
മെയ് അവസാനത്തോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനെ നേരിടും. സിപിഎമ്മിന് അന്‍വര്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് തിരികെവരാനുള്ള അവസരമാണ് ഇതെങ്കില്‍ യുഡിഎഫിന് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്. മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്ത് മുന്നണിവിട്ട അന്‍വറിനാകട്ടെ ശക്തി തെളിയിക്കാനുള്ള ഏക അവസരവും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടത്തില്‍ നിലമ്പൂരില്‍ ആര് വീഴും ആര് വാഴും, പി.വി അന്‍വറിന്റെ രാഷ്ട്രീയഭാവി എന്താവും? കന്നി മത്സരത്തിന് കച്ചകെട്ടാന്‍ വിഎസ്. ജോയ്, പൈതൃകം കാക്കാന്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത്.
ഒടുവില്‍ പ്രതിസന്ധി കോണ്‍ഗ്രസിനോ?
നിലമ്പൂര്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുകയാണ് മുന്നണികള്‍. 2016-ലാണ് നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫിന് നഷ്ടമായത്. ആര്യാടന്‍ മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും പിതാവിന് നല്‍കിയ പിന്തുണ വോട്ടര്‍മാര്‍ മകന് നല്‍കിയില്ല.
ഒരിക്കല്‍ കൈവിട്ട മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടാനുള്ള ആഗ്രഹം ആര്യാടന്‍ ഷൗക്കത്ത് പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്. കുടുംബ പാരമ്പര്യവും സീനിയോററ്റിയും മുന്‍കാല പ്രവര്‍ത്തനങ്ങളും അനുകൂല ഘടങ്ങളായി ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടുന്നുമുണ്ട്. പി.വി അന്‍വര്‍ രാജിവെക്കുമെന്ന സൂചനകള്‍ ഉയര്‍ന്നതുമുതല്‍ മണ്ഡലത്തില്‍ സജീവവുമാണ് ആര്യാടന്‍ ഷൗക്കത്ത്.
ഡിസിസി അധ്യക്ഷന്‍ വി.എസ് ജോയിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ തുടങ്ങിയതാണ്. ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി അധ്യക്ഷനായ വി.എസ്. ജോയിക്ക് ചെറുപ്പത്തിന്റെ കരുത്തില്‍ മണ്ഡലം പിടിക്കാനാവുമെന്നാണ് പ്രതീക്ഷ. ക്രൈസ്ത സമുദായത്തിന്റെയും മുസ്ലീം ലീഗിന്റേയും പിന്തുണയും ജോയ് പ്രതീക്ഷിക്കുന്നുണ്ട്. ലീഗ് നേതാക്കളുമായുള്ള അടുപ്പവും മലപ്പുറത്ത് യുഡിഎഫ് മുന്നണിയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനവും ജോയിക്ക് അനുകൂലമാകും.
ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ന്യൂനപക്ഷ വോട്ടുകളും എളുപ്പം നേടാനാവുമെന്നാണ് വിലയിരുത്തല്‍. 22 ശതമാനം വരെയാണ് നിലമ്പൂര്‍ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍. സമീപകാലത്ത് ആര്യാടന്‍ ഷൗക്കത്ത് എടുത്ത നിലപാടുകള്‍ക്കെതിരായി പ്രദേശികമായി ഉയര്‍ന്ന വിയോജിപ്പുകളും അനുകൂലമാവുക വി.എസ്. ജോയിക്ക് തന്നെയായിരിക്കും.
ആര്യാടന്‍ ഷൗക്കത്തിനൊപ്പം വി.എസ്. ജോയിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം അറിയിച്ചതോടെ രണ്ടിലൊരാളെ തിരഞ്ഞെടുക്കല്‍ കോണ്‍ഗ്രസിന് അത്ര എളുപ്പമാവില്ല. ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാണെന്നിരിക്കെ രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മണ്ഡലം കൈവിട്ടുപോകാതിരിക്കാന്‍ യുഡിഎഫിന് നന്നെ പാടുപെടേണ്ടി വരും. തിരഞ്ഞെടുപ്പിലെ ജയസാധ്യതകളും വോട്ടര്‍മാരുടെ സ്ഥാനാര്‍ത്ഥി താത്പര്യങ്ങളും ഉള്‍പ്പടെ പരിശോധിക്കാന്‍ രണ്ട് സര്‍വേകള്‍ കോണ്‍ഗ്രസ് നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഹൈക്കമാന്‍ഡിന് കൈമാറിയെന്നുമാണ് ശ്രുതി.
ഒറ്റപ്പേരിലേക്ക് എത്തുക പ്രതിസന്ധിയായതിനാല്‍ വി.എസ്. ജോയിയുടേയും ആര്യാടന്‍ ഷൗക്കത്തിന്റേയും പേരുകള്‍ അടങ്ങിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറാനാണ് സാധ്യത. കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാകും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് കോണ്‍ഗ്രസ്. ബൂത്ത് കമ്മറ്റിയും മണ്ഡലം കമ്മറ്റി ഉള്‍പ്പെടെ പുനഃസംഘടിപ്പിക്കുകയും പ്രാഥമിക പ്രവര്‍ത്തനം നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിട്ടുണ്ട് മണ്ഡലത്തില്‍. പരമാവധി വോട്ടര്‍മാരെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. മുന്‍ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി. അനില്‍ കുമാര്‍ ഔദ്യോഗിക ചുമതല ഏറ്റെടുത്തതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല പ്രധാന നേതാക്കള്‍ക്ക് നല്‍കാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കുന്ന രീതിയിലാവും ക്രമീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമവായത്തില്‍ എത്തിയാല്‍ മുമ്പ് യുഡിഎഫ് കോട്ടയായിരുന്ന നിലമ്പൂര്‍ വീണ്ടും യുഡിഎഫിന് ഒപ്പം നില്‍ക്കാനുള്ള സാധ്യതയും ചെറുതല്ല.
അന്‍വറിനെ പിണക്കിയത് ദോഷമാകുമോ?
തുടര്‍ ഭരണമെന്ന മോഹത്തിന് ഭരണവിരുദ്ധ വികാരം തടയിടുമോ എന്നതാണ് ഇടതുപക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് ജയിച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ രണ്ടു തവണ അട്ടിമറി വിജയം നേടിയാണ് അന്‍വര്‍ ഇടതുകേന്ദ്രങ്ങളില്‍ താരമായത്.
പി.വി അന്‍വറിലൂടെ പിടിച്ചെടുത്ത ആര്യാടന്റെ ഉരുക്കുകോട്ട പി.വി അന്‍വറിലൂടെ തന്നെ നഷ്ടമാകുമോ എന്നതാണ് സിപിഎമ്മിനുള്ള പ്രധാന ആശങ്ക.
അന്‍വര്‍ മണ്ഡലമൊഴിഞ്ഞതു മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വരാജ്, ജില്ലാ കമ്മറ്റി അംഗം പി. ഷബീര്‍, മേഖല കമ്മിറ്റി അംഗം വി.എം. ഷൗക്കത്ത് എന്നിവരുടെ പേരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വിലയിരുത്തിയ ശേഷമാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം എടുക്കുക.
മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ ആരും ജയിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍. ജില്ലാ രൂപീകരണത്തിനു ശേഷം ആദ്യമായി നടന്നത് കുഞ്ഞാലിയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പായിരുന്നെങ്കിലും അന്ന് വിജയിച്ചത് കോണ്‍ഗ്രസിന്റെ എം.പി. ഗംഗാധരന്‍ ആയിരുന്നു. പാര്‍ട്ടിക്കു പുറത്തെ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളാണു നിലമ്പൂരില്‍ ഇടതുപക്ഷത്തിനായി വിജയം നേടിയത്. 1982-ല്‍ ടി.കെ.ഹംസയും 2016, 21 വര്‍ഷങ്ങളില്‍ പി.വി. അന്‍വറും ജയിച്ചതും ഈ ഫോര്‍മുലയിലാണ്.
അന്‍വര്‍ ഇടഞ്ഞതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയുള്ള പരീക്ഷണം വേണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നു തന്നെ അഭിപ്രായങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസുമായി തെറ്റി ആര്യാടന്‍ ഷൗക്കത്ത് പാര്‍ട്ടി വിട്ടാല്‍ വീണ്ടുമൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരീക്ഷണത്തിലേക്ക് പാര്‍ട്ടി കടക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത് ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്ന് വാദിക്കുന്ന ഇടതുപക്ഷത്തിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാനുള്ള അവസാന തിരഞ്ഞെടുപ്പിന് കൂടിയാണ് നിലമ്പൂരില്‍ കളമൊരുങ്ങുന്നത്. സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എത്തുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുമെന്ന് ഉറപ്പ്. ആശവര്‍ക്കര്‍മാര്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങുകയും മദ്യനയവും വന്യമൃഗ പ്രശ്നങ്ങളും ലഹരി വ്യാപനവും വര്‍ദ്ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങളും ഉള്‍പ്പടെ ചര്‍ച്ചയാവുമ്പോള്‍ ഈ പ്രതിസന്ധിയെ പാര്‍ട്ടി എങ്ങനെ മറികടക്കും എന്നതാണ് നിര്‍ണായകം.
അന്‍വര്‍ എല്‍ഡിഎഫ് വിട്ടതുകൊണ്ട് ഇടതുപക്ഷത്തിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും നഷ്ടമുണ്ടായത് പി.വി. അന്‍വറിനാണെന്നുമാണ് നിലവില്‍ പാര്‍ട്ടി നടത്തുന്ന പ്രചാരണം. എന്നാല്‍ അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളും ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാവും. എഡിജിപി അജിത് കുമാറിന് എതിരായി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, സ്വര്‍ണക്കടത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍, മലപ്പുറത്തെ ക്രിമിനലൈസ് ചെയ്യുന്ന രീതിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നടത്തിയ പരാമര്‍ശങ്ങള്‍ , അജിത് കുമാറിനെ മാറ്റി നിര്‍ത്തുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഡിജിപി റാങ്കിലേക്ക് നല്‍കിയ സ്ഥാനക്കയറ്റം, പി ശശിക്കെതിരെ അന്‍വര്‍ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍... ഇതെല്ലാം തിരഞ്ഞെടുപ്പില്‍ കളംപിടിക്കും.
അന്‍വര്‍ ഫലം കണ്ടോ?
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതു സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അന്‍വര്‍ ഇടതുക്യാമ്പിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2016-ല്‍ നിലമ്പൂര്‍ പിടിക്കാന്‍ എല്‍ഡിഎഫ് അന്‍വറിനെ നിയോഗിച്ചു. 2021-ലും വിജയം ആവര്‍ത്തിച്ചു. പൊലീസിനെതിരായി അന്‍വര്‍ ഉയര്‍ത്തിയ ആരോപണം കാര്യമായി ഏറ്റെടുക്കാതെ വന്നതോടെയാണു സിപിഎമ്മിനും പിണറായിസത്തിനുമെതിരെ അന്‍വര്‍ യുദ്ധപ്രഖ്യാപനം നടത്തിയത്. മാസങ്ങള്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു.
ഇതോടെ 14 വര്‍ഷത്തെ ഇടതുബന്ധവും അന്‍വര്‍ ഉപേക്ഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്ററായി ചുമതലയേറ്റതിനു പിന്നാലെയായിരുന്നു രാജി. മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് അന്‍വര്‍ ശക്തി തെളിയിക്കുമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും തൃണമൂലിന്റെ ഭാഗമായിനിന്നു പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നാണ് അന്‍വര്‍ നിലപാടെടുത്തത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച അന്‍വര്‍ വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയും ചെയ്തു. വി.എസ്. ജോയ് മത്സരിച്ചാല്‍ മണ്ഡലം ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു അന്‍വറിന്റെ ആദ്യ പ്രഖ്യാപനം. സിപിഎം ബന്ധം ഉപേക്ഷിച്ചെങ്കിലും ഔദ്യോഗികമായി യുഡിഎഫ് മുന്നണിയുടെ ഭാ?ഗമാകാന്‍ അന്‍വറിന് ഇതുവരെ സാധിച്ചിട്ടില്ല. യുഡിഎഫ് കാമ്പിലേക്ക് എത്രത്തോളം വോട്ട് എത്തിക്കാന്‍ അന്‍വറിന് കഴിയുമെന്നത് പിവി അന്‍വറിന്റെ മുന്നണി പ്രവേശത്തിലും തുടര്‍ന്നുള്ള നിലനില്‍പ്പിലും നിര്‍ണായകമാവും.
അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ ആരോപണങ്ങള്‍ ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ തന്റെ പോരാട്ടം ഫലം കണ്ടെന്ന് അന്‍വറിന് പറയാനാകും. ഇതോടെ ഇന്ത്യാ മുന്നണിക്ക് പുറത്ത് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കുന്നതില്‍ സമ്മര്‍ദ്ദം ചെലുത്താനും അന്‍വറിന് കഴിയും.
എന്താവും ബിജെപിയുടെ സ്ട്രാറ്റജി?
ബിജെപിക്ക് വോട്ടുവിഹിതം കുറവുളള മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം ആദ്യം എത്തുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ത്താന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ആകാംശയിലാണ് ബിജെപി ക്യാമ്പ്. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ഈ ശ്രമം നടപ്പായില്ലെങ്കില്‍ ബിജെപി ഈസ്റ്റ് ജില്ലാ കമ്മറ്റി അംഗം രശ്മില്‍ നാഥ്, മേഖലാ വൈസ് പ്രസിഡന്റ് അശോക് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് എന്നിവരുടെ പേരുകളാവും പരിഗണിക്കുക.
Content Highlights: nilambur-bypoll aryadan shoukkath pv anvar vs joy
Published: 01 Apr 2025, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented