കാട്ടുതീ പോലെ പടര്‍ന്ന ജെന്‍ സീ (28-നു താഴെ പ്രായമുള്ള യുവാക്കള്‍) പ്രക്ഷോഭച്ചൂടില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയും രാജിവെച്ചു. കഴിഞ്ഞദിവസം സമരക്കാര്‍ക്കു നേരേ പോലീസ് നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും നാനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിയന്ത്രണം കൈവിട്ട പ്രക്ഷോഭകര്‍ പാര്‍ലമെന്റ്, സുപ്രീംകോടതി കെട്ടിടങ്ങള്‍ ആക്രമിച്ചു, പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രധാന നേതാക്കള്‍ എന്നിവരുടെ സ്വകാര്യ വസതികള്‍ക്കു തീവെച്ചു, കൊള്ളിവെപ്പുനടത്തി. കര്‍ഫ്യൂ വകവെക്കാതെ കത്തിപ്പടര്‍ന്ന പ്രക്ഷോഭത്തിനു മുന്നില്‍ ഒലിക്ക് രാജി വെച്ചു പടിയിറങ്ങേണ്ടി വന്നു. സമീപകാലത്ത് ശ്രീലങ്കയിലും പാകിസ്താനിലും ബംഗ്ലാദേശിലും കണ്ട ചില കാഴ്ചകളെ ഓര്‍മിപ്പിക്കുന്നതായി തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നുള്ള ദൃശ്യങ്ങള്‍.

To advertise here,

നേപ്പാളില്‍ സാമൂഹികമാധ്യമങ്ങളെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ വിലക്കിയതില്‍ പ്രതിഷേധിച്ചുണ്ടായ സമരങ്ങളാണ് അതിവേഗം സര്‍ക്കാരിനെ തന്നെ മറിച്ചിടുന്ന രീതിയില്‍ ശക്തിയാര്‍ജിച്ചത്. വിദ്വേഷ പ്രചാരണം, വ്യാജവാര്‍ത്ത, തട്ടിപ്പ് എന്നിങ്ങനെയുള്ള ദുരുപയോഗം തടയാന്‍ കഴിഞ്ഞയാഴ്ചയാണ് നേപ്പാള്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ ഇത്തരം നിയമങ്ങളുണ്ട്. വിലക്കിയ 22 ആപ്പുകളില്‍ പതിനേഴും മെറ്റയും യൂട്യൂബും ഇന്‍സ്റ്റയും എക്‌സും അടക്കമുള്ള  അമേരിക്കന്‍ കമ്പനികളാണ്. അവ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാന്‍ തയ്യാറായില്ല, തുടര്‍ന്നായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ യുവാക്കള്‍ തുടങ്ങിയ പ്രക്ഷോഭം ആളിപ്പടര്‍ന്ന വേഗം അതിശയിപ്പിക്കുന്നതായിരുന്നു. അതേ വേഗത്തില്‍ സമരത്തിന്റെ ലക്ഷ്യങ്ങളും മാറി. അത് സര്‍ക്കാരിലെ അഴിമതിക്കും സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും അധികാരിവര്‍ഗത്തിന്റെ പിന്‍മുറക്കാര്‍ (നെപ്പോ കിഡ്‌സ്) അനര്‍ഹമായി കൈപ്പറ്റുന്ന സൗജന്യങ്ങള്‍ക്കുമെതിരായ വലിയ സമരമായി രൂപം മാറി. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമ വിലക്കു നീക്കി, വെടിവെപ്പിന്റെ പേരില്‍ ആഭ്യന്തരമന്ത്രി രാജിവെച്ചു. പക്ഷേ, പ്രതിഷേധക്കാര്‍ അടങ്ങിയില്ല, അവര്‍ക്ക് സര്‍ക്കാരിനെ താഴെയിറക്കിയേ പറ്റൂ! അങ്ങനെ പ്രധാനമന്ത്രി ഒലി രാജിവെക്കാന്‍ നിര്‍ബന്ധിതനായി.

പെട്ടെന്നൊരു ദിവസം അണപൊട്ടിയ ജനരോഷമല്ല യുവാക്കളുടെ സമരത്തിന് ഇന്ധനമായതെന്ന് വ്യക്തമാണ്. 29-നു താഴെയുള്ള യുവാക്കളിലെ തൊഴിലില്ലായ്മ നേപ്പാളില്‍ ഇരുപതു ശതമാനത്തോളമാണ്. മാസങ്ങളായി സര്‍ക്കാരിലെ അഴിമതിക്കെതിരെ അസംതൃപ്തി പുകയുന്ന സാഹചര്യവുമാണ്. പക്ഷേ, ഇത്രവേഗത്തില്‍ പ്രക്ഷോഭം കത്തിപ്പടരുന്നതിന് അതുമാത്രം പോര, അസംതൃപ്തിക്കു തീകൊടുക്കാനൊരു സംവിധാനം വേണം. അത് പകര്‍ന്നത് അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് എന്ന് നിഗൂഢ, അദൃശ്യ രാഷ്ട്രമാണോ എന്ന ചോദ്യം ഉയരുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗവും ചരിത്രകാരനുമായ. സഞ്ജീവ് സാന്യാല്‍ എക്‌സില്‍ കുറിച്ചത് ഇങ്ങനെ:

'പ്രധാനമന്ത്രി ഒലിയുടെ ഭരണകൂടത്തെക്കുറിച്ചോ അയാളുടെ ഭാവിയെക്കുറിച്ചോ നമ്മള്‍ കരുതുന്നത് എന്തു തന്നെയായാലും നമ്മുടെ അയല്‍പക്കത്ത് ഒരേ ടൂള്‍കിറ്റ് സംശയകരമായ രീതിയില്‍ പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ആയുധമാക്കുന്നത് ശ്രീലങ്കയിലും ബംഗ്ലാദേശിലും മറ്റും നാം കണ്ടതാണ്. കഴിഞ്ഞയാഴ്ച ഇന്‍ഡോനേഷ്യയിലും ഇതിനു സമാനമായ ഒന്ന് നാം കണ്ടു, പക്ഷേ, അത് പതുക്കെ കെട്ടടങ്ങി. ഈ സമരങ്ങള്‍ എത്ര ജൈവികമാണ് എന്ന ചോദ്യമുയരുന്നു.' സാന്യാലിന്റെ ചോദ്യത്തിന്റെ അര്‍ത്ഥമിതാണ്- നേപ്പാളില്‍ പ്രക്ഷോഭം ആളിക്കത്തിച്ചതിനു പിന്നില്‍ വിദേശശക്തികളുടെ കൈയുണ്ടോ?

placeholder
നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസ് പ്രതിഷേധക്കാര്‍ ആക്രമിച്ചപ്പോള്‍ | Photo: AFP

ശ്രീലങ്കന്‍, ബംഗ്ലാദേശി മോഡലും വര്‍ണവിപ്ലവങ്ങളും

ശ്രീലങ്കയിലെ അര്‍ഗാലയ (പോരാട്ടം) പ്രക്ഷോഭം ആരംഭിച്ചത് 2022 മാര്‍ച്ചിലാണ്. കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി. 13 മണിക്കൂര്‍ നീളുന്ന പവര്‍കട്ട്, ഇന്ധനക്ഷാമം, ഭക്ഷ്യക്ഷാമം. പിന്നെ രാജപക്‌സ കുടുംബം നടത്തിയതായി ആരോപിക്കപ്പെട്ട അഴിമതി, കെടുകാര്യസ്ഥത. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ സമരം തുടക്കത്തില്‍ സമാധാനപൂര്‍ണമായിരുന്നെങ്കിലും പതുക്കെ നിറം മാറി. ജൂലായ് മാസം പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറി, രാജപക്‌സെ പലായനം ചെയ്തു, രാജിവെച്ചു. രാഷ്ട്രീയക്കാരുടെ വീടുകളിലും ആക്രമണമെത്തി. പിന്നീട് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും രാജിവെച്ചു. കലാപങ്ങളില്‍ മരിച്ചത് ഇരുന്നൂറിലേറെ പേരാണ്.

ഗോതബായ പിന്നീട് പുസ്തകമെഴുതി, തന്റെ ഭരണകൂടത്തെ അട്ടിമറിച്ചതിനു പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടായിരുന്നു എന്ന് സമര്‍ത്ഥിച്ചു. വിദേശഫണ്ടിങ്ങുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികളും സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയക്കാരും സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരും ആക്ടിവിസ്റ്റുകളുമൊക്കെ പ്രക്ഷോഭത്തിനു പിന്നിലുണ്ടായിരുന്നു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശപ്പണവും ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങളും ലിബറലുകളുമൊക്കെ തന്ത്രപരമായി ഏറ്റവും അനുയോജ്യമായ സമയത്ത് ഒരുമിക്കുകയായിരുന്നു എന്നും രാജപക്‌സെ ആരോപിക്കുന്നു.

2023-ല്‍ അഴിമതിക്കുറ്റം ചുമത്തി മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് പാകിസ്താനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അറസ്റ്റിനു പിന്നാലെ ഇമ്രാന്റെ അനുയായികള്‍ സൈനികകേന്ദ്രങ്ങളും മറ്റും ആക്രമിച്ചു, വസതികള്‍ കൊള്ളയടിച്ചു. മെയ് ഒന്‍പതിനു നടന്ന കലാപങ്ങളില്‍ പത്തുപേരാണ് മരിച്ചത്. 2024 ജൂലായില്‍ ബംഗ്ലാദേശില്‍ അന്നത്തെ പ്രധാനമന്ത്രി ഷേക്ക് ഹസീനയ്‌ക്കെതിരെ നടന്ന രക്തരൂക്ഷിതസമരത്തിന്റെ ഫലമെന്തായി എന്ന് നാം കണ്ടു. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ മാനസപുത്രനായ മുഹമ്മദ് യൂനുസാണ് ഇപ്പോഴത്തെ ഭരണാധികാരി. അധികാരമേറ്റ ശേഷം അദ്ദേഹം തന്നെ പറഞ്ഞിരുന്നു, പെട്ടെന്നുണ്ടായതല്ല കലാപം, വളരെ കരുതലോടെ ആസൂത്രണം ചെയ്തതാണെന്ന്. അതെ, ബംഗ്ലാദേശ് അട്ടിമറിയിലാകെ സിഐഎ വിരലടയാളം കാണാമെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞത്.

മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജിയയിലെ റോസ് വിപ്ലവവും (2003) യുക്രെയിനിലെ ഓറഞ്ച് വിപ്ലവവും (2004) റഷ്യന്‍ അനുകൂല സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നു. യുഎസ് എയ്ഡ് (USAID), എന്‍ഇഡി (NED), വിവിധ എന്‍ജിഒകള്‍, ജോര്‍ജ് സോറോസിനെപ്പോലുള്ള ഡീപ് സ്റ്റേറ്റ് അസറ്റുകളായ കോടീശ്വരന്‍മാര്‍, അവര്‍ വിലയ്‌ക്കെടുത്ത മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും ഒക്കെ ഇത്തരം അട്ടിമറിക്ക് കൂട്ടുപോവും. ഉപദേശം മാത്രമല്ല, സാമ്പത്തികസഹായവും നല്‍കും. സാമൂഹികമാധ്യമങ്ങള്‍ വന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. വാര്‍ത്തകള്‍ ചെറിയ ചിലവില്‍ ഉദ്ദേശിക്കുന്ന സമൂഹത്തിലെത്തിക്കുക എളുപ്പമായി. അതിന്റെ ഫലം ഈജിപ്തിലും ടുണീഷ്യയിലും ലിബിയയിലുമൊക്കെ സര്‍ക്കാരുകളെ കടപുഴക്കിയ അറബ് വസന്തത്തില്‍ കണ്ടു. നേപ്പാളില്‍ ശ്രദ്ധേയമായത് സാമൂഹികമാധ്യമങ്ങളുടെ അഭാവത്തിലാണ് പ്രക്ഷോഭം രൂക്ഷമായതെന്ന വൈരുദ്ധ്യമാണ്!

placeholder
കെ.പി. ശര്‍മ ഒലി | ഫയല്‍ചിത്രം | Photo: PTI

അമേരിക്കന്‍ ഇടപെടലും ചൈനയും ഇന്ത്യയും

ചൈനയുടെ അതിവേഗത്തിലുള്ള വളര്‍ച്ച അമേരിക്കയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ചൈനയുടെ ബെല്‍റ്റ്, റോഡ് സംരംഭം (ബിആര്‍ഐ) ദക്ഷിണേഷ്യയിലുണ്ടാക്കുന്ന സ്വാധീനത്തെയും ഇന്‍ഡോ പസിഫിക്കിലെ കടന്നുകയറ്റത്തെയും തടയാന്‍ അമേരിക്ക ശ്രമിക്കുന്നു. അതിന്റെ ഭാഗമായാണ് അവര്‍ ശ്രീലങ്കയിലും ബംഗ്ലാദേശിലുമൊക്കെ ഇടപെടുന്നത് എന്നു കരുതപ്പെടുന്നു. ബിആര്‍ഐയെ പ്രതിരോധിക്കാന്‍ ശതകോടി ഡോളറുകളാണ് അമേരിക്ക ചിലവാക്കുന്നത്. മില്ലെനിയം ചാലഞ്ച് കോര്‍പ്പറേഷന്‍ (എംസിസി) നേപ്പാള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ 500 മില്യന്‍ ഡോളറിന്റെ കരാര്‍ ഉദാഹരണം. 2022-ല്‍ ഒപ്പുവെച്ച കരാര്‍ നടപ്പാക്കാന്‍ 24 വരെ ഒലിക്കായില്ല, സര്‍ക്കാര്‍ വാഷിംഗ്ടണു വഴങ്ങുന്നുവെന്ന പ്രതിപക്ഷ ആരോപണം കാരണം. കെ.പി ഒലി ചൈനയോട് കൂടുതല്‍ അനുഭാവമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്.

2022-ലെ പ്രതിസന്ധിക്കു ശേഷം അമേരിക്ക ശ്രീലങ്കയ്ക്ക് ഏതാണ്ട് 2.9 ബില്യന്‍ ഡോളര്‍ സഹായം നല്‍കി, അന്താരാഷ്ട്രനാണ്യനിധി മുഖാന്തിരം. ചൈനീസ് ബാങ്കുകളെ ഒഴിവാക്കുന്ന വ്യവസ്ഥകളുണ്ടായിരുന്നു കരാറില്‍. നേപ്പാളിലും ബംഗ്ലാദേശിലും ജനാധിപത്യം വളര്‍ത്താന്‍ എന്‍ഇഡി മുഖേന വര്‍ഷം തോറും ബില്യന്‍ കണക്കിന് ഡോളര്‍ നല്‍കുന്നു. നേപ്പാളിലെ അഴിമതിവിരുദ്ധ സന്നദ്ധസംഘടനകള്‍ക്ക് യുഎസ്എയ്ഡ് സാമ്പത്തികസഹായം നല്‍കുന്നു. ഷേക്ക് ഹസീന 'അമേരിക്കയ്ക്ക് സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വിട്ടുകൊടുക്കാനും ഇന്ത്യയുടെ വടക്കുകിഴക്കു ഭാഗത്ത് മ്യാന്‍മാര്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ന്ന ക്രിസ്ത്യന്‍ രാജ്യമുണ്ടാക്കാന്‍ വിസമ്മതിച്ചത് വെള്ളക്കാരന് ഇഷ്ടമായില്ല' എന്ന് ആരോപിച്ചിരുന്നു. ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ ബംഗ്ലാദേശിലെ എന്‍ജിഒകള്‍ക്ക് യുഎസ്എയ്ഡ് നല്‍കിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തി.

അമേരിക്ക, ഇന്ത്യ കൂടി ഉള്‍പ്പെട്ട ക്വാഡ് സഖ്യം രൂപീകരിച്ചതും പ്രതിരോധ സഹകരണവും സാങ്കേതികവിദ്യാകൈമാറ്റവുമൊക്കെ ചൈനീസ് ഭീഷണി മുന്നില്‍ കണ്ടുതന്നെ. പക്ഷേ, അതേസമയം തന്നെ ഇന്ത്യയുടെ വളര്‍ച്ചയെ ചെറുക്കാനും അമേരിക്ക ശ്രമിക്കുന്നതായി ആരോപണമുണ്ട്. ഇന്ത്യക്കെതിരായ 50 ശതമാനം പിഴത്തീരുവ അതിന്റെ സൂചനയാണെന്ന് അവര്‍ വാദിക്കുന്നു. അതുപോലെ, ഇന്ത്യയിലെ വിവിധ ആക്ടിവിസ്റ്റ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഡീപ് സ്റ്റേറ്റ് അസറ്റുകള്‍ വഴി ഫണ്ടിംഗ് ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയില്‍ സമീപകാലത്തു നടന്ന മണിപ്പുര്‍ കലാപമടക്കമുള്ള വിവിധ സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ക്കു പിന്നില്‍ അദൃശ്യരാഷ്ട്രമുണ്ടായിരുന്നെന്നും വലതുപക്ഷ നിരീക്ഷകര്‍ പറയുന്നു. ചിലര്‍ കുറച്ചുകൂടി കടന്ന്.ഇന്ത്യയിലും ഭരണകൂടഅട്ടിമറിക്ക് ശ്രമമുണ്ടായേക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയല്‍പക്ക രാഷ്ട്രങ്ങളൊക്കെ അസ്ഥിരമാകുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ മാത്രമല്ല, കടുത്ത സാമൂഹിക, സാമ്പത്തിക തലവേദനകള്‍ക്കും വഴിവച്ചേക്കാം. ഇന്ത്യയുമായി 1,751 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി പങ്കിടുന്ന കടല്‍ത്തീരമില്ലാത്ത രാജ്യമായ നേപ്പാളുമായി ഇന്ത്യയക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീളുന്ന സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങളുണ്ട്. അവിടെയുണ്ടാവുന്ന ചെറിയ ഉലച്ചിലുകള്‍ പോലും നമ്മുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഓളമുണ്ടാക്കും. എന്തായാലും, സംഭവബഹുലമായ ഏതാനും മാസങ്ങളാണ് ദക്ഷിണേഷ്യയെ കാത്തിരിക്കുന്നത്.