രൈനോട് അതിര്‍ത്തി പങ്കിടുന്ന ട്രാന്‍സ്‌നിസ്ട്രിയ, റഷ്യയില്‍നിന്ന് ലഭിക്കുന്ന ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും മോള്‍ഡോവയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലകള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. നാലരലക്ഷത്തോളം പേരാണ് ഇവിടുത്തെ താമസക്കാര്‍. റഷ്യന്‍ ഗ്യാസ് വിതരണം നിന്നതോടെ ട്രാന്‍സ്‌നിസ്ട്രിയയില്‍ വീടുകളിലേക്കുള്ള താപവിതരണ സൗകര്യവും ചൂടുവെള്ള വിതരണവും മറ്റും നിലച്ചു. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കാനും കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ച് ഒരുമുറിയില്‍ ഒത്തുചേരാനും ജനലുകളിലും ബാല്‍ക്കണിയിലും മറ്റും കട്ടിയുള്ള കര്‍ട്ടനുകളും കമ്പിളികളും ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ന്നില്ല, ഭക്ഷ്യോത്പന്ന കമ്പനികള്‍ ഒഴികെയുള്ള ഇന്‍ഡസ്ട്രിയല്‍ കമ്പനികളുടെ പ്രവര്‍ത്തനവും ഊര്‍ജക്ഷാമത്തെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്.
റഷ്യേതര ഊര്‍ജവിതരണക്കാരില്‍നിന്ന് ദ്രവീകരിച്ച പ്രകൃതിവാതകം വാങ്ങുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ നേരത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്. റഷ്യയുടെ ബദ്ധവൈരിയായ യു.എസ്., നോര്‍വേ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍നിന്നാകും യൂറോപ്യന്‍ രാജ്യങ്ങള്‍ വാതകം ഇറക്കുമതി ചെയ്യുക. കരാര്‍ പുതുക്കപ്പെട്ടിരുന്നുവെങ്കില്‍ ആയിരം ക്യൂബിക് മീറ്റര്‍ ഗ്യാസിന് 339 ഡോളര്‍ (ഏകദേശം 29,062 രൂപ) എന്ന കണക്കില്‍ ഇക്കൊല്ലം ഏകദേശം അഞ്ച് ബില്യന്‍ ഡോളര്‍ (ഏകദേശം 4,28,61 കോടി രൂപ) ആണ് റഷ്യക്ക് ലഭിക്കുമായിരുന്നത്. ട്രാന്‍സിറ്റ് ഇനത്തില്‍ യുക്രൈന് ലഭിക്കുമായിരുന്നത് 800 മില്യന്‍ ഡോളറിനും (ഏകദേശം 6,857 കോടി രൂപ) ഒരു ബില്യന്‍ ഡോളറിനും (ഏകദേശം 8,572 കോടി രൂപ) ഇടയിലുള്ള തുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബീരിയയില്‍നിന്ന് ആരംഭിക്കുന്ന ട്രാന്‍സ് സൈബീരിയന്‍ പൈപ്പ് ലൈന്‍ യുക്രൈനിലൂടെ സ്ലോവാക്യയിലെത്തുന്നു. ശേഷം ഇത് രണ്ടായി പിരിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിലേക്കും ഓസ്ട്രിയയിലേക്കും നീളുകയാണ് ചെയ്യുന്നത്.

നാല് പൈപ്പ് ലൈനുകള്‍ വഴിയാണ് റഷ്യ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതകം കയറ്റുമതി ചെയ്തിരുന്നത്. 1- ബാള്‍ട്ടിക് കടലിന് അടിയിലൂടെ, 2- ബെലാറസ്-പോളണ്ട് എന്നീരാജ്യങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈന്‍വഴി, 3- കരിങ്കടലിന് അടിയിലൂടെ, 4- യുക്രൈനിലൂടെ എന്നിവയായിരുന്നു അത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബാള്‍ട്ടിക് കടലിനടിയിലൂടെയുള്ളതും ബെലാറസ്-പോളണ്ട് രാജ്യങ്ങളിലൂടെയുള്ളതുമായ പൈപ്പ് ലൈനുകളിലൂടെയുള്ള പ്രകൃതിവാതക വിതരണം മോസ്‌കോ വെട്ടിക്കുറച്ചു. പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിനുള്ള പണം, റഷ്യന്‍ കറന്‍സിയായ റൂബിളില്‍ നല്‍കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെ ആയിരുന്നു ഇത്. ഇതോടെ യൂറോപ്പില്‍ പ്രകൃതിവാതക പ്രതിസന്ധി രൂപപ്പെട്ടു. അതിനിടെ ജര്‍മനിയിലേക്ക് ഗ്യാസ് എത്തിക്കുന്ന ബാള്‍ട്ടിക് പൈപ്പ് ലൈനില്‍ വന്‍ അഗ്നിബാധയുമുണ്ടായി. ഇതോടെ പൈപ്പ് ലൈന് പകരം കപ്പല്‍മാര്‍ഗത്തിലൂടെയെത്തുന്ന ദ്രവീകൃതരൂപത്തിലുള്ള പ്രകൃതിവാതകം ശേഖരിക്കുന്നതിനും മറ്റുമായി ജര്‍മനിക്ക് കോടിക്കണക്കിന് യൂറോയാണ് ചെലവഴിക്കേണ്ടി വന്നത്.
അതേസമയം, ബാള്‍ട്ടിക്ക് ആ അഗ്നിബാധയ്ക്ക് കാരണമെന്ന് ഇനിയും വ്യക്തമായിട്ടുമില്ല. യുക്രൈന്‍വഴിയുള്ള ഗ്യാസ് വിതരണം അവസാനിപ്പിച്ചതോടെ ഇനി അവശേഷിക്കുന്നത് കരിങ്കടലിലൂടെയുള്ളത് മാത്രമാണ്. ഹംഗറി, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഈ പൈപ്പ് ലൈനില്‍നിന്ന് ഗ്യാസ് ലഭിക്കുന്നത്. ഊര്‍ജത്തെ, മറ്റ് രാജ്യങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ഉപാധിയായി റഷ്യ ഉപയോഗിക്കുന്നു എന്ന വിലയിരുത്തലിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങള്‍ മോസ്‌കോയെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. 2027-ഓടെ ഊര്‍ജത്തിന് വേണ്ടി റഷ്യയെ ആശ്രയിക്കുന്നത് പൂര്‍ണമായി അവസാനിപ്പിക്കാനാണ് യൂറോപ്പ് തീരുമാനിച്ചിരിക്കുന്നത്.
യുദ്ധം തിരിച്ചടി
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്പിലേക്കുള്ള റഷ്യയുടെ വാതക കയറ്റുമതിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. 2022-ലെ യുക്രൈന്‍ അധിനിവേശത്തിന് മുന്‍പ് യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം കയറ്റുമതി ചെയ്തിരുന്നത് റഷ്യയായിരുന്നു. എന്നാല്‍ യുദ്ധത്തിന് പിന്നാലെ കഥ മാറി. കൂടുതലായും റഷ്യയുടെ പ്രകൃതിവാതകത്തെ ആശ്രയിക്കുന്നതില്‍നിന്ന് യൂറോപ്പ് ചുവടുമാറ്റി. അതോടെ യൂറോപ്പിലേക്കുള്ള റഷ്യന്‍ പ്രകൃതിവാതക കയറ്റുമതി 2021-ലെ നാല്‍പ്പത് ശതമാനത്തില്‍നിന്ന് 2023-ല്‍ എട്ടുശതമാനമായി കൂപ്പുകുത്തി. യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യാന്‍ യു.എസിനെയും നോര്‍വേയെയും ആശ്രയിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
റഷ്യക്കേറ്റ വന്‍പരാജയമെന്ന് സെലെന്‍സ്‌കി
മോസ്‌കോയുടെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് എന്നായിരുന്നു കരാര്‍ പുതുക്കാനില്ലെന്ന യുക്രൈന്‍ നീക്കത്തെ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി, ടെലഗ്രാം കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. റഷ്യ, ഊര്‍ജത്തെ ആയുധമാക്കുകയും മറ്റു രാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ഉപാധിയാക്കി മാറ്റുകയും ചെയ്യുന്നുവെന്ന വിമര്‍ശനവും സെലന്‍സ്‌കി ഉയര്‍ത്തിയിരുന്നു. റഷ്യന്‍ പ്രകൃതിവാതകം യൂറോപ്പിലെത്താത്ത പശ്ചാത്തലത്തില്‍ അവിടേക്കുള്ള പ്രകൃതിവാതക വിതരണ യു.എസ്. വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു.
Content Highlights: no more russian gas transport via ukraine transit agreement expired
Published: 03 Jan 2025, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented