
മരണവീട് പോലെയായിരിക്കുന്നു സുല്‍ത്താന്‍ ബത്തേരിയിലെ മൂടക്കൊല്ലി കൂടല്ലൂര്‍ പ്രദേശം. ഉറക്കെ ശബ്ദമുണ്ടാക്കുന്നതിന് പോലും പേടിയാണ്. ഉറക്കെ ശബ്ദമുണ്ടാക്കിയാല്‍ കടുവയെ വെടിവെച്ചുകൊല്ലുകയെന്ന ദൗത്യത്തിന് തടസ്സമാവുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ജോലിയെടുക്കാനും കുട്ടികളെ സ്‌കൂളിലയക്കാനുമാവുന്നില്ല. ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ അളക്കാനാവുന്നില്ല.
തൊഴിലുറപ്പും കൂലിപ്പണിയും നിന്നുപോയി. നാല്‍കാലികളുടെ വയറു നിറയ്ക്കാന്‍ പുല്ലരിയാന്‍ പോകാന്‍ പോലും പേടി. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റക്കാരണം- നരഭോജിക്കടുവയുടെ ഒഴിയാ ഭീഷണി. വനംവകുപ്പ് വന്‍ സന്നാഹങ്ങളുമായി കടുവയെ തേടി തിരച്ചില്‍ നടത്തുമ്പോഴും വീണ്ടും കടുവ സമീപത്തെ വീട്ടിലെത്തി കോഴികളെ പിടികൂടി പോയിരിക്കുന്നുവെന്നതാണ് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇതോടെ വീണ്ടും സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
വന്യമൃഗശല്യം കാരണം നിരവധി കുടുംബങ്ങളാണ് ഇവിടെ ഭൂമിയും ജീവനോപാധിയും കിട്ടിയകാശിന് വിറ്റൊഴിവാക്കി കുടിയൊഴിഞ്ഞത്. ഈ ഭൂമികള്‍ വാങ്ങികൂട്ടിയിരിക്കുന്നത് പുറമെ നിന്നുള്ളവരാണ്. ഭൂരിഭാഗം പേരും ജില്ലയ്ക്ക് പുറത്തുള്ളവര്‍. എന്നാല്‍, ഭൂമി വാങ്ങികൂട്ടിയതല്ലാതെ ആരും ഇങ്ങോട്ടെത്താറില്ല. ഇതോടെ ഈ ഭൂമിയെല്ലാം കാടിനേക്കാള്‍ വലിയ ഒളിയിടമായി മാറി. ഇവിടെയാണ് കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ ഒളിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആരും നോക്കാത്ത നിരവധി ഭൂമികളുണ്ട് പ്രദേശത്ത്. ഇത് വലിയ ഭീഷണിയാണുണ്ടാക്കുന്നത്. കാടിനാല്‍ ചുറ്റപ്പെട്ടിരിക്കുന്ന പ്രദേശത്തിന് പുറമെയാണ് പുതുതായി ഉയര്‍ന്നുവരുന്ന ഇത്തരം ഒഴിവാക്കപ്പെട്ട ഭൂമിയിലെ കാടുകള്‍. ഇനി ബാക്കിയുള്ളത് അഞ്ചും പത്തും സെന്റില്‍ താമസിക്കുന്ന സാധാരണക്കാരും ക്ഷീരകര്‍ഷകരുമാണ്. ഇവരുടെ ജീവിതമാണ് ഇപ്പോഴത്തെ കടുവാശല്യം മൂലം താറുമാറായത്- രുഗ്മിണി, മൂടക്കൊല്ലി വാര്‍ഡ് മെമ്പര്‍.
മനുഷ്യനെ കൊന്നുതിന്ന വയനാട് സുല്‍ത്താന്‍ബത്തേരി മൂടക്കൊല്ലി കൂടല്ലൂരിലെ നരഭോജിക്കടുവ കാണാമറയത്തായിട്ട് അഞ്ചുദിവസം പിന്നിട്ടിട്ടും പിടിക്കാനാവാത്തതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. വെടിവെച്ച് കൊല്ലാന്‍ ഉത്തരവുണ്ടായിട്ടും കടുവ എവിടെയന്നറിയാതെ വനപാലകരും നാട്ടുകാരും തിരഞ്ഞുമടുത്തതോടെ മൂടക്കൊല്ലിക്കാര്‍ നിസ്സഹായരായി പോയിരിക്കുന്നു. ഇതോടെ അവസാനശ്രമമെന്നോണം കാടിളക്കാന്‍ കുങ്കിയാനകളെ എത്തിച്ചിരിക്കുകയാണ് വനപാലകര്‍. ഒരിക്കല്‍ വയനാടിനെ വിറപ്പിച്ച വടക്കനാട് കൊമ്പനാണ് ഇതില്‍ ഒന്നാമന്‍. ഒപ്പം കല്ലൂര്‍ കൊമ്പനുമുണ്ട്. ആനയെ പിടിക്കാന്‍ സമരംവരെ ചെയ്ത നാട്ടുകാരുടെ മുന്നിലേക്കാണ് അതേ വടക്കനാട് കൊമ്പനും സംഘവും രക്ഷകരായെത്തുന്നതെന്നതും ശ്രദ്ധേയം. കൂടല്ലൂർ മരോട്ടിക്കൊല്ലിയിൽ പ്രജീഷിനെയാണ് കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക് പുല്ലരിയാൻ പോയപ്പോൾ കടുവ കൊന്നത്.

അന്ന് കുപ്രസിദ്ധ 'ക്രിമിനല്‍'
കാടിന്റെ വന്യത ആവോളം ആസ്വദിച്ച്, നാട്ടുകാരെ തനിക്കാവുന്നപോലെയെല്ലാം ഉപദ്രവിച്ച് കൊലയാളിയെന്ന പേരില്‍ കുപ്രസിദ്ധിയാർജിച്ച തന്റെ പഴയകാലം മറന്ന് മുത്തങ്ങ ആനക്യാമ്പിലെ മര്യാദക്കാരനായി മാറിയിക്കുന്നു വടക്കനാട് കൊമ്പനെന്ന വിക്രം. ഒരാനയ്ക്കെതിരേ നാട്ടുകാര്‍ നിരാഹാര സമരം വരെ നടത്തിയത് തന്റെ പേരിലായിരുന്നുവെന്നു കൊമ്പനറിയില്ലല്ലോ. ഇന്ന് വനംവകുപ്പിന്റെ പ്രിയപ്പെട്ട സേവകനായിമാറിയിരിക്കുന്നു അവൻ. പിടിച്ചുകെട്ടി കൂട്ടിലടച്ച് രണ്ട് വര്‍ഷത്തിന് ശേഷം പുറത്തുവിട്ടപ്പോഴും കലിയടങ്ങാതെ വനംവകുപ്പുകാരെ കണ്ടംവഴിയോടിച്ച കല്ലൂര്‍ കൊമ്പനും ദൗത്യസംഘത്തിലുണ്ട്. സീനിയര്‍ കുങ്കി പ്രമുഖ, കോന്നി സുരേന്ദ്രന്‍, ചന്ദ്രനാഥ്, സൂര്യന്‍ പിന്നെ പുതുമുഖങ്ങളായ ചന്തു, സുന്ദരി, അമ്മു- കേരളത്തിലെ ഏക കുങ്കി ക്യാമ്പായ മുത്തങ്ങയില്‍ ഇവരെല്ലാമാണ് ഇന്ന് കടുവകളെ പേടിപ്പിക്കാനും ആനപിടിത്തത്തിനും പ്രളയകാലത്തുമെല്ലാം ദേശ സേവകരായി മാറിയിരിക്കുന്നത്.
ആനപിടിത്തം സജീവമായിരുന്ന കാലത്ത് കാട്ടാനകളെ മെരുക്കുന്ന ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവുംവലിയ ആനപ്പന്തിയായിരുന്നു മുത്തങ്ങയിലേത്. പരിശീലനംനേടിയ ആനകള്‍ വയനാട് വന്യജീവി സങ്കേതത്തിലെത്തുന്നവരുടെ മനംമയക്കിയിരുന്നു. പക്ഷെ, ആനപിടുത്തം നിരോധിച്ചതോടെ മുത്തങ്ങ കുങ്കി ക്യാമ്പായി മാറി. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായതോടെയാണ് കുങ്കി ക്യാമ്പ് സജീവമായത്. ഇവിടെനിന്ന് പരിശീലനം നല്‍കുന്ന ആനകളെയാണ് കേരളത്തിലെ കാട്ടാന ദൗത്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്. ഇതിന് മുമ്പ് തമിഴ്നാടിനേയും കര്‍ണാടകയേയുമാണ് ആശ്രയിച്ചിരുന്നതെങ്കില്‍ മുത്തങ്ങയില്‍ കുങ്കി ക്യാമ്പ് സജ്ജമായതോടെ സ്വന്തം ആനകളെ തന്നെ ഉപയോഗിക്കാനുമായി. 2019-ഏപ്രില്‍ 19-ന് മൂന്നുപേരുള്ള ബാച്ചുമായി തുടങ്ങിയ ക്യാമ്പില്‍ ഈ അടുത്തിടെ പിടിച്ച പി.എം.ടു മുതല്‍ ചെറുതും വലുതുമായ പന്ത്രണ്ട് കാട്ടാനാകളുണ്ട്. രാവിലെ ആറ് മണി മുതല്‍ പ്രത്യേക പാപ്പാന്‍മാരുടെ മേല്‍നോട്ടത്തില്‍ തുടങ്ങുന്ന പരിശീലനം വൈകുന്നേരംവരെ തുടരും.

ആനയ്ക്കെതിരേ സമരം ചെയ്ത വടക്കനാട്ടുകാര്‍
2018 മാര്‍ച്ച് 17-നാണ് വയനാട് വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ പന്തല്‍ കെട്ടി നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ഒറ്റ ആവശ്യം- ഗ്രമീണരായ മൂന്നു പേരെ കൊലപ്പെടുത്തിയ വടക്കനാട് കൊമ്പനെ പിടികൂടണം. ആദ്യം ഇതിനെ പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നുവെങ്കിലും വീണ്ടും നാട്ടിലിറങ്ങി ശല്യക്കാരനായതോടെയാണ് മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലാക്കിയത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരുന്നത്. സമരം ശക്തമായതോടെ നാട്ടുകാരുടെ ആവശ്യം എത്രയും പെട്ടെന്ന് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.
പ്രദേശത്തെ സ്ഥിരം ശല്യക്കാരനായ വടക്കനാട് കൊമ്പന്റെ ആക്രമണത്തില്‍ മഹേഷ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം കൊല്ലപ്പെട്ടു. ഇതോടെ നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരമിരുന്നു. അങ്ങനെ 2019 മാര്‍ച്ചില്‍ കൊമ്പനെ പിടികൂടുകയും ചെയ്തു. ഇതോടെ മേയ് 31-ന് സമരം അവസാനിപ്പിച്ചു. സമാന സ്വഭാവക്കാരനായിരുന്നു ഭരതന്‍ എസ്.ഐ. എന്ന വിളിപ്പേരുള്ള കല്ലൂര്‍ കൊമ്പന്‍. വടക്കനാട് കൊമ്പനേയും കല്ലൂര്‍ കൊമ്പനേയും അന്ന് പിടികൂടാന്‍ മുന്നിലുണ്ടായിരുന്ന പ്രമുഖയാണ് ക്യാമ്പിലെ സീനിയര്‍ കുങ്കി. വന്യമൃഗശല്യം രൂക്ഷമാകുകയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കുങ്കിയാനകളെ കിട്ടാതാവുകയും ചെയ്തതോടെ സ്വന്തം കുങ്കികളെ ഇറക്കാനുള്ള പദ്ധതിക്ക് തുടക്കമിടുകയായിരുന്നു.
ഒരുപക്ഷെ, വയനാട് അനുഭവിച്ച ഏറ്റവും രൂക്ഷമായ കാട്ടാനശല്യം കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും മൂലമാണ്. എന്നാല്‍, ഇതേ രണ്ടുപേരും ഇന്ന് വയനാട്ടില്‍ മാത്രമല്ല കേരളത്തിലുടനീളമുള്ള പ്രധാന ആനപിടത്തത്തിലെല്ലാം മുഖ്യപങ്കാളികളാണ്. ഇതിന് പുറമെ കടുവയെ തുരത്തുന്നതിനും പിടികൂടുന്നതിനുമെല്ലാം മുന്നില്‍ നില്‍ക്കുന്നതും ഇവര്‍ രണ്ടും പേരും തന്നെയാണ്.
തോട്ടിയില്ലാ പരിശീലനം
നാട്ടാനാകളെ ചട്ടം പഠിപ്പിക്കുന്നതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കുങ്കിയാനകള്‍ക്കുള്ള പരിശീലനം. കാട്ടാനകളെ പിടികൂടി മെരുക്കിയെടുത്ത് കുങ്കിയാനയാക്കിയാലും അവയിലെ വന്യമായ അക്രമണോത്സുകത അവശേഷിച്ചിട്ടുണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പരിശീലനം ഏറെ ശ്രമകരമാണ്. പിച്ചള കെട്ടിയ തോട്ടിയും കാരക്കോലും കുങ്കിയനാകളുടെ പാപ്പാന്‍മാര്‍ക്ക് ആവശ്യമായി വരാറില്ല. ആനകളും പാപ്പാന്‍മാരും തമ്മിലുള്ള മാനസികബന്ധം തന്നെയാണ് ഏറ്റവും പ്രധാനം. ഇരുകൂട്ടർക്കും മനസ്സിലാകുന്ന പ്രത്യേക ശബ്ദങ്ങളിലൂടെയാണ് ആശയവിനിമം. പുറത്തിരിക്കുന്ന പാപ്പാന്‍മാരെ എന്ത് വിലകൊടുത്തും സംരക്ഷിക്കണമെന്ന ബോധമാണ് കുങ്കിയാനകളുടെ പ്രത്യേകതയെന്ന് ഇവയെ പരിശീലിപ്പിക്കുന്നവര്‍ പറയുന്നു. എതിരേവന്ന മൃഗം ആനയോ പുലിയോ മറ്റെന്തുതന്നെയായാലും ഇങ്ങോട്ട് ആക്രമിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കുങ്കിയാനകള്‍ തിരിച്ചാക്രമിച്ചിരിക്കും.
സഹായം എന്നര്‍ഥമുള്ള കുമാക് എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് 'കുങ്കി' എന്ന വാക്കിന്‍റെ വരവ്. കാട്ടില്‍നിന്ന് പിടികൂടി തടവിലിട്ട് പരിശീലിപ്പിച്ച ഏഷ്യന്‍ ആനകളെ ഇന്ത്യയില്‍ വിളിക്കുന്ന പേരായി പിന്നീടിത്. കന്നഡയില്‍ കോംകി എന്നും തമിഴ്നാട്ടിലും കേരളത്തിലും കുങ്കി എന്നുമാണ് വിളിക്കുന്നത്. ബംഗാള്‍ മുതല്‍ തമിഴ്നാട് വരെ താപ്പാനകളായി കുങ്കിയാനകളെ ഉപയോഗിക്കുന്നുണ്ട്. സംഗതി ഇങ്ങനയൊക്കെയാണെങ്കിലും ഇവരെ തീറ്റിപ്പോറ്റുക ചില്ലറ കാര്യമല്ലെന്ന് പറയുന്നു പരിശീലകര്‍. മുതിര്‍ന്ന ആനയ്ക്ക് തീറ്റയ്ക്കു മാത്രം ഒരുദിവസം 3,500-4000 രൂപ വരും. വെറ്ററിനറി ഓഫീസര്‍മാര്‍ ഓരോ ആനയ്ക്കും നിശ്ചയിക്കുന്ന തീറ്റയ്ക്കനുസരിച്ച് ഇതില്‍ വ്യത്യാസംവരും. മരുന്നുകള്‍ക്ക് അധികമായി ചെലവു വേറെയും. പിന്നെ പാപ്പാന്മാരുടെ ശമ്പളവും. ഓരോ ആനയ്ക്കും രണ്ടു വീതം പാപ്പന്മാരുണ്ടാകും. 200 കിലോ തീറ്റപ്പുല്ലാണ് ഇവയുടെ ഭക്ഷണം. നാല് കിലോ അരി, മൂന്ന് കിലോ ഗോതമ്പ്, രണ്ടു കിലോ റാഗി, ഒരു കിലോ മുതിരപ്പൊടി, അരക്കിലോ ചെറുപയര്‍പൊടി. ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത പ്രത്യേക ഭക്ഷണമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഓരോദിവസവും കുങ്കിയാനകള്‍ക്ക് നല്‍കുന്നത്.

കൂടൊരുക്കവും മെരുക്കവും
ശക്തമായ കൂടൊരുക്കുകയാണ് ആദ്യം ചെയ്യുക. യൂക്കാലിപ്റ്റസ് തടികൊണ്ടാണ് കൂട് പണിയുന്നത്. ബലമുള്ളതും ഉരുണ്ടതുമായ തടി ആയതിനാലാണ് ഇതുപയോഗിക്കുന്നത്. മയക്കം വിട്ടുകഴിയുമ്പോള്‍ ആന ശക്തമായി കൂട്ടിലിടിക്കും. അപ്പോള്‍ പരിക്കേല്‍ക്കാതിരിക്കാനുംകൂടിയാണ് ഈ തടി ഉപയോഗിക്കുന്നത്. നാലു മൂലയ്ക്കും നാലുവീതം തൂണുകള്‍പോലെ തടി മൂന്നു മീറ്ററെങ്കിലും ആഴത്തില്‍ കുഴിച്ച് ഉറപ്പിക്കും. ക്രെയിന്‍ ഉപയോഗിച്ചാണ് കൂടു നിര്‍മിക്കുന്നത്. കൂടിന്റെ പിന്‍ഭാത്തുനിന്നാണ് ആനയെ കയറ്റുന്നത്. മയക്കം വിട്ടിട്ടില്ലെങ്കില്‍ അതിനുള്ള കുത്തിവെപ്പ് കൊടുക്കും. തുടര്‍ന്നാണ് കുങ്കിയാനകളെ ഉപയോഗിച്ച് കയറ്റുന്നത്. കൂട്ടിനുള്ളിലേക്കാണ് തീറ്റയും വെള്ളവുമെല്ലാം നല്‍കുന്നത്.
ഇതിനിടെ പാപ്പാന്മാര്‍ അനുസരണ പഠിപ്പിച്ചു തുടങ്ങും. നിര്‍ദേശമനുസരിക്കാന്‍ ആന എന്ന് തുടങ്ങുന്നോ അന്നു മുതലാണ് മെരുക്കം തുടങ്ങുന്നത്. തുമ്പിക്കൈ ഉയര്‍ത്താനും ഇടത്തേക്കും വലത്തേക്കുമെല്ലാം മാറാനും പഠിപ്പിക്കും. ആന പൂര്‍ണമായും അനുസരിച്ച് തുടങ്ങിയെന്ന് മനസ്സിലായാല്‍, ശക്തമായ ബന്ധനത്തോടെ പുറത്തിറക്കും. പിന്നെ പുറംപരിശീലനങ്ങള്‍ തുടങ്ങും. പ്രായം കൂടുംതോറും അനുസരണവരാന്‍ സമയം കൂടുതലെടുക്കും.

ആനപിടിത്തം ഗത്യന്തരമില്ലാത്തപ്പോൾ മാത്രം
അരശിരാജയെന്ന പി.എം. ടുവിനെ പിടിച്ചതോടെ നാലുകൊല്ലത്തെ ഇടവേളയ്ക്കു ശേഷമാണ് വയനാട്ടില്‍ ആനപിടിത്തം നടന്നത്. വന്യജീവി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായപ്പോള്‍ ആനപിടിത്തം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍, മനുഷ്യജീവന് ആപത്തുണ്ടാക്കിയാല്‍ ഉന്നത വനപാലകര്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കാടുവിട്ട് നാട്ടിലിറങ്ങി വിറപ്പിക്കുന്ന ആനകളെ ഗത്യന്തരമില്ലാതെവരുമ്പോഴാണ് പിടിച്ച് കൂട്ടിലടയ്ക്കുന്നത്.
കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ അഗസ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നീ കൊമ്പന്‍മാരും സുന്ദരി എന്ന പിടിയാനയുമാണ് മുത്തങ്ങയിലെ കുങ്കി പരിശീലന കേന്ദ്രത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍. ആറ് മാസമായിരുന്നു പരിശീലനം. കുഞ്ചു, പ്രമുഖ, സൂര്യ, കോന്നി സുരേന്ദ്രന്‍, കോടനാട് നീലകണ്ഠന്‍ എന്നിവരായിരുന്നു ക്യാമ്പ് തുടങ്ങുന്നതിന് മുമ്പ് മുതുമലയില്‍നിന്ന് പിശീലനം കഴിഞ്ഞെത്തിയ കുങ്കിയാനകള്‍. ഇവരുടെ സഹായവും പരിശീലനത്തിനുണ്ടായിരുന്നു. ഇന്ന് ഇവരടക്കം 12 പേരാണ് മുത്തങ്ങ ക്യാമ്പിലുള്ളത്. വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാടുനിന്ന് പിടികൂടിയ വടക്കനാട് കൊമ്പന്‍, മുത്തങ്ങ കല്ലൂര്‍ കൊമ്പന്‍, ആറളം വന്യജീവി സങ്കേതത്തില്‍ നിന്ന് പിടികൂടിയ ശിവ എന്നിവരായിരുന്നു ക്യാമ്പിന്റെ തുടക്കത്തില്‍ കൂട്ടിലുണ്ടായിരുന്നതെങ്കില്‍, വടക്കനാട് കൊമ്പനും കല്ലൂര്‍ കൊമ്പനും ഇന്ന് എന്തിനുംപോന്ന സാമൂഹ്യ സേവകരാണ്- വനംവകുപ്പിന്റെ പ്രിയപ്പെട്ട കുങ്കിയാനകള്‍.
Content Highlights: Man eater tiger in Sulthan Bathery
Published: 14 Dec 2023, 03:37 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented