നിസാമാബാദ്: സഹോദരി കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി യുവാവ്. തെലങ്കാനയിലെ നിസാമാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് ചിത്താരി ഹരിബാബു (26) എന്നയാളെയാണ് വൈഷ്ണവിയുടെ സഹോദരനായ സന്തോഷ് നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്.

To advertise here,

തന്റെ സഹോദരിയുടെ ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്നും നിയമം നീതി നടപ്പാക്കാത്തതിനാലാണ് താൻ ഈ കടുംകൈ ചെയ്തതെന്നും ഏറ്റുപറഞ്ഞുകൊണ്ടുള്ള യുവാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. നാലു മാസം ഗർഭിണിയായിരുന്ന സമയത്താണ് വൈഷ്ണവി കൊല്ലപ്പെട്ടത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.

റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപം നിന്നിരുന്ന ഹരിബാബുവിനെ കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് കാറിലെത്തിയത്. അതിലൊരാൾ പുറത്തിറങ്ങി ഹരിബാബുവിനെ പിന്തുടരുകയും, തേങ്ങ വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും വെട്ടുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എസിപി മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഹരിബാബു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നിസാമാബാദിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഈ വർഷം മാർച്ച് 17-നാണ് യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ ജഗ്തിയാൽ ജില്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ വൈഷ്ണവി നാലു മാസം ഗർഭിണിയായിരുന്നു.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വൈഷ്ണവി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്നാണ് പോലീസ് ഹരിബാബുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. അറസ്റ്റിലായ ഇയാൾക്ക് ജൂലൈയിലാണ് ജാമ്യം ലഭിച്ചത്. 

ഹരിബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള സന്തോഷിന്റെ സെൽഫി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'എന്റെ സഹോദരിയെ കൊന്നയാളെ ഞാൻ കൊന്നു' എന്നാണ് സന്തോഷ് വീഡിയോയിൽ പറയുന്നത്. പോലീസിന് മുന്നിൽ കീഴടങ്ങാൻ പോകുകയാണെന്നും കേസിൽ പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും ഇയാൾ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.

സർക്കാർ നീതി ലഭ്യമാക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് സന്തോഷ് വീഡിയോയിൽ ആരോപിക്കുന്നു. മറ്റൊരു ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെ നിസാമാബാദിൽവെച്ച് ഹരിബാബുവിനെ യാദൃശ്ചികമായി കാണുകയും, അയാളാണെന്ന് തിരിച്ചറിഞ്ഞയുടൻ വാഹനത്തിൽനിന്നും ഇറങ്ങി ആക്രമിക്കുകയുമായിരുന്നു എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്.

സ്വന്തം സുരക്ഷയ്ക്കായി കരുതിയ ആയുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇയാൾ പറയുന്നു. തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്നും വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ സഹായിക്കണമെന്നും വീഡിയോയിൽ സന്തോഷ് ആളുകളോട് അഭ്യർത്ഥിക്കുന്നു. 'എനിക്ക് ഭാര്യയും കുട്ടികളുമുണ്ട്. എന്നെ പിന്തുണയ്ക്കുകയും സുരക്ഷിതമായി പുറത്തുവരാൻ സഹായിക്കുകയും വേണം.' സന്തോഷ് പറയുന്നു.

തന്റെ സഹോദരിയുടെ മരണത്തിന് ഉത്തരവാദിയെന്ന് വിശ്വസിക്കുന്നയാളെയാണ് താൻ കൊലപ്പെടുത്തിയതെന്നും ഉടൻതന്നെ പോലീസിൽ കീഴടങ്ങുമെന്നും പ്രതി വീഡിയോയിൽ ആവർത്തിക്കുന്നുണ്ട്. ഈ വീഡിയോ പോലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.