
മലിയിലെ ഒരു പെട്രോള്‍ പമ്പ് | X.com
കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സ് തങ്ങളുടെ പൗരന്മാരോട് ആഫ്രിക്കന്‍ രാജ്യമായ മലിയില്‍ നിന്ന് അടിയന്തരമായി മടങ്ങാന്‍ ആവശ്യപ്പെട്ടത്. കിട്ടാവുന്ന വിമാനങ്ങളെ ആശ്രയിച്ച് രാജ്യംവിടണമെന്നും റോഡ് വഴിയുള്ള യാത്ര ഉപേക്ഷിക്കണമെന്ന നിര്‍ദേശവും ഫ്രാന്‍സ് നല്‍കിയിട്ടുണ്ട്. അല്‍ ഖ്വായ്ദയുമായി ബന്ധമുള്ള ജമാ അത്ത് നുസ്രത് ഉല് ഇസ്ലാം വ അല്‍ മുസ്ലിം (ജെഎന്‍ഐഎം) എന്ന ഗ്രൂപ്പ് കഴിഞ്ഞ കുറച്ചുകാലമായി മലിയിലെ സാധാരണ ജീവിതത്തിനും സര്‍ക്കാരിനും വലിയ ഭീഷണി ഉയര്‍ത്തുകയായിരുന്നു. സംഘം കഴിഞ്ഞയാഴ്ച്ചകളില് തലസ്ഥാന നഗരമായ ബമാകോയില്‍ സൈനിക വാഹനങ്ങള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്ന് രാജ്യത്തേക്ക് ഇന്ധന നുവമായി എത്തുന്ന വാഹനങ്ങളെ ലക്ഷ്യമിടുകയും റോഡ് തടസ്സപ്പെടുത്തുകയും പൈപ്പ് ലൈനുകള്‍ തകര്‍ക്കുകയും ചെയ്തു. ഇത് മലിയിലെ സമാധാന ജീവിതത്തെ ബാധിച്ചുതുടങ്ങിയെന്ന് കണ്ടതോടെയാണ് വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിക്കാന്‍ തുടങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം അഞ്ച് ഇന്ത്യക്കാരെ തോക്ക്ധാരി തട്ടിക്കൊണ്ടുപോയതായും വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഇലക്ട്രിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നിലും ജെഎന്‍ഐഎം തന്നെയാണെന്ന ആരോപണവും ഉയരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ വിവരം ഇവര്‍ ജോലി ചെയുന്ന കമ്പനി അധികൃതര്‍ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കിയിട്ടുണ്ട്.
ആരാണ് ജെഎന്‍ഐഎം ലക്ഷ്യമെന്ത്?
കുപ്രസിദ്ധ രാജ്യാന്തര സംഘടനയായ അല്‍ ഖ്വായ്ദയുടെ കൂടെപ്പിറപ്പെന്നാണ് ജെഎന്‍ഐഎം എന്ന സായുധ സംഘത്തെ വിശേഷിപ്പിക്കുന്നത്. മലി കൂടാതെ നൈജര്‍, ബുര്‍ക്കിന ഫാസോ, സൈനഗല്‍, ഗാംബിയ എന്നിവടങ്ങളിലെല്ലാം ഇവരുടെ ശക്തിയുണ്ട്. 2012-ല്‍ വടക്കന്മലിയിലെ സായുധസംഘര്‍ഷം അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട ഫ്രഞ്ച്, മലി സൈനികര്‍ക്കെതിരേ പോരാടിയ സായുധ ഗ്രൂപ്പുകളാണ് പിന്നീട് 2017 ല്‍ ജെഎന്‍ഐഎം ആയി മാറിയത്. അള്‍ജീരിയന്‍ ആസ്ഥാനമായ അല്‍ ഖ്വായ്ദ ഇന്‍ ദ ഇസ്ലാമിക് മഗ്രിബ് (എക്യുഐഎം) മലിയിലെ അന്‍സാന്‍ ദിനെ, അല്‍ മുരാബിട്ടൂന്, കത്തീബ മസീന തുടങ്ങിയ നാല് സംഘടനകള്‍ ഇതില്‍ ഉള്‍പ്പെടും.
മലിയെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും പാശ്ചാത്യ സ്വാധീനങ്ങളില്‍ നിന്ന് പുറത്താക്കുക എന്നതുമാണ് ജെന്ഐഎമ്മിന്റെ ലക്ഷ്യം. ഇതിനായി രാജ്യത്ത് ഏറെനാളായി സംഘടന പ്രവര്‍ത്തനം ശക്തമാക്കുന്നുണ്ട്. മലിയില്‍ ഇവര്‍ക്ക് കീഴില്‍ എത്ര സൈനികര്‍ ഉണ്ടെന്നതിന് കൃത്യമായ കണക്കില്ലെങ്കിലും 6000-ല്‍ അധികമെങ്കിലും ആളുകളുണ്ടാവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ സൈനിക ഭരണമാണ് മലിയില്‍ നിലനില്‍ക്കുന്നത്. പക്ഷേ, പലയിടങ്ങളിലും ജെഎന്‍ഐഎം ശക്തിപ്രാപിച്ചുവരികയാണ്. ഇന്ധന ലഭ്യതയും മറ്റും കുറഞ്ഞതോടെ പെട്രോള്‍ പമ്പുകളില്‍ ആളുകളുടെ നീണ്ട ക്യൂവാണ്. ഇന്ധന ലഭ്യതക്കുറവ് മറ്റ് അവശ്യ വസ്തുക്കളേയും ബാധിച്ചു തുടങ്ങിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ബമാകോ വീണാല്‍ രാജ്യം കൈവിട്ടുപോവുമെന്ന് ഭയം
കഴിഞ്ഞ സെപ്തംബര്‍ മുതലാണ് ജെഎന്‍ഐഎം മലിയുടെ തലസ്ഥാന നഗരമായ ബമാകോയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമായിരുന്നു ഇന്ധനടാങ്കുകളെ തടസ്സപ്പെടുത്തല്‍. കഴിഞ്ഞ ജൂലായ് ഒന്നുമുതലായിരുന്നു ഗ്രാമപ്രദേശങ്ങളിലെ ചെറുകിട ഇന്ധന വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക പെട്രോള്‍ പമ്പുകള്‍ വഴിയല്ലാതെ ഇന്ധന വില്‍പ്പന പാടില്ലെന്നും ഉത്തരവിറക്കി. അതുവരെ ജനങ്ങള്‍ കാനുകളിലും മറ്റുമായി ഇന്ധനം സ്വീകരിച്ച് മറിച്ചു വില്‍ക്കുമായിരുന്നു. എന്നാല്‍ നിരോധനം വന്നതോടെ അതില്ലാതായി. ഈ നിരോധനം ജെഎന്ഐഎമ്മിനെ ലക്ഷ്യമിട്ടുമായിരുന്നു. ഇവരുടെ യാത്ര തടസ്സപ്പെടുത്തുക എന്നതായിരുന്നു നിരോധനത്തിന് പിന്നില്‍. എന്നാല്‍ നിരോധനം വന്നതോടെയാണ് ജെഎന്‍ഐഎം ഭീകരര്‍ ടാങ്കറുകളേയും പൈപ്പ് ലൈനുകളേയും ലക്ഷമിട്ട് തുടങ്ങിയത്. ഇത് ഇന്ധന പ്രതിസന്ധിയുണ്ടാക്കുകയും ചെയ്തു. ഇതോടെ നാനൂറ് ശതമാനത്തില്‍ അധികമെങ്കിലും ഇപ്പോള്‍ ഇന്ധനവര്ധവുണ്ടായെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇന്ധന വില വര്‍ധിച്ചതോടെ യാത്രാച്ചെലവ്, ഭക്ഷണച്ചെലവ് തുടങ്ങി എല്ലാത്തിനും വില വര്‍ധിച്ചതായും ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്. വൈദ്യുതി മുടക്കവും പതിവായി തുടങ്ങി. ഇന്ധന ടാങ്കറുകള്‍ തടയുന്നതിന് പുറമെ ജെഎന്‍ഐഎം ഇവയെ അഗ്നിക്കിരയാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച് വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഉത്തര, മധ്യ, തെക്കന്‍ മലിയുടെ ഗ്രാമീണ മേഖലയിലാണ് ജെഎന്‍ഐഎം ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നത്. ഇവിടം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ഇവരുടേതായ സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ട്. മാത്രമല്ല നിലവിലെ മലി സര്‍ക്കാരാല്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് കരുതുന്ന ചില ന്യൂനപപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ചേര്‍ത്ത് ജെഎന്‍ഐഎം ശക്തിപ്പെടുത്തുന്നുമുണ്ട്. ഇതില്‍ മലി സര്‍ക്കാരും ആശങ്കയിലാണ്. ബമാകോ പൂര്‍ണമായും ജെഎന്‍ഐഎമ്മിന്റെ നിയന്ത്രണത്തിലായാല്‍ അത് ഒരുപക്ഷെ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് തന്നെ വഴിവെക്കുമെന്നും കരുതുന്നുണ്ട്.
സ്കൂളുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി
രാജ്യം ഇന്ധന പ്രതിസന്ധിയിലേക്ക് കടന്നതോടെ രണ്ടാഴ്ചത്തേക്ക് സ്കൂളുകളും സര്‍വകലാശലകളും രാജ്യത്താകമാനം താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നവംബര്‍ ഒമ്പതാം തീയതിവരെയാണ് സ്കൂള്‍ അവധി. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളിലേക്കെത്താന് കഴിയുന്നില്ലെന്നും സ്കൂള്‍ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അവധി നല്‍കിയിരിക്കുന്നത്. മലി സര്‍ക്കാര്‍ ഗ്രാമപ്രദേശങ്ങളിലെ ചെറുകിട ഇന്ധന കച്ചവടം നിരോധിച്ചതിലെ പ്രതികാര നടപടിയാണ് ഇന്ധന ടാങ്കറുകളെ വഴി തടസ്സപ്പെടുത്തല്‍ എന്നാണ് ജെഎന്‍ഐഎം പ്രതികരിച്ചത്.
സെനഗല്‍, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മലിയിലേക്ക് ഇന്ധനമെത്തുന്നത്. പ്രതിസന്ധിയുണ്ടാക്കി ജനങ്ങളെ സൈനിക സര്‍ക്കാരിനെതിരേ തിരിച്ചുവിടുക എന്നതാണ് ജെഎന്‍ഐഎം ലക്ഷ്യമിടുന്നതെങ്കിലും ഇതിനവര്‍ക്ക് സാധിക്കുന്നില്ല. നിലവിലെ സര്‍ക്കാര്‍ വീണാല്‍ ജെന്എന്ഐഎമ്മിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക സര്‍ക്കാര്‍ വരാന്‍ സാധ്യതയുണ്ടെന്നും അത് തങ്ങളുടെ ജീവിതം കൂടുതല്‍ ദുരുതത്തിലാക്കുമെന്ന ബോധ്യവുമാണ് പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്ക്കുന്നതില് അവരെ പ്രേരിപ്പിക്കുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം
പ്രതിസന്ധി രൂക്ഷമായതോടെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം പ്രസിഡന്റ് അസ്സിമി ഗോയിറ്റ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്ധന പ്രതിസന്ധി രാജ്യത്തെ സര്‍വ മേഖലയേയും ബാധിച്ചു. സ്കൂളുകള്‍ അടച്ചിട്ടതിന് പുറമെ വിവിധ മേഖലകളിലെ വിളവെടുപ്പുകളും മറ്റും തടസ്സപ്പെട്ടു. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി. 2020-ലും 2021-ലും ഉണ്ടായ സൈനിക അട്ടിമറിയെ തുടര്‍ന്നായിരുന്നു ഇപ്പോള്‍ രാജ്യം ഭരിക്കുന്ന അസ്സിമി ഗോയിറ്റ അധികാരത്തിലേറിയത്. രാജ്യത്തെ ജിഹാദി സാന്നിധ്യം തുടച്ചുനീക്കുമെന്നും വ്യക്തമാക്കിയിരുന്നു. പക്ഷെ ഈ വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല എന്നാണ് മലിയിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. അസ്സിമി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തുണ്ടായിരുന്ന പാശ്ചാത്യ സൈനിക യൂണിറ്റുകളേയും പിരിച്ചുവിട്ടിരുന്നു. പകരം റഷ്യന്‍ അര്‍ധ സൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പിനായിരുന്നു ചുമതല. പക്ഷേ, കാര്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൈവിട്ടുപോവുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത.
പ്രശ്നം രൂക്ഷമായതോടെ ഫ്രാന്‍സിന് പുറമെ അമേരിക്ക, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെയും ഉദ്യോഗസ്ഥരേയുമെല്ലാം മലിയില്‍ നിന്ന് പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വലിയ സൈനിക ശക്തി നിലവില്‍ ജെഎന്ഐഎമ്മിന് കൈവരിക്കാനായിട്ടില്ല എന്നതിനാല്‍ അത്ര പെട്ടെന്ന് ബൊമാകോയെ കീഴ്പ്പെടുത്താന്‍ കഴിയില്ലെങ്കിലും ഇത് തുടര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കുന്നത്. ജെഎന്ഐഎമ്മിനെ മലിയിലെ ഏറ്റവും സ്വാധീനശക്തിയുള്ളതും സാഹേല്‍ പ്രവിശ്യയിലെ ഏറ്റവും ഭീഷണിയുള്ളതുമായ സായുധ സംഘടന എന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ നിയന്ത്രണത്തിലാക്കുന്ന രാജ്യങ്ങളില്‍ ശരിയത്ത് നിയമം കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് വലിയ പിന്തുണ പല രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് നികുതി പിരിച്ചും വ്യക്തികളെ തട്ടിക്കൊണ്ടുപോയി ലഭിക്കുന്ന മോചനദ്രവ്യവുമാണ് ജെഎന്‍ഐഎമ്മിന്റെ പ്രധാന വരുമാനം.
ജെഎന്‍ഐഎം സായുധ ഗ്രൂപ്പുകളുമായി ഒരു തരത്തിലുമുള്ള സൗഹൃദ ചര്‍ച്ചയ്ക്കും തയ്യാറാല്ലെന്നും പകരം നേരിടുമെന്നുമാണ് മലി സൈനിക ഭരണം നല്കുന്ന മുന്നറിയിപ്പ്. എന്നാല്‍ നിലവിലെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജനരോഷത്തിന് വഴിവെക്കുമോ എന്ന ആശങ്കയും സൈനിക സര്‍ക്കാരിനുണ്ട്. ശനിയാഴ്ച അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോവുക കൂടി ചെയ്തതോടെ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിലേക്കും വന്നിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ രണ്ട് ദുബായ് പൗരന്മാരേയും മറ്റൊരു ഇറാനിയന്‍ പൗരനേയും സായുധ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഏകദേശം 50 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ഇവരെ മോചിപ്പിച്ചതെന്ന റിപ്പോര്‍ട്ടുമുണ്ട്.
Published: 08 Nov 2025, 04:00 pm IST
ABOUT THE AUTHOR

കെ.പി നിജീഷ് കുമാർ
nijeeshkuttiadi@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented