
പാകിസ്താനെതിരായ സൈനിക നടപടിക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്ര, 23 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സൈപ്രസ് സന്ദര്‍ശനം. പ്രത്യേകതകള്‍ ഏറെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്. ത്രിരാഷ്ട്രപര്യടനത്തിന്റെ ഭാഗമായി സൈപ്രസിലെത്തിയ പ്രധാനമന്ത്രി മോദിക്കാകട്ടെ ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചതും. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു മോദി സൈപ്രസിലേക്കെത്തിയത്. മെഡിറ്ററേനിയന്‍ മേഖലയിലെ പ്രധാനപ്പെട്ട സുഹൃദ് രാഷ്ട്രമാണ് സൈപ്രസെന്നാണ് പ്രധാനമന്ത്രി മോദി എക്സില്‍ അഭിപ്രായപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സന്ദര്‍ശനത്തെ കാണുന്നുവെന്നും മോദി പറഞ്ഞു. സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് സൈപ്രസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ വിദേശസന്ദര്‍ശനമെന്നതിനാല്‍ തന്നെ നയതന്ത്ര ബന്ധത്തിനു പുറമെ അന്തര്‍ദേശീയ താത്പര്യത്തിനും അനുസരിച്ചുള്ള നീക്കമായാണ് സൈപ്രസിലേക്കുള്ള മോദിയുടെ യാത്ര വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് തുര്‍ക്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍. പാകിസ്താനെ ആയുധം നല്‍കി സഹായിക്കുന്ന നിലപാടാണ് തുര്‍ക്കി സ്വീകരിക്കുന്നത്. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കശ്മീര്‍ വിഷയമുള്‍പ്പെടെയുള്ള കാര്യങ്ങളിലും തുര്‍ക്കിയുടേത്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദര്‍ശനം. തുര്‍ക്കിയും സൈപ്രസും തമ്മിലുള്ള ബന്ധവും മികച്ചതല്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ സൈപ്രസുമായുള്ള ബന്ധം കൂടുതല്‍ ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്താണ് സൈപ്രസിന് തുര്‍ക്കിയുമായുള്ള പ്രശ്‌നം? എങ്ങനെയാണ് തുര്‍ക്കിയും സൈപ്രസും ശത്രുക്കളായത്? ഈ പ്രശ്‌നത്തില്‍ എന്താണ് ഇന്ത്യയുടെ താത്പര്യം?

അല്പം ചരിത്രം
ധാതുസമ്പത്തിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്. തുര്‍ക്കിയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ തെക്കും സിറിയയില്‍ നിന്ന് 100 കിലോമീറ്റര്‍ പടിഞ്ഞാറും ഗ്രീസിന്റെ പ്രധാന ഭൂപ്രദേശത്തിന് 770 കിലോമീറ്റര്‍ തെക്കുകിഴക്കുമായാണ് സൈപ്രസ് സ്ഥിതി ചെയ്യുന്നത്. സിസിലി, സാര്‍ഡിനിയ എന്നിവയ്ക്ക് ശേഷം മെഡിറ്ററേനിയന്‍ കടലിലെ മൂന്നാമത്തെ വലിയ ദ്വീപാണിത്. ചെറിയ പ്രദേശമായിരുന്നിട്ടും സഹസ്രാബ്ദങ്ങള്‍ നീണ്ട സമ്പന്നവും സങ്കീര്‍ണവുമായ ഒരു ചരിത്രമാണ് സൈപ്രസിനുള്ളത്. ബിസി പതിമൂന്നാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയില്‍ ഗ്രീസില്‍നിന്നുള്ള കുടിയേറ്റമാണ് ദ്വീപിന്റെ സാംസ്‌കാരിക സ്വത്വം നിര്‍ണയിച്ചത്. അവര്‍ ഗ്രീക്ക് ഭാഷയും സംസ്‌കാരവും ദ്വീപില്‍ അവതരിപ്പിച്ചു. മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ മൂലയില്‍ സ്ഥിതി ചെയ്യുന്ന സൈപ്രസ് പിന്നീട് നിരവധി സാമ്രാജ്യങ്ങളുടെ തേരോട്ടങ്ങള്‍ക്ക് വേദിയായി. അസീറിയക്കാര്‍, ഈജിപ്തുകാര്‍, പേര്‍ഷ്യക്കാര്‍ എന്നിവര്‍ പുരാതന കാലത്ത് ദ്വീപ് പിടിച്ചടക്കി. ബിസി 333-ല്‍ അലക്‌സാണ്ടര്‍ ദ്വീപിനെ പേര്‍ഷ്യക്കാരില്‍ നിന്ന് മോചിപ്പിച്ച് തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. പിന്നീട് സൈപ്രസ് ഈജിപ്തിലെ ടോളമികളുടെ സാമ്രാജ്യത്തിന്റെ ഭാഗമായി. ബിസി 30-ല്‍ റോമാക്കാരുടെ ആധിപത്യത്തിന്‍ കീഴിലായി.
എഡി 45-ല്‍ ക്രിസ്തുമതം ആദ്യമായി ദ്വീപിലുടനീളം വ്യാപിച്ചു. എ.ഡി. 395-ല്‍ റോമന്‍ സാമ്രാജ്യത്തിന്റെ വിഭജനത്തോടെ സൈപ്രസ് ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറി. 1571-ലാണ് ദ്വീപ് ഓട്ടോമന്‍ തുര്‍ക്കികളുടെ കീഴിലാകുന്നത്. 1878-ല്‍ റഷ്യയില്‍ നിന്ന് തുര്‍ക്കിയെ സംരക്ഷിക്കാനുള്ള ബ്രിട്ടീഷ് വാഗ്ദാനത്തിന് പകരമായി ഗ്രേറ്റ് ബ്രിട്ടന്‍ സൈപ്രസ് വാടകയ്ക്കെടുക്കുന്നതുവരെ ഒട്ടോമന്‍ കാലഘട്ടം നിലനിന്നു. ബ്രിട്ടന്‍ ദ്വീപ് കൈവശപ്പെടുത്തിയെങ്കിലും നാമമാത്രമായി അത് ഒട്ടോമന്‍ പരമാധികാരത്തിന്‍ കീഴിലായിരുന്നു. 1914-ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സൈപ്രസ് പിടിച്ചടക്കി. 1923-ല്‍ ലോസാന്‍ ഉടമ്പടി പ്രകാരം തുര്‍ക്കി ദ്വീപിന്മേലുള്ള എല്ലാ അവകാശവാദങ്ങളും ഉപേക്ഷിച്ചു. 1925-ല്‍ ബ്രിട്ടന്‍ സൈപ്രസിനെ കോളനിയായി പ്രഖ്യാപിച്ചു. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷുകാരുടെ യാത്രയില്‍ സൈപ്രസ് അവര്‍ക്ക് ഒരു പ്രധാന ഇടത്താവളമായിരുന്നു. ഒപ്പം മിഡില്‍ ഈസ്റ്റിലെ എണ്ണവ്യാപാരത്തേയും അവര്‍ അവിടെനിന്ന് നിയന്ത്രിച്ചു. 1930-കളില്‍ സൈപ്രസില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ നിരവധി കലാപങ്ങള്‍ ഉണ്ടായി. പക്ഷേ, ലോകമെമ്പാടുമുള്ള മറ്റ് കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടും അവര്‍ സൈപ്രസ് ഉപേക്ഷിക്കാന്‍ തയ്യാറായില്ല.
1943-ല്‍ ബ്രിട്ടീഷുകാര്‍ സൈപ്രസില്‍ ജനാധിപത്യ സംവിധാനം അവതരിപ്പിച്ചു. പാര്‍ട്ടികള്‍ സ്ഥാപിക്കാനും കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ നടത്താനുമുള്ള അവകാശം അവര്‍ക്ക് ലഭിച്ചു. എങ്കിലും ദ്വീപിലെ ജനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മുക്തരാകാന്‍ ആഗ്രഹിച്ചു. കോളനിവത്കരണത്തിനെതിരേ അവര്‍ പ്രക്ഷോഭം ആരംഭിച്ചു. പക്ഷേ, ദ്വീപിലെ സമൂഹങ്ങള്‍ വ്യത്യസ്തമായ ആശയങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു. ഭരണം തുടരുന്നതിനായി ഇത് ബ്രിട്ടീഷുകാര്‍ സമർഥമായി ഉപയോഗിച്ചു. ഗ്രീക്ക് ഭാഷയും സംസ്‌കാരവുമുള്ള ഗ്രീക്ക്-സൈപ്രിയറ്റ് സമൂഹവും തുര്‍ക്കിഷ് സംസാരിക്കുന്ന തുര്‍ക്കിഷ്-സൈപ്രിയറ്റ് സമൂഹവുമായിരുന്നു ദ്വീപില്‍ പ്രമുഖര്‍. അതില്‍ തന്നെ ഗ്രീക്ക്-സൈപ്രിയറ്റ് സമൂഹമായിരുന്നു ജനസംഖ്യയുടെ ഭൂരിഭാഗവും. ഗ്രീസുമായി ഒന്നിക്കാന്‍ അവര്‍ ആഗ്രഹിച്ചു. തുര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന സൈപ്രിയറ്റുകള്‍ അതിനെ എതിര്‍ത്തു. ഇതിനിടെ ബ്രിട്ടീഷ് ഭരണത്തിനെതിരേ ഗ്രീക്ക് സൈപ്രിയറ്റ്‌സ് ഗറില്ലായുദ്ധം ആരംഭിച്ചു. ഗറില്ലാ പ്രസ്ഥാനമായ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സൈപ്രിയറ്റ് കോംബാറ്റന്റ്‌സ് ഗ്രീസുമായി ഏകീകരണമാണ് ആഗ്രഹിച്ചത്. എന്നാല്‍ തുര്‍ക്കി സൈപ്രിയോട്ടുകള്‍ മറ്റൊരു സംഘടന സ്ഥാപിക്കുകയും ജനസംഖ്യയുടെ വംശീയ വിഹിതത്തിന് അനുസൃതമായി രാജ്യം വിഭജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബ്രിട്ടീഷ് ഭരണകാലവും സ്വാതന്ത്ര്യവും
1950-കളില്‍ ലോകമെമ്പാടുമുള്ള കോളനികളില്‍ നിന്നും ബ്രിട്ടന്‍ പിന്മാറിത്തുടങ്ങി. പക്ഷേ, സൈപ്രസില്‍ സാന്നിധ്യം നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചു. കൊളോണിയല്‍ ഭരണത്തിനെതിരായ സായുധ വിമോചന പോരാട്ടത്തെത്തുടര്‍ന്ന്, ഗ്രീസ്, തുര്‍ക്കി, ഗ്രേറ്റ് ബ്രിട്ടന്‍ എന്നിവര്‍ ഒരു കരാറിലെത്തി. സൂറിച്ച്-ലണ്ടന്‍ കരാറുകളുടെ അടിസ്ഥാനത്തില്‍ 1960 ഓഗസ്റ്റ് 16-ന് സൈപ്രസ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി. റിപ്പബ്ലിക് ഓഫ് സൈപ്രസ് പ്രഖ്യാപിക്കപ്പെട്ടു. ഒപ്പം ഗ്രീസിനും തുര്‍ക്കിക്കും ഇടപെടാനുള്ള അവകാശം നല്‍കി. ദ്വീപില്‍ ഗ്രേറ്റ് ബ്രിട്ടന് രണ്ട് സൈനിക താവളങ്ങളും ദ്വീപില്‍ ലഭിച്ചു. 1960-ലെ ഭരണഘടന ഗ്രീക്ക് സൈപ്രിയറ്റ് സമൂഹത്തിനും ഒരു തുര്‍ക്കിഷ് സൈപ്രിയറ്റ് സമൂഹത്തിനും വ്യവസ്ഥ ചെയ്തിരുന്നു. അതേസമയം അര്‍മേനിയന്‍, മരോണൈറ്റ്, ലാറ്റിന്‍ മതവിഭാഗങ്ങള്‍ക്ക് രണ്ട് സമുദായങ്ങളില്‍ ഒന്നില്‍ ചേരാന്‍ തിരഞ്ഞെടുക്കേണ്ടിവന്നു. മൂന്ന് ഗ്രൂപ്പുകളും ഗ്രീക്ക് സൈപ്രിയറ്റ് സമൂഹത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. 1960-ലെ സെന്‍സസ് പ്രകാരം, സൈപ്രസില്‍ 572,707 ജനസംഖ്യയുണ്ടായിരുന്നു. അതില്‍ 77.1% ഗ്രീക്ക് സൈപ്രിയോട്ടുകളും 18.2% തുര്‍ക്കിഷ് സൈപ്രിയോട്ടുകളും 1.1% അര്‍മേനിയക്കാരും മരോണൈറ്റുകളും ലാറ്റിനുകളും 3.6% മറ്റുള്ളവരുമായിരുന്നു.
1960-ലെ ഭരണഘടന പ്രകാരം പ്രസിഡന്റ് ഗ്രീക്ക് വംശജരും വൈസ് പ്രസിഡന്റ് തുര്‍ക്കിഷ് വംശജരുമായ ഒരു പ്രസിഡന്‍ഷ്യല്‍ ഭരണം വ്യവസ്ഥ ചെയ്തു. കൂടാതെ, പത്തില്‍ മൂന്ന് മന്ത്രാലയങ്ങള്‍ തുര്‍ക്കിഷ് സൈപ്രിയോട്ടുകള്‍ക്കായി നീക്കിവെച്ചു. പ്രതിനിധി സഭ, സിവില്‍ സര്‍വീസ്, സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ മറ്റ് എല്ലാ മേഖലകള്‍ എന്നിവയ്ക്കും (70% ഗ്രീക്കും 30% തുര്‍ക്കിയും) ക്രമം നല്‍കിയിരുന്നു. ഗ്രീക്ക് സൈപ്രിയറ്റായ ആര്‍ച്ച് ബിഷപ്പ് മക്കാരിയോസ്, സൈപ്രസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായി തുര്‍ക്കിഷ് സൈപ്രിയറ്റ് കുസുക്ക് ആയിരുന്നു വൈസ് പ്രസിഡന്റ്. പക്ഷേ, സ്വാതന്ത്ര്യലബ്ധിക്കുശേഷവും സൈപ്രസിലെ സ്ഥിതിഗതികള്‍ അയഞ്ഞില്ല.
1963 നവംബറില്‍ പ്രസിഡന്റ് മക്കാരിയോസ്, രാജ്യത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. തുര്‍ക്കിയും തുര്‍ക്കി സൈപ്രിയോട്ട് സമൂഹത്തിന്റെ നേതൃത്വവും ഈ നിര്‍ദ്ദേശം പൂര്‍ണമായും നിരസിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി, തുര്‍ക്കി സൈപ്രിയോട്ട് മന്ത്രിമാര്‍ മന്ത്രിസഭയില്‍നിന്ന് പിന്മാറി. അതുനു പിന്നാലെ രാജ്യത്തെ സാഹചര്യം കലുഷിതമായി. 1964-ല്‍ സര്‍ക്കാരില്‍ നിന്ന് പിന്മാറി സ്വന്തമായി പ്രത്യേക എന്‍ക്ലേവുകള്‍ സ്ഥാപിച്ചു. സൈപ്രസ് സര്‍ക്കാര്‍ യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കി. യു.എന്‍. സൈപ്രസ് റിപ്പബ്ലിക്കിന്റെയും സര്‍ക്കാരിന്റെയും പരമാധികാരവും നിയമസാധുതയും സ്ഥിരീകരിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാനും സമാധാനപരമായ ഒത്തുതീര്‍പ്പിനുള്ള പ്രക്രിയ ആരംഭിക്കാനും സഹായിക്കുന്നതിന് സമാധാന സേനയെ അയക്കുകയും ചെയ്തു.

തുര്‍ക്കിയുടെ അധിനിവേശം
1974 ജൂലായ് 15-ന്, ഗ്രീസ് ഭരിച്ചിരുന്ന സൈനിക ഭരണകൂടം പ്രസിഡന്റ് മക്കാരിയോസിനെയും സൈപ്രസിലെ നിയമപരമായ സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമം നടത്തി. ദ്വീപിനെ ഗ്രീസുമായി ലയിപ്പിക്കാന്‍ ആഗ്രഹിച്ചു. പ്രസിഡന്റ് മക്കാരിയോസ് രാജ്യത്ത് നിന്ന് പലായനം ചെയ്തു. പിന്നാലെ ജൂലായ് 20-ന് തുര്‍ക്കി സൈപ്രസ് ആക്രമിച്ചു. ദ്വീപിന്റെ വടക്കന്‍ പ്രദേശത്തിന്റെ ഏകദേശം 36.2 ശതമാനം അവര്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍. ചാര്‍ട്ടറിന്റെയും കടുത്ത ലംഘനമായി ഇത് ലോകമെമ്പാടും അപലപിക്കപ്പെട്ടു. വടക്കന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന 160,000-ത്തിലധികം ഗ്രീക്ക് സൈപ്രിയോട്ടുകളെ അധിനിവേശ വടക്കന്‍ ഭാഗത്ത് നിന്ന് ബലമായി പുറത്താക്കി. അധിനിവേശം സാമ്പത്തിക രംഗത്തും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. സമ്പദ്വ്യവസ്ഥ തകര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. അധിനിവേശത്തിനുശേഷം, തുര്‍ക്കി കുടിയേറ്റക്കാരുടെ ഇറക്കുമതിയിലൂടെ അധിനിവേശ പ്രദേശത്ത് ജനസംഖ്യാപരമായ മാറ്റങ്ങള്‍ പ്രോത്സാഹിപ്പിച്ചു. കുടിയേറ്റക്കാരുടെ വലിയ ഒഴുക്ക് തുര്‍ക്കി സൈപ്രിയോട്ടുകളുടെ ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിച്ചു.
ജനങ്ങളുടെ കൈമാറ്റം 1975-ല്‍ അവസാനിച്ചു. ആ വര്‍ഷം വടക്കന്‍ പ്രദേശത്ത് തുര്‍ക്കിഷ് സൈപ്രിയോട്ടുകള്‍ സ്വതന്ത്രഭരണം സ്ഥാപിച്ചു. തുര്‍ക്കി സൈപ്രിയോട്ടുകള്‍ വടക്കന്‍ പ്രദേശവും ഗ്രീക്ക് സൈപ്രിയോട്ടുകള്‍ തെക്ക് ഭാഗവും കൈവശപ്പെടുത്തി. 1980-ല്‍ യു.എന്‍. സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിച്ചു. എന്നാല്‍ 1983 നവംബറില്‍, തുര്‍ക്കിയുടെ പിന്തുണയോടെ തുര്‍ക്കി സൈപ്രിയോട്ട് നേതൃത്വം തുര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്ത് സൈപ്രസ് എന്ന പേരില്‍ ഒരു 'സ്വതന്ത്ര രാഷ്ട്രം' പ്രഖ്യാപിച്ചു. റൗഫ് ഡെന്‍ക്റ്റാഷ് പ്രസിഡന്റായി. തുര്‍ക്കി ഒഴികെ മറ്റൊരു രാജ്യവും പുതിയ രാജ്യത്തെ അംഗീകരിച്ചില്ല. പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയങ്ങളിലൂടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഈ ഏകപക്ഷീയമായ നടപടിയെ അപലപിക്കുകയും നിയമപരമായി അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. ദ്വീപിന്റെ ഗ്രീക്ക് സൈപ്രിയറ്റ് ഭാഗം മാത്രമേ 'റിപ്പബ്ലിക് ഓഫ് സൈപ്രസ്' ആയി അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. രണ്ട് വര്‍ഷത്തിനുശേഷം തുര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്ത് സൈപ്രസിന്റെ പ്രസിഡന്റ് സൈപ്രസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല.

ദ്വീപിന്റെ വടക്കന്‍ തെക്കന്‍ പ്രദേശങ്ങള്‍ക്കിടയിലുള്ള പ്രദേശം ബഫര്‍ സോണായി തുടരുന്നു. ഇവിടെ സമാധാന സേനാംഗങ്ങള്‍ പട്രോളിങ് നടത്തുന്നു. 2003-ല്‍ തുര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്ത് സൈപ്രസ് അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. ഇതോടെ 30 വര്‍ഷത്തിനിടെ ആദ്യമായി സൈപ്രസിന്റെ വടക്കും തെക്കും തമ്മിലുള്ള അതിര്‍ത്തി തുറന്നു. 2004-ല്‍ സൈപ്രസ് യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നു. 2008-ല്‍ സൈപ്രസ് യൂറോ സ്വീകരിക്കുകയും ചെയ്തു. സൈപ്രസ് പ്രശ്‌നം പരിഹരിക്കുന്നതിനും രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കുന്നതിനുമായി 1974 മുതല്‍ ഗ്രീക്ക്, തുര്‍ക്കി സൈപ്രിയറ്റ് സമൂഹങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി നടന്ന ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഫലിച്ചിട്ടില്ല. തുര്‍ക്കിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഒരു കാരണം. എന്നാല്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തിനും പ്രശ്‌നം പ്രതിസന്ധിയാണ്. ദ്വീപിന്റെ വടക്കന്‍ ഭാഗം ഇപ്പോഴും തുര്‍ക്കി അധിനിവേശത്തിലാണെങ്കിലും മുഴുവന്‍ പ്രദേശത്തിന്റെയും മേല്‍ പരമാധികാരമുള്ള ദ്വീപിലെ ഏക നിയമാനുസൃത രാഷ്ട്രമായി സൈപ്രസ് റിപ്പബ്ലികാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ദ്വീപ് വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നു.
മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം
തുര്‍ക്കിയും പാകിസ്താനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സഖ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൈപ്രസ് സന്ദര്‍ശനം. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ആവര്‍ത്തിച്ച് പാകിസ്താനെ പിന്തുണയ്ക്കുകയും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തില്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു വിപരീതമായി, സൈപ്രസ് തീവ്രവാദത്തിനെതിരേ ശബ്ദമുയര്‍ത്തി. ഏപ്രില്‍ 22-ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം, സൈപ്രസ് അക്രമത്തെ അപലപിക്കുകയും പാകിസ്താന്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദ വിഷയം യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ ഉന്നയിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിക്കുകയും ചെയ്തു. കശ്മീരില്‍ ഇന്ത്യയുടെ നിലപാടിനെയും അവര്‍ നിരന്തരം പിന്തുണച്ചിട്ടുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ സൈപ്രസ് ഇന്ത്യയെ നിരന്തരം പിന്തുണക്കുന്നു. ഇന്ത്യയുടെ വിശ്വസനീയ സുഹൃത്തുക്കളില്‍ ഒന്നായി തുടരുന്ന അവര്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മറുവശത്ത്, തുര്‍ക്കി കശ്മീരില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, സമീപകാല ശത്രുതകളില്‍ പരോക്ഷമായി പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യയ്ക്കെതിരേ പാകിസ്താന്‍ ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കി നിര്‍മിതമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൈപ്രസിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായി നല്ല ബന്ധമുണ്ടായിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അപൂര്‍വമായേ രാജ്യത്ത് സന്ദര്‍ശനം നടത്തിയിട്ടുള്ളൂ. കഴിഞ്ഞ 40 വര്‍ഷത്തിനിടെ രണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മാത്രമാണ് സൈപ്രസ് സന്ദര്‍ശിച്ചത്, 1982-ല്‍ ഇന്ദിരാഗാന്ധിയും 2002-ല്‍ അടല്‍ ബിഹാരി വാജ്പേയിയും. അതുകൊണ്ടുകൂടിയാണ് പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം പ്രാധാന്യം അര്‍ഹിക്കുന്നതും. വളര്‍ന്നുവരുന്ന തുര്‍ക്കി-പാകിസ്താന്‍ അച്ചുതണ്ടിനെ ചെറുക്കുന്നതിനുള്ള ഒരു കണക്കുകൂട്ടല്‍ നീക്കമായാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. സൈപ്രസ് സന്ദര്‍ശിക്കുന്നതിലൂടെയും യു.എന്‍ നിയന്ത്രിത ബഫര്‍ സോണില്‍ (ഗ്രീന്‍ ലൈന്‍) പര്യടനം നടത്തുന്നതിലൂടെയും പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം നല്‍കുന്നു. ഒപ്പം ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനും സൈപ്രസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗാസ്ത്ര, ഇസ്രയേല്‍-ഇന്ത്യന്‍ കമ്പനികള്‍ സംയുക്തമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌കൈ സ്ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ വാങ്ങാനാണ് സൈപ്രസ് താത്പര്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സൈപ്രസിന് ഇന്ത്യ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ നല്‍കി സഹായിച്ചിട്ടുണ്ട്. ആയുധ കച്ചവടമടക്കം നടക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേക്കുയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Reference
Content Highlights: Narendra Modis Cyprus Visit, a geopolitical move?
Published: 19 Jun 2025, 09:40 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented