
സ്നേഹത്തിന്റെ സൗഹൃദത്തിന്റെ മധുരിക്കുന്ന സമ്മാനം. ബംഗ്ലാദേശിന്റെ മാമ്പഴ നയതന്ത്രത്തെ വേണമെങ്കില്‍ നമുക്കങ്ങനെ വിശേഷിപ്പിക്കാം. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ നിന്ന് നാടുവിട്ട ശേഷം ഇടക്കാല സര്‍ക്കാരിനെ നയിച്ചുകൊണ്ട് മുഹമ്മദ് യുനൂസെത്തിയെങ്കിലും അത്ര നല്ല ബന്ധമായിരുന്നില്ല ഇന്ത്യയുമായുണ്ടായിരുന്നത്. അതിനൊരു കാരണം ഷെയ്ഖ് ഹസീനയ്ക്ക് അഭയം കൊടുത്തുവെന്നതായിരുന്നു. മാത്രമല്ല, ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ യുനൂസ് സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ കാര്യമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിലും ഇരുരാജ്യങ്ങളും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.
ഒടുവില്‍ വൈരം മാറ്റിവെച്ച് മഞ്ഞുരുക്കാന്‍ മാമ്പഴം പ്രധാന നയതന്ത്ര ആയുധമാക്കിയിരിക്കുന്നു മുഹമ്മദ് യൂനൂസ്. അതായത് മാമ്പഴ നയതന്ത്രം. ഇതിന്റെ ഭാഗമായി ആയിരം കിലോ 'ഹരിഭംഗ' മാമ്പഴം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചുകൊടുത്തിരിക്കുകയാണ് മുഹമ്മദ് യൂനുസ്. മാമ്പഴമടങ്ങിയ കണ്ടെയ്നറുകള്‍ ഡല്‍ഹിയിലെത്തി. മോദിക്ക് പുറമെ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ മമതാ ബനര്‍ജിക്കും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്ക്കും ഹരിഭംഗ മാമ്പഴം അയച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് ഒരുമാസം മുമ്പ് പ്രധാനമന്ത്രി ഈദ്-അല്‍-ആദ ആശംസ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുനൂസ് മാമ്പഴമയച്ചത്.

എന്താണ് മാമ്പഴ നയതന്ത്രം?
മാമ്പഴ നയതന്ത്രമെന്നത് ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുമുതല്‍ പല നേതാക്കളും മാമ്പഴത്തെ പ്രധാന സമ്മാനമായി കരുതിപ്പോന്നിരുന്നു. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം മാമ്പഴം അഭിമാനത്തിന്റെ പ്രതീകമാണ്. അവരുടെ കാര്‍ഷികോത്പാദനത്തിന്റെ ഏറ്റവും മികച്ചതിനെയും പ്രതിനിധീകരിക്കുന്നു. ഫ്രഞ്ചുകാരും ഇറ്റലിക്കാരും അവരുടെ വൈനുകളില്‍ അഭിമാനിക്കുന്നതുപോലെ, അല്ലെങ്കില്‍ നോര്‍വീജിയക്കാര്‍ അവരുടെ സാല്‍മണിലും ക്ലൗഡ്ബെറികളിലും അഭിമാനിക്കുന്നതുപോലെയാണ് ബംഗ്ലാദേശുകാര്‍ അവരുടെ മാമ്പഴ കൃഷിയേയും ഉത്പാദനത്തേയും കാണുന്നത്. ആഗോളതലത്തില്‍ ബംഗ്ലാദേശിന്റെ പൊതു നയതന്ത്രത്തിന്റെ ഒരു പ്രധാന ഘടകമായിതന്നെ മാമ്പഴം നേരത്തേയും മാറിയിരിന്നു. അതുകൊണ്ടുതന്നെ സൗഹൃദത്തിന്റെയും നല്ല ബന്ധത്തിന്റേയും പ്രതീകമായും മാമ്പഴക്കൈമാറ്റത്തെ ബംഗ്ലാദേശ് കണക്കാക്കുന്നു.
നേരത്തെ ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയിയിരുന്ന കാലത്തും ഇന്ത്യയും ചൈനയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങളിലേക്ക് സൗഹൃദ പ്രതീകമായി പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും മാമ്പഴം സമ്മാനിച്ചിരുന്നു. ഇന്ത്യ ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായി അനുകൂല സാഹചര്യമുണ്ടായാല്‍ ബംഗ്ലാദേശുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഈ അടുത്താണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മഞ്ഞുരുകലിനുള്ള വഴിയായി ബംഗ്ലാദേശില്‍ നിന്നും മാമ്പഴ കണ്ടെയ്നറുകളെത്തിയതെന്നും വിലയിരുത്തലുണ്ട്.
ഷെയ്ഖ് ഹസീന രാജ്യം വിട്ട ശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ വലിയ അക്രമത്തെ നേരിടുകയാണെന്നും ഇത് ബംഗ്ലാദേശുമായി ചരിത്രപരമായതും ദീര്‍ഘനാളുള്ളതുമായ ബന്ധത്തെ വഷളാക്കുമെന്നും നേരത്തെ ജയശങ്കര്‍ ചൂണ്ടിക്കാട്ടിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയുമായി ഏത് തരത്തിലുള്ള ബന്ധമാണ് ബംഗ്ലാദേശിന് ആവശ്യമെന്നുള്ളതെന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ആദ്യം ഇടഞ്ഞെങ്കിലും പിന്നീട് നയം മാറ്റി. അടുത്തകാലത്തായി വിവിധ കാരണങ്ങള്‍ കൊണ്ട് ബംഗ്ലാദേശ് ആഗോളതലത്തില്‍ ഒറ്റപ്പെട്ടു. തുടര്‍ന്നായിരുന്നു ഇന്ത്യയുമായുള്ള നയം മാറ്റം. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഒരു തരത്തിലുമുള്ള തര്‍ക്കത്തിനും താല്‍പര്യപ്പെടുന്നില്ലെന്നായിരുന്നു ബംഗ്ലാദേശിന്റെ പിന്നീട് നിലപാട്. കാലങ്ങളായി തുടര്‍ന്ന് വരുന്ന സാമ്പത്തികവും രാഷ്ട്രീയവും ചരിത്രപരവുമായ ആ ബന്ധം കാത്ത്സൂക്ഷിക്കുമെന്നാണും ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാമ്പഴ നയന്ത്രവുമായി യുനൂസ് മുന്നോട്ട് വന്നതും.
ആഗോള മാമ്പഴ ഉത്പ്പാദനത്തില്‍ ആദ്യ പത്ത് രാജ്യങ്ങളിലാണ് ബംഗ്ലാദേശിന്റേയും പാകിസ്താന്റേയും സ്ഥാനം. പാകിസ്താനില്‍ മാത്രം ഏകദേശം 127 മില്ല്യണ്‍ യു.എസ് ഡോളറിന്റെ മാമ്പഴ വ്യാപാരം വര്‍ഷത്തില്‍ നടക്കുന്നുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. ബംഗ്ലാദേശിനെ സംബന്ധിച്ചാണെങ്കില്‍ അവരുടെ പ്രധാന ആഹാരങ്ങളിലൊന്നായിട്ടാണ് മാമ്പഴത്തെ കണക്ക് കൂട്ടുന്നത്. മാത്രമല്ല ഓരോ പൗരന്റേയും ഒഴിവാക്കാനാവാത്ത വരുമാന മാര്‍ഗമെന്നത് കൊണ്ടും തന്നെ അവരുടെ ജീവിതവുമായി ഏറ്റവും അടുത്തുകിടക്കുന്നതുമാണ്. സാമ്പത്തിക വരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാല്‍ ഇരു രാജ്യങ്ങളും സൗഹൃദ രാജ്യങ്ങളിലെ പ്രത്യേക വ്യക്തികള്‍ക്ക് തങ്ങളുടെ മധുരമുള്ള ബന്ധത്തിന്റെ സൂചനയായി പണ്ട് മുതലേ മാമ്പഴം കയറ്റി അയക്കാറുമുണ്ട്. ഇതോടെയാണ് ഇതിന് മാമ്പഴനയതന്ത്രമെന്ന വിളിപ്പേര് വന്നതും.

ബംഗ്ലാദേശിന് വേണം ഭായ് ഭായ് സൗഹൃദം
ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട ആഭ്യന്തര സംഘര്‍ഷത്തിന് ശേഷം മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ചെങ്കിലും ഹസീനയെ കൈമാറണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു ബംഗ്ലാദേശ്. പക്ഷെ യുനൂസ് സര്‍ക്കാരിന്റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ വലിയ രീതിയില്‍ പിഡിപ്പിക്കപ്പെടുന്നുവെന്നുവെന്ന് ആരോപിച്ച് ഇന്ത്യ യുനൂസിനെതിരേ നിരന്തരം ആരോപണം അഴിച്ചുവിട്ടു. ഇതിനെതിരേ ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നുവെന്ന കുറ്റപ്പെടുത്തലാണ് യുനൂസ് നടത്തിയത്. പക്ഷെ ആഗോള തലത്തിലും രാജ്യത്തിനുള്ളിലും യുനൂസ് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.ഇതിന് പ്രധാന കാരണം തിരഞ്ഞെടുപ്പ് നടത്താന്‍ യുനൂസ് താല്‍പ്പര്യപ്പെടാത്തതായിരുന്നു.
തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. അവര്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. യുനൂസിനെതിരേ കടുത്ത വിമര്‍ശനമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്ത് ഒറ്റപ്പെടുന്ന അവസ്ഥ. നേരത്തെ പിന്തുണ നല്‍കിയിരുന്ന വിദ്യാര്‍ഥികള്‍ പോലും ഇപ്പോള്‍ യുനൂസിനെതിരേ നിലപാടെടുത്തു. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തോന്നിയതോടെയാണ് ഇന്ത്യയുടെ പിന്തുണ നേടുക എന്നത് കൂടി ഉദ്ദേശിച്ച് പുതിയ മഞ്ഞുരുകല്‍ സാധ്യത തേടിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ചൈനയുമായി അടുപ്പമുണ്ടെങ്കിലും ബംഗ്ലാദേശ് ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ഇന്ത്യയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ 4,367 കിലോമീറ്റര്‍ അതിര്‍ത്തിയുടെ ഏകദേശം 94 ശതമാനവും ഇന്ത്യയുമായി പങ്കിടുന്നു.
അരി, ഗോതമ്പ്, ഉള്ളി, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മുതല്‍ പരുത്തി, ഇരുമ്പ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ വരെ, ബംഗ്ലാദേശ് അതിന്റെ പടിഞ്ഞാറന്‍ അയല്‍ക്കാരനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
ബംഗ്ലാദേശിന്റെ നഗരവല്‍ക്കരണത്തിനും വ്യാവസായിക വളര്‍ച്ചയ്ക്കും നിര്‍ണായകമായ ശുദ്ധീകരിച്ച പെട്രോളിയം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയും ഇന്ത്യ നല്‍കുന്നു.
ഇന്ത്യയുമായുള്ള ബന്ധത്തില്‍ നീണ്ടുനില്‍ക്കുന്ന മോശം അവസ്ഥ ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിലെ കുറവോ വിതരണ ശൃംഖലയിലെ കാലതാമസമോ പണപ്പെരുപ്പം, തൊഴില്‍ നഷ്ടം, ജിഡിപിയിലെ ഇടിവ് എന്നിവയ്ക്ക് കാരണമാകും. ഇത് കൂടി യുനീസ് മുന്നില്‍ കാണുന്നുണ്ട്.
മാമ്പഴ നയതന്ത്രം പുതിയ കാര്യമല്ല
സ്നേഹത്തിന്റെ നയതന്ത്ര ആയുധമായി മാമ്പഴത്തെ ഉപയോഗിക്കുന്നത് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയ കാര്യമല്ല. ഉയര്‍ന്ന ഗുണനിലവാരമുള്ള മാമ്പഴങ്ങള്‍ രാജ്യത്തലവന്‍മാര്‍ക്കും പ്രധാന വ്യക്തികള്‍ക്കും സമ്മാനമായി നല്‍കുകയെന്നത് സൗഹൃദത്തിന്റെ പ്രതീകമായും കണക്കാക്കുന്നു. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം യുനൂസിനോടുള്ള വലിയ ജനവിരുദ്ധ വികാരം രാജ്യത്ത് ഉയര്‍ന്ന് വരുന്നുണ്ട്. വിദേശ നിക്ഷേപകരടക്കം രാജ്യത്തെ കൈവിടുകയാണെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ ടെക്സ്റ്റയില്‍ മേഖലയിലും തിരിച്ചടി നേരിട്ടതോടെ സാമ്പത്തിക നില തകര്‍ച്ചയുടെ വക്കിലാണ്. ഇതിന് പുറമെ അമേരിക്ക ഉയര്‍ത്തിയ തീരുവ പ്രശ്നവും ബുദ്ധിമുട്ടാക്കുന്നുണ്ട്.
ഓഗസ്റ്റ് ഒന്ന് മുതല്‍ 35 ശതമാനം തീരുവയും പത്ത് ശതമാനം അടിസ്ഥാന തീരുവയും ഉള്‍പ്പെടെ 45 ശതമാനം തീരുവയാണ് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ബംഗ്ലാദേശ് നല്‍കേണ്ടത്. ഇതോടെ രാജ്യത്തിന്റെ പ്രധാന തൊഴില്‍ദാതാക്കളായ ടെക്സ്റ്റെയില്‍ സംരംഭകരടക്കം കയറ്റിഅയക്കല്‍ നിര്‍ത്തിവെച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുളള നിലപാടിലടക്കം പ്രതിഷേധിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ തന്നെ യൂനൂസിന്റെ മുഖം വികൃതമാണ്. ഇന്ത്യ കൂടി കൈവിട്ടാല്‍ കാര്യങ്ങള്‍ അപ്പാടെ താളം മറിയും. ഇതിനിടെയാണ് വൈര്യം മറന്ന് ഇന്ത്യയുമായി നല്ല ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍ മാമ്പഴ നയതന്ത്രവുമായി യുനൂസ് മുന്നോട്ടുവരുന്നതെന്നും വിലയിരുത്തപ്പെടുലുണ്ട്. ഹരിഭംഗ മാമ്പഴങ്ങള്‍ പ്രത്യേകമായി നല്‍കിയതിന് പിന്നിലും കാര്യമുണ്ട്. ബംഗ്ലാദേശിന്റെ പരമ്പരാഗത മാമ്പഴമാണ് ഹരിഭംഗ. പ്രധാനമായും രംഗപുര്‍ ജില്ലയിലാണ് ഇതിന്റെ കൃഷി. സൗഭാഗ്യത്തിന്റേയും ഉയര്‍ച്ചയുടേയും പ്രതീകമായും ഹരിഭംഗയെ ബംഗ്ലാദേശ് കണക്കാക്കുന്നു.
1955-ലെ ശീതയുദ്ധകാലത്ത് ലോക നേതാക്കളുമായി ചര്‍ച്ച നടത്തുമ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റും അല്‍ഫോണ്‍സോ മാമ്പഴത്തെയാണ് മാമ്പഴ നയതന്ത്രത്തിന് ഉപയോഗിച്ചത്. മാംഗോ ഡിപ്ലോമസി എന്ന പേരില്‍ മാധ്യമങ്ങള്‍ അന്നതിനെ പ്രധാന വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. അതേ വര്‍ഷം തന്നെ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍-ലയ് ന്യൂഡല്‍ഹിയില്‍ വന്നപ്പോള്‍ നെഹ്റു ആതിഥ്യമരുളിയതും മാമ്പഴങ്ങള്‍ നല്‍കിയായിരുന്നു. ഒരു കമ്യൂണിസ്റ്റ് ഇതര രാജ്യത്തേക്ക് ചൈനീസ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു അന്നത്തേത്. ചൈനീസ് നേതാക്കളും റഷ്യന്‍ നേതാക്കളുമെല്ലാമായി നടത്തിയ നിരന്തര ചര്‍ച്ചയുടെ ഫലമായി ശീതയുദ്ധത്തിന് പുതിയ മാനം വന്നെന്നും പറയപ്പെടുന്നു. നെഹ്റു വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ലോക നേതാക്കള്‍ രാജ്യത്ത് വരുമ്പോഴും ആദരസൂചകമായി കൊടുത്തിരുന്നതും മാമ്പഴങ്ങളാണ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 600 കിലോ മാമ്പഴമാണ് തന്റെ ഭരണകാലത്ത് ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന നല്‍കിയത്. ഹിമസാഗര്‍, ലാംഗ്രാ വിഭാഗങ്ങളില്‍പ്പെട്ട മാമ്പഴങ്ങളാണ് ഷെയ്ഖ് ഹസീന കൊടുത്തുവിട്ടത്.അതിന് മുമ്പ് പ്രധാനമന്ത്രി നന്ദ്രേമോദിക്കും മമതയ്ക്കും അസം, ത്രിപുര മുഖ്യമന്ത്രിമാര്‍ക്കും ഹസീന മാമ്പഴങ്ങള്‍ കൊടുത്തുവിട്ടിരുന്നു.

ഹസീനയുടെ ബംഗ്ലാദേശ് ഒടുവില്‍ യുനൂസില്‍
ഷെയ്ഖ് മുജീബൂര്‍ റഹ്‌മാന്റെയും കുടുംബത്തിന്റേയും കൂട്ടക്കൊലയ്ക്കുശേഷമാണ് മകള്‍ ഷെയ്ഖ് ഹസീന പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത് 1981-ല്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്നത്. പാര്‍ട്ടിയെ പുനസംഘടിപ്പിച്ച ഹസീന 1996-ല്‍ ഭരണത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് 15 വര്‍ഷക്കാലമാണ് ഹസീന ബംഗ്ലാദേശ് ഭരിച്ചത്. ഹസീന അധികാരത്തിലിരുന്ന കാലത്ത് പരോക്ഷമായിട്ടാണെങ്കിലും 'ഏകാധിപത്യ രാഷ്ട്രീയ'ത്തിലേക്കുള്ള മാറ്റം വ്യക്തമായിരുന്നു. ഇത് ബംഗ്ലാദേശിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ക്രമേണ ദുര്‍ബലപ്പെടുത്തി. ഭരണത്തിന്റെ അവസാന നാളുകളില്‍ തികഞ്ഞ ഏകാധിപത്യ പ്രവണത അവര്‍ കാണിച്ചിരുന്നു.
നിയമവിരുദ്ധ കൊലപാതകങ്ങളും തിരോധാന കേസുകളും അവരുടെ ഭരണകൂടത്തിനെതിരേ പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുണ്ട്. 2018-ലെ ഡിജിറ്റല്‍ സുരക്ഷാ നിയമം സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കി. നിയമം ഉപയോഗിച്ച് പ്രതിപക്ഷത്തുള്ള രാഷ്ട്രീയക്കാരെയും പത്രപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ഇതെല്ലാം ജനങ്ങള്‍ക്കിടയിലും പ്രതിപക്ഷ പാര്‍ട്ടികളിലും കടുത്ത അസംതൃപ്തിക്ക് വഴിവെച്ചു. ഹസീനയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന സാഹചര്യമുണ്ടായി.
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടായിരുന്നു അവസാന വര്‍ഷം ഹസീനയും അവാമി ലീഗും അധികാരത്തിലെത്തിയത്. പിന്നാലെ അവര്‍ക്കെതിരായ അസംതൃപ്തി രാജ്യത്ത് ആളിക്കത്തി. അദ്യം വിദ്യാര്‍ഥി പ്രക്ഷോഭമായി രൂപംകൊണ്ട പ്രതിഷേധങ്ങള്‍ ഹസീനയ്ക്ക് എതിരായത് പെട്ടന്നാണ്. 2024 ജൂലായില്‍ ആരംഭിച്ച കലാപത്തില്‍ 700-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 19,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പോലീസ് ഉപയോഗിച്ച കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും കാരണം 19 പേര്‍ പൂര്‍ണമായും അന്ധരായി. 382 പേര്‍ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു. ഒരു മാസത്തിനിടെയാണ് ഹസീന ഭരണകൂടം 11,000-ത്തിലധികം വിദ്യാര്‍ഥികളെയും പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തത്. പിന്നാലെ വിദ്യാര്‍ഥി-പൗര പ്രക്ഷോഭം രൂക്ഷമായി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഭരണവും രാജ്യവുമുപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ഹസീന നിര്‍ബന്ധിതയായത്. ഇതിന് ശേഷമാണ് നൊബൈല്‍ പുരസ്‌കാര ജേതാവുംസാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ചത്. കലാപകാരികളെന്ന് പറഞ്ഞ് യുനൂസ് സര്‍ക്കാര്‍ അവാമി ലീഗിന്റെ നിരവധി പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് നിയമ നപടികളും സ്വീകരിച്ച് വരികയാണ്. ഇതിനിടെ അവാമി ലീഗിന്റെ നിരോധനവും വന്നു.
Content Highlights: Amidst political tensions, Bangladesh uses mango diplomacy to mend ties with India
Published: 18 Jul 2025, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented