കോയമ്പത്തൂര്‍: ബോളുവംപട്ടി, തൊണ്ടാമുത്തൂര്‍ മേഖലകളില്‍ ഭീതി പടര്‍ത്തുന്ന കൊലായാന റോളക്‌സിനെ പിടിക്കാന്‍ ആനമല കോഴിക്കമുത്തി കേന്ദ്രത്തിലെ കുങ്കിയാന കപില്‍ദേവുമെത്തി. നേരത്തെ നരസിംഹന്‍, മുത്തു എന്നീ പേരുകളുള്ള രണ്ട് കുങ്കിയാനകള്‍ പ്രദേശത്ത് എത്തിയിരുന്നു. 

To advertise here,

റോളക്‌സ് ആനയെ രണ്ടു ദിവസത്തിനകം പിടിക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്. സ്ഥിരമായി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്ന റോളക്‌സിനെ പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ വനം ഡിവിഷന്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആനയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയത്. 

അടുത്തിടെയായി റോളക്‌സ് ആന കാട്ടില്‍നിന്ന് പറത്തുവരുന്നില്ലെന്ന് വനംവകുപ്പ് പറയുന്നു. റോളക്സിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ 20 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റോളക്‌സ് വലിയ ആനയായതുകൊണ്ടാണ് അതേ വലിപ്പമുള്ള കപില്‍ദേവ് കുങ്കിയാനയെ കൊണ്ടുവന്നിരിക്കുന്നത്. റോളക്‌സ് പുറത്തുവന്നാല്‍ ഉടന്‍ പിടിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.

പേര് വരാന്‍ കാരണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടിയ 1983-ല്‍ ജനിച്ചതുകൊണ്ടാണ് കുങ്കിയാനക്ക് കപില്‍ദേവ് എന്ന് പേരിട്ടത്. 42-കാരനായ കപില്‍ദേവ് ആനക്ക് ഒന്‍പതരയടി ഉയരവും 4,800 കിലോ ഭാരവുമുണ്ട്. ഇതുവരെ 30 കാട്ടാനകളെ പിടിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.