
'എല്ലാ പൗരന്മാർക്കും മേൽ രാജ്യം സുരക്ഷിതത്വത്തിന്റെ പുതപ്പ് വിരിക്കും. ഇന്ത്യ അതിന്റെ ആകാശങ്ങളെ സംരക്ഷിക്കും, അതിർത്തികളെ കാക്കും, പ്രതിരോധം സുസജ്ജമാക്കും... അതിന്റെ പേര് 'മിഷൻ സുദർശൻ ചക്ര'.. അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രതിരോധ സംവിധാനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിക്കൊണ്ട് സ്വാതന്ത്ര്യദിന പുലരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. 2035നുള്ളിൽ ഇന്ത്യ രാജ്യത്ത് നടപ്പാക്കുന്ന ബൃഹത്തായ സംവിധാനത്തെ കുറിച്ചാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. ഇന്ത്യയുടെ പ്രതിരോധനിരയിലെ ശക്തനാകാനുള്ള ഒരുക്കങ്ങളിലാണ് ഈ സംവിധാനമുള്ളത്. ആരംഭഘട്ടത്തിലായതിനാലും അതീവ രഹസ്യസ്വഭാവമുള്ളതിനാലും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ സംവിധാനത്തെ കുറിച്ചും അതിന്റെ ഫലപ്രാപ്തിയെ കുറിച്ചും സാധ്യതകളെ കുറിച്ചുമുള്ള നിരവധി സംശയങ്ങളും ഉയരുന്നുണ്ട്.
എന്താണ് ഈ ദൗത്യം?
രാജ്യത്തെ എല്ലാ പൊതുസ്ഥലങ്ങളേയും സംരക്ഷിക്കുന്ന സുരക്ഷാകവചമാണിത്. പുരാണകഥാപാത്രമായ കൃഷ്ണന്റെ കൈവശമുണ്ടായിരുന്ന വജ്രായുധം. ഈ സുദർശന ചക്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനത്തിന് അതേ പേര് നൽകിയത്. ഏത് രീതിയിലാണ് സുദർശൻ ചക്ര ദൗത്യം നടപ്പിലാക്കുകയെന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ഇസ്രയേലിന്റെ അയൺ ഡോം മാതൃകയിലുള്ള വ്യോമപ്രതിരോധ സംവിധാനമായേക്കാം ഇതെന്ന് റിപ്പോർട്ടുകളുണ്ട്.
വൈദ്യുത നിലയങ്ങൾ, റെയിൽവേ, തുറമുഖങ്ങൾ, ആശുപത്രികൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും നഗരങ്ങളെയും സൈനിക താവളങ്ങളെയും വിവിധതരം വ്യോമാക്രമണ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് ഇത് നിർമിക്കുന്നത്. ഇന്ത്യയിൽ നിലവിലുളള ചെറുകിട വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി സംയോജിപ്പിക്കാൻ കഴിയുന്ന വിധത്തിലാവും ഈ സംവിധാനം ക്രമീകരിക്കുകയെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വിദഗ്ദധർ വിലയിരുത്തുന്നത്.
രാജ്യത്തെ ലക്ഷ്യം വെച്ച് വരുന്ന മിസൈലുകൾ, ഡ്രോണുകൾ, ഷെല്ലുകൾ, ആയുധങ്ങളടങ്ങിയ ആളില്ലാ വിമാനങ്ങൾ, തുടങ്ങിയവയെ പ്രതിരോധിക്കാനും നിർവീര്യമാക്കാനുമായി റഡാറുകളുടേയും കമാൻഡുകളുടേയും കൺട്രോൾ സെന്ററുകളുടേയും ഇന്റർസെപ്റ്റർ മിസൈലുകളുടേയും ദേശവ്യാപക നെറ്റ്‌വർക്ക് കെട്ടിപ്പടുക്കുകയാണ് സുദർശൻ ചക്ര ദൗത്യത്തിലൂടെ ചെയ്യുക. പുതിയ കാലത്തെ സാങ്കേതികവിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ചേർത്താണ് ഇത് നടപ്പിലാക്കുകയെന്ന് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ഒരു മൾട്ടി ലെയർ സ്ട്രാറ്റജിയാണ് ഈ ദൗത്യം. ഇന്ത്യയിൽ നിലവിൽ ഉപയോഗത്തിലുള്ള ആകാശ് മിസൈലുകൾ, എസ്-400, ക്യൂആർ-എസ്എഎം എന്നിവയും ലേസർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർസെപ്റ്ററുകളും ഈ സംവിധാനത്തിന്റെ ഭാഗമാവും. ഷോർട്ട്, മീഡിയം,ലോങ് റേഞ്ച് മിസൈലുകളുടെ ഭീഷണി തടുക്കാൻ ഈ ലേസർ പ്രതിരോധ സംവിധാനത്തിന് സാധിക്കും. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഒപ്പം സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ ഈ സുരക്ഷാപ്രതിരോധകവചം സജ്ജമാക്കുക.
ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ഇസ്രയേലിന്റെ അയൺ ഡോമുമായി താരതമ്യം ചെയ്തുകൊണ്ടുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇസ്രയേലിന്റെ അയൺ ഡോം ഹ്രസ്വദൂര റോക്കറ്റ്, മോർട്ടാർ ആക്രമണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ദീർഘദൂര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെയുള്ള വളരെ വിപുലമായ ഭീഷണികളെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതായിരിക്കും ഇന്ത്യയുടെ സംവിധാനം. പാകിസ്താന്റേയും ചൈനയുടേയും തുടങ്ങി വ്യത്യസ്തമായ ദിശകളിൽ നിന്നും ഭൂപ്രദേശങ്ങളിൽ നിന്നുമുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതടക്കമുള്ള ലക്ഷ്യങ്ങളാണ് ഇതിനുള്ളത്.
എന്തുകൊണ്ട് സുദർശൻചക്ര?
ഇന്ത്യ അഭൂതപൂർവമായ സുരക്ഷാ ഭീഷണികളാണ് ഈ അടുത്തകാലത്തായി നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെയാണ് മിഷൻ സുദർശൻ ചക്രയും നിർണായകമാകുന്നത്. കേവലം തന്ത്രപരം എന്നതിലുപരി രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാവുകയാണ് ഇത്തരം പ്രതിരോധ സംവിധാനങ്ങൾ. രാജ്യസുരക്ഷ അപകടത്തിലാക്കുംവിധമുള്ള സമീപകാല സംഭവങ്ങൾ ഈ സമഗ്രമായ പ്രതിരോധ സംരംഭത്തിന്റെ അടിയന്തിര പ്രാധാന്യം അടിവരയിടുകയും ചെയ്യുന്നുണ്ട്.
1. സുരക്ഷാ പ്രകോപനങ്ങൾ
ഭാവിയിൽ ഒരു സൈനിക ഏറ്റുമുട്ടലുണ്ടായാൽ, ഗുജറാത്തിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജാംനഗർ റിഫൈനറി ഉൾപ്പെടെയുള്ള ഇന്ത്യൻ ആസ്തികളെ ലക്ഷ്യമിടുമെന്ന് പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ സൂചന നൽകിയതായി റിപ്പോർട്ടുകൾ വന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് സുദർശൻ ചക്ര സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം വന്നത്. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ഇത്തരം നേരിട്ടുള്ള ഭീഷണികൾ സുരക്ഷാപരമായി ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലിന്റെ ദുർബലാവസ്ഥയെയും ശക്തമായ സംരക്ഷണ നടപടികളുടെ ആവശ്യകതയെയും എടുത്തു കാണിക്കുകയാണ്.
2. വർധിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ
ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണവും, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സൈനിക താവളങ്ങൾ, യുദ്ധവിമാനങ്ങൾ, നഗരങ്ങൾ എന്നിവ ലക്ഷ്യമിട്ട് പാകിസ്താൻ ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണങ്ങളും ആധുനിക ഭീഷണികളുടെ ബഹുമുഖ സ്വഭാവമാണ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നിലവിലുള്ള സംവിധാനങ്ങൾ ഈ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞെങ്കിലും, അത്തരം ശ്രമങ്ങളുടെ ആവർത്തനവും സങ്കീർണതയും കൂടിവരികയാണ്. കൂടുതൽ സമഗ്രവും വിശാലവുമായ ഒരു സംവിധാനം വേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
3. മാറുന്ന ഭീഷണികളും സ്വഭാവങ്ങളും
ആധുനിക യുദ്ധമുറകൾ പരമ്പരാഗത മിസൈൽ ആക്രമണങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നവയാണ്. സൈബർ യുദ്ധം, ഡ്രോൺ ആക്രമണങ്ങൾ, ഹൈപ്പർസോണിക് ആയുധങ്ങൾ, പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിയുന്ന ബഹുമുഖ ആക്രമണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഇന്നത്തെ ഭീഷണികൾ. പാകിസ്താൻ അടുത്തിടെ നേടിയെടുത്ത നൂതന മിസൈൽ സാങ്കേതികവിദ്യയും മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സൈനികശേഷിയും മുന്നറിയിപ്പാണ്. ഭാഗികമായ സംരക്ഷണമല്ല, പൂർണ സജ്ജമായ സംരക്ഷണമാണ് രാജ്യത്തിന് വേണ്ടത്.
4. ആസ്തികളുടെ സംരക്ഷണം
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാൻ ഒരുങ്ങുകയാണ്. വ്യാവസായിക ഇടനാഴികൾ, സാമ്പത്തിക കേന്ദ്രങ്ങൾ, സാങ്കേതിക കേന്ദ്രങ്ങൾ എന്നിവയെ സംരക്ഷിക്കുന്നത് പരമപ്രധാനമാണ്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച രാജ്യത്ത് വിലയേറിയ നിരവധി ലക്ഷ്യസ്ഥാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബെംഗളൂരുവിലെയും ഹൈദരാബാദിലെയും ടെക് ഹബ്ബുകൾ മുതൽ ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വ്യാവസായിക സമുച്ചയങ്ങൾ വരെ അതിലുൾപ്പെടുന്നു. ഇവയിൽ ഏതിനെ ലക്ഷ്യം വെച്ചാലും അത് വലിയ നഷ്ടമാണ് ഇന്ത്യയ്ക്ക് നൽകുക. ഈ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്നുണ്ടാകാവുന്ന സാമ്പത്തിക നാശനഷ്ടം ഇന്ത്യയുടെ വികസനത്തെ പതിറ്റാണ്ടുകളോളം പിന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ട്.
5. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ദുർബലത
ദേശീയ സുരക്ഷയ്ക്കും അതിർത്തി സംരക്ഷണത്തിനും വെല്ലുവിളി ഉയർത്തുന്ന രണ്ടോ അതിലധികമോ രാജ്യങ്ങളുമായി ഇന്ത്യ വിശാലമായ അതിർത്തി പങ്കിടുന്നുണ്ട്. ഇതിനൊപ്പം വിപുലമായ തീരപ്രദേശവും നമുക്കുണ്ട്. ഇത് ഒരേസമയം നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. പരമ്പരാഗത പ്രതിരോധ സംവിധാനങ്ങൾക്ക് ഇത്രയും വിസ്തൃതമായ പ്രദേശം ഫലപ്രദമായി സംരക്ഷിക്കാൻ കഴിയില്ല. അതിനാൽ കൂടുതൽ മെച്ചപ്പെട്ട, നവീനമായ സംവിധാനങ്ങൾ ഇന്ത്യ സ്വായത്തമാക്കേണ്ടതുണ്ട്.
6. പ്രതിരോധം വർധിപ്പിക്കുക
ഒരു സമഗ്ര മിസൈൽ പ്രതിരോധ സംവിധാനം രാജ്യത്തിന്റെ കരുത്ത് വിളിച്ചോതും. ആക്രമണങ്ങൾ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയുമ്പോൾ ശത്രുപക്ഷത്തുനിന്നുള്ള ആക്രമണസാധ്യത കുറയും. ഒപ്പം സാങ്കേതിക സ്വാശ്രയത്വത്തിലേക്ക് കൂടിയാണ് രാജ്യമെത്തുന്നത്. തദ്ദേശീയമായ കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ നിർണായക നിമിഷങ്ങളിൽ പിന്തുണ പിൻവലിച്ചേക്കാവുന്ന വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
പരിഹാരം സുദർശൻ ചക്രമോ?
രാജ്യത്തെ പൗരന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനായി അതിവിപുലമായ സുരക്ഷാ ശൃംഖലയാണ് സുദർശൻ ചക്ര ഒരുക്കുക. അതിനായി നിരീക്ഷണങ്ങൾ, സൈബർ സുരക്ഷ, ഭൗതിക പ്രതിരോധം എന്നിവ സംയോജിപ്പിക്കും. പൂർണമായും ഇന്ത്യയിൽ ഗവേഷണം നടത്തിയാണ് ഈ സംവിധാനം നിർമിക്കുക. കൃത്യമായ പ്രത്യാക്രമണശേഷിയും, ഹാക്കിംഗ്, ഫിഷിംഗ് പോലുള്ള സൈബർ ഭീഷണികളെ നേരിടാനുള്ള സംവിധാനങ്ങളും ഇതിലുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര, പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ, സൈന്യം, സ്വകാര്യ മേഖലയിലെ ഗവേഷകർ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് വികസിപ്പിക്കുന്നത്. ഉയർന്ന കാര്യക്ഷമതയ്ക്ക് പേരുകേട്ട, എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഇസ്രയേലിന്റെ അയൺ ഡോമിന് സമാനമായിരിക്കാം ഇതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട സംയോജിത എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം ഇന്ത്യയിൽ ഇതിനകം നിലവിലുണ്ടെങ്കിലും, മിഷൻ സുദർശൻ ചക്രം പരമ്പരാഗത മിസൈൽ പ്രതിരോധത്തിനപ്പുറം, മാറിക്കൊണ്ടിരിക്കുന്ന ഭീഷണികളെ നേരിടാൻ സമഗ്രവും ബഹുമുഖവുമായ ഒരു സുരക്ഷാ തന്ത്രമായിരിക്കും നൽകുക. 2035-ഓടെ ഇന്ത്യയുടെ ദേശീയ സുരക്ഷാ കവചം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും നവീകരിക്കാനും ആഗ്രഹിക്കുന്നുവെന്നാണ് ചെങ്കോട്ടയിൽ നിന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞത്.
ഇന്ത്യയുടെ പ്രതിരോധ ഉത്പാദനത്തിന്റെ നിലവിലെ അവസ്ഥയെന്താണ്?
ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 2024-25 സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഇത് കഴിഞ്ഞ വർഷത്തെ 1.27 ലക്ഷം കോടി രൂപയേക്കാൾ 18 ശതമാനവും, 2019-20 സാമ്പത്തിക വർഷത്തിലെ 79,071 കോടി രൂപയേക്കാൾ ഏകദേശം 90 ശതമാനവും കൂടുതലാണ്. ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ ഏറുകയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 23,622 കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. 2029-ഓടെ വാർഷിക പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിൽ എത്തിച്ച് ആഗോള വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നു. വ്യോമതാവളങ്ങൾ, സൈനിക ക്യാമ്പുകൾ, ഭീകര ക്യാമ്പുകൾ എന്നിവയുൾപ്പെടെയുള്ള പാകിസ്താന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂറിലെ പ്രധാന പങ്കിനുശേഷം ബ്രഹ്‌മോസ് മിസൈലിന്റെ ആവശ്യം കുത്തനെ ഉയർന്നിട്ടുണ്ട്.
സുദർശൻ ചക്രയിലൂടെ സമഗ്ര പ്രതിരോധം അസാധ്യമോ?
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം (defence Production) 1.5 ലക്ഷം കോടി രൂപയാണ്. റെക്കോർഡ് തുകയാണിത്. ഇത് കഴിഞ്ഞ വർഷത്തെ 1.27 ലക്ഷം കോടി രൂപയേക്കാൾ 18 ശതമാനം കൂടുതലും 2019-20 സാമ്പത്തിക വർഷത്തിലേതിനേക്കാൾ ഏകദേശം 90 ശതമാനവും കൂടുതലാണ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സംവിധാനങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാരും കൂടിവരികയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 23,622 കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. 2029-ഓടെ വാർഷിക പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിൽ എത്തിച്ച് ആഗോള വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം വർധിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വ്യോമതാവളങ്ങൾ, സൈനിക ക്യാമ്പുകൾ, ഭീകര ക്യാമ്പുകൾ എന്നിവയുൾപ്പെടെയുള്ള പാകിസ്താൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂരിലെ പ്രധാന പങ്കിന് ശേഷം ബ്രഹ്‌മോസ് മിസൈലിന്റെ ആവശ്യം ആഗോളതലത്തിൽ കുത്തനെ ഉയർന്നിട്ടുണ്ട്. പ്രതിരോധമേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നതിനിടെയാണ് സമഗ്രസുരക്ഷ ലക്ഷ്യമിട്ടുള്ള സുദർശൻ ചക്ര ദൗത്യവും രാജ്യം മുന്നോട്ടുവെയ്ക്കുന്നത്. എന്നാൽ ഈ പ്രതിരോധ കവചത്തിന്റെ സാങ്കേതികതയും പ്രായോഗികതയും ചോദ്യം ചെയ്യപ്പെടാൻ ആരംഭിച്ചിട്ടുണ്ട്.
1980-കൾ മുതൽ മിസൈൽ പ്രതിരോധത്തിൽ 200 ബില്യൺ ഡോളറിലധികം നിക്ഷേപിച്ച അമേരിക്കയ്ക്ക് പോലും ഉത്തര കൊറിയൻ ഭീഷണികൾക്കെതിരെ പൂർണ പ്രതിരോധം തീർക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല, റഷ്യയുടേയും ചൈനയുടേയും ഭീഷണികൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള സുരക്ഷാസ്ഥിതിയിലേക്ക് അമേരിക്ക എത്തിയിട്ടുമില്ല. പതിറ്റാണ്ടുകളായി വികസനം നടത്തിയിട്ടും ഒരു രാജ്യവും വിശ്വസനീയമായ രാജ്യവ്യാപക മിസൈൽ പ്രതിരോധ കവറേജ് നേടിയിട്ടില്ല. അയൺ ഡോം പോലുള്ള വ്യാപക പ്രതിരോധ കവറേജ് ഉള്ള ഇസ്രയേലിനും പരിമിതിമായ പ്രതിരോധ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തുന്നത്.
ഇന്ത്യയുടെ തദ്ദേശീയ അഡ്വാൻസ്ഡ് എയർ ഡിഫൻസ് (എഎഡി), പൃഥ്വി ഡിഫൻസ് വെഹിക്കിൾ (പിഡിവി) ഇന്റർസെപ്റ്റർ മിസൈലുകൾ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾക്കെതിരെ വെറും 15,0300 കിലോമീറ്റർ പരിധി മാത്രമേ നൽകുന്നുള്ളൂ. 3.3 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ 1.4 ബില്യൺ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇത് സ്‌കെയിൽ ചെയ്യുന്നതിന് നൂറുകണക്കിന് ഇന്റർസെപ്റ്റർ ബാറ്ററികൾ ആവശ്യമായി വരും.
സമഗ്രമായ കവറേജിനായി, ഇന്ത്യ S400 ട്രയംഫ് പോലുള്ള ഇറക്കുമതി ചെയ്ത സിസ്റ്റങ്ങളെ ആകാശ് മിസൈൽ പോലുള്ള തദ്ദേശീയ സിസ്റ്റങ്ങളുമായി സംയോജിപ്പിക്കേണ്ടതുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തിന്റെ നിർമാണ രഹസ്യവുമായി ചേരാൻ സാങ്കേതിക തടസ്സങ്ങളുണ്ട്. ഇന്റർസെപ്റ്റർ മിസൈലുകൾ, ട്രാക്കിംഗ് റഡാറുകൾ, ഫയർ കൺട്രോൾ സിസ്റ്റങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവ പോലുള്ള പ്രത്യേക സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിന്റെ സങ്കീർണതകൾ മറികടക്കാൻ ഇതുവരെ സങ്കേതിക പുരോഗതി നേടിയ രാജ്യങ്ങൾക്ക് പോലും സാധിച്ചിട്ടില്ല. പതിറ്റാണ്ടുകളായി പരിഷ്‌കരിച്ചിട്ടുകൂടി അമേരിക്കൻ ഏജിസ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വിജയനിരക്ക് 80 ശതമാനത്തിൽ നിന്ന് ഉയർത്താൻ അമേരിക്കൻ പ്രതിരോധസേനയ്ക്ക് സാധിച്ചിട്ടില്ല. ഇലക്ട്രോണിക് യുദ്ധവും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളുമുള്ള യുദ്ധസാഹചര്യങ്ങളിൽ ഇത് വീണ്ടും കുറയും.
മറ്റൊരു വെല്ലുവിളിയാണ് ഹൈപ്പർസോണിക് ചലഞ്ച്. പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനത്തെ കാലഹരണപ്പെടുത്തുന്നതാണ് ഹൈപ്പർസോണിക് ആയുധങ്ങൾ ഉയർത്തുന്ന വെല്ലുവിളി. ചൈനയുടെ DF-ZF ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനം മാക് 5-ൽ(3,881 mph or 6,244 km/h)കൂടുതൽ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഇതിന്റെ ദിശയോ ലക്ഷ്യമോ മുൻകൂട്ടി തിരിച്ചറിയാൻ കഴിയില്ല, പറക്കലിന്റെ ഇടയിൽ ദിശ മാറ്റാനും സാധിക്കും. നിലവിലെ റഡാർ സംവിധാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ കഴിയുന്നതിലും താഴ്ചയിലും ഉയരത്തിലും ഹൈപ്പർസോണിക്കുകൾക്ക് സഞ്ചരിക്കാൻ സാധിക്കും.
പാകിസ്താൻ ചൈനയുടെ സഹായത്തോടെ സ്വന്തം ഹൈപ്പർസോണിക് കഴിവുകൾ വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. അബാബീൽ മീഡിയം-റേഞ്ച് ബാലിസ്റ്റിക് മിസൈലിൽ ഇതിനകം തന്നെ ഒന്നിലധികം ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എംഐആർവി) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്,ഇത് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ പ്രത്യേകം രൂപകൽപന ചെയ്തവയാണ്. ഇന്ത്യയാവട്ടെ ഇതുവരെ വിജയകരമായ ഒരു ഹൈപ്പർസോണിക് അഭ്യാസം നടത്തിയിട്ടില്ല. ഹൈപ്പർസോണിക് ഇന്റർസെപ്റ്ററുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണഘട്ടത്തിലാണ് ഡിആർഡിഒ.
ദേശവ്യാപക പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് മറ്റൊരു വശം. ഇന്ത്യയിലെ പ്രധാന ജനസാന്ദ്രത കേന്ദ്രങ്ങളിൽ പൂർണമായി വിന്യസിക്കുന്നതിന് പ്രാരംഭ നിക്ഷേപമായി ചുരുങ്ങിയത് 1520 ബില്യൺ ഡോളർ എങ്കിലും ആവശ്യമായി വരുമെന്നും വാർഷിക പ്രവർത്തന ചെലവ് 3 ബില്യൺ ഡോളറിൽ കൂടുതലാകുമെന്നുമാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ ഇന്റർസെപ്ഷനും ഭീമമായ ചിലവുകളാണുണ്ടാക്കുക. തുടർച്ചയായ മിസൈൽ ആക്രമണങ്ങളിലൂടെ ഇന്ത്യയുടെ ഈ ബജറ്റ് താളം തെറ്റിക്കാനും എതിരാളികൾക്ക് കഴിഞ്ഞേക്കാം. റഷ്യ യുക്രൈനിൽ നടത്തിയ ആക്രമണങ്ങളാണ് ഇതിനൊരു ഉദാഹരണം. താരതമ്യേന വിലകുറഞ്ഞ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് തുടർച്ചയായ ആക്രമണങ്ങളിലൂടെ റഷ്യൻ സൈന്യം യുക്രൈനിയൻ പാട്രിയറ്റ് സംവിധാനങ്ങളുടെ ഫലപ്രാപ്തി കുറച്ചിരുന്നു. ഇതോടെ യുക്രൈന്റെ പാട്രിയറ്റ് മിസൈൽ സ്റ്റോക്കുകൾ അതിവേഗം തീർന്നു. ഓരോ ഇന്റർസെപ്റ്ററിനും 3 മില്യൺ ഡോളറിൽ കൂടുതലാണ് വിലവരുന്നത്. അതേസമയം വെറും 20,000 ഡോളർ വിലയുള്ള റഷ്യൻ ഷാഹെദ് ഡ്രോണുകളെയാണ് അത് നേരിട്ടത്. വലിയ ആക്രമണങ്ങളുണ്ടാവുമ്പോൾ അതിനെ പ്രതിരോധിക്കാൻ പാട്രിയറ്റിന് സാധിക്കാതെ വരുന്നു. തുടർച്ചയായ ആക്രമണങ്ങളിൽ വികസിത പാശ്ചാത്യ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പോലും സാമ്പത്തികമായി സുസ്ഥിരമല്ലാതാവുകയാണ് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തെ ഇന്ത്യയും മുന്നിൽ കാണേണ്ടതുണ്ട്.
ഇന്ത്യയുടെ പ്രതിരോധ ചെലവ് നിലവിൽ ജിഡിപിയുടെ 2.4% ആണ്. എന്നാൽ ചൈന, റഷ്യ പോലുള്ള രാജ്യങ്ങളുടെ ചെലവും നീക്കിയിരിപ്പും ഇതിലും എത്രയോ കൂടുതലാണ്. മിഷൻ സുദർശൻ ചക്ര ഒരുവശത്ത് സജ്ജമാവുമ്പോൾ മറുവശത്ത് നൂതനമായ സാങ്കേതിക വിദ്യകളുടെ കൈമാറ്റം ചൈനയും പാകിസ്താനും തമ്മിൽ നടക്കാനിടയുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി വിപുലമായ സൈനിക സാങ്കേതിക വിദ്യാ കൈമാറ്റങ്ങൾക്ക് സൗകര്യമൊരുക്കും. രാജ്യങ്ങളും പ്രതിരോധത്തിനായി ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതും സജ്ജമാക്കുന്നതും ഒരു ആയുധ മത്സരത്തിനും കളമൊരുക്കും. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സംവിധാനത്തിലേക്ക് ഇന്ത്യ കൂടുതൽ ചെലവഴിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഇതിനോടകം ഉയർന്നുകഴിഞ്ഞു. ആണവ, മിസൈൽ പദ്ധതികളുമായി ബന്ധപ്പെട്ട ഗണ്യമായ ചെലവുകൾ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ ചെലവ് വർധിപ്പിച്ചേക്കാം. കരയിലെ സുരക്ഷയ്‌ക്കൊപ്പം നാവിക സേനയുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സൈബർ സുരക്ഷ വർധിപ്പിക്കാനും ഇന്ത്യ തയ്യാറാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Content Highlights: India's Sudarshan Chakra Initiative, A Comprehensive Defense System for Emerging Threats
Published: 19 Aug 2025, 01:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented