രുകുടുംബത്തിലെ മൂന്നുപേരടക്കം അഞ്ച് ഇന്ത്യക്കാര്‍. 152 ചൈനക്കാര്‍, 38 മലേഷ്യക്കാര്‍, 12 ഇന്‍ഡൊനീഷ്യക്കാര്‍, ആറ് ഓസ്‌ട്രേലിയക്കാര്‍, മൂന്ന് അമേരിക്കക്കാര്‍. 14 രാജ്യക്കാരായ ആകെ 239 യാത്രക്കാര്‍. അതില്‍ 12 വിമാനജീവനക്കാര്‍. 2014 മാര്‍ച്ച് എട്ട് പുലര്‍ച്ചെ 12.41- ക്വലാലംപുരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് തിരിച്ചതാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്. 370 ബോയിങ് 777 വിമാനം.

To advertise here,

ഗുഡ്‌നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ എന്ന സന്ദേശമാണ് അവസാനം ആ വിമാനത്തിന്റെ കോക്പിറ്റില്‍നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ചത്. പിന്നീടൊരിക്കലും തിരിച്ചുവരാതിരുന്ന ആ വിമാനം പക്ഷേ അവിടെനിന്ന് വീണ്ടും ഏഴ് മണിക്കൂറോളം സഞ്ചരിച്ചു. ആ വിമാനത്തിന് എന്ത് സംഭവിച്ചുവെന്നോ അതിലുണ്ടായിരുന്ന യാത്രക്കാര്‍ എവിടെപ്പോയെന്നോ ആര്‍ക്കുമൊരു ഉത്തരവുമില്ല. വ്യോമയാന ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ സംഭവം 11-ാം വര്‍ഷത്തോട് അടുക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ കുടുംബങ്ങളുടെ നിരന്തര അഭ്യര്‍ഥനയെത്തുടര്‍ന്ന് വീണ്ടുമൊരു തിരച്ചിലിന് ഒരുങ്ങുകയാണ് മലേഷ്യന്‍ സര്‍ക്കാര്‍.

വീണ്ടും തിരച്ചില്‍

പത്തുവര്‍ഷം മുമ്പ് കാണാതായ വിമാനത്തിന് വേണ്ടി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റി വീണ്ടും തിരച്ചില്‍ നടത്തുമെന്നാണ് മലേഷ്യന്‍ ഗതാഗതമന്ത്രി ആന്തണി ലോക് അറിയിച്ചത്. 70 മില്യണ്‍ ഡോളറിന്റെ ( 600 കോടിയോളം രൂപ) കരാറിലാണ് സര്‍ക്കാര്‍ കമ്പനിയുമായി ഏര്‍പ്പെട്ടിരിക്കുന്നത്. ഒരേയൊരു നിബന്ധന മാത്രം, വിമാനം കണ്ടെത്തിയാല്‍ മാത്രമേ കമ്പനിക്ക് കരാര്‍ തുക ലഭിക്കുകയുള്ളൂ.

വിമാനത്തിന് വേണ്ടി മൂന്നുവര്‍ഷത്തോളം നീണ്ട സമഗ്രമായ തിരച്ചില്‍ നേരത്തെ നടന്നിരുന്നു. ബഹുരാഷ്ട്ര സഹകരണത്തില്‍ നടന്ന തിരച്ചിലിന് 150 മില്യണ്‍ ഡോളര്‍ ചെലവായി. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. 2014-ല്‍ കാണാതായ വിമാനത്തിന് വേണ്ടി 2017-ല്‍ സ്ഥാപിതമായ ഓഷ്യന്‍ ഇന്‍ഫിനിറ്റി ആദ്യമായല്ല തിരിച്ചില്‍ നടത്തുന്നത്. 2018-ലും കമ്പനി വിമാനം കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. ജനുവരി 22-ന് ആരംഭിച്ച വിഫലമായ ശ്രമം ജൂണില്‍ അവസാനിച്ചു. അന്നും വിമാനം കണ്ടെത്തിയാല്‍ മാത്രം പ്രതിഫലം എന്നതായിരുന്നു മലേഷ്യന്‍ സര്‍ക്കാരുമായി കമ്പനിയുണ്ടാക്കിയ ധാരണ. ജനുവരിയില്‍ പുതിയ തിരച്ചില്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഷ്യന്‍ ഇന്‍ഫിനിറ്റിയുടെ പദ്ധതി തത്വത്തില്‍ അംഗീകരിച്ചെങ്കിലും ചില വ്യവസ്ഥകളില്‍ന്മേല്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് ആന്തണി ലോക് പറയുന്നത്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 15,000 ചതുരശ്ര കിലോമീറ്റര്‍ ദൂരത്തിലാണ് തിരച്ചില്‍ നടത്തുക. വിമാനം കണ്ടെത്താന്‍ സാധ്യത കൂടുതലാണെന്ന് വിശ്വസനീയമായ വിവരമുള്ള സ്ഥലത്താണ് തിരച്ചിലെന്നും ആന്തണി ലോക് പറഞ്ഞു. ഇത്തവണ ഫലം പോസിറ്റീവായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിരച്ചില്‍ പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കാണാതായവരുടെ കുടുംബവും പ്രതീക്ഷയിലാണ്.

കാണാതാവുന്നു

മലേഷ്യന്‍ സ്വദേശിയായ 52-കാരന്‍ സഹരിയ അഹമ്മദ് ഷാ ആയിരുന്നു വിമാനത്തിന്റെ പ്രധാന പൈലറ്റ്. 1981-ല്‍ കേഡറ്റ് പൈലറ്റായി മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ആരംഭിച്ച അഹമ്മദ് ഷായ്ക്ക് അന്നുവരെ 18,365 മണിക്കൂര്‍ ഫ്‌ളൈയിങ് എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നു. 2007-ല്‍ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ എത്തിയ ഫാരിഖ് അബ്ദുള്‍ ഹമീദ് എന്ന 27-കാരനായിരുന്നു സഹ പൈലറ്റ്. ബോയിങ് 777-200- ല്‍ ഫസ്റ്റ് ഓഫീസറായി ഫാരിഖിന്റെ അവസാന ട്രെയിനിങ് ഫ്‌ലൈറ്റായിരുന്നു എം.എച്ച് 370. വടക്കന്‍ കൊറിയയിലെ തന്റെ ഭര്‍ത്താവിനെ കാണാന്‍ പോയ പുണെയിലെ കെമിസ്ട്രി അധ്യാപിക ക്രാന്തി ഷിര്‍സാത് (44), മംഗോളിയയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയിലെ അംഗം ചന്ദ്രിക ശര്‍മ (51), ബെയ്ജിങ്ങില്‍ ജോലി ചെയ്യുന്ന മകനെ കാണാന്‍ പോയ വിജയ് കോലേക്കര്‍ (59), ഭാര്യ ചേതന കോലേക്കര്‍ (55),  ഇളയമകന്‍ സ്വാനന്ദ് കോലേക്കര്‍ (23) എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. ഇതിന് പുറമേ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പൗരന്‍ മുകേഷ് മുഖര്‍ജിയും വിമാനത്തിലുണ്ടായിരുന്നു.

2014 മാര്‍ച്ച് എട്ട് രാത്രി 12.41-ന് വിമാനം ക്വലാലംപുരില്‍നിന്ന് പറന്നുയര്‍ന്നു. രാവിലെ 6.30-ന് ബെയ്ജിങ്ങില്‍ ലാന്‍ഡ് ചെയ്യേണ്ട ബോയിങ് 777-200 ഇ.ആര്‍. വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 2.40-ഓടെ റഡാറില്‍നിന്ന് അപ്രത്യക്ഷമായി. മലേഷ്യയിലെ കോട്ടഭാരു നഗരത്തില്‍നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നായിരുന്നു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ആദ്യപ്രതികരണം. കാണാതാവുമ്പോള്‍ 19 വര്‍ഷമായിരുന്നു ഈ അമേരിക്കന്‍ നിര്‍മിത വിമാനത്തിന്റെ പഴക്കം. വിമാനം പറയുന്നയര്‍ന്ന് 38-ാം മിനിറ്റിലാണ് അവസാന സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ചത്. ഈ സമയത്ത് ദക്ഷിണ ചൈനാ കടലിന്റെ ഭാഗത്തായിരുന്നു വിമാനം.

അരമണിക്കൂറിനകം വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയിലെ ട്രാഫിക് കണ്ട്രോള്‍ സ്‌റ്റേഷനിലായിരുന്നു വിമാനം ബന്ധപ്പെടേണ്ടിയിരുന്നത്. എന്നാല്‍, അവസാനത്തെ 'ശുഭരാത്രി' സന്ദേശത്തിന് ശേഷം ഹോചിമിന്‍ സിറ്റിയിലെ സ്റ്റേഷനുമായി വിമാനം ബന്ധപ്പെട്ടില്ല. അവസാന സന്ദേശം ലഭിച്ച് മിനിറ്റുകള്‍ക്കകം എ.ടി.സിയുടെ നിയന്ത്രണത്തില്‍നിന്ന് വിമാനം അപ്രത്യക്ഷമായി. എങ്കിലും ഒരു മണിക്കൂറോളം മലേഷ്യന്‍ സൈന്യത്തിന്റെ പ്രാഥമിക റഡാറിന്റെ നിരീക്ഷണത്തില്‍ വിമാനമുണ്ടായിരുന്നു. വിമാനം സഞ്ചരിക്കേണ്ട പാതയില്‍നിന്ന് പടിഞ്ഞാറേക്ക് സഞ്ചരിച്ച് മലായ് ഉപദ്വീപിനും ആന്ധമാന്‍ കടലിനും മുകളിലൂടെ വിമാനം സഞ്ചരിക്കുന്നതായി കണ്ടെത്തി. പെനാങ് ദ്വീപിന് വടക്ക്- പടിഞ്ഞാറുഭാഗത്തുവെച്ച് റഡാര്‍ സിഗ്നലുകള്‍ നഷ്ടമായി.

placeholder
കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ മലേഷ്യന്‍ സര്‍ക്കാരിനെതിരെ 2014-ല്‍ നടത്തിയ പ്രതിഷേധം | Photo: AFP

വിമാനം റാഞ്ചിയതാവാമെന്ന സാധ്യത ആദ്യം പങ്കുവെച്ചത് അന്നത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ആയിരുന്നു. വിമാനത്തിന്റെ വാര്‍ത്താവിനിമയ ബന്ധം ബോധപൂര്‍വം വിച്ഛേദിച്ചതിനും വഴിതിരിച്ചുവിട്ടതിനും തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യയുടെ കിഴക്കന്‍ തീരത്ത് വിയറ്റ്‌നാം അതിര്‍ത്തിക്ക് സമീപം എത്തിയപ്പോഴാണ് ആശയവിനിമയം നഷ്ടപ്പെട്ടതെന്നും ഇതിന് പിന്നാലെ ട്രാന്‍സ്‌പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടുവെന്നും നജീബ് റസാഖ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ പൈലറ്റ് സഹരിയ അഹമ്മദ് ഷായുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി കയറിയ രണ്ട് ഇറാന്‍ സ്വദേശികളെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തി. തെക്കന്‍ ചൈനാ കടലില്‍ തായ്‌ലന്‍ഡ് തീരം മുതല്‍ കിഴക്കന്‍ മലേഷ്യ വരെയുള്ള 90,000 ചതുരശ്ര കിലോമീറ്റര്‍ വരെയായിരുന്നു ആദ്യഘട്ടത്തില്‍ തിരച്ചില്‍.

റാഞ്ചിയ വിമാനം ഇന്ധനം തീര്‍ന്നതുമൂലം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണിരിക്കാമെന്നായിരുന്നു ആദ്യനിഗമനം. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വ്യാപക തിരച്ചില്‍ നടത്തി. ഇന്ത്യയുടെ കരമേഖലയില്‍ എവിടെയെങ്കിലും സുരക്ഷിതമായി ഇറക്കിയേക്കാമെന്നും സംശയമുണ്ടായിരുന്നു. എന്നാല്‍, കര്‍ശന വ്യോമസുരക്ഷയുള്ള ഈ മേഖലയിലൂടെ വിമാനം അധികദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നും പറയപ്പെട്ടു. പതിവ് വ്യോമപാതയായ പശ്ചിമേഷ്യയിലേക്കോ യൂറോപ്പിലേക്കോ വിമാനം തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും വിലയിരുത്തപ്പെട്ടു. ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ അവസാന വിവരപ്രകാരം വിമാനം തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലേക്ക് മലേഷ്യന്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നു.

തിരച്ചില്‍

വ്യോമയാന ചരിത്രത്തിലെ ഏറ്റവും സമഗ്രമവും ചെലവേറിയതുമായ തിരച്ചിലായിരുന്നു പിന്നീട് എം.എച്ച്. 370-ന് വേണ്ടി നടത്തിയത്. ഓസ്‌ട്രേലിയിലെ പെര്‍ത്തില്‍നിന്ന് 2,000 കിലോ മീറ്റര്‍ അകലെ വരെ 120,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ വിമാനത്തിനായി തിരച്ചില്‍ നടത്തി. ഓസ്‌ട്രേലിയയും ചൈനയുമടക്കം സഹകരിച്ച തിരച്ചിച്ചിലെല്ലാം വിഫലമായിരുന്നു. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. 2015-ലെ തിരച്ചിലിനിടെ 19-ാം നൂറ്റാണ്ടില്‍ മുങ്ങിയ കപ്പലിന്റെ അവശിഷ്ടംവരെ കിട്ടിയിട്ടും വിമാനം മാത്രം പിടിതരാതെ നിന്നു. ആ വര്‍ഷം ഓഗസ്റ്റില്‍ പക്ഷേ പ്രതീക്ഷയ്ക്ക് വകനല്‍കുന്നൊരു വിവരം ലഭിച്ചു.

മഡഗാസ്‌കറിന് 600 കിലോ മീറ്റര്‍ കിഴക്ക് ഫ്രഞ്ച് ഭരണദ്വീപുകളായ റീയൂണിയന്‍ ഐലന്‍ഡില്‍നിന്ന് വിമാനച്ചിറകിന്റെ ഭാഗമായ ഫ്‌ളാപെറോണിന്റെ അവശിഷ്ടം ലഭിച്ചു. പിന്നീട് മഡഗാസ്‌കറില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ വിമാനവശിഷ്ടം എം.എച്ച്. 370-ന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന്റെ വാതില്‍ ഭാര്യ വസ്ത്രം അലക്കാനുള്ള വാഷിങ് ബോര്‍ഡായി ഉപയോഗിച്ചുവരികയായിരുന്നു. ആധുനികകാലത്ത് ഏതാണ്ട് അസാധ്യമെന്ന് വിശേഷിപ്പിച്ചായിരുന്നു തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ട് ഓസ്‌ട്രേലിയ നല്‍കിയത്. പിന്നീടാണ് 2018-ല്‍ ഓഷ്യന്‍ ഇന്‍ഫിനിറ്റി ആദ്യമായി തിരച്ചിലിന് രംഗത്തെത്തുന്നത്. ഇതിന് ശേഷവും പലതവണ തിരച്ചില്‍ എന്ന ആവശ്യവുമായി കാണാതായവരുടെ കുടുംബം രംഗത്തെത്തി. ഇതിനിടെ ഓഷ്യന്‍ ഇന്‍ഫിനിറ്റി പലതവണ തിരച്ചില്‍ പദ്ധതികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചു. ഇതാണ് ഒടുവില്‍ അംഗീകരിക്കപ്പെടുന്നത്.

placeholder

കാണാതായതിന് പിന്നില്‍?

വിമാനം കാണാതായതുമായി ബന്ധപ്പെട്ട് പല കഥകള്‍ പരന്നു. വിമാനം റാഞ്ചിയെന്ന സൂചന ആദ്യമായി പരോക്ഷമായി പ്രകടിപ്പിച്ചത് സര്‍ക്കാര്‍ തന്നെയായിരുന്നു. വിമാനത്തിലെ വൈദ്യുതി നിലച്ചതും കോക്പിറ്റില്‍ തീപ്പിടിത്തവുമടക്കം പല സാധ്യതകള്‍ പറയപ്പെട്ടു. പൈലറ്റ് തന്നെ വിമാനം അപയാപ്പെടുത്തിയെന്നും പറയപ്പെട്ടു. പൈലറ്റ് സഹരിയ അഹമ്മദ് ഷായ്ക്ക് വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതേത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നുമാണ് തുടക്കം മുതല്‍ പ്രചരിച്ച കഥ. സഹ പൈലറ്റിനെ കോക്പിറ്റില്‍നിന്ന് പുറത്താക്കി, വിമാനത്തിന്റെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ച ശേഷം വിമാനം സമുദ്രത്തില്‍ ഇടിച്ചിറക്കിയെന്നും കഥ പരന്നു.

വിമാനം കാണാതായി നാലുവര്‍ഷത്തിന് ശേഷം സംഭവത്തെക്കുറിച്ച് പഠിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഒരു സമിതി രൂപവത്കരിച്ചു. പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം അപായപ്പെടുത്തിയെന്ന ആരോപണം സമിതി റിപ്പോര്‍ട്ട് തള്ളി. വിമാനം വഴി തിരിച്ചുവിട്ടതില്‍ ബാഹ്യശക്തിയുടെ ഇടപെടല്‍ നിഷേധിക്കാന്‍ കഴിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. എന്നാല്‍, വിമാനത്തിന് എന്തുപറ്റി, അതിന് പിന്നിലെ യഥാര്‍ഥ കാരണമെന്ത് എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ റിപ്പോര്‍ട്ടിനുമായിട്ടില്ല.

തിരച്ചില്‍ പുനരാരംഭിക്കാനുള്ള മലേഷ്യന്‍ സര്‍ക്കാരിന്റെ നീക്കത്തെ പ്രതീക്ഷയോടെയാണ് കാണാതായവരുടെ കുടുംബം കാണുന്നത്. ജീവിതത്തില്‍ ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനം എന്നുപോലുമാണ് അവരിലൊരാള്‍ ഇതിനെ വിശേഷിപ്പിച്ചത്. 11 വര്‍ഷം പഴക്കമുള്ള അനിശ്ചിതത്വത്തിന് പുതിയ തീരുമാനത്തിലൂടെ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണവര്‍. അവരുടെ നിരന്തര പോരാട്ടങ്ങളുടെ ഫലം കൂടിയാണ് മലേഷ്യയുടെ ഈ തീരുമാനം.