സത്യാന്വേഷണത്തിലൂന്നിയ നിരന്തരയാത്ര എന്നാണ് സത്യാഗ്രഹത്തെ ഗാന്ധിജി വിശേഷിപ്പിച്ചിട്ടുള്ളത്. അഹിംസയിലും സമാധാനത്തിലും അധിഷ്ഠിതമായ സത്യാഗ്രഹമെന്ന സമരമാർഗം ലോകത്തിന് തെളിയിപ്പിച്ച് കൊടുത്തത് നമ്മുടെ രാഷ്ട്രപിതാവാണ്. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി കഴിയുന്ന വേളയിലുണ്ടായ അദ്ദേഹത്തിന്റെ ഒരനുഭവമാണ് ഇതിന് പ്രേരകമായത്.

To advertise here,

രാജ്‌കോട്ടിൽ ഗാന്ധിജി കഴിയുന്ന കാലത്ത് അദ്ദേഹത്തിന്റെ ഏട്ടനും ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായുണ്ടായ ഒരു തർക്കം തീർക്കാൻ ഏട്ടന്റെ അഭ്യർത്ഥന പ്രകാരം ഗാന്ധിജി ഇടപെട്ടു. ആ ഉദ്യോഗസ്ഥനുമായി ഗാന്ധിജിക്ക് ഇംഗ്ലണ്ടിൽ വച്ച് പരിചയമുണ്ടായിരുന്നു. ആ പരിചയം മുതലാക്കാനാണ് ഗാന്ധിജി ശ്രമിക്കുന്നതെന്നാരോപിച്ച് പൊളിറ്റിക്കൽ ഏജന്റാകുന്ന ആ സായിപ്പ് ഗാന്ധിജിയെ തന്റെ ഓഫീസിൽ നിന്ന് ശിപായിയെക്കൊണ്ട് ബലമായി ഇറക്കിവിട്ടു.

ഈ സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് കോടതികളിലുള്ള ഗാന്ധിജിയുടെ പ്രാക്ടീസ് വെല്ലുവിളി നിറഞ്ഞതായി. സ്വന്തം കക്ഷികളുടെ കേസ്സുകളിൽ പിന്നീട് അദ്ദേഹത്തിന് പരിമിതികളുണ്ടായി. അവർക്ക് നീതി നടപ്പാക്കിക്കൊടുക്കാൻ സാധിക്കാത്ത ഘട്ടം വന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് ഏറ്റുമുട്ടുന്നതും അക്കാലത്ത് ഗുണകരമാവില്ലെന്ന് ഗാന്ധിജി തിരിച്ചറിയുകയും ചെയ്തു.

ഈ സമയത്താണ് ഗാന്ധിജിയുടെ ഏട്ടന് ദക്ഷിണാഫ്രിക്കയിൽ കച്ചവടം നടത്തുന്ന മേമൻ വിഭാഗത്തിൽ നിന്നൊരു കത്ത് കിട്ടിയത്. അവർക്ക് ദക്ഷിണാഫ്രിക്കയിൽ ഒരു കേസുണ്ടെന്നും നാല്പതിനായിരം പവൻ ലഭിക്കേണ്ട ആ കേസിന്റെ വക്കീലന്മാരെ സഹായിക്കാൻ അനിയനെ ദക്ഷിണാഫ്രിക്കയിലേക്കയക്കാമോ എന്ന് ചോദിച്ചുമായിരുന്നു ദാദാ അബ്ദുള്ള ആന്റ് കമ്പനിയുടെ കത്ത്. ഈ അവസരം ഗാന്ധിജി ഉപയോഗപ്പെടുത്തി. കമ്പനിയുടെ ഒരു പങ്കാളിയായിരുന്ന സേട്ട്് അബ്ദുൾകരിം ജാവേരിക്ക് ഗാന്ധിജിയെ ഏട്ടൻ പരിചയപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാചെലവിന് പുറമെ നൂറ്റഞ്ച് പവനും വാഗ്ദാനം ചെയ്ത കമ്പനിയുടെ ക്ഷണം ഗാന്ധിജി സ്വീകരിച്ചു.

1893 ഏപ്രിൽ മാസത്തിലായിരുന്നു ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്ര. ബോംബെയിൽ നിന്ന് കപ്പൽ മാർഗ്ഗം പോവാൻ ടിക്കറ്റ് ലഭിക്കാതെ ഗാന്ധിജി കപ്പലിലെ ചീഫ് ഓഫീസറുടെ ക്യാബിൻ ബർത്തിലാണ് അന്ന് യാത്ര ചെയ്തത്. ലാമു, മൊംബാസ, സാൻസിബാർ മുതലായ തുറമുഖങ്ങളിലൂടെയായിരുന്നു കപ്പൽ യാത്ര. സാൻസിബാറിൽ പത്തുദിവസത്തോളം തങ്ങേണ്ടിയുംവന്നു. അവിടെ വച്ച് മറ്റൊരു കപ്പലിലേക്ക് മാറുകയും ചെയ്തു. സാൻസിബാറിൽ പട്ടണത്തിൽ മുറിയെടുത്തായിരുന്നു ഒരാഴ്ച താമസം. ഈ പ്രദേശം ഏറെ സസ്യലതാദികൾ നിറഞ്ഞതായിരുന്നു. ഈ ദേശത്തെ ഗാന്ധിജി മലബാറിനോടാണ് സാമ്യപ്പെടുത്തിയിരിക്കുന്നത്. സാൻസിബാറിലെ ചില അനിഷ്ട സംഭവങ്ങൾ അദ്ദേഹത്തിൽ ഈശ്വരവിശ്വാസം വർദ്ധിപ്പിച്ചതായും പറയുന്നു. ലക്ഷ്യസ്ഥാനമായ നെറ്റാളിലെ ഡർബാനിൽ പിന്നീട് ഗാന്ധിജി എത്തി. ഡർബാൻ, നെറ്റാൽ തുറമുഖം എന്നും അറിയപ്പെടുന്നു. അവിടെ അബ്ദുള്ള സേട്ട് ഗാന്ധിജിയെ സ്വീകരിക്കാനെത്തിയിരുന്നു. സേട്ടുമായുള്ള അടുപ്പം പിന്നീട് ഇസ്ലാമിക സാഹിത്യവുമായി കൂടുതൽ അടുക്കാൻ ഗാന്ധിജിയെ സഹായിച്ചു.

കേസിന്റെ ആവശ്യാർത്ഥം പിന്നീട് പ്രിട്ടോറിയയിലേക്ക് പോവാൻ അബ്ദുള്ള സേട്ട് ഗാന്ധിജിയോട് നിർദേശിച്ചു. ഡർബാനിൽ നിന്ന് ഒരാഴ്ചക്ക് ശേഷം ഗാന്ധിജി ട്രെയിൻ മാർഗ്ഗം പ്രിട്ടോറിയയിലേക്ക് പോവാൻ തീരുമാനിച്ചു

1893 ജൂൺ ഏഴിനായിരുന്നു ഗാന്ധിജിയുടെ ജീവിതത്തിലെ വർണ വിവേചനത്തിലധിഷ്ടിതമായ ഏറ്റവും വലിയ തിരിച്ചടി നേരിട്ട സംഭവം. ഈ സംഭവമാണ് അഹിംസ, സമാധാനം എന്നിവയിൽ ഉറച്ചു നിന്നുകൊണ്ടുള്ള സത്യാഗ്രഹമെന്ന സമരമാർഗം ലോകത്തിന് പ്രയോഗത്തിലൂടെ പരിചയപ്പെടുത്താൻ ഗാന്ധിജിക്ക് പ്രേരകമായത്.

ഡർബാനിൽ നിന്ന് ഒന്നാം ക്ലാസ് ടിക്കറ്റിൽ പ്രിട്ടോറിയയിലേക്കുള്ള യാത്രക്കിടയിൽ നൊറ്റാളിന്റെ തലസ്ഥാനമായ പീറ്റർ മാരിറ്റ്‌സ് ബർഗിൽ രാത്രി ഒൻപത് മണിയോടെ ട്രെയിനെത്തി. ഒന്നാം ക്ലാസിൽ യാത്ര ചെയ്യുന്ന ഗാന്ധിജിയെ കണ്ട റെയിൽവെ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് ആ കമ്പാർട്ട്‌മെന്റിൽ യാത്രചെയ്യാനൊക്കില്ല എന്ന് പറഞ്ഞു. മുന്നിലുള്ള ജനറൽ കമ്പാർട്ട്‌മെന്റിലേക്ക് മാറണമെന്നാവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഒന്നാം ക്ലാസ് ടിക്കറ്റുള്ളതിനാൽ മാറാൻ ഒരുക്കമല്ലെന്ന് ഗാന്ധിജി പറഞ്ഞു. ഉടൻ പോലീസിനെ വിളിച്ചു വരുത്തി ബലമായി ഗാന്ധിജിയെ ട്രെയിനിൽ നിന്നിറക്കി വിട്ടു. സാധനങ്ങളും പുറത്തേക്കെറിഞ്ഞു. ട്രെയിൻ പോയി. കൈസഞ്ചിയുമായി ഗാന്ധിജി വെയ്റ്റിങ്ങ് റൂമിൽ ചെന്നിരുന്നു. കൊടും തണുപ്പായിരുന്നു. ചുറ്റും ഇരുട്ടും. തണുപ്പകറ്റാനുള്ള മേൽക്കുപ്പായം ഗാന്ധിജിയുടെ ലഗേജിനകത്ത് റെയിൽവേ പ്ലാറ്റ്‌ഫോമിൽ കിടന്നു. വീണ്ടും അവഹേളിക്കപ്പെടുമെന്നതിനാൽ അത് അദ്ദേഹം ചോദിച്ചതുമില്ല.

റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ സമയത്ത് പലരും ഗാന്ധിജിക്ക് സമീപം വന്ന് സമാന അനുഭവങ്ങൾ അദ്ദേഹത്തോട് പങ്കു വെച്ചു വർണ്ണവെറിയെക്കുറിച്ച്. അദ്ദേഹത്തെ ഏറെ ബോധവാനാക്കിയത് ഈ ട്രെയിൻ അനുഭവമായിരുന്നു. ഒന്നുകിൽ എല്ലാം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിപ്പോരുക. അല്ലെങ്കിൽ ഈ വിവേചനത്തിനെതിരെ പോരാടുക. മാരിറ്റ്‌സ്ബർഗിൽ നിന്ന് മറ്റൊരു ട്രെയിനിൽ ഗാന്ധിജി ചാൾസ് ടൗണിലേയ്ക്ക് യാത്രയായെങ്കിലും വർണ്ണ വിവേചനത്തിനെതിരെ അഹിംസയിലധിഷ്ഠിതമായ സത്യാഗ്രഹമെന്ന സമരമാർഗ്ഗം രൂപപ്പെടുത്തിയെടുക്കാൻ ഗാന്ധിജിക്ക് ട്രെയിൻ അനുഭവം പ്രേരകമായി.

ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരിറ്റ്‌സ്ബർഗിൽ ഗാന്ധി പ്രതിമ, സ്മരണ പുതുക്കി നിലനിൽക്കുന്നു. 1915 ൽ 21 വർഷത്തെ ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി എന്നെന്നേക്കുമായി ഇന്ത്യയിലേക്ക് തിരിച്ചു പോരുകയും ചെയ്തു. താൻ വിഭാവനം ചെയ്ത് വികസിപ്പിച്ചെടുത്ത സത്യാഗ്രഹമെന്ന സമരപദ്ധതി തുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം പ്രയോഗത്തിലാക്കുകയും ചെയ്തു.