കൊല്ലം: കൊട്ടിയത്ത് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍നിന്ന് സിലിണ്ടറുകള്‍ പിടിച്ചെടുത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍. നൂറിലധികം സിലിണ്ടറുകളാണ് ഇവിടെനിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മൂന്ന് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കാലിത്തൊഴുത്തിന് സമാനമായ ഷെഡ്ഡില്‍ ഒട്ടും സുരക്ഷയില്ലാത്ത രീതിയിലാണ് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറില്‍നിന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റുന്നതായിരുന്നു ഇവിടെ ചെയ്തിരുന്നത്..
പട്ടത്താനം സ്വദേശിയായ അനില്‍ സ്വരൂപിന്റെ പേരിലാണ് ലൈസന്‍സുള്ളത്. കുടിവെള്ളം നിറയ്ക്കാനുള്ള കേന്ദ്രത്തിന്റെ പേരിലാണ് ലൈസന്‍സ് എടുത്തിരിക്കുന്നത്. സിവില്‍ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
ഇവിടെ എത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് കണ്ടതെന്നും സിലിണ്ടറുകള്‍ക്കിടയില്‍ കൈക്കുഞ്ഞുങ്ങള്‍ കളിക്കുന്നുണ്ടായിരുന്നെന്നും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ഇത്രയും അപകടം പിടിച്ച കാര്യമാണെന്ന് അവര്‍ക്ക് ധാരണ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
'സിസിടിവിയൊക്കെ വെച്ചിട്ടുള്ള പ്രവര്‍ത്തനം ആണ്. രാവിലെ വന്ന് കളക്ട് ചെയ്ത് കൊണ്ടുപോയി നിറയ്ക്കുന്നതായിട്ടാണ് ഇന്‍ഫര്‍മേഷന്‍ കിട്ടിയത്. ഇവിടെ ഒരു പയ്യനുണ്ട്. അദ്ദേഹം പറയുന്നത് ഗള്‍ഫില്‍ നിന്ന് വന്നതാണെന്നാണ്. അദ്ദേഹത്തിന്റെ അച്ഛനാണ് ഇത് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. അച്ഛന് മരണപ്പെട്ടപ്പോള്‍ നാട്ടില്‍ എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഞങ്ങള്‍ ഇവിടെ വന്ന് നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഗ്യാസ് സിലിണ്ടറുകള്‍ക്കിടയില്‍ രണ്ട് കൈക്കുഞ്ഞുങ്ങള്‍ കളിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഗ്യാസ് നിറയ്ക്കുന്നത്. ഇത്രയും അപകടമുള്ള കാര്യമാണെന്ന് അവര്‍ക്കുപോലും തിരിച്ചറിവില്ല എന്നത് വളരേയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.'- സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Content Highlights: illegal gas filling station in kollam
Published: 11 Mar 2025, 08:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented