വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍, 30 ദിവസത്തില്‍ കൂടുതല്‍ ജയിലില്‍ കിടന്നാല്‍ മന്ത്രി പദവി നഷ്ടപ്പെടല്‍, ട്രമ്പ് ഭരണകൂടം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അന്യായ തീരുവ എന്നിവ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്കിടയില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സംഭവവികാസമുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് പാര്‍ലമെന്റ് പാസ്സാക്കിയ പുതിയ ആദായ നികുതി നിയമം. ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ച് പ്രതിഷേധ മാര്‍ച്ചിന് പോയപ്പോഴാണ് ഈ ബില്‍ അവതരിപ്പിക്കപ്പെട്ടത്. 

To advertise here,

പുതിയ നിയമം ഇല്ലാതാക്കുന്നത് 1961-ലെ ആദായ നികുതി നിയമമാണ്. പഴയ നിയമത്തിനെ സമഗ്രമായി നവീകരിക്കുന്ന നിയമമാണ് പുതിയതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുന്നു. പഴയതില്‍ 819 വകുപ്പുകള്‍ ഉണ്ടായിരുന്നത് പുതിയതില്‍ 536 ആയി ചുരുങ്ങി. നേരത്തെ 5.12 ലക്ഷം വാക്കുകള്‍ ഇടംപിടിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 2.6 ലക്ഷം വാക്കുകളേയുള്ളു. ആദായ നികുതി നിയമങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കാന്‍ പുതുതായി 39 പട്ടികകളും 40 സമവാക്യങ്ങളും കൊണ്ടുവന്നു.

ആദായ നികുതി വ്യവസ്ഥയുടെ പരിഷ്‌കരണത്തിനപ്പുറത്ത് ബില്‍ വിവാദമാവുന്നത് അതിലെ 247-ാം വകുപ്പിലൂടെയാണ്. ഒരു വ്യക്തി ആദായ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് ആദായ നികുതി ഓഫീസര്‍ക്ക് സംശയമുണ്ടായാല്‍ ഇ-മെയിലുകള്‍, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, എക്സ് പോസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ ആ വ്യക്തിയുടെ സമസ്ത ഡിജിറ്റല്‍ ഇടങ്ങളും പരിശോധിക്കാന്‍ ഓഫീസര്‍ക്ക് അധികാരം നല്‍കുന്ന വകുപ്പാണിത്. അതായത് ഒരു തെളിവുമില്ലെങ്കിലും ഒരു വ്യക്തിയുടെ സ്വകാര്യത കൈയേറാന്‍ ആദായ നികുതി വകുപ്പിന് വെറുതെ സംശയമുണ്ടായാല്‍ മാത്രം മതി.

അന്തസ്സാര്‍ന്ന ജീവിതം

2017-ലാണ് പുട്ടസ്വാമി കേസിലെ വിഖ്യാത വിധിയില്‍ സ്വകാര്യത മൗലിക അവകാശമാണെന്ന് ഒമ്പതംഗ സുപ്രീംകോടതി വിധിച്ചത്. വ്യക്തി വിശുദ്ധിയുടെ ആത്യന്തിക ആവിഷ്‌കാരമാണ് സ്വകാര്യത എന്ന് സുപ്രീംകോടതി അടിവരയിട്ട് പറഞ്ഞു. ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പ് നല്‍കുന്ന അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശവുമായി സ്വകാര്യതയ്ക്ക് അഭേദ്യ ബന്ധമുണ്ടെന്നും രാജ്യത്തെ പരമോന്നത കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതയില്ലെങ്കില്‍ അന്തസ്സില്ല എന്നതാണ് വാസ്തവം. ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് പേടിക്കുന്നത് എന്നാണ് ഇത്തരം നിയമങ്ങളുടെ വക്താക്കള്‍ പലപ്പോഴും ചോദിക്കുക. 

എനിക്കൊന്നും പറയാനില്ല അതുകൊണ്ട് എനിക്ക് സംസാര സ്വാതന്ത്ര്യം ആവശ്യമില്ല എന്ന് പറയുന്നത്‌പോലുള്ള അന്തഃസ്സാരശൂന്യമായ വാദമാണിത്. സ്വകാര്യത നമ്മുടെ ആധാരവും അടിസ്ഥാനവുമാണ്. കുളിമുറിയിലേക്കും കിടപ്പറയിലേക്കും കയറുമ്പോള്‍ നമ്മള്‍ വാതില്‍ ചാരുന്നത് പോലൊരു സ്വാഭാവികതയാണത്. നമ്മളെ നമ്മളാക്കുന്നത് നമ്മുടെ സ്വകാര്യതയാണ്. ചിലപ്പോള്‍ നമ്മുടെ അടുത്ത സുഹൃത്തുക്കളോട് മാത്രം പങ്ക് വെയ്ക്കുന്ന ഉള്‍ത്തുടിപ്പുകള്‍. അങ്ങിനെ വരുമ്പോള്‍ സ്വകാര്യത എന്നാല്‍ സ്വാതന്ത്ര്യം തന്നെയാവുന്നു.

ഈ സ്വകാര്യതയാണ് പുതിയ ആദായ നികുതി നിയമം അട്ടിമറിക്കുന്നതെന്ന ആരോണമാണ് ഉയരുന്നത്. പൗര സമൂഹത്തിന്റെ സ്വകാര്യത ഭേദിക്കണമെങ്കില്‍ അടിയന്തരവും യുക്തിപരവുമായ കാരണങ്ങള്‍ ആവശ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യ സുരക്ഷ, ക്രമസമാധാനം, സമുദായ സൗഹാര്‍ദ്ദം എന്നിവയ്ക്ക് വിഘാതമുണ്ടായാല്‍ ഭരണകൂടത്തിന് സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ പൊളിക്കാം, വിവരങ്ങള്‍ ശേഖരിക്കാം. പക്ഷേ, ആരോപിക്കപ്പെടുന്ന നിയമലംഘനത്തിന് ആനുപാതികമായിരിക്കണം നിയമ നടപടികള്‍. 

ലാത്തിച്ചാര്‍ജ്ജ് മതിയാവുന്നിടത്ത് വെടിവെയ്ക്കരുത് എന്നര്‍ത്ഥം. ഒരു വ്യക്തിയുടെ സ്വകാര്യത നിഷേധിക്കണമെങ്കില്‍ ഭരണകൂടം അതിനനുസൃതമായിട്ടുള്ള മുന്‍കരുതലുകള്‍ എടുത്തിരിക്കണമെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്. പക്ഷേ, പുതിയ ആദായ നികുതി നിയമത്തില്‍ ഇത്തരത്തിലുള്ള ഒരു മുന്‍കരുതലുമില്ല. ജുഡീഷ്യറിയുടെ മേല്‍നോട്ടമോ, അനുമതിയോ ഒന്നും തന്നെ സ്വകാര്യതയുടെ ലംഘനത്തിന് ആദായ നികുതി വകുപ്പിന് ആവശ്യമില്ല. ഒരാളുടെ ടെലിഫോണ്‍ വിളി ചോര്‍ത്തണമെങ്കില്‍ പോലിസിന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന് മറക്കരുത്.

ഇന്റര്‍നെറ്റില്‍ നമ്മള്‍ എഴുതുന്നതെന്തും കല്ലില്‍ കൊത്തുന്നത്‌പോലെയാണ്. കമ്പ്യൂട്ടര്‍ തിരശ്ശീലയില്‍ നിന്ന്, മൊബൈല്‍ ഫോണില്‍ നിന്ന് നമ്മള്‍ നീക്കിയാലും ഹാര്‍ഡ് ഡിസ്‌കുകളില്‍, സെര്‍വ്വറുകളുടെ അന്തഃപുരങ്ങളില്‍ അവയുണ്ടാവും. അതൊരു ശ്വാശ്വത രേഖയാണ്. ഈ രേഖകള്‍ ചോര്‍ത്തുന്നതിന് നിയമസാധുത ലഭിക്കുന്നുവെന്നതാണ് പുതിയ ആദായ നികുതി വകുപ്പ് നിയമത്തിന്റെ മുഖ്യ പ്രശ്‌നമെന്ന് ഈ മേഖലയെ ആഴത്തില്‍ പഠിച്ചിട്ടുള്ള ദീപക് ജോഷിയെപ്പോലുള്ള വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.. ഒരാളുടെ ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്ത് പാസ്വേഡുകള്‍ സ്വായത്തമാക്കി അയാളുടെ സ്വകാര്യ ലോകത്ത് പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ ആ വിവരങ്ങള്‍കൊണ്ട് എന്തൊക്കെ ചെയ്യുമെന്ന് ഒരു പിടിയുമില്ല. 

ഒരു ടാക്‌സ് കണ്‍സള്‍ട്ടന്റ് തന്റെ കക്ഷികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ടാക്‌സ്പ്ലാന്‍  നികുതി വെട്ടിക്കലായി ചിത്രീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രയാസമുണ്ടാവില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണങ്ങള്‍, കാമുകി-കാമുക ഹൃദയ വിചാരങ്ങള്‍, ഡോക്ടറും രോഗികളും തമ്മിലുള്ള സന്ദേശങ്ങള്‍, അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ആശയ വിനിമയങ്ങള്‍ എന്നിങ്ങനെ സ്വകാര്യമായി കരുതപ്പെടുന്ന എല്ലാ വിവരങ്ങളും ഭരണകൂട ഏജന്‍സികള്‍ക്ക് സ്വായത്തമാക്കാനാവും. ഇത്തരം അന്വേഷണത്തിനിരയാവുന്നവരോട് അതിന്റെ കാരണം പറയേണ്ട ബാദ്ധ്യത ഓഫീസര്‍മാര്‍ക്കില്ല എന്നതും പുതിയ നിയമത്തെ കരി നിയമമാക്കുന്നുണ്ടെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യത്തിന്റെ അളവുകോല്‍

ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സെലക്റ്റ് കമ്മിറ്റി ബില്‍ പരിശോധിച്ചിരുന്നു. 4,575 പേജ് വരുന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി സര്‍ക്കാരിന് കൈമാറിയത്. പക്ഷേ, ഇതിലൊരിടത്തും തന്നെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം ആശങ്ക ഉയര്‍ത്തുന്നില്ല. പൗര സമൂഹത്തിന്റെ മൗലിക അവകാശങ്ങളിലൊന്ന് നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് കമ്മിറ്റിക്ക് അലോസരങ്ങളേതുമുണ്ടായില്ല എന്നത് ഒരേസമയം അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്നു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെയാണ് ഈ നിയമം പാര്‍ലമെന്റില്‍ ചര്‍ച്ചയൊന്നുമില്ലാതെ പാസ്സായത്. 

ഭയത്തിന്റെയും ഞെട്ടലിന്റെയും മറയിലാണ് പല ജനാധിപത്യ വിരുദ്ധ നിയമങ്ങളും പാസ്സാക്കപ്പെടുന്നതെന്ന ആരോപണത്തിന് ശക്തിപകരുന്ന കാഴ്ചയായിരുന്നു ഇത്. ഒരു രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ അളവുകോല്‍ അവിടത്തെ പൗര സമൂഹത്തിന്റെ അവകാശങ്ങളുടെ സംരക്ഷണമാണെന്ന് പറഞ്ഞത് എഡ്വേഡ് സ്‌നോഡനാണ്. അമേരിക്കന്‍ ഭരണകൂടം പൗരസമൂഹത്തിനെ അടപടലം നിരീക്ഷിക്കുന്നതിനെക്കുറിച്ച് സ്‌നോഡന്‍ നടത്തിയ വെളിപ്പെടുത്തല്‍ ചരിത്രമാണ്. ലോകത്ത് ആരുടെ ഇമെയിലും ഫോണ്‍കോളും ചോര്‍ത്താന്‍ രഹസ്യാന്വേഷണ സംഘടനകള്‍ക്ക് കഴിയും. നമ്മുടെ ഫോണ്‍ ഓഫാണെങ്കില്‍ പോലും അതിനുള്ളിലെ ക്യാമറ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള ചാര സോഫ്റ്റ് വെയറുകളുണ്ട്. 

ഇസ്രായേലില്‍ നിന്നുള്ള പെഗാസസ് സോഫറ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഭരണകൂടം  പലരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ഇന്ത്യന്‍ ജനതയുടെ കണ്‍മുന്നിലുണ്ട്. പെഗാസസ് ഒരു നിഗൂഢ പ്രവൃത്തിയായിരുന്നെങ്കില്‍ പുതിയ ആദായ നികുതി നിയമം ഇത്തരം മറകള്‍ പോലും വേണ്ടെന്ന് വെയ്ക്കുകയാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ 6.7 ശതമാനം മാത്രമാണ് ആദായം സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കുന്നത്. ഇതില്‍ തന്നെ 2.2 ശതമാനം പേരേ വ്യക്തിഗത വരുമാനത്തിന് നികുതി അടയ്ക്കുന്നുള്ളു. ചെറിയൊരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പുതിയ നിയമത്തെച്ചൊല്ലി ഇങ്ങനെ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇതൊരു പരീക്ഷണമാണെന്നും ഈ പരീക്ഷണം വിജയിച്ചാല്‍ അത് എവിടെയും പ്രയോഗിക്കുന്നതിന് ഭരണകൂടത്തിന് മടിയുണ്ടാവില്ലെന്നുമാണ് മനുഷ്യാവകാശ സംഘടനകളുടെ മറുപടി. 

സ്വകാര്യ ഇടങ്ങളില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഭരണകൂടം ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ അത് സംസാര സ്വാതന്ത്ര്യത്തിന്റെ അന്ത്യമാവും. സ്വയം സെന്‍സര്‍ ചെയ്യാന്‍ പൗര സമൂഹം നിര്‍ബന്ധിതമാവുന്ന അത്യധികം ഭീഷണമായ അവസ്ഥ. 2026 ഏപ്രില്‍ ഒന്ന് മുതലാണ് ഈ നിയമം നിലവില്‍ വരിക. പൗര സമൂഹത്തിനും ഭരണകൂടത്തിനുമിടയില്‍ വിശ്വാസരാഹിത്യം വര്‍ദ്ധിക്കുകയാണെന്നാണ് ഇത്തരം നിയമങ്ങള്‍ സൂചിപ്പിക്കുന്നത്. പൗരസമൂഹത്തെ എതിരാളിയായി കാണുകയും അവിശ്വസിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളുടെ അഭയവും ആശ്രയവുമായി കരിനിയമങ്ങള്‍ മാറുന്നു. ഇതൊരു പ്രതിസന്ധിയാണ്. ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്ന നമ്മുടെ രാഷ്ട്രം നേരിടുന്ന പ്രതിസന്ധി. 

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പികള്‍ ജനാധിപത്യ സംരക്ഷണത്തിന് വ്യക്തവും കൃത്യവുമായ കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയുടെ വ്യാഘ്യാതാവ് എന്ന നിലയില്‍ സുപ്രീംകോടതിയുടെ ആത്യന്തികമായ ഇടപെടല്‍ ഈ കരുതലുകളില്‍ മുഖ്യമാണ്. പുതിയ ആദായ നികുതി നിയമത്തിന്റെ ഭരണഘടനാപരമായ സാധുത സുപ്രീംകോടതി കണിശമായ പുനര്‍വായനയ്ക്ക് വിധേയമാക്കുമെന്ന പ്രത്യാശ ഉടലെടുക്കുന്നത് ഈ അവബോധത്തിന്റെ വെളിച്ചത്തിലാവുന്നു. സ്വതന്ത്രവും സൈ്വരവുമാര്‍ന്ന ജീവിതം മനുഷ്യരാശിയുടെ അവകാശമാണ്. അതിലേക്കുള്ള ഏത് കടന്നുകയറ്റവും സമൂഹത്തിനെ മൊത്തത്തില്‍ അസ്ഥിരമാക്കും.